Tuesday, August 7, 2007

കാത്തിരിക്കുന്ന ഫോട്ടോകള്‍

ബോംബെയിലെ ഒരു സ്‌റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായി ജോലിചെയ്യുന്ന സമയം.

മിക്ക ദിവസങ്ങളിലും ഒരു ഗുജറാത്തി പെണ്‍കുട്ടി ഫോട്ടോയെടുക്കാന്‍ വരും. ഞാന്‍ തന്നെ അവളുടെ ഫോട്ടോയെടുക്കണമെന്ന്‌ അവള്‍ക്ക്‌ നിര്‍ബ്ബന്ധമാണ്.

അവള്‍ സുന്ദരിയാണെന്നു മാത്രമല്ല കൈ നിറയെ പണവും ഉണ്ട്‌. അവള്‍ എന്നും തനിയെയാണ് വന്നിരുന്നത്‌. അവള്‍ തലമുടി അഴിച്ചിടുമ്പോള്‍ മലയാളി പെണ്‍കുട്ടികളേക്കാള്‍ സുന്ദരിയാണ്, പക്ഷേ അവള്‍ക്ക്‌ തലമുടി വിവിധ ഫാഷനില്‍ കെട്ടിവെയ്‌ക്കാനാണ് താത്‌പര്യം.

വിവിധ പോസിലുള്ള ഫോട്ടോകള്‍ വിവിധ സൈസില്‍ പ്രിന്റു ചെയ്യുന്നതോടൊപ്പം അവള്‍ എന്റെ മനസ്സിലും മായ്‌ക്കാന്‍ പറ്റാത്ത വിധം പതിയുകയായിരുന്നു.

അടുത്തുള്ള റെസ്‌റ്റോറന്റിലേക്ക് ഭക്ഷണത്തിനായ്‌ ക്ഷണിച്ചപ്പോള്‍ എനിക്കാദ്യം വിശ്വസിക്കാനായില്ല. റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതില്‍ കൂടുതല്‍ സമയം ഞങ്ങള്‍ കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുകയായിരുന്നു.

അവള്‍ നിര്‍ബ്ബന്ധിച്ചിട്ടാണ് ഹിന്ദി സിനിമ കാണാന്‍ കൂടെ പോയത്‌. സിനിമ കാണുന്നതിലും താത്‌പര്യമായി അവളുടെ തലമുടിയില്‍ തലോടിക്കൊണ്ടിരുന്നു. അവള്‍ എന്റെ കവിളിലൊരു ചുംബനം തരുമ്പോഴേക്കും സിനിമ കഴിഞ്ഞിരുന്നു.

അവള്‍‌ക്കെന്നോട്‌ സ്‌നേഹമാണെന്ന്‌ ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷേ എനിയ്ക്കറിയാം അവളെന്നെ സ്‌നേഹിച്ചിരുന്നു.

ഒരു ഗുജറാത്തി പെണ്‍കുട്ടിയെ സ്‌നേഹിക്കാന്‍ ഞാന്‍ തയ്യാറായിരുന്നുവെങ്കിലും വിവാഹത്തെപ്പറ്റിയൊന്നും ചിന്തിക്കാന്‍ പോലും സാധ്യമായിരുന്നില്ല.

അവളുടെ നാട്ടില്‍ 28 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്റെ ഫോട്ടോയെടുക്കാനായി ഞങ്ങളുടെ സ്‌റ്റുഡിയോയില്‍ ഓര്‍ഡര്‍ നല്‍കി. പുരാതനമായ ജൈന മന്ദിറിന്റെ ശതാബ്‌ദി പ്രതിഷ്‌ഠാ മഹോത്സവമായിരുന്നു. ഫോട്ടോയെടുക്കുന്നതിനുള്ള മുഴുവന്‍ തുകയും അവള്‍ അഡ്വാന്‍സായി നല്‍കി.

സ്‌റ്റുഡിയോയില്‍ നിന്നും ഞാനും മറ്റൊരാളും കൂടി അവരോടോപ്പം ഗുജറാത്തിലെ കച്ചിലേക്ക്‌ യാത്രയായി.

