Wednesday, August 13, 2008

ഇത്രയും രഹസ്യമായി (കഥ)

ഈ സംഭവത്തിന് ഒരു രഹസ്യസ്വഭാവം ഉള്ളതുകൊണ്ട് എവിടെയാണ് നടന്നതെന്ന് പറയുന്നില്ല, എന്നാലും പത്തനംതിട്ട ജില്ലയിലെ ഒരു മലയോരഗ്രാമമാണെന്നു മാത്രം സൂചിപ്പിക്കാം.

വീട്ടില്‍ വേലയ്‌ക്കു നില്‍‌ക്കുന്ന പെങ്കൊച്ചിന് അവിഹിത ഗര്‍ഭം ഉണ്ടെന്ന് ഭാര്യ പറഞ്ഞ് അറിഞ്ഞപ്പോള്‍ ഞാനൊന്നു ഞെട്ടി.

വേലക്കാരിക്ക് അവിഹിതഗര്‍‌ഭം ഉണ്ടായാല്‍ ആ വീട്ടിലെ ഏകപുരുഷപ്രജയായ ഗൃഹനാഥന്‍ എത്ര മാന്യനായാലും സംശയത്തിന്റെ മുള്‍മുനയില്‍ നില്‍‌ക്കേണ്ടി വരും. ഭാര്യ അതുപറയുമ്പോള്‍ എന്റെ മുഖത്തെ ഭാവവ്യത്യാസം എന്താണെന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഭാര്യയുടെ നോട്ടം കണ്ടാലറിയാം അവളെന്നേയും പ്രതിപ്പട്ടികയില്‍ ചേര്‍‌ത്തിരിക്കുകയാണ്.

ഞാനും ഭാര്യയും മാത്രമുള്ള വീട്ടില്‍ ഒരു വേലക്കാരിയുടെ ആവശ്യം ഉണ്ടായിട്ടല്ല. ദീപയുടെ ചെറുപ്പത്തിലെ അവളുടെ അമ്മ റോഡുപണിക്കുവന്ന തമിഴുനാട്ടുകാരന്റെ കൂടെ ഒളിച്ചോടിപ്പോയതാണ്. അപ്പന്‍ വേറേ വിവാഹം കഴിച്ചപ്പോള്‍ അധികപ്പറ്റായ ദീപ കുട്ടികളെ നോക്കാനായി ഇവിടെ വന്നതാണ്. ഞങ്ങളുടെ കുട്ടികളേക്കാള്‍ നാലഞ്ചു വയസ്സ് കൂടുതലേ ഉള്ളൂ എങ്കിലും അവള്‍ കുട്ടികള്‍ക്ക് ഒരു ആശ്വാസമായിരുന്നു.

അവളെ ഒരു വേലക്കാരിയായിട്ടല്ല, ഈ വീട്ടിലെ ഒരംഗത്തെപോലെയാണ് ഞങ്ങള്‍ പരിഗണിച്ചിരുന്നത്. കുട്ടികള്‍ ഉപരി പഠനത്തിനായ് ബാഗ്ലൂറിലേക്ക് പോയി കഴിഞ്ഞിട്ടും ഇവിടെ അധികം ജോലിയില്ലെങ്കിലും അവള്‍ ഇവിടെത്തന്നെ തുടര്‍‌ന്നു. അല്ലാതെ എങ്ങോട്ടു പോകാന്‍ ?

ദീപ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് അവളുടെ അച്‌ഛന്റെ രണ്ടാം വിവാഹം നടന്നത്. പിന്നെ നാലുവര്‍‌ഷത്തിനു ശേഷം പഠനം നിര്‍‌ത്തുന്നതുവരെ വളരെ നിര്‍ബ്ബന്ധിച്ചാണ് സ്‌ക്കൂളില്‍ പറഞ്ഞയച്ചിരുന്നത്. പഠിപ്പ് നിര്‍‌ത്തിയതിനു ശേഷം അടുക്കളയോട് ചേര്‍‌ന്നുള്ള മുറിയില്‍ അവള്‍ ഒറ്റയ്‌ക്കാണ് കിടന്നിരുന്നത്. പേടി എന്തെന്നറിഞ്ഞെങ്കിലല്ലേ പേടിക്കേണ്ടതുള്ളൂ.

