Monday, May 26, 2008

അടച്ചിട്ട വാതിലും നിറമുള്ള ഭിത്തിയും (കഥ)

“തെറ്റുകള്‍ മാനുഷികമാണ്, അത് ആവര്‍‌ത്തിക്കാതിരിക്കാനുള്ള ബോധപൂര്‍‌വ്വമായ ശ്രമം നമ്മില്‍ നിന്നും ഉണ്ടാകണം.“ പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയപ്പോള്‍ വീട്ടുകാരിക്ക് നല്‍‌കിയ ഉപദേശമാണ്.

മുന്‍‌പ് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും താമസം മാറുവാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയായിരുന്നു. അയല്‍ ഫ്‌ളാറ്റുകളുമായിട്ടുള്ള ബന്ധം ബന്ധനമാണെന്ന് തിരിച്ചറിയാന്‍ വളരെ വൈകിപ്പോയി.

അവര്‍‌ക്ക് എന്തൊക്കെയാണ് അറിയേണ്ടത്.
വീട്ടില്‍ ആരൊക്കെ വരുന്നു. വീട്ടിലുള്ളവര്‍ എങ്ങോട്ടെല്ലാമാണ് പോകുന്നത്. എപ്പോഴാണ് തിരികെ വരുന്നത്. ഓരോ ദിവസവും പുറത്തുപോയി വരുമ്പോള്‍ എന്തെല്ലാം പൊതിക്കെട്ടുകളാണ് കയ്യിലുള്ളത്.

അടച്ചിട്ട വാതിലും നിറമുള്ള ഭിത്തികളും അവരുടെ അസൂയ നിറഞ്ഞ തുറന്ന കണ്ണുകള്‍ക്കു മുന്‍‌പില്‍ ഒരു മറയായിരുന്നില്ല. അന്യരുടെ സ്വകാര്യതയിലേക്ക് ചൂഴ്ന്നിറങ്ങാന്‍ അവര്‍‌ക്ക് എന്തൊരു വിരുതായിരുന്നെന്നോ ?.

ഞങ്ങളുടെ വീട്ടില്‍ വന്ന് ചെവിതുറന്നിരുന്ന്, ഞങ്ങളെക്കുടുക്കാനുള്ള തന്ത്രം മെനയുന്നവരാണവര്‍. ഇവിടെക്കേട്ടതൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍‌ത്ത് നാലുപേരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ അവര്‍‌ക്ക് ഉറക്കം വരില്ല.

എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകളുടെ കൈയ്യില്‍ നിന്നും എന്തോ നോട്ട്ബുക്കു വാങ്ങാന്‍ വന്ന കൂടെ പഠിക്കുന്ന ഒരു ചെറുക്കനെപ്പറ്റി ഇക്കൂട്ടര്‍ എന്തെല്ലാമാണ് പറഞ്ഞു പരത്തിയതെന്നറിയാമോ ?

ചുരുക്കി പറഞ്ഞാല്‍ ഒരല്പം സ്വകാര്യത കൊതിച്ചുകൊണ്ടാണ് പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയത്. ഈ ബില്‍‌ഡിംഗിന്റെ ഓരോ നിലയിലും ഈരണ്ടു ഫ്‌ളാറ്റുകള്‍ മാത്രമേ ഉള്ളൂ എന്ന പ്രത്യേകതയാണ് ഈ ഫ്‌ളാറ്റുതന്നെ തിരഞ്ഞെടുക്കാന്‍ കാരണം.

കിച്ചണിലെ ജന്നാല തുറക്കുന്നത് അടുത്ത ഫ്‌ളാറ്റിന്റെ കിച്ചണ്‍ ജന്നാലയ്‌ക്ക് അഭിമുഖമായാണ്. അവരുടെ കര്‍‌ട്ടനിട്ട ജന്നാലയ്‌ക്ക് പിന്നില്‍ ഒരു സ്‌ത്രീരൂപം മിന്നിമറയാറുണ്ടെന്ന് വീട്ടുകാരി പറഞ്ഞു.

