നവംബര്‍ ഒന്നാം തീയതി മലയാള മണ്ണാകെ കേരളപ്പിറവി ആഘോഷിക്കുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തില്‍ ഓണമാണ്. ഇത് ഏത് കാട്ടുമുക്കിലെ ഗ്രാമമാണെന്നാകും നിങ്ങളുടെ ചിന്ത. കേരളപ്പിറവി ദിനത്തില്‍ ഓണമാഘോഷിക്കുന്നവര്‍ കേരളത്തിലില്ലെന്ന് ആര്‍ക്കാണ് അറിയാന്‍ വയ്യാത്തത്.
കേരളപ്പിറവി ദിനത്തില്‍ ആണല്ലോ മലയാള മങ്കമാര്‍ സെറ്റുമുണ്ടും നേര്യതും അണിഞ്ഞ് നാണത്തോടെ പോകുന്നത് കാണാന്‍ ആണുങ്ങള് നാടന്‍ വേഷമണിഞ്ഞ് നില്‍ക്കാറുള്ളത്. അന്നാണ് കുട്ടികള്‍ കേരളീയ വേഷത്തില്‍ സ്ക്കൂളിലും കോളേജിലും പോകുന്നത്.
വര്‍ഷത്തില്‍ ഒരിക്കല്‍ നാടുകാണാന്‍ വരുന്ന മഹാബലി തമ്പുരാനെ സ്വീകരിക്കാനാണെല്ലോ ഓണം ആഘോഷിക്കുന്നത്. പറഞ്ഞു വരുമ്പോള്‍ ഞങ്ങളുടെ ഗ്രാമത്തിന് മേല്പറഞ്ഞ രണ്ട് ആഘോഷങ്ങളും ഏതാണ്ട് ഒരു പോലെയാ.
ഞങ്ങള്‍, ഉപജീവനാര്‍ത്ഥം ലോകത്തിന്റെ വിവിധ കോണുകളില്‍ ചേക്കേറിയ ഗ്രാമത്തിന്റെ മക്കള്‍ നവംബര്‍ ഒന്നാം തീയതി നാട്ടില്‍ ഒന്നിച്ചു കൂടും. വര്‍ഷത്തിലൊരിക്കല്‍ മാവേലിയെപ്പോലെ ഞങ്ങളും നാടുകാണാന്‍ വരുന്നത് കേരളപ്പിറവി ദിനത്തിലായിപ്പോയത് ഞങ്ങളുടെ കുറ്റമാണോ ?
ഞങ്ങളെന്നു പറഞ്ഞാല്‍ ടൈകെട്ടിയവര്‍, സൂട്ടും കോട്ടും ധരിച്ചവര്‍, ഉടയാത്ത ഖദറിട്ടവര്‍ തുടങ്ങി എല്ലാവരും ഉണ്ട്. ഞങ്ങളുടെ മക്കള്‍ മലയാലം പറയുന്നതു കേട്ട് ഗ്രാമം കുളിരു കോരുന്നുണ്ടാവും.
ഓരോ വര്‍ഷവും എന്തെങ്കിലും ഉദ്ഘാടനം ഉണ്ടാകാറുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു പുതിയ പാലത്തിന്റെ ഉദ്ഘാടനം. കടത്തുകാരന് വാസുവിന് പ്രായം കുറേ അധികമായി, അവന് മക്കളില്ലാതെ പോയതിനാല്‍ പാലം ഒരു അനിവാര്യതയായി മാറുകയായിരുന്നു. പുതിയ പാലത്തിന്റെ പണിതീരുന്നതു വരെ ഞങ്ങളുടെ ഗ്രാമത്തെ നാടുകടത്തി സഹായിച്ച കടത്തുകാരന് വാസു ഒരു ചരിത്ര പുരുഷനാണ്.
ഈ വര്‍ഷം ഗ്രാമത്തിന്റെ പുതിയ പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം നടത്തി. ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ ഒരു വഴിയേ ഉള്ളെന്നും വെച്ച് അതൊരു ഒറ്റപ്പെട്ട ഗ്രാമമാണെന്നൊന്നും വിചാരിച്ചു കളയരുത്. അവിടെ നിന്നും പുറപ്പെടുന്ന റോഡ് ലോകത്തിന്റെ ഏതു കോണിലേക്കുമുള്ളതാണ്. ആ റോഡിലൂടെ യാത്ര ചെയ്താണ് ഞങ്ങള്‍ ബോംബെ, ഡല്‍ഹി, റോം, പാരീസ്, ഇറ്റലി, ലണ്ടന്‍, അമേരിക്ക, ഗള്‍ഫ് നാടുകള്‍ തുടങ്ങി ഓരോ ദേശത്തും എത്തപ്പെട്ടത്. അതുകോണ്ടു തന്നെയാണ് ആ റോഡിന്റെ പാരമ്പര്യം അറിഞ്ഞ് റോഡിനൊരു പ്രവേശന കവാടം നിര്‍മ്മിക്കാന്‍ കഴിഞ്ഞ വര്‍ഷം തീരുമാനിച്ചതും ഇന്ന് ഉദ്ഘാടനം നടത്തുവാനായതും.