വയറ്റില്‍ കിടക്കുന്ന കൊച്ചിന്റെ ഉത്തരവാദി ആരാണെന്ന് ഭാര്യ പലപ്രാവശ്യം അവളോടു ചോദിച്ചെങ്കിലും ദീപ മറുപടിയൊന്നും പറഞ്ഞില്ല.

ഞാനും തിരിച്ചും മറിച്ചും ചോദിച്ചിട്ടും അവള്‍ ‘കമാ’ന്നൊരക്ഷരം മിണ്ടിയില്ല. എല്ലാം ചെയ്‌തുവെച്ചിട്ട് മുഖത്തു നോക്കാതെ കരഞ്ഞു കാണിച്ചാല്‍ മതിയോ ? ദീപയെ അടിയ്‌ക്കാനായി ഓങ്ങിയ കൈ തടഞ്ഞത് ഭാര്യയാണ് , ഈ സമയത്ത് അടിയ്‌ക്കാന്‍ പാടില്ല പോലും.

ഭാര്യയുടെ അര്‍ത്ഥം വെച്ചുള്ള തുളച്ചുകയറുന്ന നോട്ടമാണ് സഹിക്കാന്‍ പറ്റാത്തത്. ഞാന്‍ നിരപരാധിയാണെന്ന് എനിക്കുറപ്പുണ്ട്. ദീപയേയും ഒരു മകളേപ്പോലെയേ ഞാന്‍ കരുതിയിട്ടുള്ളൂ എന്ന് ആണയിടാം. അച്‌ഛന്‍ - മകള്‍ ബന്ധത്തിലെ മൂല്യങ്ങള്‍‌പോലും കാറ്റില്‍ പറക്കുമ്പോള്‍ എന്റെ നിരപരാധിത്വം ഞാനെങ്ങനെ തെളിയിക്കും ?

എന്തു ചെയ്യണമെന്നെനിക്കറിയില്ല. ഒന്നുറപ്പാണ് പുറത്തറിഞ്ഞാല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.

രണ്ടു ദിവസം കഴിഞ്ഞ് ദുബായില്‍ നിന്നും അനുജന്‍ തോമസ്സുകുട്ടിയുടെ ഫോണ്‍ വന്നു, അവന്റെ ഭാര്യ ആലീസ് പ്രെഗ്‌നന്റാണെന്ന സന്തോഷ വാര്‍‌ത്ത അറിയിക്കാനാണ് വിളിച്ചത്. അതൊരു സന്തോഷ വാര്‍‌ത്തതന്നെ ആയിരുന്നു. അവരുടെ വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍‌ഷം കഴിഞ്ഞിരിക്കുന്നു, ഇനിയും അവര്‍‌ക്ക് കുഞ്ഞുങ്ങളില്ല. ആശുപത്രികള്‍ കയറിയിറങ്ങി മടുത്തെങ്കിലും അവസാനം പ്രയോജനമുണ്ടായി.

അവര്‍‌ക്കിപ്പോള്‍ നാട്ടില്‍ പോലും വരാന്‍ താത്പര്യമില്ലായിരുന്നു, കാരണം നാട്ടില്‍ വന്നാല്‍ വീട്ടുകാരുടേയും നാട്ടുകാരുടേയും നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും.

“ എന്താ വിശേഷമൊന്നുമില്ലേ ! “
“ ഡോക്‌ടറെ കാണിച്ചില്ലേ ! “
“ ആര്‍ക്കാ കുഴപ്പം ? “
തുടങ്ങിയ സ്ഥിരം ചോദ്യങ്ങളാണ് എല്ലാവരും ചോദിക്കുന്നത്.

അവര്‍‌ അവരിലേക്കു തന്നെ പിന്‍‌വലിയുകയായിരുന്നു. എന്തായാലും കാത്തിരുന്നു കിട്ടിയ സന്തോഷ വാര്‍‌ത്തയ്‌ക്ക് മാധുര്യമേറും.

