Tuesday, December 30, 2008

ഉണരുന്ന സമയം (കഥ)

ബംഗലൂരുവില്‍ നിന്നും നാട്ടിലേക്കു പോകുമ്പോള്‍ ബസ്സിന്റെ ഏറ്റവും പിന്നിലത്തെ സീറ്റുതന്നെ മനോജ് ചോദിച്ചു വാങ്ങി. ബസ്സിന്റെ പിന്‍ഭാഗത്ത് കുലുക്കം കൂടുതലാണെന്നു പറഞ്ഞ് പതിവ് യാത്രക്കാരൊന്നും ആ സീറ്റില്‍ ഇരിക്കാറില്ല. എങ്കിലും എന്തോ മനോജിന് പ്രിയം ഏറ്റവും പിന്നിലുള്ള സീറ്റുതന്നെയാണ്. ബസ്സ് ആരംഭിക്കുന്ന മടിവാളയില്‍ നിന്നും അഞ്ചുമണിക്കു മുന്‍‌പേ തന്നെ തന്റെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. കഴിഞ്ഞ ഒന്നര വര്‍‌ഷത്തിനുള്ളില്‍ ഇത് നാലാം തവണയാണ് നാട്ടിലേക്ക് പോകുന്നത്.

ഇവിടെ വീട്ടുകാരുടെ നിര്‍‌ബ്ബന്ധത്തിനു വഴങ്ങി ഹോട്ടല്‍ മാനേജുമെന്റ് പഠിക്കുകയാണ്. ഇപ്പോള്‍ മനോജ് ആരോടും അധികം സംസാരിക്കാറില്ലായെങ്കിലും വാചാലമായ ഇന്നലെകളുടെ ഓര്‍മ്മകള്‍ ധാരാളമുണ്ട്. മനോജ് സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ സ്‌ക്കൂള്‍ ലീഡറായിരുന്നു എന്ന് പറയുമ്പോള്‍ ഇന്നലെകളില്‍ കൊടി ഉയര്‍‌ന്നു പറന്നത് മനസ്സില്‍ ഓടിയെത്തും. പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. വിദ്യാര്‍‌ത്ഥി സമരങ്ങള്‍ക്കൊക്കെ മുന്നില്‍ തന്നെയായിരുന്നു. പറിച്ചു നട്ടപ്പോള്‍ വേരുകള്‍ നഷ്ടപ്പെട്ടതിനാലാകാം വാടിക്കരിഞ്ഞ ചെടിപോലെ മൂകമായിപ്പോയത്. ഇപ്പോള്‍ മനോജിന് പഠനത്തോടെന്നല്ല ഒന്നിനോടും താത്‌പര്യമില്ല.

പുറമേ മൂകത തളം കെട്ടി നില്‍ക്കുമ്പോളും മനസ്സില്‍ നാട്ടിലെ പച്ചപ്പ് നിറഞ്ഞ് നില്‍‌ക്കുകയാണ്. മനസ്സ് കൊണ്ട് പടവെട്ടി മുന്നേറുകയാണ്. ഭാവനയില്‍ നായകനില്‍ കുറഞ്ഞ സ്ഥാനം ആര്‍‌ക്കുവേണം.

ബസ്സ് യാത്ര ആരംഭിച്ചപ്പോള്‍ പല സീറ്റുകളും കാലിയായിരുന്നെങ്കിലും പിന്നെയും കുറേ സ്‌റ്റോപ്പുകള്‍ കഴിഞ്ഞപ്പോഴേക്കും എല്ലാ സീറ്റും നിറഞ്ഞു. ബസ്സില്‍ കയറുന്നത് ആരെന്നു തിരക്കാനോ ആ കൂട്ടത്തില്‍ പരിചയക്കാരുണ്ടെങ്കില്‍ ഒരു ചെറു പുഞ്ചിരിയോ ഒരു കുശലാന്വേഷണമോ നടത്താന്‍ മിനക്കെടാതെ മനോജ് തന്റെ ലോകത്തു മാത്രമായിരുന്നു.