പുതിയ പ്രവേശന കവാടം വന്നപ്പോള്‍ ഗ്രാമത്തിന്റെ പ്രൌഡിയും ഒരല്പം കൂടിയിട്ടുണ്ടെന്നുള്ളത് ഗ്രാമവാസികള്‍ക്ക് അഭിമാനത്തിന് വക നല്കുന്നു. ഞങ്ങള്‍ രണ്ടു മൂന്നു ദിവസം കഴിയുമ്പോള്‍ തിരികെ തിരക്കിലേക്ക് പോകും. അന്നേരവും ഗ്രാമത്തില്‍ അവശേഷിക്കുന്ന വല്ല്യപ്പന്മാര്ക്കും വല്ല്യമ്മമാര്‍ക്കും ഗ്രാമത്തിന്റെ പ്രവേശന കവാടം കണ്ട് അഭിമാനിക്കുവാനാകുമല്ലോ. ഇത്രയെങ്കിലും അവര്‍ക്കു വേണ്ടി ചെയ്തില്ലെങ്കില്‍ ഞങ്ങളെന്തു ഗ്രാമമക്കള്‍.
ഉദ്ഘാടന സമ്മേളനത്തിന്റെ ആരവങ്ങള്‍ അടങ്ങിയപ്പോള്‍ ഞങ്ങള്‍ വീണ്ടും പഞ്ചായത്തു വക കമ്യൂണിറ്റി ഹാളില്‍ ഒന്നിച്ചു കൂടി. ജീവിതത്തിരക്കിനെപ്പറ്റിയും, ഓഹരിയുടെ കയറ്റിറക്കത്തെപ്പറ്റിയും, ടെക്നോളജിയുടെ കുതിച്ചു ചാട്ടത്തെ പറ്റിയും വെറുതെ പൊങ്ങച്ചം പറഞ്ഞു.
അവലോകന മീറ്റിംഗ് ആരംഭിച്ചു. പ്രവേശന കവാടവും ഉദ്ഘാടന സമ്മേളനവും കെങ്കേമമായിരുന്നു എന്ന അഭിപ്രായത്തോട് ആര്‍ക്കും വിയോജിപ്പുണ്ടായിരുന്നില്ല.
നമ്മുടെ ഗ്രാമത്തില്‍ മാത്രം സ്മാരകമില്ല. അതിനാല്‍ അടുത്ത വര്‍ഷം കേരളപ്പിറവി ദിനത്തില്‍ ഒരു സ്മാരകം നിര്‍മ്മിച്ച് അനാച്ഛാദനം ചെയ്യാന്‍ തീരുമാനിച്ചു.
സ്മാരകമെന്നു പറഞ്ഞാല്‍ കയ്യിലൊരു വടിയോ വാളോ മറ്റൊ പിടിച്ചു നില്ക്കുന്ന പൂര്‍ണ്ണകായ പ്രതിമയാണ് മനസ്സില്‍ വരിക. പ്രതിമതന്നെ ആകണമെന്നില്ല ഗ്രാമത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്ന എന്തെങ്കിലും ആകണമെന്നു മാത്രം.
വെടിയേറ്റു മരിച്ചവരോ, നാടിനു വേണ്ടി രക്തസാക്ഷികളായവരോ ഞങ്ങളുടെ നാട്ടിലില്ല. പിന്നെ ആരുടെ പ്രതിമ സ്മാരകമാക്കും. സ്വാതന്ത്രസമര സേനാനികളെപ്പോലും ഈ ഗ്രാമം പെറ്റിട്ടില്ലിയോ?
സ്മാരകം വേണമെന്ന് ഐക്യകണ്ഠേന തീരുമാനിച്ചു. അത് ആരുടേതാവണമെന്ന് തീരുമാനമായില്ല.
