Saturday, November 24, 2007

പുതിയതു വാങ്ങുന്നതാണ് നല്ലത് (കഥ)

തോമാച്ചന്‍ രാവിലെ എഴുന്നേറ്റ് ടി.വി. ഓണാക്കാന്‍ ശ്രമിച്ചിട്ട് സാധിച്ചില്ല. ഒരല്പം പഴയതായിരുന്നു എന്തോ കേടു പറ്റിയതാകാം.

രാവിലെ എഴുന്നേറ്റാല്‍ സോഫായിലിരുന്ന് ടി.വി യുടെ ചാനല്‍ മാറ്റി മാറ്റി കാണുകയെന്നത് ഗള്‍‌ഫില്‍ നിന്നും തിരിച്ചു വന്ന അന്നു തുടങ്ങിയുള്ള ശീലമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനു ശേഷം ചാനല്‍ മാറ്റുകയെന്ന വ്യായാമത്തിന് ആദ്യമായ് ഭംഗം വന്നു.

ഇന്നലെ രാത്രിയിലും കിടക്കുന്നതിനു തൊട്ടുമുന്‍‌പു പോലും ലോകത്തിന്റെ ഭീകരമുഖം വാര്‍‌ത്തകളില്‍ കണ്ടതാണ്. കഴിഞ്ഞ രാത്രിയില്‍ എന്തൊക്കയാണാവോ ലോകത്തിനു സംഭവിച്ചിരിക്കുക. ഇന്നലെ എവിടെയൊക്കെ ആക്രമണം ഉണ്ടായി. എവിടൊക്കെ എത്ര പേര്‍ വീതം മരിച്ചു. കൊള്ള, പിടിച്ചുപറി, വെടിവെയ്‌പ്പ്, ബലാത്സംഗം .........വാര്‍ത്തകള്‍ അറിയാതെ ജീവിക്കുക ആലോചിക്കുവാനേ ആകുന്നില്ല. നമ്മേപ്പറ്റിയല്ലാത്ത വാര്‍‌ത്തകളൊന്നും നമ്മേ ബാധിക്കാറില്ലെന്നതാണ് സത്യം, എന്നാലും വാര്‍‌ത്തകള്‍ കാണാന്‍ പറ്റാത്തതില്‍ എന്തോ ഒരു അസ്വസ്‌ഥത.

ടി.വി ശരിയാക്കാനായി തോമാച്ചനറിയാവുന്ന ചെപ്പടി വിദ്യകളൊക്കെ ചെയ്‌തു നോക്കി. എന്തോ കാര്യമായ കുഴപ്പമുണ്ട് , ശരിയാവുന്ന ലക്ഷണമില്ല.

തോമാച്ചന്റെ ഭാര്യ മറിയാമ്മ അടുക്കളയില്‍ രാവിലത്തേക്കുള്ള ഭക്ഷണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. മറിയാമ്മ ഉണരുമ്പോള്‍ത്തന്നെ അധര വ്യായാമം ആരംഭിക്കും. ഇത്രയൊക്കെ ഉണ്ടായിട്ടും ഇല്ലായ്‌മകളെപ്പറ്റിയുള്ള പിറു പിറുപ്പുകളാണ് എപ്പോഴും. തോമാച്ചന്‍ ഭാര്യ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ലെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് മൂളി, കേള്‍ക്കുന്നതായി ഭാവിക്കാറുണ്ട്.

കോളേജു പഠനം കഴിഞ്ഞ് റിസല്‍‌ട്ടിനായി കാത്തിരിക്കുന്ന ഏകമകന്‍ വളരെ വൈകിയെ ഉണരാറുള്ളൂ. അവന്‍ മുറി അകത്തുനിന്നും പൂട്ടിയാണ് കിടന്നുറങ്ങാറുള്ളത്. ഉറക്കത്തില്‍ അവനെ ആരും ശല്യം ചെയ്യുന്നത് അവനിഷ്‌ടപ്പെടില്ല. എങ്കിലും അത്യാവശ്യം വന്നാല്‍ വിളിച്ചുണര്‍ത്തിയല്ലേ പറ്റൂ. അവനെ എഴുന്നേല്‍പ്പിക്കാനായി കതകില്‍ പലപ്രാവശ്യം മുട്ടി വിളിക്കേണ്ടി വന്നു. മനസ്സില്ലാമനസ്സോടെ ഉറക്കച്ചുവടോടെ അവന്‍ കണ്ണുതിരുമ്മി വാതില്‍ തുറന്നു.

“മോനെ..... നമ്മുടെ ടി.വി കേടായി......“
“ഞാന്‍ വിചാരിച്ചു ആരാണ്ടു കാഞ്ഞു പോയെന്ന്”
“ രാവിലെ തന്നെ ശരിയാക്കാന്‍ കൊണ്ടു പോയാല്‍ അവിടെതിരക്കു കാണില്ല. നീ കൂടി ഒന്നു സഹായിക്ക്... ഒന്ന് ഒരുങ്ങി വാ... നമുക്ക് ടൌണിലെ ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയിലേക്ക് ഒന്നു പോകാം.

തോമാച്ചന്‍ ഒരുങ്ങിക്കഴിഞ്ഞിട്ടും മകന്‍ ഒരുങ്ങിവരാന്‍ ഒരു മണിക്കൂറോളം താമസിച്ചു.

തോമാച്ചനും മകനും ടി.വിയുടെ ഇരുവശങ്ങളിലുമായിപ്പിടിച്ച് മുറ്റത്ത് ഗെയിറ്റിനു പുറത്തിറക്കി വെച്ചു. മകന്‍ ജംഗ്‌ഷനിലേക്ക് ടാക്‌സിപിടിക്കാനായി പോയി.

പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന വിഢിപ്പെട്ടിക്ക് ഏകനായി കാവല്‍ നില്‍ക്കുമ്പോള്‍ തോമാച്ചന്‍ വെറുതേ ഓര്‍‌ത്തു. ഇതൊരു ശവപ്പെട്ടിയായിരുന്നെങ്കില്‍ എത്രപേര്‍ ചുറ്റും നിന്ന് കരയാനും പതം ‌പറയാനും ഉണ്ടാകുമായിരുന്നുവെന്ന്.

മകന്‍ വിളിച്ചു കൊണ്ടു വന്ന ടാക്‌സിയില്‍ ഇരുവരും ചേര്‍‌ന്ന് ടി.വി ശരിയാക്കുന്ന കടയിലേക്ക് കൊണ്ടു പോയി. രാവിലെതന്നെ അവിടെ നല്ല തിരക്കാണ്. ഡോക്‌ടറുടെ മുന്‍പില്‍ രോഗി കണക്കെ അവരുടെ ഊഴത്തിനായ് കാത്തിരുന്നു. അത് അവിടെ ഏല്‍‌പ്പിച്ച് പോരാന്‍ ധൈര്യം പോരാ. സാധനങ്ങള്‍ റിപ്പയര്‍‌ചെയ്യുകയാണെങ്കില്‍ അവിടെ നിന്നു ചെയ്യിക്കണമെന്നാണ് തോമാച്ചനെ അപ്പന്‍ പഠിപ്പിച്ചിട്ടുള്ളത്. അല്ലെങ്കില്‍ കടക്കാര്‍ ചിലപ്പോള്‍ ഒറിജിനല്‍‌ അഴിച്ചുമാറ്റി ഡ്യൂപ്ലിക്കേറ്റ് വെച്ചെങ്കിലോ എന്ന ഭയം.

നീണ്ട കാത്തിരിപ്പിനു ശേഷം അവരുടെ ഊഴം എത്തി. കടക്കാരന്‍ ടി.വി അഴിച്ച് തിരിച്ചും മറിച്ചും നോക്കി. വിശദമായ പരിശോധനകള്‍‌ക്കൊടുവില്‍ ചീട്ടെഴുതി. പിക്‌ചര്‍ ട്യൂബ് അടിച്ചു പോയതാ. പുതിയത് മാറ്റിവെക്കണം. സര്‍‌വ്വീസ് ചാര്‍ജ്ജ് ഉള്‍‌പ്പെടെ പതിനായിരം രൂപാ.

“പതിനായിരം രൂപയോ ....! റിപ്പയര്‍ ചെയ്യുന്നതിലും ലാഭം പുതിയതു വാങ്ങുന്നതു തന്നെയാ...പുതിയ ടി.വി ആറായിരം മുതല്‍ മുകളിലോട്ട് ഉണ്ടാകും.“
“ഇക്കാലത്ത് ആരും പഴയ സാധനങ്ങള്‍ റിപ്പയര്‍ ചെയ്യാറില്ല. കേടായാല്‍ വലിച്ച് ദൂരെയെറിഞ്ഞ്‌ പുതിയത് വാങ്ങും.”

അവര്‍ ടി.വിയുമായി തിരിച്ചിറങ്ങാന്‍ നേരത്താണ് മനസ്സിലായത്, ടി.വി. ശരിയാക്കിയില്ലെങ്കിലും ബില്ലടക്കണം. വിശദമായി പരിശോധിച്ച് രോഗവിവരം പറഞ്ഞതിന്റെ ചാര്‍ജ്ജ് അഞ്ഞൂറ് രൂപാ.

ഒന്നും മിണ്ടാതെ ബില്ലടച്ച് മറ്റൊരു ടാക്‌സിയില്‍ കയറി.
പോകുന്ന വഴിയില്‍ ഉണ്ടായിരുന്ന പാലത്തില്‍ ടാക്‌സി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു.
അപ്പനും മോനും ചേര്‍ന്ന് കേടായ ടി.വി പാലത്തില്‍ നിന്നും വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു.

അതേ ടാക്‌സിയില്‍ത്തന്നെ ടൌണിലെ ഇലക്‌ട്രോണിക് സാധനങ്ങളുടെ ഷോ റൂമിലേക്ക് പോയി.

അവിടെയും നല്ല തിരക്കാണ്. മാര്‍ക്കറ്റില്‍ ഇറങ്ങുന്ന പുതിയ സാധനങ്ങള്‍ വാങ്ങിക്കൂട്ടുവാന്‍ എന്തോ മത്സരം ഉള്ളതു മാതിരി.......

തോമാച്ചന്‍ വീട്ടിലേക്ക് വിളിച്ചു ചോദിച്ചു
“ എടീ..... പുതിയ ടി.വി വാങ്ങുകയാണ്.... 21 ഇഞ്ചിന്റേതു വേണോ ? 29 ഇഞ്ചിന്റേതു വേണോ ? “
തോമാച്ചന്റെ ഭാര്യയാണ് മറുപടി പറഞ്ഞത്.
“ .......... ........... ............. ............ .................”

പഴയതിന് വലിപ്പം കുറവായിരുന്നെന്ന് അവള്‍ക്ക് മുന്‍പു തന്നെ പരാതിയുണ്ടായിരുന്നു. ഭാര്യയുടെ ആഗ്രഹപ്രകാരം 29 ഇഞ്ചിന്റെ ടി.വി വാങ്ങിയാണ് അവര്‍ വീട്ടിലെത്തിയത്.

വീട്ടിലെത്തിയപ്പോഴാണ് ഫ്രിഡ്‌ജും കേടായിരിക്കുന്ന വിവരം മറിയാമ്മ പറയുന്നത്.

റിപ്പയര്‍‌ ഷോപ്പിലേക്കൊന്നും പോകാന്‍ നിന്നില്ല. കംപ്രസ്സര്‍‌ പോയതായിരിക്കും. അവിടെപ്പോയാലുള്ള അനുഭവം അറിയാം. റിപ്പയര്‍ ചെയ്യുന്നതിലും ലാഭം പുതിയത് വാങ്ങുന്നതാണ്.

ഇലക്‌ട്രോണിക്‌സ് സാധനങ്ങളുടെ ഷോ റൂമിലേക്ക് ഫോണ്‍ ചെയ്‌ത് പുതിയൊരു ഫ്രിഡ്‌ജിന് ഓര്‍ഡര്‍ കൊടുത്തു. തവണ വ്യവസ്ഥയില്‍ പണം കൊടുത്താല്‍ മതി.

ഭാര്യ മറിയാമ്മയോടും മകനോടുമായി ഉപദേശവും കൊടുത്തു.
“ ഇന്നത്തെക്കാലത്ത് ഒരു സാധനവും റിപ്പയര്‍ ചെയ്യാന്‍ പോകരുത്. കേടായാല്‍ പഴയതുകളഞ്ഞ് പുതിയത് വാങ്ങുക, റിപ്പയറിങ്ങ് ചാര്‍‌ജിന്റെ പകുതിയേ പുതിയതിനാവുള്ളൂ...”

ഒരു മണിക്കൂറിനുള്ളില്‍ പുതിയ ഫ്രിഡ്‌ജുമായി ഷോറൂമുകാരുടെ വണ്ടി വന്നു.

“ അല്ലെങ്കിലും ഈ പഴയ ഫ്രിഡ്‌ജുമാറ്റി പുതിയതൊന്നു വാങ്ങണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. പഴയതിന് തണുപ്പ് അത്ര പോരായിരുന്നു.” ഭാര്യയുടെ ആത്‌മഗതം.

പഴയ കേടായ ഫ്രിഡ്‌ജ് അതേ വണ്ടിയില്‍ കയറ്റി. പോകുന്ന വഴിയില്‍ എവിടെയെങ്കിലും തട്ടിയേക്കാനെന്നും പറഞ്ഞ് വണ്ടിക്കാര്‍ക്ക്‌ നൂറു രൂപയും കൊടുത്തു.

ചൂടുവാര്‍‌ത്തകള്‍ കാണുന്നതിനാല്‍ തോമാച്ചന് രാത്രിയില്‍ നല്ല ഉറക്കം കിട്ടി.
ഫ്രിഡ്‌ജിന്റെ ഉള്ളിലെ തണുപ്പ് മനസ്സിലേക്ക് പകര്‍‌ന്നതിനാല്‍ മറിയാമ്മയും നല്ലതു പോലെ ഉറങ്ങി.

പിറ്റേന്നു രാവിലെ പതിവുപോലെ തോമാച്ചന്‍ സോഫയിലിരുന്ന് പാല്‍‌ക്കാപ്പികുടിച്ച് ചാനലുകള്‍ മാറ്റി മാറ്റി വാര്‍ത്തകള്‍ കണ്ടു കൊണ്ടിരുന്നപ്പോള്‍ ചെറിയൊരു നെഞ്ചുവേദന തോന്നി. മറിയാമ്മയെ വിളിച്ചു. അടുക്കളയില്‍ തിരക്കിലായിരുന്നിട്ടും മറിയാമ്മ ഓടി വന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം .
മകന്‍ എഴുന്നേറ്റിട്ടില്ല. അവന്‍ മുറി അകത്തു നിന്നും അടച്ച് കിടന്നുറങ്ങുകയാണ്. മറിയാമ്മ പലപ്രാവശ്യം കതകില്‍ മുട്ടി വിളിച്ചു. ഉണരുന്ന ലക്ഷണമില്ല.

മറിയാമ്മ അയല്‍‌വക്കത്തെ വീട്ടിലേക്കോടി , തന്നെ പലപ്പോഴും സഹായിക്കാറുള്ള ചേട്ടന്‍ രാമു അവിടെയുണ്ട്. ചേട്ടനോട് കാര്യം പറഞ്ഞു.

രാമു ഓടിപ്പോയി ടാക്‌സി വിളിച്ചു കൊണ്ടു വന്നു.
മകന്‍ എന്നിട്ടും ഉണര്‍ന്നില്ല.
മറിയാമ്മയും രാമുവും ചേര്‍‌ന്ന് തോമാച്ചനെ ആശുപത്രിയില്‍ എത്തിച്ചു.

എമര്‍‌ജെന്‍‌സിയില്‍ പ്രവേശിപ്പിച്ചു.
അവിടെ നിന്നും ഐ.സി.യു വിലേക്ക് മാറ്റി. ആവശ്യമായ പരിശോധനകള്‍ വേഗം നടത്തി.

“രക്‌തക്കുഴലുകള്‍‌ക്ക് കാര്യമായ ബ്ലോക്കുണ്ട്. ഒരു ബൈപ്പാസ്‌ സര്‍ജ്ജറി ഉടന്‍ നടത്തിയാല്‍ ജീവന്‍ രക്ഷിക്കാം” ഡോക്‌ടര്‍ ഉറപ്പിച്ചു പറഞ്ഞു.
“താമസിക്കാന്‍ പാടില്ല ഉടന്‍ തന്നെ വേണം“
“മൂന്നു ലക്ഷം രൂപയാണ് ഓപ്പറേഷന്‍ ചാര്‍‌ജ്ജ്, പേടിക്കേണ്ട 10% ഡിസ്‌കൌണ്ട് തരാം, പണം അഡ്വാന്‍‌സായികെട്ടി വെച്ചെങ്കില്‍ മാത്രമേ ഓപ്പറേഷന്‍ നടക്കൂ ....”

രാമുവിനെ അവിടെ നിര്‍‌ത്തിയിട്ട് മറിയാമ്മ രൂപാ കൊണ്ടുവരാനായി വീട്ടിലേക്ക് പോയി.

ഐ.സി.യു വിനു മുമ്പില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്ന രാമുവും എങ്ങോട്ടോ പോയി.

മണിക്കൂറുകള്‍ കഴിഞ്ഞിട്ടും രോഗികളുടെ ബന്ധുക്കളെ ആരെയും കാണാത്തതിനാല്‍ ഡോക്‌ടറുടെ നിര്‍‌ദ്ദേശ പ്രകാരം നേഴ്‌സ് രോഗിയുടെ വീട്ടിലേക്ക് ടെലിഫോണ്‍ ചെയ്‌തു.

“ നിങ്ങള്‍ ഡയല്‍ ചെയ്യുന്ന നമ്പര്‍ നിലവിലില്ല, നമ്പര്‍ പരിശോധിക്കുക” എന്ന മറുപടിയാണ് കിട്ടിയത്.

വൈകിട്ട് വീണ്ടും വിളിക്കേണ്ടി വന്നു.
അതേ മറുപടി
“ നിങ്ങള്‍ ഡയല്‍ ചെയ്യുന്ന നമ്പര്‍ നിലവിലില്ല, നമ്പര്‍ പരിശോധിക്കുക”

“ചാകാറായ വല്ല്യപ്പന്മാരെയും വല്ല്യമ്മമാരെയും ആശുപത്രിയിലാക്കി കടന്നു കളയുന്നത് ഇന്നത്തെ സ്ഥിരം പരിപാടിയാണ്. പേരും, അഡ്രസ്സും , ടെലിഫോണ്‍ നമ്പരും എല്ലാം തെറ്റിച്ചായിരിക്കും നല്‌കുക. ഈ മാസം ഇത് ആറാമത്തെ അനുഭവമാണിത് “ നേഴ്‌സ് പറഞ്ഞു.

“ ആരെങ്കിലും ബന്ധുക്കള്‍ ഈ ഫോറമൊന്ന് ഒപ്പിട്ടു തന്നിരുന്നെങ്കില്‍ മരിച്ച രോഗിയുടെ ‘ സ്‌പെയര്‍ പാട്‌സ് ‘ എങ്കിലും ഉപയോഗിക്കാമായിരുന്നു...” ഡോക്‌ടര്‍ ആരോടെന്നില്ലാതെ സ്വയം പറഞ്ഞു.

“ അനാഥര്‍‌ക്കൊക്കെ മരിക്കാന്‍ എന്റെ ഏരിയായേ ഉള്ളോ...... ഓരോന്നു വന്നോളും വെറുതേ പണിയുണ്ടാക്കാന്‍..... ശവമടക്കിന്റെ പണം ലാഭിക്കാന്‍ വേണ്ടി കണ്ടു പിടിച്ച മാര്‍‌ഗ്ഗം കൊള്ളാം......“ മുന്‍‌സിപ്പാലിറ്റിക്കാരന്‍ അഴുകിത്തുടങ്ങിയ ജഡം വണ്ടിയിലേക്ക് കയറ്റുമ്പോള്‍ പിറുപിറുത്തു.

പഴയ തോമാച്ചന്റെ വീട്ടില്‍ പുതിയ ടി.വി യ്‌ക്കു മുന്‍‌പില്‍ സോഫയില്‍ പാല്‍‌ക്കാപ്പി കുടിച്ചുകൊണ്ടിരുന്ന പുതിയ തോമാച്ചന്‍ പ്രാര്‍‌ത്ഥിച്ചു
“ദൈവമേ...... യന്ത്രങ്ങളൊന്നും കേടാകരുതേ...”

Wednesday, November 14, 2007

ഒരു ഭ്രാന്തന്‍ രക്ഷപെടുന്നു (കഥ)

ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന ഈ കണ്‍‌സ്‌ട്രക്ഷന്‍ കമ്പനിയില്‍ ഓരോ ജോലിക്കാരെയും പറ്റി അന്വേഷിക്കുവാന്‍ ആര്‍‌ക്കാണു സമയമുള്ളത്. എല്ലാവര്‍‌ക്കും നമ്പര്‍ ഉള്ളതിനാല്‍ പേരു പോലും ഓര്‍‌ത്തു വെക്കേണ്ടകാര്യമില്ല. ഗള്‍ഫിലെ മിക്ക കമ്പനികളിലും ഇങ്ങനെതന്നെയാണ്.

സാം ശാന്ത പ്രകൃതക്കാരനാണ്. ആരോടും അധികം സംസാരിക്കാറില്ല. ഇരുപത്തെട്ടുവയസ്സുള്ള ദുഃശ്ശീലങ്ങളൊന്നും ഇല്ലാത്ത സുമുഖനായ ഒരു ചെറുപ്പക്കാരന്‍. അവന്‍‌ അക്കോമഡേഷനില്‍ ഒരു പ്രശ്‌നം ഉണ്ടാക്കിയെന്ന് പറഞ്ഞപ്പോള്‍ മാനേജര്‍‌ തോമസ്സിനു പോലും വിശ്വസിക്കാനായില്ല.

അക്കോമഡേഷനില്‍ ഒരു മുറിയില്‍ കിടക്കുന്ന പന്ത്രണ്ടു പേര്‍ക്കും വേണ്ടി ഒരു ടി.വി യുണ്ട്. സാം ടി. വി. യില്‍ ലൈവ് റിയാലിറ്റി ഷോ കണ്ടു കൊണ്ടിരുന്നപ്പോള്‍ മറ്റൊരാള്‍ ടി.വി യുടെ ചാനല്‍ മാറ്റി. സാം ചാടിയെഴുന്നേറ്റ് ചാനല്‍ മാറ്റിയവന്റെ ചെകിട്ടത്ത് പടക്കം പൊട്ടുന്ന ശബ്‌ദത്തില്‍ അടികൊടുത്തു. സാമില്‍ നിന്നും ഇത്തരം ഒരു പെരുമാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല.

കമ്പനിയില്‍ പരാതി വന്നതിനെ തുടര്‍‌ന്ന് സാമിന് താക്കീതു നല്‍കി പറഞ്ഞയച്ചു. മാനേജര്‍ തോമസ്സ് അതിനു ശേഷമാണ് സാമിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചത്.

തിരുവല്ലാക്കാരന്‍ അച്ചായന്റെ ഒരേ ഒരു മകനാണ് സാം. സാമിന്റെ അപ്പനും കുറേക്കാലം ഗള്‍ഫില്‍ ജോലി ചെയ്‌തതാണ്. നല്ല സമയത്തു തന്നെ കിട്ടിയ ശമ്പളം കളയാതെ സൂക്ഷിച്ച് ഉള്ള സമ്പാദ്യവുമായി നാട്ടില്‍ തിരിച്ചെത്തി. റോഡരികിലുണ്ടായിരുന്ന തന്റെ സ്ഥലത്ത് ബഹുനിലയില്‍ കെട്ടിടം ഉണ്ടാക്കി . വാടകയിനത്തില്‍ത്തന്നെ നല്ല വരുമാനമുള്ള കുടുംബം. ഏതപ്പനും ആഗ്രഹിക്കുന്നതുപോലെ തന്റെ മകനേയും ഗള്‍ഫുകാരനാക്കുകയെന്നത് ആ അപ്പന്റെ വലിയ ആഗ്രഹമായിരുന്നു. ഗള്‍ഫുകാര്‍ക്ക് വിവാഹ മാര്‍ക്കറ്റില്‍ നല്ല ഡിമാന്റുള്ള സമയമായിരുന്നു അത്.

വിമാനം കയറിയാല്‍ ആരും ഗള്‍‌ഫുകാരാകും. സയിറ്റില്‍ ചുട്ടു പൊള്ളുന്ന വെയിലത്ത് പന്ത്രണ്ടു മണിക്കൂര്‍ പണിയെടുക്കുന്ന ലേബറും, ഓഫീസിലെ പ്യൂണും , മാനേജരും എല്ലാം ഗള്‍‌‌ഫുകാരനെന്ന ഒറ്റ ലേബലില്‍ അറിയപ്പെടുന്നവര്‍. ഇവിടെ എങ്ങനെ ജീവിച്ചാലും നാട്ടില്‍ അവധിക്കു ചെല്ലുമ്പോള്‍ കാണിക്കുന്ന പത്രാസിലാണ് നാട്ടുകാര്‍ ഗള്‍ഫുകാരന് മാര്‍ക്കിടുന്നത്. ലീവിനു പോകുമ്പോള്‍ കാണിക്കുന്ന ധൂര്‍‌ത്തിന്റെ ക്ഷീണം അടുത്ത ലീവായാലും തീരാറില്ലെന്നതാണ് സത്യം.

എന്നാലും സാമിനെ കണ്‍സ്‌ട്രക്ഷന്‍ സയിറ്റിലെ ഹെല്‍‌പ്പര്‍ പണിക്ക് വിടേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. നാട്ടില്‍ത്തന്നെ ജീവിക്കാനുള്ള വകകിട്ടുമായിരിന്നിട്ടും ഗള്‍ഫുകാരനെന്ന പേരിനു വേണ്ടി മാത്രം ഇവിടെ കല്ലും മണ്ണും ചുമ്മിക്കേണ്ട ആവശ്യമില്ലായിരുന്നു. ഈ കമ്പനിയില്‍ വന്നു പെട്ടാല്‍ വിസ്സായുടെ രണ്ടു വര്‍ഷത്തെക്കാലാവധി കഴിയാതെ തിരിച്ചു പോകുക ബുദ്ധിമുട്ടാണ്.

സാമിനെ എപ്പോള്‍ കണ്ടാലും എന്തോ വലിയ ആലോചനയിലാണെന്നു തോന്നും. പണിചെയ്യുന്ന കാര്യത്തിലൊന്നും മടിയില്ലായിരുന്നു. സയിറ്റിലൂടെ അര്‍ബാന ഉന്തിക്കൊണ്ടു നടക്കുമ്പോഴും, വലിയ കെട്ടിടത്തിന്റെ മുകളിലേക്ക് താത്ക്കാലിക ലിഫ്‌റ്റില്‍ സാധനങ്ങള്‍ കൊണ്ടു പോകുമ്പോഴും അവന്റെ മനസ്സ് അവിടെയെങ്ങുമായിരുന്നില്ല. ശരീരം കൊണ്ട് മാത്രം ജോലി ചെയ്യുന്നവര്‍ക്ക് മനസ്സിന്റെ ഉപയോഗം ഇല്ലെന്നുണ്ടോ ?

സാമിനെ അക്കോമഡേഷനില്‍ പിടിച്ച് കെട്ടിയിട്ടിരിക്കുന്ന വിവരം അറിഞ്ഞാണ് മാനേജര്‍ തോമസ്സും അവിടെ എത്തിയത്.

ജോലികഴിഞ്ഞ് അക്കോമഡേഷനില്‍ എത്തി, കുളി കഴിഞ്ഞ്, മെസ്സില്‍ നിന്നും ആഹാരം കഴിച്ച് ടി. വി. ക്കു മുമ്പില്‍ ഇരിക്കുന്നതുവരെ കുഴപ്പമൊന്നും ഇല്ലായിരുന്നു. ഡാന്‍‌സ് റിയാലിറ്റി ലൈവ് ഷോ കാണുകയായിരുന്നു. പെട്ടെന്ന് ചാടിയെഴുന്നേറ്റ് ഡാന്‍‌സ് ആരംഭിച്ചു. ശബ്‌ദം വളരെക്കൂട്ടി വെച്ചു. ശബ്‌ദത്തിനൊത്തു ചുവടുകള്‍ വെച്ചു. റിയാലിറ്റി ഷോ അവസാനിച്ചപ്പോള്‍ സാം മറ്റൊരു ഡാന്‍‌സ് പരിപാടിയിലേക്ക് ചാനല്‍ മാറ്റി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സാമിന്റെ ഡാന്‍സ് തുടരുകയാണ്. നിര്‍‌ത്താന്‍ ഭാവമില്ല. അടുത്തു ചെന്നവരെയൊക്കെ അടിച്ചു. സെക്യൂരിറ്റിക്കാര്‍ വന്നാണ് സാമിനെ കട്ടിലില്‍ പിടിച്ചു കിടത്തി കെട്ടിയത്. എന്നിട്ടും എന്തൊക്കയോ പുലമ്പുന്നുണ്ട്.

