Monday, April 7, 2008

മരണാഘോഷ ചടങ്ങുകള്‍

അവറാച്ചന് പ്രായം അറുപത്തിയഞ്ച് കഴിഞ്ഞു. അടുത്ത തിങ്കളാഴ്‌ച തന്റെ ഭാര്യ അമ്മിണി മരിച്ചിട്ട് എട്ടു വര്‍‌ഷം തികയുന്നു. അമ്മിണി മരിച്ച അന്നു മുതലാണ് താന്‍ ഏകനാണെന്ന തോന്നല്‍ അവറാച്ചനുണ്ടായത്. എന്നിട്ടും എട്ടു വര്‍‌ഷം കൂടി എങ്ങനെയൊക്കയോ ജീവിച്ചു.

ഒരു ആണ്‍കൊച്ചനുണ്ടായിരുന്നത് പറക്കമുറ്റിയപ്പോള്‍ത്തന്നെ നാടുവിട്ടു. അവന്‍ ഗള്‍‌ഫില്‍ സ്വന്തമായി എന്തോ ബിസ്സിനസ്സ് നടത്തുകയാണ്. അവനും തിരക്കിന്റെ ഭാഗമായപ്പോള്‍ പഴയ കാര്യങ്ങളൊക്കെ ഓര്‍‌ക്കാനെവിടെയാ സമയം. അമ്മയുടെ മരണം അറിയിച്ചപ്പോള്‍ അനുശോചന സന്ദേശം അയച്ച് ദുഃഖം രേഖപ്പെടുത്താന്‍ മറന്നില്ല. ഇങ്ങനെ മക്കളുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം.

അകന്ന ബന്ധത്തിലുള്ള ഒരു പെങ്കൊച്ച് ആഴ്‌ചയില്‍ രണ്ടു ദിവസം ആഹാരം വെയ്‌ക്കാനും മുറ്റം അടിക്കാനുമായി വരുമായിരുന്നു. അവറാച്ചന്റെ കൈയിലുണ്ടായിരുന്ന അവസാന നാണയവും തീര്‍‌ന്നതിനാല്‍ രണ്ടു മാസമായി അവളും വരാതെയായി.

ജീവിതകാലം മുഴുവന്‍ കഷ്‌ടപ്പാടും പട്ടിണിയുമായിരുന്നെങ്കിലും, ആശകളൊന്നും ബാക്കിവെക്കാതെ ജീവിച്ചു തീര്‍‌ന്നെന്നൊരു തോന്നല്‍.

അങ്ങനെയാണ് ജീവിച്ചു തീര്‍‌ന്നെങ്കില്‍ മരിച്ചേക്കാമെന്ന് അവറാച്ചനും തീരുമാനിച്ചത്.

അമ്മിണി പരലോകം പൂകിയിട്ട് എട്ടു വര്‍‌ഷം തികയുന്ന തിങ്കളാഴ്‌ച തന്നെ അതിനു പറ്റിയ ദിവസമായി കണ്ടെത്തി.

ചത്തു കിടക്കുമ്പൊഴും ചമഞ്ഞു കിടക്കണമല്ലോ !

കൊമ്പന്‍ മീശ മുകളിലേക്കു പിരിച്ചുവെച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന കളര്‍‌ ഫോട്ടൊ പത്രത്തില്‍ കൊടുക്കാന്‍ അവറാച്ചന്‍ തന്നെ ഏര്‍‌പ്പാടുകള്‍ ചെയ്‌തു.

അവറാച്ചന്റെ മരണവിവരം പത്രത്തില്‍ വായിച്ചറിഞ്ഞ് നാട്ടുകാരെല്ലാവരും വന്നു ചേര്‍‌ന്നു.

ആര്‍‌ഭാടകരമായ മരണാനന്തര ചടങ്ങുകള്‍.