ബോംബെയില്‍ നിന്നും ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ തന്നെയുണ്ടായിരുന്നു ആ ഉത്സവത്തിനായി. ഏകദേശം ആയിരം ഗുജറാത്തികളും ഞങ്ങള്‍ സ്‌റ്റുഡിയോക്കാര്‍ രണ്ട്‌ മലയാളികളും. എല്ലാവരും വലിയ ബിസ്സിനസ്സുകാരും പണക്കാരുമാണെന്ന്‌ കണ്ടാല്‍ത്തന്നെയറിയാം. ഞാന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഈ കൂട്ടത്തില്‍ ഉണ്ടാകും.

ട്രെയിന്‍യാത്രയുടെ ആരംഭം മുതല്‍ക്കുതന്നെ സുഭിക്ഷമായ ഭക്ഷണം ക്രമമായി ലഭിച്ചു കൊണ്ടിരുന്നു. പണ്ടേ മധുരം ഇഷ്‌ടമായ എനിക്ക്‌ ഗുജറാത്തി ഭക്ഷണത്തോട്‌ നല്ല താത്‌പര്യം തോന്നി.

ട്രെയിന്‍ ഇറങ്ങിയ ശേഷം മുമ്പേ തയ്യാറാക്കി നിര്‍ത്തിയിരുന്ന ബസ്സില്‍ കയറി എല്ലാവരും കച്ചിലെ ഒരു ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു.

വളരെ മനോഹരമായ ഗ്രാമം. റോഡുകളെല്ലാം കല്ലുപാകിയിരിക്കുന്നു. ഓടകള്‍ പോലും വളരെ വൃത്തിയുള്ളതായിരുന്നു. വെള്ളക്കല്ലുകള്‍ കൊണ്ട്‌ നിര്‍മ്മിച്ചിരിക്കുന്ന പൊക്കം കുറഞ്ഞ ചെറിയ വീടുകള്‍ ധാരാളം ഉണ്ട്‌.

ശതാബ്‌ദി പ്രതിഷ്‌ഠാ മഹോത്സവം ആഘോഷിക്കുന്ന ജൈന്‍ മന്ദിര്‍ വളരെ ചെറുതാണ്. അതിനടുത്തായി ആര്‍ഭാടം വിളിച്ചോതുന്ന പുതിയ മന്ദിറും ഉണ്ട്‌.

വെളുപ്പിനെ നാലരയ്‌ക്ക്‌ ആരംഭിക്കുന്ന പൂജകള്‍ രാത്രി വൈകി അവസാനിക്കുന്നത്‌ തനത്‌ ‘ഡാന്‍ഡിയാ’ ഡാന്‍‌സോടു കൂടിയായിരുന്നു.

ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന താത്‌ക്കാലിക ഭക്ഷണപ്പുരയില്‍ ആയിരം പേര്‍‌ക്കോളം ഇരിക്കാം. അവിടെ സുഭിക്ഷമായി ഗുജറാത്തി ഭക്ഷണം നല്‍കിയിരുന്നത്‌ ഫ്രീയായിട്ടാണ്. അതും ഉത്സവത്തിന്റെ ഭാഗമായിരുന്നു.

ഞാന്‍ ഓടിനടന്ന്‌ എല്ലാത്തിന്റേയും ഫോട്ടോകള്‍ എടുത്തു. ഓരോരോ കാഴ്‌ചകള്‍ കാട്ടിത്തന്ന്‌ വിവരിക്കുവാന്‍ ഗുജറാത്തി പെണ്‍കുട്ടിയ്‌ക്ക്‌ ആയിരം നാവായിരുന്നു.

ഇരുപതാമത്തെ ദിവസം അവള്‍ രാജ്‌ഞിയേപ്പോലെ ഒരുങ്ങിയിരുന്നു. ആറു കുതിരകളേ പൂട്ടിയ രഥത്തില്‍ അവളെയിരുത്തി ആഘോഷമായി നാടുമുഴുവന്‍ കൊണ്ടു നടന്നു.

അവളുടെ രഥത്തിന്റെ മുന്നില്‍ ജൈന പൂജാരിമാരും നൂറുകണക്കിന് സന്യാസികളും സന്യാസിനികളും തൂവെള്ള വസ്‌ത്രധാരികളായി നടന്നു. അവര്‍ക്ക്‌ ഒരേ മുഖഛായയായിരുന്നു.

രഥത്തിനു പിന്നില്‍ ആഘോഷത്തിനായ്‌ ബോംബെയില്‍ നിന്നും വന്നവരും അതിനു പിന്നില്‍ നാട്ടുകാരും.

