Saturday, July 28, 2007

സൈക്കിള്‍ യാത്രക്കാരി

കഥ ചുരുക്കത്തില്‍
ഞാന്‍ എന്റെ ഭാര്യയോട്‌ ചോദിച്ചു
“ നിങ്ങളുടെ നാട്ടില്‍ ആരാണ് ആദ്യമായി സൈക്കിളില്‍ യാത്ര ചെയ്‌ത പെണ്‍കുട്ടി ? “
ഉത്തരം വളരെ പെട്ടെന്ന്‌ കിട്ടി - “ ഞാന്‍ തന്നെ അല്ലാണ്ടാരാ “
എനിക്ക്‌ എന്റെ ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ ഞാനൊന്നു ചിരിക്കുകമാത്രം ചെയ്‌തു.

പക്ഷേ എന്റെ സുഹൃത്ത്‌ സുകു, സുകുവിന്റെ ഭാര്യയോട്‌ ഇതേ ചോദ്യം ചോദിച്ചു
“ നിങ്ങളുടെ നാട്ടില്‍ ആരാണ് ആദ്യമായി സൈക്കിളില്‍ യാത്ര ചെയ്‌ത പെണ്‍കുട്ടി ? “
അതേ ഉത്തരം തന്നെ കിട്ടി - “ ഞാന്‍ തന്നെ അല്ലാണ്ടാരാ “
സുകുവിന് ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ സുകുവിന് ചിരിക്കാനായില്ല – കരയാനും.

കഥ വിശദമായി
എല്ലാ തിങ്കളാഴ്‌ചയും വൈകിട്ട്‌ മലയാളം പ്രസംഗവേദിയുടെ മീറ്റിംഗ്‌ ഉണ്ടാകും. പ്രസംഗം കേള്‍ക്കാനും പ്രസംഗിച്ച്‌ പഠിക്കാനും ഞങ്ങള്‍ക്ക്‌ താത്‌പര്യം ഇല്ലാഞ്ഞിട്ടും വെറുതേ ആളുതികയ്‌ക്കാന്‍ ഞാനും സുകുവും പോയി എറ്റവും പിറകിലുള്ള ഓരോ കസേര കളില്‍ ഇരുന്നു. സുകുവിന്റെ ഭാര്യയും എന്റെ ഭാര്യയും ഒരേ നാട്ടുകാരാണെന്നതാണ് ഞങ്ങളെ സുഹൃത്തുക്കളാക്കിയ പ്രധാന ഘടകം.

മുഖ്യപ്രസംഗകന്‍ പ്രസംഗം തുടങ്ങി....
പ്രീയ സുഹൃത്തുക്കളേ......,
ഇന്നത്തെ നമ്മുടെ പ്രസംഗ വിഷയം
“ ആദ്യത്തെ സൈക്കിള്‍ യാത്രക്കാരി “ എന്നുള്ളതാണ്.
ഈ വിഷയം കേള്‍ക്കുമ്പോഴേ നമ്മുടെ ഓര്‍‌മ്മ 89 – 90 കാലഘട്ടങ്ങളിലേക്ക്‌ പോകും.
അന്നാണ് നാട്ടിന്‍പുറങ്ങളിലൊക്കെ പെണ്‍കുട്ടികള്‍ സൈക്കിളില്‍ യാത്ര ചെയ്യാന്‍ ആരംഭിച്ചത്‌.
നിങ്ങളുടെ നാട്ടില്‍ സൈക്കിളില്‍ യാത്രചെയ്യാന്‍ ആരംഭിച്ച പെണ്‍കുട്ടി ആരെന്ന്‌ ചോദിച്ചാല്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ഥങ്ങളായ ഓരോ ഉത്തരങ്ങള്‍ ഉണ്ടാകും.
അവള്‍ ആരും ആയിക്കൊള്ളട്ടെ അവളെ നിങ്ങള്‍ക്ക്‌ മറക്കാനാകില്ലെന്ന്‌ എനിക്കുറപ്പുണ്ട്‌ !
ഒരും കാലഘട്ടത്തിന്റെ ചാലകശക്‌തിയായിരുന്നു ആ പെണ്‍‌കൊടി.

