Wednesday, March 5, 2008

കളഞ്ഞു കിട്ടിയ ജീവിതം

നിങ്ങളില്‍ ആരോ ഒരാള്‍ ഇന്ന് ജോലിക്കു പോകാന്‍ വൈകിയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.

ഇന്നു മാത്രമല്ല എന്നും അങ്ങനെ തന്നെയാണെന്ന് നിങ്ങള്‍ മനസ്സില്‍ പറയുന്നുണ്ടാകും. വ്യത്യസ്ഥങ്ങളായ കാരണങ്ങളും ഉണ്ടാകുമല്ലോ ? കമ്പനി ട്രാന്‍‌സ്പോര്‍ട്ട്, മിക്ക ദിവസങ്ങളിലും ബസ്സ്റ്റോപ്പില്‍ നിങ്ങള്‍ക്കു വേണ്ടി കാത്തു കിടന്ന് ഇന്നതൊരു ശീലമായി മാറി.

ധൃതിയില്‍ പടികളിറങ്ങി ബില്‍‌ഡിങ്ങിന്റെ മെയിന്‍ ഡോര്‍ തുറന്നപ്പോള്‍ ഒരഃപശകുനമെന്നനിലയില്‍ ഒരു മൊബൈല്‍ ഫോണ്‍ മൂന്നു കഷണങ്ങളായി വഴിയില്‍ കിടക്കുന്നു.

നിങ്ങള്‍ ചുറ്റും നോക്കി.. അടുത്തെങ്ങും ആരുമില്ല...
മുകളിലേക്കും നോക്കി... ബില്‍ഡിങ്ങുകളുടെ വിന്റോകളിലും മുകളിലും നിന്ന് ആരും എത്തി നോക്കുന്നില്ല...
ഇത് ആരുടേതായിരിക്കും...
കേടായതിനാല്‍ ഉപേക്ഷിക്കപ്പെട്ടതാകാം..
പുതിയത് വാങ്ങിയതിനാല്‍.... പഴയത് വലിച്ചെറിഞ്ഞതാകാം....

ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം കുനിഞ്ഞ് മൊബൈല്‍ ഫോണിന്റെ മൂന്നു കഷണങ്ങളും പെറുക്കിയെടുത്തു.

അത്‌ഭുതമെന്നു പറയട്ടെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. താഴെ വീണതിനാല്‍ മൂന്നു ഭാഗമായി ചിതറിത്തെറിച്ചെന്നേയുള്ളൂ . ഇളകിമാറിയിരുന്ന കവര്‍ വളരെ വേഗം ചേര്‍‌ത്തു വെച്ച് ചെവിയോടടുപ്പിച്ചു. അങ്ങേത്തലയ്‌ക്കല്‍ ഒരു സ്‌ത്രീശബ്‌ദമാണ്. അവ്യക്‌തമായി എന്തോപറയുന്നുണ്ട്. വിങ്ങി വിങ്ങി കരയുന്നതും കേള്‍ക്കാം.

“നിങ്ങള്‍ ആരാണ് ? “
“എന്തിനാണ് കരയുന്നത് ?“
എന്നൊക്കെ നിങ്ങളിലെ മനുഷ്യസ്‌നേഹി ചോദിച്ചു.
ഉത്തരം കരച്ചില്‍ മാത്രമായിരുന്നു.
“ഇത് ആരുടെ മൊബൈലാണ് “
നിങ്ങളുടെ അപരിചിത ശബ്‌ദം കേട്ടതിനാലാകാം, തേങ്ങലിന്റെ ശബ്‌ദം നിലച്ചത്.

ഇന്നത്തെ ശകുനം മോശമില്ലല്ലോയെന്ന് മനസ്സില്‍ ചിന്തിച്ച് ഒരല്പം പഴയതാണെങ്കിലും കളഞ്ഞു കിട്ടിയതിന്റെ കുഴിയെണ്ണണ്ടല്ലോ എന്നും പറഞ്ഞ് നിങ്ങള്‍ മൊബൈല്‍ പോക്കറ്റിലേക്ക് ഉട്ടതും ആരും കാണുന്നുണ്ടായിരുന്നില്ല.

നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും :- നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടു നടക്കുമ്പോള്‍ എന്തോ പറഞ്ഞ് ദ്വേഷ്യപ്പെട്ട് മൊബൈയില്‍ വലിച്ചെറിഞ്ഞ് പോയതാകുമെന്ന്.

