Thursday, November 12, 2009

മുഖമില്ലാത്തവര്‍

മാധവനും മല്ലികയും ആ വലിയ മരത്തിന്റെ തണലില്‍ ഇരിക്കുകയായിരുന്നു.

മാധവന്‍ മല്ലികയുടെ കൈ പിടിച്ച് എന്തൊക്കയോ പറയുന്നുണ്ട്. മാധവന് കൈനോട്ടം വശമുണ്ടാകും. മല്ലികയുടെ ഭൂതം ഓര്‍മ്മിപ്പിക്കുകയും ഭാവി പ്രവചിക്കുകയുമാകാം.

അവര്‍ തമ്മില്‍ പ്രണയമൊന്നുമല്ല. നിലാവുണ്ടായിരുന്നെങ്കില്‍ പ്രണയത്തിലേക്കും അതിനപ്പുറത്തേക്കും വളരാന്‍ സാധ്യതയുള്ള ഒരു സൌഹൃദം. ഒരു വെറും ആണ്‍ - പെണ്‍ സൌഹൃദം മാത്രം.

ഞാനൊരു കരടിയുടെ മുഖം‌മൂടിവെച്ച്‌ അവരുടെ മുമ്പില്‍ ചാടിവീണും.

മാധവന്‍ ഒറ്റച്ചാട്ടത്തിന് മരത്തിന്റെ കൊമ്പില്‍ കയറി.

മല്ലിക ചത്തതുപോലെ തറയില്‍ മലര്‍ന്നു കിടന്നു. കരടി മണത്തുനോക്കി. ശവത്തിന്റെ മണമൊന്നുമില്ല. മല്ലിക ശ്വാസം പിടിച്ച്‌ കിടക്കാന്‍ നന്നേ പണിപ്പെടുന്നുണ്ട്‌.

കരടി മല്ലികയ്യുടെ ചെവിയില്‍ പറഞ്ഞു. “ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ കൂട്ടുകാരന്‍. മാധവനെ വിശ്വസിക്കാന്‍ കൊള്ളില്ല നീ എന്റെ കൂടെ പോരു...”

കരടി മല്ലികയേയും ചുമലിലേറ്റി കടല്‍ക്കരയിലേക്ക്‌ പോയി.

ഞാന്‍ കരടിയുടെ മുഖം‌മൂടി കടലിലേക്ക്‌ വലിച്ചെറിഞ്ഞ്‌ പൊട്ടിച്ചിരിച്ചു
മല്ലികയെ ഇക്കിളിയിട്ട് പൊട്ടിച്ചിരിപ്പിക്കാന്‍ ശ്രമിച്ചു
കളിവീടുണ്ടാക്കി
തിരകളെണ്ണി
കടല്‍ക്കരയില്‍ നല്ല നിലാവുണ്ടായിരുന്നു.

പെട്ടെന്ന്‌ നാല് മുഖമൂടികള്‍ ഞങ്ങളുടെ മുമ്പില്‍ ചാടി വീണു. അവര്‍ മുഖം‌മൂടികള്‍ അല്ലായിരുന്നു. മുഖമില്ലാത്തവരായിരുന്നു.

ഞാനും മല്ലികയും മരിച്ചതു പോലെ ശ്വാസം പിടിച്ച് മലര്‍ന്നു കിടന്നു.

മുഖമില്ലാത്തവര്‍ നാലു പേരും ചേര്‍ന്ന്‌ മല്ലികയെ പൊക്കിയെടുത്തു. ഞങ്ങള്‍ മരിച്ചവരേപ്പോലെ അഭിനയിക്കുകയല്ലേ നിലവിളിക്കാന്‍ പാടില്ലല്ലോ!

ഒരു മുഖമില്ലാത്തവന്‍ അവളുടെ ഹാന്‍ഡ് ബാഗ്‌ കാലിയാക്കി എന്റെ നേരെ വലിച്ചെറിഞ്ഞു.

ദുഷ്‌ടന്മാര്‍ അവര്‍ മല്ലികയേയും കൊണ്ട് പോകുകയാണ്.
മുഖമില്ലാത്തവര്‍ കട്ടാളന്മാരാണ്, കാടത്തം കാണിക്കാന്‍ മടിയില്ലാത്തവര്‍.
മുഖമില്ലാത്തവര്‍ക്ക്‌ അമ്മ – പെങ്ങന്മാര്‍ ഇല്ലേ ?
അവരെന്റെ മല്ലികയേയും കൊണ്ട്‌ പോകുകയാണോ ?
ഈ മുഖമില്ലാത്തവര്‍ ദുഷ്‌ടന്മാരാണ് അവര്‍ അവളെ പിച്ചിചീന്തുമെന്ന്‌ ഉറപ്പാണ്.
എങ്കിലും എനിക്ക്‌ എന്തു ചെയ്യാനാവും.
ഞാനും മരിച്ചതായി അഭിനയിക്കുകയാണ്.
ശ്വാസം വിടുന്നതുപോലും ആരും അറിയാതെ വേണം.
പിന്നെങ്ങനെ നിലവിളിക്കും
പിന്നെങ്ങനെ പ്രതികരിക്കും
പിന്നെങ്ങനെ പ്രതിരോധിക്കും

മല്ലികയും മുഖമില്ലാത്തവരും കാഴ്‌ചയില്‍ നിന്നും മറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റ് വീട്ടിലേക്ക്‌ ഓടി.