മുറ്റം നിറഞ്ഞൊരു പന്തല്‍, പാറിപ്പറക്കുന്ന കരിങ്കൊടികള്‍, വരുന്നവര്‍ക്കൊക്കെ കറുത്ത ബാഡ്‌ജ്, ബാന്റു മേളവും, പാട്ടുകാരും, അലമുറയിട്ട് കരയാനായി പ്രത്യേകം പരിശീലനം നേടിയവര്‍ വേറെയും, വീഡിയോക്കാര്‍ മൂന്നുനാലു പേര്‍, എല്ലാം വിദേശത്തുള്ള മകന് ലൈവായി കാണിച്ചു കൊടുക്കുകയാണ്.

ആര്‍‌ക്കും വിശ്വസിക്കാനായില്ല, എന്തെല്ലാം ആര്‍‌ഭാടങ്ങളാണ്. ഇത്രയധികം പണം അവറാച്ചന്റെ കൈയിലുണ്ടായിരുന്നോയെന്ന് നാട്ടുകാര്‍‌ക്ക് സംശയം. വര്‍‌ഷങ്ങളായി അപ്പനുമായി ബന്ധമില്ലാത്ത മകന്‍ ഈ പാഴ്‌ ചെലവിന് മുതിരുമെന്നും തോന്നുന്നില്ല.
പിന്നെ എവിടെ നിന്നും കിട്ടി ഇത്രയധികം പണം.

സംഗതി ഗംഭീരമാണെന്നറിഞ്ഞ ഗള്‍‌ഫിലെ മകന്‍ കമ്പനിക്ക് അവധികൊടുത്തു. ആരു മരിച്ചിട്ടായാലും ഒരു ദിവസത്തെ അവധി കിട്ടിയതില്‍ ജോലിക്കാര്‍ സന്തോഷിക്കാന്‍ തുടങ്ങിയപ്പോഴാണ് എല്ലാവരേയും മുതലാളി കോണ്‍ഫ്രെന്‍‌സ് ഹാളിലേക്ക് വിളിപ്പിച്ചത്. എല്ലാവര്‍‌ക്കും അപ്പന്റെ മരണാനന്തര ചടങ്ങുകളുടെ ലൈവ് കാട്ടിക്കൊടുക്കുമ്പോള്‍ ആ മുഖത്ത് തെളിഞ്ഞ പിതൃസ്‌നേഹം വിവരിക്കാനാവില്ല.

അച്ചന്മാര്‍‌ക്കും മെത്രാന്മാര്‍‌ക്കും മുന്‍‌കൂര്‍ പണം ലഭിച്ചതിനാല്‍ അവര്‍ നേരത്തേയെത്തി. അവിടെ വന്നവര്‍‌ക്കെല്ലാം ഫുഡ് പായ്‌ക്കറ്റും ജൂസും കരുതിയിരുന്നു.

ഇത്ര ഗംഭീരമായ മരണാനന്തര ചടങ്ങ് ആ നാട്ടില്‍ ഇത് ആദ്യമായാണ്.

വളരെയധികം ആളുകള്‍ ഒന്നിച്ചു കൂടിയവിവരം അറിഞ്ഞ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കേണ്ട മന്ത്രിയും പരിവാരവും മരിച്ച അവറാച്ചനെ കാണാന്‍ വന്നു. മന്ത്രി വന്നതിനാല്‍ പത്രക്കാരും ചാനലുകാരും വന്നു.

ശവം പള്ളിയിലേക്കെടുക്കാന്‍ സമയമായി. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ശവപ്പെട്ടിയില്‍ അതുവരേയും ശ്വാസം പിടിച്ച് കിടക്കുകയായിരുന്ന അവറാച്ചന്‍ ശവപ്പെട്ടിയില്‍ എഴുന്നേറ്റിരുന്നു.