വാദ്യമേളക്കാര്‍ രംഗം കൊഴുപ്പിക്കുന്നുണ്ട്‌. അവള്‍ രഥത്തിലിരുന്ന്‌ വഴിനീളെ മിഠായികളും നാണയത്തുട്ടുകളും വാരിവിതറിക്കൊണ്ടിരുന്നു.

ആ രഥഘോഷയാത്ര അവസാനിച്ചത്‌ നഗര മദ്ധ്യത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഒരു സ്‌റ്റേജിലാണ്. അവള്‍ സ്‌റ്റേജില്‍ മനോഹരമായി ഡാന്‍സു ചെയ്‌തു. അവള്‍ തളര്‍ന്ന്‌ സ്‌റ്റേജില്‍ വീണപ്പോളാണ് കര്‍ട്ടന്‍ വീണത്‌. സ്‌റ്റേജിലേക്ക്‌ ജൈന പൂജാരിയും സന്യാസിമാരും സന്യാസിനികളും കയറിപ്പോയി. ബാക്കിയുള്ളവര്‍ പിരിഞ്ഞു പോയി. അവിടെ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അറിയാന്‍ താത്‌പര്യം തോന്നിയെങ്കിലും ഫോട്ടോഗ്രാഫര്‍ക്ക്‌ അവിടേക്ക്‌ പ്രവേശനം ഇല്ലായിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ പെണ്‍കുട്ടിയെ കണ്ടില്ല. എന്റെ മനസ്സ്‌ അസ്വസ്ഥമായി, അവള്‍ക്ക്‌ എന്തു സംഭവിച്ചു.

അവളില്ലാതെ ഫോട്ടോയെടുക്കുന്നത്‌ വിരസമായി തോന്നിയെങ്കിലും ഞാന്‍ എന്റെ ജോലി തുടര്‍ന്നു.

അവസാന ദിവസത്തെ ആഘോഷങ്ങള്‍ തുടങ്ങി.

ആയിരക്കണക്കിനാളുകള്‍ മന്ദിറിനു പുറത്ത്‌ ഭക്‌തിഗാനങ്ങള്‍ ഈണത്തില്‍ ആലപിച്ചുകൊണ്ടിരുന്നു.

ഇന്ന്‌ എനിക്കും മന്ദിറിനകത്ത്‌ പ്രവേശനം ലഭിച്ചു. മന്ദിറിനുള്ളില്‍ ജൈന പൂജാരിയുടേയും രണ്ടു സന്യാസിനികളുടേയും മദ്ധ്യത്തില്‍ ഒരു പീഠത്തില്‍ അവളിരിക്കുന്നു.

ഒരാഴ്‌ചക്കുശേഷം അവളെക്കണ്ടതില്‍ എനിക്കാശ്വാസമായി.

അവളുടെ മുഖത്ത്‌ ഭാവങ്ങളൊന്നും ഇല്ലായിരുന്നു. അവള്‍ സന്യാസിനികള്‍ ധരിക്കുന്ന തൂവെള്ള വസ്‌ത്രം ധരിച്ചിരിക്കുന്നു. അവളെ പൂര്‍ണ്ണ സന്യാസിനിയാക്കുന്ന അവസാന ചടങ്ങും നടക്കുകയാണ്‌.

ഒരു ബാര്‍ബറും മന്ദിറിനുള്ളില്‍ വന്നു. മന്ദിറിന്റെ വാതിലടച്ചു.

ജൈന പൂജാരി മന്ത്രങ്ങള്‍ ഉറക്കെച്ചൊല്ലി.

പുറത്ത്‌ ഭക്‌തിഗാനത്തിന്റെ ആരവം ഉയര്‍ന്നു കേള്‍ക്കാം.

ബാര്‍ബര്‍ കത്തിയുപയോഗിച്ച്‌ അവളുടെ തലമുടി വടിച്ചു.

എന്റെ കണ്ണുകള്‍ നിറയുന്നതിനാല്‍ ക്യാമറയിലൂടെ ഒന്നും കാണാന്‍ സാധിക്കുന്നില്ല. ഞാന്‍ യാന്ത്രികമായി ഫോട്ടോകള്‍ എടുത്തു.

