തോമാച്ചന് രാവിലെ എഴുന്നേറ്റ് ടി.വി. ഓണാക്കാന്‍ ശ്രമിച്ചിട്ട് സാധിച്ചില്ല. ഒരല്പം പഴയതായിരുന്നു എന്തോ കേടു പറ്റിയതാകാം.
രാവിലെ എഴുന്നേറ്റാല്‍ സോഫായിലിരുന്ന് ടി.വി യുടെ ചാനല്‍ മാറ്റി മാറ്റി കാണുകയെന്നത് ഗള്‍ഫില്‍ നിന്നും തിരിച്ചു വന്ന അന്നു തുടങ്ങിയുള്ള ശീലമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനു ശേഷം ചാനല്‍ മാറ്റുകയെന്ന വ്യായാമത്തിന് ആദ്യമായ് ഭംഗം വന്നു.
ഇന്നലെ രാത്രിയിലും കിടക്കുന്നതിനു തൊട്ടുമുന്‍പു പോലും ലോകത്തിന്റെ ഭീകരമുഖം വാര്‍ത്തകളില്‍ കണ്ടതാണ്. കഴിഞ്ഞ രാത്രിയില്‍ എന്തൊക്കയാണാവോ ലോകത്തിനു സംഭവിച്ചിരിക്കുക. ഇന്നലെ എവിടെയൊക്കെ ആക്രമണം ഉണ്ടായി. എവിടൊക്കെ എത്ര പേര് വീതം മരിച്ചു. കൊള്ള, പിടിച്ചുപറി, വെടിവെയ്പ്പ്, ബലാത്സംഗം .........വാര്‍ത്തകള്‍ അറിയാതെ ജീവിക്കുക ആലോചിക്കുവാനേ ആകുന്നില്ല. നമ്മേപ്പറ്റിയല്ലാത്ത വാര്‍ത്തകളൊന്നും നമ്മേ ബാധിക്കാറില്ലെന്നതാണ് സത്യം, എന്നാലും വാര്‍ത്തകള്‍ കാണാന്‍ പറ്റാത്തതില്‍ എന്തോ ഒരു അസ്വസ്ഥത.
ടി.വി ശരിയാക്കാനായി തോമാച്ചനറിയാവുന്ന ചെപ്പടി വിദ്യകളൊക്കെ ചെയ്തു നോക്കി. എന്തോ കാര്യമായ കുഴപ്പമുണ്ട് , ശരിയാവുന്ന ലക്ഷണമില്ല.
തോമാച്ചന്റെ ഭാര്യ മറിയാമ്മ അടുക്കളയില്‍ രാവിലത്തേക്കുള്ള ഭക്ഷണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്. മറിയാമ്മ ഉണരുമ്പോള്‍ത്തന്നെ അധര വ്യായാമം ആരംഭിക്കും. ഇത്രയൊക്കെ ഉണ്ടായിട്ടും ഇല്ലായ്മകളെപ്പറ്റിയുള്ള പിറു പിറുപ്പുകളാണ് എപ്പോഴും. തോമാച്ചന് ഭാര്യ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് മൂളി, കേള്‍ക്കുന്നതായി ഭാവിക്കാറുണ്ട്.
കോളേജു പഠനം കഴിഞ്ഞ് റിസല്‍ട്ടിനായി കാത്തിരിക്കുന്ന ഏകമകന് വളരെ വൈകിയെ ഉണരാറുള്ളൂ. അവന് മുറി അകത്തുനിന്നും പൂട്ടിയാണ് കിടന്നുറങ്ങാറുള്ളത്. ഉറക്കത്തില്‍ അവനെ ആരും ശല്യം ചെയ്യുന്നത് അവനിഷ്ടപ്പെടില്ല. എങ്കിലും അത്യാവശ്യം വന്നാല്‍ വിളിച്ചുണര്‍ത്തിയല്ലേ പറ്റൂ. അവനെ എഴുന്നേല്‍പ്പിക്കാനായി കതകില്‍ പലപ്രാവശ്യം മുട്ടി വിളിക്കേണ്ടി വന്നു. മനസ്സില്ലാമനസ്സോടെ ഉറക്കച്ചുവടോടെ അവന് കണ്ണുതിരുമ്മി വാതില്‍ തുറന്നു.
