നഗരത്തിലെ പൂക്കളില്ലാത്ത ഗാര്‍ഡനില്‍ ഞാനൊരിക്കലേ പോയിട്ടുള്ളൂ, പൂക്കളില്ലെങ്കിലെന്താ ശലഭങ്ങള്‍ ധാരാളമുണ്ടല്ലോ.
നഗരത്തിലെ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റം കിട്ടിയിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. മനസ്സിപ്പോളും നാട്ടില്‍ തന്നെയാണ്. പ്രേമിച്ചു കെട്ടിയ ഭാര്യയോടും നേഴ്സറിയില്‍ പോകുന്ന മകളോടുമുള്ള ഇന്നലെകള്‍ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. ശരീരം നമുക്ക് എങ്ങോട്ടു വേണമെങ്കിലും പറിച്ചു നടാമല്ലോ.
പുതിയ ജോലി സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സമയമെടുക്കും. സഹപ്രവര്‍ത്തകരെല്ലാം പുതുമുഖങ്ങളാണ്, അളന്നു കുറിച്ച വാക്കുകളില്‍ മാത്രം സംസാരിക്കുന്നവര്‍. കുടുംബം കൂടെയില്ലാത്ത ജീവിതവും പരിചയമില്ല. വയറിന് നല്ലതല്ലെന്ന് അറിയാമായിരുന്നിട്ടും ഹോട്ടല്‍ ഭക്ഷണത്തേത്തന്നെ ആശ്രയിക്കേണ്ടി വന്നു.
സമയം കൊല്ലാന്‍ വേണ്ടിയാണ് വഴിയരികിലുള്ള ഗാര്‍ഡനിലെത്തിയത്. മൂന്നേക്കറോളം വ്യാപിച്ചു കിടക്കുന്ന ഗാര്ഡന് തന്റെ നഷ്ട പ്രതാപം വിളിച്ചറിയിക്കുന്നുണ്ട്. നഗരസഭ വളരെ കൊട്ടിഘോഷിച്ച് ആരംഭിച്ചതാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നോക്കി നടത്താനും പരിപാലിക്കാനും ആരും ഇല്ല്ലാതെയായി. ജോലിക്കാരനായി ഒരു കാവല്ക്കാരന് മാത്രം ഇന്നുണ്ട്. അദ്ദേഹത്തെയാണ് ഗെയിറ്റിനരികിലായുള്ള കസേരയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. അലക്കി അലക്കി നരകയറിയ യൂണിഫോറം ധരിച്ച് മീശപിരിച്ച് അലസമായി അദ്ദേഹം അവിടെയുണ്ടാകും. സ്വന്തം ജീവിതത്തിനു പോലും കാവലാളാകാന്‍ തനിക്കാകുന്നില്ലെന്ന തിരിച്ചറിവാകാം കാവല്‍ക്കാരനെ അലസനാക്കിയത്. ആരുടേയും കാവലാളാകാന്‍ തനിക്കാകില്ലെന്ന് ചിലപ്പോളൊക്കെ ക്ഷോഭത്തോടെ അയാള്‍ വിളിച്ചു പറയാറുണ്ട്.
രാത്രി പത്തു മണിക്ക് എല്ലാവരേയും പുറത്താക്കി ഗെയിറ്റടയ്ക്കുകയാണ് കാവല്ക്കാരന് ഇപ്പോള്‍ ഉള്ള പ്രധാന ജോലി. രാവിലെ പത്തിനൊ പന്ത്രണ്ടിനൊ കാവല്‍ക്കാരന്റെ സൌകര്യം പോലെയെ ഗെയിറ്റ് തുറക്കാറുള്ളു. വൈകുന്നേരങ്ങളില്‍ അവിടെ കുറേ ആളുകള്‍ സ്ഥിരമായി വരാറുണ്ട്. ഗാര്‍ഡനിനുള്ളില്‍ ഭിക്ഷാടനം നിരോധിച്ചിട്ടുള്ളതിനാല്‍ ഭിക്ഷക്കാര് ഗെയിറ്റിങ്കലാണ് മുതല്‍ മുടക്കില്ലാത്ത ജോലി ചെയ്യുന്നത്.