ഗ്രാമത്തിന്റെ ഇല്ലാത്ത ചരിത്രപുസ്തകത്തിന്റെ ഏടുകള്‍ മറിച്ചു നോക്കി. ടൈ കെട്ടിയ മക്കള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്ന ഒന്നും ഗ്രാമചരിത്രത്തില്‍ കണ്ടില്ല.
ആരോ വെറുതെ പറഞ്ഞതാണ് വള്ളം തുഴയുന്ന കടത്തുകാരന് വാസുവിന്റെ പ്രതിമ പണിയാമെന്ന്. മെലിഞ്ഞ് വയറൊട്ടിയ ഒരു കൈലിയും തലയിലൊരു തോര്‍ത്തിന്റെ കെട്ടുമുള്ള കടത്തുകാരന് വാസുവിന്റെ പ്രതിമയെപ്പറ്റി തമാശയായിപ്പോലും ആലോചിക്കാന്‍ ടൈ കെട്ടിയ ഞങ്ങള്‍ക്കാവില്ല.
വാസു മരിച്ചിട്ടില്ല മരിച്ചവരെ മാത്രം പ്രതിമയ്ക്കായ് പരിഗണിച്ചാല്‍ മതിയെന്നായി.
“എന്നാല്‍ നിന്റെ അപ്പന്റെ പ്രതിമയാകട്ടെടാ... “
“കല്ലു വെട്ടുകാരന് തോമായുടെ പ്രതിമ....“
“നല്ല രസമായിരിക്കും പിക്കാസും ഉയര്‍ത്തിപ്പിടിച്ച്.......“
മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ കേട്ടപ്പോള്‍ കലി കയറി...
“അല്ലെടാ കാളക്കാരന് മമ്മതിന്റെ പ്രതിമയാകാം.....“
“അല്ലെടാ.. വള്ളി നിക്കറിട്ട് മൂക്കള ഒലിപ്പിച്ച് നടക്കുന്ന നിന്റെ കുഞ്ഞുന്നാളിലെ തന്നെ പ്രതിമയായിക്കോട്ട്....“
“കാണാന്‍ നല്ല ചേലായിരിക്കും.....“
“വേണമെങ്കില്‍ ഇപ്പോളത്തെ പ്രൌഡിയിലുള്ള ഒരു ഫോട്ടോയും കൈയില്‍ പിടിക്കാം...“
ഒന്നും രണ്ടും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞതിനിടയില്‍ എല്ലാവര്ക്കും തങ്ങളുടെ ഭൂതകാലം ഓര്‍ക്കാന്‍ അസുലഭ നിമിഷങ്ങള്‍ വീണുകിട്ടി.
മീറ്റിംഗ് അടിയുടെ വക്കത്തെത്തിയപ്പോള്‍ തീരുമാനമാകാതെ പിരിഞ്ഞു.
രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ വന്ന ചേര്‍ന്ന മക്കളെല്ലാം തിരക്കുകളിലേക്ക് പിരിഞ്ഞു പോയി.
ഇന്ന് ഗ്രാമത്തില്‍ ബഹു നിലക്കെട്ടിടങ്ങളുടെ പ്രളയമാണ്.
ഗ്രാമത്തിന്റെ പ്രവേശന കവാടത്തിനരികിലായി പുറമ്പോക്കില്‍ ഒരു കുടില്‍ ഉണ്ടായിരുന്നു.
ഓലമേഞ്ഞ, ചാണകം മെഴുകിയ ഒരു കുടില്‍.
ആ ഗ്രാമത്തില്‍ അവശേഷിക്കുന്ന അവസാനത്തെ കുടില്‍.
ആ കുടില്‍ ഒരു സ്മാരകമായി സംരക്ഷിക്കാന്‍ നാട്ടില്‍ ശേഷിച്ച വയസ്സന്മാര് തീരുമാനിച്ചു.
അതു തന്നെയായിരുന്നു ശരിയായ തീരുമാനമെന്ന് മക്കള്‍ക്കറിയാമായിരുന്നെങ്കിലും മനസ്സില്ലാമനസ്സോടെ അവര്‍ക്കും സമ്മതിക്കേണ്ടി വന്നു.
Wednesday, January 16, 2008
Subscribe to:
Post Comments (Atom)
20 comments:
ഞങ്ങളെന്നു പറഞ്ഞാല്‍ ടൈകെട്ടിയവര്‍, സൂട്ടും കോട്ടും ധരിച്ചവര്‍, ഉടയാത്ത ഖദറിട്ടവര്‍ തുടങ്ങി എല്ലാവരും ഉണ്ട്. ഞങ്ങളുടെ മക്കള്‍ മലയാലം പറയുന്നതു കേട്ട് ഗ്രാമം കുളിരു കോരുന്നുണ്ടാവും
സ്മാരകം നന്നായി. പഞ്ചവടിപ്പാലം പണിതതും, പഞ്ചായത്തുപ്രസിഡന്റ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രതിമ പണിയുന്നതുമൊക്കെ ഓര്‍ത്തുപോയി.