മാനേജര്‍ തോമസ്സ് കെട്ടഴിക്കാന്‍ പറഞ്ഞു.
കെട്ടഴിച്ചപ്പോള്‍ സാം വീണ്ടും ഡാന്‍‌സ് ആരംഭിച്ചു.
വീണ്ടും പിടിച്ച് കട്ടിലില്‍ കെട്ടിയിടാന്‍ വളരെ പണിപ്പെട്ടു.

അവിടെകൂടി നിന്ന കാഴ്‌ചക്കാരായ മറ്റു ജോലിക്കാര്‍ അടക്കം പറഞ്ഞു
“ സാമിന് ഭ്രാന്തു പിടിച്ചു “

ദിവസങ്ങളോളം സാമിന്റെ അവസ്ഥയില്‍ മാറ്റമൊന്നും ഉണ്ടായില്ല.

ദ്രാന്ത് എന്ന ഒറ്റക്കാരണത്താലാണ് ഈ കമ്പനിയില്‍ നിന്നും ഇതിനു മുമ്പൊരാള്‍ രണ്ടു വര്‍ഷം തികയ്‌ക്കുന്നതിനു മുമ്പേ തിരികെപ്പോയത്.

സാമിനേയും നാട്ടിലേക്കു കയറ്റി അയയ്‌ക്കുകയല്ലാതെ കമ്പനിക്കു വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ലീവിനു പോകുന്ന രണ്ടാളെയും കൂട്ടി വളരെ ബുദ്ധിമുട്ടിയാണ് തിരിച്ചയച്ചത്. യാത്രക്കിടയില്‍ വിമാനത്തില്‍ വെച്ച് പ്രശ്‌നമൊന്നും ഉണ്ടാക്കാതിരിക്കാനുള്ള ശക്‌തിയേറിയ മരുന്നും കുത്തി വെച്ചിരുന്നു.

മാനേജര്‍ തോമസ്സിന് എന്നിട്ടും സംശയം. സാമിന് ഭ്രാന്തുണ്ടായിരുന്നോ ? അതോ ഇവിടുത്തെ ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷപെടാനായി അഭിനയിക്കുകയായിരുന്നോ ?

അഭിനയമാണെങ്കിലും അസ്സലായി....
അവനെങ്കിലും രക്ഷപെട്ടല്ലോ..........

മാസങ്ങള്‍ക്കു ശേഷം തോമസ്സ് ഓഫീസ്‌ തിരക്കിലായിരിക്കുമ്പോഴാണ് നാട്ടില്‍ നിന്നും പഴയ ഒരു കൂട്ടുകാരന്റെ ഫോണ്‍ വന്നത്.

കൂട്ടുകാരന്റെ ഏക മകള്‍‌ക്കൊരു വിവാഹ ആലോചന. പയ്യന്‍, തോമസ്സ് ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നും അവധിക്കു വന്നിരിക്കുകയാണ്. പേര്‌ :- സാം , തിരുവല്ലയിലാണ് വീട്. അവന്റെ ജോലി എങ്ങനെയുണ്ട് ? സ്വഭാവം എങ്ങനെയാണ് എന്നൊക്കെ അറിയാനാണ് വിളിച്ചത്.

ബിസ്സിയാണ് പിന്നെ വിളിക്കാമെന്നും പറഞ്ഞ് തോമസ്സ് ഫോണ്‍ വെച്ചു.

തോമസ്സിന് മറുപടിയൊന്നും കൊടുക്കുവാനായില്ല.
എന്താണ് മറുപടികൊടുക്കേണ്ടത് ?
അവന്റെ ജോലി നഷ്‌ടപ്പെട്ടെന്നോ ......
ജോലി നഷ്‌ടപ്പെടാന്‍ കാരണം മാനസിക രോഗമാണെന്നോ ......

പിന്നീട് ഒന്നു രണ്ടു പ്രാവശ്യം കൂട്ടുകാരന്റെ ഫോണ്‍‌കോള്‍ നാട്ടില്‍ നിന്നും വന്നപ്പോള്‍ മനഃപൂര്‍‌വ്വം ഒഴിഞ്ഞു മാറി.

പിന്നീട് കൂട്ടുകാരനെ വിളിച്ചപ്പോള്‍ കല്ല്യാണ നിശ്‌ഛയം കഴിഞ്ഞിരുന്നു. ഇനിയും തോമസ്സിന്റെ മറുപടിയുടെ ആവശ്യം ഇല്ലല്ലോ.

കല്ല്യാണത്തിന്റെ ഒരാഴ്‌ചക്കു ശേഷം തോമസ്സ് കൂട്ടികാരനെ ഫോണില്‍ വിളിച്ചു. കല്ല്യാണത്തിനു ചെല്ലാഞ്ഞതിലുള്ള ഖേദം പ്രകടിപ്പിച്ചു.

മരുമകന്‍ സാമിനെപ്പറ്റിത്തിരക്കി.
“മോളു പറഞ്ഞു അവന്നു ഭ്രാന്താണെന്ന്‌ “

ഇതു കേട്ട് തോമസ്സ് ഒന്നു ഞെട്ടിയെങ്കിലും അടുത്ത വാചകം കേട്ടപ്പോള്‍ ഞെട്ടല്‍ മാറി.

“ ആദ്യ ദിനങ്ങളിലൊക്കെ ആര്‍ക്കാ ഭ്രാന്തില്ലാത്തത്....... ക്രമേണ മാറിക്കോളും “
ഇരുവരും ചിരിച്ചു.

ആറുമാസത്തിനു ശേഷം തോമസ്സ് കൂട്ടുകാരനെ ഫോണില്‍ വിളിച്ചപ്പോള്‍ കൂട്ടുകാരന്റെ മകളെയാണ് ഫോണില്‍ കിട്ടിയത്.

“ അങ്കിളേ, സാമിന് ഭ്രാന്ത് വളരെക്കൂടുതലാ.... അച്‌ഛനെപ്പോലും വീട്ടില്‍ നിന്നും ഇറക്കി വിട്ടു...... അങ്കിളിനറിയാമായിരുന്നോ സാമിന് ഭ്രാന്തായിരുന്നെന്ന്‌ ? എന്നിട്ടും അങ്കിള്‍ ഒരുവാക്കു പറഞ്ഞില്ലല്ലോ ..... “

അവള്‍ വീണ്ടും എന്തൊക്കയോ പറഞ്ഞ് കരഞ്ഞു.

തോമസ്സ് മറുപടിയൊന്നും പറയാതെ ഫോണ്‍ കട്ടു ചെയ്‌തു.

തോമസ്സിനു പശ്ചാത്താപം തോന്നി. ഒരു ഭ്രാന്തനെ ആ പാവം പെണ്ണിന്റെ തലയില്‍ കെട്ടി വെച്ചല്ലോ ? കല്ല്യാണത്തിനു മുന്‍‌പ് താനൊരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ആ പെണ്‍‌കൊച്ചിന് ഈ ഗതി വരില്ലായിരുന്നു. ഇനിയും പറഞ്ഞിട്ടെന്താകാര്യം എല്ലാം വിധിയെന്നു പറഞ്ഞു സമാധാനിക്കാം.

മാസങ്ങള്‍ക്കു ശേഷം തോമസ്സ് അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ തിരുവല്ലായില്‍ വെച്ച് സാമിനെക്കണ്ടു.

ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ എന്തോ സാധനം വാങ്ങാന്‍ കയറിയതാണ്.
ആ സൂപ്പര്‍ മാര്‍ക്കറ്റ് സാമിന്റേതാണെന്ന് വിശ്വസിക്കാന്‍ തോമസ്സിനായില്ല.
സാം സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓഫീസില്‍ ഇരുത്തി തോമസ്സിന് ചായയും ബിസ്‌ക്കറ്റും കൊടുത്തു.

“ നിനക്ക് അസുഖം എങ്ങനെയുണ്ട്...... കുറവുണ്ടോ ?.....”
“ എനിക്ക് അസുഖമോ ! ..... ഓ.... സാറേ..... എനിക്കസുഖമൊന്നും ഇല്ലായിരുന്നു. അവിടെ നിന്നും രക്ഷപെടാന്‍ വേണ്ടിയുള്ള വെറും അഭിനയം മാത്രമായിരുന്നു അത്.”

“ നിന്റെ ഭാര്യയും പറഞ്ഞല്ലോ നിനക്ക് അസുഖമാണെന്ന്.....”

“ ഓ........ അവളുടെ കാര്യം ഒന്നും പറയേണ്ട അവള്‍ക്ക് മുഴു ഭ്രാന്തായിരുന്നു. ഞാന്‍ വിവാഹമോചനം നേടി. അവര്‍ക്ക് പാരമ്പര്യമായി ഭ്രാന്തുള്ളവരാ.... അവളുടെ വല്ല്യമ്മപോലും ഭ്രാന്തു വന്നാ മരിച്ചത്. അവളുടെ അപ്പന്‍ ഭ്രാന്തു മൂത്ത് വീടുവിട്ട് എങ്ങോട്ടോ ഇറങ്ങി പോയി.“

തോമസ്സ് ചായയും ബിസ്‌ക്കറ്റും കഴിച്ച് വേഗം ഇറങ്ങി നടന്നു. ഒന്നു തിരിഞ്ഞു നോക്കി ‘സാംസ്‌ സൂപ്പര്‍ മാര്‍ക്കറ്റ്’ എന്ന വലിയ ബോര്‍ഡ് വായിച്ചു. ഇത്രയും വലിയ സൂപ്പര്‍മാര്‍ക്കറ്റ് നോക്കി നടത്താന്‍ ഒരു ഭ്രാന്തനെക്കൊണ്ടാകുമോ ?

സത്യത്തില്‍ ആര്‍‌ക്കാണു ഭ്രാന്തുള്ളത് ?

Sunday, November 11, 2007

കുട്ടിയുടുപ്പും കളിപ്പാട്ടവും

ഇക്കാലത്ത് ഉപകാരം ചെയ്യാന്‍ ഓരോ മലയാളിയും പേടിക്കും. ആര്‍‌ക്കൊക്കെ ഉപകാരം ചെയ്‌തിട്ടുണ്ടോ, അവരാണ് കൂടുതല്‍ ഉപദ്രവങ്ങള്‍ തിരികെ നല്‍‌കിയിട്ടുണ്ടെന്നതാണ് അനുഭവപാഠം.

പക്ഷേ വര്‍ഗീസ് അങ്ങനെയല്ല. നല്ല മനസ്സുള്ളവനാണ്. ആവശ്യങ്ങളിലിരിക്കുന്നവരെ സഹായിക്കാന്‍ അവന്‍ എപ്പോഴും ഉണ്ടാകും. ഇത്ര ലോല ഹൃദയരെ ഇക്കാ‍ലത്ത് കണ്ടെത്തുക പ്രയാസമാണ്.

ഈ ഗള്‍ഫില്‍ വര്‍‌ഗീസിന്റെ കമ്പനിയില്‍ തന്നെയാണ് സുനീഷും ജോലി ചെയ്യുന്നത്. താന്‍ അകൌണ്ടന്റായി ജോലി ചെയ്യുന്ന കമ്പനിയില്‍ ഒരു കാര്‍‌പെന്ററുടെ ഒഴിവ് വന്നപ്പോള്‍ കൂടെ പഠിച്ച സ്വന്തം നാട്ടുകാരനായ സുനീഷിന് വിസ്സാ ശരിയാക്കിക്കോടുക്കാന്‍ വര്‍‌ഗീസിനു തോന്നി.

രാവിലെ ഓഫീസില്‍ ഒരു ചായകുടിച്ചു കഴിഞ്ഞ് വീണ്ടും ഫയലുകളെടുത്തപ്പോളാണ് നാട്ടില്‍ നിന്നും സുനീഷിന്റെ അച്‌ഛന്‍ വര്‍ഗീസിനെ ഫോണില്‍ വിളിച്ചത്.

സുനീഷിന്റെ ആറുമാസം പ്രായമുള്ള കുഞ്ഞ്‌ മരിച്ചു പോയ വിവരം അവനെ അറിയിക്കാന്‍ പറഞ്ഞു. വലിയ അസുഖമൊന്നും ഇല്ലായിരുന്നു. ചെറിയൊരു പനി വന്നു ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ മരിച്ചു പോയി.

സുനീഷിന്റെ ഓരേ ഒരു മകനാണ്. കഴിഞ്ഞ മാസം വന്ന ഫോട്ടോയും അവനെല്ലാവരെയും കൊണ്ടു നടന്നു കാണിച്ചിരുന്നു. അതു കണ്ടവരുടെ ആരുടേയും മനസ്സില്‍ നിന്നും ആ പുഞ്ചിരിക്കുന്ന മുഖം ഇനിയും മാ‍ഞ്ഞിട്ടില്ല.

എങ്ങനെയാണ് ഈ ദുഃഖ വാര്‍ത്ത അവനെ അറിയിക്കുക?
അവന്റെ പ്രതികരണം എന്തായിരിക്കും?

വര്‍ഗീസ് സൈറ്റിലുള്ള ഹിന്ദിക്കാരന്‍‌ സൂപ്പര്‍‌വൈസറെ വിളിച്ച്‌ സുനീഷിന്റെ കൈയ്യില്‍ ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു.

“സുനീഷ്, നാട്ടില്‍ നിന്നും അച്‌ഛന്‍ വിളിച്ചിരുന്നു......... നീ വിവരം അറിഞ്ഞോ ?”
“ഞാന്‍ അറിഞ്ഞു............ ഞാന്‍ നാട്ടിലേക്ക് വിളിച്ചിരുന്നു”
“നീ നാട്ടില്‍ പോകുന്നുണ്ടോ ?”
“ഓ ഇല്ല......... ഒരുമാസം കഴിയുമ്പോള്‍ പോകാന്‍ ലീവ് സാങ്ങ്‌ഷനായിട്ടുണ്ട് അന്നേരമേ പോകുന്നുള്ളു. ഞാന്‍ പോയിട്ടവിടെ എന്തു ചെയ്യാനാ ഞാന്‍ അയയ്‌ക്കുന്ന പണത്തിനാണവിടെ ആവശ്യം”

വര്‍ഗീസ് ഫോണ്‍ വെച്ചു.
സുനീഷ് പണി തുടര്‍‌ന്നു.
ഏതൊരു പ്രവാസിയേക്കാളും വില അവനയയ്‌ക്കുന്ന പണത്തിനാണെന്നത് സത്യമാകാം. എങ്കിലും സ്വന്തം കുരുന്നിന്റെ മുഖം അവസാനമായി ഒന്നു കാണുവാന്‍ ആഗ്രഹമില്ലാത്തവന്‍, ഇവനെന്താ മൃഗമാണോ?

ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കുഞ്ഞിനെ അവസാനമായിട്ടൊന്നു കാണാന്‍ പോകുന്നില്ല പോലും. സുനീഷ് ആവശ്യപ്പെട്ടാന്‍ എമര്‍‌ജെന്‍സി ലീവ് കിട്ടുമായിരുന്നു.

സുനീഷിന്റെ അടുത്ത വീട്ടിലേക്ക് വര്‍ഗീസ് ഫോണ്‍ ചെയ്‌തു.
ഇവിടെ നിന്നുള്ള മറുപടിക്കായി അവര്‍ കാത്തിരിക്കുകയായിരുന്നു.
സുനീഷിന്റെ അച്‌ഛനുമായി സംസാരിച്ചു.

“ ഞാന്‍ സുനീഷുമായി സംസാരിച്ചു. സുനീഷിന് ഇപ്പോള്‍ നാട്ടില്‍ വരാന്‍ സാധിക്കുകയില്ല. കമ്പനിയില്‍ നിന്നും ലീവു കിട്ടാന്‍ യാതൊരു വഴിയുമില്ല. ബോഡി മറവു ചെയ്‌തോളൂ. “

അവര്‍ക്ക് പിന്നെ ആരെയും കാക്കുവാനില്ലായിരുന്നു. ശവസംസ്‌കാരം അന്നു തന്നെ നടത്തി.

വര്‍‌ഗീസ് ഡ്യൂട്ടി കഴിഞ്ഞ് വൈകിട്ട് കമ്പനി അക്കൊമഡേഷനില്‍ എത്തിയപ്പോഴേക്കും കുളിച്ചൊരുങ്ങി പുറത്തുപോകാന്‍ നില്‍ക്കുന്ന സുനീഷിനെക്കണ്ടു.

“നീ എവിടേക്കാ”
“ഞാന്‍ ടൌണില്‍ വരെ ഇത്തിരി ഷോപ്പിങ്ങുണ്ട്”

സുനീഷിനെ കാറില്‍ക്കയറ്റി ടൌണിലേക്ക് പോകുമ്പോള്‍ വര്‍ഗീസ് അവനെ മനസ്സില്‍ ശപിച്ചു.

ഇവനെന്തൊരു സൃഷ്‌ടിയാ ....
സ്വന്തം കുഞ്ഞിന്റെ മരണ ദിവസവും ഷോപ്പിങ്ങിനു നടക്കുന്നു......
ഹൃദയമില്ലാത്തവന്‍.......

കുട്ടികള്‍ക്കുള്ള ഉടുപ്പുകളും കളിപ്പാട്ടങ്ങളും വില്‍‌ക്കുന്ന കടയുടെ മുമ്പില്‍ വണ്ടി നിര്‍‌ത്താന്‍ പറഞ്ഞു.

വണ്ടി നിര്‍ത്തിയപ്പോഴെ സുനീഷ് കടയിലേക്ക് കയറിപ്പോയി

വര്‍‌ഗീസ് വണ്ടി പാര്‍ക്കു ചെയ്‌തു കടയിലേക്ക് പോകുമ്പോള്‍ ആലോചിച്ചു. എന്താ ഇവനു മാനസിക രോഗത്തിന്റെ തുടക്കമാണോ? ഇവന്റെ ഒരേ ഒരു കുട്ടിയാണല്ലോ ഇന്നു രാവിലെ മരിച്ചു പോയത്. പിന്നെ ഇവന്‍ ആര്‍‌ക്കാണ് കുട്ടിയുടുപ്പും കളിപ്പാട്ടവും വാങ്ങാന്‍ വന്നിരിക്കുന്നത്. മകന്‍ മരിച്ച ആഘാതത്തില്‍ മനസ്സിന്റെ സമനിലതെറ്റിയോ ?

സുനീഷ് ഒരു ലൈറ്റ് മെറൂണ്‍ കളര്‍ കുട്ടിയുടുപ്പെടുത്ത് ഉയര്‍ത്തിക്കാണിച്ചു കൊണ്ട്‌ ചോദിച്ചു.

“നോക്കൂ ഈ കളര്‍ എന്റെ മോനു ചേരുമോ ? ഇതിന് ഒരല്പം വലിപ്പം കൂടുതലാ..... എങ്കിലും സാരമില്ല ഒന്നര വയസ്സു വരെയെങ്കിലും ഇടാം”

“എടാ സുനീഷേ നിനക്കെന്തു പറ്റി”
“എന്തു പറ്റാനാ....., ഞാന്‍ അടുത്തമാസം ലീവിനു പോകുവല്ലേ എന്റെ മോന്‍ എന്റെ സമ്മാനത്തിനായ് കാത്തിരിക്കും”
“നീ രാവിലെ വീട്ടിലേക്ക് ഫോണ്‍ ചെയ്‌തെന്നു പറഞ്ഞിട്ട്”
“അതെ ഞാന്‍ ഫോണ്‍ ചെയ്‌തിരുന്നു”
“ഞാന്‍ അറിഞ്ഞോന്നു ചോദിച്ചപ്പോള്‍ നീ അറിഞ്ഞെന്നു പറഞ്ഞു”
“അതെ അച്‌ഛന്‍ പറഞ്ഞിരുന്നു, അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു, അമ്മയ്‌ക്ക് അടുത്ത മാസം ഒരു ഓപ്പറേഷന്‍ വേണ്ടി വരും കുറേ പണം അത്യാവശ്യം വേണമെന്ന്. ഞാന്‍ അടുത്തമാസം നാട്ടില്‍ ചെല്ലുമ്പോള്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞിട്ടുണ്ട്”

“അല്ല നിന്റെ മോന്റെ കാര്യം”
“ ഇല്ല ഞാനൊന്നും അറിഞ്ഞില്ല.... എന്താ‍..... എന്തുണ്ടായി.... അവനുവല്ല അസുഖവും.....”

വര്‍ഗീസ് എന്തൊക്കയോ മനസ്സില്‍ പിറുപിറുത്തു
സുനീഷ് ഇനിയും അറിഞ്ഞിട്ടില്ല അവന്റെ കുരുന്ന് മരിച്ചു പോയത്. ഞാന്‍ തന്നെയാണ് നാട്ടില്‍ അറിയിച്ചത് അവന്‍ വരുന്നില്ല സംസ്‌ക്കാരം നടത്തിക്കൊള്ളുവാന്‍. സ്വന്തം കുഞ്ഞിന്റെ മുഖം അവസാനമായി ഒരു നോക്കു കാണുവാനുള്ള അവസരം നിഷേധിച്ച ഞാനൊരു ക്രൂരനാണ്. ഞാനത് എങ്ങനെ സുനീഷിനോടു പറയും?”

വര്‍ഗീസ് ഒരു കളിപ്പാട്ടം എടുത്ത് കാണിച്ചിട്ടു പറഞ്ഞു
“ ഇത് നിന്റെ മകന് ഒത്തിരി ഇഷ്‌ടപ്പെടും”

വര്‍ഗീസിന്റെ മുഖത്ത് ആദ്യമൊരു പുഞ്ചിരിയായിരുന്നു. ഉടന്‍ തന്നെയത് പൊട്ടിച്ചിരിയും അട്ടഹാസവുമായി മാറി.
കുട്ടിയുടുപ്പുകളും കളിപ്പാട്ടങ്ങളും എടുത്ത് എറിഞ്ഞു
നിയന്ത്രിക്കാന്‍ വന്ന സെക്യൂരിറ്റിക്കാരനെ അടിച്ചു.
എന്തൊക്കയോ അവ്യക്‌തമായ ഭാഷയില്‍ വിളിച്ചു പറയുന്നുണ്ട്.
സുനീഷിനും വര്‍ഗീസിനെ നിയന്ത്രിക്കാനായില്ല.
കടയുടമ അറിയിച്ച പ്രകാരം പോലീസുകാര്‍ വന്ന് വര്‍ഗീസിനെ കൊണ്ടു പോകുമ്പോള്‍ അവന്‍ കൂടുതല്‍ ഉച്ചത്തില്‍ ഒരു ഭ്രാന്തനെപ്പോലെ അട്ടഹസിച്ചു.

ഒന്നും മനസ്സിലാകാതെ സുനീഷ് നിന്നു.
സത്യം അറിയുമ്പോള്‍ സുനീഷിന്റെ അവസ്ഥ എന്താകുമോ എന്തോ ?

Sunday, October 28, 2007

പാവം പാവം രാക്ഷസന്‍

ഒരിക്കല്‍ കാട്ടില്‍ ഒരു രാക്ഷസന്‍ ജീവിച്ചിരുന്നു. കാടിന്റെ നടുവിലുള്ള വലിയ കോട്ടയുടെ ഇരുപത്തിയഞ്ചാം നിലയിലായിരുന്നു രാക്ഷസന്‍ ഒറ്റയ്‌ക്ക് താമസിച്ചിരുന്നത്. രാക്ഷസന്‍ മഹാക്രൂരനായിരുന്നു. കറുത്ത് തടിച്ച് നല്ല ഉറച്ച ശരീരവും നീട്ടി വളര്‍ത്തിയ തലമുടിയും താടിയും ഒന്നരയാള്‍ പൊക്കവുമുള്ള രാക്ഷസനെ കണ്ടാല്‍ ആര്‍ക്കും പേടി തോന്നും.

രാക്ഷസക്കോട്ടയുടെ ജനലുകളിലൂടെ നോക്കിയാല്‍ പരന്നു കിടക്കുന്ന കാടും അതിന്നപ്പുറമുള്ള പുഴയും കാണാമായിരുന്നു. കാട്ടില്‍ എല്ലാം ഉണ്ടായിരുന്നെങ്കിലും താന്‍ ഏകനാണെന്ന ബോധം രാക്ഷസനെ വല്ലാതെ വേദനിപ്പിച്ചു. തന്റെ കൂടെ ഒരാഴ്‌ച മാത്രം താമസിച്ച രാക്ഷസി എന്തിനാണ് തന്നെ ഉപേക്ഷിച്ചു പോയതെന്ന് ഇന്നും രാക്ഷസനറിയില്ല. തന്റെ സ്വന്തം രാക്ഷസിയെപ്പറ്റി സ്‌നേഹത്തോടെ ഓര്‍ക്കുവാനെ രാക്ഷസനാകുമായിരുന്നുള്ളു. ഒരു നാള്‍ അവള്‍ തിരിച്ചു വരുമെന്ന് രാക്ഷസന്‍ വിശ്വസിക്കുന്നു.

ഒരു ദിവസം രാവിലെ രാക്ഷസന്‍ പുഴക്കരയിലൂടെ നടക്കുമ്പോള്‍ ഒരു രാജകുമാരി അവിടെ ഒറ്റയ്‌ക്കിരുന്ന്‌ കരയുന്നതു കണ്ടു.

രാക്ഷസന്‍ ഒരു മരത്തിനു പിന്നില്‍ ഒളിച്ചിരുന്ന് രാജകുമാരിയെന്തിനാണ് കരയുന്നതെന്ന് ചോദിച്ചു

രാജകുമാരി കരച്ചില്‍ നിര്‍‌ത്തി താനെങ്ങനെയാണ് ഇവിടെ എത്തപ്പെട്ടതെന്ന് വിശദമായി പറഞ്ഞു.

അവള്‍ അയല്‍‌രാജ്യത്തെ രാജകുമാരനുമായി കഴിഞ്ഞ ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ രണ്ടു രാജ്യങ്ങളും തമ്മില്‍ ശത്രുതയിലുമായിരുന്നു. അവരുടെ വിവാഹത്തിന് മാതാ പിതാക്കന്മാര്‍ സമ്മതിക്കാത്തതിനാല്‍ അവര്‍‌ ഒളിച്ചോടാനായി ഇറങ്ങിത്തിരിച്ചതാണ്. എങ്ങോട്ടാണ് പോകേണ്ടതെന്ന് അവര്‍ക്കറിയില്ലായിരുന്നു. മാതാ പിതാക്കന്മാരുടെ കണ്ണെത്താത്ത ഏതെങ്കിലും രാജ്യത്തു പോയി ജീവിക്കുവാനായി അവര്‍ ഇറങ്ങിത്തിരിച്ചു. ഇവിടെയെത്തിയപ്പോള്‍ രാജകുമാരനെ കാണാനില്ല. അതിനാലാണ് രാജകുമാരി കരഞ്ഞത്.

ഒളിച്ചിരുന്ന മരത്തിനു പിന്നില്‍ നിന്നും രാക്ഷസന്‍ പുറത്തു വന്നു. രാക്ഷസനെ കണ്ടതും രാജകുമാരി പിന്നെയും ഉച്ചത്തില്‍ കരച്ചിലാരംഭിച്ചു. രാജകുമാരനെ കണ്ടെത്താമെന്നു വാക്കുകൊടുത്തപ്പോളാണ് രാജകുമാരി കരച്ചില്‍ നിര്‍ത്തിയത്. രാക്ഷസന്‍ രാജകുമാരിയേയും കൂട്ടി കോട്ടയിലേക്കു പോയി. രാക്ഷസന്‍ ഏതോ മന്ത്രം ചൊല്ലിയപ്പോള്‍ കോട്ടയുടെ വലിയ വാതില്‍ അവര്‍ക്കു മുന്‍പില്‍ തുറന്നു. ലിഫ്‌റ്റില്‍ കയറി അവര്‍ കോട്ടയുടെ ഇരുപത്തിയഞ്ചാം നിലയിലേക്കു പോയി.

രാജകുമാരിക്കു കഴിക്കാന്‍ ഇഷ്‌ടം പോലെ കാട്ടുപഴങ്ങളും തേനും നല്‍കി. ക്ഷീണം മൂലം രാജകുമാരി അറിയാതെ ഉറങ്ങിപ്പോയി. ഉറക്കം ഉണരുന്നതുവരെ രാക്ഷസന്‍ രാജകുമാരിക്കരികില്‍ കാവലിരുന്നു.

ദീര്‍ഘനേരത്തെ ഉറക്കത്തിനു ശേഷം രാജകുമാരി ഞെട്ടിയുണര്‍ന്നു. തനിക്ക് കാവലിരിക്കുന്ന രാക്ഷസനെക്കണ്ട് പേടിതോന്നിയെങ്കിലും തന്നെ ഉപദ്രവിക്കാതിരുന്ന രാക്ഷസനില്‍ വിശ്വാസം തോന്നി. ക്രമേണ രാക്ഷസനോടുള്ള പേടിയും മാറി.