നഗര ജീവിതത്തിന്റെ തിരക്കില്‍ നിന്നും പലര്‍ക്കും ഒരാശ്വാസമാണ് ഈ സ്ഥലം. ജോലിയുടെ സമ്മര്‍ദ്ദത്തില്‍ നിന്നും ആശ്വാസം നേടുവാനായി ചിലര്‍ക്കായി ഇവിടെ സ്ഥിരം ബെഞ്ചുകളുണ്ട്. കുട്ടികള്‍ക്ക് ഫ്ളാറ്റു ജീവിതത്തില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കുന്നത് ഇവിടെ വരുമ്പോഴാണ്. പകല്‍ മറ്റു പല ജോലി ചെയ്യുന്നവര്‍ വൈകുന്നേരങ്ങളില്‍ ഇവിടെ വന്ന് കപ്പലണ്ടി കച്ചവടം നടത്തുന്നതും ബലൂണും പീപ്പിയും വില്‍ക്കുന്നതും പല കുടുംബങ്ങള്‍ക്കും ആശ്വാസമാണ് (വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും)
കാവല്‍ക്കാരന്റെ കണ്ണുവെട്ടിച്ച് പല ഭിക്ഷക്കാരും ഗാര്ഡനുള്ളില് കയറിയിട്ടുണ്ട്. മാന്യമായി വേഷം ധരിച്ച പലരും അടുത്തു വന്ന് പരിചയപ്പെട്ട് ആവലാതികള്‍ പറഞ്ഞ് സഹായം ചോദിക്കുമ്പോളാണ് യാചനയുടെ മുഖം തിരിച്ചറിയുന്നത്. ഒരു കണക്കിനു നോക്കിയാല്‍ ആരാണ് യാചകരല്ലാത്തത്.
ഒരു പോപ്പ് കോണും വാങ്ങി കൊറിച്ചു കൊണ്ട് നടപ്പാതയ്ക്കരികിലുള്ള ചാരു ബെഞ്ചില്‍ ഞാനിരുന്നു. ആദ്യമായി ഇവിടെ എത്തിയതിനാലാകാം കണ്ണുകള്‍ ചുറ്റും ആര്‍ത്തിയോടെയാണ് നോക്കുന്നത്.
ജീവിതത്തിന്റെ വൈകിയ വേളയിലാണ് മരണത്തോടുള്ള ഭയം കൂടുന്നത്. ആരോഗ്യ പരിപാലനത്തെപ്പറ്റി വ്യാകുലപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നതായി നടപ്പാതയിലെ തിരക്ക് വിളിച്ചറിയിക്കുന്നുണ്ട്. വിശാലമായ കുളത്തിനു ചുറ്റുമുള്ള നടപ്പാതയിലൂടെ ഒറ്റയ്ക്കും കൂട്ടമായും ആളുകള്‍ നടക്കുന്നുണ്ട്. ചിലര്‍ മണിക്കൂറു നോക്കിയും മറ്റു ചിലര്‍ കുളത്തിനെ പ്രദിക്ഷണം വെയ്ക്കുന്ന എണ്ണം കണക്കുകൂട്ടിയും കൈയും വീശി കാലും നീട്ടി വെച്ച് ജീവിതം വെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു. മിക്കവരും കുടവയറന്മാരും തടിച്ചികളുമാണ്. എല്ലാവരുടേയും മുഖത്ത് ആയുസ്സ് നീട്ടിത്തരണേയെന്നുള്ള പ്രാര്‍ത്ഥന തെളിഞ്ഞു കാണാം.
മുല്ലപ്പൂമാല വില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടപ്പോളാണ് ഗാര്‍ഡനില്‍ പൂക്കളൊന്നും ഇല്ലല്ലോ എന്ന സത്യം എന്റെ ശ്രദ്ധയില്‍ പെട്ടത്. അത് എന്നെ അത്ഭുതപ്പെടുത്തി. ചെടികള്‍ വാടിക്കരിഞ്ഞതിന്റെ കുറ്റികള്‍ അവിടവിടെ കാണാം. പല വൃക്ഷങ്ങളും വാടിക്കരിഞ്ഞിരിക്കുന്നു. പരിപാലിക്കാനാളില്ലാതെ ചെടികള്‍ എങ്ങനെ വളരും.
