Thursday, November 19, 2009

അവതാരിക - ബെന്യാമിന്‍ - ബാജിയുടെ 25 കഥകള്‍


സൂക്ഷ്‌മ പ്രപഞ്ചത്തില്‍ നിന്നുള്ള കഥകള്‍ - ബെന്യാമിന്‍


അറിയാത്തെ ലോകത്തിന്റെ കൌതുക കഥകള്‍ വായനക്കാരനില്‍ എത്തിക്കുക എന്ന ദൌത്യമാണ്‍ ഓരോ എഴുത്തുകാരനും തന്റെ കഥയെഴുത്തിലൂടെ നിര്‍വ്വഹിക്കുന്ന പ്രാഥമിക ധര്‍മ്മം.

വായനക്കാരന്റെ സാധാരണ ദൃഷ്‌ടികള്‍ക്ക് പിടിച്ചെടുക്കാനാവാത്ത രണ്ടുതരം ലോകങ്ങളാണ് നമുക്കു മുന്നിലുള്ളത്. അകലെയുള്ളതും ദൃഷ്‌ടിപഥത്തില്‍ എത്താത്തതുമായ ഒരു ലോകം. അടുത്തുള്ളതും നമ്മള്‍ കാണാതെ പോകുന്നതുമായ മറ്റൊരു ലോകം. ഈ രണ്ടു ലോകങ്ങളേയും കഥകളില്‍ എത്തിക്കാന്‍ കഥാകാരന്‍ തിരഞ്ഞെടുക്കുന്ന മാപിനികള്‍ വ്യത്യസ്‌തമാണ്. ഒന്നിനു വേണ്ടത് ദുരദര്‍ശിനിയാണെങ്കില്‍ അടുത്തതിന് വേണ്ടത് സൂക്ഷ്‌മദര്‍ശിനിയാണ്‍. ദൂരദര്‍ശിനികളാകട്ടെ അതിന്റെ വീക്‌ഷണ പരിധി അനുസരിച്ച് വ്യത്യസ്‌തതരം കാഴ്‌ചകളേയും അകലങ്ങളേയുമാണ് പിടിച്ചെടുക്കുന്നത്. സൂക്‌ഷമദര്‍ശിനികള്‍ അതിന്റെ സ്വഭാവമനുസരിച്ച് കാണുന്ന കാഴ്‌ചകളെ വ്യത്യസ്‌ത വലുപ്പത്തില്‍ കാണിച്ചു തരുന്നു. ഈ കാഴ്‌ചയുടെ വ്യത്യാസമാണ് ഓരോ എഴുത്തുകാരനെയും മറ്റൊരാളില്‍ നിന്ന് വ്യത്യസ്‌തനാക്കി നിര്‍ത്തുന്ന ഘടകം. താന്‍ കണ്ട കാഴ്‌ചകളെ വായനക്കാരന്‍ കാണാവുന്ന ദൃശ്യപരിധിയിലേക്കു കൊണ്ടുവരുന്നതിലുമുണ്ട് ഓരോ എഴുത്തുകാരനും വ്യതിയാനങ്ങളും വ്യതിരിക്‌തതകളും.

ഒരു ചിത്രകാരനും ഒരിക്കലും ഒരു ആനയെ അതിന്റെ യഥാര്‍ത്ഥ വലുപ്പത്തിലും ഒരു ഈച്ചയെ അതിന്റെ യഥാരത്ഥ ചെറുപ്പത്തിലും വരയ്‌ക്കാറില്ലല്ലോ. ഈ ചെറുതാക്കലും വലുതാക്കലും കഥയിലും സംഭവിക്കുന്നുണ്ട്. ഏതാണതിനു പറ്റിയ അളവുകോല്‍ എന്ന് നിശ്‌ചയിക്കുന്നത് എഴുത്തുകാരന്റെ സംവേദനശീലവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഒരു പുതിയ എഴുത്തുകാരന്റെ കഥകളിലൂടെ കടന്നു പോകുമ്പോള്‍ ഏതൊക്കെതരം മാപിനികളും ദര്‍ശിനികളും ഉപയോഗിച്ചാണ് അയാള്‍ തന്റെ കഥകള്‍ സൃഷ്‌ടിച്ചിരിക്കുന്നത് എന്നന്വേഷിക്കുന്നത് കൌതുകകരമായിരിക്കും.

ബാജിയുടെ ആദ്യകഥാസമാഹാരത്തിലെ കഥകളെ ആ രിതിയില്‍ വായിക്കുമ്പോള്‍ നമുക്കു ചുറ്റും നിത്യവും സംഭവിക്കുന്നതും എന്നാല്‍ നമ്മുടെ സാധാരണ നേത്രങ്ങള്‍ പിടിച്ചെടുക്കാത്തതുമായ കാഴ്‌ചകളെ നമ്മുടെ മുന്നില്‍ എത്തിക്കുന്ന, സൂക്ഷ്‌മദര്‍ശിനി തന്റെ കണ്ണുകളില്‍ പിടിപ്പിച്ച ഒരു കഥാകാരനെ നമുക്ക് കാണാനാവുന്നു. ആ കാഴ്‌ചകള്‍ വരച്ചിടുന്ന പ്രതലമാകട്ടെ ചിലപ്പോള്‍ അതിശയോക്‌തിയുടെയും ചിലപ്പോള്‍ ന്യൂനോക്‌തിയുടെയും ചിലപ്പോള്‍ നേര്‍ക്കാഴ്‌ചയുടേതുമാണ്. വായനക്കാരന്റെ ഗൃഹാതുര സ്വപ്‌നങ്ങളെ തൃപ്‌തിപ്പെടുത്തുന്ന ഹരിതശാദ്വല ഭൂലികളോ ചിത്രങ്ങളോ ബാജിയുടെ കഥകളില്‍ കാണാനാവില്ല. ഗള്‍ഫിന്റെ വരണ്ടതും വിളറിയതുമായ കാഴ്‌ചകളാണ്‍ അവയില്‍ ഏറെയും.

ബാജിയുടെ കഥകളില്‍ വിശദാംശങ്ങളുടെ ഇഴയലുകളില്ല. അവ ഒറ്റക്കാഴ്‌ചയിലൊതുങ്ങുന്ന സ്‌നാപ്‌ഷോട്ട് ചിത്രങ്ങളാണ്‍. ബാജിയുടെ കഥകളില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും സങ്കല്‌പഭൂമികളില്‍ മേയുന്ന കാല്പനീക മനസ്സുകളെ കണ്ടെത്താനാവില്ല. അതില്‍ പിടിച്ചു നില്‍പ്പിനും പണസമ്പാദനത്തിനുമായി ജീവിതം തന്നെ മാറ്റിവച്ചിരിക്കുന്നവരുടെ നേര്‍ചിത്രങ്ങളെയുള്ളു.

ബാജിയുടെ കഥകളില്‍ അമാനുഷികരും തത്വചിന്തകരും ബൌദ്ധികാന്വേഷകരും ചരിത്രകുതുകികളും ഇല്ല. അവിടെ പച്ച മനുഷ്യരും സാധാരണ ചിന്തക്കാരും തന്റെ ജീവിതത്തിനപ്പുറം ചരിത്രമോ സാമൂഹിക പ്രതിബദ്ധതയോ ഇല്ലാത്തവ്രുമേയുള്ളൂ. അങ്ങനെയാണ് ബാജിയുടെ കഥകള്‍ ഇന്നിന്റെ ലോകത്തിനെ, അതിന്റെ വിക്ഷണത്തെ, അതിന്റെ ഹൃസ്വദൃഷ്‌ടിയെ, അതിന്റെ ചരിത്രശൂന്യതയെ, അതിന്റെ അരാഷ്‌ടികതയെ കൃത്യം പ്രതിഫലിപ്പിക്കുന്ന സമകാലികകഥകളായി മാറുന്നത്.

ബാജിയുടെ കഥകളിലെ മിക്ക കഥ പാത്രങ്ങള്‍ക്കും പേരികളില്ല. അതുകൊണ്ടു തന്നെ അതാരിലേക്കും പ്രത്യേകം കൈ ചൂണ്ടുന്നില്ല. അതു ആരുടെയെങ്കിലും കഥകള്‍ ആവുന്നില്ല. പകരം ഞാനോ നിങ്ങളോ ആകാവുന്ന ഇടത്തിലാണ്‍ ആ കഥാപാത്രങ്ങളുടെ നില്‌പ്‌. അങ്ങനെ ആ കഥകള്‍ അവനവനിലേക്ക് ചൂണ്ടുന്നതു അവനവനിലേക്ക് നീളുന്നതു അവനവന്റെ കാഴ്‌ചകളെ കാണിക്കുന്നതുമായ കാഴ്‌ചകളായി മാറുന്നു.
ബാജിയുടെ ഭഷയിലുമുണ്ട് ഈ വ്യതിരക്‌തത. അത് എനിക്കും അവനും ഇടയിലുള്ള ഒരു പ്രത്യേക ശൂന്യസ്‌ഥകത്താണ് നില്‍ക്കുന്നത്. ഈ കഥകളില്‍ ഞാനാണുള്ളതെന്ന കുമ്പസാരമോ അവനാണുള്ളതെന്നുള്ള കുറ്റപ്പെടുത്തലോ അതുകൊണ്ടുതന്നെ സാധ്യമല്ല.

ഈ സമൂഹത്തിലെ ആരെയും ഏതു കഥാസ്ഥനത്തും പ്രതിഷ്‌ഠിക്കാവുന്ന തരം അനുവദനീയതയാണ് ഈ കഥകളില്‍ കാണുന്നത്.

ഒരു കഥാസമാഹാരം പരിചയപ്പെടുത്തുമ്പോള്‍ ഇത്തരം പൊതു നിരീക്ഷണങ്ങള്‍ക്കപ്പുറമുള്ള അതിസൂക്ഷ്‌മവായന ഉചിതമല്ല. അത് സംഭവിക്കേണ്ടത് ഓരോ വായക്കാരന്റെയും മനസ്സിനുള്ളിലാണ്. അതിനപ്പുറമുള്ള വായനകളും പരിചയപ്പെടുത്തലും യഥാര്‍ത്ഥവും സത്യസന്ധവുമായ വായനയ്‌ക്കുമേല്‍ അവതാരകന്റെ ചിന്തകളും വീക്ഷണങ്ങളും കുത്തിവയ്‌ക്കുന്നതിലേ കലാശിക്കൂ. അത് വായനക്കരന്റെ സ്വാതന്ത്ര്യത്തോടു ചെയ്യുന്ന അനീതിയാണ്‍.