ആ നിഴല്‍ രൂപം കണ്ടപ്പോള്‍ത്തന്നെ അവളൊരു ഫാഷന്‍കാരിയാണെന്ന് വീട്ടുകാരി ഉറപ്പിച്ചു. അഴിഞ്ഞാ‍ട്ടക്കാരിയാകാനും വഴിയുണ്ടെന്ന് സൂചിപ്പിച്ചു. അങ്ങോട്ടെങ്ങും എത്തിവലിഞ്ഞു നോക്കരുതെന്ന് എന്നെ വിലക്കുകയും ചെയ്‌തു.

അവിടെയൊരു കൊച്ചുകുട്ടിയുണ്ടെന്നും അതിന്റെ കരച്ചില്‍ ഞാന്‍ ചിലപ്പോളൊക്കെ കേള്‍ക്കാറുണ്ടെന്നു വീട്ടുകാരിയോടു പറഞ്ഞപ്പോള്‍ അവള്‍ ദേഷ്യപ്പെടുകയാണുണ്ടായത്.

“അവിടെ പിള്ളേരൊന്നുമില്ല. അത് നിങ്ങളുടെ മനസ്സിന്റെ ആഗ്രഹം കൊണ്ട് വെറുതേ തോന്നുന്നതാ...., ഇവിടെയുള്ള ഒരെണ്ണം എട്ടാം ക്ലാസ്സില്‍ എത്തിയെന്നകാര്യം മറക്കേണ്ട. അതും പെങ്കൊച്ചാണ്. ഇന്നത്തെക്കാലത്ത് കൊള്ളാവുന്ന ഒരുത്തന്റെ കൂടെ ഇറക്കി വിടാനെത്ര പണം വേണമെന്ന വിചാരം വല്ലതും നിങ്ങള്‍ക്കുണ്ടോ..., ഒരു ഉത്തരവാദിത്തവും ഇല്ലാതെ ഇപ്പോളും കൊച്ചു കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നു... എന്നേം കൊണ്ട് വേണ്ടാത്തതൊന്നും പറയിക്കരുത്...” വീട്ടുകാരിയുടെ വക പിറുപിറുപ്പ്.

അവിടെയൊരു കുട്ടിയുണ്ടെന്നും കുട്ടി ചിലപ്പോളൊക്കെ ഉച്ചത്തില്‍ കരയാറുണ്ടെന്നും വീട്ടുകാരിയെ വിശ്വസിപ്പിക്കാനൊന്നും നിന്നില്ല. അവള്‍ സ്വയം കേട്ട് ബോധ്യപ്പെടുന്ന ദിവസത്തിനായ് ക്ഷമയോടെ കാത്തിരുന്നു.

ഞങ്ങള്‍ പല ദിവസങ്ങളിലും ചെവി വട്ടം പിടിച്ച് കണ്ടെത്തി അവിടെ നിന്നും ചില സമയങ്ങളില്‍ ഉയരുന്ന പരുക്കന്‍ ശബ്‌ദം ഒരേ പുരുഷന്റേതാണ്. അത് അവരുടെ ഭര്‍‌ത്താവായിരിക്കും.

അവിടെ ഭാര്യയും ഭര്‍‌ത്താവും ഒരു കുട്ടിയും താമസിക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പിച്ചു. കുട്ടിയുടെ കാര്യത്തില്‍ വീട്ടുകാരി സമ്മതം മൂളിയിട്ടില്ല.

അവിടെ നിന്നും ഉയര്‍‌ന്നു കേട്ട സ്‌റ്റീരിയോ സംഗീതത്തെപ്പറ്റി മകള്‍ പരാതി പറഞ്ഞപ്പോളാണ് അക്കാര്യം ശ്രദ്ധിച്ചത്.