മൂന്നു നാലു ചുവടുകള്‍ മുന്നോട്ടു വെയ്‌ക്കുമ്പോള്‍ തറയില്‍ ചിതറിക്കിടക്കുന്ന ആട്ട ചപ്പാത്തിയും ദാല്‍ ഫ്രൈയും കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും നിങ്ങളുടെ പോക്കറ്റില്‍ ഒളിച്ച മൊബൈല്‍ ഏതോ താണവരുമാനക്കാരന്‍ തൊഴിലാളിയുടേതാണെന്ന്.

കുറച്ചുകൂടി മുന്നോട്ടു നടക്കുമ്പോള്‍ ഊരിക്കിടക്കുന്ന പൊടിപിടിച്ച ഒറ്റ സേഫ്‌റ്റീ ഷൂസ് കണ്ടാല്‍ നിങ്ങള്‍ക്ക് ഉറപ്പിക്കാം നിങ്ങളുടെ പോക്കറ്റില്‍ ഒളിച്ചിരിക്കുന്നത് രാവിലെ ജോലിയ്‌ക്കായ് ഏതോ കണ്‍‌സ്‌ട്രക്‌ഷന്‍ സയിറ്റിലേക്ക് പുറപ്പെട്ട തൊഴിലാളിയുടെ ശബ്‌ദമാണെന്ന്.

ഇത് തന്റെ കൈവശം ഉണ്ടെന്ന് ആരും അറിഞ്ഞിട്ടില്ല. ആരെങ്കിലും അന്വേഷിച്ച് വരുന്നെങ്കില്‍ കൊടുക്കാം. ഇല്ലെങ്കില്‍ തന്റെ കൈയ്യിലിരിക്കട്ടെ. എന്താ വര്‍‌ക്കിങ്ങ് കണ്ടീഷനിലുള്ള ഒരു മൊബൈല്‍ കളഞ്ഞു കിട്ടിയാല്‍ പുളിക്കുമോ? നിങ്ങള്‍ കുറേ ന്യായങ്ങള്‍ മനസ്സിനോട് പറഞ്ഞു.

ഇടവഴിതാണ്ടി മെയിന്‍ റോഡിലെത്തിയപ്പോള്‍ അവിടെയൊരു ആള്‍ക്കൂട്ടം. വിവിധ ഭാഷക്കാര്‍ പലകൂട്ടമായി നിന്ന് അവരവരുടെ ഭാഷയില്‍ എന്തൊക്കയോ പറയുകയാണ്. എല്ലാവരുടേയും മുഖത്തുള്ള ഭാവം കൂട്ടിവായിച്ചാലറിയാം എന്തോ അത്യാഹിതം നടന്നിട്ടുണ്ടെന്ന്.

ഒരല്പം അകലെയായി ആരുടേയോ മൃതശരീരം കിടക്കുന്നത് അപ്പോഴാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നത്. അത് വെള്ളത്തുണികൊണ്ട് മൂടിയിരിക്കുകയാണ്. മൂന്ന് നാലു പോലീസുകാര്‍ അടുത്ത് കാവല്‍ നില്‍‌ക്കുന്നുണ്ട്.

ഒരാള്‍ സംഭവം ചുരുക്കി പറഞ്ഞു.
“ഇയാള്‍ എവിടുത്തുകാരനാണെന്നോ ഏതു കമ്പനിയിലാണ് ജോലിചെയ്യുന്നതെന്നോ ആര്‍‌ക്കും അറിയില്ല. അതൊരു മലയാളിയാണെന്നു കാഴ്‌ചയില്‍ തോന്നുന്നു. പക്ഷേ തിരിച്ചറിയാന്‍ രേഖകളൊന്നും കൈവശമില്ല. ഇവിടെ നില്‍‌ക്കുന്ന ആര്‍‌ക്കും മുന്‍‌പ് കണ്ടു പരിചയമില്ല. പുതിയ ആളായിരിക്കും. രാവിലെ ജോലിക്കു പോകുവാന്‍ ഇറങ്ങിയതാണ്. ബസ്സ് സ്‌റ്റോപ്പിനരികെ വീണു മരിക്കുകയായിരുന്നു. മനുഷ്യന്റെ ഒരു ഗതിയെ.........”

“ഇയാളുടേതാവും ഒരു സേഫ്റ്റീ ഷൂവും ഉച്ചയ്‌ക്കത്തേക്കുള്ള ഭക്ഷണപ്പോതിയും ആ ഇടവഴിയില്‍ വീണു കിടപ്പുണ്ട്.” നിങ്ങള്‍ പറയുന്നതു കേട്ട് ചിലര്‍ ഇട വഴിയിലേക്ക് പരിശോധനയക്കായ് പോയി.