രാവിലെ വീട്ടിലെത്തിയാല്‍ വീടിന്റെ മുറ്റത്തു കൂടി ഉലാത്തി നടന്ന് ഒരു മണിക്കൂറുകൊണ്ട് പല്ല് തേക്കുന്നതും, അതിനിടലില്‍ അമ്മ പലപ്രാവശ്യം അപ്പവും കറിയും എടുത്തു വെച്ച് വിളിയ്‌ക്കുന്നത് കേട്ടിട്ടും കേള്‍ക്കാതിരിക്കുന്നതും, കിണറ്റില്‍ നിന്നും പച്ചവെള്ളം തലവഴി കോരി ഒഴിച്ച് കുളിക്കുന്നതും മറ്റും ഭാവനയില്‍ കണ്ട് മനോജിരിയ്‌ക്കുകയാണ്.

ഇവിടെ തിരക്കില്‍, കുളിച്ച് പല്ലുതേച്ച് ടൈ കെട്ടി റൂമിനു പുറത്തിറങ്ങാന്‍ അഞ്ചു മിനിറ്റു തന്നെ ധാരാളമാണ്. നഗരത്തില്‍ നഷ്ടപ്പെടുന്നതൊക്കെ തിരികെപ്പിടിയ്‌ക്കാനുള്ള ശ്രമമാണ് മനോജ് ഭാവനയില്‍ ഒരുക്കുന്നത്.

സിറ്റി കഴിഞ്ഞപ്പോള്‍ ബസ്സ് ഒരു റെസ്‌റ്റോറന്റിനു മുന്‍പില്‍ നിര്‍‌ത്തി. രാത്രി ഭക്ഷണം വേണ്ടവരൊക്കെ അവിടെ നിന്നും കഴിച്ചു. ചിലര്‍ ബസ്സിനു പുറത്തിറങ്ങി വിശാലമായ ആകാശത്തേക്ക് പുക ഊതി സമയം കൊന്നു. ഏകദേശം ഇരുപതു മിനിറ്റു കഴിഞ്ഞപ്പോള്‍ ബസ്സ് യാത്ര തുടര്‍ന്നു. ഇനിയും രാത്രി മുഴുവന്‍ ബസ്സ് ഓട്ടമാണ്. രാവിലെ നാട്ടിലെത്തിയെ ഇനിയും നിര്‍ത്തുകയുള്ളു. കണ്ട് പകുതിയാക്കിയ സിനിമയുടെ ബാക്കിപോലും കാണാതെ മിക്കവരും ഉറക്കത്തിനായ് കണ്ണടച്ചു കിടന്നു. നന്നായി ചാരിക്കിടക്കാവുന്ന സീറ്റായതിനാല്‍ ഉറക്കം വല്ല്യ തരക്കേടില്ലാതെ നടക്കും. സിനിമ ഒരു ചടങ്ങു മാതിരി കണ്ടു കഴിഞ്ഞ് ശേഷിച്ചവരും ഉറക്കത്തിലേക്ക് വഴുതി. എങ്ങും നിര്‍ത്താതെ ഒരേ വേഗത്തിലുള്ള യാത്രയായതിനാല്‍ ഉറക്കത്തിന് തടസ്സമൊന്നും ഉണ്ടായില്ല. ഏതോ പെട്രോള്‍ പമ്പില്‍ കയറി ഡീസല്‍ അടിക്കുന്നത് ഉറക്കത്തിലും അറിയുന്നുണ്ടായിരുന്നു.

നേരം പരാപരാ വെളുത്തപ്പോള്‍ ബസ്സ് പതിവില്ലാതെ എവിടെയോ നിര്‍‌ത്തി. ഡ്രൈവര്‍ പുറത്തിറങ്ങുന്നതു കണ്ട്, കിളിയോടൊപ്പം ഉണര്‍ന്നവര്‍ ചിലര്‍ പുറത്തിറങ്ങി. മനോജും കാര്യം തിരക്കാന്‍ പുറത്തിറങ്ങി.

