Sunday, August 26, 2007

അവധിക്കാല സംഭാഷണങ്ങള്‍

“ദേ ഞാന്‍ പറയുന്നത്‌ കേള്‍ക്കുന്നുണ്ടോ ? ഇന്നിവിടെ ഒരു പിച്ചക്കാരി ഒക്കത്തൊരു കുട്ടിയമായി വന്നിരുന്നു. ഞാന്‍ ഒരു രൂപയും വയറു നിറച്ച്‌ ചോറും കൊടുത്തിട്ട്‌ അവര്‍ പോയില്ല അവര്‍ക്ക്‌ നിങ്ങളെക്കാണണമെന്ന്‌.... അവരുടെ കഥ നിങ്ങളോട്‌ പറയണമെന്ന് ... “

“ഇനിയും പിച്ചക്കാരുടെ കഥ എഴുതാത്ത കുഴപ്പമേയുള്ളൂ, ബാക്കിയെല്ലാം തികഞ്ഞിരിക്കുവാ....”

“നിങ്ങളീ കഥയെഴുത്തും സാമൂഹ്യ പ്രവര്‍ത്തനവും നിര്‍ത്തി , സ്വന്തം കാര്യം വല്ലതും നോക്കണ്ടേന്... എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട.. ...”

“ഗള്‍ഫിലായിരുന്നപ്പോള്‍ എപ്പോഴും ഓട്ടം നാട്ടില്‍ ലീവിനു വന്നപ്പോള്‍ ഓട്ടത്തോടോട്ടം..... അവിടെ സാഹിത്യ മീറ്റിംഗ്‌ ഇവിടെ സാഹിത്യ മീറ്റിംഗ്‌ , ബാക്കിയുള്ള സമയം പഴയ കൂട്ടുകാരെ കാണല്‍..... ആവശ്യം വരുമ്പോള്‍ ഈ കൂട്ടുകാരൊന്നും കാണുകേല......”

“ദേ മനുഷ്യാ നിങ്ങള്‍‌ക്കൊന്ന്‌ അടങ്ങിയിരുന്നാലെന്താ..... ? എണ്ണിച്ചുട്ട അപ്പം പോലെ ആകെ ഇരുപത്തെട്ടു ദിവസത്തേ ലീവേയുള്ളൂ. ഈ ദിവസങ്ങളിലെങ്കിലും ഒന്ന്‌ വിശ്രമിക്കൂ”

“നിങ്ങളുടെ ജീവിതത്തില്‍ വിശ്രമം പറഞ്ഞിട്ടില്ല, ഓട്‌... ഓട്‌.... മരിക്കുന്നതുവരെ ഓട്‌ അതിനു ശേഷം ഓടാന്‍ പറ്റില്ലല്ലോ”

“നിങ്ങളേക്കാണാന്‍ അവരിന്നു വന്നിരുന്നു. നിങ്ങള്‍‌ക്കെവിടെയാ സമയം എന്നും സര്‍ക്കീട്ടല്ലിയോ.. സര്‍ക്കീട്ട്‌ .... “

“അവര്‍ക്ക്‌ പറയാനുള്ളത്‌ ജീവിത അനുഭവങ്ങളാണെന്ന്‌... നിങ്ങള്‍ ഭാവന ചേര്‍ത്ത്‌ എഴുതിക്കോ..”

“ അവരേതോ വല്ല്യ തറവാട്ടിലെ പെണ്ണാ... നിങ്ങള്‍ പഠിച്ച കോളേജില്‍ അവരും അഞ്ചുകൊല്ലം പഠിച്ചിട്ടുണ്ട്‌...... അവളൊരു അന്യജാതിക്കാരനെ സ്‌നേഹിച്ചു. അവന്‍ അവളേപ്പറ്റിച്ച്‌ കടന്നുകളഞ്ഞു..... കുടുംബത്തിന് പേരുദോഷം വരുത്തി പിഴച്ചു പെറ്റവളേ തറവാട്ടില്‍ നിന്നും പുറത്താക്കി.... അവള്‍ സ്വന്തം കുഞ്ഞിനേയും ഒക്കത്തേറ്റി ഭിക്ഷയെടുത്ത്‌ ജീവിക്കുന്നു... അവള്‍ ഇന്നും കാത്തിരിക്കുകയാണ് അവളുടെ കാമുകന്‍ വരുമെന്ന്‌ .... “

“അവളുടെ പേര് രാധയെന്നാണോ ? “
“ അതേ , എന്താ നിങ്ങളവളേ അറിയുമോ ?”
“ ഇല്ല..... ഇല്ല...... ഞാനൊരു കഥാകാരനല്ലേ സംഭവം കേട്ടാ‍ല്‍ കഥാപാത്രങ്ങളുടെ പേര് എനിക്കറിയാം...“

