Saturday, August 4, 2007

കൈലാസന്റെ മരണം

ഇന്ന്‌ കൈലാസന്റെ പത്താം ചരമവാര്‍ഷികമാണ്.

താന്‍ വിശ്വസിച്ചു വന്ന പ്രസ്ഥാനത്തിനുവേണ്ടി മരണം വരിച്ച ധീരരക്തസാക്ഷിയാണ് കൈലാസന്‍ . അവന്റെ മരണം ആത്‌മഹത്യയായിരിക്കാമെന്ന്‌ ചിലര്‍ രഹസ്യമായി പറയുന്നതും ഞാന്‍ കേട്ടിട്ടുണ്ട്‌. റെയില്‍‌വേപാളത്തില്‍ ആ‍ളറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിക്കിടന്ന അവന്റെ മൃതശരീരം വാരിക്കൂട്ടി പായില്‍ കെട്ടി പോസ്‌റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയ രംഗം കണ്ടവര്‍‌ക്കൊന്നും ഇന്നും അത്‌ മറക്കാനാവില്ല.

ആക്‌ഷന്‍ കൗണ്‍സില്‍ മീറ്റിംഗും, പ്രതിഷേധയോഗവും, രക്തസാക്ഷിത്വദിനാചരണവും എല്ലാം ക്രമമായിനടക്കുന്നുണ്ട്‌. പത്തു വര്‍ഷം കഴിഞ്ഞിട്ടും കൈലാസന്റെ മരണം ആത്‌മഹത്യയാണോ, അതോ കൊലപാതകമാണോയെന്ന്‌ ഇന്നും തെളിഞ്ഞിട്ടില്ല. രണ്ടിനും തുല്യസാധ്യതയും കാരണവും നിരത്തുവാനുണ്ടാകും.

കൈലാസന്റെ വേഷം മിക്കപ്പോഴും പാന്‍സും അയഞ്ഞ ജുബ്ബയുമാണ്. തോളില്‍ തൂക്കിയിട്ടിരിക്കുന്ന വള്ളിനീളമുള്ള തുണിസഞ്ചിയും, ചെറിയ ഗ്ലാസ്സുള്ള കണ്ണടയും അലക്ഷ്യമായി ഒരു വശത്തേക്ക്‌ കൈകൊണ്ട്‌ ഒതുക്കി വെയ്‌ക്കാറുള്ള നീളന്‍ മുടിയും അവന്റെ പ്രത്യേകതകളായിരുന്നു. ചര്‍ച്ചകളും ചിന്തകളും ആരംഭിക്കുമ്പോള്‍ അവന്‍ ഒന്നിനു പിറകേ ഒന്നായി ബീഡി വലിച്ചുകൊണ്ടിരിക്കും.

നല്ല തീപ്പൊരി പ്രസംഗമായിരുന്നു അവന്റേത്‌. ഒത്തിരി യുവാക്കള്‍ അവന്റെ ആദര്‍ശത്തില്‍ ആകൃഷ്‌ടരായി. വര്‍ഗ്ഗ ശത്രുവിനെതിരെ പോരാടാന്‍ അവര്‍ സംഘം ചേര്‍ന്നു. പ്രത്യയ ശാസ്‌ത്രത്തെപ്പറ്റി സ്‌റ്റഡി ക്ലാസ്സുകള്‍, വായന, ചിന്ത, പഠനം, യാത്രകള്‍, വര്‍‌ഗ്ഗ സമരം, ...... അവന്‍ എപ്പോഴും തിരക്കായിരുന്നു.

അവനെഴുതിയ കവിതാസമാഹാരവും മറ്റ്‌ രണ്ട്‌ പുസ്‌തകങ്ങളും ഞാന്‍ പലതവണ വായിച്ച്‌ അര്‍ത്ഥം ഗ്രഹിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. എനിക്കതൊന്നും മനസ്സിലാകാത്തതിന് കാരണം ഞാന്‍ ബൂര്‍ഷയായതിനാലാണെന്നാണ് അവന്‍ പറയുന്നത്‌.

ജീവിതം വരയ്ക്കപ്പെട്ട കുറേ വൃത്തങ്ങള്‍ക്കുള്ളില്‍ തളച്ചിടാനുള്ളതല്ലെന്ന്‌ അവന്‍ പറയും. കുടുംബം എന്ന സങ്കല്‍പ്പത്തെപ്പറ്റി – തളച്ചിടീല്‍ / ചുറ്റപ്പെടല്‍ എന്നാണ് അവന്‍ വിശേഷിപ്പിക്കറുള്ളത്‌. സമൂഹത്തിന് അര്‍ബുദം എന്ന മഹാരോഗമാണ്, ചെറിയ മുഴകള്‍ മുറിച്ചുമാറ്റിയില്ലെങ്കില്‍ അര്‍ബുദം വളര്‍ന്ന്‌ സമൂഹത്തെ മരണത്തിലേക്ക് നയിക്കും. അതിനാല്‍ മുഴകള്‍ മുറിച്ചു മാറ്റുകയാണ് തന്റെ കര്‍ത്തവ്യം എന്നവന്‍ പറയും, അപ്പോഴുണ്ടാകുന്ന രക്തചൊരിച്ചിലും വേദനയും സ്വാഭാവികമാണുപോലും.