രാജകുമാരി തന്റെ വാനിറ്റി ബാഗ് തുറന്ന്, ചീപ്പും കത്രികയുമെടുത്തു. രാക്ഷസന്റെ തലമുടിയും താടിയും വെട്ടിക്കൊടുത്തു. അവര്‍ ഒന്നിച്ച് പുഴയില്‍ പോയിക്കുളിച്ചു. കുളിക്കാനിറങ്ങിയ രാക്ഷസനും കുളികഴിഞ്ഞ് കയറിയ രാക്ഷസനും തമ്മില്‍ ഒത്തിരി വ്യത്യാസം ഉണ്ടായിരുന്നു. കുളികഴിഞ്ഞപ്പോള്‍ രാക്ഷസനു പോലും തോന്നി താനൊരു സുന്ദരനാണെന്ന്.

രാക്ഷസന്‍ രാജകുമാരിയെ കോട്ട മുഴുവന്‍ കൊണ്ടു നടന്നു കാണിച്ചു. ഓരോന്നും വലിയ അത്‌ഭുതത്തോടെയാണ് രാജകുമാരി കണ്ടത്. രാക്ഷസന്റെ പക്കലുള്ള വന്‍ നിധിശേഖരം കണ്ട് രാജകുമാരിയുടെ കണ്ണ്‌ മഞ്ഞളിച്ചു പോയി.

രാജകുമാരി പറഞ്ഞു
“ഇതൊരു കോട്ടയല്ല, എന്റെ അച്‌ഛന്റെ കൊട്ടാരത്തേക്കാള്‍ വലിയ കൊട്ടാരമാണ്”

കോട്ട മുഴുവന്‍ ചുറ്റി നടന്നു കണ്ട് രാജകുമാരി തളര്‍ന്നു പോയി. രാക്ഷസന്‍ കാട്ടുപഴങ്ങളും തേനും കൊടുത്തു. രാജകുമാരി അത് കഴിച്ച് ഉറങ്ങി.

ഉണര്‍‌ന്നു കഴിഞ്ഞപ്പോള്‍ രാജകുമാരിക്ക് കുടിക്കാന്‍ എന്തോ കാട്ടു പാനീയം കൊടുത്തു.

രാക്ഷസന്‍ പറഞ്ഞു
“വരൂ രാജകുമാരി നമുക്ക് നദിക്കരയിലേക്കു പോകാം നിന്റെ കാമുകന്‍ രാജകുമാരനെ തേടിക്കണ്ടു പിടിക്കാം”

രാജകുമാരി ആലോചിച്ചു
രാജകുമാരന്‍ എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവനെപ്പോലെയാണ്. എന്നും ആരെയൊക്കയോ പേടിച്ച് ഒളിച്ചു ജീവിക്കേണ്ടി വരും. രാജാവിന്റെ കാലശേഷമേ അധികാരം കൈയില്‍ കിട്ടുകയുള്ളൂ‍. രാജാവിപ്പോലെങ്ങും കാലം ചെയ്യുന്ന ലക്ഷണവും ഇല്ല. അത്രയൊന്നും കാത്തിരിക്കാന്‍ എനിക്കു വയ്യാ. അധികാരം ഇല്ലെങ്കിലെന്താ സമ്പത്തും ശക്‌തിയും ഉള്ള രാക്ഷസന്‍ രാജകുമാരനേക്കാള്‍ യോഗ്യനാണ്.

രാജകുമാരി പറഞ്ഞു
“ എന്നെ കരുതാന്‍ കഴിയാത്ത രാജകുമാരന്റെയൊപ്പം ജീവിക്കാന്‍ ഞാനില്ല. നിങ്ങളെ ഞാന്‍ ഇഷ്‌ടപ്പെടുന്നു, നിങ്ങളെ ഞാന്‍ വിവാഹം കഴിക്കട്ടെ”

രാക്ഷസന് വിശ്വസിക്കാനായില്ല. ഒരു രാജകുമാരി തന്റെ മുഖത്തു നോക്കി വിവാഹാഭ്യര്‍‌ത്ഥന നടത്തിയിരിക്കുന്നു.

രാക്ഷസനും സന്തോഷമായി.

നിമിഷങ്ങള്‍‌പ്പോലും പാഴാക്കാതെ അവര്‍ വിവാഹിതരായി.

വിവാഹപ്പിറ്റേന്ന് അവര്‍ പുഴക്കരയിലൂടെ കൈ പിടിച്ച് നടക്കുമ്പോള്‍ രാജകുമാരിയുടെ പഴയ കാമുകന്‍ രാജകുമാരന്‍ കുതിരപ്പുറത്തുവരുന്നത് ദൂരെ നിന്നേ കണ്ടു.
അവര്‍ മരത്തിന്റെ പിന്നില്‍ ഒളിച്ചിരുന്നു. രാജകുമാരനെ കുതിരപ്പുറത്തുനിന്നും എറിഞ്ഞു വീഴ്‌ത്തി. ഇരുവരും ചേര്‍ന്ന് തല്ലിക്കൊന്നു. കോട്ടയുടെ ഇരുപത്തിയഞ്ചാം നിലയിലേക്ക് വലിച്ചു കൊണ്ടു പോയി. അവിടെ വെച്ച് പല കഷണങ്ങളായി വലിച്ചു കീറി. ഓരോ കഷണങ്ങളായി അവര്‍ കോട്ടയുടെ ജനലിലൂടെ കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ആരാണ് എല്ലിന്‍ കഷണം കൂടുതല്‍ ദൂരം വലിച്ചെറിയുന്നത് എന്നതില്‍ അവര്‍ മത്‌സരമായിരുന്നു. രാജകുമാരി ജയിക്കുവാനായി രാക്ഷസന്‍ സ്വയം തോറ്റു കൊടുത്തു.

പലതിലും തോറ്റുകൊടുത്ത് രാജകുമാരിയെ സന്തോഷിപ്പിച്ച് മാസങ്ങളോളം അവര്‍ ഭാര്യാ ഭര്‍‌ത്താക്കന്മാരായി ജീവിച്ചു.

മാസങ്ങള്‍‌ക്കൊണ്ട് രാക്ഷസനോടൊപ്പമുള്ള ജീവിതം മടുത്തെന്നു തുറന്നു പറയുവാനുള്ള ധൈര്യം രാജകുമാരിക്കുണ്ടായിരുന്നു.

കോട്ടയുടെ മുകളിലൂടെ താണു പറന്ന ഒരു ഹെലികോപ്‌ടറില്‍ ഉണ്ടായിരുന്ന ഏതോ രാജ്യത്തെ യുവരാജാവ് കോട്ടയുടെ മുകളില്‍ നില്‍ക്കുന്ന രാക്ഷസനേയും രാജകുമാരിയേയും കണ്ടു. യുവരാജാവിന്റെ ചുവന്ന കുപ്പായവും തിളക്കമുള്ള ഓവര്‍‌ക്കോട്ടും രത്‌നങ്ങള്‍ പതിച്ച കിരീടവും ഇരുവരും കാണുന്നുണ്ടായിരുന്നു.

ഹെലികോപ്‌ടര്‍ പുഴക്കരയില്‍ ലാന്റു ചെയ്‌ത സമയത്തുതന്നെ രാക്ഷസന്‍ കോട്ടയുടെ മുകളില്‍ നിന്ന് താഴെ വീണു മരിച്ചു.

ആ മരണത്തിലൂടെ രാക്ഷസന്‍ രാജകുമാരിയോടുള്ള സ്‌നേഹം വെളിപ്പെടുത്തുകുയായിരുന്നുവോ?
രാജകുമാരിയെ രാക്ഷസന്‍ അത്രമാത്രം സ്‌നേഹിച്ചിരുന്നുവോ?
രാജകുമാരിക്കൊരു പുതിയ ജീവിതം കിട്ടുവാനായി രാക്ഷസന്‍ സ്വയം ഇല്ലാതായതാണോ?

രാജകുമാരി ഓടി പുഴക്കരയിലേക്കു പോയി. ഹെലിക്കോപ്‌ടറില്‍ കയറി യുവരാജാവിനോടൊപ്പം അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്കു പോയി. പോകുമ്പോള്‍ രാക്ഷസന്റെ നിധി എടുക്കുവാന്‍ അവള്‍ മറന്നില്ല.

രാക്ഷസന്റെ മരണം ആത്‌മഹത്യയാണോ അതോ കുലപാതകമായിരുന്നോ?

ആരെങ്കിലും രാക്ഷസനെ താഴേക്ക് തള്ളിയിടുകയായിരുന്നോ?
ആ സമയത്ത് രാക്ഷസനോടൊപ്പം രാജകുമാരിമാത്രമേ ഉണ്ടായിരുന്നുള്ളു.
എന്താ രാജകുമാരി അത്രയ്‌ക്ക് രാക്ഷസിയാണോ ?

Tuesday, October 23, 2007

ആദ്യ കഥയിലെ മാതാവ്

യുക്‌തിവാദിയായ കുര്യന്റെ മകനെഴുതിയ ആദ്യകഥയിലെ പ്രധാന കഥാപാത്രം ദൈവമാതാവായിരുന്നുവെന്നത് തികച്ചും യാദൃശ്ചികം‌മാത്രം. അതൊരു കഥമാത്രമായിരുന്നെന്ന് അംഗീകരിക്കാതെ മകനെ വീട്ടില്‍ നിന്നും ആ പിതാവ് പുറത്താക്കി. മകന്‍ കഥയെഴുതിയെന്ന കുറ്റത്തിന്റെ ശിക്ഷ ഏല്‍ക്കുമ്പോഴും യഥാര്‍‌ത്ഥ കുറ്റവാളി രക്ഷപെടുന്നതിലുള്ള യുക്‌തി എന്തായിരുന്നു.

കുര്യന്റെ മകന് സ്‌ക്കൂള്‍ പഠനം പൂര്‍ത്തിയാക്കുവാന്‍ ഇനിയും വേണം വര്‍ഷങ്ങള്‍, അതിനിടയില്‍ കഥയെഴുതുവാനുള്ള ശ്രമം നടത്തിയത് ആരുടേയും പ്രേരണമൂലം അല്ല. ഒരു കഥയെഴുതുവാന്‍ തോന്നി സാമൂഹ്യപാഠത്തിന്റെ നോട്ടുബുക്കില്‍ ധാരാളം പേജുകള്‍ ബാക്കിയുണ്ടായിരുന്നു, അതിന്റെ അവസാന പേജുകളില്‍ ഒറ്റയിരുപ്പിനിരുന്ന് ആറു പേജുള്ള കഥയെഴുതിക്കഴിഞ്ഞപ്പോളാണ് ആശ്വാസമായത്. വീണ്ടും വായിച്ചു നോക്കി അതൊരു കഥയുള്ള കഥയാണെന്ന് അവന്നു തോന്നി.

കുര്യന്റെ അപ്പന്‍ പള്ളിയുമായി നല്ല അടുപ്പത്തിലായിരുന്നു. ജീവിതകാലം മുഴുവന്‍ ദൈവത്തിനു വേണ്ടി എന്തൊക്കയോ ചെയ്യാന്‍ ഓടി നടക്കുകയായിരുന്നു. കുര്യന്റെ അപ്പന്‍ നല്ല പ്രായത്തില്‍ തന്നെ കര്‍ത്താവില്‍ നിദ്രകൊണ്ടൂ. വിധി വൈപരീത്യം കൊണ്ടാകാം കുര്യന്‍ ദൈവം ഇല്ലെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. കുര്യന്‍ ഏതുകാര്യവും യുക്‌തിയോടുകൂടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വാക്കുകളൊക്കെ യുക്‌തി ഭദ്രമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പോസ്റ്റുമാന്‍ മാസത്തില്‍ മൂന്നും നാലും പ്രാവശ്യം യുക്‌തിവാദ സന്ദേശങ്ങള്‍ കൈമാറാന്‍ ആ വീട്ടില്‍ വന്നു പോകുമായിരുന്നു. ഡല്‍ഹിയില്‍ നിന്നു പോലും യുക്‌തിവാദ ഗ്രന്ഥങ്ങള്‍ വരുത്തി വായിക്കുമായിരുന്നു. ദൈവ സംബന്ധമായ മറ്റ് പുസ്‌തകങ്ങളോ ദൈവങ്ങളുടെ പടങ്ങളോ ഒന്നും തന്നെ ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. മുന്‍പ്‌ സ്വാഗതം എന്ന് എഴുതിയ കൂപ്പുകൈയ്യുടെ പടം പ്രധാന വാതിലിന്നു മുകളില്‍ ഉണ്ടായിരുന്നു, പിന്നീട് അതും എടുത്ത് മാറ്റി.

കുര്യന്റെ ഭാര്യ തന്റെ ഭര്‍ത്താവിന്റെ ലോകമാണ് തന്റെ ലോകമെന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന സാധാരണ വീട്ടമ്മ. കല്യാണത്തിനുമുന്‍പ് നല്ല ദൈവവിശ്വാസിയായിരുന്നെങ്കിലും കല്ല്യാണത്തിനു ശേഷം കുര്യന്‍ തന്നെയായിരുന്നു കാണപ്പെട്ട ദൈവം. യുക്‌തിവാദിയായ കുര്യന്റെ ഭാര്യയോട് അയല്‍‌വക്കത്തുള്ള പെണ്ണുങ്ങളൊന്നും വലിയ അടുപ്പം കാണിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ അവരുടെ കുടുംബ ജീവിതത്തില്‍ പ്രത്യേകിച്ച് എടുത്തുപറയത്തക്ക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പള്ളിയില്‍ പോകാത്തതു കൊണ്ട് താന്‍ മരിച്ചാല്‍ എവിടെയായിരിക്കും അടക്കുകയെന്ന കാര്യത്തില്‍ കുര്യനും ചെറിയൊരു പേടിയുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുന്‍‌പ് പട്ടണത്തില്‍ ഇലക്‌ടിക് ക്രിമിറ്റോറിയം വന്നതോടുകൂടി ആ പേടിയും മാറിക്കിട്ടി.

കുര്യന് ഒറ്റ മകനായിരുന്നതു കൊണ്ട് ഒരു കട്ടിലും മേശയും കസേരയും അവനു കൊടുക്കാന്‍ വളരെയൊന്നും ആലോചിക്കേണ്ടിവന്നില്ല. മകന്‍ വീട്ടില്‍ ഇല്ലാതിരുന്ന ഒരു ദിവസം അവന്റെ പുസ്‌തകങ്ങളും ബുക്കും വെറുതെ മറിച്ചു നോക്കിയ കുര്യന്‍ തന്നെയാണ് തന്റെ മകന്‍ എഴുതിയ കഥ കണ്ടത്. അത് ആദ്യമായും അവസാനമായും വായിച്ചതും കുര്യന്‍ തന്നെയാണ്.

കഥയിലെ കടിച്ചാല്‍ പൊട്ടാത്തവാക്കുകളും മറ്റ് വേലിയേറ്റങ്ങളും ഒഴിവാക്കിയാല്‍ കഥയുടെ ചുരുക്കം ഇങ്ങനെയായിരുന്നു.

[ കുട്ടന്‍ അപ്പന്റെ പോക്കറ്റില്‍ നിന്നും ചില്ലറ പൈസകള്‍ എടുക്കാറുണ്ടെങ്കിലും അതൊരു മോഷണമാണെന്ന് അവന്നു തോന്നിയിരുന്നില്ല. നാരങ്ങാ മിഠായിയും ഐസ് സ്‌റ്റിക്കും വാങ്ങുവാന്‍ അവന്നു വേറെ വഴികളില്ലായിരുന്നു.

കുട്ടന്റെ കൂട്ടുകാരുടെ വീടുകളിലെ ഭിത്തികളിലൊക്കെ മനോഹരമായ പടങ്ങള്‍ തൂക്കിയിട്ടിരിക്കുന്നത് അവനെ ആകര്‍ഷിച്ചു. അതൊക്കെ ദൈവങ്ങളുടെ പടങ്ങളാണെന്നും കുട്ടന്റെ മാതാ പിതാക്കള്‍ യുക്‌തിവാദികളായതിനാല്‍ കുട്ടനും യുക്‌തിവാദിയാണെന്നും ദൈവങ്ങളുടെ പടങ്ങള്‍ വീട്ടില്‍ തൂക്കിയിടാന്‍ പാടില്ലെന്നും അവനു മനസ്സിലായി.

അവന്‍ ദൈവങ്ങളെക്കാണാന്‍ ഫോട്ടോ ഫ്രെയിം ചെയ്യുന്ന കടയില്‍ പോകുമായിരുന്നു. അവിടെ എല്ലാ ജാതിക്കാരുടേയും ദൈവങ്ങളെ ഫ്രെയിം ചെയ്‌തു വെച്ചിട്ടുണ്ടായിരുന്നു. അതില്‍ ദൈവമാതാവിന്റെ പടം അവനെ കൂടുതല്‍ ആകര്‍ഷിച്ചു. കിരീടം വെച്ച മാതാവിന്റെ മുഖത്തു നിന്നും പ്രഭ ചൊരിയുന്നുണ്ട്, ഇരുവശങ്ങളിലും ഓരോ മാലാഖക്കുഞ്ഞുങ്ങള്‍ പറന്നു നില്‍‌ക്കുന്നുണ്ട്‌. അവന്‍ ആ പടം കാണുവാന്‍‌ മാത്രമായി മിക്കപ്പോഴും ആ കടയില്‍ പോകുമായിരുന്നു. ആ ഫ്രെയിം ചെയ്‌ത പടം സ്വന്തമാക്കുവാന്‍ അവന്റെ മനസ്സു കൊതിച്ചു. അതിന്റെ വില അവനു താങ്ങുവാനാകുമായിരുന്നില്ല. അത് അവിടെ നിന്നും മോഷ്‌ടിക്കുവാനുള്ള ആലോചന ചെയ്‌തുവെങ്കിലും അത് ഫലപ്രാപ്‌തിയിലെത്തിക്കുവാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല.

അവസാനം അവന്‍ തീരുമാനിച്ചു. ആദ്യമായി അപ്പന്റെ പോക്കറ്റില്‍ നിന്നും നോട്ടുകള്‍ മോഷ്‌ടിച്ചു. ആ പണം കൊടുത്ത് ദൈവമാതാവിന്റെ ഫ്രെയിം ചെയ്‌ത പടം വാങ്ങിച്ചു.

ആ പടം സ്വന്തമാക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ അത് സ്വന്തമാക്കിയതിനു ശേഷം അത് എവിടെ സൂക്ഷിക്കും എന്നുള്ള കാര്യം ആലോചിച്ചിരുന്നില്ല. രണ്ടു മുറികളുള്ള തന്റെ വീട്ടില്‍ അച്‌ഛന്റെ കണ്ണെത്താത്തിടം എവിടെയാണ്. യുക്‌തിവാദിയുടെ വീട്ടില്‍ ദൈവമാതാവിന്റെ പടം കണ്ടെടുത്താലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞറിയിക്കുവാനാവില്ല.

സ്വന്തമാക്കുന്നതിലും ബുദ്ധിമുട്ടുള്ള കാര്യം അത് ആരും കാണാതെ സൂക്ഷിക്കുകയെന്നതായിരുന്നു. കുട്ടന്‍ ആ പടം ഓരോ ദിവസവും പല സ്ഥലങ്ങളില്‍ മാറിമാറി ഒളിപ്പിച്ചു വെച്ചു. സുരക്ഷിതമായി ഒളിപ്പിക്കാനൊരിടം കണ്ടെത്തി. അത് അമ്മയുടെ പഴയ കാല്‍‌പ്പെട്ടിയുടെ ഉള്ളില്‍ ഏറ്റവും അടിയിലായി, അലക്കി തേച്ചു വെച്ചിരിക്കുന്ന ചട്ടകള്‍ക്കും മുണ്ടുകള്‍ക്കും അമ്മയുടെ മറ്റ് സ്വകാര്യ സമ്പാദ്യങ്ങള്‍ക്കും അടിയിലായി ആരും കാണാതെ ഒളിപ്പിച്ചു വെച്ചു. ദൈവത്തിന്റെ ആവശ്യം വരുന്ന സമയങ്ങളിലൊക്കെ കുട്ടന്‍ ആരും കാണാതെ അമ്മയുടെ കാല്‍‌പ്പെട്ടി തുറന്ന് ദൈവമാതാവിന്റെ പടം കാണുമായിരുന്നു.

അവന്റെ മനസ്സ് സ്വസ്ഥമായിരുന്നില്ല. അവന്‍ ഒരു നാള്‍ പിടിക്കപ്പെടും, ആ ദിനത്തിനായ് അസ്വസ്‌ഥമായ മനസ്സോടെ അവന്‍ കാത്തിരുന്നു. ]

ഇതായിരുന്നു കഥയുടെ ചുരുക്കം. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ സാമാന്യം ഭേദപ്പെട്ട കഥ. അച്‌ഛന് മകനേപ്പറ്റി അഭിമാനം തോന്നി. സാമൂഹ്യപാഠത്തിന്റെ നോട്ടുബുക്ക് അതേ സ്‌ഥാനത്തു തന്നെ തിരികെ വെച്ചു.

വെറുതെ കാല്‍‌പ്പെട്ടിയുടെ ഉള്ളില്‍ പരിശോധന നടത്താന്‍ യുക്‌തി പ്രേരിപ്പിച്ചു. കുര്യന്‍ തന്റെ ഭാര്യയുടെ കാല്‍‌പ്പെട്ടിയുടെ ഉള്‍വശം പരിശോധിച്ചപ്പോള്‍ അവിടെയൊരു മാതാവിന്റെ ഫ്രെയിം ചെയ്‌ത പടം ഉണ്ടായിരുന്നു.

യുക്‌തിവാദിയായ കുര്യന് കലി കയറി , ഭാര്യയെ വിളിച്ചു.

“എടീ നിന്റെ മോന്‍ കള്ളനാണ്, അവന്‍ വിശ്വാസിയാകാന്‍ ശ്രമിക്കുന്നു. അവന്‍ നിന്റെ കാല്‍‌പ്പെട്ടിയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പടം കണ്ടോ ? അവനെ ഇനിയും ഈ വീട്ടില്‍ കയറ്റിയേക്കരുത്. ഇവിടെ നിന്നും ദാഹജലം പോലും കൊടുത്തേക്കരുത്. അവന്‍ കഥയെഴുതിയിരിക്കുന്നു. യഥാര്‍ത്ഥ സംഭവം എഴുതി വെച്ചിട്ട് കഥയെന്നു തലക്കെട്ടു കൊടുത്താല്‍ കഥയാകുമോ?...”

കുര്യന്റെ ഭാര്യയ്ക്ക് ഒന്നും മനസ്സിലായില്ല.

കുര്യന്‍ ദ്വേഷ്യപ്പെട്ട് എങ്ങോട്ടോ ഇറങ്ങിപ്പോയി

താന്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന ദൈവമാതാവിന്റെ പടം തന്റെ ഭര്‍ത്താവ് കണ്ടെത്തിയിട്ടും തന്നെ സംശയിക്കാതിരുന്നത് ദൈവമാതാവിന്റെ അനുഗ്രഹമാണെന്ന് കുര്യന്റെ ഭാര്യ രഹസ്യമായി വിശ്വസിക്കുന്നു.

Sunday, September 30, 2007

നീറുന്ന നെരിപ്പോട്

എന്റെ പേഴ്‌സും അതിലുണ്ടായിരുന്ന രൂപയും മോഷണം പോയി. ഇന്നലെ വൈകുന്നേരം ഷര്‍ട്ട് ഊരിയിടുമ്പോള്‍ അതിന്റെ പോക്കറ്റില്‍ത്തന്നെ പേഴ്‌സ് ഉണ്ടായിരുന്നെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. കുറേ ടെലിഫോണ്‍ കാര്‍ഡുകളും ടെലിഫോണ്‍ കാര്‍ഡ് വിറ്റ കാശും ഉള്‍‌പ്പെടെ മൊത്തത്തില്‍ നോക്കിയാല്‍ വലിയൊരു തുകയാണ് മോഷണം പോയത്.

ഈ വിവരം പോലീസില്‍ അറിയിച്ചതും ഞാന്‍ തന്നെയാണ്. പോലീസുകാര്‍ ഞങ്ങളുടെ ഫ്‌ളാറ്റിലേക്ക് വരുന്നതു കണ്ട് അടുത്ത ഫ്‌ളാറ്റുകളില്‍ നിന്നൊക്കെ ആള്‍ക്കാര്‍ കാര്യം അറിയാനായി വന്നു കൂടി.

രണ്ട് അറബിപ്പോലീസുകാരും പാകിസ്ഥാനി ഡ്രൈവറും പിന്നെ ഒരു മലയാളിപ്പോലീസുകാരനും. മലയാളിപ്പോലീസുകാരന്‍ കൂടെയുള്ളതു നന്നായി. ഞാന്‍ നടന്ന സംഭവം മലയാളിപ്പോലീസുകാരനോടു പറഞ്ഞു. അദ്ദേഹമത് അറബിയിലാക്കി മറ്റു പോലീസുകാര്‍ക്ക് പറഞ്ഞു കൊടുത്തു. അറബിയില്‍ തന്നെയാണ് എല്ലാം എഴുതിയെടുത്തതും.

എന്റെ പേഴ്‌സ് മോഷ്‌ടിച്ചത് എന്നെ അറിയാവുന്നവര്‍ ആരോ ആണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പുറത്തു നിന്നും മറ്റൊരാള്‍ റൂമിലെത്തി മോഷണം നടത്തിയതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല.

“നിങ്ങള്‍ നാലുപേരല്ലിയോ ഈ റൂമില്‍ താമസിക്കുന്നത്, അതില്‍ ആരെയെങ്കിലും നിനക്ക് സംശയം ഉണ്ടോ ?” മലയാളിപ്പോലീസുകാരന്‍ ചോദിച്ചു.

“ ഇല്ല എനിക്കാരെയും സംശയം ഇല്ല” മറുപടിക്കായി എനിക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല.

ഞാന്‍ ആരെ സംശയിക്കാനാണ് ?

സപ്ലേ കമ്പനിയില്‍ ഒരു സാതാ പെയിന്ററായ എനിക്ക് കിട്ടുന്ന ശമ്പളം എത്രയെന്ന് എല്ലാവര്‍ക്കും അറിയാം. നാട്ടില്‍ പ്രായമായ അച്‌ഛനും അമ്മയും, പ്രായപൂര്‍ത്തിയായ അനുജന്മാര്‍ ഇപ്പോഴും പഠിക്കുകയാണ്. വീടിനോടുചേര്‍ന്ന് ഒരു മുറി കൂടി ഇറക്കിയിട്ട് കല്ല്യാണം കഴിക്കാമെന്നു വിചാരിച്ച് കാത്തിരുന്ന് വയസ്സ് മുപ്പത്തി നാലായി. അടുത്ത ലീവിനു മുമ്പെങ്കിലും ഒരു മുറികൂടി പണിയുക ഒരു സ്വപ്‌നമാണ്.

ഒരല്പം അധിക വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയാണ് ടെലിഫോണ്‍ കാര്‍ഡിന്റെ വില്‌പന ആരംഭിച്ചത്. ഒരു നാട്ടുകാരന്‍ സുഹൃത്തിന്റെ സഹായത്താല്‍ ടെലിഫോണ്‍ കാര്‍ഡുകള്‍ കടയില്‍ നിന്നും കടമായി കിട്ടും, അതു വിറ്റുകഴിഞ്ഞ്‌ പണം കൊടുത്താല്‍ മതി. എനിക്ക് സൈറ്റില്‍ ഒത്തിരി പരിചയക്കാര്‍ ഉള്ളതിനാല്‍ ടെലിഫോണ്‍ കാര്‍ഡിന്റെ പാര്‍ട്ട് ടൈം ബിസ്സിനസ്സ് ഒരു വിധം കുഴപ്പമില്ലാതെ നടക്കുന്നുണ്ട്‌.

നാല്‍പ്പതു ദിനാര്‍ ശമ്പളം കിട്ടുന്ന എന്റെ സുഹൃത്തുക്കള്‍ പലരും ശമ്പളത്തിന്റെ പകുതിയും ടെലിഫോണ്‍ ചെയ്യാനാണ് ചെലവാക്കുന്നത്. മൂന്നു നേരവും കുപ്പൂസും തൈരും മാത്രം കഴിച്ചിട്ടായാലും നാട്ടിലുള്ള ഭാര്യയുടേയും മക്കളുടേയും ശബ്‌ദം കേള്‍ക്കാന്‍ എല്ലാവര്‍ക്കും കൊതിയാണ്.

ഇക്കാലത്ത് ആരാ ഈ ഗള്‍ഫില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാത്തത്? രണ്ടു ഷിഫ്‌റ്റ് ജോലിചെയ്യാനവസരം കിട്ടിയാലും സന്തോഷത്തോടെ ചെയ്യും. പതിനാറ് മണിക്കൂര്‍ ജോലി ചെയ്‌താലെന്താ രണ്ടാളുടെ ശമ്പളം കിട്ടുമല്ലോ ?