“മോനെ..... നമ്മുടെ ടി.വി കേടായി......“
“ഞാന്‍ വിചാരിച്ചു ആരാണ്ടു കാഞ്ഞു പോയെന്ന്”
“ രാവിലെ തന്നെ ശരിയാക്കാന്‍ കൊണ്ടു പോയാല്‍ അവിടെതിരക്കു കാണില്ല. നീ കൂടി ഒന്നു സഹായിക്ക്... ഒന്ന് ഒരുങ്ങി വാ... നമുക്ക് ടൌണിലെ ഇലക്ട്രോണിക്സ് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയിലേക്ക് ഒന്നു പോകാം.
തോമാച്ചന് ഒരുങ്ങിക്കഴിഞ്ഞിട്ടും മകന് ഒരുങ്ങിവരാന്‍ ഒരു മണിക്കൂറോളം താമസിച്ചു.
തോമാച്ചനും മകനും ടി.വിയുടെ ഇരുവശങ്ങളിലുമായിപ്പിടിച്ച് മുറ്റത്ത് ഗെയിറ്റിനു പുറത്തിറക്കി വെച്ചു. മകന് ജംഗ്ഷനിലേക്ക് ടാക്സിപിടിക്കാനായി പോയി.
പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന വിഢിപ്പെട്ടിക്ക് ഏകനായി കാവല്‍ നില്ക്കുമ്പോള് തോമാച്ചന് വെറുതേ ഓര്‍ത്തു. ഇതൊരു ശവപ്പെട്ടിയായിരുന്നെങ്കില്‍ എത്രപേര്‍ ചുറ്റും നിന്ന് കരയാനും പതം പറയാനും ഉണ്ടാകുമായിരുന്നുവെന്ന്.
മകന് വിളിച്ചു കൊണ്ടു വന്ന ടാക്സിയില്‍ ഇരുവരും ചേര്‍ന്ന് ടി.വി ശരിയാക്കുന്ന കടയിലേക്ക് കൊണ്ടു പോയി. രാവിലെതന്നെ അവിടെ നല്ല തിരക്കാണ്. ഡോക്ടറുടെ മുന്പില് രോഗി കണക്കെ അവരുടെ ഊഴത്തിനായ് കാത്തിരുന്നു. അത് അവിടെ ഏല്‍പ്പിച്ച് പോരാന്‍ ധൈര്യം പോരാ. സാധനങ്ങള്‍ റിപ്പയര്‍ചെയ്യുകയാണെങ്കില്‍ അവിടെ നിന്നു ചെയ്യിക്കണമെന്നാണ് തോമാച്ചനെ അപ്പന് പഠിപ്പിച്ചിട്ടുള്ളത്. അല്ലെങ്കില്‍ കടക്കാര് ചിലപ്പോള്‍ ഒറിജിനല്‍ അഴിച്ചുമാറ്റി ഡ്യൂപ്ലിക്കേറ്റ് വെച്ചെങ്കിലോ എന്ന ഭയം.
നീണ്ട കാത്തിരിപ്പിനു ശേഷം അവരുടെ ഊഴം എത്തി. കടക്കാരന് ടി.വി അഴിച്ച് തിരിച്ചും മറിച്ചും നോക്കി. വിശദമായ പരിശോധനകള്‍ക്കൊടുവില്‍ ചീട്ടെഴുതി. പിക്ചര്‍ ട്യൂബ് അടിച്ചു പോയതാ. പുതിയത് മാറ്റിവെക്കണം. സര്‍വ്വീസ് ചാര്‍ജ്ജ് ഉള്‍പ്പെടെ പതിനായിരം രൂപാ.
“പതിനായിരം രൂപയോ ....! റിപ്പയര്‍ ചെയ്യുന്നതിലും ലാഭം പുതിയതു വാങ്ങുന്നതു തന്നെയാ...പുതിയ ടി.വി ആറായിരം മുതല്‍ മുകളിലോട്ട് ഉണ്ടാകും.“
“ഇക്കാലത്ത് ആരും പഴയ സാധനങ്ങള്‍ റിപ്പയര്‍ ചെയ്യാറില്ല. കേടായാല്‍ വലിച്ച് ദൂരെയെറിഞ്ഞ് പുതിയത് വാങ്ങും.”