റോഡിനു കുറുകെ വലിയകല്ലുകളും ടാര്‍ വീപ്പകളും നിരത്തിയിട്ടിരിക്കുന്നതു കണ്ടപ്പോള്‍ മനസ്സിലായി ഇന്നും എന്തോ ഹര്‍‌ത്താലാണ്. ബസ്സ് തമിഴ്‌നാട് കടന്ന് കേരളത്തിന്റെ അതിര്‍‌ത്തിയിലെത്തിയെന്ന് മനസ്സിലായി. കര്‍ണ്ണാടകത്തിലും തമിഴുനാട്ടിലും ഇല്ലാതിരുന്ന എന്തോ ഹര്‍‌ത്താല്‍ കേരളത്തില്‍ നടക്കുകയാണ്.

ഇന്നലെ ഒന്നും പറഞ്ഞു കേട്ടില്ല, മുന്നമേ അറിഞ്ഞിരുന്നെങ്കില്‍ യാത്ര ആരംഭിക്കുമായിരുന്നില്ല. പ്രതികരിക്കാനുള്ള അവകാശം ദുഃരുപയോഗപ്പെടുത്തുന്നതിനേപ്പറ്റി യാത്രക്കാരനില്‍ ഒരുവന് എന്തൊക്കയോ പറയുവാനുണ്ടായിരുന്നു.

ഇനിയും ഒന്നും ചെയ്യുവാനാകില്ല വൈകുന്നേരം വരെ വിശ്രമിക്കുകയെന്ന് വളരെ നിസ്സംഗതയോടെയാണ് ഡ്രൈവര്‍ പറഞ്ഞത്. അപ്പോഴേക്കും ബസ്സിലെ മറ്റുയാത്രക്കാരും കാര്യം അറിയുവാനായി പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു.

അടുത്തെങ്ങും കടകളൊന്നും ഇല്ലായിരുന്നു അല്ലെങ്കില്‍ വല്ല കാപ്പിയെങ്കിലും കുടിച്ച് നില്‍ക്കാമായിരുന്നു. എല്ലാവരും വിധിയെ ശപിച്ചു കൊണ്ട് പിറുപിറുക്കുമ്പോള്‍ ഒരല്പം ദൂരെ, ബസ്സ് നിര്‍‌ത്തിയിട്ടിരിക്കുന്നിടത്തു നിന്ന് കാണാവുന്ന ദൂരത്തിലുള്ള വീട്ടില്‍ നിന്ന് ഒരു കാരണവര്‍ ഇറങ്ങി വന്ന് ബസ്സ് യാത്രക്കാരെ ആ വീട്ടിലേക്ക് ക്ഷണിച്ചു. എല്ലാവരും വിലപിടിപ്പുള്ള സാധനങ്ങള്‍ വെച്ചിട്ടുള്ള ഹാന്‍ഡ് ബാഗും കൈയ്യിലെടുത്ത് കാരണവരുടെ പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി.

ഞങ്ങളുടെ ബസ്സിന്റെ മുന്‍‌പേ അതേ വഴിയിലൂടെ പല വാഹനങ്ങളും കടന്നു പോയെങ്കിലും ഞങ്ങളുടെ ബസ്സ് വരുന്നതിന് തൊട്ടു മുന്‍പാണ് ഇവിടെയും റോഡില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഈ തടസ്സങ്ങള്‍ മറി കടന്നാല്‍ കുറേ കൂടി മുന്നോട്ടു പോകാമായിരിക്കും പക്ഷേ അധികം ദൂരം ചെല്ലുന്നതിനു മുന്‍‌പ് അടുത്ത തടസ്സം ഉണ്ടാകുമെന്ന് ഉറപ്പാണ്.