മുഖ്യപ്രസംഗകന്‍ പ്രസംഗം തുടരുകയാണ്......
എന്റെ നാട്ടില്‍ ഒരു ഇടത്തരം കുടുംബത്തിലെ ഒരു പെണ്‍കുട്ടിയാണ് ആദ്യമായ്‌ സൈക്കിളില്‍ യാത്രതുടങ്ങിയത്‌. പ്രീ-ഡിഗ്രി കഴിഞ്ഞപ്പോളേ അടുത്ത പട്ടണത്തിലെ ഒരു ഓഫീസില്‍ എന്തോ ചെറിയ ജോലി കിട്ടി. പ്രാരാബ്‌ദങ്ങളുടെ നടുവില്‍ ആ ജോലി കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു. മൂന്ന്‌ കിലോമീറ്റര്‍ ദൂരം ദിവസവും നടക്കുക ബുദ്ധിമുട്ടായതിനാല്‍ അവള്‍ സൈക്കിള്‍ യാത്ര സ്ഥിരമാക്കി.
ഞങ്ങള്‍ ചെറുപ്പക്കാര്‍ അവളുടെ ധൈര്യത്തെ അഭിനന്ദിച്ചു,
ചെറിയ കുട്ടികള്‍ ആരാധനയോടെ നോക്കി,
ചിലര്‍ക്ക്‌ അവളേപ്പറ്റി അഭിമാനം തോന്നി,
മറ്റു ചിലര്‍ക്ക്‌ അവളോട്‌ അസൂയ തോന്നി.
അയല്‍‌പക്കത്തെ പെണ്ണുങ്ങള്‍ തന്നെയാണ് അവളേപ്പറ്റി വേണ്ടാത്തതൊക്കെപ്പറഞ്ഞുണ്ടാക്കിയത്‌.
ഞങ്ങള്‍ ചെറുപ്പക്കാര്‍ അവള്‍ക്ക്‌ പൂര്‍ണ്ണപിന്തുണയുമായി രംഗത്തുണ്ടായിരുന്നു.
അവള്‍ കാണാന്‍ സുന്ദരിയായതിനാലാണ് ഞങ്ങള്‍ ചെറുപ്പക്കാര്‍ അവളെ പിന്തുണക്കുന്നതെന്ന പറച്ചിലിന് ഞങ്ങള്‍ ചെവികൊടുത്തില്ല.
ഞങ്ങള്‍ക്ക്‌ അവള്‍ വിപ്ലവകാരിയായിരുന്നു, വലിയൊരുവിപ്ലവത്തിന് തുടക്കക്കാരി.
പെട്ടെന്നാണ് കാര്യങ്ങള്‍ തിരിഞ്ഞുമറിഞ്ഞത്‌.
ചുണ്ടുകളില്‍ നിന്ന്‌ ചെവികളിലേക്ക്‌ കഥകള്‍ പരന്നത്‌ വളരെ പെട്ടെന്നായിരുന്നു.
അവള്‍ക്ക്‌ ജോലി നഷ്‌ടപ്പെട്ടു...
അവള്‍ക്ക്‌ ഓഫീസില്‍ ആരുമായോ അവിഹിതബന്‌ധം ഉണ്ടായിരുന്നു...
അവള്‍ക്ക്‌ മറ്റു പലരുമായും വേണ്ടാത്ത കൂട്ടുകെട്ടുണ്ടായിരുന്നു....

മുഖ്യപ്രസംഗകന്‍ പ്രസംഗം തുടരുകയാണ്......
അവള്‍ക്ക്‌ ജോലിനഷ്‌ടപ്പെട്ടിട്ടും അവള്‍ സ്ഥിരമായി ഒരേ സമയത്ത്‌ പട്ടണത്തിലേക്ക്‌ പോകുകയും പല സമയങ്ങളില്‍ തിരികെ വരികയും ചെയ്യുന്നത്‌ കണ്ട ഞങ്ങള്‍ക്കും അവളെ കൈവിടേണ്ടി വന്നു.
അവള്‍ പിഴച്ചവളാണെന്ന്‌ എല്ലാവരും മുദ്രകുത്തി.

മുഖ്യപ്രസംഗകന്‍ പ്രസംഗം തുടരുകയാണ്......
എന്നാല്‍ ഇന്ന്‌ കൈനറ്റിക്‌ ഹോണ്ടയിലും മാരുതിക്കാറിലും നമ്മുടെ അമ്മ പെങ്ങന്മാര്‍ അതേ നാട്ടിന്‍ പുറത്തൂടെ അഭിമാനത്തേടെ വിലസുമ്പോള്‍ എനിക്കവളെ മറക്കാനാകുന്നില്ല.
ഇതിനൊക്കെ തുടക്കം കുറിച്ച ആ പെണ്‍കുട്ടി വലിയൊരു വിപ്ലവകാരിയായിരുന്നു.
പ്രസംഗത്തേക്കാളുപരി സ്വന്തം ജീവിതം കൊണ്ട്‌ വിപ്ലവം തുടങ്ങിവെച്ച വിപ്ലവകാരി.