ഗ്രാമത്തിന്റെ കഥ പറഞ്ഞ് മലയാളികളുടെ തനി കൊണം പൊറത്തുകൊണ്ടു വന്നത് ക്ഷ പിടിച്ചു എന്നറിയിക്കട്ടെ.
ഭാവുകങ്ങള്‍
വളരെ നന്നായി ബാജി!
നല്ല തീരുമാനം തന്നെ ബാജി ഭായ്.
:)
ഒരു കുടിലിനെ നിലനിര്‍ത്തി അതിനെ ഒരു സ്മാരകമാക്കാനുള്ള തീരുമാനം വളരെ നന്നായി.
നാടിന്റെ ഓര്‍മ്മകളും പൈതൃകവും കാത്തുസൂക്ഷിക്കുന്ന പോലുള്ള കാര്യങ്ങള്‍ നമ്മള് സായിപ്പിന്റെ അടുത്തു നിന്നും പഠിക്കണ്ടതായിരുന്നു.
സായിപ്പ് സായിപ്പിന്റെ നാട്ടിലെ പുരാതനമായ വീടുകളും ബില്‍ഡിങ്ങുകളും നിലനിര്‍ത്തുന്നത് കാണുമ്പോള്‍ അല്‍ഭുതം തോന്നും
മലയാളത്തിന്റെ കഥ നന്നായി ട്ടൊ.
കടത്തുകാരന് വാസുവിന് പ്രായം കുറേ അധികമായി, അവന് മക്കളില്ലാതെ പോയതിനാല്‍ പാലം ഒരു അനിവാര്യതയായി മാറുകയായിരുന്നു.
പാലം പണിയാനും ഒരേതുവുണ്ടായല്ലോ.
നന്നായെഴുതി ബാജി ഭായി.:)
കഥ നന്നായി ബാജി.
നന്നായിരിക്കുന്നു കഥ.
നന്നായീട്ടോ
‘ഗ്രാമത്തിന്റെ സ്മാരകം’ വളരെ ഇഷ്ടപ്പെട്ടു ബാജി.
nalla katha mashey
വായിച്ചു തുടങ്ങിയപ്പോള്‍ കരുതിയത് ബാജിയുടെ സ്വന്തം ഗ്രാമത്തിന്റെ വിവരണമാണെന്നാണ്.പിന്നെ തോന്നി കഥയാണെന്ന്,ഏതായാലും ഇഷ്ടമായി.
മരിച്ചുകൊണ്ടിരിക്കുന്ന ഗ്രാമങ്ങള്‍ക്ക് സ്മാരകം വേണം. ഗ്രാമത്തിന്റെ സ്മാരകം. നഗരങ്ങളും അവയ്ക്കകത്തെ ചേരികളുമായി ലോകമൊതുങ്ങുമ്പോള്‍ പോയകാല സ്മരണയ്ക്കുവേണ്ടി സ്മാരകങ്ങള്‍ പണിയേണ്ടത് അത്യാവശ്യം തന്നെ. പണ്ട് അങ്ങിനെയാരോ പണിത സ്മാരകമാണ് ഓണവും.
നമ്മുടെ ഗ്രാമത്തില്‍ മാത്രം സ്മാരകമില്ല. അതിനാല്‍ അടുത്ത വര്‍ഷം കേരളപ്പിറവി ദിനത്തില്‍ ഒരു സ്മാരകം നിര്‍മ്മിച്ച് അനാച്ഛാദനം ചെയ്യാന്‍ തീരുമാനിച്ചു.
നമ്മുടെ ഗ്രാമത്തില്‍ മാത്രം സ്മാരകമില്ല. അതിനാല്‍ അടുത്ത വര്‍ഷം കേരളപ്പിറവി ദിനത്തില്‍ ഒരു സ്മാരകം നിര്‍മ്മിച്ച് അനാച്ഛാദനം ചെയ്യാന്‍ തീരുമാനിച്ചു.
കഥ നന്നായി :)
നന്നായിരിക്കുന്നു. ഇനിയും നല്ലതുകള്‍ പ്രതീക്ഷിക്കുന്നു
നന്നായിരിക്കുന്നു കഥ...
കഥ നന്നായി ബാജി കേട്ടോ
Post a Comment