എന്റെ റൂമില്‍ താമസിക്കുന്ന സുനില്‍ ജോലി കഴിഞ്ഞാല്‍ കാറു കഴുകാന്‍ പോയിരുന്നു. വഴിയോരങ്ങളില്‍ കിടന്നിരുന്ന കാറുകള്‍ കഴുകുമ്പോള്‍ നാട്ടുകാര്‍ കാണുമെന്നോ , അവര്‍ കണ്ടാല്‍ തന്നെ കുറച്ചു കാണുമോ എന്നുള്ള വിചാരങ്ങളൊന്നും സുനിലിനു ബാധകമല്ല. ആരുടേയും പിടിച്ചു പറിക്കാതെയും മോഷ്‌ടിക്കാതെയും അദ്ധ്വാനിച്ച് ജീവിക്കുന്നതില്‍ അവന്‍ അഭിമാനം കൊണ്ടിരുന്നു. മോശം പറയരുതല്ലോ , അവനു ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഇരട്ടി ഓരോദിവസവും അവന്‍ കാറു കഴുകി ഉണ്ടാക്കുമായിരുന്നു. ആറുമാസം മുന്‍പ് അവന്റെ വിവാഹം കഴിഞ്ഞതോടുകൂടി ദുരഭിമാനം അവനെ പിടികൂടി. നാട്ടിലുള്ള ഭാര്യയെങ്ങാനും താനിവിടെ കാറു കഴുകിയാണ് ജീവിക്കുന്നതെന്ന് അറിഞ്ഞാല്‍ മോശമാണല്ലോ എന്ന വിചാരത്തില്‍ ഇപ്പോള്‍ കാറുകള്‍ കഴുകാന്‍ പോകാറില്ല. കാറുകഴുകുന്ന ജോലി ഇപ്പോള്‍ കൂടുതലും ബംഗാളികള്‍ ഏറ്റെടുത്തു. സുനില്‍ ഒരല്‌പം കൂടി സ്‌റ്റാറ്റസുള്ള പാര്‍ട്ട് ടൈം ജോലി അന്വേക്ഷിക്കുന്നുണ്ട്‌.

എനിക്ക് സുനിലിനെ സംശയമൊന്നുമില്ല. അവന്‍ എന്റെ പേഴ്‌സ് മോഷ്‌ടിക്കുമോ ?

പിന്നെ റൂമിലുള്ളത് തോമസ്സാണ്. എട്ടുമണിക്കൂര്‍ ജോലികഴിഞ്ഞാല്‍ നേരെ ബാറിലേക്കു പോകുന്ന തോമസ്സ്. തോമസ്സ് ബാറില്‍ പോകുന്നത് കുടിക്കാനല്ല, അവിടെയും എട്ടു മണിക്കൂര്‍ പാര്‍ട്ട് ടൈം. തോമസ്സ് കുടിക്കില്ലെന്നതാണ് ബാറിലെ കാഷ്യറായി പാര്‍ട്ട് ടൈം ജോലി കൊടുക്കാന്‍ അവര്‍ കണ്ട പ്രധാന യോഗ്യത. തോമസ്സ് അറുപിശുക്കനായതു കൊണ്ടാണ് കുടിക്കുകയും വലിക്കുകയും ചെയ്യാത്തതെന്നാണ് എനിക്ക് തോന്നീട്ടുള്ളത്. ഒരു പൈസാപോലും അനാവശ്യമായി ചെലവാക്കാതെ കിട്ടുന്നതു മുഴുവന്‍ ഡ്രാഫ്‌റ്റാക്കി നാട്ടിലേക്ക് അയയ്‌ക്കുന്ന ദിവസം തോമസ്സിന്റെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയാണ്.

പോലീസ് സുനിലിനേയും തോമസ്സിനേയും ചോദ്യം ചെയ്‌തു. അവരുടെ കബോര്‍ഡും പെട്ടിയും മറ്റും പരിശോധിച്ചു. ഞാന്‍ മുറിയാകെ ഒന്നുകൂടി പരിശോധിച്ചു. മോഷണമുതല്‍ കണ്ടെത്താനായില്ല.

പിന്നെ റൂമില്‍ ഞങ്ങളോടൊപ്പം താമസിക്കുന്നത് അഷ്റഫാണ്. അഷ്റഫിനു പാര്‍ട്ട് ടൈം ജോലിയൊന്നുമില്ലെങ്കിലും അവന്‍ എല്ലാരെക്കാളും ബിസ്സിയാണ്. സാമൂഹ്യ സേവനമാണ് അവന്റെ പ്രധാന പരിപാടി. ഈ ഗള്‍ഫില്‍ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാന്‍ കഷ്‌ടപ്പെടുന്നവര്‍ക്ക് ആശ്വാസമരുളുവാന്‍ ഓടിനടക്കുകയാണ്. തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് അവന്‍ മിക്കപ്പോഴും. ആര് എന്തു സഹായം ചോദിച്ചാലും ചെയ്തുകൊടുക്കും. പ്രയാസത്തിലിരിക്കുന്നവരെ സാന്ത്വനിപ്പിക്കുവാന്‍ അഷ്റഫിനു പ്രത്യേക കഴിവുണ്ട്. കഴിഞ്ഞ ഇരുപത്തി രണ്ടു വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന മല്ലപ്പള്ളിക്കാരന് നാട്ടില്‍ പോകാന്‍ വഴിയൊരുക്കിയവരുടെ കൂട്ടത്തില്‍ അഷ്റഫാണ് മുന്നിലുണ്ടായിരുന്നത്‌.

ദൈവമേ ഇനിം അഷ്റഫെങ്ങാനും എന്റെ പേഴ്‌സ് മോഷ്‌ടിച്ചിരിക്കുമോ ? ഏയ്... അഷറഫ് അങ്ങനെ ചെയ്യുമോ..? ഇല്ല അവനങ്ങനെ ചെയ്യില്ല.

അവരുപോലും അറിയാതെ മറ്റുള്ളവരുടെ പേനയും പെന്‍സിലും തുടങ്ങിയ ചെറിയ സാധനങ്ങള്‍ കൈക്കലാക്കുന്ന ഒരു അസുഖത്തെപ്പറ്റി കഴിഞ്ഞദിവസം റേഡിയോയില്‍ കേട്ടു... ആ അസുഖമെങ്ങാനും അഷ്റഫിനുണ്ടാകുമോ ? എന്തായാലും അഷറഫ് പിടിക്കപ്പെടുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഞാനെന്നല്ല അവിടെക്കൂടിനിന്നവര്‍ ആരും അഷ്റഫാണ് മോഷ്‌ടാവെന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചില്ല.

അത്രയ്ക്ക് നല്ലവനാണ് അഷറഫ് . എനിക്ക് റൂമില്‍ താമസിക്കുന്നവരില്‍ കൂടുതല്‍ അടുപ്പവും അഷ്റഫിനോടാണ്.

ഞാന്‍ പോലീസിനോടു പറഞ്ഞു
“എനിക്ക് പരാതിയൊന്നുമില്ല പോയത് പോകട്ടെ.“

പോലീസുകാര്‍ സമ്മതിച്ചില്ല.
“ ഞങ്ങള്‍ ഏറ്റെടുത്ത കേസ് തെളിയിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്.“

പോലീസുകാര്‍ അവിടെ കൂടി നിന്നവരില്‍ സംശയമുള്ള വരെയൊക്കെ ചോദ്യം ചെയ്‌തു.

പോലീസുകാര്‍ക്ക്, കള്ളലക്ഷണമുള്ള മുഖം കണ്ടാലറിയാമത്രേ !

മലയാളി പോലീസുകാരന്‍ വീണ്ടും എന്നോടായി ചോദ്യങ്ങള്‍.
“ ഇന്നലെ നീ ജോലി കഴിഞ്ഞ് എവിടൊക്കെ പോയി”
“ഇല്ല , ഞാനെങ്ങും പോയില്ല “ ഞാന്‍ കള്ളം പറയാന്‍ ശ്രമിച്ചു.
“ അല്ല നിന്റെ മുഖം പറയുന്നല്ലോ നീ എവിടെയോ പോയെന്ന്”
“ഞാന്‍ ഹോസ്‌പിറ്റല്‍ വരെപ്പോയി”
“അവിടെ ആരാ ? ....“
“അവിടെ കാന്റീനില്‍ പോയി ഒരു ജൂസു കുടിച്ചു”
“ഒറ്റയ്ക്കാണോ പോയത്”
“ അതേ..... അല്ല..... അവിടെ ജോലിചെയ്യുന്ന എന്റെ നാട്ടുകാരി ഒരു പെണ്ണും ഉണ്ടായിരുന്നു”
“നിങ്ങള്‍ ജൂസുകുടിച്ചതേയുള്ളോ ? “
“ അല്ല കുറേ നേരം നാട്ടുകാര്യങ്ങളും പറഞ്ഞിരുന്നു”
“പോലീസ്സുകാരായ ഞങ്ങളില്‍ നിന്ന് ഒന്നും ഒളിക്കരുത്, എന്താ നിങ്ങള്‍ തമ്മില്‍ പ്രേമമാണോ ?”
“അല്ല സാര്‍ പ്രേമമൊന്നുമല്ല, അവളുടെ മനസ്സില്‍ അങ്ങനെ വല്ലതും ഉണ്ടോന്നറിയാന്‍ പോയതാ”
“ഇന്നലെ പിന്നീട് എവിടെ പ്പോയി”
“ഇല്ല സാര്‍ വേറെങ്ങും പോയില്ല , റൂമിലേക്ക് തിരിച്ചു പോന്നു”

എന്റെ മനസ്സില്‍ മാത്രം ഉണ്ടായിരുന്ന പ്രേമം പ്രണയിനി പോലും അറിയുന്നതിനു മുന്‍‌പേ പോലീസുകാരുടെ മുന്‍പില്‍ വെളിപ്പെടുത്തേണ്ടി വന്നു. കേട്ടു നിന്ന നാട്ടുകാര്‍‌ക്കൊക്കെ മനസ്സിലായി ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്ന എന്റെ നാട്ടുകാരിപെണ്ണ് ആരാണെന്ന്‌.

പെയിന്ററായ ഞാന്‍ പുളിങ്കൊമ്പിലാണ് പിടിക്കാന്‍ നോക്കുന്നതെന്ന്‌ അവര്‍ മനസ്സില്‍ പറഞ്ഞു കാണും.

അഷറഫ് വരരുതേയെന്നും പോലീസുകാര്‍ എത്രയും വേഗം പോകണേയെന്നും ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

വിവരങ്ങളൊന്നും അറിയാതെ അഷ്റഫ് റൂമിലേക്ക് വരുന്നതു കണ്ടപ്പോള്‍ എന്റെ മനസ്സു പിടഞ്ഞും.

ദൈവമേ..... എന്റെ സ്‌നേഹിതന്‍ പിടിക്കപ്പെടരുതേ.

മലയാളിപ്പോലീസുകാരന്‍ അഷ്റഫിനോടായി ചോദ്യങ്ങള്‍
“ഇങ്ങോട്ടു നീങ്ങി നില്‍‌ക്കെടാ... നീയിവന്റെ പേഴ്‌സ് എടുത്തോ ? “
“ഞാന്‍ അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസ്‌ളീമാണ്, കളവു പറയുന്നതും മോഷണം നടത്തുന്നതും ഞങ്ങള്‍ക്ക് ഹറാമാണ്. നിസ്‌ക്കാരത്തഴമ്പുള്ള ഞാനത് ചെയ്യില്ല.”

പോലീസ് അഷ്റഫിനെ പരിശോധിച്ചു. ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചു. അവന്റെ പോക്കറ്റില്‍ നിന്ന് എന്റെ പേഴ്‌സും ടെലിഫോണ്‍ കാര്‍ഡുകളും ( തൊണ്ടി മുതല്‍) കണ്ടെടുത്തു.

അഷ്റഫിനെ പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ അവന്‍ മോഷ്‌ടിച്ചിട്ടില്ല ആരോ അവനെ ചതിച്ചതാണെന്ന്‌ വിളിച്ചു പറയുന്നുണ്ടായിരുന്നു.

കൂടി നിന്നവര്‍ മൂക്കത്ത് വിരല്‍ വെച്ച് ഓരോന്നു പറഞ്ഞു
“കള്ളന്‍ സാമൂഹ്യ പ്രവര്‍ത്തനവുമായി നടക്കുന്നു.“
“സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ മോഷണമാണിവന്റെ പരിപാടി.“
“എവിടുന്നൊക്കെ എന്തോക്കെ കട്ടിട്ടുണ്ടെന്ന് ആര്‍ക്കറിയാം“

പിറ്റേന്ന് വക്കീലിന്റെ കൂടെ ഞാനും പോലീസ് സ്‌റ്റേഷനില്‍ പോയി എനിക്കു പരാതിയൊന്നുമില്ലെന്ന് എഴുതിക്കൊടുത്തിട്ടും വളരെ പ്രയാസപ്പെട്ടാണ് പോലീസുകാര്‍ അഷറഫിനെ വിട്ടത്.

ഞങ്ങള്‍ റൂമില്‍ വന്നു.
ആര്‍ക്കും ആരുടേയും മുഖത്തു നോക്കാനായില്ല.
ഞങ്ങള്‍ നാലു പേര്‍ക്കും ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല.
പക്ഷേ നാട്ടുകാര്‍ക്ക് സംസാരിക്കാന്‍ ഒത്തിരിയുണ്ടായിരുന്നു.
അവര്‍ അഷ്റഫിനെ സ്‌നേഹിച്ചതിന്റെ പതിന്മടങ്ങ് വെറുക്കാന്‍ തൂടങ്ങി.
കള്ളന്‍ അഷ്റഫിന്റെ സേവനം ഇനിയും ആര്‍ക്കു വേണം?

അഷ്റഫ് അന്നു തന്നെ കമ്പനി അക്കോമഡേഷനിലേക്ക് താമസം മാറി.

രാത്രിയില്‍ കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല. കാരണം അവന്‍ കള്ളനല്ലെന്ന് എനിക്കുമാത്രമേ അറിയൂ. അഷ്റഫ് പിടിക്കപ്പെട്ടപ്പോള്‍ ഞാനത് ഓര്‍ത്തിരുന്നെങ്കിലും പറയാന്‍ ധൈര്യം ഉണ്ടായിരുന്നില്ല.

ഞാന്‍ ഇന്നലെ എന്റെ നാട്ടുകാരിപെണ്ണിനെക്കാണാന്‍ പോയത് അഷ്റഫിന്റെ പാന്റും ഉടുപ്പും ഇട്ടാണ്. എന്റെ ഉടുപ്പുകളെല്ലാം പഴയതും പെയിന്റിന്റെ മണമുള്ളതുമായതിനാല്‍ അഷറഫിനോടു പോലും ചോദിക്കാതെയാണ് അവന്റെ പുതിയ പാന്റും ഉടുപ്പും ഞാന്‍ ഇട്ടോണ്ടു പോയത്. വന്നപ്പോള്‍ പേഴ്‌സും മറ്റും അതില്‍ നിന്ന്‌ എടുത്തുമാറ്റാന്‍ മറന്നു പോയത് ഇത്രയും പുലിവാലാകുമെന്ന് വിചാരിച്ചില്ല.

ഞാന്‍ രാവിലേ തന്നെ എഴുന്നേറ്റ് കമ്പനി അക്കോമഡേഷനിലേക്ക് പോയി. അഷ്റഫിനെക്കാണണം എല്ലാം അവനോടു തൂറന്നു പറഞ്ഞ് മാപ്പിരക്കണം.

അഷ്റഫിന്റെ റൂമിന്റെ മുന്‍പില്‍ വലിയ ആള്‍ക്കൂട്ടം.
അഷ്റഫ് കഴിഞ്ഞ രാത്രിയിലെപ്പോളോ ആത്മഹത്യ ചെയ്തു.

“ കള്ളന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുന്നതിലും നല്ലത് മരിക്കുന്നതാ “
ആരോ പറഞ്ഞു.

ഞാനാണ് അവനെ കള്ളനാക്കിയത്.
ഇപ്പോള്‍ ഞാനൊരു കൊലപാതകിയും ?
എനിക്ക് ഒന്നും ആരോടും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു.

നെഞ്ചില്‍ നീറുന്ന നെരിപ്പോടുമായി ഞാന്‍ തിരിഞ്ഞു നടന്നു.

Friday, September 28, 2007

ജീവന്റെ വില

എനിക്ക് എപ്പോഴും ടെന്‍‌ഷന്‍ തന്നെയാണ്.
ഒന്നിനു പിറകേ ഒന്നായി പ്രശ്‌നങ്ങളുടെ ഘോഷയാത്ര.

ഒരു സാധാരണ പ്രവാസിയായ എനി‍ക്ക് ജീവിക്കുവാന്‍ രണ്ടു കാലും രണ്ടു കൈയ്യും പോരെന്ന്‌ തോന്നുന്നു. ഓരോ ദിവസവും ഓടിത്തീര്‍ക്കുവാന്‍ ഇരുപത്തിനാലു മണിക്കൂര്‍ മതിയാകുന്നില്ലെന്നതല്ലേ സത്യം. ഈ ജീവിതകാലം മുഴുവന്‍ ആര്‍‌ക്കൊക്കെയോ വേണ്ടി ജീവിക്കുവാനാണ് എന്റെ വിധി. എന്നോടൊപ്പമേ എന്റെ പ്രാരാബ്‌ദങ്ങളും അവസാനിക്കുകയുള്ളൂ.

നാലു ദിവസം മുന്‍പാണ് അച്‌ഛന്‍ അസുഖം മൂര്‍ച്‌ഛിച്ച്‌ ആശുപത്രിയിലായത്‌. ഒരു ഓപ്പറേഷന്‍ അത്യാവശ്യമാണ്. അറുപതിനായിരം രൂപ അയച്ചുകൊടുക്കേണ്ടത്‌ കുടുംബത്തിലെ ഒരേയൊരു ആണ്‍‌തരിയായ എന്റെ ചുമതലയാണ്. പണം അഡ്വാന്‍‌സായി കെട്ടിവെച്ചെങ്കില്‍ മാത്രമേ ഓപ്പറേഷന്‍ നടക്കൂ.

ഇത്രയും നാള്‍ ചേര്‍ത്തുവെച്ച ചെറിയ സമ്പാദ്യം കൊടുത്ത്‌ കുഞ്ഞനുജത്തിയെ ഇറക്കിവിട്ടിട്ട്‌ മാസങ്ങളേ ആകുന്നുള്ളൂ. അതിനായി അറിയാവുന്നവരില്‍ നിന്നെല്ലാം അത്യാവശ്യം കടവും വാങ്ങിയിട്ടുണ്ട്.അച്‌ഛന്റെ ജീവന്റെ വില ഇനിയും ആരോടു തെണ്ടും.

ഭാര്യ പ്രസവം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിനു മുന്‍‌പേ ജോലിക്കു പോയിത്തുടങ്ങിയത്‌ ജോലിയോടുള്ള ഇഷ്‌ടം കൊണ്ടാണോ? അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ കുരുന്നിനെ ബേബീസിറ്റിങ്ങില്‍ ഏല്‍പ്പിക്കാന്‍ സാഹചര്യങ്ങള്‍ നിര്‍ബ്ബന്ധിച്ചു. രണ്ടു പേരുടെ ശമ്പളത്തിലെങ്കിലും കടമില്ലാതെ മുന്നോട്ടു പോകുവാനാകുമോ?

അമ്മ ഇന്നും രാവിലെ വിളിച്ചിരുന്നു.
രൂപാ അയച്ചോയെന്ന്‌ ചോദിച്ചു.
ഉടനേ അയയ്ക്കാമെന്ന്‌ പറഞ്ഞു.
എവിടെ നിന്നയയ്ക്കാന്‍ !

അച്‌ഛന്റെ ജീവന്റെ വില എവിടെ നിന്നുണ്ടാക്കും ?

രാവിലെതന്നെ ഭാര്യ ജോലിക്കു പോയി.

എനിക്ക് അരമണിക്കൂര്‍ കൂടി കഴിഞ്ഞ്‌ പോയാല്‍ മതി.വീട്ടിലേക്ക് കുറേ സാധനങ്ങള്‍ വാങ്ങാനുണ്ട്‌. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് പോക്കറ്റിലിട്ടുകൊണ്ട്‌ ദിവസങ്ങളായി നടക്കുന്നു.

മൂന്നു മാസം പ്രായമുള്ള കുഞ്ഞിനേയും എടുത്തുകൊണ്ടാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയത്‌. ഫ്‌ളാറ്റില്‍ നിന്നും നടന്നു പോകാവുന്ന ദൂരത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ ആരംഭിച്ചിട്ട്‌ കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ.കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ കിടത്തി, ട്രോളി സാവധാനം ഉന്തി, ഭാര്യ എഴുതിത്തന്ന ലിസ്റ്റിന്‍ പ്രകാരം സാധനങ്ങള്‍ വാങ്ങിച്ചു. ഒഴിവാക്കാവുന്നതൊക്കെ ഒഴിവാക്കി അത്യാവശ്യമുള്ളതുമാത്രമേ വാങ്ങുന്നുള്ളൂ.

എന്റെ അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ മൊബൈലിലേക്കു വന്നു. ഉടന്‍ തന്നെ ഓഫീസിലെത്തണം, എന്തോ അത്യാവശ്യ ജോലിയുണ്ട്‌. അറബി അല്പം ചൂടിലാണോ ? ഇന്നു മാത്രമല്ല എന്നും അങ്ങനെ തന്നെയാ. അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ കിട്ടിയപ്പോഴേ ഞാന്‍ അങ്കലാപ്പിലായി, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിലെ അറബി നേരിട്ട്‌ വിളിക്കത്തുള്ളൂ. എടുത്തുവെച്ച സാധനങ്ങള്‍ ഉപേക്ഷിച്ച്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്തിറങ്ങി ഒരു ടാക്‌സിയില്‍ കയറി ഓഫീസിലേക്ക് പോയി.

ഇത്ര ആത്‌മാര്‍‌ത്ഥമായി ജോലിചെയ്‌തിട്ടും എനിക്കെന്താ അറബി ബോസ്സിനെ പേടിയാണോ ? അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നെന്നു പറഞ്ഞ്‌ മറ്റെല്ലാം മറക്കാന്‍ പാടുണ്ടോ? എന്തു മറന്നാലും മൂന്നു മാസം മാത്രം പ്രായമുള്ള എന്റെ രക്തത്തെ മറക്കാമോ? ഞാനൊരു ദുഷ്‌ടനാണോ?

എന്നോടൊപ്പം ഉണ്ടായിരുന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മറന്നു വെച്ചിട്ടാണ് ഞാന്‍ ഓഫീസിലേക്ക്‌ പോയത്‌.ഞാന്‍ ഓഫീസിലെത്തിക്കഴിഞ്ഞാല്‍ തിരക്കേറിയ ജോലികള്‍ക്കിടയില്‍ വീട്ടുകാര്യം ഓര്‍ക്കാറില്ല. ഞാന്‍ മാത്രമല്ല മിക്കവരും അങ്ങനെ തന്നെയാണ്.

അത് വലിയ വാര്‍ത്തയായി.
സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മൂന്നുമാസം പ്രായമുള്ള ഒരു ‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.

റേഡിയോയില്‍ തുടര്‍ച്ചയായി ഈ വാര്‍ത്ത പ്രത്യേക അറിയിപ്പായി പ്രക്ഷേപണം ചെയ്‌തു. ടി. വി. ചാനലുകള്‍ ഫ്‌ളാഷ്‌ ന്യൂസായി എഴുതിക്കാണിച്ചു. ചില ചാനലുകള്‍ സൂപ്പര്‍മാര്‍ക്കറ്റിന്റേയും ട്രോളിയുടേയും കുട്ടിയുടേയും ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്‌തു.

വലിയ ജനക്കൂട്ടം സൂപ്പര്‍മാര്‍ക്കറ്റിനു മുന്‍പില്‍ തടിച്ചു കൂടി. അവരെ നിയന്ത്രിക്കുവാനായി സെക്യൂരിറ്റിക്കാര്‍ക്ക് കഴിയാതെ വന്നതിനാല്‍ പോലീസില്‍ വിവരം അറിയിച്ചു. ഫയര്‍‌ ഫോഴ്‌സുകാര്‍ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായി നിന്നു. ബോംബ് സ്‌ക്വാഡ്‌ എത്തി, കുട്ടി – ചാവേര്‍ ബോംബല്ലെന്ന്‌ ഉറപ്പുവരുത്തി.

കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ പ്രമുഖ പാട്ട പാല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ത്തന്നെ നേരിട്ടു വന്നു. അവിടെ വെച്ചു തന്നെ ചൂടുവെള്ള മുണ്ടാക്കി, പാല്‍‌പ്പൊടി അളന്ന്‌ കലക്കി കുട്ടിക്കു കൊടുത്ത്‌ കുട്ടിയുടെ കരച്ചില്‍ മാറ്റുന്നത്‌ ലൈവായി മിക്ക ചാനലിലും കാണിച്ചു.

അറിഞ്ഞവര്‍ അറിഞ്ഞവര്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്കോടി.
ഇത്‌ ആരുടെ കുട്ടിയാണ് ?
ഈ കുരുന്നിനെ ഉപേക്ഷിക്കാന്‍ ആര്‍ക്കാണ് മനസ്സു വന്നത്‌ ?
ഇവന്‍ ഏതു നാട്ടുകാരനാണ് ?
അറബിയോ ഇന്ത്യനോ പാകിസ്‌ഥാനിയോ.
അതോ ജപ്പാനോ ചൈനക്കാരനോ ഫിലിപ്പിനോയോ.
മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ മുഖം കണ്ട്‌ നാടു കണ്ടു പിടിക്കുക ബുദ്ധിമുട്ടാണ്.
കുരുന്നിന്റെ പാമ്പര്‍ മാറ്റിനോക്കിയപ്പോള്‍ ഏതു ജാതിയാണെന്ന്‌ മനസ്സിലായി – ആണ്‍ ജാതി.

വന്നവര്‍‌ക്കെല്ലാം കുട്ടിയെ കാണാനുള്ള സൌകര്യം സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ചെയ്‌തു കൊടുത്തു.

മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ കഥ , അത് അവന്റെ മാതാ പിതാക്കന്മാരുടെ കഥയാണ്. അത്‌ ആവശ്യത്തിന് ഭാവന ചേര്‍ത്ത്‌ ഓരോരുത്തര്‍ വിളമ്പി.

എട്ടു മണിക്കൂര്‍ കഴിഞ്ഞപ്പോളാണ് എന്റെ ജോലികള്‍ തീര്‍ന്നത്‌. കമ്പനി ട്രാന്‍സ്‌പോര്‍ട്ടില്‍ വീട്ടിലേക്ക്‌ പോകുമ്പോളാണ് ഓര്‍ത്തത്‌ ഭാര്യ വാങ്ങണ മെന്നു പറഞ്ഞ സാധനങ്ങള്‍ വാങ്ങിയില്ലല്ലോയെന്ന്‌. ഞാന്‍ അതേ സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍പില്‍ ഇറങ്ങി.ആ സൂപ്പര്‍മാര്‍ക്കറ്റിനുമുമ്പില്‍ വലിയ ആള്‍ക്കൂട്ടവും പോലീസും മറ്റു ബഹളങ്ങളും കണ്ടു.

എന്നിട്ടും എനിക്ക് ഒന്നും ഓര്‍മ്മവന്നില്ല.

എന്റെ വിചാരത്തില്‍ കുഞ്ഞ് ബേബീസിറ്റിങ്ങിലാണ്.

ആരോ പറഞ്ഞു" നിങ്ങളൊന്നും അറിഞ്ഞില്ലേ, ഏതോ പിഴച്ച തള്ള മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ ട്രോളിയില്‍ ഉപേക്ഷിച്ചു പോയി.

എനിക്ക് പെട്ടെന്ന് ഓര്‍മ്മ വന്നു.
ഞാനാകെ വിളറി വെളുത്തു.
ഓടിച്ചെന്ന്‌ തന്റെ കുരുന്നിനെ വാരിപ്പുണരണമെന്നു തോന്നി.
കുട്ടിയെ കാണണമെങ്കില്‍ ക്യൂവില്‍ നില്‍ക്കണം.
ഞാനും എന്റെ കുട്ടിയെ കാണാന്‍ ക്യൂവില്‍ നിന്നു.

എന്നെ കണ്ടപ്പോളെപ്പഴേ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും രണ്ട്‌ സെക്യൂരിറ്റികളും എന്റെ അടുത്തു വന്നു. എന്നെ ഹിന്ദിക്കാരന്‍ മാനേജരുടെ മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. എനിക്ക് കുടിക്കാന്‍ വെള്ളം തന്നു. രാവിലെ കുട്ടിയേയും കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വരുന്നതുമുതല്‍ ഓടിപ്പോകുന്ന രംഗം വരെയുള്ള ഭാഗങ്ങള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്‌ ക്യാമറായില്‍ റെക്കോര്‍ഡു ചെയ്‌തത്‌ റീവൈന്റ് ചെയ്ത് കാണിച്ചു.

എനി‍ക്ക് ഹിന്ദിക്കാരന്‍ മാനേജര്‍ പറഞ്ഞത്‌ അനുസരിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ.കുട്ടി അവരുടെ പരസ്യ ചിത്രത്തില്‍ പങ്കെടുക്കുകയാണ്, ഇപ്പോള്‍ കൊണ്ടു പോകാന്‍ പറ്റില്ല. രാത്രിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അടയ്‌ക്കുമ്പോള്‍ അവനെ സുരക്ഷിതനായി മാനേജര്‍‌‌ത്തന്നെ വീട്ടിലെത്തിക്കാമെന്ന്‌ ഉറപ്പുതന്നു.