അവര്‍ ടി.വിയുമായി തിരിച്ചിറങ്ങാന്‍ നേരത്താണ് മനസ്സിലായത്, ടി.വി. ശരിയാക്കിയില്ലെങ്കിലും ബില്ലടക്കണം. വിശദമായി പരിശോധിച്ച് രോഗവിവരം പറഞ്ഞതിന്റെ ചാര്‍ജ്ജ് അഞ്ഞൂറ് രൂപാ.
ഒന്നും മിണ്ടാതെ ബില്ലടച്ച് മറ്റൊരു ടാക്സിയില്‍ കയറി.
പോകുന്ന വഴിയില്‍ ഉണ്ടായിരുന്ന പാലത്തില്‍ ടാക്സി നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു.
അപ്പനും മോനും ചേര്‍ന്ന് കേടായ ടി.വി പാലത്തില്‍ നിന്നും വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു.
അതേ ടാക്സിയില്‍ത്തന്നെ ടൌണിലെ ഇലക്ട്രോണിക് സാധനങ്ങളുടെ ഷോ റൂമിലേക്ക് പോയി.
അവിടെയും നല്ല തിരക്കാണ്. മാര്‍ക്കറ്റില്‍ ഇറങ്ങുന്ന പുതിയ സാധനങ്ങള്‍ വാങ്ങിക്കൂട്ടുവാന്‍ എന്തോ മത്സരം ഉള്ളതു മാതിരി.......
തോമാച്ചന് വീട്ടിലേക്ക് വിളിച്ചു ചോദിച്ചു
“ എടീ..... പുതിയ ടി.വി വാങ്ങുകയാണ്.... 21 ഇഞ്ചിന്റേതു വേണോ ? 29 ഇഞ്ചിന്റേതു വേണോ ? “
തോമാച്ചന്റെ ഭാര്യയാണ് മറുപടി പറഞ്ഞത്.
“ .......... ........... ............. ............ .................”
പഴയതിന് വലിപ്പം കുറവായിരുന്നെന്ന് അവള്‍ക്ക് മുന്‍പു തന്നെ പരാതിയുണ്ടായിരുന്നു. ഭാര്യയുടെ ആഗ്രഹപ്രകാരം 29 ഇഞ്ചിന്റെ ടി.വി വാങ്ങിയാണ് അവര്‍ വീട്ടിലെത്തിയത്.
വീട്ടിലെത്തിയപ്പോഴാണ് ഫ്രിഡ്ജും കേടായിരിക്കുന്ന വിവരം മറിയാമ്മ പറയുന്നത്.
റിപ്പയര്‍ ഷോപ്പിലേക്കൊന്നും പോകാന്‍ നിന്നില്ല. കംപ്രസ്സര്‍ പോയതായിരിക്കും. അവിടെപ്പോയാലുള്ള അനുഭവം അറിയാം. റിപ്പയര്‍ ചെയ്യുന്നതിലും ലാഭം പുതിയത് വാങ്ങുന്നതാണ്.
ഇലക്ട്രോണിക്സ് സാധനങ്ങളുടെ ഷോ റൂമിലേക്ക് ഫോണ്‍ ചെയ്ത് പുതിയൊരു ഫ്രിഡ്ജിന് ഓര്‍ഡര്‍ കൊടുത്തു. തവണ വ്യവസ്ഥയില്‍ പണം കൊടുത്താല്‍ മതി.
ഭാര്യ മറിയാമ്മയോടും മകനോടുമായി ഉപദേശവും കൊടുത്തു.
“ ഇന്നത്തെക്കാലത്ത് ഒരു സാധനവും റിപ്പയര്‍ ചെയ്യാന്‍ പോകരുത്. കേടായാല്‍ പഴയതുകളഞ്ഞ് പുതിയത് വാങ്ങുക, റിപ്പയറിങ്ങ് ചാര്‍ജിന്റെ പകുതിയേ പുതിയതിനാവുള്ളൂ...”
ഒരു മണിക്കൂറിനുള്ളില്‍ പുതിയ ഫ്രിഡ്ജുമായി ഷോറൂമുകാരുടെ വണ്ടി വന്നു.