അവിടെനിന്നും കിട്ടിയ മൊബൈല്‍ ഫോണിന്റെ കാര്യം നിങ്ങള്‍ മറന്നതാണോ?

പോലീസുകാര്‍ മൃതശരീരം കൊണ്ടു പോകാന്‍ തുടങ്ങുകയാണ്. മരിച്ചയാളിനെ ഇനിയും ആര്‍‌ക്കും തിരിച്ചറിയാനായിട്ടില്ല. അവകാശികളില്ലാത്ത മൃതശരീരം കുറേനാള്‍ മോര്‍‌ച്ചറിയില്‍ സൂക്ഷിക്കാറുണ്ട്. പുതിയ അഥിതികള്‍ വരുമ്പോള്‍ പഴയവരുടെ കഥ ആരും അനേഷിക്കാറില്ല.

മൃതശരീരം ആംബുലന്‍‌സിലേക്ക് കയറ്റുന്നതിനു മുന്‍‌പ് നിങ്ങള്‍ എന്റെ മുഖത്തുമൂടിയിരുന്ന വെള്ളത്തിണി മാറ്റി നോക്കി.

നിങ്ങള്‍ക്കും എന്നെ തിരിച്ചറിയാനായില്ല. നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ലല്ലോ പിന്നെ എങ്ങനെ തിരിച്ചറിയാന്‍ !

ഞാന്‍ നിങ്ങളോട് കെഞ്ചിപ്പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നതായി ഭാവിക്കുന്നില്ല.

“ഞാന്‍ ആരുമില്ലാത്തവനല്ല... ഒരു കുടുംബത്തിന്റെ എല്ലാം എല്ലാമാണ് ഞാന്‍.. ആ മൊബൈലില്‍ ഒരു നംമ്പര്‍ മാത്രമേയുള്ളൂ.. ഞാന്‍ അവസാനം വിളിച്ച നംമ്പര്‍ അതിലൊന്നു വിളിച്ചാല്‍ ഞാന്‍ ആരാണെന്നറിയാം... ദയവായി ആ നംമ്പരില്‍ ഒന്നു വിളിക്കൂ....”

മരിച്ചവന്റെ വിലാപം നിങ്ങളെങ്ങനെ കേള്‍‌ക്കാന്‍....
നിങ്ങള്‍‌ക്കുള്ള ബസ്സ് കാത്തുകിടക്കുന്നു........

16 comments:

ബാജി ഓടംവേലി said...

ഇന്നു രാവിലെ കണികണ്ടത് ഒരു പ്രവാസി തൊഴിലാളിയുടെ മൃതശരീരമാണ്.
ജോലിക്കു പോകുന്ന വഴി വീണു മരിക്കുകയായിരുന്നു.
മനുഷ്യന്റെ ഓട്ടം ഇത്രയുമേയുള്ളൂ......

വിനയന്‍ said...

ഉരുകിയൊലിക്കുന്ന ചൂടില്‍ നീലകുപ്പായമിട്ട് നില്‍ക്കുന്ന നമ്മുടെ നാട്ടുകാരെ കാണുമ്പോള്‍ വെരുതെ സഹതപിക്കാറുണ്ട് (അതു വെറും ജാഡയാണെന്നറിയാം) എങ്കിലും.

ഒരു കഥ എനിക്കു മുമ്പില്‍ നടക്കുന്നതായി തോന്നി.മുമ്പ് ദുബായില്‍ ഷാര്‍ജയില്‍ നിന്നും ടാക്സിയില്‍ വന്ന് ഗള്‍ഫ്സിനിമയുടെ അടുത്ത് ഇറങ്ങി ക്ലോക് ടവര്‍ വരെ നടന്ന് അവിടെ ബസ്സിന് കാത്തു നില്‍ക്കാറായായിരുന്നു പതിവ്.അതുകൊണ്ടുതന്നെ കഥ ഒരു പാടിഷ്ടമായി.

നന്ദി

യാത്രികന്‍ said...

കഥ ഒരുപാട് ഇഷ്‌ടമായി....

മരിച്ചവന്റെ വാക്കുകള്‍ കാതില്‍ കാതുകളിലും മനസ്സിലും വീണ്ടും വീണ്ടും കേള്‍ക്കുന്നു.
“ഞാന്‍ ആരുമില്ലാത്തവനല്ല... ഒരു കുടുംബത്തിന്റെ എല്ലാം എല്ലാമാണ് ഞാന്‍.. ആ മൊബൈലില്‍ ഒരു നംമ്പര്‍ മാത്രമേയുള്ളൂ.. ഞാന്‍ അവസാനം വിളിച്ച നംമ്പര്‍ അതിലൊന്നു വിളിച്ചാല്‍ ഞാന്‍ ആരാണെന്നറിയാം... ദയവായി ആ നംമ്പരില്‍ ഒന്നു വിളിക്കൂ....”