ഞാന്‍ അഡ്രസ്സ്‌ എഴുതിക്കൊടുത്ത്‌ ഫ്ലാറ്റിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്ത് വീട്ടിലേക്ക് പോയി.

ഒരു കണക്കിന് അതും നന്നായി.
ഞാനാണ് ഈ കുട്ടിയുടെ അച്‌ഛനെന്ന്‌ അവിടെക്കൂടി നിന്ന ജനം അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഇത്രയും ക്രൂരനായ എന്നെ തല്ലിക്കൊന്നേനേം. ഇതിന്റെ പേരില്‍ പോലീസ്‌കേസ്സു വന്നാല്‍ ഊരിപ്പോരാനും ബുദ്ധിമുട്ടാണ്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന നാണക്കേട് വേറേയും.

ഞാന്‍ വീട്ടിലെത്തി.
കുറേ കഴിഞ്ഞ്‌ ഭാര്യയും വന്നു.
കുഞ്ഞ്‌ ബേബീസിറ്റിങ്ങിലാണ് കുറച്ചു കഴിഞ്ഞ്‌ പോയി എടുക്കാമെന്ന്‌ ഭാര്യയെ വിശ്വസിപ്പിച്ചു.

കുറേക്കഴിഞ്ഞ്‌ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും മറ്റു രണ്ടു പേരും കൂടി വന്ന് കുട്ടിയെ തിരികെ ഏല്‍പ്പിച്ചു.

സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ എന്നെ കെട്ടിപ്പിടിച്ച്‌ നന്ദി പറഞ്ഞു.
"ഈ ഉപകാരം ഞങ്ങള്‍ ഒരിക്കലും മറക്കില്ല. ഇതിലും വലിയ പരസ്യം ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റിന് കിട്ടാനില്ല. ഇതാ അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക്‌ ഇതു നിങ്ങള്‍ സ്വീകരിക്കണം. ഈ മാസത്തെ പരസ്യത്തിന്റെ ബഡ്‌ജറ്റു തുക മുഴുവന്‍ നിങ്ങള്‍ക്ക്‌ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു. ഇതാ ഈ ഗിഫ്‌റ്റു വൌച്ചര്‍ കാണിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെന്തും ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു ഫ്രീയായി വാങ്ങാം."

സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ പോകുമ്പോള്‍ വീണ്ടും പറഞ്ഞു
"ഈ ഉപകാരം ഒരിക്കലും മറക്കില്ല. നന്ദിയുണ്ട് ഒത്തിരി നന്ദിയുണ്ട്‌."

കുഞ്ഞിനെ കൈയ്യില്‍ വാങ്ങി ഭാര്യ ഒന്നും മനസ്സിലാകാതെ നിന്നും.

ഞാന്‍ ചെക്കിലേക്ക് വീണ്ടും നോക്കി.
അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക് – അച്‌ഛന്റെ ജീവന്റെ വില
നാളെത്തന്നെ ഓപ്പറേഷനുള്ള രൂപാ അയയ്‌ക്കാമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു പോയി.

"ഇത് എന്റെ ജീവന്റെ വിലയാണ് " എന്നു പറയാന്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് ആവില്ലല്ലോ?

Saturday, September 15, 2007

ജീവന്റെ വില

നിങ്ങള്‍ക്ക്‌ എപ്പോഴും ടെന്‍‌ഷന്‍ തന്നെയാണ്. ഒന്നിനു പിറകേ ഒന്നായി പ്രശ്‌നങ്ങളുടെ ഘോഷയാത്ര. ഒരു സാധാരണ പ്രവാസിയായ നിങ്ങള്‍ക്ക് ജീവിക്കുവാന്‍ രണ്ടു കാലും രണ്ടു കൈയ്യും പോരെന്ന്‌ തോന്നുന്നുവോ? ഓരോ ദിവസവും ഓടിത്തീര്‍ക്കുവാന്‍ ഇരുപത്തിനാലു മണിക്കൂര്‍ മതിയാകുന്നില്ലെന്നതല്ലേ സത്യം. ഈ ജീവിതകാലം മുഴുവന്‍ ആര്‍‌ക്കൊക്കെയോ വേണ്ടി ജീവിക്കുവാനാണ് നിങ്ങളുടെ വിധി. നിങ്ങളോടൊപ്പമേ നിങ്ങളുടെ പ്രാരാബ്‌ദങ്ങളും അവസാനിക്കുകയുള്ളൂ.

നാലു ദിവസം മുന്‍പാണ് അച്‌ഛന്‍ അസുഖം മൂര്‍ച്‌ഛിച്ച്‌ ആശുപത്രിയിലായത്‌. ഒരു ഓപ്പറേഷന്‍ അത്യാവശ്യമാണ്. ജീവന്റെ വിലയായ അറുപതിനായിരം രൂപ അയച്ചുകൊടുക്കേണ്ടത്‌ കുടുംബത്തിലെ ഒരേയൊരു ആണ്‍‌തരിയായ നിങ്ങളുടെ ചുമതലയാണ്. പണം അഡ്വാന്‍‌സായി കെട്ടിവെച്ചെങ്കില്‍ മാത്രമേ ഓപ്പറേഷന്‍ നടക്കൂ.

ഇത്രയും നാള്‍ ചേര്‍ത്തുവെച്ച ചെറിയ സമ്പാദ്യം കൊടുത്ത്‌ കുഞ്ഞനുജത്തിയെ ഇറക്കിവിട്ടിട്ട്‌ മാസങ്ങളേ ആകുന്നുള്ളൂ. അതിനായി അറിയാവുന്നവരില്‍ നിന്നെല്ലാം അത്യാവശ്യം കടവും വാങ്ങിയിട്ടുണ്ട്.

അച്‌ഛന്റെ ജീവന്റെ വില ഇനിയും ആരോടു തെണ്ടും.

ഭാര്യ പ്രസവം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിനു മുന്‍‌പേ ജോലിക്കു പോയിത്തുടങ്ങിയത്‌ ജോലിയോടുള്ള ഇഷ്‌ടം കൊണ്ടാണോ? അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ കുരുന്നിനെ ബേബീസിറ്റിങ്ങില്‍ ഏല്‍പ്പിക്കാന്‍ സാഹചര്യങ്ങള്‍ നിര്‍ബ്ബന്ധിച്ചു. രണ്ടു പേരുടെ ശമ്പളത്തിലെങ്കിലും കടമില്ലാതെ മുന്നോട്ടു പോകുവാനാകുമോ?

അമ്മ ഇന്നും രാവിലെ വിളിച്ചിരുന്നു. രൂപാ അയച്ചോയെന്ന്‌ ചോദിച്ചു. ഉടനേ അയയ്ക്കാമെന്ന്‌ പറഞ്ഞു.

എവിടെ നിന്നയയ്ക്കാന്‍. അച്‌ഛന്റെ ജീവന്റെ വില നിങ്ങള്‍ എവിടെ നിന്നുണ്ടാക്കും.

രാവിലെതന്നെ ഭാര്യ ജോലിക്കു പോയി. നിങ്ങള്‍ക്ക്‌ അരമണിക്കൂര്‍ കൂടി കഴിഞ്ഞ്‌ പോയാല്‍ മതി.

വീട്ടിലേക്ക് കുറേ സാധനങ്ങള്‍ വാങ്ങാനുണ്ട്‌. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് പോക്കറ്റിലിട്ടുകൊണ്ട്‌ ദിവസങ്ങളായി നടക്കുന്നു.

മൂന്നു മാസം പ്രായമുള്ള നിങ്ങളുടെ കുഞ്ഞിനേയും എടുത്തുകൊണ്ടാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയത്‌. ഫ്‌ളാറ്റില്‍ നിന്നും നടന്നു പോകാവുന്ന ദൂരത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ ആരംഭിച്ചിട്ട്‌ കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ.

കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ കിടത്തി, ട്രോളി സാവധാനം ഉന്തി, ഭാര്യ എഴുതിത്തന്ന ലിസ്റ്റിന്‍ പ്രകാരം സാധനങ്ങള്‍ വാങ്ങിച്ചു. ഒഴിവാക്കാവുന്നതൊക്കെ ഒഴിവാക്കി അത്യാവശ്യമുള്ളതുമാത്രമേ വാങ്ങുന്നുള്ളൂ.

നിങ്ങളുടെ അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ മൊബൈലിലേക്കു വന്നു. നിങ്ങള്‍ ഉടന്‍ തന്നെ ഓഫീസിലെത്തണം, എന്തോ അത്യാവശ്യ ജോലിയുണ്ട്‌. അറബി അല്പം ചൂടിലാണോ ? ഇന്നു മാത്രമല്ല എന്നും അങ്ങനെ തന്നെയാ. അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ കിട്ടിയപ്പോഴേ നിങ്ങള്‍ അങ്കലാപ്പിലായി, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിലെ അറബി നേരിട്ട്‌ വിളിക്കത്തുള്ളൂ. എടുത്തുവെച്ച സാധനങ്ങള്‍ ഉപേക്ഷിച്ച്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്തിറങ്ങി ഒരു ടാക്‌സിയില്‍ കയറി നിങ്ങള്‍ ഓഫീസിലേക്ക് പോയി.

നിങ്ങള്‍ ഇത്ര ആത്‌മാര്‍‌ത്ഥമായി ജോലിചെയ്‌തിട്ടും നിങ്ങള്‍‌ക്കെന്താ അറബി ബോസ്സിനെ പേടിയാണോ ? അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നെന്നു പറഞ്ഞ്‌ മറ്റെല്ലാം മറക്കാന്‍ പാടുണ്ടോ? എന്തു മറന്നാലും മൂന്നു മാസം മാത്രം പ്രായമുള്ള നിങ്ങളുടെ രക്തത്തെ മറക്കാമോ?

നിങ്ങളൊരു ദുഷ്‌ടനാണ്, നിങ്ങളോടൊപ്പം ഉണ്ടായിരുന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മറന്നു വെച്ചിട്ടാണ് നിങ്ങള്‍ ഓഫീസിലേക്ക്‌ പോയത്‌. നിങ്ങള്‍ ഓഫീസിലെത്തിക്കഴിഞ്ഞാല്‍ തിരക്കേറിയ ജോലികള്‍ക്കിടയില്‍ വീട്ടുകാര്യം ഓര്‍ക്കാന്‍ ശ്രമിക്കാറുണ്ടോ?

അത് വലിയ വാര്‍ത്തയായി.
സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മൂന്നുമാസം പ്രായമുള്ള ഒരു ‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.

റേഡിയോയില്‍ തുടര്‍ച്ചയായി ഈ വാര്‍ത്ത പ്രത്യേക അറിയിപ്പായി പ്രക്ഷേപണം ചെയ്‌തു. ടി. വി. ചാനലുകള്‍ ഫ്‌ളാഷ്‌ ന്യൂസായി എഴുതിക്കാണിച്ചു. ചില ചാനലുകള്‍ സൂപ്പര്‍മാര്‍ക്കറ്റിന്റേയും ട്രോളിയുടേയും കുട്ടിയുടേയും ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്‌തു.

വലിയ ജനക്കൂട്ടം സൂപ്പര്‍മാര്‍ക്കറ്റിനു മുന്‍പില്‍ തടിച്ചു കൂടി. അവരെ നിയന്ത്രിക്കുവാനായി സെക്യൂരിറ്റിക്കാര്‍ക്ക് കഴിയാതെ വന്നതിനാല്‍ പോലീസില്‍ വിവരം അറിയിച്ചു. ഫയര്‍‌ ഫോഴ്‌സുകാര്‍ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായി നിന്നു. ബോംബ് സ്‌ക്വാഡ്‌ എത്തി, കുട്ടി – ചാവേര്‍ ബോംബല്ലെന്ന്‌ ഉറപ്പുവരുത്തി.

കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ പ്രമുഖ പാട്ട പാല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ത്തന്നെ നേരിട്ടു വന്നു. അവിടെ വെച്ചു തന്നെ ചൂടുവെള്ള മുണ്ടാക്കി, പാല്‍‌പ്പൊടി അളന്ന്‌ കലക്കി കുട്ടിക്കു കൊടുത്ത്‌ കുട്ടിയുടെ കരച്ചില്‍ മാറ്റുന്നത്‌ ലൈവായി മിക്ക ചാനലിലും കാണിച്ചു.

അറിഞ്ഞവര്‍ അറിഞ്ഞവര്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്കോടി.
ഇത്‌ ആരുടെ കുട്ടിയാണ് ?
ഈ കുരുന്നിനെ ഉപേക്ഷിക്കാന്‍ ആര്‍ക്കാണ് മനസ്സു വന്നത്‌ ?
ഇവന്‍ ഏതു നാട്ടുകാരനാണ് ? അറബിയോ ഇന്ത്യനോ പാകിസ്‌ഥാനിയോ. അതോ ജപ്പാനോ ചൈനക്കാരനോ ഫിലിപ്പിനോയോ. മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ മുഖം കണ്ട്‌ നാടു കണ്ടു പിടിക്കുക ബുദ്ധിമുട്ടാണ്.

കുരുന്നിന്റെ പാമ്പര്‍ മാറ്റിനോക്കിയപ്പോള്‍ ഏതു ജാതിയാണെന്ന്‌ മനസ്സിലായി – ആണ്‍ ജാതി.

വന്നവര്‍‌ക്കെല്ലാം കുട്ടിയെ കാണാനുള്ള സൌകര്യം സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ചെയ്‌തു കൊടുത്തു.

മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ കഥ , അത് അവന്റെ മാതാ പിതാക്കന്മാരുടെ കഥയാണ്. അത്‌ ആവശ്യത്തിന് ഭാവന ചേര്‍ത്ത്‌ ഓരോരുത്തര്‍ വിളമ്പി.

എട്ടു മണിക്കൂര്‍ കഴിഞ്ഞപ്പോളാണ് നിങ്ങളുടെ ജോലികള്‍ തീര്‍ന്നത്‌. കമ്പനി ട്രാന്‍സ്‌പോര്‍ട്ടില്‍ വീട്ടിലേക്ക്‌ പോകുമ്പോളാണ് നിങ്ങള്‍ ഓര്‍ത്തത്‌ ഭാര്യ വാങ്ങണ മെന്നു പറഞ്ഞ സാധനങ്ങള്‍ വാങ്ങിയില്ലല്ലോയെന്ന്‌.

നിങ്ങള്‍ അതേ സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍പില്‍ ഇറങ്ങി.

ആ സൂപ്പര്‍മാര്‍ക്കറ്റിനുമുമ്പില്‍ വലിയ ആള്‍ക്കൂട്ടവും പോലീസും മറ്റു ബഹളങ്ങളും നിങ്ങളും കാണുന്നു. എന്നിട്ടും നിങ്ങള്‍ക്ക് ഒന്നും ഓര്‍മ്മവന്നില്ല. നിങ്ങളുടെ വിചാരത്തില്‍ നിങ്ങളുടെ കുട്ടി ബേബീസിറ്റിങ്ങിലാണ്.

ആരോ പറഞ്ഞു “ നിങ്ങളൊന്നും അറിഞ്ഞില്ലേ, ഏതോ പിഴച്ച തള്ള മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ ട്രോളിയില്‍ ഉപേക്ഷിച്ചു പോയി.

നിങ്ങള്‍ക്ക് ഓര്‍മ്മ വന്നു. നിങ്ങളാകെ വിളറി വെളുത്തു. ഓടിച്ചെന്ന്‌ തന്റെ കുരുന്നിനെ വാരിപ്പുണരണ മെന്നു തോന്നി. കുട്ടിയേക്കാണണമെങ്കില്‍ ക്യൂവില്‍ നില്‍ക്കണം. നിങ്ങളും നിങ്ങളുടെ കുട്ടിയെക്കാണാന്‍ ക്യൂവില്‍ നിന്നു.

നിങ്ങളേക്കണ്ടപ്പഴേ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും രണ്ട്‌ സെക്യൂരിറ്റികളും നിങ്ങളുടെ അടുത്തു വന്നു. നിങ്ങളേയും കൂട്ടി ഹിന്ദിക്കാരന്‍ മാനേജരുടെ മുറിയിലേക്കു പോയി.
നിങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളം തന്നു. രാവിലെ നിങ്ങള്‍ കുട്ടിയേയും കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വരുന്നതുമുതല്‍ ഓടിപ്പോകുന്ന രംഗം വരെയുള്ള ഭാഗങ്ങള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്‌ ക്യാമറായില്‍ റെക്കോര്‍ഡു ചെയ്‌തത്‌ റീവൈന്റ് ചെയ്ത് കാണിച്ചു.

നിങ്ങള്‍ക്ക് ഹിന്ദിക്കാരന്‍ മാനേജര്‍ പറഞ്ഞത്‌ അനുസരിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ.

കുട്ടി അവരുടെ പരസ്യ ചിത്രത്തില്‍ പങ്കെടുക്കുകയാണ്, ഇപ്പോള്‍ കൊണ്ടു പോകാന്‍ പറ്റില്ല. രാത്രിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അടയ്‌ക്കുമ്പോള്‍ അവനെ സുരക്ഷിതനായി മാനേജര്‍‌‌ത്തന്നെ വീട്ടിലെത്തിക്കാമെന്ന്‌ ഉറപ്പുകൊടുത്തു.

നിങ്ങള്‍ അഡ്രസ്സ്‌ എഴുതിക്കൊടുത്ത്‌ ഫ്ലാറ്റിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്ത് വീട്ടിലേക്ക് പോയി.

ഒരു കണക്കിന് അതും നന്നായി. നിങ്ങളാണ് ഈ കുട്ടിയുടെ അച്‌ഛനെന്ന്‌ അവിടെക്കൂടി നിന്ന ജനം അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ക്രൂരനായ നിങ്ങളെ തല്ലിക്കൊന്നേനേം. ഇതിന്റെ പേരില്‍ പോലീസ്‌കേസ്സു വന്നാല്‍ ഊരിപ്പോരാനും ബുദ്ധിമുട്ടാണ്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന നാണക്കേട് വേറേയും.

നിങ്ങള്‍ വീട്ടിലെത്തി. കുറേ കഴിഞ്ഞ്‌ ഭാര്യയും വന്നു.കുഞ്ഞ്‌ ബേബീസിറ്റിങ്ങിലാണ് കുറച്ചു കഴിഞ്ഞ്‌ പോയി എടുക്കാമെന്ന്‌ ഭാര്യയെ വിശ്വസിപ്പിച്ചു.

കുറേക്കഴിഞ്ഞ്‌ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും മറ്റു രണ്ടു പേരും കൂടി വന്ന് നിങ്ങളുടെ കുട്ടിയെ തിരികെ ഏല്‍പ്പിച്ചു.

സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ നിങ്ങളെ കെട്ടിപ്പിടിച്ച്‌ നന്ദി പറഞ്ഞു. ഈ ഉപകാരം ഞങ്ങള്‍ ഒരിക്കലും മറക്കില്ല. ഇതിലും വലിയ പരസ്യം ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റിന് കിട്ടാനില്ല. ഇതാ അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക്‌ ഇതു നിങ്ങള്‍ സ്വീകരിക്കണം. ഈ മാസത്തെ പരസ്യത്തിന്റെ ബഡ്‌ജറ്റു തുക മുഴുവന്‍ നിങ്ങള്‍ക്ക്‌ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു. ഇതാ ഈ ഗിഫ്‌റ്റു വൌച്ചര്‍ കാണിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെന്തും ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു ഫ്രീയായി വാങ്ങാം. സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ പോകുമ്പോള്‍ വീണ്ടും പറഞ്ഞു , ഈ ഉപകാരം ഒരിക്കലും മറക്കില്ല. നന്ദിയുണ്ട് ഒത്തിരി നന്ദിയുണ്ട്‌.

കുഞ്ഞിനെ കൈയ്യില്‍ വാങ്ങി ഭാര്യ ഒന്നും മനസ്സിലാകാതെ നിന്നും.

നിങ്ങള്‍ ചെക്കിലേക്ക് വീണ്ടും നോക്കി. അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക് – അച്‌ഛന്റെ ജീവന്റെ വില – നാളെത്തെന്നെ ഓപ്പറേഷനുള്ള രൂപാ അയയ്‌ക്കണം.

Wednesday, September 12, 2007

മുഖമില്ലാത്തവര്‍

മാധവനും മല്ലികയും ആ വലിയ മരത്തിന്റെ തണലില്‍ ഇരിക്കുകയായിരുന്നു.

മാധവന്‍ മല്ലികയുടെ കൈ പിടിച്ച് എന്തൊക്കയോ പറയുന്നുണ്ട്. മാധവന് കൈനോട്ടം വശമുണ്ടാകും. മല്ലികയുടെ ഭൂതം ഓര്‍മ്മിപ്പിക്കുകയും ഭാവി പ്രവചിക്കുകയുമാകാം.

അവര്‍ തമ്മില്‍ പ്രണയമൊന്നുമല്ല. നിലാവുണ്ടായിരുന്നെങ്കില്‍ പ്രണയത്തിലേക്കും അതിനപ്പുറത്തേക്കും വളരാന്‍ സാധ്യതയുള്ള ഒരു സൌഹൃദം. ഒരു വെറും ആണ്‍ - പെണ്‍ സൌഹൃദം മാത്രം.

ഞാനൊരു കരടിയുടെ മുഖം‌മൂടിവെച്ച്‌ അവരുടെ മുമ്പില്‍ ചാടിവീണും.

മാധവന്‍ ഒറ്റച്ചാട്ടത്തിന് മരത്തിന്റെ കൊമ്പില്‍ കയറി.

മല്ലിക ചത്തതുപോലെ തറയില്‍ മലര്‍ന്നു കിടന്നു. കരടി മണത്തുനോക്കി. ശവത്തിന്റെ മണമൊന്നുമില്ല. മല്ലിക ശ്വാസം പിടിച്ച്‌ കിടക്കാന്‍ നന്നേ പണിപ്പെടുന്നുണ്ട്‌.

കരടി മല്ലികയ്യുടെ ചെവിയില്‍ പറഞ്ഞു. “ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ കൂട്ടുകാരന്‍. മാധവനെ വിശ്വസിക്കാന്‍ കൊള്ളില്ല നീ എന്റെ കൂടെ പോരു...”

കരടി മല്ലികയേയും ചുമലിലേറ്റി കടല്‍ക്കരയിലേക്ക്‌ പോയി.

ഞാന്‍ കരടിയുടെ മുഖം‌മൂടി കടലിലേക്ക്‌ വലിച്ചെറിഞ്ഞ്‌ പൊട്ടിച്ചിരിച്ചു
മല്ലികയെ ഇക്കിളിയിട്ട് പൊട്ടിച്ചിരിപ്പിക്കാന്‍ ശ്രമിച്ചു
കളിവീടുണ്ടാക്കി
തിരകളെണ്ണി
കടല്‍ക്കരയില്‍ നല്ല നിലാവുണ്ടായിരുന്നു.

പെട്ടെന്ന്‌ നാല് മുഖമൂടികള്‍ ഞങ്ങളുടെ മുമ്പില്‍ ചാടി വീണു. അവര്‍ മുഖം‌മൂടികള്‍ അല്ലായിരുന്നു. മുഖമില്ലാത്തവരായിരുന്നു.

ഞാനും മല്ലികയും മരിച്ചതു പോലെ ശ്വാസം പിടിച്ച് മലര്‍ന്നു കിടന്നു.

മുഖമില്ലാത്തവര്‍ നാലു പേരും ചേര്‍ന്ന്‌ മല്ലികയെ പൊക്കിയെടുത്തു. ഞങ്ങള്‍ മരിച്ചവരേപ്പോലെ അഭിനയിക്കുകയല്ലേ നിലവിളിക്കാന്‍ പാടില്ലല്ലോ!

ഒരു മുഖമില്ലാത്തവന്‍ അവളുടെ ഹാന്‍ഡ് ബാഗ്‌ കാലിയാക്കി എന്റെ നേരെ വലിച്ചെറിഞ്ഞു.

ദുഷ്‌ടന്മാര്‍ അവര്‍ മല്ലികയേയും കൊണ്ട് പോകുകയാണ്.
മുഖമില്ലാത്തവര്‍ കട്ടാളന്മാരാണ്, കാടത്തം കാണിക്കാന്‍ മടിയില്ലാത്തവര്‍.
മുഖമില്ലാത്തവര്‍ക്ക്‌ അമ്മ – പെങ്ങന്മാര്‍ ഇല്ലേ ?
അവരെന്റെ മല്ലികയേയും കൊണ്ട്‌ പോകുകയാണോ ?
ഈ മുഖമില്ലാത്തവര്‍ ദുഷ്‌ടന്മാരാണ് അവര്‍ അവളെ പിച്ചിചീന്തുമെന്ന്‌ ഉറപ്പാണ്.
എങ്കിലും എനിക്ക്‌ എന്തു ചെയ്യാനാവും.
ഞാനും മരിച്ചതായി അഭിനയിക്കുകയാണ്.
ശ്വാസം വിടുന്നതുപോലും ആരും അറിയാതെ വേണം.
പിന്നെങ്ങനെ നിലവിളിക്കും
പിന്നെങ്ങനെ പ്രതികരിക്കും
പിന്നെങ്ങനെ പ്രതിരോധിക്കും

മല്ലികയും മുഖമില്ലാത്തവരും കാഴ്‌ചയില്‍ നിന്നും മറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റ് വീട്ടിലേക്ക്‌ ഓടി.

മുഖമില്ലാത്തവര്‍ ഉപേക്ഷിച്ച മല്ലികയുടെ കാലിയാക്കിയ ഹാന്‍ഡ്‌ ബാഗ്‌ അവളുടെ ഓര്‍മ്മയ്ക്കായ്‌ എടുക്കാന്‍ മറന്നില്ല.

വീട്ടിലെത്തിയ ഉടന്‍ തന്നെ മല്ലികയുടെ ഉപേക്ഷിക്കപ്പെട്ട ഹാന്‍ഡ്‌ ബാഗ്‌ എന്റെ സഹോദരിക്ക്‌ സമ്മാനമായിക്കൊടുത്തു.

ബാത്തുറൂമില്‍ കയറി എടുത്തുവെച്ചിരുന്ന വെള്ളത്തില്‍ മുഖമൊന്നു കഴുകിയപ്പോളാണ് ആശ്വാസമായത്‌.

നടന്നതൊക്കെയും സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാന്‍ ശ്രമിച്ചു.

വെറുതേ കണ്ണാടിയിലേക്ക്‌ നോക്കി.
വിശ്വസിക്കാനായില്ല.
എനിക്കും മുഖം ഉണ്ടായിരുന്നില്ല.
കൈകൊണ്ട്‌ തപ്പി നോക്കി....
ഇല്ല .... എനിക്കും മുഖം ഇല്ല....
അവിടെ വെറും ശൂന്യത മാത്രം.

കരടിയുടെ മുഖം‌മൂടിയുണ്ടായിരുന്നത്‌ കടലില്‍ വലിച്ചെറിഞ്ഞ്‌ പൊട്ടിച്ചിരിച്ചതോര്‍മ്മവന്നു.

ഇത്‌ കണ്ണാടിയുടെ കുഴപ്പമാണ് .
ഈ കണ്ണാടി മുഖം നോക്കാന്‍ കൊള്ളീല്ല.
കണ്ണാടി വലിയ ശബ്‌ദത്തോടെ ഞാന്‍ എറിഞ്ഞുടച്ചു.
കണ്ണാടി പൊട്ടിച്ചിതറുന്ന ശബ്‌ദം കേട്ട്‌ ചിരിക്കാന്‍ ശ്രമിച്ചു.

Monday, August 27, 2007

അവധിക്കാല സംഭാഷണങ്ങള്‍ ( തുടര്‍ച്ച )

“കുട്ടികളെല്ലാവരും നിശ്ശബ്‌ദരായിരിക്കണം....... നമ്മുടെ സാഹിത്യ വേദിയുടെ മീറ്റിംഗ് ആരംഭിക്കുകയാണ്.....“

“ആദ്യമായ്‌ ഈശ്വര പ്രാര്‍‌ത്ഥന...... ഈശ്വര പ്രാര്‍ത്ഥനയ്‌ക്കായ്‌ നാല് – ബി യിലെ ശാലിനിയേയും കൂട്ടുകാരേയും ക്ഷണിക്കുന്നു....”

“ഇന്നത്തെ നമ്മുടെ വിശിഷ്‌ടാതിഥിയെ വളരെ അഭിമാനത്തോടെയാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്‌..... നമ്മുടെ സ്‌ക്കൂളിനും അഭിമാനമാണിദ്ദേഹം.... നിങ്ങളേപ്പോലെ ഇതേ ബഞ്ചിലിരുന്ന്‌ പഠിച്ച ഇദ്ദേഹമിന്ന്‌ സാഹിത്യത്തിന്റെ പടവുകള്‍ കയറുന്ന അറിയപ്പെടുന്ന യുവ സാഹിത്യകാരനാണ്. നിങ്ങള്‍ക്കുവേണ്ടി ശ്രീ............... യെ ഞാന്‍ ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു....”