പൂക്കളില്ലാത്ത ഗാര്‍ഡനില്‍ ശലഭങ്ങളും കാണാന്‍ വഴിയില്ലല്ലോ ? എങ്കിലും കണ്ണിനു കുളിര്‍മ്മയേകിക്കൊണ്ട് ചില ചിത്രശലഭങ്ങള്‍ നടപ്പാതയിലൂടെ പറക്കുന്നുണ്ടായിരുന്നു.
മുല്ലപ്പൂമാല വില്‍ക്കുന്ന പെണ്‍കുട്ടി മാലയുമായി എന്റെ അരികിലും വന്നു പക്ഷേ മാല വാങ്ങാതെ പറഞ്ഞു വിട്ടു, ഞാനാര്‍ക്കായി മുല്ലപ്പുമാല വാങ്ങാനാണ് ?
ഇരുന്നു മടുത്തപ്പോള്‍ എഴുന്നേറ്റ് കാഴ്ചകള്‍ കണ്ട് നടന്നു. ഉയര്‍ന്നു താഴുന്ന സീസോയെ നോക്കി എന്തു പഠിക്കാനാണ്. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍. തന്റെ ഉയര്‍ച്ച മറ്റൊരുത്തന്റെ ഔദാര്യമാണെന്നകാര്യം ആരാണ് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുക.
സ്ലൈഡിന്റെ പടികള്‍ കയറി മുകളിലെത്തി ഉയര്‍ച്ചയില്‍ നിന്ന് താഴേക്ക് നിരങ്ങി മണ്ണില്‍ വീഴുമ്പോള്‍ കുട്ടികള്‍ ചിരിക്കും. മുതിര്‍ന്നവര്‍ക്ക് ചിരി കൈമോശം വന്നുവോ ?
ഒഴിഞ്ഞ കോണിലെ മറ്റൊരു ചാരു ബഞ്ചില്‍ ഇരുന്നു. അടുത്തെങ്ങും ആരെയും കാണാനില്ലെങ്കിലും മരത്തിന്റെ മറവില്‍ നിന്ന് സീല്ക്കാരശബ്ദങ്ങള് ഉയരുന്നുണ്ട്. പ്രണയിതാക്കള്‍ അവരുടെ ലോകത്താണ്.
എന്റെ മനസ്സില്‍ വീടിനേപ്പറ്റിയുള്ള ഓര്‍മ്മകള്‍ നിറഞ്ഞു. മകള്‍ നേഴ്സറിയില്‍ പോകാതിരിക്കാനായി വഴക്കിടാറുണ്ടോ ? ഭാര്യയ്ക്ക് തന്നെ വീട്ടുകാര്യങ്ങള്‍ നോക്കി നടത്താനാവുന്നുണ്ടോ ?കൂട്ടുകിടക്കാന്‍ വരുന്ന വകയിലെ അമ്മായി വഴക്കിടാറുണ്ടോ ?
മുല്ലപ്പൂമാല വില്‍ക്കുന്ന പെണ്‍കുട്ടി എന്നെ തൊട്ടു വിളിച്ചപ്പോളാണ് ഞാന്‍ ഓര്‍മ്മയില്‍ നിന്നുണര്‍ന്നത്.
“സാര്‍ ഒരു മാല വാങ്ങുമോ ? പത്തു രൂപയേയുള്ളു സാര്‍ “
ഗാര്‍ഡനില്‍ പൂക്കളില്ലാത്തതിന്റെ കുറവു തീര്‍ക്കാനാവും ഇവള് ഈ മുല്ലപ്പൂമാലയുമായി നടക്കുന്നത്, ആരു വാങ്ങാനാ...