“അവളുടെ കള്ളക്കാമുകന്റെ പേര് പറയാഞ്ഞത്‌ ഭാഗ്യം... ഇതിലൊന്നും ഒരു കഥയുമില്ലാ... ഇവരെല്ലാം കള്ളക്കൂട്ടങ്ങളാണ് .... പകല്‍ ഭിക്ഷയും രാത്രി മോഷണവും അവരേയൊന്നും വീട്ടില്‍ കയറ്റിയേക്കരുത്‌ “

“ അച്ചായനെന്താ പെട്ടെന്ന്‌ ചൂടാകുന്നത്‌, അവള്‍ നിങ്ങളുടെ പേരൊന്നും പറഞ്ഞില്ലല്ലോ”

“അല്ല..... ഞാന്‍...... കോളേജില്‍ പഠിക്കുമ്പോഴും കഥകളെഴുതീട്ടുണ്ട്‌ .... അതിനാല്‍ എനിക്ക്‌ ഒത്തിരി ശത്രുക്കളും ഉണ്ട്‌... ഭാഗ്യം..... എന്തായാലും ലീവ്‌ നാളെ തീരുമല്ലോ ! “

12 comments:

സഹയാത്രികന്‍ said...

ബാജി മാഷേ ...തേങ്ങ എന്റെ വക...ഠേ....!

എല്ലാര്‍ക്കും ഓണാശംസകള്‍

ദിവാസ്വപ്നം said...

"എണ്ണിച്ചുട്ട അപ്പം പോലെ ആകെ ഇരുപത്തെട്ടു ദിവസത്തേ ലീവേയുള്ളൂ"

:-) That is a lot of vacation.

കുഞ്ഞന്‍ said...

അമ്പടാ കേമാ...
ഇതു കഥയല്ലെന്നു ഞാന്‍ വിശ്വസിച്ചോട്ടെ?
മനോഹരമാക്കിയിട്ടുണ്ട്...:)

ഡാന്‍സ്‌ മമ്മി said...

കുഞ്ഞാ,
ഇത്‌ വെറും ഭാവനയാ
കോളജില്‍ പഠിക്കുമ്പോള്‍ കഥയൊന്നും എഴുതാന്‍ വകയില്ല.

യാത്രിക / യാത്രികന്‍ said...

മനോഹരമായി ഒരു സത്യം പറഞ്ഞു
അതിനെ കഥയെന്നു വിളിച്ച്‌
ഒളിക്കാന്‍ ശ്രമിക്കേണ്ട.
കള്ളന്‍ കൊച്ചു കള്ളന്‍ കഥാകാരന്‍

സാരംഗി said...

ബാജീ...
:)

ഏ.ആര്‍. നജീം said...

ബാജീ..
ഓണാശംസകള്‍....
:)

കുഞ്ഞന്‍ said...

എനിക്കുറപ്പുണ്ട് ഇതു കഥാകാരന്‍ തന്നെ..

ഗള്‍ഫ്,സാഹിത്യം,സുന്ദരന്‍,മീറ്റിങ്,കഥയെഴുത്ത്, ഭാര്യയെ അനുസരിക്കുന്നവന്‍,കാമുകന്‍.. എല്ലാം 100%ഉം കറ കറക്ട്.. ഞാനല്ലെ കഥയെഴുതിയത്!

എനിവെ..താങ്കള്‍ക്കും കുടും‌മ്പത്തിനും പിന്നെ എല്ലാ‍ ബൂലോകനിവാസികള്‍ക്കും കുഞ്ഞന്റെ തിരുവോണ ദിനാശംസകള്‍

തറവാടി said...

ഓണാശംസകള്‍

സഹയാത്രികന്‍ said...

അതു ശരി ഇത് കഥയല്ലാലെ.... ഞാന്‍ തെറ്റിദ്ധരിച്ചു... ബാജി മാഷേ.... ഓണാശംസകള്‍ വീണ്ടും....

മന്‍സുര്‍ said...

പ്രിയ സ്നേഹിത ബാജി

ഇല്ലാത്ത കഥയില്‍ നിന്നും ജന്‍മമെടുത്തൊരു വല്ലാത്തകഥ....
വല്ലാത്ത കഥയില്‍ ഒളിഞിരിക്കുന്ന ഭാവനയിലെ കഥ
ഭാവനയില്‍ അല്പ്പം സത്യം കടന്ന സഭവ കഥ
അല്ലാ....കഥ വായിച പോരെ പേജ് എണ്ണണോ....??

അത്യുഗ്രന്‍


സസ്നേഹം
മന്‍സൂര്‍,നിലംബൂര്‍

ശ്രീ said...

:)