നന്ദി നന്ദി........

യാത്രികന്‍ said...

കഥ ഒരുപാട് ഇഷ്‌ടമായി....

മരിച്ചവന്റെ വാക്കുകള്‍ കാതുകളിലും മനസ്സിലും വീണ്ടും വീണ്ടും കേള്‍ക്കുന്നു.
“ഞാന്‍ ആരുമില്ലാത്തവനല്ല... ഒരു കുടുംബത്തിന്റെ എല്ലാം എല്ലാമാണ് ഞാന്‍.. ആ മൊബൈലില്‍ ഒരു നംമ്പര്‍ മാത്രമേയുള്ളൂ.. ഞാന്‍ അവസാനം വിളിച്ച നംമ്പര്‍ അതിലൊന്നു വിളിച്ചാല്‍ ഞാന്‍ ആരാണെന്നറിയാം... ദയവായി ആ നംമ്പരില്‍ ഒന്നു വിളിക്കൂ....”

നന്ദി നന്ദി........

ഹരിശ്രീ said...

ഞാന്‍ ആരുമില്ലാത്തവനല്ല... ഒരു കുടുംബത്തിന്റെ എല്ലാം എല്ലാമാണ് ഞാന്‍.. ആ മൊബൈലില്‍ ഒരു നംമ്പര്‍ മാത്രമേയുള്ളൂ.. ഞാന്‍ അവസാനം വിളിച്ച നംമ്പര്‍ അതിലൊന്നു വിളിച്ചാല്‍ ഞാന്‍ ആരാണെന്നറിയാം... ദയവായി ആ നംമ്പരില്‍ ഒന്നു വിളിക്കൂ....”


ബാജിഭായ്

മികച്ച പോസ്റ്റ്....നല്ല കഥ....

ശരിതന്നെ മരിച്ചവന്റെ വിലാപങ്ങള്‍ ആരറിയാന്‍...സ്വാര്‍ത്ഥത മനുഷ്യനെ പലപ്പോ‍ഴും അന്ധനാക്കുന്നു....

ആശംസകള്‍......


(പിന്നെ ബാജിഭായ്, തിരക്കായതിനാല്‍ പലപ്പോഴും എല്ല്ലാ പോസ്റ്റും നോക്കാനാകാറില്ല പലതും സിസ്റ്റത്തില്‍ സേവ് ചെയ്തിട്ടിട്ട് സമയം കിട്ടുമ്പോള്‍ നോക്കുന്നു...)

വല്യമ്മായി said...

നല്ല കഥ.ഇങ്ങനെയെത്രയെത്ര പേര്‍ :(

കിനാവ് said...

നല്ല കഥ. മികച്ച അവതരണം.

എല്ലാതിലുമുപരി അവസാനത്തെ രണ്ടു പാരഗ്രാഫുകള്‍!

പിന്നെ, ഒരു മെയിലയച്ചിരുന്നു. ഒന്നു തുറന്നു നോക്കൂ :)

ശ്രീ said...

ബാജി ഭായ്...
മികച്ച കഥ. വ്യത്യസ്തമായ ശൈലി. മനസ്സില്‍ തട്ടി.

ആഷ | Asha said...

:(

തറവാടി said...

ബാജി ,

നല്ല പോസ്റ്റ് :)

പൊറാടത്ത് said...

നന്നായിരിയ്ക്കുന്നു.. വ്യത്യസ്ഥമാ‍യ വിഷയം..

സതീശ് മാക്കോത്ത് | sathees makkoth said...

നല്ല കഥ. നല്ല അവതരണം.

സതീശ് മാക്കോത്ത് | sathees makkoth said...
This comment has been removed by the author.
സാദിഖ്‌ മുന്നൂര്‌ said...

baji, ente blog thani malayalathi kittunnilla. enthu cheyyanam
munnooran
ptsadik.blogspot.com

sree said...

ബാജി

കഥകള്‍ വായിക്കാന്‍ വൈകി. ചിലത് വളരെ ഇഷ്ടമായി. ഏറ്റവും ഇഷ്ടമായ ഒന്നില്‍ കമ്മെന്റുന്നു. ആശംസകള്‍

സിമി said...

ബാജി, വളരെ നല്ല കഥ. ബാക്കി കഥകള്‍ കുറെ എണ്ണം വായിക്കാനുണ്ട് - ഞാന്‍ വായിക്കാം.