മുഖ്യപ്രസംഗകന്‍ പ്രസംഗം തുടരുകയാണ്......പക്ഷേ സുകു പ്രസംഗംനടക്കുന്ന ഹാള്‍വിട്ട്‌ പുറത്തിറങ്ങി. കൂടെ ഞാനും.
സുകു ആദ്യം മുതലേ അസ്വസ്‌തനായിരുന്നു.
എനിക്കറിയില്ലായിരുന്നു, സുകുവാണ് പറഞ്ഞത്‌ ആ മുഖ്യപ്രസംഗകന്‍ ഞങ്ങളുടെ ഭാര്യമാരുടെ നാട്ടുകാരനാണെന്ന്‌.
വിവാഹത്തിന്റെ ആദ്യനാളുകളില്‍ സുകുവിന്റെ ഭാര്യ പറഞ്ഞിട്ടുണ്ടുപോലും അവളാണ് അവരുടെ നാട്ടില്‍ ആദ്യമായി സൈക്കിള്‍ ഓടിച്ചതെന്ന്‌.
സുകുവിന് ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ സുകുവിന് ചിരിക്കാനായില്ല – കരയാനും.അപ്പോള്‍ ഞങ്ങളുടെ ഭാര്യമാരുടെ നാട്ടുകാരന്റെ പ്രസംഗം........
സുകു എന്തോ തീരുമാനിച്ചുറപ്പിച്ച്‌ വീട്ടിലേക്ക്‌ പോയി.

വിവാഹത്തിന്റെ ആദ്യനാളുകളില്‍ എന്റെ ഭാര്യ എന്നോടും പറഞ്ഞിട്ടുണ്ട്‌ അവളാണ് അവരുടെ നാട്ടില്‍ ആദ്യമായി സൈക്കിള്‍ ഓടിച്ചതെന്ന്‌. എനിക്ക്‌ എന്റെ ഭാര്യയെ നല്ലവണ്ണം അറിയാവുന്നതുകൊണ്ട്‌ ഞാനൊന്നു ചിരിക്കുകമാത്രം ചെയ്‌തു.

നിങ്ങളുടെ സ്വന്തം പൊങ്ങച്ചക്കാരിയോട്‌ നിങ്ങള്‍ക്കും ഇതേ ചോദ്യം ചോദിക്കാം, ഉത്തരം കേട്ട്‌ ചിരിക്കാം.

6 comments:

മൈന said...

മനോഹരമായിരിക്കുന്നു. ഞങ്ങളുടെ നാട്ടില്‍ സൈക്കിള്‍ യാത്രക്കാരികള്‍ ആരുമുണ്ടായിരുന്നില്ല അന്നും ഇന്നും. പുരുഷപ്രജകള്‍ തന്നെ പൊങ്ങച്ചക്കാരികളോട്‌ ചോദിക്കട്ടെ

മുസാഫിര്‍ said...

ച്ഛേ ! പെണ്ണുങ്ങള്‍ക്കു ചുമ്മാ ഒരു പൊങ്ങച്ചവും പറയാന്‍ പാടില്ലെന്നായോ ദൈവമെ ??

ദില്‍ബാസുരന്‍ said...

മനോഹരമായിട്ടുണ്ട്.

Anonymous said...

AV,無碼,a片免費看,自拍貼圖,伊莉,微風論壇,成人聊天室,成人電影,成人文學,成人貼圖區,成人網站,一葉情貼圖片區,色情漫畫,言情小說,情色論壇,臺灣情色網,色情影片,色情,成人影城,080視訊聊天室,a片,A漫,h漫,麗的色遊戲,同志色教館,AV女優,SEX,咆哮小老鼠,85cc免費影片,正妹牆,ut聊天室,豆豆聊天室,聊天室,情色小說,aio,成人,微風成人,做愛,成人貼圖,18成人,嘟嘟成人網,aio交友愛情館,情色文學,色情小說,色情網站,情色,A片下載,嘟嘟情人色網,成人影片,成人圖片,成人文章,成人小說,成人漫畫,視訊聊天室,性愛,a片,AV女優,聊天室,情色

Anonymous said...

ഇതു വായിച്ചപ്പൊള്‍ ഞാന്‍ ചിന്തിച്ചത് ഞങ്ങളുടെ നാട്ടില്‍ അരായിരിക്കും ആദ്യം സൈക്കിള്‍ ഓടിച്ച പെണ്‍കട്ടി എന്ന് ചോദ്യം പപ്പായോടു ചോദിച്ചപ്പൊള്‍...... ഉടന്‍ തന്ന ഉത്തരം നമ്മുടെ നാട്ടില്‍ അറിയില്ല? നിന്റെ മമ്മിയുടെ നാട്ടില്‍ ആരെന്നു പറയാം.... നിന്റെ മമ്മി അല്ലാതെ ആരാ.......!

SERIN ABRAHAM CHACKO / സെറിന്‍ എബ്രഹാം ചാക്കോ said...

ഇതു വായിച്ചപ്പൊള്‍ ഞാന്‍ ചിന്തിച്ചത് ഞങ്ങളുടെ നാട്ടില്‍ അരായിരിക്കും ആദ്യം സൈക്കിള്‍ ഓടിച്ച പെണ്‍കട്ടി എന്ന് ചോദ്യം പപ്പായോടു ചോദിച്ചപ്പൊള്‍...... ഉടന്‍ തന്ന ഉത്തരം നമ്മുടെ നാട്ടില്‍ അറിയില്ല? നിന്റെ മമ്മിയുടെ നാട്ടില്‍ ആരെന്നു പറയാം.... നിന്റെ മമ്മി അല്ലാതെ ആരാ.......!