Saturday, March 8, 2008

വില്‍ക്കുന്നവരുടെ കുന്ന്‍

മലകയറി മുകളിലേക്ക് പോകുമ്പോള്‍ എനിക്ക് നൂറു നാവായിരുന്നു.

ഞാന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. കല്ല്യാണം കഴിഞ്ഞ് ദിവസങ്ങളേ ആയിട്ടുള്ളൂ. ചെറിയൊരു ഹണീമൂണ്‍ ട്രിപ്പെന്നു വേണമെങ്കില്‍ വിളിക്കാം. പുതുപ്പെണ്ണിനേയും കൊണ്ട് ഞങ്ങളുടെ ഗ്രാമത്തിലുള്ള മടുക്കക്കുന്നിന്റെ നെറുകയിലുള്ള റിസോര്‍‌ട്ടിലേക്ക് പോകുകയാണ്.

ഓരോ വളവു തിരിയുമ്പോഴും ഞാന്‍ പറഞ്ഞു കൊടുക്കുന്നുണ്ട്. ഇത് അതാണ്. അത് ഇതാണെന്നും മറ്റും. അവളെല്ലാം ആകാംക്ഷയോടെ കേള്‍ക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ വാചാലനായി.

കുട്ടിക്കാലത്ത് മിക്ക ശനിയാഴ്‌ച ദിവസങ്ങളിലും ഞങ്ങള്‍ കുട്ടികള്‍ സംഘമായി മടുക്കക്കുന്നിലേക്ക് പോകുമായിരുന്നു. അയല്‍‌വീടുകളിലെ കുട്ടികളെല്ലാവരും ഉണ്ടാകും. അന്ന്‍ ഈ വഴിയും വാഹനങ്ങളും ഒന്നും ഇല്ല. ബുദ്ധിമുട്ടേറിയ ഇടുക്കുതോടുകളിലൂടെ കുത്തനേയുള്ള കയറ്റത്തിലൂടെ ഒന്നരമണിക്കൂര്‍ നടന്നു വേണം അവിടെയെത്താന്‍. അവിടെയെത്തിയാല്‍ ലോകം മുഴുവന്‍ കാണാമെന്നാണ് പറയാറുള്ളത്.

കയറ്റം കയറുമ്പോള്‍ ക്ഷീണിച്ച് വലിയ ഉരുളന്‍ കല്ലുകളില്‍ ഒരല്‌പ സമയമിരുന്ന് വിശ്രമിക്കാറുണ്ടായിരുന്നു. അവിടെ നിന്നും താഴേക്കു നോക്കിയാല്‍ താണ്ടിവന്ന വഴികള്‍ കണ്ട് അഭിമാനം തോന്നുമായിരുന്നു.

അവിടെ അന്നൊരു വല്ല്യമ്മയുടെ ഇടിഞ്ഞു പൊളിഞ്ഞ ഓലകെട്ടിയ വീടുമാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ ശനിഴായ്‌ചകളിലും അവര്‍ ഞങ്ങളുടെ വരവിനായി കാത്തിരിക്കുകയാണെന്നു തോന്നും. കുറച്ച് കല്‍ക്കണ്ടമോ ഒരല്പം ചക്കരയോ അവര്‍ ഞങ്ങള്‍ക്കായി കരുതി വെച്ചിട്ടുണ്ടാകും. ചില ദിവസങ്ങളിലൊക്കെ മിഠായിയും തരും. ഒന്നുമില്ലെങ്കില്‍ പാട്ട തുറന്ന് ഓരോ സ്‌പൂണ്‍ പഞ്ചസാര ഞങ്ങളുടെ കൈ വെള്ളയിലേക്ക് തരുമ്പോഴുള്ള ആ കണ്ണുകളിലെ സ്‌നേഹം അനുഭവിച്ചറിയേണ്ടതാണ്.

ആ വല്ല്യമ്മ അവിടെ ഒറ്റയ്‌ക്കാണോ താമസിക്കുന്നതെന്നൊന്നും ഞങ്ങള്‍ക്കറിയില്ല. എന്തായാലും ഞങ്ങള്‍ ചെല്ലുന്ന സമയങ്ങളിലൊക്കെ അവരെ മാത്രമേ കണ്ടിട്ടുള്ളു. ഉള്ളതിന്റെ വീതം സന്തോഷത്തോടെ തരുന്നതില്‍ നിന്നും ഞങ്ങള്‍ പാഠങ്ങള്‍ പഠിക്കുകയായിരുന്നു.