ഇവള്‍ക്കെന്ത് പ്രായം വരും. സ്ക്കൂള് വിദ്യാഭ്യാസമൊക്കെ പൂര്‍ത്തിയാക്കിയിരിക്കുമോ ? പെണ്‍കുട്ടികള്‍ കണ്ണടച്ച് തുറക്കുമ്പോഴല്ലേ വളരുന്നത്.
“എനിക്ക് മാലയൊന്നും വേണ്ട ഞാനിത് ആര്‍ക്കു കൊടുക്കാനാ...”
“സാര്‍ ഭാര്യയ്ക്ക് കൊടുക്കാം.. അല്ലെങ്കില്‍ ഗേള്ഫ്രണ്ടിന്....”
എനിക്ക് വേണ്ടെന്നു പറഞ്ഞ് വീണ്ടും ഞാനവളെ പറഞ്ഞയച്ചു.
അവളുടെ ഒട്ടിയ വയറും കുഴിഞ്ഞ കണ്ണുകളും മനസ്സില്‍ പതിഞ്ഞു. അവളെ ഒരു മാലവാങ്ങിച്ച് സഹായിക്കണമെന്നുണ്ട്. എങ്കിലും ഞാന്‍ ആര്‍ക്കുവേണ്ടിയാണ് മാല വാങ്ങേണ്ടത്. ഭാര്യയ്ക്ക് മുല്ലപ്പൂമാലയെന്നു വെച്ചാല്‍ ജീവനാണ്. ഇനിയും നാട്ടില്‍ പോകുമ്പോള്‍ ഈ പെണ്‍കുട്ടിയില്‍ നിന്നും ഒരു മുല്ലപ്പൂമാലവാങ്ങി നാട്ടില്‍ കൊണ്ടുപോയി ഭാര്യയ്ക്ക് കൊടുക്കണം.
അവളുടെ പക്കല്‍ അഞ്ചു മുല്ലപ്പൂമാലയാണുള്ളത്. എല്ലാം വിറ്റാലും അന്‍പതു രൂപാ കിട്ടും. അന്‍പതു രൂപയ്ക്കായി ഈ സന്ധ്യമുഴുവന്‍ ഈ ഗാര്‍ഡനില്‍ അലയാന്‍ ഇവള്‍ക്ക് പേടിയൊന്നുമില്ലയോ ?
ഒരു പക്ഷേ ഇവളുടെ ചെറുപ്പത്തിലേ അച്ഛന് പാമ്പുകടിയേറ്റു മരിച്ചു പോയിക്കാണും. അമ്മ തളര്‍വാതം പിടിച്ച് കിടക്കുകയാകും. വീട്ടിലൊരു അനിയനും അനിയത്തിയും കാണും. ഇവള് മാലയും വിറ്റ് നാളെ അരി വാങ്ങാനുള്ള പണവുമായി വരുന്നത് കാത്തിരിക്കുകയാവും ചോര്‍ന്നൊലിക്കുന്ന ഒരു കുടില്‍. ഇവള് ചെന്നിട്ടു വേണമായിരിക്കും വിശക്കുന്ന കുറേ വയറുകള്‍ക്ക് കഞ്ഞി വെച്ചു കൊടുക്കുവാന്‍. ഇവള് പഠിക്കാന്‍ മിടുക്കി ആയിരുന്നിരിക്കണം. കോളേജില്‍ പോകാന്‍ പണമില്ലാത്തതിന്റെ പേരില്‍ തുടര്‍ന്ന് പഠിക്കാനാവാത്തതിന്റെ വിഷമം അവള്‍ക്കുണ്ടാകും. അവളേപ്പറ്റി കുറേ കഥകള്‍ മനസ്സില്‍ കുറിച്ചിട്ടു. ഇനിയുമൊരിക്കല്‍ ചോദിച്ച് മനസ്സിലാക്കണം ഞാന്‍ മനസ്സില്‍ കുറിച്ചതാണോ അവളുടെ ജീവിതമെന്ന്.