“ബഹുമാനപ്പെട്ട ഹെഡ്‌മാസ്‌റ്റര്‍ മറ്റ്‌ അദ്ധ്യാപകര്‍ സ്നേഹം നിറഞ്ഞ കൊച്ചു കൂട്ടുകാരെ, നിങ്ങള്‍‌ക്കെന്റെ നമസ്‌ക്കാരം..... സാഹിത്യ ഭാഷയൊന്നും ഉപയോഗിക്കാതെ വളരെ ലളിതമായി സംസാരിക്കണമെന്ന്‌ നിങ്ങളുടെ ഹെഡ്‌മാസ്‌റ്റര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്‌......“

“നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ സന്തോഷം കൊണ്ടെന്റെ കണ്ണുകള്‍ നിറയുകയാണ് ... ഞാന്‍ നിങ്ങളേപ്പോലെ ഈ ബെഞ്ചില്‍ ഇരുന്ന എന്റെ കുട്ടിക്കാലം ഓര്‍ക്കുകയാണ്...... നീളന്‍ ചൂരല്‍ വടിയുമായി ഓടി നടന്ന, കുട്ടികള്‍‌ക്കൊക്കെ പേടി സ്വപ്‌നമായിരുന്ന ചാക്കോസാറും, എപ്പോഴും മുഖത്ത്‌ നിറപുഞ്ചിരിയുള്ള ശാന്തമ്മ റ്റീച്ചറും കാലയവനികക്കുള്ളീല്‍ മറഞ്ഞു...... ഉപ്പുമാവും പിന്നീട്‌ ഉച്ചകഞ്ഞിയും നല്‍കിയ പുട്ടിച്ചേയിയും, സമയത്തിന്റെ കാവല്‍ക്കാരന്‍ പ്യൂണും ഇന്ന്‌ രോഗ ശയ്യയില്‍........ എന്റെ കൂടെ പഠിച്ചവര്‍ മിക്കവരും ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നതമായ പദവികളിലായിരിക്കുന്നു..... ഞങ്ങള്‍ക്ക്‌ അക്ഷരങ്ങളുടെ ആദ്യ പാഠങ്ങള്‍ ഓതിത്തന്ന ഈ സ്‌ക്കൂളിനെ നന്ദിയോടെയെ ഓര്‍ക്കാന്‍ കഴിയൂ.......“

“ഇന്നും ഈ സ്‌ക്കൂളിന് മാറ്റമൊന്നുമില്ല..... അന്ന്‌ ഞങ്ങള്‍ പഠിച്ചത്‌ ലക്ഷ്യ ബോധമില്ലാതെയാണ്..... പഠിക്കാന്‍ വേണ്ടി പഠിച്ചു..... ഇന്ന്‌ നിങ്ങള്‍ പഠിക്കുന്നത്‌ ലക്ഷ്യബോധത്തോടെയാണ്....... ഡോക്‌ടറുടെ മക്കള്‍ ഡോക്‌ടറാകാന്‍, എഞ്ചിനീയറുടെ മക്കള്‍ എഞ്ചിനീയറാകാന്‍ പഠിക്കുന്നു...... മിക്കവര്‍ക്കും ഈ രണ്ടിലൊരാഗ്രഹമാണുള്ളതെന്ന്‌ ഞാന്‍ സംശയിക്കുന്നു...... എല്ലാ ജോലിയും മഹത്വരമാണ് ......”

“നമ്മുടെ ഭാഷ – അമ്മ – മലയാളം വളരണം.... നാം സാഹിത്യത്തിനും കലയ്‌ക്കും ആവശ്യമായ പ്രാധാന്യം നല്‍കണം..... നമ്മില്‍ ഉറങ്ങിക്കിടക്കുന്ന സര്‍ഗ്ഗവാസനകളെ കണ്ടെത്തുകയും തൊട്ടുണര്‍ത്തുകയും വേണം...... അതിനായ് ഈ സാഹിത്യ വേദി ഉപയോഗപ്പെടുത്തണം..... നല്ല പുസ്‌തകങ്ങള്‍ വായിക്കണം...... അക്ഷരങ്ങളിലൂടെ മനസ്സ്‌ ലോകത്തിന്റെ മുന്‍പില്‍ തുറന്നു വെയ്‌ക്കണം....... നിങ്ങള്‍ കൊച്ചുകുട്ടികളല്ലാ..... നാളെയീ ലോകത്തെ നയിക്കേണ്ടവരാണ്....... നിങ്ങള്‍ ഭീരുക്കളാകരുത്‌....... സത്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനും മടിക്കേണ്ട....”

“ഞാനെന്റെ ലഘു പ്രസംഗം അവസാനിപ്പിക്കുകയാണ്....... ജയ്‌ ഹിന്ദ്.... ജയ്‌ ഭാരത്‌ മാതാ...... “

“സാര്‍ ഇതു ചിഞ്ചുമോള്‍. ഈ നാലാം ക്ലാസ്സുകാരി കുറേ കഥകള്‍ എഴുതിയിട്ടുണ്ട്‌. ഇതു നോക്ക്‌ ഈ റബ്ബര്‍ ബാന്റിട്ട്‌ മടക്കിവെച്ചിരിക്കുന്ന പേപ്പര്‍ കൂട്ടങ്ങളെല്ലാം ഇവളുടെ കഥകളാണ്. എല്ലാ കഥയിലും മൃഗങ്ങളാണ് കഥാപാത്രങ്ങള്‍. ആനയും സിംഹവും പുലിയും കടുവയും കുറുക്കനും ഒട്ടകവും പൂമ്പാറ്റയും തത്തമ്മയും എല്ലാമുണ്ട്‌“

“ചിഞ്ചുമോളേയിങ്ങടുത്തുവരൂ. കാണട്ടെ നിന്റെ കഥകള്‍. ഈ ചെറുപ്രായത്തിലേ നീ എഴുതിത്തുടങ്ങിയോ. നല്ലകാര്യം.കുട്ടികള്‍ ഭാഷയെ സ്‌നേഹിക്കുന്നവരാകണം. മനസ്സിലുള്ളത്‌ അക്ഷരങ്ങളിലാക്കുവാനുള്ള കഴിവ് ഏതു മേഖലയിലേയും വിജയത്തിനാവശ്യമാണ്. ചിഞ്ചുമോള്‍ ആരാണ് നിന്നെ പ്രോത്സാഹിപ്പിക്കുന്നത്‌. നിന്റെ മാതാ പിതാക്കന്മാര്‍ക്ക്‌ സാഹിത്യവുമായി വല്ല ബന്ധവും............”

“സമയം നാലു മണിയായി. ചിഞ്ചുമോള്‍ പോയിരുന്നോ. സാഹിത്യ വേദിയുടെ മീറ്റിംഗ്‌ അവസാനിച്ചിരിക്കുകയാണ്. കുട്ടികള്‍ക്ക്‌ ശാന്തമായി പിരിഞ്ഞു പോകാം”

“സാറേ ആ കൊച്ചിന് അപ്പനില്ല. അവളുടെ അമ്മ പിഴച്ചു പെറ്റതാ. അപ്പനേതോ സാഹിത്യകാരനായിരിക്കും. അല്ലാതിവള്‍ക്കിത്ര സാഹിത്യ വാസന ഉണ്ടാകാന്‍ വഴിയില്ല. ആട്‌സ് ക്ലബ്ബ്‌കാരു വെച്ചു കൊടുത്ത കുന്നിന്‍ പുറത്തെവീട്ടിലാ അമ്മയും മകളും താമസിക്കുന്നത്‌. അമ്മ ഏതോ വലിയ തറവട്ടിലേതാ. പിഴച്ചു പെറ്റതിന് വീട്ടില്‍ നിന്നും അടിച്ചിറക്കി.”

“അത്‌ രാധയുടെ മോളായിരുന്നോ”

“അതേ, എന്താ സാര്‍ രാധയെ അറിയുമോ ? “

“ ഏയ്‌ ഇല്ല..... ഇല്ല..... എനിക്കാരെയും അറിയില്ല. “

“എവിടെ രാധയുടെ മകള്‍, അവളുടെ കഥകളെവിടെ ഞാനൊന്നു വായിച്ചു നോക്കട്ടെ”

“സാറെ ചിഞ്ചുമോള്‍ വീട്ടിലേക്ക് പോയി.“

“ ചിഞ്ചുമോളുടെ കഥകളൊന്നും മോശമാകാന്‍ വഴിയില്ല.”

Sunday, August 26, 2007

അവധിക്കാല സംഭാഷണങ്ങള്‍

“ദേ ഞാന്‍ പറയുന്നത്‌ കേള്‍ക്കുന്നുണ്ടോ ? ഇന്നിവിടെ ഒരു പിച്ചക്കാരി ഒക്കത്തൊരു കുട്ടിയമായി വന്നിരുന്നു. ഞാന്‍ ഒരു രൂപയും വയറു നിറച്ച്‌ ചോറും കൊടുത്തിട്ട്‌ അവര്‍ പോയില്ല അവര്‍ക്ക്‌ നിങ്ങളെക്കാണണമെന്ന്‌.... അവരുടെ കഥ നിങ്ങളോട്‌ പറയണമെന്ന് ... “

“ഇനിയും പിച്ചക്കാരുടെ കഥ എഴുതാത്ത കുഴപ്പമേയുള്ളൂ, ബാക്കിയെല്ലാം തികഞ്ഞിരിക്കുവാ....”

“നിങ്ങളീ കഥയെഴുത്തും സാമൂഹ്യ പ്രവര്‍ത്തനവും നിര്‍ത്തി , സ്വന്തം കാര്യം വല്ലതും നോക്കണ്ടേന്... എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട.. ...”

“ഗള്‍ഫിലായിരുന്നപ്പോള്‍ എപ്പോഴും ഓട്ടം നാട്ടില്‍ ലീവിനു വന്നപ്പോള്‍ ഓട്ടത്തോടോട്ടം..... അവിടെ സാഹിത്യ മീറ്റിംഗ്‌ ഇവിടെ സാഹിത്യ മീറ്റിംഗ്‌ , ബാക്കിയുള്ള സമയം പഴയ കൂട്ടുകാരെ കാണല്‍..... ആവശ്യം വരുമ്പോള്‍ ഈ കൂട്ടുകാരൊന്നും കാണുകേല......”

“ദേ മനുഷ്യാ നിങ്ങള്‍‌ക്കൊന്ന്‌ അടങ്ങിയിരുന്നാലെന്താ..... ? എണ്ണിച്ചുട്ട അപ്പം പോലെ ആകെ ഇരുപത്തെട്ടു ദിവസത്തേ ലീവേയുള്ളൂ. ഈ ദിവസങ്ങളിലെങ്കിലും ഒന്ന്‌ വിശ്രമിക്കൂ”

“നിങ്ങളുടെ ജീവിതത്തില്‍ വിശ്രമം പറഞ്ഞിട്ടില്ല, ഓട്‌... ഓട്‌.... മരിക്കുന്നതുവരെ ഓട്‌ അതിനു ശേഷം ഓടാന്‍ പറ്റില്ലല്ലോ”

“നിങ്ങളേക്കാണാന്‍ അവരിന്നു വന്നിരുന്നു. നിങ്ങള്‍‌ക്കെവിടെയാ സമയം എന്നും സര്‍ക്കീട്ടല്ലിയോ.. സര്‍ക്കീട്ട്‌ .... “

“അവര്‍ക്ക്‌ പറയാനുള്ളത്‌ ജീവിത അനുഭവങ്ങളാണെന്ന്‌... നിങ്ങള്‍ ഭാവന ചേര്‍ത്ത്‌ എഴുതിക്കോ..”

“ അവരേതോ വല്ല്യ തറവാട്ടിലെ പെണ്ണാ... നിങ്ങള്‍ പഠിച്ച കോളേജില്‍ അവരും അഞ്ചുകൊല്ലം പഠിച്ചിട്ടുണ്ട്‌...... അവളൊരു അന്യജാതിക്കാരനെ സ്‌നേഹിച്ചു. അവന്‍ അവളേപ്പറ്റിച്ച്‌ കടന്നുകളഞ്ഞു..... കുടുംബത്തിന് പേരുദോഷം വരുത്തി പിഴച്ചു പെറ്റവളേ തറവാട്ടില്‍ നിന്നും പുറത്താക്കി.... അവള്‍ സ്വന്തം കുഞ്ഞിനേയും ഒക്കത്തേറ്റി ഭിക്ഷയെടുത്ത്‌ ജീവിക്കുന്നു... അവള്‍ ഇന്നും കാത്തിരിക്കുകയാണ് അവളുടെ കാമുകന്‍ വരുമെന്ന്‌ .... “

“അവളുടെ പേര് രാധയെന്നാണോ ? “
“ അതേ , എന്താ നിങ്ങളവളേ അറിയുമോ ?”
“ ഇല്ല..... ഇല്ല...... ഞാനൊരു കഥാകാരനല്ലേ സംഭവം കേട്ടാ‍ല്‍ കഥാപാത്രങ്ങളുടെ പേര് എനിക്കറിയാം...“

“അവളുടെ കള്ളക്കാമുകന്റെ പേര് പറയാഞ്ഞത്‌ ഭാഗ്യം... ഇതിലൊന്നും ഒരു കഥയുമില്ലാ... ഇവരെല്ലാം കള്ളക്കൂട്ടങ്ങളാണ് .... പകല്‍ ഭിക്ഷയും രാത്രി മോഷണവും അവരേയൊന്നും വീട്ടില്‍ കയറ്റിയേക്കരുത്‌ “

“ അച്ചായനെന്താ പെട്ടെന്ന്‌ ചൂടാകുന്നത്‌, അവള്‍ നിങ്ങളുടെ പേരൊന്നും പറഞ്ഞില്ലല്ലോ”

“അല്ല..... ഞാന്‍...... കോളേജില്‍ പഠിക്കുമ്പോഴും കഥകളെഴുതീട്ടുണ്ട്‌ .... അതിനാല്‍ എനിക്ക്‌ ഒത്തിരി ശത്രുക്കളും ഉണ്ട്‌... ഭാഗ്യം..... എന്തായാലും ലീവ്‌ നാളെ തീരുമല്ലോ ! “

Tuesday, August 7, 2007

കാത്തിരിക്കുന്ന ഫോട്ടോകള്‍

ബോംബെയിലെ ഒരു സ്‌റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായി ജോലിചെയ്യുന്ന സമയം.

മിക്ക ദിവസങ്ങളിലും ഒരു ഗുജറാത്തി പെണ്‍കുട്ടി ഫോട്ടോയെടുക്കാന്‍ വരും. ഞാന്‍ തന്നെ അവളുടെ ഫോട്ടോയെടുക്കണമെന്ന്‌ അവള്‍ക്ക്‌ നിര്‍ബ്ബന്ധമാണ്.

അവള്‍ സുന്ദരിയാണെന്നു മാത്രമല്ല കൈ നിറയെ പണവും ഉണ്ട്‌. അവള്‍ എന്നും തനിയെയാണ് വന്നിരുന്നത്‌. അവള്‍ തലമുടി അഴിച്ചിടുമ്പോള്‍ മലയാളി പെണ്‍കുട്ടികളേക്കാള്‍ സുന്ദരിയാണ്, പക്ഷേ അവള്‍ക്ക്‌ തലമുടി വിവിധ ഫാഷനില്‍ കെട്ടിവെയ്‌ക്കാനാണ് താത്‌പര്യം.

വിവിധ പോസിലുള്ള ഫോട്ടോകള്‍ വിവിധ സൈസില്‍ പ്രിന്റു ചെയ്യുന്നതോടൊപ്പം അവള്‍ എന്റെ മനസ്സിലും മായ്‌ക്കാന്‍ പറ്റാത്ത വിധം പതിയുകയായിരുന്നു.

അടുത്തുള്ള റെസ്‌റ്റോറന്റിലേക്ക് ഭക്ഷണത്തിനായ്‌ ക്ഷണിച്ചപ്പോള്‍ എനിക്കാദ്യം വിശ്വസിക്കാനായില്ല. റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതില്‍ കൂടുതല്‍ സമയം ഞങ്ങള്‍ കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുകയായിരുന്നു.

അവള്‍ നിര്‍ബ്ബന്ധിച്ചിട്ടാണ് ഹിന്ദി സിനിമ കാണാന്‍ കൂടെ പോയത്‌. സിനിമ കാണുന്നതിലും താത്‌പര്യമായി അവളുടെ തലമുടിയില്‍ തലോടിക്കൊണ്ടിരുന്നു. അവള്‍ എന്റെ കവിളിലൊരു ചുംബനം തരുമ്പോഴേക്കും സിനിമ കഴിഞ്ഞിരുന്നു.

അവള്‍‌ക്കെന്നോട്‌ സ്‌നേഹമാണെന്ന്‌ ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷേ എനിയ്ക്കറിയാം അവളെന്നെ സ്‌നേഹിച്ചിരുന്നു.

ഒരു ഗുജറാത്തി പെണ്‍കുട്ടിയെ സ്‌നേഹിക്കാന്‍ ഞാന്‍ തയ്യാറായിരുന്നുവെങ്കിലും വിവാഹത്തെപ്പറ്റിയൊന്നും ചിന്തിക്കാന്‍ പോലും സാധ്യമായിരുന്നില്ല.

അവളുടെ നാട്ടില്‍ 28 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്റെ ഫോട്ടോയെടുക്കാനായി ഞങ്ങളുടെ സ്‌റ്റുഡിയോയില്‍ ഓര്‍ഡര്‍ നല്‍കി. പുരാതനമായ ജൈന മന്ദിറിന്റെ ശതാബ്‌ദി പ്രതിഷ്‌ഠാ മഹോത്സവമായിരുന്നു. ഫോട്ടോയെടുക്കുന്നതിനുള്ള മുഴുവന്‍ തുകയും അവള്‍ അഡ്വാന്‍സായി നല്‍കി.

സ്‌റ്റുഡിയോയില്‍ നിന്നും ഞാനും മറ്റൊരാളും കൂടി അവരോടോപ്പം ഗുജറാത്തിലെ കച്ചിലേക്ക്‌ യാത്രയായി.

ബോംബെയില്‍ നിന്നും ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ തന്നെയുണ്ടായിരുന്നു ആ ഉത്സവത്തിനായി. ഏകദേശം ആയിരം ഗുജറാത്തികളും ഞങ്ങള്‍ സ്‌റ്റുഡിയോക്കാര്‍ രണ്ട്‌ മലയാളികളും. എല്ലാവരും വലിയ ബിസ്സിനസ്സുകാരും പണക്കാരുമാണെന്ന്‌ കണ്ടാല്‍ത്തന്നെയറിയാം. ഞാന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഈ കൂട്ടത്തില്‍ ഉണ്ടാകും.

ട്രെയിന്‍യാത്രയുടെ ആരംഭം മുതല്‍ക്കുതന്നെ സുഭിക്ഷമായ ഭക്ഷണം ക്രമമായി ലഭിച്ചു കൊണ്ടിരുന്നു. പണ്ടേ മധുരം ഇഷ്‌ടമായ എനിക്ക്‌ ഗുജറാത്തി ഭക്ഷണത്തോട്‌ നല്ല താത്‌പര്യം തോന്നി.

ട്രെയിന്‍ ഇറങ്ങിയ ശേഷം മുമ്പേ തയ്യാറാക്കി നിര്‍ത്തിയിരുന്ന ബസ്സില്‍ കയറി എല്ലാവരും കച്ചിലെ ഒരു ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു.

വളരെ മനോഹരമായ ഗ്രാമം. റോഡുകളെല്ലാം കല്ലുപാകിയിരിക്കുന്നു. ഓടകള്‍ പോലും വളരെ വൃത്തിയുള്ളതായിരുന്നു. വെള്ളക്കല്ലുകള്‍ കൊണ്ട്‌ നിര്‍മ്മിച്ചിരിക്കുന്ന പൊക്കം കുറഞ്ഞ ചെറിയ വീടുകള്‍ ധാരാളം ഉണ്ട്‌.

ശതാബ്‌ദി പ്രതിഷ്‌ഠാ മഹോത്സവം ആഘോഷിക്കുന്ന ജൈന്‍ മന്ദിര്‍ വളരെ ചെറുതാണ്. അതിനടുത്തായി ആര്‍ഭാടം വിളിച്ചോതുന്ന പുതിയ മന്ദിറും ഉണ്ട്‌.

വെളുപ്പിനെ നാലരയ്‌ക്ക്‌ ആരംഭിക്കുന്ന പൂജകള്‍ രാത്രി വൈകി അവസാനിക്കുന്നത്‌ തനത്‌ ‘ഡാന്‍ഡിയാ’ ഡാന്‍‌സോടു കൂടിയായിരുന്നു.

ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന താത്‌ക്കാലിക ഭക്ഷണപ്പുരയില്‍ ആയിരം പേര്‍‌ക്കോളം ഇരിക്കാം. അവിടെ സുഭിക്ഷമായി ഗുജറാത്തി ഭക്ഷണം നല്‍കിയിരുന്നത്‌ ഫ്രീയായിട്ടാണ്. അതും ഉത്സവത്തിന്റെ ഭാഗമായിരുന്നു.

ഞാന്‍ ഓടിനടന്ന്‌ എല്ലാത്തിന്റേയും ഫോട്ടോകള്‍ എടുത്തു. ഓരോരോ കാഴ്‌ചകള്‍ കാട്ടിത്തന്ന്‌ വിവരിക്കുവാന്‍ ഗുജറാത്തി പെണ്‍കുട്ടിയ്‌ക്ക്‌ ആയിരം നാവായിരുന്നു.

ഇരുപതാമത്തെ ദിവസം അവള്‍ രാജ്‌ഞിയേപ്പോലെ ഒരുങ്ങിയിരുന്നു. ആറു കുതിരകളേ പൂട്ടിയ രഥത്തില്‍ അവളെയിരുത്തി ആഘോഷമായി നാടുമുഴുവന്‍ കൊണ്ടു നടന്നു.

അവളുടെ രഥത്തിന്റെ മുന്നില്‍ ജൈന പൂജാരിമാരും നൂറുകണക്കിന് സന്യാസികളും സന്യാസിനികളും തൂവെള്ള വസ്‌ത്രധാരികളായി നടന്നു. അവര്‍ക്ക്‌ ഒരേ മുഖഛായയായിരുന്നു.

രഥത്തിനു പിന്നില്‍ ആഘോഷത്തിനായ്‌ ബോംബെയില്‍ നിന്നും വന്നവരും അതിനു പിന്നില്‍ നാട്ടുകാരും.

വാദ്യമേളക്കാര്‍ രംഗം കൊഴുപ്പിക്കുന്നുണ്ട്‌. അവള്‍ രഥത്തിലിരുന്ന്‌ വഴിനീളെ മിഠായികളും നാണയത്തുട്ടുകളും വാരിവിതറിക്കൊണ്ടിരുന്നു.

ആ രഥഘോഷയാത്ര അവസാനിച്ചത്‌ നഗര മദ്ധ്യത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഒരു സ്‌റ്റേജിലാണ്. അവള്‍ സ്‌റ്റേജില്‍ മനോഹരമായി ഡാന്‍സു ചെയ്‌തു. അവള്‍ തളര്‍ന്ന്‌ സ്‌റ്റേജില്‍ വീണപ്പോളാണ് കര്‍ട്ടന്‍ വീണത്‌. സ്‌റ്റേജിലേക്ക്‌ ജൈന പൂജാരിയും സന്യാസിമാരും സന്യാസിനികളും കയറിപ്പോയി. ബാക്കിയുള്ളവര്‍ പിരിഞ്ഞു പോയി. അവിടെ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അറിയാന്‍ താത്‌പര്യം തോന്നിയെങ്കിലും ഫോട്ടോഗ്രാഫര്‍ക്ക്‌ അവിടേക്ക്‌ പ്രവേശനം ഇല്ലായിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ പെണ്‍കുട്ടിയെ കണ്ടില്ല. എന്റെ മനസ്സ്‌ അസ്വസ്ഥമായി, അവള്‍ക്ക്‌ എന്തു സംഭവിച്ചു.

അവളില്ലാതെ ഫോട്ടോയെടുക്കുന്നത്‌ വിരസമായി തോന്നിയെങ്കിലും ഞാന്‍ എന്റെ ജോലി തുടര്‍ന്നു.

അവസാന ദിവസത്തെ ആഘോഷങ്ങള്‍ തുടങ്ങി.

ആയിരക്കണക്കിനാളുകള്‍ മന്ദിറിനു പുറത്ത്‌ ഭക്‌തിഗാനങ്ങള്‍ ഈണത്തില്‍ ആലപിച്ചുകൊണ്ടിരുന്നു.

ഇന്ന്‌ എനിക്കും മന്ദിറിനകത്ത്‌ പ്രവേശനം ലഭിച്ചു. മന്ദിറിനുള്ളില്‍ ജൈന പൂജാരിയുടേയും രണ്ടു സന്യാസിനികളുടേയും മദ്ധ്യത്തില്‍ ഒരു പീഠത്തില്‍ അവളിരിക്കുന്നു.

ഒരാഴ്‌ചക്കുശേഷം അവളെക്കണ്ടതില്‍ എനിക്കാശ്വാസമായി.

അവളുടെ മുഖത്ത്‌ ഭാവങ്ങളൊന്നും ഇല്ലായിരുന്നു. അവള്‍ സന്യാസിനികള്‍ ധരിക്കുന്ന തൂവെള്ള വസ്‌ത്രം ധരിച്ചിരിക്കുന്നു. അവളെ പൂര്‍ണ്ണ സന്യാസിനിയാക്കുന്ന അവസാന ചടങ്ങും നടക്കുകയാണ്‌.

ഒരു ബാര്‍ബറും മന്ദിറിനുള്ളില്‍ വന്നു. മന്ദിറിന്റെ വാതിലടച്ചു.

ജൈന പൂജാരി മന്ത്രങ്ങള്‍ ഉറക്കെച്ചൊല്ലി.

പുറത്ത്‌ ഭക്‌തിഗാനത്തിന്റെ ആരവം ഉയര്‍ന്നു കേള്‍ക്കാം.

ബാര്‍ബര്‍ കത്തിയുപയോഗിച്ച്‌ അവളുടെ തലമുടി വടിച്ചു.

എന്റെ കണ്ണുകള്‍ നിറയുന്നതിനാല്‍ ക്യാമറയിലൂടെ ഒന്നും കാണാന്‍ സാധിക്കുന്നില്ല. ഞാന്‍ യാന്ത്രികമായി ഫോട്ടോകള്‍ എടുത്തു.

ഞാന്‍ വളരെ ഇഷ്‌ടപ്പെട്ടിരുന്ന തലമുടി തലയില്‍ നിന്നും മാറ്റപ്പെടുന്നു. മുടി മുഴുവന്‍ വടിച്ചു കഴിഞ്ഞ്‌ ബാര്‍ബര്‍ പുറത്തേക്കു പോയി.

എല്ലാവരും കണ്ണുകളടച്ച്‌ പ്രാര്‍ത്ഥനയിലാണ്. അവള്‍ മുടിവാരി ഒരു വെള്ളത്തുണിയില്‍ കെട്ടിവെച്ചു. ഒരു പിടിമുടി ആരും കാണാതെ എന്റെ ക്യാമറാബാഗിലേക്കും ഇട്ടു.

ഞാന്‍ അവളുടെ മുടിയെ മാത്രമായിരുന്നോ സ്‌നേഹിച്ചിരുന്നത്‌ ?

ഞാന്‍ അവസാന നിമിഷമെങ്കിലും വിളിച്ചിരുന്നെങ്കില്‍ അവള്‍ ജീവിതത്തിലേക്ക്‌ മടങ്ങി വരുമായിരുന്നോ?

അവളും കണ്ണുകളടച്ചു. എല്ലാവരും കണ്ണുകളടച്ച്‌ പ്രാര്‍ത്ഥനയിലാണ്.

എനിക്കും മന്ദിറിനു പുറത്തു പോകാനും, കണ്ണുകളടയ്ക്കുവാനും നിര്‍‌ദ്ദേശം കിട്ടി.

പുറത്തും എല്ലാവരും കണ്ണുകളടച്ച്‌ പ്രാര്‍ത്ഥനയിലായിരുന്നു.

പ്രാര്‍ത്ഥനതീര്‍ന്നപ്പോള്‍ കുറേ സന്യാസിനികള്‍ മന്ദിറിനുള്ളിലേക്ക്‌ കയറി. പുതിയ സന്യാസിനിയും അവരില്‍ ഒരാളായി. അവര്‍ പുറത്തുവന്നപ്പോള്‍ വലിയകരഘോഷം മുഴങ്ങി.

സന്യാസിനികള്‍‌ക്കെല്ലാം ഒരേ മുഖമായിരുന്നു. ഞാന്‍ സ്‌നേഹിച്ചിരുന്ന ഗുജറാത്തി പെണ്‍കുട്ടിയുടെ മുഖം അതില്‍ തിരിച്ചറിയാന്‍ പറ്റുമായിരുന്നില്ല.