“ അല്ലെങ്കിലും ഈ പഴയ ഫ്രിഡ്ജുമാറ്റി പുതിയതൊന്നു വാങ്ങണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. പഴയതിന് തണുപ്പ് അത്ര പോരായിരുന്നു.” ഭാര്യയുടെ ആത്മഗതം.
പഴയ കേടായ ഫ്രിഡ്ജ് അതേ വണ്ടിയില്‍ കയറ്റി. പോകുന്ന വഴിയില്‍ എവിടെയെങ്കിലും തട്ടിയേക്കാനെന്നും പറഞ്ഞ് വണ്ടിക്കാര്‍ക്ക് നൂറു രൂപയും കൊടുത്തു.
ചൂടുവാര്‍ത്തകള്‍ കാണുന്നതിനാല്‍ തോമാച്ചന് രാത്രിയില്‍ നല്ല ഉറക്കം കിട്ടി.
ഫ്രിഡ്ജിന്റെ ഉള്ളിലെ തണുപ്പ് മനസ്സിലേക്ക് പകര്‍ന്നതിനാല്‍ മറിയാമ്മയും നല്ലതു പോലെ ഉറങ്ങി.
പിറ്റേന്നു രാവിലെ പതിവുപോലെ തോമാച്ചന് സോഫയിലിരുന്ന് പാല്‍ക്കാപ്പികുടിച്ച് ചാനലുകള്‍ മാറ്റി മാറ്റി വാര്‍ത്തകള്‍ കണ്ടു കൊണ്ടിരുന്നപ്പോള്‍ ചെറിയൊരു നെഞ്ചുവേദന തോന്നി. മറിയാമ്മയെ വിളിച്ചു. അടുക്കളയില്‍ തിരക്കിലായിരുന്നിട്ടും മറിയാമ്മ ഓടി വന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം .
മകന് എഴുന്നേറ്റിട്ടില്ല. അവന് മുറി അകത്തു നിന്നും അടച്ച് കിടന്നുറങ്ങുകയാണ്. മറിയാമ്മ പലപ്രാവശ്യം കതകില്‍ മുട്ടി വിളിച്ചു. ഉണരുന്ന ലക്ഷണമില്ല.
മറിയാമ്മ അയല്‍വക്കത്തെ വീട്ടിലേക്കോടി , തന്നെ പലപ്പോഴും സഹായിക്കാറുള്ള ചേട്ടന് രാമു അവിടെയുണ്ട്. ചേട്ടനോട് കാര്യം പറഞ്ഞു.
രാമു ഓടിപ്പോയി ടാക്സി വിളിച്ചു കൊണ്ടു വന്നു.
മകന് എന്നിട്ടും ഉണര്‍ന്നില്ല.
മറിയാമ്മയും രാമുവും ചേര്‍ന്ന് തോമാച്ചനെ ആശുപത്രിയില്‍ എത്തിച്ചു.
എമര്‍ജെന്‍സിയില്‍ പ്രവേശിപ്പിച്ചു.
അവിടെ നിന്നും ഐ.സി.യു വിലേക്ക് മാറ്റി. ആവശ്യമായ പരിശോധനകള്‍ വേഗം നടത്തി.
“രക്തക്കുഴലുകള്‍ക്ക് കാര്യമായ ബ്ലോക്കുണ്ട്. ഒരു ബൈപ്പാസ് സര്‍ജ്ജറി ഉടന്‍ നടത്തിയാല്‍ ജീവന് രക്ഷിക്കാം” ഡോക്ടര്‍ ഉറപ്പിച്ചു പറഞ്ഞു.
“താമസിക്കാന്‍ പാടില്ല ഉടന്‍ തന്നെ വേണം“
“മൂന്നു ലക്ഷം രൂപയാണ് ഓപ്പറേഷന് ചാര്‍ജ്ജ്, പേടിക്കേണ്ട 10% ഡിസ്കൌണ്ട് തരാം, പണം അഡ്വാന്‍സായികെട്ടി വെച്ചെങ്കില്‍ മാത്രമേ ഓപ്പറേഷന് നടക്കൂ ....”