ഞാന്‍ വളരെ ഇഷ്‌ടപ്പെട്ടിരുന്ന തലമുടി തലയില്‍ നിന്നും മാറ്റപ്പെടുന്നു. മുടി മുഴുവന്‍ വടിച്ചു കഴിഞ്ഞ്‌ ബാര്‍ബര്‍ പുറത്തേക്കു പോയി.

എല്ലാവരും കണ്ണുകളടച്ച്‌ പ്രാര്‍ത്ഥനയിലാണ്. അവള്‍ മുടിവാരി ഒരു വെള്ളത്തുണിയില്‍ കെട്ടിവെച്ചു. ഒരു പിടിമുടി ആരും കാണാതെ എന്റെ ക്യാമറാബാഗിലേക്കും ഇട്ടു.

ഞാന്‍ അവളുടെ മുടിയെ മാത്രമായിരുന്നോ സ്‌നേഹിച്ചിരുന്നത്‌ ?

ഞാന്‍ അവസാന നിമിഷമെങ്കിലും വിളിച്ചിരുന്നെങ്കില്‍ അവള്‍ ജീവിതത്തിലേക്ക്‌ മടങ്ങി വരുമായിരുന്നോ?

അവളും കണ്ണുകളടച്ചു. എല്ലാവരും കണ്ണുകളടച്ച്‌ പ്രാര്‍ത്ഥനയിലാണ്.

എനിക്കും മന്ദിറിനു പുറത്തു പോകാനും, കണ്ണുകളടയ്ക്കുവാനും നിര്‍‌ദ്ദേശം കിട്ടി.

പുറത്തും എല്ലാവരും കണ്ണുകളടച്ച്‌ പ്രാര്‍ത്ഥനയിലായിരുന്നു.

പ്രാര്‍ത്ഥനതീര്‍ന്നപ്പോള്‍ കുറേ സന്യാസിനികള്‍ മന്ദിറിനുള്ളിലേക്ക്‌ കയറി. പുതിയ സന്യാസിനിയും അവരില്‍ ഒരാളായി. അവര്‍ പുറത്തുവന്നപ്പോള്‍ വലിയകരഘോഷം മുഴങ്ങി.

സന്യാസിനികള്‍‌ക്കെല്ലാം ഒരേ മുഖമായിരുന്നു. ഞാന്‍ സ്‌നേഹിച്ചിരുന്ന ഗുജറാത്തി പെണ്‍കുട്ടിയുടെ മുഖം അതില്‍ തിരിച്ചറിയാന്‍ പറ്റുമായിരുന്നില്ല.

പിറ്റേദിവസത്തെ സ്‌പെഷ്യല്‍ ട്രെയിനില്‍ ബോംബെയില്‍ നിന്നും വന്നവരോടൊപ്പം ഞാനും തിരികെപ്പോന്നു.

എനിക്കറിയാം ആ സന്യാസിനിക്ക്‌ ഇനിയും ആ ഗ്രാമം വിട്ട്‌ പുറത്തു പോകാനാവില്ലെന്ന്‌. എങ്കിലും അവള്‍ എപ്പോള്‍ വന്നാലും കൊടുക്കാനായി ഫോട്ടോകള്‍ എല്ലാം പ്രിന്റു ചെയ്‌ത്‌ റെഡിയാക്കി വെച്ചു.

ഞാന്‍ സ്‌നേഹിച്ച തലമുടി ക്യാമറാബാഗില്‍, എന്റെ സ്വന്തമായി, ഒരു വേദനിപ്പിക്കുന്ന ഓര്‍മ്മയായി ഇന്നും സൂക്ഷിക്കുന്നു.

17 comments:

സാല്‍ജോҐsaljo said...

പറ്റിച്ചു അല്ലേ..

ഫോട്ടം തപ്പി വന്നതാ..

ഈ കുറിപ്പ് മനസില്‍ തട്ടുന്നതായിരുന്നു.

............

(അവള്‍ തലമുടി അഴിച്ചിടുമ്പോള്‍ മലയാളി പെണ്‍കുട്ടികളേക്കാള്‍ സുന്ദരിയാണ്, എന്നുവച്ചാല്‍?)

കുഞ്ഞന്‍ said...

ശരിക്കും പറ്റിച്ചൂട്ടൊ...

വളരെ വളരെ ഭംഗിയായി, ഹൃദ്യമായി വിവരിച്ചിരിയ്ക്കുന്നു.

അഭിനന്ദനങ്ങള്‍... :) :)

ദൈവം said...