ആ വീടിന്റെ മുറ്റത്തു നിന്ന് താഴേക്കു നോക്കാന്‍ നല്ല രസമാണ്. ഞങ്ങളുടെ വീടുകളൊന്നും കാണാന്‍ പറ്റില്ല. താഴ്‌വര മുഴുവന്‍ ഇരുണ്ടപച്ച നിറത്തില്‍ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ദൂരെ പമ്പാനദി വളഞ്ഞു പുളഞ്ഞ് ഒഴുകുന്നതു കാണാം. അതിനു കുറുകെയുള്ള കോഴഞ്ചേരി പാലത്തിന്റെ ആര്‍ച്ച് വളരെ ചെറുതായി കാണാം. ദൂരെ പട്ടണത്തിലുള്ള വലിയ ചില കെട്ടിടങ്ങള്‍ മങ്ങിക്കാണാം. അവിടെയുള്ള ഫാക്‌ടറിയുടെ പുകക്കുഴല്‍ കാണാന്‍ പറ്റില്ലെങ്കിലും അവിടെ നിന്നും ഉയരുന്ന പുക ആകാശത്ത് ചിത്രങ്ങള്‍ വരയ്‌ക്കുന്നത് കാണാന്‍ നല്ല രസമാണ്. ഈ കാഴ്‌ചകളും ഇളം തണുപ്പുള്ള കാറ്റും മനസ്സില്‍ കുളിരു കോരിയിടും.

അധിക നേരം അവിടെ നില്‍ക്കാനാവില്ല. തിരിച്ച് വീടുകളിലെത്താന്‍ ഇനിയും ഒത്തിരി തിരിച്ച് നടക്കണം. പോകുന്ന വഴിയില്‍ പഴുത്ത കമ്പിളി നാരങ്ങാ എല്ലാവരുടേയും കയ്യില്‍ ഓരോന്നുണ്ടാകും. ഇറക്കമായതിനാല്‍ കാറ്റിന്റെ തള്ളലുണ്ടെങ്കിലും പതിയേ പോകാന്‍ പറ്റൂ.

മനസ്സില്‍ നിറഞ്ഞ സന്തോഷവുമായി കുന്നിറങ്ങുമ്പോള്‍ അടുത്ത ആഴ്‌ച വീണ്ടും വരാന്‍ എല്ലാവരും മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാവും. എത്ര കണ്ടാലും മടുക്കാത്ത കാഴ്‌ചകളാണ് ബാല്യകാലത്ത് ഈ മടുക്കക്കുന്ന് ഞങ്ങള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.

പട്ടണത്തില്‍ വളര്‍‌ന്ന പുതുപ്പെണ്ണിന്, ഗ്രാമത്തിന്റെ സൌന്ദര്യം കാട്ടിക്കൊടുത്ത് അസൂയപ്പെടുത്താമെന്ന വ്യാമോഹമാണ് വര്‍ഷങ്ങള്‍ക്കു ശേഷം മടുക്കക്കുന്നിലേക്ക് ഞങ്ങളെ എത്തിച്ചത്.

മടുക്കക്കുന്നിലെ റിസോര്‍‌ട്ടില്‍ ഞങ്ങള്‍ക്കായി ബുക്കു ചെയ്‌തിരുന്ന റൂമില്‍ ഞങ്ങളെത്തി.

മടുക്കക്കുന്ന് ഒത്തിരി മാറിയിരിക്കുന്നു. എന്റെ മനസ്സ് പഴമയില്‍ ഉടക്കി നിന്നു. എന്തു കണ്ടാലും മനസ്സ് പഴയതുമായി താരതമ്യം ചെയ്യാന്‍ വെമ്പി. പുതിയമാറ്റങ്ങളൊന്നും എനിക്ക് ഉള്‍‌ക്കൊള്ളാനായില്ല.