ഊഞ്ഞാലാടുന്ന കുട്ടികള്‍ ഉച്ചത്തില്‍ കരയുന്നുണ്ട്. ഊഞ്ഞാല് ചങ്ങലയുടെ കറ കറ ശബ്ദം അതിലും ഉയര്‍ന്നു കേള്‍ക്കാം. ഓണക്കാലത്ത് ഊഞ്ഞാലു വള്ളി കൊണ്ട് ഊഞ്ഞാലിടുന്നതും, പന്തയം വെച്ച് ഉയര്‍ന്ന് ആടി മരച്ചില്ല പറിച്ചു കൊണ്ടു വരുന്നതും മനസ്സില്‍ ഓടിയെത്തി. അന്നൊക്കെ എന്തു രസമായിരുന്നു, എത്ര കൂട്ടുകാരുണ്ടായിരുന്നു. ഇന്ന് ഈ നഗരത്തില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഞാനൊറ്റയ്ക്ക് എന്തു ജീവിതമാണിത് ?
ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പരസ്പരം തോളില്‍ കൈയിട്ട് എന്തൊക്കയോ തമാശകള്‍ പറഞ്ഞ് കള്ളച്ചിരിയുമായി ഉണക്കമരത്തിന്റെ മറവിലുള്ള ചാരു ബെഞ്ചിലേക്ക് പോയി.
ഈ സന്ധ്യയില്‍ എന്റെ ഭാര്യയും കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന ചിന്ത മനസ്സിനെ കുളിരണിയിച്ചു. അധികം താമസിക്കാതെ തന്നെ ഭാര്യയേയും മകളേയും നഗരത്തിലേക്ക് കൊണ്ടു വരുവാന്‍ മനസ്സിലുറച്ചു.
മുല്ലപ്പൂമാല വില്‍ക്കുന്ന പെണ്‍കുട്ടി വീണ്ടും എന്റെ അരികിലെത്തി.
“ സാര്‍ ഒരു മാല വാങ്ങുമോ ? പത്തു രൂപയേയുള്ളൂ “
ഞാന്‍ അവളുടെ കൈയിലേക്ക് നോക്കി അഞ്ചു മാലയും കൈയിലുണ്ട്. രാത്രി വളരെ വൈകിയിട്ടും ഒന്നു പോലും ഇവള്‍ക്ക് വില്‍ക്കാനായില്ല. എന്റെ മനസ്സലിഞ്ഞു. ഇവള് അരിയുമായി ചെല്ലുന്നത് കാത്തിരിക്കുന്ന കണ്ണുകളെ ഞാന്‍ മനസ്സില്‍ കണ്ടു. പോക്കറ്റില്‍ നിന്ന് പേഴ്സെടുത്ത് നൂറു രൂപാ അവളുടെ കൈയില്‍ കൊടുത്തു. ഒരു മാല വാങ്ങി അവളുടെ കഴുത്തിലും ഇട്ടു കൊടുത്തു.
അവളുടെ മുഖത്ത് സന്തോഷം മിന്നി മറഞ്ഞു. ബാക്കി തരേണ്ട കൈയില്‍ വെച്ചോളു എന്നു പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞു.
അവള് കഴുത്തില്‍ നിന്നും ഞാനണിയിച്ച മാലയൂരി മുടിയില്‍ തിരുകി. എന്റെ കൈയില്‍ നിന്നും പോപ്പ് കോണ്‍ വാങ്ങി കൊറിച്ചു. വരൂ സാര്‍ നമുക്കവിടെയിരിക്കാം. അവള് എന്റെ കൈയില്‍ പിടിച്ച് നിര്‍ബ്ബന്ധിച്ച് മറ്റൊരു ബെഞ്ചിലേക്ക് നടത്തി.
അവളുടെ കഥ ചോദിക്കാന്‍ തുടങ്ങുന്നതിനു മുമ്പേ അവള് എന്റെ കവിളില്‍ നുള്ളി പറഞ്ഞു
“ കള്ളന് വന്നപ്പോഴേ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതാ.. ഞാന്‍ വിചാരിച്ചു മാന്യനാണെന്ന്.. എല്ലാ ആണുങ്ങളും ഇങ്ങനെയാ....”