“ ഇന്നലെ ചേട്ടത്തിയമ്മ വിളിച്ചിരുന്നു. ദീപയുടെ കാര്യം അറിഞ്ഞു. അന്‍‌പതിനായിരം രൂ‍പയുടെ ഡ്രാഫ്‌റ്റ് അയച്ചിട്ടുണ്ട്. ദീപമോള്‍ക്ക് യാതൊരു കുറവും വരരുത്.“ പിന്നെ വിളിക്കാമെന്നും പറഞ്ഞ് തോമസ്സുകുട്ടി ഫോണ്‍ വെച്ചു.

നേരത്തേ തന്നെ ഭാര്യ ഞാനറിയാതെ അനുജന്‍ തോമസ്സുകുട്ടിയെ വിളിച്ച് ഇവിടുത്തെ വിശേഷങ്ങളൊക്കെ അറിയിച്ചിരിക്കുന്നു. ഇപ്പോള്‍ ദീപയുടെ ചെലവിന് അവന്‍ രൂപായും അയച്ചിരിക്കുന്നു.

ഇനിയും അവനെങ്ങാനും ?
ഓ ഇല്ല.. അവനെ എനിക്കറിയാം... അവനങ്ങനെയൊന്നും ചെയ്യില്ല.
ഓ ഞാന്‍ മറന്നു തോമസ്സുകുട്ടി ലീവിനു വന്നിട്ടും വര്‍‌ഷങ്ങളായല്ലോ !
ഞാന്‍ തന്നെയാണ് പ്രതിയെന്ന് ഭാര്യ അവനോടു പറഞ്ഞു കാണും ?

തോമസ്സുകുട്ടിയുടെ ഭാര്യ ആലീസ് പ്രെഗ്‌നന്റാണെന്ന വിവരം ഞാന്‍ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ചറിയിച്ചു. കേട്ടവര്‍‌ക്കൊക്കെ സന്തോഷമായി. അവസാനം ദൈവം അവരുടെ പ്രാര്‍‌ത്ഥന കേട്ടെന്ന് എല്ലാരും ആശ്വസിച്ചു.

“ നിങ്ങള്‍ ചിരിക്കുകയൊന്നും വേണ്ട, സകല ശാസ്‌ത്രവും മച്ചിയെന്ന് വിധിയെഴുതിയ ആലീസ് പ്രെഗ്‌നന്റാണെന്നു കേട്ടാല്‍ വിശ്വസിക്കാന്‍ മാത്രം ഒരു മരമണ്ടനായിപ്പോയല്ലോ നിങ്ങള്‍” ഭാര്യ പറഞ്ഞത് എനിക്ക് മനസ്സിലായില്ല.

“പിന്നെ തോമസ്സുകുട്ടി പറഞ്ഞതോ ! ഞാനതു കേട്ട് ബന്ധുക്കളേ മുഴുവന്‍ വിളിച്ചറിയിച്ചതോ ? “ ഞാന്‍ വിക്കി വിക്കി ചോദിച്ചു

“ തോമസ്സുകുട്ടിയോട് അങ്ങനെ പറയാന്‍ പറഞ്ഞത് ഞാന്‍‌ തന്നെയാ.. സന്തോഷവാര്‍‌ത്ത കേട്ടാല്‍ വേണ്ടപ്പെട്ടവരെയൊക്കെ അറിയിക്കേണ്ടതും നിങ്ങളുടെ ജോലിയാ അതും നിങ്ങള്‍ ചെയ്‌തു. ഇനിയും ഞാന്‍ പറയുന്നതൊക്കെയങ്ങു ചെയ്‌താല്‍ മതി..” ഭാര്യ പറഞ്ഞു.

വേലക്കാരിയുടെ കേസില്‍ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍‌ക്കുന്ന എന്റെ വാക്കുകള്‍ക്ക് ആ വീട്ടില്‍ വിലയില്ലാതാകുകയായിരുന്നു. ഭാര്യ പറഞ്ഞതൊക്കെ യാന്ത്രികമായി ഞാന്‍ അനുസരിക്കേണ്ടി വന്നു.