പരിചിതനായ ഒരു എഴുത്തുകാരന്റെ വിവിധ കൃതികള്‍ വായിക്കുമ്പോള്‍ ഒരു പരിചിത പ്രപഞ്ചത്തിന്റെ വിവിധ കാഴ്‌ചകള്‍ നാം കാണുക മാത്രമാണ്‍ ചെയ്യുന്നത്. എന്നാല്‍ ഒരു പുതിയ എഴുത്തുകാരന്റെ കൃതി വായിക്കുമ്പോള്‍ നമുക്ക് അപരിചിതമായ ഒരു പുതിയ പ്രപഞ്ചത്തെ നാം പരിചയപ്പെടുകയാണ്‍ ചെയ്യുന്നത്. അതുകൊണ്ടാണ്‍ പുതിയ വായനകള്‍ നമ്മെ കൂടുതല്‍ ആകര്‍ഷിക്കേണ്ടത് അനിവാര്യമാകുന്നത്.
ബാജിയുടെ കഥകള്‍ ഇതുവരെ നാന്‍ കണ്ടിട്ടില്ലാത്ത ഒരു പുതിയ ലോകത്തിനെ, പുതിയ കാഴ്‌ചയെ പ്രദാനം ചെയ്യും എന്ന വിശ്വാസത്തോടെ.


ബെന്യാമിന്‍.

Thursday, November 12, 2009

മുഖമില്ലാത്തവര്‍

മാധവനും മല്ലികയും ആ വലിയ മരത്തിന്റെ തണലില്‍ ഇരിക്കുകയായിരുന്നു.

മാധവന്‍ മല്ലികയുടെ കൈ പിടിച്ച് എന്തൊക്കയോ പറയുന്നുണ്ട്. മാധവന് കൈനോട്ടം വശമുണ്ടാകും. മല്ലികയുടെ ഭൂതം ഓര്‍മ്മിപ്പിക്കുകയും ഭാവി പ്രവചിക്കുകയുമാകാം.

അവര്‍ തമ്മില്‍ പ്രണയമൊന്നുമല്ല. നിലാവുണ്ടായിരുന്നെങ്കില്‍ പ്രണയത്തിലേക്കും അതിനപ്പുറത്തേക്കും വളരാന്‍ സാധ്യതയുള്ള ഒരു സൌഹൃദം. ഒരു വെറും ആണ്‍ - പെണ്‍ സൌഹൃദം മാത്രം.

ഞാനൊരു കരടിയുടെ മുഖം‌മൂടിവെച്ച്‌ അവരുടെ മുമ്പില്‍ ചാടിവീണും.

മാധവന്‍ ഒറ്റച്ചാട്ടത്തിന് മരത്തിന്റെ കൊമ്പില്‍ കയറി.

മല്ലിക ചത്തതുപോലെ തറയില്‍ മലര്‍ന്നു കിടന്നു. കരടി മണത്തുനോക്കി. ശവത്തിന്റെ മണമൊന്നുമില്ല. മല്ലിക ശ്വാസം പിടിച്ച്‌ കിടക്കാന്‍ നന്നേ പണിപ്പെടുന്നുണ്ട്‌.

കരടി മല്ലികയ്യുടെ ചെവിയില്‍ പറഞ്ഞു. “ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ കൂട്ടുകാരന്‍. മാധവനെ വിശ്വസിക്കാന്‍ കൊള്ളില്ല നീ എന്റെ കൂടെ പോരു...”

കരടി മല്ലികയേയും ചുമലിലേറ്റി കടല്‍ക്കരയിലേക്ക്‌ പോയി.

ഞാന്‍ കരടിയുടെ മുഖം‌മൂടി കടലിലേക്ക്‌ വലിച്ചെറിഞ്ഞ്‌ പൊട്ടിച്ചിരിച്ചു
മല്ലികയെ ഇക്കിളിയിട്ട് പൊട്ടിച്ചിരിപ്പിക്കാന്‍ ശ്രമിച്ചു
കളിവീടുണ്ടാക്കി
തിരകളെണ്ണി
കടല്‍ക്കരയില്‍ നല്ല നിലാവുണ്ടായിരുന്നു.

പെട്ടെന്ന്‌ നാല് മുഖമൂടികള്‍ ഞങ്ങളുടെ മുമ്പില്‍ ചാടി വീണു. അവര്‍ മുഖം‌മൂടികള്‍ അല്ലായിരുന്നു. മുഖമില്ലാത്തവരായിരുന്നു.

ഞാനും മല്ലികയും മരിച്ചതു പോലെ ശ്വാസം പിടിച്ച് മലര്‍ന്നു കിടന്നു.

മുഖമില്ലാത്തവര്‍ നാലു പേരും ചേര്‍ന്ന്‌ മല്ലികയെ പൊക്കിയെടുത്തു. ഞങ്ങള്‍ മരിച്ചവരേപ്പോലെ അഭിനയിക്കുകയല്ലേ നിലവിളിക്കാന്‍ പാടില്ലല്ലോ!

ഒരു മുഖമില്ലാത്തവന്‍ അവളുടെ ഹാന്‍ഡ് ബാഗ്‌ കാലിയാക്കി എന്റെ നേരെ വലിച്ചെറിഞ്ഞു.

ദുഷ്‌ടന്മാര്‍ അവര്‍ മല്ലികയേയും കൊണ്ട് പോകുകയാണ്.
മുഖമില്ലാത്തവര്‍ കട്ടാളന്മാരാണ്, കാടത്തം കാണിക്കാന്‍ മടിയില്ലാത്തവര്‍.
മുഖമില്ലാത്തവര്‍ക്ക്‌ അമ്മ – പെങ്ങന്മാര്‍ ഇല്ലേ ?
അവരെന്റെ മല്ലികയേയും കൊണ്ട്‌ പോകുകയാണോ ?
ഈ മുഖമില്ലാത്തവര്‍ ദുഷ്‌ടന്മാരാണ് അവര്‍ അവളെ പിച്ചിചീന്തുമെന്ന്‌ ഉറപ്പാണ്.
എങ്കിലും എനിക്ക്‌ എന്തു ചെയ്യാനാവും.
ഞാനും മരിച്ചതായി അഭിനയിക്കുകയാണ്.
ശ്വാസം വിടുന്നതുപോലും ആരും അറിയാതെ വേണം.
പിന്നെങ്ങനെ നിലവിളിക്കും
പിന്നെങ്ങനെ പ്രതികരിക്കും
പിന്നെങ്ങനെ പ്രതിരോധിക്കും

മല്ലികയും മുഖമില്ലാത്തവരും കാഴ്‌ചയില്‍ നിന്നും മറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റ് വീട്ടിലേക്ക്‌ ഓടി.

മുഖമില്ലാത്തവര്‍ ഉപേക്ഷിച്ച മല്ലികയുടെ കാലിയാക്കിയ ഹാന്‍ഡ്‌ ബാഗ്‌ അവളുടെ ഓര്‍മ്മയ്ക്കായ്‌ എടുക്കാന്‍ മറന്നില്ല.

വീട്ടിലെത്തിയ ഉടന്‍ തന്നെ മല്ലികയുടെ ഉപേക്ഷിക്കപ്പെട്ട ഹാന്‍ഡ്‌ ബാഗ്‌ എന്റെ സഹോദരിക്ക്‌ സമ്മാനമായിക്കൊടുത്തു.

ബാത്തുറൂമില്‍ കയറി എടുത്തുവെച്ചിരുന്ന വെള്ളത്തില്‍ മുഖമൊന്നു കഴുകിയപ്പോളാണ് ആശ്വാസമായത്‌.

നടന്നതൊക്കെയും സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാന്‍ ശ്രമിച്ചു.

വെറുതേ കണ്ണാടിയിലേക്ക്‌ നോക്കി.
വിശ്വസിക്കാനായില്ല.
എനിക്കും മുഖം ഉണ്ടായിരുന്നില്ല.
കൈകൊണ്ട്‌ തപ്പി നോക്കി....
ഇല്ല .... എനിക്കും മുഖം ഇല്ല....
അവിടെ വെറും ശൂന്യത മാത്രം.

കരടിയുടെ മുഖം‌മൂടിയുണ്ടായിരുന്നത്‌ കടലില്‍ വലിച്ചെറിഞ്ഞ്‌ പൊട്ടിച്ചിരിച്ചതോര്‍മ്മവന്നു.

ഇത്‌ കണ്ണാടിയുടെ കുഴപ്പമാണ് .
ഈ കണ്ണാടി മുഖം നോക്കാന്‍ കൊള്ളീല്ല.
കണ്ണാടി വലിയ ശബ്‌ദത്തോടെ ഞാന്‍ എറിഞ്ഞുടച്ചു.
കണ്ണാടി പൊട്ടിച്ചിതറുന്ന ശബ്‌ദം കേട്ട്‌ ചിരിക്കാന്‍ ശ്രമിച്ചു.

Thursday, May 7, 2009

മൈ ഫാമിലി ട്രീ (കഥ)

വീട് നിറച്ച് കുട്ടികള്‍‌ ഓടിക്കളിക്കുന്നത് അപ്പന്റെ സ്വപ്‌നത്തിലെ സ്ഥിരം കാഴ്‌ചയായിരുന്നു. ഇന്നും അതൊരു സ്വപ്‌നമായിത്തന്നെ അവശേഷിക്കുന്നു.

വിവാഹത്തിന്റെ ആദ്യനാളുകളില്‍ ആ സ്വപ്‌നം ഭാര്യയുമായി പങ്കുവെച്ചെങ്കിലും. ഭാര്യയ്‌ക്ക് അതിനോടു യോജിപ്പുണ്ടായിരുന്നില്ല. നിര്‍ബ്ബന്ധമാണെങ്കില്‍ ഒന്നോ ഒരുമുറിയോ ആകാമെന്ന നിലപാടായിരുന്നു ഭാര്യയ്ക്ക്.