കുറിപ്പുകള്‍ക്ക് ആഴമേറി വരുന്നു....

പൈങ്ങോടന്‍ said...

കാത്തിരിക്കുന്ന ഫോട്ടോകള്‍......നന്നായിരിക്കുന്നു..

Kalesh Kumar said...

റ്റച്ചിംഗ്
:(

സജീവ് കടവനാട് said...

അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു അനാചാരത്തിന്റെ കഥ. നന്നായിരിക്കുന്നു.

Jeevs || ജീവന്‍ said...

ഇങ്ങനെ ഒരു ബ്ലൊഗ്ഗറെ പരിചയപ്പെട്ടതില്‍ അഭിമാനം തോന്നുന്നു...
വളരെ മനോഹരമായിരിക്കുന്നു.

അണയാന്‍ പോകുന്ന തിരി ആളിക്കത്തിയ പോലെ ആ പെണ്‍കുട്ടി ഒരു തേങ്ങലായി..

സാരില്ല മാഷെ.. പൊട്ടെ..

യാത്രിക / യാത്രികന്‍ said...

ഹൃദയ സ്‌പര്‍‌ശിയായ കഥ
നന്നയിരിക്കുന്നു.

സഹയാത്രികന്‍ said...

അന്നെന്നാത്മാവില്‍ മുട്ടി വിളിച്ചോരാ...
ദിവ്യമാം സ്നേഹത്തെ ഓര്‍മ്മിക്കുന്നു...
പൂനിലാവിറ്റിയാല്‍ പൊള്ളുന്ന നെറ്റിയില്‍...
ആദ്യത്തെ ചുംബനം സൂക്ഷിക്കുന്നു...
വേര്‍പിരിഞ്ഞെങ്കിലും നീയെന്നെ ഏല്‍പ്പിച്ച...
വേദന ഞാനിന്നും സൂക്ഷിക്കുന്നു...
എന്റെ വേദന ഞാനിന്നും സൂക്ഷിക്കുന്നു...

( തിരുവോണക്കൈനീട്ടം എന്ന ഓണപ്പാട്ടില്‍ നിന്നും...)

ഡാന്‍സ്‌ മമ്മി said...

ബാജി ഇപ്പോള്‍ സന്യാസിയൊന്നുമല്ലല്ലോ ?
സന്തോഷം

പാര്‍വണം.. said...

ആ ചിത്രങ്ങള്‍ ഇപ്പോളും ഉണ്ടൊ, മഷെ??
ഓര്‍മക്കായ് എടുത്ത മുടിയിഴകളൊ?

എഴുത്തു നന്നായിരുന്നു...മനസ്സില്‍ നില്ക്കുന്ന വിവരണം...
നന്ദി!

Sathees Makkoth | Asha Revamma said...

നല്ല കുറിപ്പ് ബാജി.

N.J Joju said...

ബാജി,
ഓര്‍ക്കുട്ടിലെ റിക്ക്വസ്റ്റ് കണ്ടാണിവിടെ എത്തിയത്.
പലരും പറഞ്ഞതു പോലെ കുറിപ്പ് മനസില്‍ തട്ടുന്നതായിരുന്നു.

ഹരിയണ്ണന്‍@Hariyannan said...

ബാജി..
കുറിപ്പു നന്നായി...
പലരും എഴുതാന്‍ മടിക്കുന്ന ചില ഓര്‍മ്മകളുണ്ട്..
അതൊക്കെ തുറന്നെഴുതാന്‍ ‘തന്റേടം’വേണം..
താങ്കള്‍ക്കതുണ്ടെന്നുതെളിയിച്ചു.
അഭിനന്ദങ്ങള്‍!!

Sherlock said...

ബാജി,..നന്നായിരിക്കുന്നു

ശ്രീ said...

ബാജി ഭായ്...
വായിക്കാന്‍‌ കുറച്ചു വൈകി.

നല്ലപോലെ അവതരിപ്പിച്ചിരിക്കുന്നു. വളരെ ഹൃദ്യമായ രീതിയില്‍‌ ഒരു നൊമ്പരത്തോടെ വായിച്ചു തീര്‍‌ത്തു.

ഓണാശംസകള്‍‌!

cartoon animator said...

പറ്റിച്ചു അല്ലേ..

ഫോട്ടം തപ്പി വന്നതാ