ശബ്‌ദ കോലാഹലം മൂലം മകള്‍‌ക്ക് പഠനത്തില്‍ ശ്രദ്ധിക്കാനാവുന്നില്ല. പരീക്ഷയും അടുത്തു വരികയാണ്.

അവരുടെ ഫ്‌ളറ്റിന്റെ കോളിംഗ് ബെല്ലില്‍ വിരലമര്‍‌ത്തണമെന്നും വാതില്‍ തുറക്കുമ്പോള്‍ സ്‌റ്റീരിയോ ശബ്‌ദം കുറച്ചു വെയ്‌ക്കുവാന്‍ ആവശ്യപ്പെടണമെന്നും പല പ്രാവശ്യം വിചാരിച്ചതാണ്. ആ ഒരു കണ്ടു മുട്ടലിലൂടെ അവര്‍ തങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയെങ്കിലോ എന്നു വിചാരിച്ച് ആ കൂടിക്കാഴ്‌ച മനഃപൂര്‍വ്വം ഒഴിവാക്കി.

മാറ്റങ്ങള്‍ക്കനുസരിച്ച് സമരസപ്പെടുന്നതിലൂടെയാണ് മനുഷ്യര്‍‌ക്ക് നേട്ടങ്ങള്‍ കൊയ്യാനാകുന്നതെന്ന് മകളെ പറഞ്ഞു മനസ്സിലാക്കി. ഞങ്ങള്‍ സ്വയം മാറി.

മകള്‍ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പഠിക്കാന്‍ ശീലിച്ചു. വീട്ടുകാരി ആ സംഗീതത്തിന്റെ താളത്തില്‍ അടുക്കളയിലെ ജോലികള്‍ ചെയ്യുന്നത് സോഫായില്‍ ചാരിക്കിടന്ന് ഞാന്‍ ആസ്വദിച്ചു.

മണിക്കുട്ടി ഗര്‍ഭിണിയായപ്പോളാണ് അവളും ഈ കഥയിലെ ഒരു കഥാപാത്രമാകുന്നത്. മണിക്കുട്ടി വീട്ടുകാരിയുടെ പുന്നാര പൂച്ചക്കുട്ടിയാണ്.

അവള്‍ക്ക് ഗര്‍‌ഭമുണ്ടെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. അതെങ്ങനെ സംഭവിക്കാനാണ്. അവള്‍ ഈ വീടു വിട്ട് പുറത്തേക്കെങ്ങും പോകാറില്ല. അവളുടെ വര്‍‌ഗ്ഗത്തില്‍പ്പെട്ട ആരും ഈ വീട്ടിലില്ലെന്നു മാത്രമല്ല ആരും ഇങ്ങോട്ടു വരാറുമില്ല. പിന്നെ എങ്ങനെയിതു സംഭവിച്ചു എന്നത് ആശ്ചര്യമായി തോന്നി.

“ നമ്മുടെ മണിക്കുട്ടി അടുക്കളയിലെ ജന്നാല വഴി പൈപ്പില്‍ കൂടി അടുത്ത വീട്ടിലെ അടുക്കള ജന്നലിലൂടെ അവിടേക്ക് പോകാറുണ്ട്. “ എട്ടാം ക്ലാസ്സുകാരി അറിവ് വിളമ്പി.

അവിടെയൊരു കണ്ടന്‍ പൂച്ചയും ഉണ്ടെന്നത് ഞങ്ങള്‍ക്ക് പുതിയൊരു അറിവായിരുന്നു.

വീട്ടുകാരി മകളെ ഒത്തിരി ഗുണദോഷിച്ചു. ഇതൊന്നും കണ്ടു പഠിക്കില്ലെന്നും എല്ലാവരേയും കൊണ്ട് നല്ലതേ പറയിക്കൂ എന്നും സത്യം ചെയ്യിച്ചു.

