Sunday, October 28, 2007

പാവം പാവം രാക്ഷസന്‍

ഒരിക്കല്‍ കാട്ടില്‍ ഒരു രാക്ഷസന്‍ ജീവിച്ചിരുന്നു. കാടിന്റെ നടുവിലുള്ള വലിയ കോട്ടയുടെ ഇരുപത്തിയഞ്ചാം നിലയിലായിരുന്നു രാക്ഷസന്‍ ഒറ്റയ്‌ക്ക് താമസിച്ചിരുന്നത്. രാക്ഷസന്‍ മഹാക്രൂരനായിരുന്നു. കറുത്ത് തടിച്ച് നല്ല ഉറച്ച ശരീരവും നീട്ടി വളര്‍ത്തിയ തലമുടിയും താടിയും ഒന്നരയാള്‍ പൊക്കവുമുള്ള രാക്ഷസനെ കണ്ടാല്‍ ആര്‍ക്കും പേടി തോന്നും.

രാക്ഷസക്കോട്ടയുടെ ജനലുകളിലൂടെ നോക്കിയാല്‍ പരന്നു കിടക്കുന്ന കാടും അതിന്നപ്പുറമുള്ള പുഴയും കാണാമായിരുന്നു. കാട്ടില്‍ എല്ലാം ഉണ്ടായിരുന്നെങ്കിലും താന്‍ ഏകനാണെന്ന ബോധം രാക്ഷസനെ വല്ലാതെ വേദനിപ്പിച്ചു. തന്റെ കൂടെ ഒരാഴ്‌ച മാത്രം താമസിച്ച രാക്ഷസി എന്തിനാണ് തന്നെ ഉപേക്ഷിച്ചു പോയതെന്ന് ഇന്നും രാക്ഷസനറിയില്ല. തന്റെ സ്വന്തം രാക്ഷസിയെപ്പറ്റി സ്‌നേഹത്തോടെ ഓര്‍ക്കുവാനെ രാക്ഷസനാകുമായിരുന്നുള്ളു. ഒരു നാള്‍ അവള്‍ തിരിച്ചു വരുമെന്ന് രാക്ഷസന്‍ വിശ്വസിക്കുന്നു.

ഒരു ദിവസം രാവിലെ രാക്ഷസന്‍ പുഴക്കരയിലൂടെ നടക്കുമ്പോള്‍ ഒരു രാജകുമാരി അവിടെ ഒറ്റയ്‌ക്കിരുന്ന്‌ കരയുന്നതു കണ്ടു.

രാക്ഷസന്‍ ഒരു മരത്തിനു പിന്നില്‍ ഒളിച്ചിരുന്ന് രാജകുമാരിയെന്തിനാണ് കരയുന്നതെന്ന് ചോദിച്ചു

രാജകുമാരി കരച്ചില്‍ നിര്‍‌ത്തി താനെങ്ങനെയാണ് ഇവിടെ എത്തപ്പെട്ടതെന്ന് വിശദമായി പറഞ്ഞു.

അവള്‍ അയല്‍‌രാജ്യത്തെ രാജകുമാരനുമായി കഴിഞ്ഞ ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ രണ്ടു രാജ്യങ്ങളും തമ്മില്‍ ശത്രുതയിലുമായിരുന്നു. അവരുടെ വിവാഹത്തിന് മാതാ പിതാക്കന്മാര്‍ സമ്മതിക്കാത്തതിനാല്‍ അവര്‍‌ ഒളിച്ചോടാനായി ഇറങ്ങിത്തിരിച്ചതാണ്. എങ്ങോട്ടാണ് പോകേണ്ടതെന്ന് അവര്‍ക്കറിയില്ലായിരുന്നു. മാതാ പിതാക്കന്മാരുടെ കണ്ണെത്താത്ത ഏതെങ്കിലും രാജ്യത്തു പോയി ജീവിക്കുവാനായി അവര്‍ ഇറങ്ങിത്തിരിച്ചു. ഇവിടെയെത്തിയപ്പോള്‍ രാജകുമാരനെ കാണാനില്ല. അതിനാലാണ് രാജകുമാരി കരഞ്ഞത്.