“ പരിപാടിയുടെ ഈ ഭാഗം നിങ്ങള്‍ക്കായി സ്‌പോണ്‍‌സര്‍ ചെയ്‌തിരിക്കുന്നത് ആന്റോ ആന്റ് കമ്പനി, ആന്റോ ആന്റ് കമ്പനി “ ഇത്രയും പറഞ്ഞ് ശ്വാസം ഒന്നു കൂടി ആഞ്ഞു വലിച്ച പെട്ടിയിലേക്കു തന്നെ മരിച്ചു വീണു.

മരണം സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുണ്ടെന്ന കാര്യം അന്നാണ് ആ നാട്ടുകാര്‍ അറിയുന്നത്. ഇത്ര മനോഹരമായി മരണാനന്തര ചടങ്ങുകള്‍ ഒരുക്കുമെങ്കില്‍ ആര്‍‌ക്കാണ് ഒന്നു മരിച്ചാല്‍ കൊള്ളാമെന്നു തോന്നാത്തത്.

അത് ഗള്‍ഫിലുള്ള അവറാച്ചന്റെ മകന്റെ തന്നെ കമ്പനിയാണെന്ന് ആരോ പറയുന്നത് കേട്ടു. അവര്‍ മരണം മാത്രമല്ല വിവാഹവും സ്‌പോണ്‍സര്‍ ചെയ്യുമെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു.

സ്‌പോണ്‍‌സേര്‍ഡ് മരണം നേരില്‍ കണ്ടു.
സ്‌പോണ്‍സേര്‍ഡ് കല്ല്യാണം മനസ്സില്‍ കണ്ടു.

വിഭവ സമൃദ്ധമായ വിവാഹ സദ്യ രുചിയോടെ കഴിച്ചോണ്ടിരിക്കുമ്പോള്‍ കഴുത്തിന് ഞെക്കിപ്പിടിച്ച്, പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ പേരു പറഞ്ഞാന്‍ ആ പേര് ഈ ജന്മത്തില്‍ ആരും മറക്കില്ല.

16 comments:

ബാജി ഓടംവേലി said...

സ്‌പോണ്‍സേര്‍ഡ് കല്ല്യാണം മനസ്സില്‍ കണ്ടു.
വിഭവ സമൃദ്ധമായ വിവാഹ സദ്യ രുചിയോടെ കഴിച്ചോണ്ടിരിക്കുമ്പോള്‍ കഴുത്തിന് ഞെക്കിപ്പിടിച്ച്, പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ പേരു പറഞ്ഞാന്‍ ആ പേര് ഈ ജന്മത്തില്‍ ആരും മറക്കില്ല.

കാപ്പിലാന്‍ said...

മക്കളെല്ലാം വിദേശത്ത്
ഉന്നത സ്ഥായിയില്‍
അവരിന്നെത്തും ഉടനെ തിരിച്ചു
പോകേണ്ടവര്‍
അപ്പന്റെ അന്ത്യ നിശ്വാസങ്ങളും
കര്‍മ്മങ്ങളും ഒരു സി .ഡി യിലാക്കി
കൊണ്ടുപോവേണ്ടാവര്‍
തെല്ലും സമയമില്ലാത്തവര്‍

ഒരു ഫുള്‍ കവറേജ് ടി.വി ക്ക് നല്‍കണം
ഒത്താല്‍ ഒരു മേത്രനെയും
നമ്മള്‍ എന്തിനാ കുറയ്ക്കുന്നത്

ഇതാണ് ഇന്നത്തെ ശവമടക്ക്‌ :)

ശ്രീവല്ലഭന്‍. said...

:-(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അങ്ങനെയാണെല്ലാം...

ദിലീപ് വിശ്വനാഥ് said...

കലികാലം. കല്യാണക്കുറിയില്‍ പരസ്യം അടിച്ച ഒരു സുഹൃത്തിനെ ഓര്‍മ്മ വന്നു.

Pongummoodan said...