പിറ്റേദിവസം തന്നെ തോമസ്സുകുട്ടിയുടെ ഡ്രാഫ്‌റ്റു വന്നു. വേലക്കാരിയുടെ ഗര്‍‌ഭകാല പരിചരണങ്ങള്‍‌ക്കൊക്കെ മുന്‍‌കൈ എടുത്തത് ഭാര്യതന്നെയാണ്. ഭാര്യ രണ്ടു പ്രസവിച്ചതിന്റെ അനുഭവം വെച്ച് അറിയാവുന്നതൊക്കെ പറഞ്ഞു കൊടുത്തു. അവളേക്കൊണ്ട് പിന്നീടുള്ള ദിവസങ്ങളില്‍ ജോലിയൊന്നും ചെയ്യിച്ചില്ല. വ്യാക്കുണ്‍ അനുസരിച്ച് ആവശ്യമുള്ളതൊക്കെ ഉണ്ടാക്കിക്കൊടുക്കുന്നതിന് ഭാര്യ ശ്രദ്ധിച്ചിരുന്നു. പഴവര്‍ഗ്ഗങ്ങള്‍ നിര്‍‌ബ്ബന്ധിച്ച് കഴിപ്പിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവളുടെ അടുത്തെങ്ങും ചെയ്യുകയോ അവളോട് സംസാരിക്കുകയോ ചെയ്യരുതെന്ന് ഭാര്യതാക്കീതു ചെയ്‌തിരുന്നു.

ഭാര്യതന്നെയാണ് അവളെ പട്ടണത്തിലുള്ള ആശുപത്രിയില്‍ കൊണ്ടു പോയി മാസാ‍മാസം സ്‌കാന്‍ ചെയ്‌ത് കുട്ടിയുടെ വളര്‍‌ച്ചയുടെ പുരോഗതി ഉറപ്പു വരുത്തിയിരുന്നത്. ആണ്‍കുട്ടിയാണെന്ന് ഭാര്യയ്‌ക്ക് മനസ്സിലായെങ്കിലും എന്നോടു പോലും പറഞ്ഞില്ല.

വേലക്കാരിക്ക് ഗര്‍‌ഭം ഉണ്ടെന്ന കാര്യം ആരേയും അറിയിക്കാതെ രഹസ്യമായി സൂക്ഷിച്ചു. ആറാം മാസമായപ്പോഴേക്കും വയറിന്റെ വലുപ്പം ഒളിപ്പിക്കാന്‍ പറ്റാതെയായി. നാട്ടുകാര്‍ ആരെങ്കിലും കണ്ടെങ്കിലോ എന്നു ഭയന്ന് രഹസ്യമായിത്തന്നെ ദീപയെ പട്ടണത്തിലെ ആശുപത്രിയിലേക്ക് മാറ്റി. എല്ലാത്തിനും മുന്‍‌കൈ എടുത്തത് ഭാര്യതന്നെയാണ്. ഭാര്യ പറയുന്ന സഹായങ്ങള്‍ ചെയ്‌തു കൊടുക്കല്‍‌ മാത്രമായിരുന്നു എന്റെ ജോലി.

ദീപയെ ആശുപത്രിയിലേക്ക് മാറ്റിയ അന്നും ഞാന്‍ ചോദിച്ചു
“ കൊച്ചിന്റെ അച്‌ഛനെപ്പറ്റി അവള്‍ വല്ലതും പറഞ്ഞോ ? “
“ എന്റെ രണ്ടു പിള്ളേരുടെ അച്‌ഛന്‍ നിങ്ങള്‍ത്തന്നെയാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുണ്ടല്ലോ.... അതുമതി.... കൂടുതലൊന്നും അറിയേണ്ട “ ഭാര്യ തര്‍‌ക്കുത്തരം പറഞ്ഞു.

തോമസ്സുകുട്ടിയുടെ ഡ്രാഫ്‌റ്റുകള്‍ വന്നുകൊണ്ടേയിരുന്നു. ആശുപത്രി ചെലവുകള്‍ മുഴുവന്‍ തോമസ്സുകുട്ടി തന്നെയാണ് വഹിച്ചത്.

തോമസ്സുകുട്ടിയുടെ ഭാര്യ ആലീസ് ഡെലിവറിയ്‌ക്കായി വെള്ളിയാഴ്‌ച വരുമെന്ന് അവന്‍ തന്നെയാണ് ഫോണ്‍ വിളിച്ച് പറഞ്ഞത്.