ഒളിച്ചിരുന്ന മരത്തിനു പിന്നില്‍ നിന്നും രാക്ഷസന്‍ പുറത്തു വന്നു. രാക്ഷസനെ കണ്ടതും രാജകുമാരി പിന്നെയും ഉച്ചത്തില്‍ കരച്ചിലാരംഭിച്ചു. രാജകുമാരനെ കണ്ടെത്താമെന്നു വാക്കുകൊടുത്തപ്പോളാണ് രാജകുമാരി കരച്ചില്‍ നിര്‍ത്തിയത്. രാക്ഷസന്‍ രാജകുമാരിയേയും കൂട്ടി കോട്ടയിലേക്കു പോയി. രാക്ഷസന്‍ ഏതോ മന്ത്രം ചൊല്ലിയപ്പോള്‍ കോട്ടയുടെ വലിയ വാതില്‍ അവര്‍ക്കു മുന്‍പില്‍ തുറന്നു. ലിഫ്‌റ്റില്‍ കയറി അവര്‍ കോട്ടയുടെ ഇരുപത്തിയഞ്ചാം നിലയിലേക്കു പോയി.

രാജകുമാരിക്കു കഴിക്കാന്‍ ഇഷ്‌ടം പോലെ കാട്ടുപഴങ്ങളും തേനും നല്‍കി. ക്ഷീണം മൂലം രാജകുമാരി അറിയാതെ ഉറങ്ങിപ്പോയി. ഉറക്കം ഉണരുന്നതുവരെ രാക്ഷസന്‍ രാജകുമാരിക്കരികില്‍ കാവലിരുന്നു.

ദീര്‍ഘനേരത്തെ ഉറക്കത്തിനു ശേഷം രാജകുമാരി ഞെട്ടിയുണര്‍ന്നു. തനിക്ക് കാവലിരിക്കുന്ന രാക്ഷസനെക്കണ്ട് പേടിതോന്നിയെങ്കിലും തന്നെ ഉപദ്രവിക്കാതിരുന്ന രാക്ഷസനില്‍ വിശ്വാസം തോന്നി. ക്രമേണ രാക്ഷസനോടുള്ള പേടിയും മാറി.

രാജകുമാരി തന്റെ വാനിറ്റി ബാഗ് തുറന്ന്, ചീപ്പും കത്രികയുമെടുത്തു. രാക്ഷസന്റെ തലമുടിയും താടിയും വെട്ടിക്കൊടുത്തു. അവര്‍ ഒന്നിച്ച് പുഴയില്‍ പോയിക്കുളിച്ചു. കുളിക്കാനിറങ്ങിയ രാക്ഷസനും കുളികഴിഞ്ഞ് കയറിയ രാക്ഷസനും തമ്മില്‍ ഒത്തിരി വ്യത്യാസം ഉണ്ടായിരുന്നു. കുളികഴിഞ്ഞപ്പോള്‍ രാക്ഷസനു പോലും തോന്നി താനൊരു സുന്ദരനാണെന്ന്.

രാക്ഷസന്‍ രാജകുമാരിയെ കോട്ട മുഴുവന്‍ കൊണ്ടു നടന്നു കാണിച്ചു. ഓരോന്നും വലിയ അത്‌ഭുതത്തോടെയാണ് രാജകുമാരി കണ്ടത്. രാക്ഷസന്റെ പക്കലുള്ള വന്‍ നിധിശേഖരം കണ്ട് രാജകുമാരിയുടെ കണ്ണ്‌ മഞ്ഞളിച്ചു പോയി.

രാജകുമാരി പറഞ്ഞു
“ഇതൊരു കോട്ടയല്ല, എന്റെ അച്‌ഛന്റെ കൊട്ടാരത്തേക്കാള്‍ വലിയ കൊട്ടാരമാണ്”

കോട്ട മുഴുവന്‍ ചുറ്റി നടന്നു കണ്ട് രാജകുമാരി തളര്‍ന്നു പോയി. രാക്ഷസന്‍ കാട്ടുപഴങ്ങളും തേനും കൊടുത്തു. രാജകുമാരി അത് കഴിച്ച് ഉറങ്ങി.

ഉണര്‍‌ന്നു കഴിഞ്ഞപ്പോള്‍ രാജകുമാരിക്ക് കുടിക്കാന്‍ എന്തോ കാട്ടു പാനീയം കൊടുത്തു.

