Tuesday, July 31, 2007

പഞ്ചാബിഭ്രാന്തന്‍

ഞാനും സുകുവും ഒന്നിച്ച്‌ പഠിച്ച്‌ , കളിച്ച്‌ വളര്‍ന്നവരാണ്. എല്ലാറ്റിലും അവന്‍ തന്നെയായിരുന്നു മുന്നില്‍. എപ്പോഴോ കൂട്ടുകാരെല്ലാം അവനെ പിന്‍‌തള്ളി ബഹുദൂരം മുന്നേറി. അവന്‍ തന്റെ ദാരിദ്ര്യത്തെ സ്വയം പഴിച്ചു.

ഒരു പെണ്ണിനെ പോറ്റാനുള്ള സമ്പാദ്യവും ജോലിയും ഒന്നും ഇല്ലാത്ത സുകുവിന് ആര് പെണ്ണുകൊടുക്കാന്‍ ! ഒരല്പം വൈകിയാണെങ്കിലും സുകുവിനും പെണ്ണുകിട്ടി.

“നിനക്ക്‌ ഭ്രാന്തുണ്ടോ ? “ ഞാന്‍ ചോദിച്ചു
അവന്‍ ഒന്ന്‌ ചിരിക്കുകമാത്രം ചെയ്‌തു.
“നീയല്ലാതെ മറ്റാരും ഈ സാഹസത്തിനു മുതിരില്ല“ ഞാന്‍ പറഞ്ഞു നിര്‍ത്തി.
അവന്റെ തീരുമാനം ഉറച്ചതായിരുന്നു.
ശാലിനിയെ വിവാഹം കഴിക്കാന്‍ സുകു തീരുമാനിച്ചുകഴിഞ്ഞിരുന്നു.

ഞങ്ങളുടെ നാട്ടിലെ വലിയ പണക്കാരന്റെ പണക്കാരിയായ ഏകമകളാണ് ശാലിനി. ശാലിനിക്ക്‌ ഭ്രാന്തുണ്ടെന്ന്‌ നാട്ടില്‍ എല്ലാവര്‍ക്കും അറിയാം. ചെറുപ്പം മുതലേ ദാരിദ്ര്യത്തിന്റെ കൈപ്പുനീര്‍ കുടിച്ചു വളര്‍ന്ന സുകുവിന് പണക്കാരനാകാനുള്ള കുറുക്കുവഴിയായിരുന്നു ഭ്രാന്ത്‌.

സുകു ഭ്രാന്തിയായ ശാലിനിക്കു ഭര്‍ത്താവായി.
വര്‍ഷം ഒന്നു കഴിയേണ്ട താമസം ഭ്രാന്തിയായ ശാലിനി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു.
പ്രസവത്തോടുകൂടി ശാലിനിയുടെ ഭ്രാന്ത്‌ മാറി.
ഭ്രാന്തിയായ ശാലിനി , ‘പണക്കാരി‘യായ ശാലിനിയായിമാറി.
ഭ്രാന്തിയുടെ മാത്രം ഭര്‍ത്താവായിരുന്നു സുകു.
പണക്കാരിക്ക്‌ സുകു അധികപ്പറ്റായിരുന്നു.

സ്വന്തം വീട്ടില്‍ നിന്നും മുന്നമേ തള്ളപ്പെട്ട സുകു,
ണക്കാരന്റെ വീട്ടില്‍ നിന്നും പുറന്തള്ളപ്പെട്ടു.

ശാലിനി മറ്റൊരു പണക്കാരനെ വിവാഹം കഴിച്ചു. അതിലൊരു പെണ്‍കുട്ടിയും ഉണ്ടായി. ഫ്രീയായിക്കിട്ടിയ ഒന്നും സ്വന്തം ഒന്നും കൂടി രണ്ടെന്ന്‌ കണക്കുകൂട്ടുവാന്‍ പണക്കാരന്‍ ഭര്‍ത്താവിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

നാട്ടില്‍ അലഞ്ഞു നടക്കുന്ന ‘പഞ്ചാബിഭ്രാന്തന്‍‘ സുകുവാണെന്ന്‌ നാട്ടുകാര്‍ മനഃപൂര്‍വ്വം മറന്നു.