പുതുപ്പെണ്ണ് എല്ലാം ആദ്യമായ് കാണുകയാണ്. അവള്‍ക്കെല്ലാം നന്നായി പിടിച്ച മട്ടാണ്. അവള്‍ വളരെ സന്തോഷവതിയായി കാണപ്പെട്ടു.

സര്‍‌ക്കാരിന്റെ എക്കോ-ടൂറിസം പദ്ധതിയില്‍ ഉള്‍‌പ്പെടുത്തി ഒത്തിരി വികസനം ഇവിടെ വന്നു. പേരില്‍ ‘എക്കോ’യുള്ളതിനാല്‍ പ്രകൃതി സ്‌നേഹികളുടെ നാവ് അടപ്പിക്കാന്‍ എളുപ്പം സാധിച്ചു. എക്കോ – ടൂറിസമെന്നാല്‍ പ്രകൃതിവിരുദ്ധമാകാതെ നമുക്ക് ഉള്ളത് വില്‍ക്കുവാനുള്ള മാര്‍‌ഗ്ഗമെന്നാണ് നാട്ടുകാരുടെ വിചാരം.

വിദേശികള്‍ ഉള്‍‌പ്പെടെ ഒത്തിരി ടൂറിസ്‌റ്റുകള്‍ വന്നു പോകുന്ന സ്ഥലമാണ്. അവരുടെ സൌകര്യത്തിനൊത്ത ബഹുനില കെട്ടിടങ്ങള്‍. ഡോളറിന്റെ ആര്‍ഭാടങ്ങള്‍ നാടിന്റെ മുഖം ഇത്രത്തോളം മാറ്റുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല.

നാട്ടുകാര്‍ക്ക് ഒത്തിരിപ്പേര്‍ക്ക് ഇവിടെ തൊഴിലായി. കുടില്‍ വ്യവസായങ്ങള്‍ പച്ചപിടിക്കുമെന്ന പ്രതീക്ഷ ഇനിയും അസ്‌തമിച്ചിട്ടില്ല.

കര കൌശല വസ്‌തുക്കളോട് വിദേശികള്‍ക്ക് നല്ല പ്രീയമാണ്. ഇഷ്‌ടപ്പെട്ടാല്‍ എന്തു വിലകൊടുത്തും അവര്‍ അത് വാങ്ങും. വാറ്റുകാരി ജാനുവിന്റെ വീട്ടില്‍ ഇപ്പോള്‍ വിദേശമദ്യമാണ് നിര്‍‌മ്മിക്കുന്നത്. കവടി നിരത്തി ഫലം പറഞ്ഞിരുന്ന കണിയാരുടെ വലിയഓഫീസും റിസോര്‍‌ട്ടിനോടു ചേര്‍‌ന്ന് പ്രവര്‍‌ത്തിക്കുന്നുണ്ട്. നാട്ടുകാര്‍‌ക്കു പോലും കമ്പ്യൂട്ടര്‍ ജാതകത്തിലാണ് വിശ്വാസം. ഇന്റര്‍‌നെറ്റു വഴി കണിയാര്‍ വിദേശികള്‍ക്ക് ക്ലാസ്സെടുക്കാറുണ്ട്.

അവിടുത്തെ ചിലവ് വളരെക്കുടുതലായിരുന്നു. മൂന്നു ദിവസം താമസിച്ചപ്പോഴേക്കും എന്റെ പോക്കറ്റ് കാലിയായിത്തുടങ്ങിയിരുന്നു.

തിരികെപ്പോകാമെന്നു പറഞ്ഞപ്പോള്‍ പുതുപ്പെണ്ണിന് ഒട്ടും സമ്മതമായിരുന്നില്ല.

“ ഒരാഴ്‌ചയെന്നു പറഞ്ഞല്ലേ നമ്മളിങ്ങോട്ടു വന്നത് എന്താ മൂന്നു ദിവസം കൊണ്ട് മടുത്തോ ?”

ഒട്ടും നിവര്‍‌ത്തിയില്ലാഞ്ഞിട്ട് കയ്യില്‍ രൂപാ തീരാറായെന്നു പറയേണ്ടി വന്നു.