രാക്ഷസന്‍ പറഞ്ഞു
“വരൂ രാജകുമാരി നമുക്ക് നദിക്കരയിലേക്കു പോകാം നിന്റെ കാമുകന്‍ രാജകുമാരനെ തേടിക്കണ്ടു പിടിക്കാം”

രാജകുമാരി ആലോചിച്ചു
രാജകുമാരന്‍ എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവനെപ്പോലെയാണ്. എന്നും ആരെയൊക്കയോ പേടിച്ച് ഒളിച്ചു ജീവിക്കേണ്ടി വരും. രാജാവിന്റെ കാലശേഷമേ അധികാരം കൈയില്‍ കിട്ടുകയുള്ളൂ‍. രാജാവിപ്പോലെങ്ങും കാലം ചെയ്യുന്ന ലക്ഷണവും ഇല്ല. അത്രയൊന്നും കാത്തിരിക്കാന്‍ എനിക്കു വയ്യാ. അധികാരം ഇല്ലെങ്കിലെന്താ സമ്പത്തും ശക്‌തിയും ഉള്ള രാക്ഷസന്‍ രാജകുമാരനേക്കാള്‍ യോഗ്യനാണ്.

രാജകുമാരി പറഞ്ഞു
“ എന്നെ കരുതാന്‍ കഴിയാത്ത രാജകുമാരന്റെയൊപ്പം ജീവിക്കാന്‍ ഞാനില്ല. നിങ്ങളെ ഞാന്‍ ഇഷ്‌ടപ്പെടുന്നു, നിങ്ങളെ ഞാന്‍ വിവാഹം കഴിക്കട്ടെ”

രാക്ഷസന് വിശ്വസിക്കാനായില്ല. ഒരു രാജകുമാരി തന്റെ മുഖത്തു നോക്കി വിവാഹാഭ്യര്‍‌ത്ഥന നടത്തിയിരിക്കുന്നു.

രാക്ഷസനും സന്തോഷമായി.

നിമിഷങ്ങള്‍‌പ്പോലും പാഴാക്കാതെ അവര്‍ വിവാഹിതരായി.

വിവാഹപ്പിറ്റേന്ന് അവര്‍ പുഴക്കരയിലൂടെ കൈ പിടിച്ച് നടക്കുമ്പോള്‍ രാജകുമാരിയുടെ പഴയ കാമുകന്‍ രാജകുമാരന്‍ കുതിരപ്പുറത്തുവരുന്നത് ദൂരെ നിന്നേ കണ്ടു.
അവര്‍ മരത്തിന്റെ പിന്നില്‍ ഒളിച്ചിരുന്നു. രാജകുമാരനെ കുതിരപ്പുറത്തുനിന്നും എറിഞ്ഞു വീഴ്‌ത്തി. ഇരുവരും ചേര്‍ന്ന് തല്ലിക്കൊന്നു. കോട്ടയുടെ ഇരുപത്തിയഞ്ചാം നിലയിലേക്ക് വലിച്ചു കൊണ്ടു പോയി. അവിടെ വെച്ച് പല കഷണങ്ങളായി വലിച്ചു കീറി. ഓരോ കഷണങ്ങളായി അവര്‍ കോട്ടയുടെ ജനലിലൂടെ കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ആരാണ് എല്ലിന്‍ കഷണം കൂടുതല്‍ ദൂരം വലിച്ചെറിയുന്നത് എന്നതില്‍ അവര്‍ മത്‌സരമായിരുന്നു. രാജകുമാരി ജയിക്കുവാനായി രാക്ഷസന്‍ സ്വയം തോറ്റു കൊടുത്തു.

പലതിലും തോറ്റുകൊടുത്ത് രാജകുമാരിയെ സന്തോഷിപ്പിച്ച് മാസങ്ങളോളം അവര്‍ ഭാര്യാ ഭര്‍‌ത്താക്കന്മാരായി ജീവിച്ചു.

മാസങ്ങള്‍‌ക്കൊണ്ട് രാക്ഷസനോടൊപ്പമുള്ള ജീവിതം മടുത്തെന്നു തുറന്നു പറയുവാനുള്ള ധൈര്യം രാജകുമാരിക്കുണ്ടായിരുന്നു.