കാരണവരുടെ വീട് ഒരു പഴയ തറവാടുതന്നെയാണ്. ബസ്സില്‍ വന്നവര്‍‌ക്കെല്ലാം അവിടെ കട്ടന്‍ കാപ്പി ഒരുക്കിയിരുന്നു. വീട്ടുകാര്‍‌ക്കും അറിയില്ല എന്തു കാരണത്തിന്റെ പേരിലാണ് ഹര്‍ത്താലെന്ന്. വെളുപ്പിനെ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ട് ഒരു സംഘം റോഡിലൂടെ പോകുന്നതു കേട്ടപ്പോഴേ അവര്‍ക്ക് മനസ്സിലായി ഇന്നും ഹര്‍‌ത്താലാണെന്ന്. അതൊരു പുതുമയുള്ള കാര്യം അല്ലാത്തതിനാല്‍ കാരണം തിരക്കാനൊന്നും പോയില്ല. വെളുപ്പിനേതന്നെ കിട്ടാവുന്ന ജോലിക്കാരെയും വിളിച്ച് വളരെ വേഗം കട്ടന്‍ കാപ്പി തിളപ്പിച്ചു.

ആ വീട്ടിലെ സ്‌ത്രീകള്‍ ഇറങ്ങി വന്ന് ബസ്സിലുണ്ടായിരുന്ന സ്‌ത്രീകളെയും പെണ്‍കുട്ടികളേയും വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. പുരുഷന്മാര്‍ മുറ്റത്ത് നിരത്തിയിട്ടിരുന്ന കസേരകളിലും മതിലിലുമൊക്കെയിരുന്നു.

കട്ടന്‍ കാപ്പി കുടിച്ചു കഴിഞ്ഞ്‌ പ്രഭാത കൃത്യങ്ങള്‍ക്കായ് പരിമിതമായ സൌകര്യങ്ങള്‍ക്ക് വേണ്ടി ക്യൂ നില്‍‌ക്കേണ്ടി വന്നു.

ഏതോ പുണ്യ പ്രവര്‍‌ത്തി ചെയ്യുന്ന ഭവ്യതയോടെയാണ് വീട്ടുകാര്‍ ഞങ്ങള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ഒരുക്കിത്തന്നത്. സത്യത്തില്‍ ഇതിലും വലിയ പുണ്യപ്രവര്‍‌ത്തി എന്താണ്. മുന്‍‌പ് പരിചയമില്ലാത്ത അറുപതോളം പേര്‍ക്ക് വെച്ചു വിളമ്പുക അതും തികച്ചും സൌജന്യമായി. ഇന്നു മാത്രമല്ല ആഴ്‌ചയില്‍ മൂന്നുദിവസമെങ്കിലും ആവര്‍‌ത്തിക്കപ്പെടുന്ന ചടങ്ങാണിതെന്ന് ആരോ പറഞ്ഞറിഞ്ഞു. അടുത്തെങ്ങും ഹോട്ടലുകളില്ല അല്ല ഉണ്ടെങ്കില്‍ത്തന്നെ തുറക്കാന്‍ ആരെങ്കിലും ധൈര്യപ്പെടുമൊ ? ഹര്‍‌ത്താലു ദിവസങ്ങളിലൊക്കെ ഇവിടെ എത്തുന്ന യാത്രക്കാര്‍ക്ക് അന്നദാനം നടത്തേണ്ടത് തങ്ങളുടെ കടമയാണെന്ന് ആ വീട്ടുകാര്‍ വിശ്വസിച്ചു.

രാവിലെ പത്രം വന്നില്ല. ഇന്നലെ വൈകുന്നേരം മുതല്‍ കറന്റും ഇല്ലായിരുന്നു അല്ലെങ്കില്‍ ടി. വി. യിലൂടെയെങ്കിലും ഹര്‍‌ത്താലിന്റെ കാരണം വെറുതെ അറിയാമായിരുന്നു.

പ്രഭാത ഭക്ഷണമായി കഞ്ഞിയും പയറുമായിരുന്നു. ഇത്രയും പേര്‍‌ക്ക് വെച്ചു വിളമ്പാനുള്ള ആ കാരണവരുടെ ആതിഥ്യമര്യാദയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ആദ്യം വിചാരിച്ചു ഇത് കാരണവരുടെ ബിസ്സിനസ്സാണെന്ന് പ്രതിഫലമൊന്നും വാങ്ങാതെയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അറിയുമ്പോള്‍ കാരണവരുടെ മഹത്വം മനസ്സിലാകുന്നത്.