രാമുവിനെ അവിടെ നിര്‍ത്തിയിട്ട് മറിയാമ്മ രൂപാ കൊണ്ടുവരാനായി വീട്ടിലേക്ക് പോയി.
ഐ.സി.യു വിനു മുമ്പില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്ന രാമുവും എങ്ങോട്ടോ പോയി.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും രോഗികളുടെ ബന്ധുക്കളെ ആരെയും കാണാത്തതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നേഴ്സ് രോഗിയുടെ വീട്ടിലേക്ക് ടെലിഫോണ്‍ ചെയ്തു.
“ നിങ്ങള്‍ ഡയല് ചെയ്യുന്ന നമ്പര്‍ നിലവിലില്ല, നമ്പര്‍ പരിശോധിക്കുക” എന്ന മറുപടിയാണ് കിട്ടിയത്.
വൈകിട്ട് വീണ്ടും വിളിക്കേണ്ടി വന്നു.
അതേ മറുപടി
“ നിങ്ങള്‍ ഡയല് ചെയ്യുന്ന നമ്പര്‍ നിലവിലില്ല, നമ്പര്‍ പരിശോധിക്കുക”
“ചാകാറായ വല്ല്യപ്പന്മാരെയും വല്ല്യമ്മമാരെയും ആശുപത്രിയിലാക്കി കടന്നു കളയുന്നത് ഇന്നത്തെ സ്ഥിരം പരിപാടിയാണ്. പേരും, അഡ്രസ്സും , ടെലിഫോണ്‍ നമ്പരും എല്ലാം തെറ്റിച്ചായിരിക്കും നല്‍കുക. ഈ മാസം ഇത് ആറാമത്തെ അനുഭവമാണിത് “ നേഴ്സ് പറഞ്ഞു.
“ ആരെങ്കിലും ബന്ധുക്കള്‍ ഈ ഫോറമൊന്ന് ഒപ്പിട്ടു തന്നിരുന്നെങ്കില്‍ മരിച്ച രോഗിയുടെ ‘ സ്പെയര്‍ പാട്സ് ‘ എങ്കിലും ഉപയോഗിക്കാമായിരുന്നു...” ഡോക്ടര്‍ ആരോടെന്നില്ലാതെ സ്വയം പറഞ്ഞു.
“ അനാഥര്‍ക്കൊക്കെ മരിക്കാന്‍ എന്റെ ഏരിയായേ ഉള്ളോ...... ഓരോന്നു വന്നോളും വെറുതേ പണിയുണ്ടാക്കാന്‍..... ശവമടക്കിന്റെ പണം ലാഭിക്കാന്‍ വേണ്ടി കണ്ടു പിടിച്ച മാര്‍ഗ്ഗം കൊള്ളാം......“ മുന്‍സിപ്പാലിറ്റിക്കാരന്‍ അഴുകിത്തുടങ്ങിയ ജഡം വണ്ടിയിലേക്ക് കയറ്റുമ്പോള്‍ പിറുപിറുത്തു.
പഴയ തോമാച്ചന്റെ വീട്ടില്‍ പുതിയ ടി.വി യ്ക്കു മുന്പില് സോഫയില്‍ പാല്‍ക്കാപ്പി കുടിച്ചുകൊണ്ടിരുന്ന പുതിയ തോമാച്ചന് പ്രാര്‍ത്ഥിച്ചു
“ദൈവമേ...... യന്ത്രങ്ങളൊന്നും കേടാകരുതേ...”
Saturday, November 24, 2007
Subscribe to:
Post Comments (Atom)
25 comments:
റിപ്പയര്‍ ചെയ്യുന്നതിലും ലാഭം പുതിയതു വാങ്ങുന്നതു തന്നെയാ.......
ഇക്കാലത്ത് ആരും പഴയ സാധനങ്ങള്‍ റിപ്പയര്‍ ചെയ്യാറില്ല......
കേടായാല്‍ വലിച്ച് ദൂരെയെറിഞ്ഞ് പുതിയത് വാങ്ങും......
ബാജിയേ തകര്‍ക്കുകയാണല്ലോ?
നല്ല കഥ. ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്ന ആരെങ്കിലുമായി സാദൃശ്യമുണ്ടോ?
ബാജി ഭായ്...