എയര്‍‌പ്പോര്‍‌ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു വരാനായി ഞാനും പോയിരുന്നു. ആലീസിന് എട്ടുമാസമായിട്ടും വയറൊന്നും അറിയാനില്ലല്ലോ എന്ന എന്റെ ചോദ്യത്തിന് ഭാര്യയുടെ മിണ്ടാതിരുന്നോണം എന്ന നോട്ടം മാത്രമായിരുന്നു ഉത്തരം. ഞാന്‍ പിന്നീടൊന്നും ചോദിച്ചില്ല.

ആലീസ് വന്നതിന്റെ പിറ്റേ ആഴ്‌ച പട്ടണത്തിലെ ആശുപത്രിയില്‍ അഡ്‌മിറ്റായി. അതേ ആശുപത്രിയില്‍ തന്നെയാണ് വേലക്കാരി ദീപയേയും രഹസ്യമായി താമസിപ്പിച്ചിരിക്കുന്നതെന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും. ഏതു റൂമിലാണെന്ന് അറിയില്ലായിരുന്നു. അറിഞ്ഞാലും അങ്ങോട്ടു പോകാന്‍ അനുവാദമില്ല.

ഒരു ദിവസം അതിരാവിലെ ഭാര്യ ആശുപത്രിയില്‍ നിന്നും ഫോണ്‍ വിളിച്ച്, രാത്രിയില്‍ ആലീസ് പ്രസവിച്ചു, ആണ്‍കുഞ്ഞാണെന്നും പറഞ്ഞു. എല്ലാവരേയും വിളിച്ച് അറിയിക്കാനും എന്നെ ചുമതലപ്പെടുത്തി.

ടെലിഫോണ്‍ നമ്പര്‍ എഴുതിവെച്ചിരിക്കുന്ന ഡയറി നോക്കി എല്ലാ ബന്ധുക്കളേയും സുഹൃത്തുക്കളേയും തോമസ്സുകുട്ടിയുടെ ഭാര്യ ആലീസ് പ്രസവിച്ചെന്നും കുട്ടി ആണാണെന്നുമുള്ള വിവരം ഞാന്‍ അറിയിച്ചു.

നാലു ദിവസത്തിനു ശേഷം ആലീസും കുട്ടിയും വീട്ടില്‍ വന്നു. ആലീസിന് അധികം അവധിയില്ല പോലും ഉടനെ തിരിച്ചു പോകണം. കുഞ്ഞിന്റെ പാസ്സ്‌പോര്‍‌ട്ട് തയ്യാറാക്കാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയത്.

പട്ടണത്തിലെ ആശുപത്രിയില്‍ വെച്ച് പ്രസവം നടന്നതിനാല്‍ അവിടുത്തെ പഞ്ചായത്ത് ആഫീസില്‍ നിന്നാണ് ബര്‍ത്ത് സര്‍ട്ടിഫിക്കേറ്റ് ലഭിക്കേണ്ടത്. പഞ്ചായത്ത് പ്യൂണിലൂടെ സെക്രട്ടറിയെ കാണേണ്ടതു മാതിരി കണ്ടതിനാല്‍ ബര്‍‌ത്ത് സര്‍‌ട്ടിഫിക്കേറ്റ് വേഗത്തില്‍ കിട്ടി.

ആശുപത്രിയില്‍ നിന്നും കൊടുത്തിരിക്കുന്ന വിവരപ്രകാരമാണ് സര്‍‌ട്ടിഫിക്കേറ്റ് തയ്യാറാക്കിയിരിക്കുന്നത്. കുഞ്ഞിന്റെയും കുഞ്ഞിന്റെ അമ്മയായ ആലീസിന്റെയും അച്‌ഛനായ തോമസ്സുകുട്ടിയുടേയും പേരിന്റെ സ്‌പെല്ലിഗും ജനനത്തീയതിയും ശരിയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തിയാണ് പഞ്ചായത്ത് ആഫീസിന്റെ പടികള്‍ ഇറങ്ങിയത്.