ഗര്‍‌ഭിണിയായ പൂച്ചയെ ഒരു സ്‌ത്രീയണെന്ന സത്യം മറന്ന് വീട്ടുകാരി കാലുകൊണ്ട് തൊഴിച്ചപ്പോള്‍ എന്റെ പുരുഷ മനസ്സു പോലും വേദനിച്ചു.

അന്നു മുതല്‍ മണിക്കുട്ടിയെ കാണാതായി. ആദ്യമൊക്കെ വീട്ടുകാരിക്ക് വിഷമം ഉണ്ടായിരുന്നെങ്കിലും ക്രമേണ അതൊക്കെ മാറി.

വലിയ വയറും വെച്ച് മണിക്കുട്ടി ജന്നല്‍ വഴി പൈപ്പില്‍ കൂടി ഒരു സര്‍‌ക്കസുകാരിയേപ്പോലെ അടുത്ത ഫ്‌ളാറ്റിലേക്ക് പോകുന്നത് ഞാന്‍ കണ്ടെങ്കിലും ആരോടും പറഞ്ഞില്ല.

അവിടെച്ചെന്ന് അവരുടെ കണ്ടന്‍ പൂച്ചയെ മര്യാദക്ക് വളര്‍‌ത്തണമെന്ന് പറയണമായിരുന്നെങ്കിലും, സ്വയം നിയന്ത്രിച്ചു. അയല്‍ ബന്ധം തുടങ്ങുവാനുള്ള അവസരങ്ങളെല്ലാം മനഃപൂര്‍‌വ്വം ഒഴിവാക്കിക്കോണ്ടേയിരുന്നു.

ആഴ്‌ചകള്‍ക്കു ശേഷം മണിക്കുട്ടി നാലു പൂച്ചക്കുട്ടികളേയും കൊണ്ട് ജന്നല്‍ ചാടി വന്നപ്പോള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചത് വീട്ടുകാരി തന്നെയാണ്. അവള്‍ സ്‌ത്രീയാണ് എല്ലാം മറക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടവള്‍.

കഴിഞ്ഞ ആഴ്‌ച ഒരു ദിവസം ഒരു അപരിചിതന്‍ വന്ന് കോളിംഗ് ബെല്ലടിച്ച് അടുത്ത ഫ്‌ളാറ്റില്‍ ആരും ഇല്ലയോ എന്നു ചോദിച്ചു. ചോദ്യം കേട്ടപ്പോള്‍ത്തന്നെ ദേഷ്യം വന്നെങ്കിലും, അറിയില്ല പുറത്തെങ്ങാനും പോയതായിരിക്കുമെന്നു മാത്രം ഉത്തരം പറഞ്ഞു.

വരുമ്പോള്‍ അവരുടെ കൈയില്‍ കൊടുക്കാനെന്നും പറഞ്ഞ് ഒരു കത്തു തന്ന് അപരിചിതന്‍ പോയി.

അന്നേരം തന്നെ ആ കത്ത് അവരുടെ ഡോറിന്റെ അടിയിലുള്ള വിടവിലൂടെ ഉള്ളിലേക്ക് തള്ളി ജോലി തീര്‍‌ത്തു.

ഏകദേശം ഒന്നര വര്‍‌ഷക്കാലം അവിടെത്താമസിച്ചിട്ടും അവരുമായി യാതൊരു ബന്ധമോ ഇല്ലായിരുന്നു.

കഴിഞ്ഞ കുറേ ദിവസമായി എവിടെയോ എലി ചത്തു നാറുന്നുണ്ടെന്ന് വീട്ടുകാരി പറഞ്ഞപ്പോള്‍ ഞാന്‍ കാര്യമാക്കിയില്ല. പക്ഷേ നാറ്റം കൂടി വന്നപ്പോള്‍ എവിടെയാണ് എലി ചത്തു കിടക്കുന്നതെന്ന് അന്വേഷണമായി. ഫ്‌ളാറ്റിന്റെ മുക്കും മൂലയും അടുക്കിപ്പറുക്കി തൂത്തുവാരി വൃത്തിയാക്കിയിട്ടും ചത്ത എലിയെ മാത്രം കിട്ടിയില്ലെന്നു മാത്രമല്ല നാറ്റത്തിന് കുറവുമില്ല.