“ ഒരാഴ്‌ച എനിക്കു വേണ്ട സുഖ സൌകര്യങ്ങള്‍ ഒരുക്കാന്‍ പറ്റാത്ത നിങ്ങളുടെ കൂടെ ഒരു ജീവിതകാലം എങ്ങനെ കഴിക്കുമെന്റെ ദൈവമേ”

അവര്‍ എന്തൊക്കയോ പുലമ്പിക്കൊണ്ട് റൂമില്‍ നിന്നും ഇറങ്ങിപ്പോയി.

തിരിച്ചു വരുമ്പോള്‍ അവളുടെ കൂടെ സുമുഖനായ ടൈ കെട്ടിയ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. അവന്റെ വിനയം എന്നേ ഒത്തിരി ആകര്‍ഷിച്ചു. അവന്‍ ഫിനാന്‍ഷ്യല്‍ ബ്രോക്കറാണെന്ന്‍ സ്വയം പരിചയപ്പെടുത്തി.

ഈ കുന്ന് കയറി വരുന്നവര്‍ തിരിച്ചു പോകാറില്ലെന്നും. ഈ ആര്‍‌ഭാടജീവിതം തുടര്‍‌ന്നു പോകാനുള്ള സൌകര്യങ്ങള്‍ ഒരുക്കുകയാണ് അവരുടെ കമ്പനിയുടെ ജോലിയെന്നും ആമുഖമായി സൂചിപ്പിച്ചു.

ഇത് വില്‍‌ക്കുന്നവരുടെ കുന്നാണ്.
ശരിയാണ് അവിടെ ചുറ്റും നോക്കിയപ്പോള്‍ കണ്ടവരൊക്കെ വില്‍ക്കുന്നവര്‍ തന്നെയായിരുന്നു. ദൈവങ്ങളുടെ പടങ്ങള്‍ , മുല്ലപ്പൂമാല , കരകൌശലവസ്‌തുക്കള്‍ , ഹസ്‌ത രേഖാ ശാസ്‌ത്രം, ഭാഗ്യക്കല്ലുകള്‍ തുടങ്ങി ഒത്തിരി സാധനങ്ങള്‍ വില്‍‌ക്കുന്നു. ടൂറിസ്‌റ്റുകളുടെ പോക്കറ്റിലിരിക്കുന്ന പണം സ്വന്തം കീശയിലെത്താനുള്ള മനോഹരമായ വിപണനമാര്‍‌ഗ്ഗങ്ങള്‍ ഓരോരുത്തരും ഒരുക്കിയിരിക്കുന്നു.

പണ്ട് നാട്ടില്‍ ചിലപെണ്ണുങ്ങള്‍ മാത്രം ചെയ്‌തിരുന്ന ബിസ്സിനസ്സിനിന്ന് ആഗോള മാര്‍‌ക്കറ്റുണ്ടെന്നും. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇന്ന് ഒരു പോലെ ഡിമാന്റുണ്ടെന്നു പറഞ്ഞപ്പോള്‍ എനിക്ക് കലി കയറി. ഞാന്‍ ചാടി അവന്റെ ചെവിക്കുറ്റിക്കിട്ടൊന്നു പൊട്ടിച്ച് റൂമില്‍ നിന്നും. ഇറക്കി വിട്ടു.

“ ഇറ്റ്സ് ഓക്കെ ഓക്കെ..... ഐ വില്‍ കം ലേറ്റര്‍......” എന്നു പറഞ്ഞ് അവന്‍ ഇറങ്ങിപ്പോകുമ്പോഴും അവന്റെ മുഖത്ത് വിനയം പ്രകടിപ്പിക്കാന്‍ അവന് അറിയാമായിരുന്നു.

അന്നു രാത്രിയില്‍ വീണ്ടും വഴക്കുണ്ടാകാനുള്ള കാരണവും അതു തന്നെയായിരുന്നു. ഞാന്‍ അവനെ അടിച്ച് അപമാനിച്ച് ഇറക്കി വിട്ടത് ശരിയായില്ലെന്നാണ് ശ്രീമതിയുടെ വാദം. ഞാന്‍ കൂടുതല്‍ വാദിക്കാതെ തിരിഞ്ഞു കിടന്നുറങ്ങി.