പിന്നീട് അതിനേപ്പറ്റിയൊന്നും ചര്‍ച്ചയുണ്ടായില്ലെങ്കിലും കുറഞ്ഞത് നാലുകുട്ടികളെങ്കിലും വേണമെന്ന് അപ്പന്‍ തീരുമാനിക്കുകയും തന്റെ തീരുമാനം രഹസ്യമായി നടപ്പിലാക്കാനും അപ്പന്‍ ഉറച്ചിരുന്നു.

അവര്‍ക്ക് രണ്ടു മക്കള്‍ പിറന്നു. മൂത്തത് മകനാണ്, എല്‍. കെ. ജി യില്‍ ഈ വര്‍ഷം മുതല്‍ പോയിത്തുടങ്ങി. രണ്ടാമത്തേത് മകളാണ്. ഒന്നാം പിറന്നാള്‍ കഴിഞ്ഞു.

ആഗോള സാമ്പത്തിക മാന്ദ്യം മെല്ലെക്കടന്നു വന്ന് അപ്പന്റെ സ്വപ്‌നങ്ങള്‍ക്ക് തടസ്സം നിന്നു. അത് അപ്പന്റെ കുടുംബ ബഡ്‌ജറ്റിനെ വല്ലാണ്ട് പിടിച്ചു കുലുക്കി. വര്‍ദ്ധിച്ച വാടക, ഉയര്‍ന്ന ജീവിതച്ചിലവ് തുടങ്ങി തങ്ങാനാവാത്ത പഠനച്ചിലവും ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന പാല്‍പ്പൊടിയുടേയും പാമ്പറിന്റെയും വിലയും അപ്പനെ സ്വപ്‌നത്തില്‍ നിന്നും ഉണര്‍ത്തി.

എങ്കിലും മകളുടെ ഒന്നാം പിറന്നാളിന്റെ അന്ന് അപ്പന്‍ വീണ്ടും തന്റെ പഴയ മങ്ങിയ സ്വപ്‌നത്തേപ്പറ്റി ഭാര്യയെ ഓര്‍മ്മിപ്പിച്ചു. ഭാര്യപൊട്ടിത്തെറിച്ചു. “ എന്റെ വായിലിരിക്കുന്നതൊന്നും കേള്‍ക്കാണ്ട് എന്റെ മുമ്പീന്ന് പൊയ്‌ക്കോണം, നിങ്ങള്‍ക്ക് കഥയും എഴുതി ബ്ലോഗ്ഗും വായിച്ചോണ്ടിരുന്നാല്‍ മതി, പിള്ളേരെ പെറ്റു വളര്‍ത്തുന്നതിന്റെ ബുദ്ധിമുട്ടൊന്നും നിങ്ങള്‍ക്കറിയേണ്ടല്ലോ”

ചേര്‍ത്തിട്ടിരുന്ന കട്ടില്‍ മുറിയുടെ രണ്ടു വശങ്ങളിലേക്ക് നീക്കിയിട്ടാണ് പിന്നീടുള്ള ദിവസങ്ങളില്‍ ഉറങ്ങിയത്. ഒന്നില്‍ അപ്പനും മകനും മറ്റേതില്‍ അമ്മയും മകളും. രാത്രിയില്‍ മകളുടെ കരച്ചില്‍ അപ്പന്റെ ഉറക്കത്തെ തടസ്സപ്പെടുത്തിയില്ലെങ്കിലും രാത്രി വൈകുവോളം അപ്പന്‍ ഉറക്കം വരാതെ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് പതിവായി.

അങ്ങനെയിരിക്കുമ്പോഴാണ് അപ്പന്റെ സ്വപ്‌നം നടപ്പിലാക്കാനായി മകന്റെ എല്‍. കെ. ജി. പഠനം പ്രയോജനപ്പെടുമെന്നു തോന്നിയത്.

സ്‌ക്കൂളില്‍ നിന്നും റ്റീച്ചര്‍ 'My Family Tree' ഉണ്ടാക്കിക്കൊടുത്തു വിട്ടിരിക്കുന്നു. പച്ച നിറമുള്ള കാര്‍ഡ് ബോര്‍ഡില്‍ ഇലകളുടെ ആകൃതിയിലും ബ്രൌണ്‍ നിറത്തിലുള്ളത് തടിയുടെ ആകൃതിയിലും വെട്ടി ഒട്ടിച്ച് വരച്ച് എഴുതി കൊടുത്തു വിട്ടിരിക്കുകയാണ്. അതാത് സ്ഥലത്ത് വീട്ടിലുള്ള അംഗങ്ങളുടെ ഫോട്ടോ ഒട്ടിച്ച് തിരികെക്കൊടുക്കണം.



നടുക്കുള്ള ME എന്ന കോളത്തില്‍ മകന്റെ ഫോട്ടോ ഒട്ടിച്ചു. ഇടത് മുകളിലായി Father എന്നുള്ളതിനു മുകളിലായി അപ്പന്‍ കോട്ടും ടൈയും കെട്ടി ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ ഒട്ടിച്ചു. വലതു വശത്ത് മുകളിലായി Mother എന്ന് എഴുതിയിരിക്കുന്നതിനു മുകളിലായി അമ്മയുടെ കല്ല്യാണം കഴിക്കുന്നതിനു മുമ്പുള്ള കൊള്ളാവുന്ന ഒരു ഫോട്ടോ ഒട്ടിച്ചു. Sister എന്നുള്ളിടത്ത് കുഞ്ഞുപെങ്ങള്‍ കുപ്പിപ്പാലും പിടിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോയും ഒട്ടിച്ചു. ഫാമിലി ട്രീയില്‍ Brother എന്ന കോളം കാലിയായിക്കിടന്നു.

നിനക്ക് Brother ഇല്ലാത്തതിനാല്‍ അവിടെ ഒന്നും ചെയ്യേണ്ടെന്ന് പറഞ്ഞിട്ട് അവന്‍ കൂട്ടാക്കിയില്ല. അവന്‍ ഫാമിലി ട്രീയും എടുത്തു കൊണ്ട് അടുക്കളയില്‍ വൈകിട്ടത്തേക്ക് ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരുന്ന അമ്മയുടെ അടുത്തേക്ക് ചെന്നു.

“ അമ്മേ എനിക്കെന്താ ബ്രദര്‍ ഇല്ലാത്തത്. ബ്രദറിന്റെ ഫോട്ടോ ഒട്ടിക്കാതെ സ്‌ക്കൂളില്‍ ചെന്നാല്‍ റ്റീച്ചര്‍ വഴക്കു പറയും”

“ നിന്റെ അപ്പന്റെ പഴയ പടം വല്ലതും എടുത്ത് ഒട്ടിക്കെടാ...”

“അപ്പന്‍ ഫാദറല്ലിയോ എനിക്ക് ബ്രദറിന്റെ പടമാ വേണ്ടത്”

“എനിക്ക് ബ്രദറിനെ വേണം, ബ്രദറിന്റെ ഫോട്ടോ വേണം“ അവന്‍ ശാഠ്യം പിടിച്ച് കരയാന്‍ തുടങ്ങി.

അപ്പന്‍ അവന്റെ കൈയില്‍ നിന്നും ഫാമിലി ട്രീ വാങ്ങി ബ്രദര്‍ എന്നുള്ള കോളത്തില്‍ പെന്‍സില്‍ കൊണ്ട് Next Year എന്ന് എഴുതിക്കൊടുത്തു.

നിങ്ങളുടെ പൂതിയങ്ങു മനസ്സിലിരിക്കട്ടെയെന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ശാഠ്യം പിടിച്ച് കരയുന്ന മകനെ അവള്‍ തല്ലി. അവന്‍ എനിക്ക് ബ്രദര്‍ വേണേ... ബ്രദര്‍ വേണേ.... എന്നു കരഞ്ഞ് കരഞ്ഞ് ഉറങ്ങി.

പിറ്റേന്ന് അവനെ ഒരുക്കി സ്‌ക്കൂളില്‍ വിടാന്‍ പോലും അവള്‍ എഴുന്നേറ്റില്ല. അപ്പന്‍ തന്നെ മകനെ ഒരുക്കി സ്‌ക്കൂള്‍ബസ്സില്‍ കയറ്റി വിട്ടു.

സ്‌ക്കൂളില്‍ വെച്ചും മകന്‍ കരഞ്ഞു കാണണം. ക്ലാസ്സിലെ മറ്റെല്ലാകുട്ടികളുടേയും ഫാമിലി ട്രീയില്‍ എല്ലാവരുടേയും കോളത്തില്‍ ഫോട്ടോകള്‍ ഒട്ടിച്ചിരുന്നു.

'All Indians are my brothers and sisters' അതിനാല്‍ ആരുടെയെങ്കിലും ഫോട്ടോ ഒട്ടിച്ചാല്‍ മതിയാകും. റ്റീച്ചര്‍ പേഴ്‌സില്‍ നിന്ന് റ്റീച്ചറുടെ മകന്റെ ഫോട്ടോയെടുത്ത് ഒട്ടിച്ചു കൊടുത്ത് മകന്റെ കരച്ചില്‍ മാറ്റി.

എല്ലാകുട്ടികളുടേയും ഫാമിലി ട്രീകള്‍ ഭിത്തിയില്‍ തൂക്കിയിട്ടത് കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു. ഒരു കാട്ടില്‍ കുറേ മുഖങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും നില്‍ക്കുന്ന അപൂര്‍വ്വ ഭംഗി.

കുറേ ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ ഫാമിലി ട്രീയുടെ ചിത്രം കുട്ടികള്‍ക്ക് തിരികെക്കൊടുത്തു.

അപ്പനിന്നലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ആകാശം മേഘാവൃതമായിരുന്നു, ഇടി വെട്ടി മഴ പെയ്യുമെന്ന് തോന്നി.

വീട്ടില്‍ കയറിച്ചെന്നപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായി.

ആരും ഒന്നും മിണ്ടുന്നില്ല.

“അപ്പാ.., റ്റീച്ചറുടെ മോന്‍ എങ്ങനെയാ എന്റെ ബ്രദറാകുന്നതെന്ന് അമ്മ ചോദിക്കുവാ..” മകനാണ് പ്രശ്‌നം അവതരിപ്പിച്ചത്.

“ എടീ..., അതൊന്നും കുട്ടികള്‍ക്കറിയില്ല “ അപ്പന്‍ തണുപ്പിക്കാന്‍ ശ്രമിച്ചു.