ഉച്ചയൂണിന് കറിയും കൂട്ടാനുമൊക്കെയായി മൂന്നു നാലുകൂട്ടം ഉണ്ടായിരുന്നു. ഊണും കഴിഞ്ഞ് കസേരയിലും കസേര കിട്ടാത്തവര്‍ മരത്തണലിലും മറ്റു ചിലര്‍ ബസ്സിലുമിരുന്ന് ഒന്ന് മയങ്ങിയപ്പോഴേക്കും വൈകുന്നേരമായി.

കൃത്യം ആറുമണിക്കുതന്നെ ഹര്‍ത്താലുകാര്‍ വീണ്ടും സംഘമായി എത്തി. അവരെ കാണുന്നതിനു മുന്‍‌പുതന്നെ മുദ്രാവാക്യം വിളി ഉയര്‍ന്നു കേട്ടു. താന്‍ വിളിച്ചു ശീലിച്ച മുദ്രാവാക്യങ്ങള്‍ കേട്ടതോടെ ആലസ്യത്തിലായിരുന്ന മനോജ് ഉണര്‍‌ന്നു. അത് നമ്മുടെ കൂട്ടരാണ്, മനോജ് ഹര്‍‌ത്താലിന് കാരണം അറിയുവാനായി അവരുടെ അടുക്കലേക്ക് ഓടുകയായിരുന്നു. മനോജ് മുദ്രാവാക്യം ഏറ്റു വിളിച്ചു. ആരോ നല്‍കിയ ഒരു കൊടി തോളില്‍ ചേര്‍‌ത്ത് പിടിച്ച് ജാഥയുടെ മുന്നില്‍ത്തന്നെ നടന്നു. മനോജും അവരോടൊപ്പം വലിയകല്ലുകള്‍ ഉരുട്ടി നീക്കുവാനും ടാര്‍ വീപ്പ മാറ്റുവാനും ഉണ്ടായിരുന്നു. തടസ്സങ്ങള്‍ നീക്കിയ ശേഷം ജാഥയായ് വന്നവര്‍ അടുത്ത് സ്ഥലത്തെ തടസ്സം നീക്കുവാനായി മുന്നോട്ടു പോയി.

മനോജ് അപ്പോഴും ആവേശത്തില്‍ തന്നെയായിരുന്നു. മനോജിന്റെ കൈയിലുണ്ടായിരുന്ന കൊടി പറന്നു കൊണ്ടേയിരുന്നു. മറ്റ് യാത്രക്കാര്‍ ബസ്സില്‍ കയറുമ്പോഴും മനോജ് കൊടി കാറ്റിന്നെതിരെ ഉയര്‍‌ത്തിപ്പിടിച്ചു.

നമ്മുടെ സ്വന്തം ഹര്‍‌ത്താലായിട്ട് താനായിട്ട് ഒന്നും ചെയ്‌തില്ലല്ലോയെന്ന് ഓര്‍‌ത്ത് മനഃസ്താപം തോന്നി. ഇതു നമ്മുടെ ഹര്‍‌ത്താലാണെന്ന് രാവിലേ അറിഞ്ഞിരുന്നെങ്കില്‍ ഹര്‍‌ത്താല്‍ വിജയിപ്പിക്കുവാനായി എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നു.

അപ്പോഴാണ് തങ്ങളുടെ ഹര്‍ത്താലിനെ തകര്‍‌ക്കാന്‍ ശ്രമിച്ച കാരണവര്‍ കണ്ണില്‍‌പ്പെട്ടത്.

“വര്‍ഗ്ഗ വഞ്ചകന്‍ ഹര്‍‌ത്താലിനെ തകര്‍ക്കാന്‍ വെച്ചു വിളമ്പുന്ന ബൂര്‍ഷാ...” മനോജ് അലറുകയായിരുന്നു.

ഓടി അടുത്തു ചെന്നു കയ്യിലുണ്ടായിരുന്ന കൊടി കെട്ടിയിരുന്ന കമ്പ് തിരിച്ചു പിടിച്ച് പൊതിരെ തല്ലി. കമ്പ് പല കഷണങ്ങളായി ഒടിഞ്ഞിട്ടും കലിയടങ്ങിയില്ല.

