Tuesday, September 30, 2008

വാക്ക്

ഒരു ദിവസം രാവിലെ എഴുത്തുമുറി തുറന്നപ്പോള്‍ ഒരു വാക്ക് ഇറങ്ങി ഓടി.
ഒരു മലയാളം വാക്ക്. നല്ലൊരു വാക്കായിരുന്നു.
കവിതയിലെവിടെയെങ്കിലും ചേര്‍‌ക്കാനായി എടുത്തു വെച്ചിരുന്നതായിരുന്നു.
സാധാരണ പോകാറുള്ള സ്‌ഥലങ്ങളിലൊക്കെ പോയി തിരക്കി. എവിടെയും കണ്ടെത്താനായില്ല.

കൂട്ടുകാരോടൊക്കെ ഫോണില്‍ തിരക്കി.
“ എന്റെ വാക്കിനെ കണ്ടോ ? എന്റെ മലയാള വാക്കിനെ കണ്ടോ ?“
ആര്‍ക്കും അറിവൊന്നുമില്ല.

രാത്രി വൈകിയും ഉറക്കം വരാതെ വാക്കിനേപ്പറ്റി ഓര്‍ത്ത് കിടക്കുമ്പോള്‍‌, വാതിലില്‍ മുട്ടു കേട്ടു.
ഓടിച്ചെന്ന് വാതില്‍ തുറന്നു.
അതെ അവനാണ് രാവിലെ ഇറങ്ങി ഓടിയ പ്രീയപ്പെട്ട മലയാളം വാക്ക്.
അവനെന്തോ പരിക്ക് പറ്റിയിട്ടുണ്ട്. തലയിലും കാലിലും വെച്ചു കെട്ട് കാണാം.
“ എന്താ നിനക്കെന്തു പറ്റി ?”
ഉത്തരമായ് പിന്നില്‍ മറഞ്ഞു നിന്നവള്‍ കണ്‍‌വെട്ടത്തേക്ക് വന്നു.
ഒരു അറബി വാക്ക് പാതി മുഖം മറച്ച് ലജ്ജിച്ച് നില്‍ക്കുന്നു.

സംഭവിച്ചത് എന്തെന്ന് മനസ്സിലായി.

ഒരു അറബി വാക്കിനേയും അടിച്ചു മാറ്റിക്കൊണ്ടാണ് മലയാള വാക്ക് വന്നിരിക്കുന്നത്.
“ ദൈവമേ ഇനിയും എന്തെല്ലാം പുകിലാണോ ഉണ്ടാകാന്‍ പോകുന്നത് ? “
അവളുടെ ആള്‍ക്കാര്‍ അന്വേഷിച്ചു വരും. ഇവിടെ വച്ച് പിടിക്കപ്പെട്ടാല്‍ താനും കുറ്റക്കാരനാകും.

രണ്ടിനേയും നയച്ചില്‍ വിളിച്ച് എഴുത്തു മുറിയിലാക്കി വാതിലടച്ചു.
പിന്നീട് വാക്കുകളെപ്പറ്റിയോ എഴുത്തുമുറിയെപ്പറ്റിയോ ഓര്‍ക്കാന്‍ ആഗ്രഹിച്ചില്ലെങ്കിലും..

ഇന്ന് എഴുത്തു മുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് ഭാഷയില്‍ ഇല്ലാത്ത കുറേ വാക്കുകള്‍ പുറത്തു വന്നു.
അവരുടെ പിന്നാലെ ആ പഴയ മുഖങ്ങളും....
എന്റെ പ്രീയപ്പെട്ട മലയാള വാക്കിന് ഒത്തിരി പക്വതയുണ്ടെന്ന് തോന്നി...
അറബി വാക്കിന്റെ മുഖത്തെ ലജ്ജ ഇപ്പോഴും മാറീട്ടില്ല.....