ഹൃദയസ്പര്‍ശി.
പതിവുപോലെ മനോഹരം.

യാത്രിക / യാത്രികന്‍ said...

സ്‌പോണ്‍‌സേര്‍ഡ് മരണം നേരില്‍ കണ്ടു.
സ്‌പോണ്‍സേര്‍ഡ് കല്ല്യാണം മനസ്സില്‍ കണ്ടു.

യാത്രിക / യാത്രികന്‍ said...

സ്‌പോണ്‍‌സേര്‍ഡ് മരണം നേരില്‍ കണ്ടു.
സ്‌പോണ്‍സേര്‍ഡ് കല്ല്യാണം മനസ്സില്‍ കണ്ടു.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)

ബാജി ഓടംവേലി said...

കാപ്പിലാന്‍,
ശ്രീവല്ലഭന്‍,
പ്രിയ ഉണ്ണികൃഷ്‌ണന്‍,
വാല്‍മീകി,
പൊങ്ങുമ്മൂടന്‍,
യാത്രികന്‍,
വഴിപോക്കന്‍,
തുടങ്ങി
അഭിപ്രായം അറിയിച്ചവര്‍ക്കും..
വന്നു പോയവര്‍‌ക്കും
നന്ദി നന്ദി നന്ദി.....

ഹരിശ്രീ said...

നല്ല കുറിപ്പ് ബാജി ഭായ്,

ഐശ്വര്യപൂര്‍ണ്ണമായ വിഷു ആശംസകള്‍ നേരുന്നു...

:)

Seema said...

ഇതു കൊള്ളാലോ...

ഡാന്‍സ്‌ മമ്മി said...

അവറാച്ചന് പ്രായം അറുപത്തിയഞ്ച് കഴിഞ്ഞു. അടുത്ത തിങ്കളാഴ്‌ച തന്റെ ഭാര്യ അമ്മിണി മരിച്ചിട്ട് എട്ടു വര്‍‌ഷം തികയുന്നു. അമ്മിണി മരിച്ച അന്നു മുതലാണ് താന്‍ ഏകനാണെന്ന തോന്നല്‍ അവറാച്ചനുണ്ടായത്.

അജയ്‌ ശ്രീശാന്ത്‌.. said...

"വിഭവ സമൃദ്ധമായ വിവാഹ സദ്യ രുചിയോടെ കഴിച്ചോണ്ടിരിക്കുമ്പോള്‍ കഴുത്തിന് ഞെക്കിപ്പിടിച്ച്, പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ പേരു പറഞ്ഞാന്‍ ആ പേര് ഈ ജന്മത്തില്‍ ആരും മറക്കില്ല"

സ്‌പോണ്‍‌സേര്‍ഡ് മരണം.....!
സ്പോണ്‍സര്‍മാരുടെ കാലം....കല്യാണത്തിനും മരണത്തിനും വരെ പ്രായോജകരുടെ നീണ്ട നിര...തന്നെ...

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നാടോടുമ്പം നടുവേ ഓടണം. അതല്ലേ അതിന്റെ ഒരു ഇത്.
എന്റെ ബ്ലോഗില്‍ വന്നതിനു നന്ദി

ബാജി ഓടംവേലി said...

കാപ്പിലാന്‍,
ശ്രീവല്ലഭന്‍,
പ്രിയ ഉണ്ണികൃഷ്‌ണന്‍,
വാല്‍മീകി,
പൊങ്ങുമ്മൂടന്‍,
യാത്രികന്‍,
വഴിപോക്കന്‍,
ഹരിശ്രീ,
സീമ,
ഡാന്‍സ് മമ്മി,
അമൃതാവാര്യര്‍,
കിലുക്കാമ്പെട്ടി
തുടങ്ങി
അഭിപ്രായം അറിയിച്ചവര്‍ക്കും..
വന്നു പോയവര്‍‌ക്കും
നന്ദി നന്ദി നന്ദി.....