കാരണവരുടെ നിലവിളി പുറത്തേക്കു വരാഞ്ഞതാണോ ആരും കേള്‍ക്കാഞ്ഞതാണോ ? മറ്റെല്ലാവരും ബസ്സില്‍ കയറുന്ന തിരക്കിലായിരുന്നു.

കനല് അടങ്ങാത്ത അടുപ്പില്‍ നിന്ന് വിറകുകൊള്ളിയെടുത്ത് അടുത്തു കണ്ട കച്ചിത്തുറുവിലേക്ക് എറിഞ്ഞു. ആളിക്കത്തുന്ന കച്ചിത്തുറുവില്‍ നിന്നും തീ കാരണവരുടെ പഴയ വീട്ടിലേക്ക് പടരാന്‍ തുടങ്ങിയപ്പോഴേക്കും മനോജ് വന്ന ബസ്സ് സ്‌റ്റാര്‍ട്ടായിക്കഴിഞ്ഞിരുന്നു. മനോജ് ഓടി വന്ന് വണ്ടിയില്‍ കയറി തന്റെ പഴയ സീറ്റിലിരുന്ന് യാത്ര തുടര്‍ന്നു.

27 comments:

ബാജി ഓടംവേലി said...

ബംഗലൂരുവില്‍ നിന്നും നാട്ടിലേക്കു പോകുമ്പോള്‍ ബസ്സിന്റെ ഏറ്റവും പിന്നിലത്തെ സീറ്റുതന്നെ മനോജ് ചോദിച്ചു വാങ്ങി. ബസ്സിന്റെ പിന്‍ഭാഗത്ത് കുലുക്കം കൂടുതലാണെന്നു പറഞ്ഞ് പതിവ് യാത്രക്കാരൊന്നും ആ സീറ്റില്‍ ഇരിക്കാറില്ല. എങ്കിലും എന്തോ മനോജിന് പ്രിയം ഏറ്റവും പിന്നിലുള്ള സീറ്റുതന്നെയാണ്.

Ajith Nair said...

ആ ബസ്സിൽ ഞാനും ഉണ്ടായിരുന്നു..മനോജ് അപ്പോഴും ആവേശത്തില്‍ തന്നെയായിരുന്നു. മനോജിന്റെ കൈയിലുണ്ടായിരുന്ന കൊടി പറന്നു കൊണ്ടേയിരുന്നു. മറ്റ് യാത്രക്കാര്‍ ബസ്സില്‍ കയറുമ്പോഴും മനോജ് കൊടി കാറ്റിന്നെതിരെ ഉയര്‍‌ത്തിപ്പിടിച്ചു.
നല്ല എഴുത്ത്...

e-Pandithan said...

naranganam karanu kadammanitta karante wishes :)

Anonymous said...

മറ്റ് യാത്രക്കാര്‍ ബസ്സില്‍ കയറുമ്പോഴും മനോജ് കൊടി കാറ്റിന്നെതിരെ ഉയര്‍‌ത്തിപ്പിടിച്ചു.
നല്ല എഴുത്ത്...

പ്രയാണ്‍ said...

എല്ലാറ്റിലും ഒന്നാം സ്ഥാനത്ത് കേരളം തന്നെ ...നമുക്ക് അഭിമനിക്കാം.....

Anonymous said...

സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അവിചാരിതമായി കണ്ടതാണ് താങ്കളുടെ കഥ.നല്ല എഴുത്ത്.ഇനിയും എഴുതുക.അക്ഷരത്തെറ്റുകൾ കഴിവതും ഒഴിവാക്കാൻ ശ്രമിയ്ക്കുക.

ഞാന്‍ ഇരിങ്ങല്‍ said...