പിറ്റേദിവസത്തെ സ്‌പെഷ്യല്‍ ട്രെയിനില്‍ ബോംബെയില്‍ നിന്നും വന്നവരോടൊപ്പം ഞാനും തിരികെപ്പോന്നു.

എനിക്കറിയാം ആ സന്യാസിനിക്ക്‌ ഇനിയും ആ ഗ്രാമം വിട്ട്‌ പുറത്തു പോകാനാവില്ലെന്ന്‌. എങ്കിലും അവള്‍ എപ്പോള്‍ വന്നാലും കൊടുക്കാനായി ഫോട്ടോകള്‍ എല്ലാം പ്രിന്റു ചെയ്‌ത്‌ റെഡിയാക്കി വെച്ചു.

ഞാന്‍ സ്‌നേഹിച്ച തലമുടി ക്യാമറാബാഗില്‍, എന്റെ സ്വന്തമായി, ഒരു വേദനിപ്പിക്കുന്ന ഓര്‍മ്മയായി ഇന്നും സൂക്ഷിക്കുന്നു.

Saturday, August 4, 2007

കൈലാസന്റെ മരണം

ഇന്ന്‌ കൈലാസന്റെ പത്താം ചരമവാര്‍ഷികമാണ്.

താന്‍ വിശ്വസിച്ചു വന്ന പ്രസ്ഥാനത്തിനുവേണ്ടി മരണം വരിച്ച ധീരരക്തസാക്ഷിയാണ് കൈലാസന്‍ . അവന്റെ മരണം ആത്‌മഹത്യയായിരിക്കാമെന്ന്‌ ചിലര്‍ രഹസ്യമായി പറയുന്നതും ഞാന്‍ കേട്ടിട്ടുണ്ട്‌. റെയില്‍‌വേപാളത്തില്‍ ആ‍ളറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിക്കിടന്ന അവന്റെ മൃതശരീരം വാരിക്കൂട്ടി പായില്‍ കെട്ടി പോസ്‌റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയ രംഗം കണ്ടവര്‍‌ക്കൊന്നും ഇന്നും അത്‌ മറക്കാനാവില്ല.

ആക്‌ഷന്‍ കൗണ്‍സില്‍ മീറ്റിംഗും, പ്രതിഷേധയോഗവും, രക്തസാക്ഷിത്വദിനാചരണവും എല്ലാം ക്രമമായിനടക്കുന്നുണ്ട്‌. പത്തു വര്‍ഷം കഴിഞ്ഞിട്ടും കൈലാസന്റെ മരണം ആത്‌മഹത്യയാണോ, അതോ കൊലപാതകമാണോയെന്ന്‌ ഇന്നും തെളിഞ്ഞിട്ടില്ല. രണ്ടിനും തുല്യസാധ്യതയും കാരണവും നിരത്തുവാനുണ്ടാകും.

കൈലാസന്റെ വേഷം മിക്കപ്പോഴും പാന്‍സും അയഞ്ഞ ജുബ്ബയുമാണ്. തോളില്‍ തൂക്കിയിട്ടിരിക്കുന്ന വള്ളിനീളമുള്ള തുണിസഞ്ചിയും, ചെറിയ ഗ്ലാസ്സുള്ള കണ്ണടയും അലക്ഷ്യമായി ഒരു വശത്തേക്ക്‌ കൈകൊണ്ട്‌ ഒതുക്കി വെയ്‌ക്കാറുള്ള നീളന്‍ മുടിയും അവന്റെ പ്രത്യേകതകളായിരുന്നു. ചര്‍ച്ചകളും ചിന്തകളും ആരംഭിക്കുമ്പോള്‍ അവന്‍ ഒന്നിനു പിറകേ ഒന്നായി ബീഡി വലിച്ചുകൊണ്ടിരിക്കും.

നല്ല തീപ്പൊരി പ്രസംഗമായിരുന്നു അവന്റേത്‌. ഒത്തിരി യുവാക്കള്‍ അവന്റെ ആദര്‍ശത്തില്‍ ആകൃഷ്‌ടരായി. വര്‍ഗ്ഗ ശത്രുവിനെതിരെ പോരാടാന്‍ അവര്‍ സംഘം ചേര്‍ന്നു. പ്രത്യയ ശാസ്‌ത്രത്തെപ്പറ്റി സ്‌റ്റഡി ക്ലാസ്സുകള്‍, വായന, ചിന്ത, പഠനം, യാത്രകള്‍, വര്‍‌ഗ്ഗ സമരം, ...... അവന്‍ എപ്പോഴും തിരക്കായിരുന്നു.

അവനെഴുതിയ കവിതാസമാഹാരവും മറ്റ്‌ രണ്ട്‌ പുസ്‌തകങ്ങളും ഞാന്‍ പലതവണ വായിച്ച്‌ അര്‍ത്ഥം ഗ്രഹിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. എനിക്കതൊന്നും മനസ്സിലാകാത്തതിന് കാരണം ഞാന്‍ ബൂര്‍ഷയായതിനാലാണെന്നാണ് അവന്‍ പറയുന്നത്‌.

ജീവിതം വരയ്ക്കപ്പെട്ട കുറേ വൃത്തങ്ങള്‍ക്കുള്ളില്‍ തളച്ചിടാനുള്ളതല്ലെന്ന്‌ അവന്‍ പറയും. കുടുംബം എന്ന സങ്കല്‍പ്പത്തെപ്പറ്റി – തളച്ചിടീല്‍ / ചുറ്റപ്പെടല്‍ എന്നാണ് അവന്‍ വിശേഷിപ്പിക്കറുള്ളത്‌. സമൂഹത്തിന് അര്‍ബുദം എന്ന മഹാരോഗമാണ്, ചെറിയ മുഴകള്‍ മുറിച്ചുമാറ്റിയില്ലെങ്കില്‍ അര്‍ബുദം വളര്‍ന്ന്‌ സമൂഹത്തെ മരണത്തിലേക്ക് നയിക്കും. അതിനാല്‍ മുഴകള്‍ മുറിച്ചു മാറ്റുകയാണ് തന്റെ കര്‍ത്തവ്യം എന്നവന്‍ പറയും, അപ്പോഴുണ്ടാകുന്ന രക്തചൊരിച്ചിലും വേദനയും സ്വാഭാവികമാണുപോലും.

എനിക്കവന്റെ ആദര്‍ശമൊന്നും മനസ്സിലായില്ലെങ്കിലും ഞാന്‍ കൈലാസന്‍ എന്ന വ്യക്‌തിയെ സ്‌നേഹിച്ചിരുന്നു.

അവന്‍ ദാരിദ്ര്യത്തിലൂടെയാണ് വളര്‍ന്നത്‌. അവന്റെ അമ്മ അയല്‍‌വീടുകളില്‍ എച്ചില്‍പ്പാത്രം കഴുകിയാണ് അവന് ആഹാരം കൊടുത്തിരുന്നത്‌. പഠിപ്പിച്ച്‌ ഇത്ര വലുതാക്കിയിട്ടും അമ്മയ്‌ക്ക്‌ അത്താണിയാകുവാന്‍ അവനായില്ല. അല്ലലും അലച്ചിലും ഒന്നു മില്ലാത്ത ലോകത്തേക്ക്‌, അവന്റെ അപ്പന്റെ അടുത്തേക്ക്‌ അമ്മയും എന്തോ ഒരു സന്തോഷത്തോടെയാണ് പോയത്‌.

സൂസന്‍ എന്ന ക്രിസ്‌ത്യാനി പെണ്ണ്‌ പ്രേമത്തിന്റെ ആദ്യപാഠങ്ങള്‍ മാത്രം പഠിപ്പിച്ച്‌ എങ്ങോട്ടോ രക്ഷപെട്ടു.

ഒരു ജോലിക്കായ്‌ അവന്‍ മുട്ടിയ വാതിലൊന്നും തുറക്കപ്പെട്ടില്ല. ആദര്‍ശങ്ങളോന്നും അപ്പകഷണങ്ങളായില്ല.

അവസാന നാളുകളില്‍ അവന്‍ അസ്വസ്ഥനായിരുന്നു. പകലും രാത്രിയും ഒന്നും അവന് സ്വസ്ഥത നല്‌കിയില്ല. ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്‌മ അവനെ വേട്ടയാടി. സത്യത്തില്‍ അവന് ജീവിതം തന്നെ മടുത്തിരുന്നു. ഇതെല്ലാം ഉപേക്ഷിക്കണമെന്ന്‌ അവന് തോന്നിയിരിക്കാം. പക്ഷേ രക്ഷപെടാന്‍ പറ്റാത്തവണ്ണം അവന്‍ കെട്ടപ്പെട്ടു കഴിഞ്ഞിരുന്നു.

പാളിപ്പോയ പോലീസ്‌ സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ കൈലാസനായിരുന്നു ഒന്നാംപ്രതി. അങ്ങനെയാണ് അവന്‍ ഒളിവില്‍ പോയത്‌. ഒരാഴ്‌ചക്കുശേഷം റെയില്‍‌വേപാളത്തില്‍ ആളറിയാന്‍ പറ്റാത്തവണ്ണം ചിന്നിച്ചിതറിയ ശവശരീരം കൈലാസന്റേതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല.

ആരോ കൊന്ന്‌ റെയില്‍‌വേപാളത്തില്‍ തള്ളിയതാണെന്ന് ചിലരും അല്ല അവന്‍ ജീവിതം മുന്നോട്ട്‌ നയിക്കാനാവാതെ സ്വയം മരിച്ചതാണെന്ന് മറ്റുചിലരും പറഞ്ഞു.

കൈലാസന്റെ വീട്ടുമുറ്റത്തിന്റെ ഒരരുകില്‍ പായയില്‍ പൊതിഞ്ഞുകെട്ടിയ ശവം ദഹിപ്പിക്കുമ്പോള്‍ അവന്‍ എന്റെ വീടിന്റെ പത്തായപ്പുരയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു.

ആരാണ് കൈലാസനുവേണ്ടി, കൈലാസനു പകരം മരിച്ചതെന്ന്‌ ഇന്നും ഞാന്‍ നിശ്ശബ്‌ദനായി തിരയുകയാണ്.

കൈലാസന്റെ ശവം ദഹിപ്പിച്ചു കഴിഞ്ഞ്‌ ഒരാഴ്‌ചകൂടി അവന്‍ ഞങ്ങളുടെ പത്തായപ്പുരയില്‍ ഒളിച്ചു താമസിച്ചു. രാത്രിയില്‍ എന്റെ സ്‌ക്കൂട്ടറിന്റെ പിന്നിലിരുത്തിയാണ് ആരും കാണാതെ ദൂരെയുള്ള ഒരു റെയില്‍‌വേസ്‌റ്റേഷനില്‍ ഞാനവനെ കൊണ്ടുവിട്ടത്‌.

കള്ളപ്പേരില്‍ അവന്‍ പട്ടണത്തിന്റെ തിരക്കിലേക്ക്‌ ട്രയിന്‍ കയറുമ്പോള്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവന്‍ പിരിയുമ്പോള്‍ പറഞ്ഞു.
“കൈലാസന്‍ ആത്‌മഹത്യ ചെയ്‌താലും, കൊലചെയ്യപ്പെട്ടാലും ശരി അവന്‍ മരിച്ചു, എനിക്ക്‌ ജീവിക്കണം നന്ദിയുണ്ട്‌ സുഹൃത്തെ......... നന്ദി”

ഞങ്ങള്‍ പിരിഞ്ഞിട്ട്‌ പത്ത്‌ വര്‍ഷം കഴിഞ്ഞു.

നാട്ടുകാര്‍ക്കിന്ന്‌ കൈലാസന്റെ പത്താം ചരമവാര്‍ഷികമാണ്.

അവന്‍ ഇപ്പോള്‍ എവിടെയോ കുടുംബവും കുട്ടികളുമായി സുഖമായി ജീവിക്കുന്നുണ്ടാകാം. അല്ലെങ്കില്‍ ആത്‌മീയ ആചാര്യനായി വിലസുന്നുണ്ടാകാം ( അവസാന നാളുകളില്‍ അവന് ആത്‌മീയതയോട്‌ ഒരല്പം കമ്പം തോന്നിത്തുടങ്ങിയിരുന്നു. )

നീ എവിടെയായാലും സുഖമായിരിക്കുന്നു വെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

ഒന്നെനിക്കറിയാം ഈ പത്താം ചരമവാര്‍ഷികത്തിലും എന്റെ പ്രീയ സുഹൃത്തെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.

Tuesday, July 31, 2007

പഞ്ചാബിഭ്രാന്തന്‍

ഞാനും സുകുവും ഒന്നിച്ച്‌ പഠിച്ച്‌ , കളിച്ച്‌ വളര്‍ന്നവരാണ്. എല്ലാറ്റിലും അവന്‍ തന്നെയായിരുന്നു മുന്നില്‍. എപ്പോഴോ കൂട്ടുകാരെല്ലാം അവനെ പിന്‍‌തള്ളി ബഹുദൂരം മുന്നേറി. അവന്‍ തന്റെ ദാരിദ്ര്യത്തെ സ്വയം പഴിച്ചു.

ഒരു പെണ്ണിനെ പോറ്റാനുള്ള സമ്പാദ്യവും ജോലിയും ഒന്നും ഇല്ലാത്ത സുകുവിന് ആര് പെണ്ണുകൊടുക്കാന്‍ ! ഒരല്പം വൈകിയാണെങ്കിലും സുകുവിനും പെണ്ണുകിട്ടി.

“നിനക്ക്‌ ഭ്രാന്തുണ്ടോ ? “ ഞാന്‍ ചോദിച്ചു
അവന്‍ ഒന്ന്‌ ചിരിക്കുകമാത്രം ചെയ്‌തു.
“നീയല്ലാതെ മറ്റാരും ഈ സാഹസത്തിനു മുതിരില്ല“ ഞാന്‍ പറഞ്ഞു നിര്‍ത്തി.
അവന്റെ തീരുമാനം ഉറച്ചതായിരുന്നു.
ശാലിനിയെ വിവാഹം കഴിക്കാന്‍ സുകു തീരുമാനിച്ചുകഴിഞ്ഞിരുന്നു.

ഞങ്ങളുടെ നാട്ടിലെ വലിയ പണക്കാരന്റെ പണക്കാരിയായ ഏകമകളാണ് ശാലിനി. ശാലിനിക്ക്‌ ഭ്രാന്തുണ്ടെന്ന്‌ നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. ചെറുപ്പം മുതലേ ദാരിദ്ര്യത്തിന്റെ കൈപ്പുനീര്‍ കുടിച്ചു വളര്‍ന്ന സുകുവിന് പണക്കാരനാകാനുള്ള കുറുക്കുവഴിയായിരുന്നു ഭ്രാന്ത്‌.

സുകു ഭ്രാന്തിയായ ശാലിനിക്കു ഭര്‍ത്താവായി.
വര്‍ഷം ഒന്നു കഴിയേണ്ട താമസം ഭ്രാന്തിയായ ശാലിനി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു.
പ്രസവത്തോടുകൂടി ശാലിനിയുടെ ഭ്രാന്ത്‌ മാറി.
ഭ്രാന്തിയായ ശാലിനി , ‘പണക്കാരി‘യായ ശാലിനിയായിമാറി.
ഭ്രാന്തിയുടെ മാത്രം ഭര്‍ത്താവായിരുന്നു സുകു.
പണക്കാരിക്ക്‌ സുകു അധികപ്പറ്റായിരുന്നു.

സ്വന്തം വീട്ടില്‍ നിന്നും മുന്നമേ തള്ളപ്പെട്ട സുകു,
ണക്കാരന്റെ വീട്ടില്‍ നിന്നും പുറന്തള്ളപ്പെട്ടു.

ശാലിനി മറ്റൊരു പണക്കാരനെ വിവാഹം കഴിച്ചു. അതിലൊരു പെണ്‍കുട്ടിയും ഉണ്ടായി. ഫ്രീയായിക്കിട്ടിയ ഒന്നും സ്വന്തം ഒന്നും കൂടി രണ്ടെന്ന്‌ കണക്കുകൂട്ടുവാന്‍ പണക്കാരന്‍ ഭര്‍ത്താവിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

നാട്ടില്‍ അലഞ്ഞു നടക്കുന്ന ‘പഞ്ചാബിഭ്രാന്തന്‍‘ സുകുവാണെന്ന്‌ നാട്ടുകാര്‍ മനഃപൂര്‍വ്വം മറന്നു.

മുഷിഞ്ഞ കൈലിയും ഉടുപ്പും നീട്ടിവളര്‍ത്തിയിരിക്കുന്ന താടിയും ജടപിടിച്ച തലമുടികെട്ടിവെച്ചിരിക്കുന്നതും കണ്ടാല്‍ അതൊരു പഞ്ചാബിതന്നെയാണെന്ന്‌ ആര്‍ക്കും തോന്നിപ്പോകും. ആ തലേക്കെട്ട്‌ കണ്ടാണ് കുട്ടികള്‍ പഞ്ചാബിഭ്രാന്തന്‍ എന്ന്‌ പേര് നല്‍കിയത്‌.

നാട്ടിലെ ഇംഗ്ലീഷ്‌ മീഡിയം സ്‌ക്കൂളിന്റെ യൂറിന്‍‌ഷെഡിന്റെ പിന്നിലാണ് പഞ്ചാബിഭ്രാന്തന്റെ വാസം. വാച്ച്‌മാന്‍ ഓടിച്ചാല്‍ പള്ളിവക ശവക്കോട്ടയില്‍ പോയിക്കിടക്കും. ഭക്ഷണം മിക്കദിവസവും സ്‌ക്കൂളില്‍ നിന്നു തന്നെയാണ്. കുട്ടികള്‍ വലിച്ചെറിയുന്ന എച്ചില്‍ പൊതികള്‍ ആഹാരമായി. സ്‌ക്കൂളിന് അവധിയുള്ള ദിവസങ്ങളില്‍ പട്ടിണിയാണോന്ന്‌ ആരും തിരക്കാറില്ല. ഒരല്പം ദൂരെയുള്ള ഓഡിറ്റോറിയത്തില്‍ കല്ല്യാണസദ്യയുള്ളപ്പോള്‍ ചിലരൊക്കെ പിന്നമ്പുറത്ത്‌ ഇലയിട്ട്‌ ചോറ്‌ വിളമ്പാറുണ്ടായിരുന്നു. പഞ്ചാബിഭ്രാന്തന് കുട്ടികളെ വളരെ ഇഷ്‌ടമാണെങ്കിലും കുട്ടികള്‍ കൂകി വിളിക്കും ചിലര്‍ കല്ലെറിയും. തന്നെ കളിയാക്കുന്ന കുട്ടികളില്‍ ഒന്ന്‌ തന്റെ രക്ത മാണെന്ന അറിവില്‍ എല്ലാം സഹിക്കും. നാട്ടിലെ അമ്മമാര്‍ കുട്ടികളെ പേടിപ്പിക്കാന്‍ പഞ്ചാബിഭ്രാന്തനെ വിളിക്കുമെന്നാണ് പറയാറുള്ളത്‌.

എന്തായാലും സുകു തന്റെ വേഷം നന്നായി അഭിനയിക്കുന്നുണ്ട്‌.

“ സത്യത്തില്‍ നിനക്ക് ഭ്രാന്തുണ്ടോ ? “ ബസ്‌ സ്‌റ്റോപ്പില്‍ ആകാശത്തേക്ക്‌ നോക്കി അലക്ഷ്യമായി ഇരിക്കുന്ന പഞ്ചാബിഭ്രാന്തനോട്‌ ഞാന്‍ ചോദിച്ചു.
അവന്‍ കേട്ടതായി ഭാവിച്ചില്ല.
“ സുകൂ...., നിനക്ക്‌ ഭ്രാന്തുണ്ടോ ? “ ഞാന്‍ വീണ്ടും ചോദിച്ചു
വര്‍ഷങ്ങള്‍ക്ക്‌ ശേഷം തന്റെ പേര് കേട്ടതിനാലാകാം അവന്‍ എന്റെ മുഖത്തേക്കൊന്നു നോക്കി.
അവന്‍ ഒന്നു ചിരിച്ചോ! അതോ എനിക്ക്‌ തോന്നിയതാണോ?
വര്‍ഷങ്ങളായി സുകു ആരോടും സംസാരിച്ചിട്ടില്ല, ഇന്ന്‌ സുകു പഞ്ചാബിഭ്രാന്തനാണ്, പഞ്ചാബിയെങ്ങനെ മലയാളത്തിലുള്ള എന്റെ ചോദ്യം കേള്‍ക്കും. എങ്ങനെ ഉത്തരം പറയും.

എനിക്കറിയാം സുകുവിന് ഭ്രാന്തില്ലെന്ന്‌ , പക്ഷേ ഈ വേഷമാണ് അവന് ഒളിക്കാന്‍ ഏറ്റവും പറ്റിയതെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു.

മനസ്സുകള്‍ക്ക്‌ സംസാരിക്കാന്‍ ഭാഷ വേണ്ടല്ലോ !
സുകു എന്നോട്‌ ചോദിച്ചു
“ശാലിനിക്ക്‌ ഇനിയും ഭ്രാന്ത്‌ വരുമോ എനിക്കെന്റെ പഴയ വേഷം തിരികെ കിട്ടുമോ ?“

Saturday, July 28, 2007

സൈക്കിള്‍ യാത്രക്കാരി

കഥ ചുരുക്കത്തില്‍
ഞാന്‍ എന്റെ ഭാര്യയോട്‌ ചോദിച്ചു
“ നിങ്ങളുടെ നാട്ടില്‍ ആരാണ് ആദ്യമായി സൈക്കിളില്‍ യാത്ര ചെയ്‌ത പെണ്‍കുട്ടി ? “
ഉത്തരം വളരെ പെട്ടെന്ന്‌ കിട്ടി - “ ഞാന്‍ തന്നെ അല്ലാണ്ടാരാ “
എനിക്ക്‌ എന്റെ ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ ഞാനൊന്നു ചിരിക്കുകമാത്രം ചെയ്‌തു.

പക്ഷേ എന്റെ സുഹൃത്ത്‌ സുകു, സുകുവിന്റെ ഭാര്യയോട്‌ ഇതേ ചോദ്യം ചോദിച്ചു
“ നിങ്ങളുടെ നാട്ടില്‍ ആരാണ് ആദ്യമായി സൈക്കിളില്‍ യാത്ര ചെയ്‌ത പെണ്‍കുട്ടി ? “
അതേ ഉത്തരം തന്നെ കിട്ടി - “ ഞാന്‍ തന്നെ അല്ലാണ്ടാരാ “
സുകുവിന് ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ സുകുവിന് ചിരിക്കാനായില്ല – കരയാനും.

കഥ വിശദമായി
എല്ലാ തിങ്കളാഴ്‌ചയും വൈകിട്ട്‌ മലയാളം പ്രസംഗവേദിയുടെ മീറ്റിംഗ്‌ ഉണ്ടാകും. പ്രസംഗം കേള്‍ക്കാനും പ്രസംഗിച്ച്‌ പഠിക്കാനും ഞങ്ങള്‍ക്ക്‌ താത്‌പര്യം ഇല്ലാഞ്ഞിട്ടും വെറുതേ ആളുതികയ്‌ക്കാന്‍ ഞാനും സുകുവും പോയി എറ്റവും പിറകിലുള്ള ഓരോ കസേര കളില്‍ ഇരുന്നു. സുകുവിന്റെ ഭാര്യയും എന്റെ ഭാര്യയും ഒരേ നാട്ടുകാരാണെന്നതാണ് ഞങ്ങളെ സുഹൃത്തുക്കളാക്കിയ പ്രധാന ഘടകം.

മുഖ്യപ്രസംഗകന്‍ പ്രസംഗം തുടങ്ങി....
പ്രീയ സുഹൃത്തുക്കളേ......,
ഇന്നത്തെ നമ്മുടെ പ്രസംഗ വിഷയം
“ ആദ്യത്തെ സൈക്കിള്‍ യാത്രക്കാരി “ എന്നുള്ളതാണ്.
ഈ വിഷയം കേള്‍ക്കുമ്പോഴേ നമ്മുടെ ഓര്‍‌മ്മ 89 – 90 കാലഘട്ടങ്ങളിലേക്ക്‌ പോകും.
അന്നാണ് നാട്ടിന്‍പുറങ്ങളിലൊക്കെ പെണ്‍കുട്ടികള്‍ സൈക്കിളില്‍ യാത്ര ചെയ്യാന്‍ ആരംഭിച്ചത്‌.
നിങ്ങളുടെ നാട്ടില്‍ സൈക്കിളില്‍ യാത്രചെയ്യാന്‍ ആരംഭിച്ച പെണ്‍കുട്ടി ആരെന്ന്‌ ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ഥങ്ങളായ ഓരോ ഉത്തരങ്ങള്‍ ഉണ്ടാകും.
അവള്‍ ആരും ആയിക്കൊള്ളട്ടെ അവളെ നിങ്ങള്‍ക്ക്‌ മറക്കാനാകില്ലെന്ന്‌ എനിക്കുറപ്പുണ്ട്‌ !
ഒരും കാലഘട്ടത്തിന്റെ ചാലകശക്‌തിയായിരുന്നു ആ പെണ്‍‌കൊടി.

മുഖ്യപ്രസംഗകന്‍ പ്രസംഗം തുടരുകയാണ്......
എന്റെ നാട്ടില്‍ ഒരു ഇടത്തരം കുടുംബത്തിലെ ഒരു പെണ്‍കുട്ടിയാണ് ആദ്യമായ്‌ സൈക്കിളില്‍ യാത്രതുടങ്ങിയത്‌. പ്രീ-ഡിഗ്രി കഴിഞ്ഞപ്പോളേ അടുത്ത പട്ടണത്തിലെ ഒരു ഓഫീസില്‍ എന്തോ ചെറിയ ജോലി കിട്ടി. പ്രാരാബ്‌ദങ്ങളുടെ നടുവില്‍ ആ ജോലി കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു. മൂന്ന്‌ കിലോമീറ്റര്‍ ദൂരം ദിവസവും നടക്കുക ബുദ്ധിമുട്ടായതിനാല്‍ അവള്‍ സൈക്കിള്‍ യാത്ര സ്ഥിരമാക്കി.
ഞങ്ങള്‍ ചെറുപ്പക്കാര്‍ അവളുടെ ധൈര്യത്തെ അഭിനന്ദിച്ചു,
ചെറിയ കുട്ടികള്‍ ആരാധനയോടെ നോക്കി,
ചിലര്‍ക്ക്‌ അവളേപ്പറ്റി അഭിമാനം തോന്നി,
മറ്റു ചിലര്‍ക്ക്‌ അവളോട്‌ അസൂയ തോന്നി.
അയല്‍‌പക്കത്തെ പെണ്ണുങ്ങള്‍ തന്നെയാണ് അവളേപ്പറ്റി വേണ്ടാത്തതൊക്കെപ്പറഞ്ഞുണ്ടാക്കിയത്‌.
ഞങ്ങള്‍ ചെറുപ്പക്കാര്‍ അവള്‍ക്ക്‌ പൂര്‍ണ്ണപിന്തുണയുമായി രംഗത്തുണ്ടായിരുന്നു.
അവള്‍ കാണാന്‍ സുന്ദരിയായതിനാലാണ് ഞങ്ങള്‍ ചെറുപ്പക്കാര്‍ അവളെ പിന്തുണക്കുന്നതെന്ന പറച്ചിലിന് ഞങ്ങള്‍ ചെവികൊടുത്തില്ല.
ഞങ്ങള്‍ക്ക്‌ അവള്‍ വിപ്ലവകാരിയായിരുന്നു, വലിയൊരുവിപ്ലവത്തിന് തുടക്കക്കാരി.
പെട്ടെന്നാണ് കാര്യങ്ങള്‍ തിരിഞ്ഞുമറിഞ്ഞത്‌.
ചുണ്ടുകളില്‍ നിന്ന്‌ ചെവികളിലേക്ക്‌ കഥകള്‍ പരന്നത്‌ വളരെ പെട്ടെന്നായിരുന്നു.
അവള്‍ക്ക്‌ ജോലി നഷ്‌ടപ്പെട്ടു...
അവള്‍ക്ക്‌ ഓഫീസില്‍ ആരുമായോ അവിഹിതബന്‌ധം ഉണ്ടായിരുന്നു...
അവള്‍ക്ക്‌ മറ്റു പലരുമായും വേണ്ടാത്ത കൂട്ടുകെട്ടുണ്ടായിരുന്നു....

മുഖ്യപ്രസംഗകന്‍ പ്രസംഗം തുടരുകയാണ്......
അവള്‍ക്ക്‌ ജോലിനഷ്‌ടപ്പെട്ടിട്ടും അവള്‍ സ്ഥിരമായി ഒരേ സമയത്ത്‌ പട്ടണത്തിലേക്ക്‌ പോകുകയും പല സമയങ്ങളില്‍ തിരികെ വരികയും ചെയ്യുന്നത്‌ കണ്ട ഞങ്ങള്‍ക്കും അവളെ കൈവിടേണ്ടി വന്നു.
അവള്‍ പിഴച്ചവളാണെന്ന്‌ എല്ലാവരും മുദ്രകുത്തി.