എനിക്കവന്റെ ആദര്‍ശമൊന്നും മനസ്സിലായില്ലെങ്കിലും ഞാന്‍ കൈലാസന്‍ എന്ന വ്യക്‌തിയെ സ്‌നേഹിച്ചിരുന്നു.

അവന്‍ ദാരിദ്ര്യത്തിലൂടെയാണ് വളര്‍ന്നത്‌. അവന്റെ അമ്മ അയല്‍‌വീടുകളില്‍ എച്ചില്‍പ്പാത്രം കഴുകിയാണ് അവന് ആഹാരം കൊടുത്തിരുന്നത്‌. പഠിപ്പിച്ച്‌ ഇത്ര വലുതാക്കിയിട്ടും അമ്മയ്‌ക്ക്‌ അത്താണിയാകുവാന്‍ അവനായില്ല. അല്ലലും അലച്ചിലും ഒന്നു മില്ലാത്ത ലോകത്തേക്ക്‌, അവന്റെ അപ്പന്റെ അടുത്തേക്ക്‌ അമ്മയും എന്തോ ഒരു സന്തോഷത്തോടെയാണ് പോയത്‌.

സൂസന്‍ എന്ന ക്രിസ്‌ത്യാനി പെണ്ണ്‌ പ്രേമത്തിന്റെ ആദ്യപാഠങ്ങള്‍ മാത്രം പഠിപ്പിച്ച്‌ എങ്ങോട്ടോ രക്ഷപെട്ടു.

ഒരു ജോലിക്കായ്‌ അവന്‍ മുട്ടിയ വാതിലൊന്നും തുറക്കപ്പെട്ടില്ല. ആദര്‍ശങ്ങളോന്നും അപ്പകഷണങ്ങളായില്ല.

അവസാന നാളുകളില്‍ അവന്‍ അസ്വസ്ഥനായിരുന്നു. പകലും രാത്രിയും ഒന്നും അവന് സ്വസ്ഥത നല്‌കിയില്ല. ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്‌മ അവനെ വേട്ടയാടി. സത്യത്തില്‍ അവന് ജീവിതം തന്നെ മടുത്തിരുന്നു. ഇതെല്ലാം ഉപേക്ഷിക്കണമെന്ന്‌ അവന് തോന്നിയിരിക്കാം. പക്ഷേ രക്ഷപെടാന്‍ പറ്റാത്തവണ്ണം അവന്‍ കെട്ടപ്പെട്ടു കഴിഞ്ഞിരുന്നു.

പാളിപ്പോയ പോലീസ്‌ സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ കൈലാസനായിരുന്നു ഒന്നാംപ്രതി. അങ്ങനെയാണ് അവന്‍ ഒളിവില്‍ പോയത്‌. ഒരാഴ്‌ചക്കുശേഷം റെയില്‍‌വേപാളത്തില്‍ ആളറിയാന്‍ പറ്റാത്തവണ്ണം ചിന്നിച്ചിതറിയ ശവശരീരം കൈലാസന്റേതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല.

ആരോ കൊന്ന്‌ റെയില്‍‌വേപാളത്തില്‍ തള്ളിയതാണെന്ന് ചിലരും അല്ല അവന്‍ ജീവിതം മുന്നോട്ട്‌ നയിക്കാനാവാതെ സ്വയം മരിച്ചതാണെന്ന് മറ്റുചിലരും പറഞ്ഞു.

കൈലാസന്റെ വീട്ടുമുറ്റത്തിന്റെ ഒരരുകില്‍ പായയില്‍ പൊതിഞ്ഞുകെട്ടിയ ശവം ദഹിപ്പിക്കുമ്പോള്‍ അവന്‍ എന്റെ വീടിന്റെ പത്തായപ്പുരയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു.

ആരാണ് കൈലാസനുവേണ്ടി, കൈലാസനു പകരം മരിച്ചതെന്ന്‌ ഇന്നും ഞാന്‍ നിശ്ശബ്‌ദനായി തിരയുകയാണ്.