മുഖമില്ലാത്തവര്‍ ഉപേക്ഷിച്ച മല്ലികയുടെ കാലിയാക്കിയ ഹാന്‍ഡ്‌ ബാഗ്‌ അവളുടെ ഓര്‍മ്മയ്ക്കായ്‌ എടുക്കാന്‍ മറന്നില്ല.

വീട്ടിലെത്തിയ ഉടന്‍ തന്നെ മല്ലികയുടെ ഉപേക്ഷിക്കപ്പെട്ട ഹാന്‍ഡ്‌ ബാഗ്‌ എന്റെ സഹോദരിക്ക്‌ സമ്മാനമായിക്കൊടുത്തു.

ബാത്തുറൂമില്‍ കയറി എടുത്തുവെച്ചിരുന്ന വെള്ളത്തില്‍ മുഖമൊന്നു കഴുകിയപ്പോളാണ് ആശ്വാസമായത്‌.

നടന്നതൊക്കെയും സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാന്‍ ശ്രമിച്ചു.

വെറുതേ കണ്ണാടിയിലേക്ക്‌ നോക്കി.
വിശ്വസിക്കാനായില്ല.
എനിക്കും മുഖം ഉണ്ടായിരുന്നില്ല.
കൈകൊണ്ട്‌ തപ്പി നോക്കി....
ഇല്ല .... എനിക്കും മുഖം ഇല്ല....
അവിടെ വെറും ശൂന്യത മാത്രം.

കരടിയുടെ മുഖം‌മൂടിയുണ്ടായിരുന്നത്‌ കടലില്‍ വലിച്ചെറിഞ്ഞ്‌ പൊട്ടിച്ചിരിച്ചതോര്‍മ്മവന്നു.

ഇത്‌ കണ്ണാടിയുടെ കുഴപ്പമാണ് .
ഈ കണ്ണാടി മുഖം നോക്കാന്‍ കൊള്ളീല്ല.
കണ്ണാടി വലിയ ശബ്‌ദത്തോടെ ഞാന്‍ എറിഞ്ഞുടച്ചു.
കണ്ണാടി പൊട്ടിച്ചിതറുന്ന ശബ്‌ദം കേട്ട്‌ ചിരിക്കാന്‍ ശ്രമിച്ചു.

9 comments:

ബാജി ഓടംവേലി said...

തിരക്കിലായിരുന്നു...

ശ്രീ said...

മുന്‍പ് പോസ്റ്റിയതാണോ ബാജി ഭായ്... വായിച്ചതായി ഒരോര്‍മ്മ.

Typist | എഴുത്തുകാരി said...

മുഖംമൂടിയുടെ കൂടെ മുഖവും വലിച്ചെറിഞ്ഞോ കടലിലേക്കു്!

ഡോക്ടര്‍ said...

ഈ ലോകത്ത്‌ ഇപ്പൊ ആര്‍ക്കാ ശരിക്കുള്ള മുഖം ഉള്ളത്‌....ജീവിക്കാന്‍ വേണ്ടി ഓരോരുത്തരും ഓരോ മുഖം മൂടി അണിഞ്ഞല്ലേ നടക്കണത്‌,,,,

Anonymous said...

സാധാരണ രീതിയിൽ എന്തെങ്കിലും എഴുതിയിരുന്ന ബാജി സാർ കുറച്ച് ബുദ്ധിജീവി സ്റ്റൈലിൽ എഴുതിയതാണല്ലേ? ഇത് കഥയൊന്നും അല്ല.. അയ്യേ ഇത്തരം കളി നമ്മളോട് വേണ്ട.

Anil cheleri kumaran said...

വ്യത്യസ്തം. മനോഹരം.

Umesh Pilicode said...

നന്നായി മാഷെ

★ Shine said...

I came to know about your Book publishing from Simys' blog. It's always a pleasure to know, one more book is available for reading. Congratulations!

നാട്ടുവഴി said...

ബാജീ.......മനോഹരം,പുറത്തിറങ്ങാൻ ഒരു മുഖം മുടി തിരയുകയാണ് ഞാൻ