“ നിങ്ങള്‍ക്കറിയാമല്ലോ അതുമതി.... എന്നാലും നിങ്ങളിത്തരക്കാരനാണെന്ന് ഞാനറിഞ്ഞില്ല.”
ഭാര്യ പൊട്ടിത്തെറിച്ചു .

അപ്പന്‍ എല്ലാവരേയും ഫാമിലി ട്രീയില്‍ നിന്നും താഴെയിറക്കി, അത് പിച്ചി ചീന്തി ജന്നാലയിലൂടെ പുറത്തേക്കെറിഞ്ഞിട്ടും, ഭാര്യ എന്തൊക്കയോ പിറുപിറുത്തു കൊണ്ടിരിക്കുകയാണ്.

Tuesday, April 28, 2009

അപ്പന്റെ ഓര്‍മ്മ (കഥ)

എത്ര ഉയരത്തില്‍ പറന്നിട്ടുണ്ടെന്ന് അഭിമാനിച്ചാലും ഒരു ചിറക് നഷ്‌ടപ്പെട്ടാല്‍ പിന്നെ പറക്കുവാനാവില്ലല്ലോ ? പറക്കുവാനാവാതെ തത്തിക്കളിക്കുന്ന കിളി കാഴ്‌ചക്കാര്‍ക്കു പോലും അരോചകമാണ്.

അമ്മയുടെ മരണം അപ്പനാണ് ഒരു ഷോക്കായത്. മരണാനന്തര ചടങ്ങുകളൊക്കെ യാന്ത്രികമായി ചെയ്‌തു തീര്‍ത്ത് അപ്പന്‍ വരാന്തയിലെ തന്റെ കസേരയില്‍ കാലും നീട്ടി ഏതോ ലോകത്തേക്ക് നോക്കി ഒരേയിരുപ്പാണ്. ആരോടും വലിയ മിണ്ടാട്ടമില്ല. എന്തു ചോദിച്ചാലും ഉത്തരം ഒരു മൂളലിലോ കൂടിയാല്‍ ഒരു വാക്കിലോ ഒതുങ്ങും. പെട്ടെന്നുണ്ടായ വേര്‍പിരിയലിന്റെ വേദന സ്വയം കുടിച്ചിറക്കുകയാണ്. എന്തു പറഞ്ഞ് ആശ്വസിപ്പിക്കാനാണ്.

വന്ന ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരായി മടങ്ങി. എത്ര തിരക്കുണ്ടായാലും ഒരേയൊരു മകനായ എനിക്ക് അപ്പനെ ഒറ്റയ്‌ക്കാക്കി വേഗം മടങ്ങാനാവില്ലല്ലോ! എന്റെ ഭാര്യയ്‌ക്ക് മൂന്നു ദിവസത്തെ അവധിയുണ്ട്. അതുവരെ അവള്‍ സഹായത്തിനുണ്ടാകും. എനിക്ക് പത്തു ദിവസത്തില്‍ കൂടുതല്‍ ഇവിടെ നില്‍ക്കുവാനാകില്ല. അതിനു ശേഷം എന്തു ചെയ്യുമെന്ന് ആലോചിക്കുമ്പോള്‍ തലയ്‌ക്ക് തീപിടിക്കുന്നതു പോലെ.

എന്റെ ഭാര്യ ഭക്ഷണം വിളമ്പി വെച്ച് ചെന്ന് വിളിച്ചാല്‍ വന്ന് എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി വീണ്ടും തന്റെ കസേരയിലേക്കോ കിടപ്പുമുറിയിലെ കട്ടിലിലേക്കോ പോകും. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവസ്ഥയ്‌ക്ക് മാറ്റമൊന്നും ഉണ്ടായില്ല. അമ്മയുടെ മാറ്റപ്പെടല്‍ അപ്പന്‍ ഉള്‍ക്കൊള്ളാനായില്ല. ജീവിതത്തിന്റെ പാതി വഴിയില്‍ ചേര്‍ന്നൊഴുകിയ നദി വഴിപിരിയുമ്പോഴുണ്ടാകുന്ന വേദന അനുഭവിച്ചവര്‍ക്കേ അറിയൂ.

സഹായത്തിനൊരു വേലക്കാരിയെ കിട്ടിയിരുന്നെങ്കില്‍ എന്ന ആഗ്രഹത്തില്‍ അന്വേഷണം ആരംഭിച്ചപ്പോളാണ് അങ്ങനെയൊരു കൂട്ടര്‍ അന്യം നിന്ന കാര്യം അറിയുന്നത്. നാട്ടിന്‍പുറത്തെ വീടുകളിലേക്ക് വേലക്കാരികളെ കിട്ടുകയില്ല. എങ്കിലും ഒരു വേലക്കാരിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു. പരിചയക്കാരോടൊക്കെ ഫോണ്‍ ചെയ്‌ത് തിരക്കിക്കൊണ്ടേയിരുന്നു. അന്വേഷിപ്പീന്‍ കണ്ടെത്തുമെന്നാണല്ലോ വചനം പറയുന്നത്.

എന്റെ ഭാര്യ പട്ടണത്തിലേക്ക് പോയിക്കഴിഞ്ഞ് മൂന്നു നാലു ദിവസം ഞാന്‍ തന്നെയാണ് വെച്ചു വിളമ്പിയത്. കുറേ ദിവസങ്ങള്‍ കഴിയുമ്പോള്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലേക്ക് മടങ്ങുമെന്ന് വിചാരിച്ചത് വെറുതേയായി.

അപ്പന്‍ നടത്തിക്കൊണ്ടിരുന്ന പലചരക്കുകട ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. ഇനിയും അപ്പനെക്കൊണ്ട് അത് നോക്കി നടത്താന്‍ പറ്റുമെന്നു തോന്നുന്നില്ല. എനിക്ക് പട്ടണത്തില്‍ നല്ല ജോലിയുണ്ട് അതുകളഞ്ഞിട്ട് എത്ര ലാഭം കിട്ടുമെന്നു പറഞ്ഞാലും ഈ ഓണംകേറാ മൂലയില്‍ പലചരക്കുകട നടത്താന്‍ പറ്റുമോ ? എന്റെ ഭാര്യ വീട്ടുകാര്‍ എന്തു വിചാരിക്കും ? അപ്പന്റെ സഹായി ആയിരുന്ന ഗോവിന്ദന്‍ കട ഏറ്റെടുത്ത് നടത്താനായി മുന്നോട്ടു വന്നത് നന്നായി. മാസാമാസം വാടകയെങ്കിലും കിട്ടുമല്ലോ.

വീട് അടച്ചിട്ട് അപ്പനെ പട്ടണത്തിലേക്ക് കൊണ്ടു പോകാന്‍ ഒത്തിരി ബുദ്ധിമുട്ടുകളുണ്ട്, എങ്കിലും ബുദ്ധിമുട്ടുകള്‍ സഹിച്ച് കൊണ്ടു പോകാമെന്നു വെച്ചാലും അപ്പന്‍ വരുമെന്നു തോന്നുന്നില്ല.

അകന്ന ബന്ധത്തിലുള്ള ആരെയെങ്കിലും വിളിച്ച് വീട്ടില്‍ നിര്‍ത്തിയാല്‍ അപ്പനൊരു കൂട്ടാകുമല്ലോ എന്ന വിചാരത്തില്‍ ആ വഴിക്കും ആലോചില്ലെങ്കിലും ഫലമുണ്ടായില്ല.

മരിച്ചു പോയ മത്തായിച്ചന്റെ ഭാര്യയുടെ കാര്യം ഓര്‍മ്മയില്‍ എത്താഞ്ഞതല്ല. എന്തോ അകന്ന ബന്ധവും ഉണ്ട്. ഓമനയമ്മ വരികയാണെങ്കില്‍ വേലക്കാരിയുടെ സ്ഥാനമല്ല. അതിനു മുകളിലുള്ള ഒരു സ്ഥാനം കൊടുക്കാനും ഈ മകന്‍ തയ്യാറാണ്. എന്നാലും ഞാനായിട്ട് അപ്പനെ പരീക്ഷിക്കേണ്ടെന്നു കരുതി.

അമ്മയ്‌ക്കും ഓമനയമ്മയെ വലിയ കാര്യമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ അവരുടെ ഭര്‍ത്താവ്‌ കര്‍ത്താവിങ്കലേക്ക് ചേര്‍ക്കപ്പെട്ടു. പ്രായമായാല്‍ നോക്കാന്‍ മക്കളുപോലും ഇല്ലല്ലോടീയെന്ന് പറഞ്ഞ് എല്ലാവരും വീണ്ടും ഒരു വിവാഹം കഴിക്കാന്‍ നിര്‍ബ്ബന്‌ധിച്ചിട്ടും ഓമനയമ്മ കൂട്ടാക്കിയില്ല. ആ പഴയ വീട്ടില്‍ ഇന്നും ഓമനയമ്മ ഒറ്റയ്‌ക്കാണ് താമസിക്കുന്നത്. അടുത്തുള്ള വീടുകളില്‍ ചെറിയ സഹായങ്ങള്‍ ചെയ്‌തു കൊടുത്താണ് ഓമനയമ്മ ജീവിക്കുന്നത്.

കഴിഞ്ഞ കുറേക്കാലമായി ഓമനയമ്മ ഞങ്ങളുടെ വീട്ടില്‍ വരാറില്ല. കാരണമുണ്ട്. ഞാനന്ന് എട്ടാം ക്ലാസ്സില്‍ പഠിക്കുകയാണ്, ഒരു ദിവസം വീട്ടില്‍ സഹായത്തിനെത്തിയ ഓമനയമ്മയെ അപ്പന്‍ നെഞ്ചത്തോടു ചേര്‍ത്തു നിര്‍ത്തി പുറത്തു തലോടി ആശ്വസിപ്പിക്കുന്നത് ഞാന്‍ കണ്ടു. അന്നത്തെ എന്റെ വിവരക്കേടിന്‍ ഞാനത് അമ്മയെ വിളിച്ച് കാണിക്കുകയും ചെയ്‌തു. അതിനു ശേഷം ഓമനയമ്മ വീട്ടിലേക്ക് വന്നിട്ടുണ്ടാകില്ല. അപ്പന്‍ കൈവിട്ടു പോകുമോ എന്ന ഭയത്തിന്റെ പേരിലാകാം അമ്മ ഓമനയമ്മയോട് ദേഷ്യം നടിച്ചത്.