മുഷിഞ്ഞ കൈലിയും ഉടുപ്പും നീട്ടിവളര്‍ത്തിയിരിക്കുന്ന താടിയും ജടപിടിച്ച തലമുടികെട്ടിവെച്ചിരിക്കുന്നതും കണ്ടാല്‍ അതൊരു പഞ്ചാബിതന്നെയാണെന്ന്‌ ആര്‍ക്കും തോന്നിപ്പോകും. ആ തലേക്കെട്ട്‌ കണ്ടാണ് കുട്ടികള്‍ പഞ്ചാബിഭ്രാന്തന്‍ എന്ന്‌ പേര് നല്‍കിയത്‌.

നാട്ടിലെ ഇംഗ്ലീഷ്‌ മീഡിയം സ്‌ക്കൂളിന്റെ യൂറിന്‍‌ഷെഡിന്റെ പിന്നിലാണ് പഞ്ചാബിഭ്രാന്തന്റെ വാസം. വാച്ച്‌മാന്‍ ഓടിച്ചാല്‍ പള്ളിവക ശവക്കോട്ടയില്‍ പോയിക്കിടക്കും. ഭക്ഷണം മിക്കദിവസവും സ്‌ക്കൂളില്‍ നിന്നു തന്നെയാണ്. കുട്ടികള്‍ വലിച്ചെറിയുന്ന എച്ചില്‍ പൊതികള്‍ ആഹാരമായി. സ്‌ക്കൂളിന് അവധിയുള്ള ദിവസങ്ങളില്‍ പട്ടിണിയാണോന്ന്‌ ആരും തിരക്കാറില്ല. ഒരല്പം ദൂരെയുള്ള ഓഡിറ്റോറിയത്തില്‍ കല്ല്യാണസദ്യയുള്ളപ്പോള്‍ ചിലരൊക്കെ പിന്നമ്പുറത്ത്‌ ഇലയിട്ട്‌ ചോറ്‌ വിളമ്പാറുണ്ടായിരുന്നു. പഞ്ചാബിഭ്രാന്തന് കുട്ടികളെ വളരെ ഇഷ്‌ടമാണെങ്കിലും കുട്ടികള്‍ കൂകി വിളിക്കും ചിലര്‍ കല്ലെറിയും. തന്നെ കളിയാക്കുന്ന കുട്ടികളില്‍ ഒന്ന്‌ തന്റെ രക്ത മാണെന്ന അറിവില്‍ എല്ലാം സഹിക്കും. നാട്ടിലെ അമ്മമാര്‍ കുട്ടികളെ പേടിപ്പിക്കാന്‍ പഞ്ചാബിഭ്രാന്തനെ വിളിക്കുമെന്നാണ് പറയാറുള്ളത്‌.

എന്തായാലും സുകു തന്റെ വേഷം നന്നായി അഭിനയിക്കുന്നുണ്ട്‌.

“ സത്യത്തില്‍ നിനക്ക് ഭ്രാന്തുണ്ടോ ? “ ബസ്‌ സ്‌റ്റോപ്പില്‍ ആകാശത്തേക്ക്‌ നോക്കി അലക്ഷ്യമായി ഇരിക്കുന്ന പഞ്ചാബിഭ്രാന്തനോട്‌ ഞാന്‍ ചോദിച്ചു.
അവന്‍ കേട്ടതായി ഭാവിച്ചില്ല.
“ സുകൂ...., നിനക്ക്‌ ഭ്രാന്തുണ്ടോ ? “ ഞാന്‍ വീണ്ടും ചോദിച്ചു
വര്‍ഷങ്ങള്‍ക്ക്‌ ശേഷം തന്റെ പേര് കേട്ടതിനാലാകാം അവന്‍ എന്റെ മുഖത്തേക്കൊന്നു നോക്കി.
അവന്‍ ഒന്നു ചിരിച്ചോ! അതോ എനിക്ക്‌ തോന്നിയതാണോ?
വര്‍ഷങ്ങളായി സുകു ആരോടും സംസാരിച്ചിട്ടില്ല, ഇന്ന്‌ സുകു പഞ്ചാബിഭ്രാന്തനാണ്, പഞ്ചാബിയെങ്ങനെ മലയാളത്തിലുള്ള എന്റെ ചോദ്യം കേള്‍ക്കും. എങ്ങനെ ഉത്തരം പറയും.