കോട്ടയുടെ മുകളിലൂടെ താണു പറന്ന ഒരു ഹെലികോപ്‌ടറില്‍ ഉണ്ടായിരുന്ന ഏതോ രാജ്യത്തെ യുവരാജാവ് കോട്ടയുടെ മുകളില്‍ നില്‍ക്കുന്ന രാക്ഷസനേയും രാജകുമാരിയേയും കണ്ടു. യുവരാജാവിന്റെ ചുവന്ന കുപ്പായവും തിളക്കമുള്ള ഓവര്‍‌ക്കോട്ടും രത്‌നങ്ങള്‍ പതിച്ച കിരീടവും ഇരുവരും കാണുന്നുണ്ടായിരുന്നു.

ഹെലികോപ്‌ടര്‍ പുഴക്കരയില്‍ ലാന്റു ചെയ്‌ത സമയത്തുതന്നെ രാക്ഷസന്‍ കോട്ടയുടെ മുകളില്‍ നിന്ന് താഴെ വീണു മരിച്ചു.

ആ മരണത്തിലൂടെ രാക്ഷസന്‍ രാജകുമാരിയോടുള്ള സ്‌നേഹം വെളിപ്പെടുത്തുകുയായിരുന്നുവോ?
രാജകുമാരിയെ രാക്ഷസന്‍ അത്രമാത്രം സ്‌നേഹിച്ചിരുന്നുവോ?
രാജകുമാരിക്കൊരു പുതിയ ജീവിതം കിട്ടുവാനായി രാക്ഷസന്‍ സ്വയം ഇല്ലാതായതാണോ?

രാജകുമാരി ഓടി പുഴക്കരയിലേക്കു പോയി. ഹെലിക്കോപ്‌ടറില്‍ കയറി യുവരാജാവിനോടൊപ്പം അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്കു പോയി. പോകുമ്പോള്‍ രാക്ഷസന്റെ നിധി എടുക്കുവാന്‍ അവള്‍ മറന്നില്ല.

രാക്ഷസന്റെ മരണം ആത്‌മഹത്യയാണോ അതോ കുലപാതകമായിരുന്നോ?

ആരെങ്കിലും രാക്ഷസനെ താഴേക്ക് തള്ളിയിടുകയായിരുന്നോ?
ആ സമയത്ത് രാക്ഷസനോടൊപ്പം രാജകുമാരിമാത്രമേ ഉണ്ടായിരുന്നുള്ളു.
എന്താ രാജകുമാരി അത്രയ്‌ക്ക് രാക്ഷസിയാണോ ?

Tuesday, October 23, 2007

ആദ്യ കഥയിലെ മാതാവ്

യുക്‌തിവാദിയായ കുര്യന്റെ മകനെഴുതിയ ആദ്യകഥയിലെ പ്രധാന കഥാപാത്രം ദൈവമാതാവായിരുന്നുവെന്നത് തികച്ചും യാദൃശ്ചികം‌മാത്രം. അതൊരു കഥമാത്രമായിരുന്നെന്ന് അംഗീകരിക്കാതെ മകനെ വീട്ടില്‍ നിന്നും ആ പിതാവ് പുറത്താക്കി. മകന്‍ കഥയെഴുതിയെന്ന കുറ്റത്തിന്റെ ശിക്ഷ ഏല്‍ക്കുമ്പോഴും യഥാര്‍‌ത്ഥ കുറ്റവാളി രക്ഷപെടുന്നതിലുള്ള യുക്‌തി എന്തായിരുന്നു.

കുര്യന്റെ മകന് സ്‌ക്കൂള്‍ പഠനം പൂര്‍ത്തിയാക്കുവാന്‍ ഇനിയും വേണം വര്‍ഷങ്ങള്‍, അതിനിടയില്‍ കഥയെഴുതുവാനുള്ള ശ്രമം നടത്തിയത് ആരുടേയും പ്രേരണമൂലം അല്ല. ഒരു കഥയെഴുതുവാന്‍ തോന്നി സാമൂഹ്യപാഠത്തിന്റെ നോട്ടുബുക്കില്‍ ധാരാളം പേജുകള്‍ ബാക്കിയുണ്ടായിരുന്നു, അതിന്റെ അവസാന പേജുകളില്‍ ഒറ്റയിരുപ്പിനിരുന്ന് ആറു പേജുള്ള കഥയെഴുതിക്കഴിഞ്ഞപ്പോളാണ് ആശ്വാസമായത്. വീണ്ടും വായിച്ചു നോക്കി അതൊരു കഥയുള്ള കഥയാണെന്ന് അവന്നു തോന്നി.