ഞങ്ങള്‍ കണ്ടതില്‍ കൂടുതലൊന്നും നടന്നു കാണാനിടയില്ല. എങ്കിലും പിന്നീടെപ്പോഴും അമ്മയ്‌ക്ക് അപ്പനെ കുറ്റപ്പെടുത്താന്‍ ആ കാഴ്‌ച ധാരാളമായിരുന്നു. തെറ്റുകള്‍ ദൈവം നൂറുവട്ടം ക്ഷമിച്ചാലും മനുഷ്യന്‍ ക്ഷമിക്കുകയില്ല. ഓമനയമ്മയെ ആര്‍ക്കാണ് വെറുക്കുവാനാവുക. ചെറുപ്പത്തില്‍ എനിക്കും അമ്മയേക്കാള്‍ ഇഷ്‌ടം ഓമനയമ്മയോടായിരുന്നു. പിന്നീട് വലുതായി ബന്ധങ്ങളുടെ വിലയറിഞ്ഞപ്പോളാണ് അമ്മ വഴക്കു പറഞ്ഞതും അടിച്ചതുമൊക്കെയും എന്റെ നന്മയ്‌ക്കായിരുന്നല്ലോ എന്ന് മനസ്സിലായത്.

ഞാന്‍ തന്നെ ഓമനയമ്മയുടെ പഴയ വീട്ടിലേക്ക് പോയി. അവര്‍ അവിടെ ഉണ്ടായിരുന്നു. സഹായത്തിനു വരാനും തയ്യാറാണ്. പക്ഷേ അദ്ദേഹം തന്റെ സഹായം ഇഷ്‌ടപ്പെടുമോയെന്ന് ഓമനയമ്മയ്‌ക്കും സംശയം.

വീട്ടിലെത്തി അപ്പനോടുതന്നെ ചോദിച്ചു. വേണമെന്നോ വേണ്ടന്നോ ഉത്തരം പറഞ്ഞില്ല. ഓമനയമ്മ വീട്ടില്‍ സഹായത്തിനുള്ളത് അപ്പന്റെ മനസ്സിന്റെ ഏതെങ്കിലും കോണില്‍ സന്തോഷം ഉണ്ടാക്കാതിരിക്കില്ല. എന്തായാലും എന്റെ അവധി തീരാറായി, എനിക്കു പോയല്ലേ പറ്റൂ. ഞാന്‍ തന്നെ തീരുമാനമെടുത്തു.

പിറ്റേ ദിവസം രാവിലെ ഓമനയമ്മ വീട്ടിലെത്തി, എന്താണു ചെയ്യേണ്ടതെന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. രാവിലത്തേക്കുള്ളത് വല്ലതും ഉണ്ടാക്കിവെച്ചിട്ട്, മുറിയും മുറ്റവും തൂത്തുവാരി തുണികളും കഴുകിയിടും. ഉച്ചയ്‌ക്കത്തേക്കും വൈകുന്നേരത്തേക്കുമുള്ള ഭക്ഷണവും വെച്ച്, കഴുകി വിരിച്ചിട്ടിരിക്കുന്ന തുണികള്‍ ഉണങ്ങിയെങ്കില്‍ എടുത്ത് അലമാരിയില്‍ മടക്കി അടുക്കി വെച്ചിട്ടേ ഓമനയമ്മ മടങ്ങൂ. ഉച്ചത്തേക്കുള്ള ഭക്ഷണം വിളമ്പി വെക്കാനും ഓമനയമ്മ മറക്കാറില്ല. ഇത്രകണ്ട് കാര്യങ്ങള്‍ നോക്കിക്കണ്ട് ചെയ്യുന്ന ഒരാള്‍ക്ക് ഒരല്പം കൂലി കൂടുതല്‍ കൊടുത്താലും തെറ്റില്ല.

അപ്പന്റെ കാര്യങ്ങളൊക്കെ ഓമനയമ്മയെ ഏല്‍പ്പിച്ചിട്ട് ഞാന്‍ പട്ടണത്തിലേക്ക് പോന്നു. അദ്ദേഹത്തെ പരിചരിക്കാന്‍ ഒരല്പം വൈകി കിട്ടിയ അവസരം ഒരു ഭാഗ്യമായിക്കരുതി ഒരു പൂജാകര്‍മ്മം ചെയ്യുന്ന സൂക്ഷ്‌മതയോടെ അവര്‍ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ജീവിതത്തിന്റെ വൈകിയ വേളയില്‍ രണ്ടു പേര്‍ക്കും ഒരാശ്വാസം ലഭിക്കുന്നെങ്കില്‍ അത്രയുമാകട്ടെന്ന് ഞാനും കരുതി.

ഓഫീസിലെ ജോലിത്തിരക്കിനിടയിലും എല്ലാ ദിവസവും വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ മറന്നില്ല. അപ്പന്‍ ഫോണെടുത്താല്‍ വിവരങ്ങളൊന്നും അറിയാറില്ല എന്തു ചോദിച്ചാലും എല്ലാം മൂളി കേള്‍ക്കും എന്നു മാത്രം. വീട്ടിലെ വിശേഷങ്ങള്‍ അറിയണമെങ്കില്‍ ഓമനയമ്മയുള്ളപ്പോള്‍ വിളിക്കണം.

അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറവിനെപ്പറ്റി അറിയുന്നത് ഓമനയമ്മയില്‍ നിന്നാണ്. ഞാന്‍ പോന്നതിന്റെ രണ്ടാം ദിവസം രാവിലെ അദ്ദേഹം രണ്ടാമതും മൂന്നാമതും പല്ലുതേക്കുന്നതു കണ്ടാണ് അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറവിനേപ്പറ്റി ഓമനയമ്മയ്‌ക്ക് സംശയം തോന്നിയത്. ഓരോ സാധനങ്ങള്‍ എവിടെയെങ്കിലും വെച്ചു മറന്ന് വീട് മുഴുവന്‍ തപ്പി നടക്കലാണ് ഇപ്പോള്‍ പ്രധാന പണിയെന്ന് ഓമനയമ്മ പറഞ്ഞു.

അമ്മയുടെ മരണത്തോടെ അപ്പന്റെന്റെ ഓര്‍മ്മ മരവിച്ചിരിക്കുന്നു. പിന്നെ എന്തൊക്കയോ യാന്ത്രികമായി ചെയ്യുന്നു വെന്നു മാത്രം. വീട്ടില്‍ വരുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും ഓര്‍ക്കാറില്ല. ചിലര്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ ഓര്‍മ്മവന്ന്‌ ചിലതൊക്കെ ചോദിക്കുകയും പറയുകയും ചെയ്യും.

ഓമനയമ്മയ്‌ക്ക് പരിചയമുള്ള ആളാണ്‍ വന്നിരിക്കുന്നതെങ്കില്‍ വാതില്‍ തുറക്കുന്നതിനു മുന്‍പേ ജന്നലിലൂടെ നോക്കി ആരാണ് വന്നിരിക്കുന്നതെന്ന് വിശദമായി പറഞ്ഞു കൊടുത്തിട്ടേ വാതില്‍ തുറക്കുകയുള്ളൂ. ഇത് അദ്ദേഹത്തിന് വലിയൊരു സഹായമായി.

അപ്പന്റെ ഓര്‍മ്മയ്‌ക്ക് കൂട്ടായി ഓമനയമ്മ എന്നും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.

ഇക്കാര്യത്തേപ്പറ്റി ഓമനയമ്മയോട് സൂചിപ്പിച്ചപ്പോളാണ്. ഓമനയമ്മ വളരെ വിഷമത്തോടെ അതു പറഞ്ഞത്. അദ്ദേഹത്തിന്‍ ഓമനയെ ഓര്‍ക്കുവാനാകുന്നില്ല. ആരോ തന്നെ സഹായിക്കാന്‍ വീട്ടിലുണ്ടെന്ന് അറിയുന്നുണ്ടെങ്കിലും അത് പഴയ ഓമനയാണെന്ന് അദ്ദേഹം അറിയുന്നുണ്ടായിരുന്നില്ല. ആരെ മറന്നാലും ഓമനയെ മറക്കാന്‍ വഴിയില്ല. അതോ ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്തതാണോ ?

ഒരു മാസത്തിനു ശേഷം ഞാന്‍ വീട്ടിലേക്ക് ചെന്നത് ഓമനയമ്മയേക്കൂടി ഞങ്ങളുടെ വീട്ടില്‍ താമസിപ്പിക്കാമെന്ന് ഉറപ്പിച്ചാണ്. നാട്ടുകാരും വീട്ടുകാരും എന്തു വിചാരിക്കുമോ എന്തോ ? എന്തായാലും വേണ്ടില്ല്ല. ഈ പ്രായമായ സമയത്ത് രണ്ടു പേര്‍ക്കും അതൊരു ആശ്വാസമാകുമെന്നുള്ളതില്‍ സംശയമില്ല.

“എന്റെ അമ്മയായി ഈ വീട്ടില്‍ നിന്നു കൂടെ” ഞാന്‍ വളച്ചു കെട്ടാതെ ചോദിച്ചു.

“ നീ എന്നും എനിക്ക് മകന്‍ തന്നെയാണ്. നിന്റെ അപ്പനൊരു വലിയ മനുഷ്യനാണ്, അദ്ദേഹത്തിനു വേണ്ടി എന്തും ചെയ്യാന്‍ എനിക്ക് സന്തോഷവുമാണ് “

“ഞങ്ങള്‍ പ്രായമായവര്‍ ഇന്നലെകളിലെ നല്ല ഓര്‍മ്മകളില്‍ ജീവിക്കുന്നവരാണ്. ഓര്‍മ്മയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനാവില്ല. നിന്റെ അമ്മ പോയപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയുടെ ഭണ്ഡാരവും കൂടെ കൊണ്ടു പോയി.“

“ഇല്ല മോനെ എന്നെ തിരിച്ചറിയാത്ത ഒരാളുടെ കൂടെ താമാസിക്കുവാന്‍ എനിക്കാകില്ല. എന്നെ നിര്‍ബ്ബന്ധിക്കരുത്... അതുമാത്രമല്ല എനിക്കിനിയും ഇവിടെ വന്ന് വെച്ചു വിളമ്പാനുമാവില്ല. നാട്ടുകാരൊക്കെ ഓരോന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു” ഓമനയമ്മയുടെ തീരുമാനം ഉറച്ചതായിരുന്നു.