“കുട്ടിയുടെ വീട്ടില്‍ ആരെല്ലാമുണ്ട്“
“സാറെ കഥ പറയാനുള്ള നേരമല്ലിത്... ഗാര്ഡന് അടയ്ക്കാറായി “
“കുട്ടീ.. എന്താണ് നിന്റെ ഭാവം”
“ഞാനാരുടേയും കുട്ടിയല്ല സാറെ”
“നീയെനിക്ക് മകളേപ്പോലെയാണ്”
“സാറെ വേദാന്തമോതേണ്ട സമയമല്ലിത്.. ബെല്ലടിക്കാറായി.. ബെല്ലടിച്ചാല്‍ നൂറു രൂപ വെള്ളത്തിലാകും”
അവള് അടുത്തോട്ട് നീങ്ങിയിരുന്ന് തോളില്‍ പിടിച്ചപ്പോള്‍ ഞാന്‍ അറിയുകയായിരുന്നു ഇവള് കുട്ടിയൊന്നുമല്ല. തന്റെ ഭാര്യ ചൂടാറുള്ള മുല്ലപ്പൂവിന്റെ അതേ മണംതന്നെയാണ് ഇവള് ചൂടിയിരിക്കുന്ന മുല്ലപ്പൂവിനും. എന്റെ മനസ്സിലെ കുട്ടിയില്‍ നിന്നും ഒരു സ്ത്രീയിലേക്ക് ഇവള് എത്ര വേഗമാണ് വളര്‍ന്നത്. ഞാന്‍ ഭയപ്പെട്ട് അത്ഭുതംകൂറിയിരുന്നു.
അപ്പോഴേക്കും വലിയ ശബ്ദത്തില്‍ മണിമുഴങ്ങി.കാവല്ക്കാരന് എല്ലാവരെയും പുറത്താക്കിത്തുടങ്ങി. അവള് കാവല്ക്കാരന് കാണാതെ എങ്ങോട്ടോ മറഞ്ഞു. ഞാനും വളരെ വേഗം ഗാര്‍ഡന്റെ ഗെയിറ്റു കടന്നു. ഇനിയുമൊരിക്കല്‍ ഈ ഗാര്‍ഡനില്‍ പൂക്കള്‍ വിരിയുമോ ?
Saturday, April 18, 2009
Subscribe to:
Post Comments (Atom)
13 comments:
നഗരത്തിലെ പൂക്കളില്ലാത്ത ഗാര്‍ഡനില്‍ ഞാനൊരിക്കലേ പോയിട്ടുള്ളൂ, പൂക്കളില്ലെങ്കിലെന്താ ശലഭങ്ങള്‍ ധാരാളമുണ്ടല്ലോ.
ബാജിയുടെ ശക്തമായ തിരിച്ചുവരവ്, അത് ഞാന്‍ ആഘോഷമാക്കട്ടെ..!
ബാക്കി പിന്നെ...
കുഞ്ഞന്‍,
ആദ്യ അഭിപ്രായത്തിന് നന്ദി...
ആര്‍ക്കും ആരേയും ഒന്നിനേയും മനസ്സിലാക്കാന്‍ കഴിയുന്നില്ല. അതാണ് സത്യം.
Bajiyetta.. nice one.. :)
കാവല്‍ക്കാരനെ കുറിച്ച് പറയുന്ന ഭാഗം ഒരു അതികപറ്റായി തോന്നുന്നു ...
ബാജി,
കഥയിലെ കഥ ജീവിതം തന്നെ, വേദനിപ്പിക്കുന്നതും.
പാര്‍ക്കിലെ പൂ വില്‍പ്പനക്കാരിയെ നമ്മള് ഒരു പാട് കഥകളില്‍ വായിച്ചിട്ടുണ്ട്, പത്മനാഭന് റെ കഥകളിലും, എം. മുകുന്ദന് റെ കഥകളിലും ഒക്കെ. അവരുടെ കഥാപാത്രങ്ങളൊക്കെയും വായനക്കാരന്റെ ഉള്ള് നനച്ച് കൊണ്ടേയിരിക്കുകയും ചെയ്യുന്നു.