കുര്യന്റെ അപ്പന്‍ പള്ളിയുമായി നല്ല അടുപ്പത്തിലായിരുന്നു. ജീവിതകാലം മുഴുവന്‍ ദൈവത്തിനു വേണ്ടി എന്തൊക്കയോ ചെയ്യാന്‍ ഓടി നടക്കുകയായിരുന്നു. കുര്യന്റെ അപ്പന്‍ നല്ല പ്രായത്തില്‍ തന്നെ കര്‍ത്താവില്‍ നിദ്രകൊണ്ടൂ. വിധി വൈപരീത്യം കൊണ്ടാകാം കുര്യന്‍ ദൈവം ഇല്ലെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. കുര്യന്‍ ഏതുകാര്യവും യുക്‌തിയോടുകൂടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വാക്കുകളൊക്കെ യുക്‌തി ഭദ്രമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പോസ്റ്റുമാന്‍ മാസത്തില്‍ മൂന്നും നാലും പ്രാവശ്യം യുക്‌തിവാദ സന്ദേശങ്ങള്‍ കൈമാറാന്‍ ആ വീട്ടില്‍ വന്നു പോകുമായിരുന്നു. ഡല്‍ഹിയില്‍ നിന്നു പോലും യുക്‌തിവാദ ഗ്രന്ഥങ്ങള്‍ വരുത്തി വായിക്കുമായിരുന്നു. ദൈവ സംബന്ധമായ മറ്റ് പുസ്‌തകങ്ങളോ ദൈവങ്ങളുടെ പടങ്ങളോ ഒന്നും തന്നെ ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. മുന്‍പ്‌ സ്വാഗതം എന്ന് എഴുതിയ കൂപ്പുകൈയ്യുടെ പടം പ്രധാന വാതിലിന്നു മുകളില്‍ ഉണ്ടായിരുന്നു, പിന്നീട് അതും എടുത്ത് മാറ്റി.

കുര്യന്റെ ഭാര്യ തന്റെ ഭര്‍ത്താവിന്റെ ലോകമാണ് തന്റെ ലോകമെന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന സാധാരണ വീട്ടമ്മ. കല്യാണത്തിനുമുന്‍പ് നല്ല ദൈവവിശ്വാസിയായിരുന്നെങ്കിലും കല്ല്യാണത്തിനു ശേഷം കുര്യന്‍ തന്നെയായിരുന്നു കാണപ്പെട്ട ദൈവം. യുക്‌തിവാദിയായ കുര്യന്റെ ഭാര്യയോട് അയല്‍‌വക്കത്തുള്ള പെണ്ണുങ്ങളൊന്നും വലിയ അടുപ്പം കാണിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ അവരുടെ കുടുംബ ജീവിതത്തില്‍ പ്രത്യേകിച്ച് എടുത്തുപറയത്തക്ക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പള്ളിയില്‍ പോകാത്തതു കൊണ്ട് താന്‍ മരിച്ചാല്‍ എവിടെയായിരിക്കും അടക്കുകയെന്ന കാര്യത്തില്‍ കുര്യനും ചെറിയൊരു പേടിയുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുന്‍‌പ് പട്ടണത്തില്‍ ഇലക്‌ടിക് ക്രിമിറ്റോറിയം വന്നതോടുകൂടി ആ പേടിയും മാറിക്കിട്ടി.

കുര്യന് ഒറ്റ മകനായിരുന്നതു കൊണ്ട് ഒരു കട്ടിലും മേശയും കസേരയും അവനു കൊടുക്കാന്‍ വളരെയൊന്നും ആലോചിക്കേണ്ടിവന്നില്ല. മകന്‍ വീട്ടില്‍ ഇല്ലാതിരുന്ന ഒരു ദിവസം അവന്റെ പുസ്‌തകങ്ങളും ബുക്കും വെറുതെ മറിച്ചു നോക്കിയ കുര്യന്‍ തന്നെയാണ് തന്റെ മകന്‍ എഴുതിയ കഥ കണ്ടത്. അത് ആദ്യമായും അവസാനമായും വായിച്ചതും കുര്യന്‍ തന്നെയാണ്.

കഥയിലെ കടിച്ചാല്‍ പൊട്ടാത്തവാക്കുകളും മറ്റ് വേലിയേറ്റങ്ങളും ഒഴിവാക്കിയാല്‍ കഥയുടെ ചുരുക്കം ഇങ്ങനെയായിരുന്നു.