മുഖ്യപ്രസംഗകന്‍ പ്രസംഗം തുടരുകയാണ്......
എന്നാല്‍ ഇന്ന്‌ കൈനറ്റിക്‌ ഹോണ്ടയിലും മാരുതിക്കാറിലും നമ്മുടെ അമ്മ പെങ്ങന്മാര്‍ അതേ നാട്ടിന്‍ പുറത്തൂടെ അഭിമാനത്തേടെ വിലസുമ്പോള്‍ എനിക്കവളെ മറക്കാനാകുന്നില്ല.
ഇതിനൊക്കെ തുടക്കം കുറിച്ച ആ പെണ്‍കുട്ടി വലിയൊരു വിപ്ലവകാരിയായിരുന്നു.
പ്രസംഗത്തേക്കാളുപരി സ്വന്തം ജീവിതം കൊണ്ട്‌ വിപ്ലവം തുടങ്ങിവെച്ച വിപ്ലവകാരി.

മുഖ്യപ്രസംഗകന്‍ പ്രസംഗം തുടരുകയാണ്......പക്ഷേ സുകു പ്രസംഗംനടക്കുന്ന ഹാള്‍വിട്ട്‌ പുറത്തിറങ്ങി. കൂടെ ഞാനും.
സുകു ആദ്യം മുതലേ അസ്വസ്‌തനായിരുന്നു.
എനിക്കറിയില്ലായിരുന്നു, സുകുവാണ് പറഞ്ഞത്‌ ആ മുഖ്യപ്രസംഗകന്‍ ഞങ്ങളുടെ ഭാര്യമാരുടെ നാട്ടുകാരനാണെന്ന്‌.
വിവാഹത്തിന്റെ ആദ്യനാളുകളില്‍ സുകുവിന്റെ ഭാര്യ പറഞ്ഞിട്ടുണ്ടുപോലും അവളാണ് അവരുടെ നാട്ടില്‍ ആദ്യമായി സൈക്കിള്‍ ഓടിച്ചതെന്ന്‌.
സുകുവിന് ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ സുകുവിന് ചിരിക്കാനായില്ല – കരയാനും.അപ്പോള്‍ ഞങ്ങളുടെ ഭാര്യമാരുടെ നാട്ടുകാരന്റെ പ്രസംഗം........
സുകു എന്തോ തീരുമാനിച്ചുറപ്പിച്ച്‌ വീട്ടിലേക്ക്‌ പോയി.

വിവാഹത്തിന്റെ ആദ്യനാളുകളില്‍ എന്റെ ഭാര്യ എന്നോടും പറഞ്ഞിട്ടുണ്ട്‌ അവളാണ് അവരുടെ നാട്ടില്‍ ആദ്യമായി സൈക്കിള്‍ ഓടിച്ചതെന്ന്‌. എനിക്ക്‌ എന്റെ ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ ഞാനൊന്നു ചിരിക്കുകമാത്രം ചെയ്‌തു.

നിങ്ങളുടെ സ്വന്തം പൊങ്ങച്ചക്കാരിയോട്‌ നിങ്ങള്‍ക്കും ഇതേ ചോദ്യം ചോദിക്കാം, ഉത്തരം കേട്ട്‌ ചിരിക്കാം.

Wednesday, July 25, 2007

സ്വന്തം പൊങ്ങച്ചക്കാരി

കഥ ചുരുക്കത്തില്‍
ഞാന്‍ എന്റെ ഭാര്യയോട്‌ ചോദിച്ചു
“ നിങ്ങളുടെ നാട്ടില്‍ ആരാണ് ആദ്യമായി സൈക്കിളിള്‍ യാത്ര ചെയ്‌ത പെണ്‍കുട്ടി ? “
ഉത്തരം വളരെ പെട്ടെന്ന്‌ കിട്ടി - “ ഞാന്‍ തന്നെ അല്ലാണ്ടാരാ “
എനിക്ക്‌ എന്റെ ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ ഞാനൊന്നു ചിരിക്കുകമാത്രം ചെയ്‌തു.

പക്ഷേ എന്റെ സുഹൃത്ത്‌ സുകു, സുകുവിന്റെ ഭാര്യയോട്‌ ഇതേ ചോദ്യം ചോദിച്ചു
“ നിങ്ങളുടെ നാട്ടില്‍ ആരാണ് ആദ്യമായി സൈക്കിളിള്‍ യാത്ര ചെയ്‌ത പെണ്‍കുട്ടി ? “
അതേ ഉത്തരം തന്നെ കിട്ടി - “ ഞാന്‍ തന്നെ അല്ലാണ്ടാരാ “
സുകുവിന് ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ സുകുവിന് ചിരിക്കാനായില്ല – കരയാനും.

Wednesday, July 18, 2007

അറ്റം വളഞ്ഞ ഊന്നുവടി

മുന്‍പ്‌ ഇവിടെ ചെമ്മണ്‍ പാതകള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ, ഇപ്പോള്‍ ഈ ഗ്രാമത്തിലെ എല്ലാ ചെറുറോഡുകളും തോടുകളും ടാറിട്ട്‌ അല്ലെങ്കില്‍ സിമന്റിട്ട്‌ നല്ല ഭംഗിയാക്കിയിരിക്കുന്നു.
വളരെക്കുറച്ചു ദിവസത്തെ അവധിയേയുള്ളെങ്കില്‍ നാട്ടിന്‍ പുറത്തൂടെ നടക്കുമ്പോള്‍ ഗള്‍ഫുകാരന് അനുഭവപ്പെടുന്ന കുളിര്‍മ്മ പറഞ്ഞറിയിക്കുവാന്‍ വയ്യാ
ഈ റോഡിന്റെ അവസാനത്തിലുള്ള വയലിലാണ് ഞങ്ങള്‍ കുട്ടികള്‍ കാല്‍പ്പന്ത്‌ കളിച്ചിരുന്നത്‌.

വയല്‍ നികത്തി ആരോ ഒരു കൂറ്റന്‍ മണിമാളിക പണിതിരിക്കുന്നു. പടുകൂറ്റന്‍ ഇരുമ്പ്‌ ഗേറ്റിന്റെ മുന്‍പില്‍ ഞാനൊന്നു നിന്നു.
മുറ്റത്തൊരു കസേരയില്‍ ആരോ ഇരിപ്പുണ്ട്‌. വീടിന്റെ കാവല്‍‌ക്കാരനാണോ അതോ വീട്ടുകാരനാണോ ? അതോ രണ്ടുമാണോ ?

അത്‌ പൊടിയച്ചനാണ്.
“ പൊടിയച്ചാ സുഖമാണോ ? “ ഞാന്‍ ചോദിച്ചു
“ അറിഞ്ഞിട്ടെന്നാ വേണം “ പൊടിയച്ചന്‍ അല്‌പം ദേഷ്യത്തിലാണ് ഒരു പക്ഷേ എന്നെ മനസ്സിലാകാഞ്ഞിട്ടായിരിക്കും.
“ പൊടിയച്ചാ ഞാന്‍ ഓടംവേലിലെ കോശിച്ചായന്റെ മൂന്നാമത്തെ മകന്‍ ബാജിയാ ” ഞാന്‍ സ്വയം പരിചയപ്പെടുത്തി.
“ നീ ആരായാല്‍ എനിക്കെന്താ, നിന്നേ മാതിരി എനിക്കുമുണ്ടെടാ പിള്ളേര് നാലെണ്ണം അവര്‍ ചോദിക്കാറില്ല, പിന്നെ നീ ആരാ എന്റെ സുഖം അന്വേക്ഷിക്കാന്‍ “ പൊടിയച്ചന്‍ നല്ല ചൂടിലാണ്.
“ പൊടിയച്ചാ ഞാന്‍ വെറുതേ .....” ഞാന്‍ വിക്കി
“ അറിയാമെടാ വെറുതെയാ എല്ലാം വെറുതേ “
ഞാന്‍ പോകുവാനായി മുന്നോട്ടാഞ്ഞു, പൊടിയച്ചന്‍ തന്റെ കൈയ്യിലുണ്ടായിരുന്ന ഊന്നുവടിയുടെ വളഞ്ഞ അറ്റം കൊണ്ട്‌ എന്റെ കഴുത്തില്‍ പിടിച്ചു.
“എനിക്കുമുണ്ടെടാ രണ്ടും രണ്ടും നാലു പിള്ളേര്‍, രണ്ടെണ്ണം ഗള്‍ഫിലും രണ്ടെണ്ണം അമേരിക്കയിലും “
ഞാന്‍ പോക്കറ്റില്‍ നിന്ന്‌ അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത്‌ പൊടിയച്ചന്റെ കൈയ്യില്‍ കൊടുത്ത്‌ ഒന്ന്‌ അനുനയിപ്പിക്കാന്‍ നോക്കി.
രൂപാ എന്റെ മുഖത്തേക്ക്‌ വലിച്ചെറിഞ്ഞു, അറ്റം വളഞ്ഞ ഊന്നുവടികൊണ്ട്‌ എന്റെ തലയ്‌ക്കടിച്ചു. കുറേ ചെക്കുകള്‍ എടുത്ത്‌ കാണിച്ചുകൊണ്ട്‌ അലറി.
“ എന്റെ പട്ടിക്കു വേണമെടാ നിന്റെയൊക്കെ പണം, എനിക്ക്‌ കാശിന്റെ കുറവൊന്നുമില്ല, ഈ ചെക്കുകള്‍ കൊണ്ട്‌ എല്ലാമാസവും ഒന്നാം തീയതി ബാങ്കില്‍ ചെന്നാല്‍ പണം കിട്ടും, ആണ്‍‌മക്കടെ പ്രതിഫലം. “

അപ്പോഴേക്കും പൊടിയച്ചന്റെ അതേ പ്രായമുള്ള മൂന്നു നാലു പേര്‍ അടുത്തുകൂടി, എല്ലാവരുടേയും കൈയ്യില്‍ അറ്റം വളഞ്ഞ ഊന്നുവടിയുണ്ടായിരുന്നു.
“ ദേ... ഇവന്‍ എന്നോട്‌ സുഖമാണോന്ന്‌ ചോദിക്കാന്‍ വന്നതാ ഏതോ വഴിപോക്കന്‍ “ പൊടിയച്ചന്‍ എന്നെ മറ്റുള്ളവര്‍ക്ക്‌ പരിചയപ്പെടുത്തി.

പൊടിയച്ചന്റെ മുഖത്തുകണ്ട ഭാവം മറ്റുള്ളവരിലേക്കും പകരുന്നത്‌ ഞാന്‍ കണ്ടു.
ഞാന്‍ അവിടെ നിന്നും ഓടി. ആരോ ഒരാള്‍ ഒരു കല്ലെടുത്ത്‌ എറിഞ്ഞത്‌ എന്റെ പുറത്തുതന്നെകൊണ്ടു.

ഞാന്‍ ഓടി ഓടി എന്റെ വീടിന്റെ ഗെയിറ്റില്‍ എത്തി, ഗെയിറ്റ്‌ തുറന്നു തന്നത്‌ എന്റെ അപ്പനാണ്. ഹോ രക്ഷപെട്ടു.

ഈ നാട്ടിലെ വയസ്സന്മാരൊന്നും ശരിയല്ല. ഇനിയും ഞാനില്ല നാട്ടിന്‍ പുറത്തൂടെ നടക്കാന്‍.

എന്റെ ലീവ്` വളരെപ്പെട്ടെന്ന്‌ തീര്‍ന്നു. എയര്‍‌പോര്‍‌ട്ടിലേക്ക്‌ പോകാന്‍ കാറില്‍ കയറുന്നതിനു മുന്‍‌പ്‌ എല്ലാപ്രാവശ്യവും ചെയ്യുന്നതുപോലെ അടുത്ത രണ്ട്‌ വര്‍ഷത്തേക്കുള്ള പോസ്‌റ്റ്‌ ഡേറ്റഡ്‌ ചെക്കുകള്‍ അപ്പന്റെ കൈയ്യില്‍ കൊടുത്തപ്പോളാണ് ശ്രദ്ധിച്ചത്‌ അപ്പന്റെ കൈയ്യിലും അറ്റം വളഞ്ഞ ഊന്നുവടിയുണ്ടായിരുന്നു.

വഴിയാത്രയില്‍ മുഴുവന്‍ ഞാന്‍ ആലോചിക്കുകയായിരുന്നു!
പൊടിയച്ചന്റെ കൈയ്യിലിരുന്ന അതേ വടിയാണോ എന്റെ അപ്പന്റെയും കൈയ്യിലുണ്ടായിരുന്നത്‌.
നാട്ടില്‍ ഇപ്പോള്‍ എല്ലാ വയസ്സന്മാരുടേയും കൈയ്യില്‍ അറ്റം വളഞ്ഞ ഊന്നുവടി ഉണ്ടാകുമോ ?

മരണത്തെപ്പോലും

നേടണം എന്തൊക്കയോ നേടണം
ഞാന്‍ അസ്വസ്‌ഥനാണ്‌

ആഹാരം, വസ്‌ത്രം, പാര്‍പ്പിടം ഇതൊക്കെ ഏതു തെണ്ടിക്കും വേണം
ആരോഗ്യം, അറിവ്‌, ആര്‍ഭാടം, ........ , ........., ..........
ഇതൊക്കെ നേടാന്‍ സമ്പത്ത്‌
സമ്പത്ത്‌ നിലനിര്‍ത്താന്‍ അധികാരം
അധികാരത്തിന്റെ എച്ചില്‍ തിന്നാന്‍ അണിയാളുകള്‍
ആയുധ മേന്തിയ അംഗരക്ഷകര്‍
നേടണം ഇനിയും എന്തൊക്കയോ നേടണം
ജീവിതസുരക്ഷിതത്വം വേണം
സ്വസ്‌ഥത, മനഃസമാധാനം, വിശ്രമം, ....... , .........
വേണം, വേണം , .........

ഇവിടേക്ക്‌ എന്നെ ആരാണ് കൂട്ടിക്കൊണ്ടുവന്നത്‌?
ഇവിടെ ആകുലതകളില്ല, സ്വസ്‌ഥതയുണ്ട്‌ ,
മനഃസമാധാനമുണ്ട്‌, വിശ്രമമുണ്ട്‌
ഇവിടെ സുരക്ഷിതത്വം ഉണ്ട്‌
മരണത്തെപ്പോലും ഭയക്കേണ്ട
ഈ മോര്‍ച്ചറിയില്‍ ഒരല്‌പം തണുപ്പ്‌ കൂടുതലാണെന്നുമാത്രം

Monday, July 9, 2007

കറങ്ങുന്ന കട്ടില്‍

ബസ്സ്‌ സ്‌റ്റോപ്പില്‍ വെച്ചാണ്‌ ഈ എത്യോപ്യന്‍ സുന്ദരിയെ പരിചയപ്പെട്ടത്‌.
‘കറങ്ങുന്ന കട്ടില്‍‘ വില്‍ക്കുന്ന കമ്പനിയുടെ സെയില്‍‌സ്‌ എക്‌സിക്കൂട്ടീവാണെന്ന്‌ സുന്ദരി സ്വയം പരിചയപ്പെടുത്തി.

ചുരുങ്ങിയ വാക്കുകളില്‍ ആരംഭിച്ച സംഭാഷണം ഭാഷയുടെ ബുദ്ധിമുട്ടുകള്‍ ഭേദിച്ച്‌ മുന്നേറി.
ബസ്സില്‍ ഒരേ സീറ്റിലിരുന്ന്‌ യാത്ര ചെയ്യാന്‍ ലഭിച്ച അവസരം ഞാന്‍ പാഴാക്കിയില്ല.
അവിവാഹിതനായ ഞാന്‍ ആദ്യമായാണ്‌ ഒരു പെണ്‍കുട്ടിയോടൊപ്പം ഒരേ സീറ്റിലിരുന്ന്‌ യാത്ര ചെയ്യുന്നത്‌.
ആ ബസ്സിലെ മറ്റ്‌ യാത്രക്കാരെയൊന്നും ഞാന്‍ കാണുന്നതേയില്ലായിരുന്നു.

സുന്ദരി കൂടുതല്‍ വാചാലയായി.
“കറങ്ങുന്ന കട്ടില്‍ വിദേശ നിര്‍മ്മിതമായ മെഡിക്കേറ്റഡ്‌ ബെഡ്ഡാണ്‌, ഇതില്‍ കിടന്നാല്‍ അസുഖങ്ങള്‍ വരില്ലെന്നു മാത്രമല്ല ഉളള അസുഖങ്ങളും പൂര്‍ണ്ണമായി മാറിക്കിട്ടും, ഈ കട്ടിലില്‍ കിടക്കേണ്ടതാമസം എല്ലാ ടെന്‍ഷനും മറന്ന്‌ ഉറങ്ങിക്കൊളളും“
ഇതിന്റെ ശരിയായ വില ഒരല്പം കൂടുതലാണ്‌ എന്നാല്‍ സുന്ദരിക്ക്‌ എന്നെ ഒത്തിരി ഇഷ്‌ടമായെന്നും അതിനാല്‍ പകുതി വിലയ്‌ക്ക്‌ തരാമെന്നും സമ്മതിച്ചു.

അത്രയും പറഞ്ഞപ്പോഴേക്കും സുന്ദരിക്ക്‌ ഇറങ്ങേണ്ട സ്‌റ്റോപ്പ്‌ എത്തി.
അവളുടെ ഓഫീസും വീടും ഒരേ ബില്‍ഡിംഗിലാണെന്നും വന്നാല്‍ കറങ്ങുന്ന കട്ടില്‍ കാണിച്ചുതരാമെന്നും പറഞ്ഞ്‌ വിസിറ്റിംഗ്‌ കാര്‍ഡും തന്ന് സുന്ദരി ബസ്സിറങ്ങി.

ഞാന്‍ കറങ്ങുന്ന കട്ടിലിനേപ്പറ്റിയും മറ്റും മറ്റും ഓര്‍ത്തിരുന്ന്‌ ഉറങ്ങിപ്പോയി.
സുന്ദരിയുടെ വിസ്സിറ്റിംഗ്‌ കാര്‍ഡ്‌ ബസ്സിന്റെ തുറന്നിട്ട വിന്‍‌ഡോയിലൂടെ പുറത്തേക്ക്‌ പോയത്‌ ഞാന്‍ അറിഞ്ഞതേയില്ല. എന്റെ സൂ‌ക്ഷമതക്കുറവിനേയും വീശിയടിച്ച കാറ്റിനേയും ശപിച്ചു.

ആ എത്യോപ്യന്‍ സുന്ദരിയെ പിന്നെ എല്ലായിടത്തും ഞാന്‍ തിരഞ്ഞു - കണ്ടെത്താനായില്ല.

അവസാനം ഇന്നത്തെ പത്രത്തില്‍ അവളുടെ ഫോട്ടോയും അടിക്കുറിപ്പും കണ്ടപ്പോള്‍ വിസിറ്റിംഗ്‌ കാര്‍ഡ്‌ നഷ്‌ടപ്പെട്ടത്‌ നല്ലതായെന്ന്‌ തോന്നി.

അല്ലെങ്കില്‍ കറങ്ങുന്ന കട്ടില്‍ കാണാന്‍ പോയി ഞാനും അക്ഷരാര്‍ത്ഥത്തില്‍ കറങ്ങിയേനെ.
നന്ദി കാറ്റേ നന്ദി.......

Saturday, July 7, 2007

കഥാസമാഹാരം

പാര്‍ക്കിലെ സ്വപ്‌ന ലോകത്തുനിന്നും ഉണരുന്നത്‌
ഈ ഭ്രാന്തിയുടെ പൊട്ടിച്ചിരികള്‍ കേള്‍ക്കുമ്പോഴാണ്
പ്രണയജോടികള്‍ കടന്നു പോകുമ്പോള്‍ അവര്‍ പൊട്ടിച്ചിരിക്കാറുണ്ട്‌
തന്റെ ഭൂതകാലം ഓര്‍ത്തിട്ടോ ?
അതോ ഈ ജോടികളുടെ ഭാവി ഓര്‍ത്തിട്ടോ ?
ഈ ഭ്രാന്തിക്കും ഒത്തിരി കഥകള്‍ പറയുവാനുണ്ടാകും
ആര്‍ക്കാണ് കഥകള്‍ ഇല്ലാത്തത്‌
ഓരോ മനുഷ്യരും വലിയ വലിയ കഥാസമാഹാരങ്ങളാണ്
ഈ ഭ്രാന്തിയ്‌ക്ക്‌ പൊട്ടിച്ചിരിക്കുവാനെങ്കിലും ആകുന്നല്ലോ !
ഇവിടെ ഒറ്റയ്‌ക്കിരിക്കുന്ന എനിക്ക്‌ അതിനു പോലും ആകുന്നില്ല

നിര്‍വ്വികാരന്‍

കുരുവികള്‍......കുരുവിക്കുഞ്ഞുങ്ങള്‍.....കുരുവിക്കൂട്‌......
എല്ലാം എത്ര മനോഹങ്ങളാണ്
കവിയായിരുന്നെങ്കില്‍ കവിതകള്‍ എഴുതാമായിരുന്നു
തീറ്റ തേടിപ്പോയ അമ്മക്കുരുവിയുടെ വരവിന്നായ്‌
കാത്തിരിക്കുന്ന കുരുവിക്കുഞ്ഞുങ്ങള്‍
ഇടയ്‌ക്കിടയ്‌ക്ക്‌ തല പുറത്തേക്കിട്ട്‌
അമ്മ വരുന്നോ എന്ന്‌ നോക്കുന്നുണ്ട്‌
ഗായകനായിരുന്നെങ്കില്‍ പാട്ട് പാടി ആശ്വസിപ്പിക്കാമായിരുന്നു
ഒരു നേരം അമ്മക്കുരുവിക്ക്‌ തിരികെവരാനായില്ലെങ്കില്‍
കുരുവിക്കുഞ്ഞുങ്ങള്‍ക്ക്‌ ആര് തീറ്റകൊടുക്കും
ആര് സ്‌നേഹം പകരും
ഒരു പക്ഷേ തല തല്ലിക്കരഞ്ഞ്‌ ചാകുമായിരിക്കും
ചിത്രകാരനായിരുന്നെങ്കില്‍ പുതിയ വര്‍ണ്ണങ്ങള്‍ വിരിക്കാമായിരുന്നു
കുരുവിക്കുഞ്ഞുങ്ങളെ ഞാന്‍ കാണുന്നു
ഞാന്‍ നിര്‍വ്വികാരനാണ് – ഞാന്‍ എന്തു ചെയ്യുവാന്‍
നിങ്ങളെച്ചൊല്ലി സഹതപിക്കുവാന്‍ പോലും എനിക്കറിയില്ല

ഭ്രാന്തന്‍ കാറ്റ്

മോഹങ്ങള്‍ക്ക് ചിറകുകള്‍ നല്‍കി പറക്കാന്‍ പഠിക്കുകയാണ്
ഉയരെ ഉയരെ മുന്നേറി
അവസാനം
ശാന്തി തേടിയിതാ ഈ കടല്‍ക്കരയില്‍
ഭ്രാന്തന്‍ കാറ്റുകള്‍ മാടി വിളിക്കുന്നു
ഇല്ല നിന്റെ അരികിലേക്ക് ഞാനില്ല
കാറ്റിന്റെ സംഗീതം എനിക്ക് ഇഷ്‌ടമാണ്
എന്നാല്‍ നീ ഭ്രാന്തന്‍ കാറ്റാണ്
എനിക്ക് നിന്നില്‍ വിശ്വാസമില്ല
പിന്നെങ്ങനെ ........... !
കടലില്‍ നിന്നും എന്തു ദൂരം പാലിക്കണമെന്ന്
ഞാന്‍ പഠിക്കുകയാണ്

സ്‌നേഹം

സ്നേഹമാകട്ടെ നമ്മുടെ മാധ്യമം
അതിലൂടെ നമുക്ക് സംവേദിക്കാം
സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും
ആഗ്രഹിക്കുന്ന ഒരുപാടു പേര്‍‌ക്കൊപ്പം
കരയുകയും ചിരിക്കുകയും ചെയ്യാം

ബന്ധങ്ങള്‍

ഞാന്‍ നിനക്കും, നീ എനിക്കും ആരോ ആയിരിക്കാം / ആണ്
സമൂഹത്തിന് മനസ്സിന്റെ ചലനങ്ങള്‍ അളക്കുന്ന സ്പ്ന്ദമാപിനി കൈമോശം വന്നിരിക്കുന്നു.
ഞാന്‍ നിനക്കാര് ? – നീ എനിക്കാര്?
ആരും ആര്‍ക്കും ആരുമല്ല
എല്ലാം വെറും തോന്നലുകള്‍ മാത്രം
തോന്നലുകള്‍ക്കും ഒരുകാതം മുന്‍‌പേയാണ് അനുഭവങ്ങള്‍
ജീവിതം അനുഭവങ്ങളുടെ കൂമ്പാരമാകണം

ചോദ്യങ്ങള്‍

നാം സ്വയം ചോദിക്കുക - ഉത്തരം കണ്ടെത്തുക
അല്ലെങ്കില്‍ നാളെ - കാലം നമുക്കു നേരെ
കൈ ചൂണ്ടി ചോദിക്കും
അന്ന് നാം ഉത്തരം മുട്ടേണ്ടിവരും

വികാരം

നമുക്ക് വികാരങ്ങള്‍ അന്യമായ്
ഇന്ന് എല്ലാം യാന്ത്രികമാണ്
ജനനമോ – മരണമോ
സന്തോഷമോ – സന്താപമോ
എല്ലാം ചടങ്ങുകള്‍ മാത്രം
മനുഷ്യ൯ വികാര ജീവിയാണ്
വികാരങ്ങള്‍ പ്രകടിപ്പിക്കുവാന്‍ നാം മനഃപൂര്‍വ്വമായ് പഠിക്കണം

Thursday, July 5, 2007

പായ

മോൾക്ക് പായുണ്ടോ ?
കിടക്കാന്‍ പായുണ്ടോ ?
അമ്മയ്ക്ക് പായില്ല
അമ്മച്ചിയ്ക്ക് പായില്ല
അപ്പച്ചന് രണ്ടു പായുണ്ട്
പപ്പായിക്ക് മൂന്നു പായുണ്ട്
ഉപ്പാപ്പന് നാല് പായുണ്ട്
കിടക്കാന്‍ പായില്ല

നന്ദി

പ്രണയജോടികള്‍ ഒരായിരം സ്വപ്നങ്ങള്‍‍ നെയ്തുകൂട്ടി
അവര്‍ ഒന്നിക്കുവാന്‍ സമൂഹം അനുവദിച്ചില്ല
ഒന്നിച്ച് ജീവിക്കാനായില്ലെങ്കില്‍ ഒന്നിച്ച് മരിക്കാം
അവരുടെ തീരുമാനം ഉറച്ചതായിരുന്നു
ലോകത്തോട് വെറുപ്പ് തോന്നി
ലോകം ഭസ്‌മം ആക്കുവാന്‍ മനസ്സ് വെമ്പി
പ്രണയ ജോടികളുടെ സ്വപ്നങ്ങള്‍‍ക്ക് –
അധികാരികള്‍ നിറം പകര്‍ന്നു
നമുക്ക് ഒന്നിച്ച് മരിക്കാം
നന്ദി ഒരായിരം നന്ദി

എപ്പോള്‍ മരിക്കണം

അധികാരമുളളവര്‍ ചിരിച്ചു
വലിയ വില കൊടുത്ത് വാങ്ങി
ഒന്നിച്ചു മരിക്കുവാനുള്ള അവകാശം
തീരുമാനിക്കുവാന്‍ ഇനി ഒന്നുമാത്രം
മരണം‌ രാത്രിയില്‍‌ വേണോ ?
മരണം പകല്‍ വേണോ ?
വോട്ടു ചെയ്യുവാന്‍ ക്യുവായ് നില്‍ക്കാം

സ്വാതന്ത്ര്യം - സമത്വം

നാം സ്വാതന്ത്ര്യം നേടി
അണുബോംബിന്‍ സ്വാതന്ത്ര്യം
നാം സമത്വം നേടി
മരണത്തിന്‍ സമത്വം

ഭിക്ഷക്കാരന്റെ സ്വപ്നം

അന്ന് :- കൈ കാലുകള്‍‌ ഒടിച്ച് ഭിക്ഷക്കാരനാക്കി

ഇന്ന് :- പിച്ചപ്പാത്രവും നിങ്ങള്‍ തട്ടിത്തെറിപ്പിച്ചു
കാഴ്ച്ക്കാരുടെ പോലും കണ്ണ് കുത്തിപ്പൊട്ടിച്ചു
കേള്‍ക്കുവാന്‍ പോലും അവകാശമില്ലേ ?

നാളെ :- സ്വപ്നങ്ങള്‍‌ക്ക് ചിറക് മുളയ്ക്കും
ആകാശത്തേക്ക് പറന്നുയരും
എണ്ണിത്തുടങ്ങിക്കോളൂ
9.... 8.... 7.... 6.... 5.... 4....