പാസ്സ്‌പോര്‍‌ട്ട് തയ്യാറായിക്കിട്ടാന്‍ വേണ്ടവരെയൊക്കെ കണ്ടിട്ടും ഒരുമാസം താമസിച്ചു. പാസ്സ്‌പോര്‍‌ട്ട് കിട്ടി ഒരാഴ്‌ചക്കുള്ളില്‍ ആലീസും കുഞ്ഞും തിരികെ ദുബായിലേക്ക് പോകുകയും ചെയ്‌തു.

അവര്‍ പോയിക്കഴിഞ്ഞതിനു ശേഷമാണ് ആശുപത്രിയിലാക്കിയിരുന്ന വേലക്കാരിയുടെ കാര്യം ഓര്‍‌ത്തത്.

“ ദീപയുടെ കാര്യം എന്തായി “ ഞാന്‍ ഭാര്യയോട് ചോദിച്ചു.
“ അവള്‍ അവളുടെ മുറിയില്‍ കാണും “ ഭാര്യ വളരെ നിസ്സാരമായി പറഞ്ഞു.
ദീപയും പ്രസവം കഴിഞ്ഞ് തിരിച്ചു വന്നതാകാം. അവള്‍ക്ക് എന്തു കുഞ്ഞാണാവോ ? ഇനിയുമെങ്കിലും അവളെക്കൊണ്ട് പറയിക്കണം കൊച്ചിന്റെ അപ്പനാരാണെന്ന്. എവിടെയായാലും തേടിപ്പിടിച്ചു കൊണ്ടു വന്ന് വിവാഹം കഴിപ്പിച്ചു വിടണം. ഇങ്ങനെ ഒത്തിരി ചിന്തകളുമായാണ് അടുക്കളയുടെ അടുത്തുള്ള അവളുടെ മുറിയിലേക്ക് ചെന്നത്.

അവള്‍ കിടക്കുകയാണ് . എന്നെ കണ്ട് എഴുന്നേല്‍‌ക്കാന്‍ ശ്രമിച്ചു.
“വേണ്ടാ കിടന്നു കൊള്ളൂ“ ഞാന്‍ പറഞ്ഞു.
ദീപയുടെ കുഞ്ഞിനെ അവിടെയെങ്ങും കണ്ടില്ല.
“നിന്റെ കുഞ്ഞെവിടെ “ ഞാന്‍ ചോദിച്ചു.

അവിടെക്കിടന്ന ഒരു തലയിണ ഉയര്‍‌ത്തിക്കാണിച്ച് ദീപ പറഞ്ഞു
“ ഇതാ.... ഇതാണ് എന്റെ കുഞ്ഞ് “

“നിങ്ങള്‍ പരിഭ്രമിക്കേണ്ട ഒരു തലയിണ ആര്‍‌ക്കും ഉണ്ടാക്കാമല്ലോ “ വാതില്‍‌ക്കല്‍‌ ഒളിഞ്ഞു നിന്ന ഭാര്യ മാസങ്ങള്‍‌ക്കുശേഷം എന്റെ മുഖത്തു നോക്കി ചിരിച്ചു.

16 comments:

ബാജി ഓടംവേലി said...

ഈ സംഭവത്തിന് ഒരു രഹസ്യസ്വഭാവം ഉള്ളതുകൊണ്ട് എവിടെയാണ് നടന്നതെന്ന് പറയുന്നില്ല, എന്നാലും പത്തനംതിട്ട ജില്ലയിലെ ഒരു മലയോരഗ്രാമമാണെന്നു മാത്രം സൂചിപ്പിക്കാം.

വീട്ടില്‍ വേലയ്‌ക്കു നില്‍‌ക്കുന്ന പെങ്കൊച്ചിന് അവിഹിത ഗര്‍ഭം ഉണ്ടെന്ന് ഭാര്യ പറഞ്ഞ് അറിഞ്ഞപ്പോള്‍ ഞാനൊന്നു ഞെട്ടി.

ജിജ സുബ്രഹ്മണ്യൻ said...

സത്യം പറയൂ.. ആരാ കൊച്ചിന്റെ അച്ഛന്‍..സംഗതി കഥ തന്നെ ആവട്ടെ എന്നു പ്രാര്‍ഥിക്കുന്നു..

പ്രയാസി said...

ബാജി മാഷേ....