ഇന്നത്തെ കൈയടി ബാജിക്കിരിക്കട്ടെ........
ജീവിതത്തിന്റെ യാത്ഥാര്ത്യങ്ങളിലേക്കുള്ള ഒരു ചൂണ്ട് പലക...
ഇന്നിന്റെ കഥ....നാളെയുടെയും കഥ..
ശരാശരി ഒരു മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഒരു ജീവനുള്ള ചിത്രം വരച്ചിരിക്കയാണ് എഴുത്തുകാരന് അക്ഷരങ്ങളിലൂടെ ..പിന്നെ
കര്യങ്ങള്‍ അക്ഷരങ്ങളിലൂടെ വ്യക്തമാക്കുന്നതിലൂടെ ബാജി വീണ്ടും വിജയിച്ചിരിക്കുന്നു.
സമൂഹത്തിന്റെ ജീവിത പ്രശ്നങ്ങള്‍ പ്രഭാതത്തിലെ ഒരു ടീവിയില്‍ തുടങ്ങി.....യവനികയിലേക്ക് മറയും വരെ....ഈ കഥയില്‍ എല്ലാം പ്രതിപാദിക്കുന്നു.
മനോഹരമായിരിക്കുന്നു ബാജിയുടെ ഇ പുതിയത് വാങ്ങല്‍
പക്ഷേ ജീവന് മാത്രം പുതിയത് കിട്ടുന്നില്ലല്ലോ...എന്ന സത്യം വായനക്കാരന് സൂചന നല്ക്കുന്നു....ഈ വരികളിലൂടെ...
പഴയ തോമാച്ചന്റെ വീട്ടില്‍ പുതിയ ടി.വി യ്ക്കു മുന്പില് സോഫയില്‍ പാല്‍ക്കാപ്പി കുടിച്ചുകൊണ്ടിരുന്ന പുതിയ തോമാച്ചന് പ്രാര്‍ത്ഥിച്ചു
“ദൈവമേ...... യന്ത്രങ്ങളൊന്നും കേടാകരുതേ...”
നന്മകള് നേരുന്നു
ഉം. കൊള്ളാം.
ഇക്കാലത്ത് ആരും പഴയ സാധനങ്ങള്‍ റിപ്പയര്‍ ചെയ്യാറില്ല......
കേടായാല്‍ വലിച്ച് ദൂരെയെറിഞ്ഞ് പുതിയത് വാങ്ങും......
ബാജിമാഷെ.. ഇതും നന്നായി..
ലോകത്തിന്റെ ഭീകര മുഖങ്ങള്‍ വാര്‍ത്തയിലൂടെ കണ്ടിരുന്നയാള് ഒരു നിമിഷം കോണ്ടൊരു വാര്‍ത്തക്കു പോലും വിലയില്ലാത്തവനായി.
കഥ നന്നായിരിക്കുന്നു.
കഥ നന്നായി. പാവം, മനുഷ്യജീവന്!
ബാജി..
ഇപ്പോള്‍ പഴയ സാധനങ്ങള്‍ക്കാണു ഡിമാന്റ്, കണ്ടിട്ടില്ലെ പുതിയ വീടുകളില്‍ അലങ്കാര വസ്തുക്കളായി ഇരിക്കുന്ന് പൌരാണിക വസ്തുക്കള്‍ അതുപോലെ തോമാച്ചനെയും ഒന്നു പോളീഷ് ചെയ്തു വച്ചിരുന്നാല്‍ വരുന്നവര്‍..ങാഹാ കൊള്ളാം.. ഇതുപോലെയൊരെണ്ണം എന്റെ വീട്ടിലും ചെയ്യണമെന്ന് തീര്‍ച്ചയായും വിചാരിക്കും..!
തോമാച്ചന്റെ മോന് ഫുത്തിയില്ലാതായിപ്പോയല്ലൊ..!
കൊള്ളാം മാഷേ
:)
ബാജിയുടെ കഥകളില്‍ വച്ച് എനിക്കിഷ്ടപ്പെട്ടത് ഇതാണ്:)
ബാജീ, വളരെ നന്നായി :-) തോമാച്ചനെ എവിടെക്കൊണ്ട് എറിയുമോ ആവോ.