[ കുട്ടന്‍ അപ്പന്റെ പോക്കറ്റില്‍ നിന്നും ചില്ലറ പൈസകള്‍ എടുക്കാറുണ്ടെങ്കിലും അതൊരു മോഷണമാണെന്ന് അവന്നു തോന്നിയിരുന്നില്ല. നാരങ്ങാ മിഠായിയും ഐസ് സ്‌റ്റിക്കും വാങ്ങുവാന്‍ അവന്നു വേറെ വഴികളില്ലായിരുന്നു.

കുട്ടന്റെ കൂട്ടുകാരുടെ വീടുകളിലെ ഭിത്തികളിലൊക്കെ മനോഹരമായ പടങ്ങള്‍ തൂക്കിയിട്ടിരിക്കുന്നത് അവനെ ആകര്‍ഷിച്ചു. അതൊക്കെ ദൈവങ്ങളുടെ പടങ്ങളാണെന്നും കുട്ടന്റെ മാതാ പിതാക്കള്‍ യുക്‌തിവാദികളായതിനാല്‍ കുട്ടനും യുക്‌തിവാദിയാണെന്നും ദൈവങ്ങളുടെ പടങ്ങള്‍ വീട്ടില്‍ തൂക്കിയിടാന്‍ പാടില്ലെന്നും അവനു മനസ്സിലായി.

അവന്‍ ദൈവങ്ങളെക്കാണാന്‍ ഫോട്ടോ ഫ്രെയിം ചെയ്യുന്ന കടയില്‍ പോകുമായിരുന്നു. അവിടെ എല്ലാ ജാതിക്കാരുടേയും ദൈവങ്ങളെ ഫ്രെയിം ചെയ്‌തു വെച്ചിട്ടുണ്ടായിരുന്നു. അതില്‍ ദൈവമാതാവിന്റെ പടം അവനെ കൂടുതല്‍ ആകര്‍ഷിച്ചു. കിരീടം വെച്ച മാതാവിന്റെ മുഖത്തു നിന്നും പ്രഭ ചൊരിയുന്നുണ്ട്, ഇരുവശങ്ങളിലും ഓരോ മാലാഖക്കുഞ്ഞുങ്ങള്‍ പറന്നു നില്‍‌ക്കുന്നുണ്ട്‌. അവന്‍ ആ പടം കാണുവാന്‍‌ മാത്രമായി മിക്കപ്പോഴും ആ കടയില്‍ പോകുമായിരുന്നു. ആ ഫ്രെയിം ചെയ്‌ത പടം സ്വന്തമാക്കുവാന്‍ അവന്റെ മനസ്സു കൊതിച്ചു. അതിന്റെ വില അവനു താങ്ങുവാനാകുമായിരുന്നില്ല. അത് അവിടെ നിന്നും മോഷ്‌ടിക്കുവാനുള്ള ആലോചന ചെയ്‌തുവെങ്കിലും അത് ഫലപ്രാപ്‌തിയിലെത്തിക്കുവാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല.

അവസാനം അവന്‍ തീരുമാനിച്ചു. ആദ്യമായി അപ്പന്റെ പോക്കറ്റില്‍ നിന്നും നോട്ടുകള്‍ മോഷ്‌ടിച്ചു. ആ പണം കൊടുത്ത് ദൈവമാതാവിന്റെ ഫ്രെയിം ചെയ്‌ത പടം വാങ്ങിച്ചു.

ആ പടം സ്വന്തമാക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ അത് സ്വന്തമാക്കിയതിനു ശേഷം അത് എവിടെ സൂക്ഷിക്കും എന്നുള്ള കാര്യം ആലോചിച്ചിരുന്നില്ല. രണ്ടു മുറികളുള്ള തന്റെ വീട്ടില്‍ അച്‌ഛന്റെ കണ്ണെത്താത്തിടം എവിടെയാണ്. യുക്‌തിവാദിയുടെ വീട്ടില്‍ ദൈവമാതാവിന്റെ പടം കണ്ടെടുത്താലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞറിയിക്കുവാനാവില്ല.