എനിക്കറിയാം സുകുവിന് ഭ്രാന്തില്ലെന്ന്‌ , പക്ഷേ ഈ വേഷമാണ് അവന് ഒളിക്കാന്‍ ഏറ്റവും പറ്റിയതെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു.

മനസ്സുകള്‍ക്ക്‌ സംസാരിക്കാന്‍ ഭാഷ വേണ്ടല്ലോ !
സുകു എന്നോട്‌ ചോദിച്ചു
“ശാലിനിക്ക്‌ ഇനിയും ഭ്രാന്ത്‌ വരുമോ എനിക്കെന്റെ പഴയ വേഷം തിരികെ കിട്ടുമോ ?“

7 comments:

കുഞ്ഞന്‍ said...

ബാാാാാജി,

കൊള്ളാം, എന്നാലുമൊരു അതിഭാവകത്വം ഫീല്‍ ചെയ്യുന്നു.

dens said...

good one dear keep on blogging. sorry for being in english. don't know how to key in malayalam.)

ഇക്കു said...

:)

സാരംഗി said...

'മൂന്നാം പിറ' എന്ന പഴയൊരു തമിഴ് സിനിമ കണ്ടിട്ടുണ്ടോ? അത് ഓര്‍മ വന്നു, ഏകദേശം സുകുവിന്റേത് പോലുള്ള കഥയാണ്‌, പക്ഷേ വളരെ നല്ല സിനിമ. ഇനിയുമെഴുതൂ ബാജി.

Raji Chandrasekhar said...

മനസ്സുകള്‍ക്ക്‌ സംസാരിക്കാന്‍ ഭാഷ വേണ്ടല്ലോ !
എന്നാലും "വെറുതെ ഓരോന്ന് കുത്തിക്കുറിക്കും. ആരെങ്കിലും‌ ഒക്കെ വായിക്കും. നിങ്ങള്‍‌ വളരെ തിരക്കുള്ള ആളാണെന്ന് അറിയാം. എന്നാലും സമയം കിട്ടിയാല്‍ ദയവായി വായിക്കുക. കഴിവതും‌ ചുരുക്കി മാത്രമേ എഴുതുകയുള്ളു." ഇത് വിനയാന്വിതനായ ഒരു കഥാകാരന്റെ ’കുറിപ്പുകള്‍’ .

തീര്‍ച്ചയായും വായിക്കാന്‍ തോന്നുന്ന രീതിയിലാണ് രചന, അതെത്ര അനായാസമാന് നിര്‍വ്വഹിച്ചിരിക്കുന്നതെന്നുകൂടി അറിയുമ്പോഴേ ആ വിനയത്തിന്റെ ആഴം നമുക്ക് മനസ്സിലാവുകയുള്ളു.
പഞ്ചാബിഭ്രാന്തന്‍
സൈക്കിള്‍ യാത്രക്കാരി
അറ്റം വളഞ്ഞ ഊന്നുവടി
കറങ്ങുന്ന കട്ടില്‍
കഥാസമാഹാരം

എല്ലാം ഇനിയുമെന്തൊക്കെയോ പറയാനുള്ള തയ്യാറെടുപ്പിന്റെ മുന്നോടി മാത്രം.
ഞാന്‍ ഇനിയും വായിക്കാം...

മയൂര said...

അവതരണശൈലി ഇഷ്‌ടമായി.........

Anonymous said...

AV,無碼,a片免費看,自拍貼圖,伊莉,微風論壇,成人聊天室,成人電影,成人文學,成人貼圖區,成人網站,一葉情貼圖片區,色情漫畫,言情小說,情色論壇,臺灣情色網,色情影片,色情,成人影城,080視訊聊天室,a片,A漫,h漫,麗的色遊戲,同志色教館,AV女優,SEX,咆哮小老鼠,85cc免費影片,正妹牆,ut聊天室,豆豆聊天室,聊天室,情色小說,aio,成人,微風成人,做愛,成人貼圖,18成人,嘟嘟成人網,aio交友愛情館,情色文學,色情小說,色情網站,情色,A片下載,嘟嘟情人色網,成人影片,成人圖片,成人文章,成人小說,成人漫畫,視訊聊天室,性愛,a片,AV女優,聊天室,情色