രാവിലെ ഞാന്‍ വീണ്ടും പറഞ്ഞു
“നമുക്ക് തിരികെപ്പോകാം , നമുക്ക് നമ്മുടെ ചെറിയ ജീവിതം മതി, ഇത്ര വലിയ ജീവിതസുഖം നമുക്ക് താങ്ങാനാവില്ല.”

അവളുടെ തീരുമാനം ഉറച്ചതായിരുന്നു.
“ഞാന്‍ വരുന്നില്ല, നിങ്ങള്‍ വേണമെങ്കില്‍ പോയ്‌ക്കോളൂ “ എന്നു പറഞ്ഞ അവള്‍ സ്വിംമ്മിങ്ങ് പൂളിനടുത്തേക്ക് കുളിക്കാനെന്നും പറഞ്ഞ് പോയി.

കുറേ മണിക്കൂറുകള്‍ കാത്തു നിന്നിട്ടും അവള്‍ തിരികെ വന്നില്ല.

ഇവിടെ വില്‍ക്കുന്നവര്‍‌ക്കുമാത്രമേ ജീവിക്കാനാവൂ. വാങ്ങുന്നവര്‍‌ക്ക് അധികം ദിവസങ്ങള്‍ ഇവിടെ താമസിക്കുവാനാകില്ല.

ഞാന്‍ മലയിറങ്ങുകയാണ്. ഇനിയുമൊരിക്കലും ഇവിടേക്കില്ലെന്ന് മനസ്സിലുറച്ചു. ഒറ്റയ്‌ക്കു മലയിറങ്ങുകയാണ്. ബാല്യകാലത്തെ കുറേ നല്ല ഓര്‍മ്മകള്‍ കൂട്ടിനുണ്ട്.

താന്‍ ഓടിച്ചു കൊണ്ടു വന്ന പുതിയകാറും പണയം വെച്ച് ആ പഴയ ഇടവഴിയിലൂടെ മലയിറങ്ങുമ്പോള്‍ ഭാരമില്ലാത്ത കാറ്റ് മെല്ലെ എന്നെ തലോടുന്നുണ്ടായിരുന്നു.

മലകയറുമ്പോള്‍ കൂടെയുണ്ടായിരുന്ന പുതുപ്പെണ്ണീനെ മനഃപ്പൂര്‍‌വ്വം മറക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ തന്റെ പിന്നാലെ മലയിറങ്ങി വരുന്നോയെന്ന് ഞാന്‍ തിരിഞ്ഞ് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.

13 comments:

ബാജി ഓടംവേലി said...

മലകയറി മുകളിലേക്ക് പോകുമ്പോള്‍ എനിക്ക് നൂറു നാവായിരുന്നു.

ഞാന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. കല്ല്യാണം കഴിഞ്ഞ് ദിവസങ്ങളേ ആയിട്ടുള്ളൂ. ചെറിയൊരു ഹണീമൂണ്‍ ട്രിപ്പെന്നു വേണമെങ്കില്‍ വിളിക്കാം.

കുഞ്ഞന്‍ said...

ഹഹ..

ബാജി മാഷെ കലക്കി..

ഇപ്പോഴത്തെ ജീവിതരീതിക്കെതിരെയുള്ള ആ കൊട്ട് ശക്തമാണ്..!

മായാവി.. said...

ഇപ്പോഴത്തെ ജീവിതരീതിക്കെതിരെയുള്ള ആ കൊട്ട് ശക്തമാണ്..!

Meenakshi said...

ഉഗ്രന്‍ അവതരണം. എല്ലാം വില്‍ക്കാന്‍ വച്ചിരിക്കുന്ന നമ്മുടെ പുതിയ ജീവിതരീതിക്ക്‌ നല്ല മറുപടി.

മായാവി.. said...

ഇപ്പോഴത്തെ ജീവിതരീതിക്കെതിരെയുള്ള ആ കൊട്ട് ശക്തമാണ്..!

സജീവ് കടവനാട് said...

കഥ നന്നായി.എന്തിനേയും വിറ്റ് പണമാക്കുന്ന സമൂഹത്തിന്റെ സാംസ്കാരിക മൂല്യശോഷണത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു കഥയില്‍.

ദൈവം said...

:)

പൊറാടത്ത് said...