അടുത്ത മാസം വരുമ്പോള്‍ അപ്പനെ കൂടെ കൊണ്ടുപൊയ്‌ക്കോളാമെന്ന ഉറപ്പിന്മേല്‍ ഒരു മാസം കൂടി വെച്ചു വിളമ്പാന്‍ ഓമനയമ്മ സമ്മതിച്ചു.

ഓമനയമ്മയുടെ പരിചരണത്തില്‍ അപ്പന്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. എങ്കിലും കൂടുതലായി നിര്‍ബ്ബന്ധിക്കുവാന്‍ മനസ്സുവെന്നില്ല.

ഒരു മാസം കൊണ്ട് എന്തെങ്കിലും കാര്യമായ പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം ആ പഴയ ഓമനയെ തിരിച്ചറിയുമെന്നും ഞാന്‍ മനസ്സില്‍ കണക്കുകൂട്ടുകയും അറിയാവുന്ന ദൈവങ്ങളോടൊക്കെ പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. പക്ഷേ ഒരു ദൈവവും കനിഞ്ഞില്ല.

മാസമൊന്നു കഴിഞ്ഞിട്ടും അപ്പന്റെ അവസ്ഥയില്‍ മാറ്റമൊന്നും ഉണ്ടായില്ല.

അപ്പനെ പട്ടണത്തിലേക്ക് എന്നോടൊപ്പം കൊണ്ടു പോകുവാന്‍ തീരുമാനിച്ചു. വീടു പൂട്ടി താക്കോല്‍ ഓമനയമ്മയെത്തന്നെ ഏല്‍പ്പിച്ചു, വല്ലപ്പോഴും വന്ന് മുറ്റമൊക്കെയൊന്ന് അടിച്ചു വാരിയിടുവാനും ചുമതലപ്പെടുത്തി.

“ മോനെ പട്ടണത്തില്‍ നല്ല ഡോക്‌ടറുന്മാരെ കാണിച്ച് ചികിത്സിക്കണം. അദ്ദേഹത്തിന്റെ ഓര്‍മ്മ തിരിച്ചു കിട്ടിയാല്‍ ഇങ്ങ് കൊണ്ട് പോരണം, ഞാന്‍ പൊന്നു പോലെ നോക്കിക്കൊള്ളാം“ ഇത് പറയുമ്പോള്‍ ഓമനയമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

ഫ്‌ളാറ്റിലെ സൌകര്യത്തില്‍ ഞാനും ഭാര്യയും ജോലി സമയം ക്രമീകരിച്ച് അപ്പനെ നോക്കി. അപ്പന്‍ ഏതോ ലോകത്താണ്. റൂമില്‍ എപ്പോഴും കട്ടിലില്‍ കിടക്കുകയോ എഴുന്നേറ്റ് ഇരിക്കുകയോ ചെയ്യും. ഭക്ഷണം വിളമ്പി വെച്ച് വിളിച്ചാല്‍ വന്ന് കഴിച്ച് വീണ്ടും പോയി കിടക്കും. ടി.വി യ്‌ക്ക് മുമ്പില്‍ വിളിച്ചിരുത്തിയാല്‍ കുറേ നേരം അതിലേക്ക് വെറുതേ നോക്കിയിരുന്നിട്ട് വീണ്ടും പോയി കിടക്കും.

വീട്ടില്‍ വരുന്ന ബന്ധുക്കളെപ്പോലും ഓര്‍ക്കുവാനാകുന്നില്ല. ഓര്‍മ്മിപ്പിച്ചാല്‍ ചിലതൊക്കെ ഓര്‍ക്കും പിന്നീട് ചോദിച്ചാല്‍ ഒന്നും ഓര്‍മ്മയുണ്ടാകില്ല. കൊച്ചു കുട്ടികളേപ്പോലെ ഓരോന്നും പറഞ്ഞു ചെയ്യിപ്പിക്കണം.

തന്നോടൊപ്പം കോളേജില്‍ പഠിച്ച ഒരാള്‍ അടുത്തുള്ള ആശുപത്രിയില്‍ മനോരോഗ വിദഗ്ദ്ധനായി ജോലി ചെയ്യുന്നുണ്ട്. അപ്പനെ കാണിക്കുവാനായി അടുത്ത ആഴ്‌ചത്തേക്ക് അപ്പോയിന്റ്മെന്റ് എടുത്തു. ഡോക്‌ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം വൈകുന്നേരം അപ്പനേയും കൊണ്ട് നടക്കാനായി പോയി.

നടക്കുന്ന വഴിയിലൊക്കെ ഞാന്‍ പഴയ കാര്യങ്ങളൊക്കെ മനഃപൂര്‍വ്വമായി സംസാരിച്ചു കൊണ്ടിരുന്നു. അപ്പന്‍ അനുസരണയുള്ള കുട്ടിയേപ്പോലെ എല്ലാം മൂളി കേള്‍ക്കുകമാത്രം ചെയ്‌തു.

ഇടവഴി കഴിഞ്ഞ് ചുവന്ന പൂക്കളുള്ള വാകമരം പൂത്തുനില്‍ക്കുന്ന മൈതാനം കടന്ന് പുതിയ പാലത്തിലൂടെ ഞങ്ങള്‍ നടപ്പു തുടര്‍ന്നു. പാലത്തിന്റെ നടപ്പാതയിലെ കൈവരിയില്‍ പിടിച്ച് വളരെ പതുക്കെയാണ് ഞങ്ങള്‍ നടന്നത്. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ പാഞ്ഞു കൊണ്ടേയിരുന്നു. നദിയില്‍ വെള്ളം നിറഞ്ഞൊഴുകുന്നുണ്ട്.

കഴിഞ്ഞ ആഴ്‌ച ഈ പാലത്തില്‍ നിന്നൊരാള്‍ വെള്ളത്തില്‍ വീണ്‍ അപകടം സംഭവിച്ച കാര്യം പത്രത്തില്‍ വായിച്ചത് അപ്പന്‍ പേടിച്ചെങ്കിലോ എന്നു ഭയപ്പെട്ട് പറഞ്ഞില്ല. നല്ല ആഴമുള്ള സ്ഥലമാണ്, കൈവരി ഒരു അല്പം ഉയര്‍ത്തിക്കെട്ടിയാലും തരക്കേടില്ലെന്ന് മനസ്സില്‍ തോന്നി.

“മോനെ എനിക്കൊരു കാര്യം പറയാനുണ്ട്“

“എന്നോടു പറഞ്ഞോളു, മനസ്സു തുറന്നു സംസാരിക്കുന്നതു തന്നെ മനസ്സിനൊരാശ്വാസമാണ്”

“മകനെ ഓമനയമ്മയോടു പറയണം എന്നെ കാത്തിക്കേണ്ടെന്ന് എനിക്കവരെ ഓര്‍ക്കാനാവില്ല. നിന്റെ അമ്മ മരിക്കുന്ന ദിവസവും ഓമനയുടെ കാര്യം പറഞ്ഞാണ് എന്നെ ദേഷ്യം പിടിപ്പിച്ചത്. നിന്റെ അമ്മയുടെ തലമുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിപ്പിച്ചതുമാത്രം എനിക്കോര്‍മ്മയുണ്ട്.. പിന്നെ നടന്നതൊന്നും എനിക്കോര്‍മ്മയില്ല. എന്നോടു ക്ഷമിക്കണേ മോനെ..”

ഞാന്‍ സ്‌തബ്‌ദനായി നിന്നു, എന്താണ് പറയേണ്ടത് ?

എന്തെങ്കിലും പറയുന്നതിനു മുന്‍പ് അപ്പന്‍ നിറഞ്ഞൊഴുകുന്ന നദിയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടി.

ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു . നഗരത്തിന്റെ ശബ്‌ദത്തില്‍ നിലവിളി ലയിച്ചു ചേര്‍ന്നു. ആരുടെയെങ്കിലും സഹായം ലഭിക്കുമോന്നറിയാന്‍ ഞാന്‍ ആ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. നഗരത്തിലെ തിരക്കില്‍ അന്യനെ സഹായിക്കുവാന്‍ ആര്‍ക്കാണ് സമയമുള്ളത് ?

അപ്പന്‍ മനസ്സിന്റെ ഭാരം ഇറക്കിവെച്ച് നദിയുടെ ആഴങ്ങളില്‍ ഓര്‍മ്മയായി.

Saturday, April 18, 2009

പൂക്കളില്ലാത്ത ഗാര്‍ഡന്‍ (കഥ)

നഗരത്തിലെ പൂക്കളില്ലാത്ത ഗാര്‍ഡനില്‍ ഞാനൊരിക്കലേ പോയിട്ടുള്ളൂ, പൂക്കളില്ലെങ്കിലെന്താ ശലഭങ്ങള്‍ ധാരാളമുണ്ടല്ലോ.

നഗരത്തിലെ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. മനസ്സിപ്പോളും നാട്ടില്‍ തന്നെയാണ്. പ്രേമിച്ചു കെട്ടിയ ഭാര്യയോടും നേഴ്‌സറിയില്‍ പോകുന്ന മകളോടുമുള്ള ഇന്നലെകള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ശരീരം നമുക്ക് എങ്ങോട്ടു വേണമെങ്കിലും പറിച്ചു നടാമല്ലോ.

പുതിയ ജോലി സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സമയമെടുക്കും. സഹപ്രവര്‍ത്തകരെല്ലാം പുതുമുഖങ്ങളാണ്, അളന്നു കുറിച്ച വാക്കുകളില്‍ മാത്രം സംസാരിക്കുന്നവര്‍. കുടുംബം കൂടെയില്ലാത്ത ജീവിതവും പരിചയമില്ല. വയറിന്‍ നല്ലതല്ലെന്ന് അറിയാമായിരുന്നിട്ടും ഹോട്ടല്‍ ഭക്ഷണത്തേത്തന്നെ ആശ്രയിക്കേണ്ടി വന്നു.