സ്വന്തമാക്കുന്നതിലും ബുദ്ധിമുട്ടുള്ള കാര്യം അത് ആരും കാണാതെ സൂക്ഷിക്കുകയെന്നതായിരുന്നു. കുട്ടന്‍ ആ പടം ഓരോ ദിവസവും പല സ്ഥലങ്ങളില്‍ മാറിമാറി ഒളിപ്പിച്ചു വെച്ചു. സുരക്ഷിതമായി ഒളിപ്പിക്കാനൊരിടം കണ്ടെത്തി. അത് അമ്മയുടെ പഴയ കാല്‍‌പ്പെട്ടിയുടെ ഉള്ളില്‍ ഏറ്റവും അടിയിലായി, അലക്കി തേച്ചു വെച്ചിരിക്കുന്ന ചട്ടകള്‍ക്കും മുണ്ടുകള്‍ക്കും അമ്മയുടെ മറ്റ് സ്വകാര്യ സമ്പാദ്യങ്ങള്‍ക്കും അടിയിലായി ആരും കാണാതെ ഒളിപ്പിച്ചു വെച്ചു. ദൈവത്തിന്റെ ആവശ്യം വരുന്ന സമയങ്ങളിലൊക്കെ കുട്ടന്‍ ആരും കാണാതെ അമ്മയുടെ കാല്‍‌പ്പെട്ടി തുറന്ന് ദൈവമാതാവിന്റെ പടം കാണുമായിരുന്നു.

അവന്റെ മനസ്സ് സ്വസ്ഥമായിരുന്നില്ല. അവന്‍ ഒരു നാള്‍ പിടിക്കപ്പെടും, ആ ദിനത്തിനായ് അസ്വസ്‌ഥമായ മനസ്സോടെ അവന്‍ കാത്തിരുന്നു. ]

ഇതായിരുന്നു കഥയുടെ ചുരുക്കം. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ സാമാന്യം ഭേദപ്പെട്ട കഥ. അച്‌ഛന് മകനേപ്പറ്റി അഭിമാനം തോന്നി. സാമൂഹ്യപാഠത്തിന്റെ നോട്ടുബുക്ക് അതേ സ്‌ഥാനത്തു തന്നെ തിരികെ വെച്ചു.

വെറുതെ കാല്‍‌പ്പെട്ടിയുടെ ഉള്ളില്‍ പരിശോധന നടത്താന്‍ യുക്‌തി പ്രേരിപ്പിച്ചു. കുര്യന്‍ തന്റെ ഭാര്യയുടെ കാല്‍‌പ്പെട്ടിയുടെ ഉള്‍വശം പരിശോധിച്ചപ്പോള്‍ അവിടെയൊരു മാതാവിന്റെ ഫ്രെയിം ചെയ്‌ത പടം ഉണ്ടായിരുന്നു.

യുക്‌തിവാദിയായ കുര്യന് കലി കയറി , ഭാര്യയെ വിളിച്ചു.

“എടീ നിന്റെ മോന്‍ കള്ളനാണ്, അവന്‍ വിശ്വാസിയാകാന്‍ ശ്രമിക്കുന്നു. അവന്‍ നിന്റെ കാല്‍‌പ്പെട്ടിയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പടം കണ്ടോ ? അവനെ ഇനിയും ഈ വീട്ടില്‍ കയറ്റിയേക്കരുത്. ഇവിടെ നിന്നും ദാഹജലം പോലും കൊടുത്തേക്കരുത്. അവന്‍ കഥയെഴുതിയിരിക്കുന്നു. യഥാര്‍ത്ഥ സംഭവം എഴുതി വെച്ചിട്ട് കഥയെന്നു തലക്കെട്ടു കൊടുത്താല്‍ കഥയാകുമോ?...”

കുര്യന്റെ ഭാര്യയ്ക്ക് ഒന്നും മനസ്സിലായില്ല.

കുര്യന്‍ ദ്വേഷ്യപ്പെട്ട് എങ്ങോട്ടോ ഇറങ്ങിപ്പോയി

താന്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന ദൈവമാതാവിന്റെ പടം തന്റെ ഭര്‍ത്താവ് കണ്ടെത്തിയിട്ടും തന്നെ സംശയിക്കാതിരുന്നത് ദൈവമാതാവിന്റെ അനുഗ്രഹമാണെന്ന് കുര്യന്റെ ഭാര്യ രഹസ്യമായി വിശ്വസിക്കുന്നു.