കാലം മാറുമ്പോള്‍ പുതിയ കഥകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു പുതിയ പാര്‍ക്കും, പുതിയ പൂക്കച്ചവടക്കാരിയും പുതിയ എഴുത്തുകാരനും നമ്മുടെ പ്രതീക്ഷയാകുന്നത് അപ്പോഴാണ്.
പൂക്കളില്ലാത്ത ഗാര്‍ഡനിലെ ഒറ്റപൂവിനെ ചൂണ്ടിക്കാണിക്കുകയും, പൂക്കളിലാത്ത ഗാഡനിലെ ഒറ്റ ചിത്രശലഭത്തെ കണ്ണിണകൊണ്ട് കൊതിപ്പിക്കുകയും കരിവണ്ടാല്‍ തേന്‍ നുകര്‍ന്ന് കുളിര്പ്പിക്കേണ്ടതും കഥാകാരന്റെ ധര്‍മ്മം തന്നെയാണ്.
അതു കൊണ്ട് തന്നെ പുതിയ കഥയും പുതിയ ഗാര്‍ഡ്നും പൂക്കച്ചവടക്കാരിയേയും പ്രതീക്ഷിച്ച് കൊണ്ട്
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
kollaaloo vedioon
good luck
ശലഭങളുടെ ഉദ്യാനത്തിൽ വൈകാതെ പൂക്കളും വിടരുമെന്ന് പ്രതീക്ഷിക്കാം..
ജീവിതം അങ്ങനെയൊക്കെയാണ്.പ്രതീക്ഷിക്കുന്നതു പോലെ ആകണമെന്നില്ല കാര്യങ്ങൾ.
ഈ ഗാർഡനിൽ ഇനിയും നന്നായി പൂക്കൾ വിരിയട്ടെ.
നന്നായി. മനസ്സിന്റെ നന്മയെ, എന്നേ നഗരം തിരിച്ചറിയാതെയായി !
പൂക്കളില്ലാത്ത ഗാര്‍ഡനിലെ ഒറ്റപൂവിനെ ചൂണ്ടിക്കാണിക്കുകയും, പൂക്കളിലാത്ത ഗാഡനിലെ ഒറ്റ ചിത്രശലഭത്തെ കണ്ണിണകൊണ്ട് കൊതിപ്പിക്കുകയും കരിവണ്ടാല്‍ തേന്‍ നുകര്‍ന്ന് കുളിര്പ്പിക്കേണ്ടതും കഥാകാരന്റെ ധര്‍മ്മം തന്നെയാണ്.
"സ്വന്തം ജീവിതത്തിനു പോലും കാവലാളാകാന്‍ തനിക്കാകുന്നില്ലെന്ന തിരിച്ചറിവാകാം"
ഈ തിരിച്ചറിവിന്നു ആര്‍ക്കാണുള്ളത് ബാജി സാര്‍...?? അതില്ലാത്തതല്ലെ ഇന്നു നമ്മള് കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു പാടു പ്രശ്നങ്ങളുടെ ഉറവിടം...??
വളരെ മനോഹരമായ അവതരണം.. സാധാരണയായി, കഥ വായിക്കുന്നതിനു മുന്‍പ് കഥയുടെ നീളമാണു ഞാന്‍ അളക്കുക..:) ഇതും അതു പോലെ ചെയ്തു.. പക്ഷെ എന്നെ കൊണ്ടു മുഴുവനും വായിപ്പിച്ചു.. അഭിനന്ദനങ്ങള്‍... ഇനി മുന്നത്തെ കഥകളെല്ലാം ഒന്നു നോക്കട്ടെ... :)
സമയം കിട്ടുമെങ്കില്‍ എന്‍. എസ് മാധവന്റെ ഹുമയൂണിന്റെ ശവകുടീരം എന്ന കഥ ഒരിക്കല്‍കൂടി വായിക്കുക. ഒന്നുകൂടി നന്നാക്കാം.
സ്നേഹപൂര്‍വ്വം
കൂട്ടുകാരന്
Post a Comment