ഇനിയും അടുത്ത വീട്ടിലെങ്ങാനും....
അവിടെ നിന്നും കുറേ ദിവസങ്ങളായി സ്‌റ്റീരിയോ ശബ്‌ദം കേട്ടിരുന്നില്ലെന്നുള്ള സത്യം അപ്പോള്‍ ഓര്‍‌മ്മയിലെത്തി.

അവിടെ നിന്നാകും ഈ സഹിക്കാന്‍ പറ്റാത്ത നാറ്റം.

ഒന്നര വര്‍ഷത്തിനു ശേഷം ആദ്യമായ് ആ ഫ്‌ളാറ്റിന്റെ കോളിംഗ് ബെല്ലടിക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായി.

ഒരു ബെല്ലടിച്ച്, കാത്തു നിന്നു... ആരും വാതില്‍ തുറന്നില്ല....
പല പ്രാവശ്യം കോളിംഗ് ബെല്ല് നീട്ടിയടിച്ചു....... ആരും വാതില്‍ തുറന്നില്ല.....

മണം പിടിക്കാന്‍ പണ്ടേ മിടുക്കനായ എന്റെ മൂക്ക് തിരിച്ചറിയുന്നുണ്ടായിരുന്നു അത് ചത്ത എലിയുടെ നാറ്റം അല്ല... പിന്നെയോ.... അത് അളിഞ്ഞ മനുഷ്യശരീരത്തിന്റെ നാറ്റമാണ്. അത് അവരുടെ ഫ്‌ളാറ്റില്‍ നിന്നു തന്നെയാണ് നിര്‍ഗ്ഗമിച്ചു കൊണ്ടിരുന്നത്.

ഞാന്‍ വീട്ടുകാരിയോടു പറഞ്ഞു ഇത് ചത്ത എലിയുടെ നാറ്റമല്ല. അടുത്ത വീട്ടിലെ ഭാര്യയും ഭര്‍‌ത്താവും കുഞ്ഞും വീടിനകത്തു കിടന്ന് ചത്ത് അളിഞ്ഞ് നാറുന്നതാ..

വീട്ടുകാരി കുഞ്ഞിന്റെ കാര്യം സമ്മതിക്കാന്‍ അപ്പോഴും തയ്യാറായിരുന്നില്ല.

“ ഇല്ല അവിടെയൊരു കുഞ്ഞ് ഉണ്ടായിരുന്നില്ല അത് നിങ്ങളുടെ തോന്നല്‍ മാത്രമാണ്. അവിടെയൊരു സ്‌ത്രീയും പുരുഷനും മാത്രമേ ഉണ്ടായിരുന്നുള്ളു” വീട്ടുകാരി ഉറപ്പിച്ചു പറഞ്ഞു.

ഞാന്‍ ഉടന്‍ തന്നെ ബില്‍‌ഡിംഗ് ഓണറുടെ ഓഫീസിലേക്കു പോയി. ഫ്‌ളാറ്റ് ഒഴിയുകയാണെന്നറിയിച്ച് താക്കോല്‍ തിരികെ കൊടുത്തു. കുടിശ്ശിക വാടകയോടോപ്പം ഒരു മാസത്തെ വാടകയും അധികം കൊടുക്കേണ്ടി വന്നു.

ഉടന്‍ തന്നെ വലിയൊരു വണ്ടി വിളിച്ച് വീട്ടു സാധനങ്ങളെല്ലാം അതില്‍ കയറ്റി മരുഭൂമിയുടെ നടുവില്‍, ചുറ്റും മതിലുള്ള ഒരു വില്ലയിലേക്ക് താമസം മാറ്റി. ഇനിയും മനുഷനേയും പ്രേതത്തെയും പേടിക്കേണ്ടല്ലോ ?