സമയം കൊല്ലാന്‍ വേണ്ടിയാണ് വഴിയരികിലുള്ള ഗാര്‍ഡനിലെത്തിയത്. മൂന്നേക്കറോളം വ്യാപിച്ചു കിടക്കുന്ന ഗാര്‍ഡന്‍ തന്റെ നഷ്‌ട പ്രതാപം വിളിച്ചറിയിക്കുന്നുണ്ട്. നഗരസഭ വളരെ കൊട്ടിഘോഷിച്ച് ആരംഭിച്ചതാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നോക്കി നടത്താനും പരിപാലിക്കാനും ആരും ഇല്ല്ലാതെയായി. ജോലിക്കാരനായി ഒരു കാവല്‍ക്കാരന്‍ മാത്രം ഇന്നുണ്ട്. അദ്ദേഹത്തെയാണ് ഗെയിറ്റിനരികിലായുള്ള കസേരയില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്നത്. അലക്കി അലക്കി നരകയറിയ യൂണിഫോറം ധരിച്ച് മീശപിരിച്ച് അലസമായി അദ്ദേഹം അവിടെയുണ്ടാകും. സ്വന്തം ജീവിതത്തിനു പോലും കാവലാളാകാന്‍ തനിക്കാകുന്നില്ലെന്ന തിരിച്ചറിവാകാം കാവല്‍ക്കാരനെ അലസനാക്കിയത്. ആരുടേയും കാവലാളാകാന്‍ തനിക്കാകില്ലെന്ന് ചിലപ്പോളൊക്കെ ക്ഷോഭത്തോടെ അയാള്‍ വിളിച്ചു പറയാറുണ്ട്.

രാത്രി പത്തു മണിക്ക് എല്ലാവരേയും പുറത്താക്കി ഗെയിറ്റടയ്‌ക്കുകയാണ് കാവല്‍ക്കാരന്‍ ഇപ്പോള്‍ ഉള്ള പ്രധാന ജോലി. രാവിലെ പത്തിനൊ പന്ത്രണ്ടിനൊ കാവല്‍ക്കാരന്റെ സൌകര്യം പോലെയെ ഗെയിറ്റ് തുറക്കാറുള്ളു. വൈകുന്നേരങ്ങളില്‍ അവിടെ കുറേ ആളുകള്‍ സ്ഥിരമായി വരാറുണ്ട്. ഗാര്‍ഡനിനുള്ളില്‍ ഭിക്ഷാടനം നിരോധിച്ചിട്ടുള്ളതിനാല്‍ ഭിക്ഷക്കാര്‍ ഗെയിറ്റിങ്കലാണ് മുതല്‍ മുടക്കില്ലാത്ത ജോലി ചെയ്യുന്നത്.

നഗര ജീവിതത്തിന്റെ തിരക്കില്‍ നിന്നും പലര്‍ക്കും ഒരാശ്വാസമാണ് ഈ സ്ഥലം. ജോലിയുടെ സമ്മര്‍ദ്ദത്തില്‍ നിന്നും ആശ്വാസം നേടുവാനായി ചിലര്‍ക്കായി ഇവിടെ സ്ഥിരം ബെഞ്ചുകളുണ്ട്. കുട്ടികള്‍ക്ക് ഫ്‌ളാറ്റു ജീവിതത്തില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നത് ഇവിടെ വരുമ്പോഴാണ്. പകല്‍ മറ്റു പല ജോലി ചെയ്യുന്നവര്‍ വൈകുന്നേരങ്ങളില്‍ ഇവിടെ വന്ന് കപ്പലണ്ടി കച്ചവടം നടത്തുന്നതും ബലൂണും പീപ്പിയും വില്‍ക്കുന്നതും പല കുടുംബങ്ങള്‍ക്കും ആശ്വാസമാണ് (വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും)

കാവല്‍ക്കാരന്റെ കണ്ണുവെട്ടിച്ച് പല ഭിക്ഷക്കാരും ഗാര്‍ഡനുള്ളില്‍ കയറിയിട്ടുണ്ട്. മാന്യമായി വേഷം ധരിച്ച പലരും അടുത്തു വന്ന് പരിചയപ്പെട്ട് ആവലാതികള്‍ പറഞ്ഞ് സഹായം ചോദിക്കുമ്പോളാണ്‍ യാചനയുടെ മുഖം തിരിച്ചറിയുന്നത്. ഒരു കണക്കിനു നോക്കിയാല്‍ ആരാണ് യാചകരല്ലാത്തത്.

ഒരു പോപ്പ് കോണും വാങ്ങി കൊറിച്ചു കൊണ്ട് നടപ്പാതയ്‌ക്കരികിലുള്ള ചാരു ബെഞ്ചില്‍ ഞാനിരുന്നു. ആദ്യമായി ഇവിടെ എത്തിയതിനാലാകാം കണ്ണുകള്‍ ചുറ്റും ആര്‍ത്തിയോടെയാണ് നോക്കുന്നത്.

ജീവിതത്തിന്റെ വൈകിയ വേളയിലാണ് മരണത്തോടുള്ള ഭയം കൂടുന്നത്. ആരോഗ്യ പരിപാലനത്തെപ്പറ്റി വ്യാകുലപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നതായി നടപ്പാതയിലെ തിരക്ക് വിളിച്ചറിയിക്കുന്നുണ്ട്. വിശാലമായ കുളത്തിനു ചുറ്റുമുള്ള നടപ്പാതയിലൂടെ ഒറ്റയ്‌ക്കും കൂട്ടമായും ആളുകള്‍ നടക്കുന്നുണ്ട്. ചിലര്‍ മണിക്കൂറു നോക്കിയും മറ്റു ചിലര്‍ കുളത്തിനെ പ്രദിക്ഷണം വെയ്‌ക്കുന്ന എണ്ണം കണക്കുകൂട്ടിയും കൈയും വീശി കാലും നീട്ടി വെച്ച് ജീവിതം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. മിക്കവരും കുടവയറന്മാരും തടിച്ചികളുമാണ്. എല്ലാവരുടേയും മുഖത്ത് ആയുസ്സ് നീട്ടിത്തരണേയെന്നുള്ള പ്രാര്‍ത്ഥന തെളിഞ്ഞു കാണാം.

മുല്ലപ്പൂമാല വില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോളാണ് ഗാര്‍ഡനില്‍ പൂക്കളൊന്നും ഇല്ലല്ലോ എന്ന സത്യം എന്റെ ശ്രദ്ധയില്‍ പെട്ടത്. അത് എന്നെ അത്ഭുതപ്പെടുത്തി. ചെടികള്‍ വാടിക്കരിഞ്ഞതിന്റെ കുറ്റികള്‍ അവിടവിടെ കാണാം. പല വൃക്ഷങ്ങളും വാടിക്കരിഞ്ഞിരിക്കുന്നു. പരിപാലിക്കാനാളില്ലാതെ ചെടികള്‍ എങ്ങനെ വളരും.

പൂക്കളില്ലാത്ത ഗാര്‍ഡനില്‍ ശലഭങ്ങളും കാണാന്‍ വഴിയില്ലല്ലോ ? എങ്കിലും കണ്ണിനു കുളിര്‍മ്മയേകിക്കൊണ്ട് ചില ചിത്രശലഭങ്ങള്‍ നടപ്പാതയിലൂടെ പറക്കുന്നുണ്ടായിരുന്നു.

മുല്ലപ്പൂമാല വില്‍ക്കുന്ന പെണ്‍കുട്ടി മാലയുമായി എന്റെ അരികിലും വന്നു പക്ഷേ മാല വാങ്ങാതെ പറഞ്ഞു വിട്ടു, ഞാനാര്‍ക്കായി മുല്ലപ്പുമാല വാങ്ങാനാണ്‍ ?

ഇരുന്നു മടുത്തപ്പോള്‍ എഴുന്നേറ്റ് കാഴ്ചകള്‍ കണ്ട് നടന്നു. ഉയര്‍ന്നു താഴുന്ന സീസോയെ നോക്കി എന്തു പഠിക്കാനാണ്. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്‌ചകള്‍. തന്റെ ഉയര്‍ച്ച മറ്റൊരുത്തന്റെ ഔദാര്യമാണെന്നകാര്യം ആരാണ്‍ ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടുക.

സ്ലൈഡിന്റെ പടികള്‍ കയറി മുകളിലെത്തി ഉയര്‍ച്ചയില്‍ നിന്ന് താഴേക്ക് നിരങ്ങി മണ്ണില്‍ വീഴുമ്പോള്‍ കുട്ടികള്‍ ചിരിക്കും. മുതിര്‍ന്നവര്‍ക്ക് ചിരി കൈമോശം വന്നുവോ ?

ഒഴിഞ്ഞ കോണിലെ മറ്റൊരു ചാരു ബഞ്ചില്‍ ഇരുന്നു. അടുത്തെങ്ങും ആരെയും കാണാനില്ലെങ്കിലും മരത്തിന്റെ മറവില്‍ നിന്ന് സീല്‍ക്കാരശബ്‌ദങ്ങള്‍ ഉയരുന്നുണ്ട്. പ്രണയിതാക്കള്‍ അവരുടെ ലോകത്താണ്.

എന്റെ മനസ്സില്‍ വീടിനേപ്പറ്റിയുള്ള ഓര്‍മ്മകള്‍ നിറഞ്ഞു. മകള്‍ നേഴ്‌സറിയില്‍ പോകാതിരിക്കാനായി വഴക്കിടാറുണ്ടോ ? ഭാര്യയ്‌ക്ക് തന്നെ വീട്ടുകാര്യങ്ങള്‍ നോക്കി നടത്താനാവുന്നുണ്ടോ ?കൂട്ടുകിടക്കാന്‍ വരുന്ന വകയിലെ അമ്മായി വഴക്കിടാറുണ്ടോ ?

മുല്ലപ്പൂമാല വില്‍ക്കുന്ന പെണ്‍കുട്ടി എന്നെ തൊട്ടു വിളിച്ചപ്പോളാണ് ഞാന്‍ ഓര്‍‌മ്മയില്‍ നിന്നുണര്‍ന്നത്.
“സാര്‍ ഒരു മാല വാങ്ങുമോ ? പത്തു രൂ‍പയേയുള്ളു സാര്‍ “
ഗാര്‍ഡനില്‍ പൂക്കളില്ലാത്തതിന്റെ കുറവു തീര്‍ക്കാനാവും ഇവള്‍ ഈ മുല്ലപ്പൂമാലയുമായി നടക്കുന്നത്, ആരു വാങ്ങാനാ...
ഇവള്‍ക്കെന്ത് പ്രായം വരും. സ്‌ക്കൂള്‍ വിദ്യാഭ്യാസമൊക്കെ പൂര്‍ത്തിയാക്കിയിരിക്കുമോ ? പെണ്‍കുട്ടികള്‍ കണ്ണടച്ച് തുറക്കുമ്പോഴല്ലേ വളരുന്നത്.
“എനിക്ക് മാലയൊന്നും വേണ്ട ഞാനിത് ആര്‍‌ക്കു കൊടുക്കാനാ...”
“സാര്‍ ഭാര്യയ്‌ക്ക് കൊടുക്കാം.. അല്ലെങ്കില്‍ ഗേള്‍ഫ്രണ്ടിന്‍....”
എനിക്ക് വേണ്ടെന്നു പറഞ്ഞ് വീണ്ടും ഞാനവളെ പറഞ്ഞയച്ചു.