ടി.വി. ശരിയാക്കിയില്ലെങ്കിലും ബില്ലടക്കണം. വിശദമായി പരിശോധിച്ച് രോഗവിവരം പറഞ്ഞതിന്റെ ചാര്‍ജ്ജ് അഞ്ഞൂറ് രൂപാ.
കൊള്ളാം.
ഒരുപാടൂ ചിന്തിപ്പിക്കുന്ന കഥ...
കൊള്ളാം നന്നായിട്ടുണ്ട്
ഇക്കാലത്ത് ആരും പഴയ സാധനങ്ങള്‍ റിപ്പയര്‍ ചെയ്യാറില്ല......
കഥ നന്നായിരിക്കുന്നു.
ജീവിതം മാത്രം പുതിയത് വാങ്ങുവാനാകില്ല.
റിപ്പയര്‍ ചെയ്യുന്നത് ചിലവേറിയ കാര്യമാണ്. പിന്നെ കേടാകാതെ സൂക്ഷിക്കാനായി ശ്രമിക്കാം.
ദൈവമേ യന്ത്രങ്ങളൊന്നും കേടാകരുതെ.
ബാജി മാഷെ...
വളരെ നന്നായിരിക്കുന്നു..
ഇഷ്ടപ്പെട്ടു.
പുതിയ തോമാച്ചനെ എവിടുന്ന് ഒപ്പിച്ചു.
എക്സ്ചേഞ്ച് മേളയീന്നാ...?
അവിടെ പഴയവ കൊടുത്താല്‍ പുതിയതൊന്ന് കിട്ടും.
അഭിനന്ദനങ്ങള്‍
നല്ല കഥ
തുടരുക
പഴയ തോമാച്ചന്റെ വീട്ടില്‍ പുതിയ ടി.വി യ്ക്കു മുന്പില് സോഫയില്‍ പാല്‍ക്കാപ്പി കുടിച്ചുകൊണ്ടിരുന്ന പുതിയ തോമാച്ചന് പ്രാര്‍ത്ഥിച്ചു
“ദൈവമേ...... യന്ത്രങ്ങളൊന്നും കേടാകരുതേ...”
ബാജിയുടെ എല്ലാ കഥകളും വായിക്കാറുണ്ട്. കഥയെഴുത്ത് നന്നാവുന്നു എന്നുകാണുമ്പോള്‍ സന്തോഷവും തോന്നുന്നു.
എഴുതി എഴുതി തെളിയട്ടേ..
കഥകളെഴുതുമ്പോള്‍ വാക്കുകളില്‍ ശ്രദ്ധ ചെലുത്താന്‍ മറക്കരുത്. വെട്ടി മാറ്റാനാത്തവിധം വാക്കുകളും വരികളും ഇഴ ചേര്‍ന്നിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുമല്ലൊ.
കഥയുള്ള മനസ്സിലേ കഥ എഴുതാന്‍ പറ്റൂ.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
പഴയവയെ അപ്പാടെ പുറംതള്ളുന്ന/ഉപേക്ഷിക്കുന്ന പുതിയ പ്രവണത നന്നായി എഴുതിയിരിക്കുന്നു ബാജി
ഇന്നിന്റെ കഥ....
valare nallath
avatharanavum keamamaayi
congrats
നല്ല കഥ .
നന്നായി എഴുതിയ കഥ....
അഭിനന്ദനങ്ങള്‍.
പഴയ തോമാച്ചന്റെ വീട്ടില്‍ പുതിയ ടി.വി യ്ക്കു മുന്പില് സോഫയില്‍ പാല്‍ക്കാപ്പി കുടിച്ചുകൊണ്ടിരുന്ന പുതിയ തോമാച്ചന് പ്രാര്‍ത്ഥിച്ചു
“ദൈവമേ...... യന്ത്രങ്ങളൊന്നും കേടാകരുതേ...”
:-) nalla katha....
ഇഷ്ടമായി
ആശംസകള്‍
അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി പ്രകാശിപ്പിക്കുന്നു......
സസ്നേഹം
ബാജി ഓടംവേലി
അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി പ്രകാശിപ്പിക്കുന്നു......
സസ്നേഹം
ബാജി ഓടംവേലി
Post a Comment