ബാജി.., കാലത്ത് തന്നെ കഥ വായിച്ചിരുന്നു..
ആദ്യമായി ഞാന്‍ കമന്റണ്ട എന്ന് കരുതി..

നല്ല തുടക്കം., ഗൃഹാതുരത.. നല്ല വരികള്‍.. നല്ല എക്സ്പ്രഷന്‍..

അവസാനത്തിനു മുമ്പു തന്നെ കല്ലുകടി തുടങ്ങി...

“ഹസ്‌ത രേഖാ ശാസ്‌ത്രം, ഭാഗ്യക്കല്ലുകള്‍ തുടങ്ങി ഒത്തിരി സാധനങ്ങള്‍ വില്‍‌ക്കുന്നു.“ ആ പ്രയോഗം തെറ്റല്ലേ.. ‘വില്‍ക്കപ്പെടുന്നു‘ എന്നാക്കാമായിരുന്നു...

പിന്നെ, അവസാനം ഒരു തരത്തിലും ശരിയായില്ല..

‘പുത്തനച്ചി‘കള്‍, ഒരിയ്ക്കലും അങനെയൊന്നും ചെയ്യില്ല..

അവര് വേണമെങ്കില്‍ പൊരപ്പുറം വരെ തൂക്കും.. അതാ പഴമൊഴി... പുതുമൊഴിയും...

മൊഴി മാത്രമല്ലാ.. അതങ്ങനെയാ..

Sathees Makkoth | Asha Revamma said...

ഇന്നത്തെ സമൂഹത്തിന്റെ പോക്കിനെക്കുറിക്കുന്നു. ബാജി നന്നായിട്ടുണ്ട്

യാത്രിക / യാത്രികന്‍ said...

ബാജി,
നല്ല കഥ.
ഇന്നിന്റെ ജീവിതം നന്നായി അവതരിപ്പിച്ചിരിക്കുന്നു.
രാവിലെ ഞാന്‍ വീണ്ടും പറഞ്ഞു
“നമുക്ക് തിരികെപ്പോകാം , നമുക്ക് നമ്മുടെ ചെറിയ ജീവിതം മതി, ഇത്ര വലിയ ജീവിതസുഖം നമുക്ക് താങ്ങാനാവില്ല.”

ശ്രീ said...

ബാജി ഭായ്...
തുടക്കം വളരെ നന്നായി. പക്ഷേ, അവസാന ഭാഗങ്ങള്‍ അത്ര ഇഷ്ടമായില്ല.

രമീഷ്‌രവി said...

അവിടെ അന്നൊരു വല്ല്യമ്മയുടെ ഇടിഞ്ഞു പൊളിഞ്ഞ ഓലകെട്ടിയ വീടുമാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ ശനിഴായ്‌ചകളിലും അവര്‍ ഞങ്ങളുടെ വരവിനായി കാത്തിരിക്കുകയാണെന്നു തോന്നും. കുറച്ച് കല്‍ക്കണ്ടമോ ഒരല്പം ചക്കരയോ അവര്‍ ഞങ്ങള്‍ക്കായി കരുതി വെച്ചിട്ടുണ്ടാകും. ചില ദിവസങ്ങളിലൊക്കെ മിഠായിയും തരും. ഒന്നുമില്ലെങ്കില്‍ പാട്ട തുറന്ന് ഓരോ സ്‌പൂണ്‍ പഞ്ചസാര ഞങ്ങളുടെ കൈ വെള്ളയിലേക്ക് തരുമ്പോഴുള്ള ആ കണ്ണുകളിലെ സ്‌നേഹം അനുഭവിച്ചറിയേണ്ടതാണ് .....ഹാ എന്തൊരു ഭംഗിയാര്‍ന്ന അവതരണം

വയനാടന്‍ said...

പ്രിയ സ്നേഹിതാ, ഗുഗിളിനോട് എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റിനെക്കുറിച്ചു എല്ലാവരോടും അറിയിക്കാന്‍ പറഞ്ഞു പരാജയപ്പെട്ടതുകൊണ്ട് നേരിട്ടു ക്ഷണിക്കുകയാ. ദയവായി ഒന്നെന്റെ ബ്ലോഗ് സന്ദര്‍ശിക്കാമൊ?
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html