വാട്ടീസ് ദിസ്..!???

അതു പൊലൊരു ഭാര്യ എനിക്കും ഉണ്ടാരുന്നെങ്കില്‍..;)

ബാബുരാജ് said...

സമാനമായ ഒരു സംഭവം എനിക്കു നേരിട്ടറിയാം. എന്റെ ഒരു സുഹൃത്തിന്റെ സഹോദരിക്ക്‌ കുട്ടികളില്ല. അങ്ങിനെയിരിക്കെയാണ്‌ മറ്റൊരു സുഹൃത്തിന്റെ സഹപ്രവര്‍ത്തകയായ ഒരു ബംഗാളിയുവതിക്ക്‌ അവിഹിതഗര്‍ഭം ഉണ്ടാകുന്നത്‌. ഉണ്ടാകുന്ന കുട്ടിയെ ദത്തെടുക്കാമെന്നു കരുതി ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ അതു വലിയ നൂലാമാലയാണ്‌. മാത്രമല്ല സഹോദരിക്ക്‌ ദത്തെടുക്കാവുന്ന പ്രായവും കഴിഞ്ഞു. പിന്നെ ഒരു എളുപ്പ വഴി നോക്കി. മദ്രാസ്സിലായിരുന്ന യുവതിയെ ഇവിടെ കൊണ്ടുവന്ന് ചേച്ചിയുടെ പേരു വെച്ച്‌ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തു. ഭര്‍ത്താവിന്റെ സ്ഥാനത്ത്‌ ചേട്ടന്റെ പേരും അഡ്രസ്സും. പ്രസവം കഴിഞ്ഞ്‌ മൂന്നം പക്കം അമ്മ മദ്രാസ്സിനു വണ്ടി കയറി. കുട്ടിക്കിപ്പം എട്ടു വയസ്സായി, മിടുമിടുക്കനായി 'സ്വന്തം" അമ്മയുടെയും അച്ഛന്റെയും കൂടെ കഴിയുന്നു.

റോഷ്|RosH said...

ഇതിലൊന്നും വലിയ കാര്യമില്ല ബാജീ.
വാടകയ്ക്ക് ഗര്‍ഭ പാത്രം കൊടുക്കുന്നത് ഇക്കാലത്ത് വലിയ വാര്‍ത്തയോന്നുമല്ലല്ലോ....
പിന്നെ പൈതൃകം , പിതൃത്വം എന്നൊക്കെ പറയുന്നതു ഭാര്യയിലുള്ള, (തെറ്റായേക്കാന്‍ ഇടയുള്ള) ഒരു വിശ്വാസം മാത്രമാണെന്ന് അടുത്തിടെ എവിടെയോ വായിച്ചിരുന്നു..

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

രക്ഷപെട്ടു..പണ്ട് നടന്നതാണല്ലേ? വായിച്ചുതുടങ്ങിയപ്പോള്‍ കടമ്മനിട്ട,
വാഴക്കുന്നം,വയലത്തല,നാരങ്ങാനം ,(ഇ തൊക്കെയാണല്ലോ നാരങ്ങാനത്തിനടുത്ത പത്തനംതിട്ട ജില്ലയിലെ ഒരു മലയോരഗ്രാമം?) വഴിയങ്ങാണം പോകുമ്പോള്‍ നാട്ടരാങ്ങാണം പിടിച്ചു നിര്‍ത്തിയാലോ എന്ന് പേടിച്ചു...ഇനി പേടിക്കാതെ ഹെല്‍മറ്റില്ലാതെ വണ്ടി വിടാമല്ലോ?ചുമ്മാ മനുഷ്യനെ പേടിപ്പിച്ചോളും!!!!

യാത്രിക / യാത്രികന്‍ said...

ഈ സംഭവത്തിന് ഒരു രഹസ്യസ്വഭാവം ഉള്ളതുകൊണ്ട് എവിടെയാണ് നടന്നതെന്ന് പറയുന്നില്ല, എന്നാലും പത്തനംതിട്ട ജില്ലയിലെ ഒരു മലയോരഗ്രാമമാണെന്നു മാത്രം സൂചിപ്പിക്കാം.

യൂനുസ് വെളളികുളങ്ങര said...