അവളുടെ ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുകളും മനസ്സില്‍ പതിഞ്ഞു. അവളെ ഒരു മാലവാങ്ങിച്ച് സഹായിക്കണമെന്നുണ്ട്. എങ്കിലും ഞാന്‍ ആര്‍ക്കുവേണ്ടിയാണ് മാല വാങ്ങേണ്ടത്. ഭാര്യയ്‌ക്ക് മുല്ലപ്പൂമാലയെന്നു വെച്ചാല്‍ ജീവനാണ്. ഇനിയും നാട്ടില്‍ പോകുമ്പോള്‍ ഈ പെണ്‍കുട്ടിയില്‍ നിന്നും ഒരു മുല്ലപ്പൂമാലവാങ്ങി നാട്ടില്‍ കൊണ്ടുപോയി ഭാര്യയ്‌ക്ക് കൊടുക്കണം.

അവളുടെ പക്കല്‍ അഞ്ചു മുല്ലപ്പൂമാലയാണുള്ളത്. എല്ലാം വിറ്റാലും അന്‍പതു രൂപാ കിട്ടും. അന്‍പതു രൂപയ്‌ക്കായി ഈ സന്ധ്യമുഴുവന്‍ ഈ ഗാര്‍ഡനില്‍ അലയാന്‍ ഇവള്‍ക്ക് പേടിയൊന്നുമില്ലയോ ?

ഒരു പക്ഷേ ഇവളുടെ ചെറുപ്പത്തിലേ അച്‌ഛന്‍ പാമ്പുകടിയേറ്റു മരിച്ചു പോയിക്കാണും. അമ്മ തളര്‍വാതം പിടിച്ച് കിടക്കുകയാകും. വീട്ടിലൊരു അനിയനും അനിയത്തിയും കാണും. ഇവള്‍ മാലയും വിറ്റ് നാളെ അരി വാങ്ങാനുള്ള പണവുമായി വരുന്നത് കാത്തിരിക്കുകയാവും ചോര്‍ന്നൊലിക്കുന്ന ഒരു കുടില്‍. ഇവള്‍ ചെന്നിട്ടു വേണമായിരിക്കും വിശക്കുന്ന കുറേ വയറുകള്‍ക്ക് കഞ്ഞി വെച്ചു കൊടുക്കുവാന്‍. ഇവള്‍ പഠിക്കാന്‍ മിടുക്കി ആയിരുന്നിരിക്കണം. കോളേജില്‍ പോകാന്‍ പണമില്ലാത്തതിന്റെ പേരില്‍ തുടര്‍ന്ന് പഠിക്കാനാവാത്തതിന്റെ വിഷമം അവള്‍ക്കുണ്ടാകും. അവളേപ്പറ്റി കുറേ കഥകള്‍ മനസ്സില്‍ കുറിച്ചിട്ടു. ഇനിയുമൊരിക്കല്‍ ചോദിച്ച് മനസ്സിലാക്കണം ഞാന്‍ മനസ്സില്‍ കുറിച്ചതാണോ അവളുടെ ജീവിതമെന്ന്.

ഊഞ്ഞാലാടുന്ന കുട്ടികള്‍ ഉച്ചത്തില്‍ കരയുന്നുണ്ട്. ഊഞ്ഞാല്‍ ചങ്ങലയുടെ കറ കറ ശബ്‌ദം അതിലും ഉയര്‍ന്നു കേള്‍ക്കാം. ഓണക്കാലത്ത് ഊഞ്ഞാലു വള്ളി കൊണ്ട് ഊഞ്ഞാലിടുന്നതും, പന്തയം വെച്ച് ഉയര്‍ന്ന് ആടി മരച്ചില്ല പറിച്ചു കൊണ്ടു വരുന്നതും മനസ്സില്‍ ഓടിയെത്തി. അന്നൊക്കെ എന്തു രസമായിരുന്നു, എത്ര കൂട്ടുകാരുണ്ടായിരുന്നു. ഇന്ന് ഈ നഗരത്തില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഞാനൊറ്റയ്‌ക്ക് എന്തു ജീവിതമാണിത് ?

ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പരസ്‌പരം തോളില്‍ കൈയിട്ട് എന്തൊക്കയോ തമാശകള്‍ പറഞ്ഞ് കള്ളച്ചിരിയുമായി ഉണക്കമരത്തിന്റെ മറവിലുള്ള ചാരു ബെഞ്ചിലേക്ക് പോയി.

ഈ സന്ധ്യയില്‍ എന്റെ ഭാര്യയും കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന ചിന്ത മനസ്സിനെ കുളിരണിയിച്ചു. അധികം താമസിക്കാതെ തന്നെ ഭാര്യയേയും മകളേയും നഗരത്തിലേക്ക് കൊണ്ടു വരുവാന്‍ മനസ്സിലുറച്ചു.

മുല്ലപ്പൂമാല വില്‍ക്കുന്ന പെണ്‍കുട്ടി വീണ്ടും എന്റെ അരികിലെത്തി.
“ സാര്‍ ഒരു മാല വാങ്ങുമോ ? പത്തു രൂപയേയുള്ളൂ “
ഞാന്‍ അവളുടെ കൈയിലേക്ക് നോക്കി അഞ്ചു മാലയും കൈയിലുണ്ട്. രാത്രി വളരെ വൈകിയിട്ടും ഒന്നു പോലും ഇവള്‍ക്ക് വില്‍ക്കാനായില്ല. എന്റെ മനസ്സലിഞ്ഞു. ഇവള്‍ അരിയുമായി ചെല്ലുന്നത് കാത്തിരിക്കുന്ന കണ്ണുകളെ ഞാന്‍ മനസ്സില്‍ കണ്ടു. പോക്കറ്റില്‍ നിന്ന് പേഴ്‌സെടുത്ത് നൂറു രൂപാ അവളുടെ കൈയില്‍ കൊടുത്തു. ഒരു മാല വാങ്ങി അവളുടെ കഴുത്തിലും ഇട്ടു കൊടുത്തു.

അവളുടെ മുഖത്ത് സന്തോഷം മിന്നി മറഞ്ഞു. ബാക്കി തരേണ്ട കൈയില്‍ വെച്ചോളു എന്നു പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു.

അവള്‍ കഴുത്തില്‍ നിന്നും ഞാനണിയിച്ച മാലയൂരി മുടിയില്‍ തിരുകി. എന്റെ കൈയില്‍ നിന്നും പോപ്പ് കോണ്‍ വാങ്ങി കൊറിച്ചു. വരൂ സാര്‍ നമുക്കവിടെയിരിക്കാം. അവള്‍ എന്റെ കൈയില്‍ പിടിച്ച് നിര്‍ബ്ബന്ധിച്ച് മറ്റൊരു ബെഞ്ചിലേക്ക് നടത്തി.

അവളുടെ കഥ ചോദിക്കാന്‍ തുടങ്ങുന്നതിനു മുമ്പേ അവള്‍ എന്റെ കവിളില്‍ നുള്ളി പറഞ്ഞു
“ കള്ളന്‍ വന്നപ്പോഴേ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതാ.. ഞാന്‍ വിചാരിച്ചു മാന്യനാണെന്ന്.. എല്ലാ ആണുങ്ങളും ഇങ്ങനെയാ....”

“കുട്ടിയുടെ വീട്ടില്‍ ആരെല്ലാമുണ്ട്“
“സാറെ കഥ പറയാനുള്ള നേരമല്ലിത്... ഗാര്‍ഡന്‍ അടയ്‌ക്കാറായി “
“കുട്ടീ.. എന്താണ് നിന്റെ ഭാവം”
“ഞാനാരുടേയും കുട്ടിയല്ല സാറെ”
“നീയെനിക്ക് മകളേപ്പോലെയാണ്”
“സാറെ വേദാന്തമോതേണ്ട സമയമല്ലിത്.. ബെല്ലടിക്കാറായി.. ബെല്ലടിച്ചാല്‍ നൂറു രൂപ വെള്ളത്തിലാകും”

അവള്‍ അടുത്തോട്ട് നീങ്ങിയിരുന്ന് തോളില്‍ പിടിച്ചപ്പോള്‍ ഞാന്‍ അറിയുകയായിരുന്നു ഇവള്‍ കുട്ടിയൊന്നുമല്ല. തന്റെ ഭാര്യ ചൂടാറുള്ള മുല്ലപ്പൂവിന്റെ അതേ മണംതന്നെയാണ് ഇവള്‍ ചൂടിയിരിക്കുന്ന മുല്ലപ്പൂവിനും. എന്റെ മനസ്സിലെ കുട്ടിയില്‍ നിന്നും ഒരു സ്ത്രീയിലേക്ക് ഇവള്‍ എത്ര വേഗമാണ് വളര്‍ന്നത്. ഞാന്‍ ഭയപ്പെട്ട് അത്ഭുതംകൂറിയിരുന്നു.

അപ്പോഴേക്കും വലിയ ശബ്‌ദത്തില്‍ മണിമുഴങ്ങി.കാവല്‍ക്കാരന്‍ എല്ലാവരെയും പുറത്താക്കിത്തുടങ്ങി. അവള്‍ കാവല്‍ക്കാരന്‍ കാണാതെ എങ്ങോട്ടോ മറഞ്ഞു. ഞാനും വളരെ വേഗം ഗാര്‍ഡന്റെ ഗെയിറ്റു കടന്നു. ഇനിയുമൊരിക്കല്‍ ഈ ഗാര്‍ഡനില്‍ പൂക്കള്‍ വിരിയുമോ ?