കൈലാസന്റെ ശവം ദഹിപ്പിച്ചു കഴിഞ്ഞ്‌ ഒരാഴ്‌ചകൂടി അവന്‍ ഞങ്ങളുടെ പത്തായപ്പുരയില്‍ ഒളിച്ചു താമസിച്ചു. രാത്രിയില്‍ എന്റെ സ്‌ക്കൂട്ടറിന്റെ പിന്നിലിരുത്തിയാണ് ആരും കാണാതെ ദൂരെയുള്ള ഒരു റെയില്‍‌വേസ്‌റ്റേഷനില്‍ ഞാനവനെ കൊണ്ടുവിട്ടത്‌.

കള്ളപ്പേരില്‍ അവന്‍ പട്ടണത്തിന്റെ തിരക്കിലേക്ക്‌ ട്രയിന്‍ കയറുമ്പോള്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവന്‍ പിരിയുമ്പോള്‍ പറഞ്ഞു.
“കൈലാസന്‍ ആത്‌മഹത്യ ചെയ്‌താലും, കൊലചെയ്യപ്പെട്ടാലും ശരി അവന്‍ മരിച്ചു, എനിക്ക്‌ ജീവിക്കണം നന്ദിയുണ്ട്‌ സുഹൃത്തെ......... നന്ദി”

ഞങ്ങള്‍ പിരിഞ്ഞിട്ട്‌ പത്ത്‌ വര്‍ഷം കഴിഞ്ഞു.

നാട്ടുകാര്‍ക്കിന്ന്‌ കൈലാസന്റെ പത്താം ചരമവാര്‍ഷികമാണ്.

അവന്‍ ഇപ്പോള്‍ എവിടെയോ കുടുംബവും കുട്ടികളുമായി സുഖമായി ജീവിക്കുന്നുണ്ടാകാം. അല്ലെങ്കില്‍ ആത്‌മീയ ആചാര്യനായി വിലസുന്നുണ്ടാകാം ( അവസാന നാളുകളില്‍ അവന് ആത്‌മീയതയോട്‌ ഒരല്പം കമ്പം തോന്നിത്തുടങ്ങിയിരുന്നു. )

നീ എവിടെയായാലും സുഖമായിരിക്കുന്നു വെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

ഒന്നെനിക്കറിയാം ഈ പത്താം ചരമവാര്‍ഷികത്തിലും എന്റെ പ്രീയ സുഹൃത്തെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.

8 comments:

സുനീഷ് തോമസ് / SUNISH THOMAS said...

നന്നായി എഴുതിയിരിക്കുന്നു.

കുഞ്ഞന്‍ said...

ഇങ്ങിനെയുള്ള കൈലാസന്മാരുടെ പേരില്‍ 'ഫണ്ടുകള്‍' പിരിച്ചെടുത്ത്‌ ജീവിക്കുന്ന "മാന്യന്മാര്‍" നമ്മള്‍ക്കു ചുറ്റുമുണ്ട്‌ ബാജീ...

നന്നയിരിക്കുന്നു :) :)

ദൈവം said...

വര്‍ഗ്ഗീസ്,
വായിക്കാറുണ്ട് എല്ലാം.
നിര്‍ത്താറായി എന്നു ഞാന്‍ പറയില്ല :)

സാല്‍ജോҐsaljo said...

:)

സാരംഗി said...

ബാജീ..കൈലാസന്‍ ഇപ്പോള്‍ എവിടെയാണെങ്കിലും പഴയ കാലങ്ങളൊന്നും മറന്നിട്ടുണ്ടാവില്ല, പിന്നെ അയാളുടെ സുഹൃത്തിനെയും.

ശ്രീ said...

ബാജി ഭായ്...

ഇഷ്ടപ്പെട്ടു... നന്നായിരിക്കുന്നു...
ആ സുഹൃത്ത് താങ്കളേയും അതു പോലെ ഇന്നും സ്നേഹിക്കുന്നുണ്ടായിരിക്കണം...
:)

സതീശ് മാക്കോത്ത് | sathees makkoth said...

എന്നെങ്കിലും ആ സുഹൃത്തിനെ കണ്ടുമുട്ടുമെന്നാശിക്കാം.

ശാരദ നിലാവ് said...

കൈലാസന്‍ എന്ന പഴയ കാല സിംബല്‍ , കഷ്ടപ്പാടില്‍ നിന്നും വളര്‍ന്ന യുവത്വം , സമൂഹത്തില്‍ ഒറ്റപെട്ടു നിന്ന് , ഒഴുക്കിനെതിരെ നീന്തി നോക്കി , തോറ്റു മടങ്ങി ആത്മീയതയില്‍ ചെന്നെത്തുന്ന പ്രഷുബ്ദ യൌവനങ്ങള്‍ ... പരിചയമുള്ള അരങ്ങും കഥാപാത്രവും ... പക്ഷെ അവതരണം ഇഷ്ടമായി ..