വരിക വരിക സോദരെ

സ്വതന്ത്യം കൊണ്ടാടുവാന്‍

ഭാരതാമ്മയുടെ മാറിടത്തില്‍

ചോരചീത്തിആയിരങ്ങള്‍

ജീവന്‍ കൊടുത്ത്‌ നേടിയെടുത്തൊര്‌

ഊര്‍ജ്ജമാണ്‌ ഈ സ്വാതന്ത്യം

....................
....................
....................
....................
.....................
സാതന്ത്യദിന ആശംസകള്‍

കുഞ്ഞന്‍ said...

ബാജീ..

ഇങ്ങനെയും സംഭവങ്ങള്‍ നടക്കുന്നുണ്ടല്ലെ. പാവം മാതൃത്വം..!

കുഞ്ഞന്‍ said...

ഓ.ടോ..ക്ഷമിക്കണമേ...

സ്വാതന്ത്ര്യമില്ലാത്ത യൂനുസിന്റെ **സ്വതന്ത്യം എന്തോന്ന് സ്വാതന്ത്ര്യം..?

**ചോര ചീത്തി
**സാതന്ത്യദിന

ഇതാണ് ബൂലോഗ സ്വാതന്ത്ര്യം..!

Anonymous said...

സംഗതി കഥ തന്നെ ആവട്ടെ എന്നു പ്രാര്‍ഥിക്കുന്നു..

Bindhu Unny said...

ഒരു സിനിമാക്കഥ പോലെ :-)

Jayasree Lakshmy Kumar said...

ഒരു നിയമമുണ്ടാകുമ്പോൾ അതിനെ മറി കടക്കാൻ ഒരു loop hole പിറകേ വരും എന്നു പറയുന്നത് ശരിയാണല്ലേ. ദത്തെടുക്കൽ നിയമങ്ങൾ അഴിച്ചു പണിയേണ്ടതാണെന്ന് തോന്നിയിരുന്നു. പക്ഷെ സ്വന്തം കുഞ്ഞിനെ പോലും തിരിച്ചറിയാത്ത ഇക്കാലത്ത് നിയമങ്ങൾ കർക്കശമാവുന്നതിൽ തെറ്റു പറയാനാവില്ല

സ്‌പന്ദനം said...

“നിങ്ങള്‍ പരിഭ്രമിക്കേണ്ട ഒരു തലയിണ ആര്‍‌ക്കും ഉണ്ടാക്കാമല്ലോ “ വാതില്‍‌ക്കല്‍‌ ഒളിഞ്ഞു നിന്ന ഭാര്യ മാസങ്ങള്‍‌ക്കുശേഷം എന്റെ മുഖത്തു നോക്കി ചിരിച്ചു.
:-)

കനല്‍ said...

ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തോണ്ടിരിക്കുമ്പോള്‍
ബോറടിമാറ്റാന്‍ പത്തു രൂപയ്ക്ക് വാങ്ങിയ പഴയ നാലു വാരികകളിലൊന്നില്‍ സമാനമായ സംഭവ കഥ
വായിച്ചു. വാരികയുടെ പേര് തീയെന്നോ, കുറ്റക്യത്യമെന്നോ അര്‍ത്ഥം വരുന്ന പേരാ.

അതില്‍ തോമസുകുട്ടീടെ പോലെ ഒരു കഥാപാത്രം അളിയന്റെ(ഭാര്യ സഹോദരന്റെ) ഭാര്യയെ നാട്ടില്‍ നിന്ന് അവരുടെ ജോലി സ്ഥലത്ത് കൊണ്ട് പോയി ഒറ്റമുറിമാത്രമുള്ള അവരുടെ ഫ്ലാറ്റില്‍ താമസിപ്പിച്ച് ആണ് സ്വന്തം കുട്ടിയെ ഭാര്യയ്ക്ക് “സംഘടിപ്പിച്ച്” കൊടുത്തത്.
കറിവേപ്പിലയെക്കാള്‍ കഷ്ടത്തിലായ ആ സ്ത്രീയുടെ സെന്റിമെന്‍സ് ആണ് അതില്‍ വിവരിച്ചിരുന്നത്.

പിരിക്കുട്ടി said...

ayyo kashtam