ബാജിയുടെ സ്റ്റൈല്‍ കഥ. നന്നായി. തുടരുക.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

കാരണവരുടെ നിലവിളി പുറത്തേക്കു വരാഞ്ഞതാണോ ആരും കേള്‍ക്കാഞ്ഞതാണോ ?
-------
നല്ല കഥ.
ബാജീ, നമ്മള്‍ ആ കാരണവരുടെ നിലവിളി കേള്‍‍ക്കുകയില്ല.അഥവാ കേട്ടാല്‍ത്തന്നെ കേട്ടു എന്ന് ഭാവിക്കുക പോലുമില്ല.

കുഞ്ഞന്‍ said...

ബാജി..

കഥയില്‍ ഒരുപാട് പൊരുത്തക്കേടുകള്‍, ബാജിയെപ്പോലുള്ള പയറ്റിത്തെളിഞ്ഞ ഒരു എഴുത്തുകാരന്റെ കഥ എന്ന രീതിയില്‍ ഈ കഥയെ നോക്കിക്കാണാന്‍ പറ്റുന്നില്ല. കൂടാതെ ധാരാളം അക്ഷരത്തെറ്റുകളും കടന്നുകൂടിയിരിക്കുന്നു.

ചങ്കരന്‍ said...

ഉഷാറായി ബാജി.., നമ്മുടെ ദേശീയ ഉത്സവമല്ലേ ഹര്‍ത്താല്‍.

ബാജി ഓടംവേലി said...

അജിത്ത്,
ആദ്യ കമന്റിന് നന്ദി...
സുനില്‍ & കുഞ്ഞന്‍,
അക്ഷരത്തെറ്റുകള്‍ മാറ്റിയിട്ടൂണ്ട്..
എല്ലാ‍വര്‍ക്കും നന്ദി.....

പാമരന്‍ said...

:)

Typist | എഴുത്തുകാരി said...

കഥ നന്നായി.വേണമെങ്കില്‍ കാര്യമാവാന്‍ വിരോധമില്ലാത്ത ഒരു കഥ. നമ്മുടെ നാടല്ലേ?

പകല്‍കിനാവന്‍ | daYdreaMer said...

കഥ കലക്കി... പണ്ടത്തെ ബാഗ്ലൂര്‍ ബസ്സ് യാത്രകളും ഓര്‍മ്മ വന്നു...നന്ദി

പുതുവത്സരാശംസകള്‍....!!

Kaithamullu said...

ബാജി,
ഇത്രയും വേണ്ടായിരുന്നു!

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍

Nachiketh said...

കൈതമുള്ളു പറഞ്ഞതു പോലെ...ഇത്രയും വേണ്ടായിരുന്നു

ബാജിയുടെ വ്യത്യസ്തമായ പ്രമേയം.

സ്നേഹപൂര്‍വ്വം

നചികേത്

ഇആര്‍സി - (ERC) said...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

ശ്രീക്കുട്ടന്‍ | Sreekuttan said...

പുതുവത്സരാശംസകള്‍ !!

siva // ശിവ said...

വളരെ നന്നായി....നന്ദി....

രസികന്‍ said...

ഏതോ സിനിമയില്‍ മണം കൊണ്ട് കൊച്ചിയെ തിരിച്ചറിയുന്ന സലീം കുമാറിനെ ഓര്‍ത്തുപോയി... വഴിയില്‍ തടസങ്ങള്‍ കണ്ടാല്‍ നമുക്കു മനസ്സിലാക്കാം കേരളമെത്തീ എന്ന്..........
ബാജീ നന്നായിരുന്നു ആശംസകള്‍

താപ്പു said...

അരാഷ്ട്രീയത ഒരിക്കലും നിഷ് ക്രിയമായിരിയ്കില്ല......അത് സമൂഹത്തിന്റെ തലച്ചോറു തകര്‍ക്കനായ്...ജനങ്ങള്‍ക്കിടയിലേയ്കു വരും..അതിന്റെ തെളിവാണീ കഥ..

amantowalkwith@gmail.com said...

ishamaayi
best wishes

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌...
ആശംസകള്‍...



പുതുവത്സരാശംസകളോടെ...

hi said...

vayichu thudangiyappol onnum thonniyilla. avasanam adipoli. :) super

അനിയന്‍കുട്ടി | aniyankutti said...

കുറച്ചു കൂടിപ്പോയി....:)