Wednesday, November 14, 2007

ഒരു ഭ്രാന്തന്‍ രക്ഷപെടുന്നു (കഥ)

ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന ഈ കണ്‍‌സ്‌ട്രക്ഷന്‍ കമ്പനിയില്‍ ഓരോ ജോലിക്കാരെയും പറ്റി അന്വേഷിക്കുവാന്‍ ആര്‍‌ക്കാണു സമയമുള്ളത്. എല്ലാവര്‍‌ക്കും നമ്പര്‍ ഉള്ളതിനാല്‍ പേരു പോലും ഓര്‍‌ത്തു വെക്കേണ്ടകാര്യമില്ല. ഗള്‍ഫിലെ മിക്ക കമ്പനികളിലും ഇങ്ങനെതന്നെയാണ്.

സാം ശാന്ത പ്രകൃതക്കാരനാണ്. ആരോടും അധികം സംസാരിക്കാറില്ല. ഇരുപത്തെട്ടുവയസ്സുള്ള ദുഃശ്ശീലങ്ങളൊന്നും ഇല്ലാത്ത സുമുഖനായ ഒരു ചെറുപ്പക്കാരന്‍. അവന്‍‌ അക്കോമഡേഷനില്‍ ഒരു പ്രശ്‌നം ഉണ്ടാക്കിയെന്ന് പറഞ്ഞപ്പോള്‍ മാനേജര്‍‌ തോമസ്സിനു പോലും വിശ്വസിക്കാനായില്ല.

അക്കോമഡേഷനില്‍ ഒരു മുറിയില്‍ കിടക്കുന്ന പന്ത്രണ്ടു പേര്‍ക്കും വേണ്ടി ഒരു ടി.വി യുണ്ട്. സാം ടി. വി. യില്‍ ലൈവ് റിയാലിറ്റി ഷോ കണ്ടു കൊണ്ടിരുന്നപ്പോള്‍ മറ്റൊരാള്‍ ടി.വി യുടെ ചാനല്‍ മാറ്റി. സാം ചാടിയെഴുന്നേറ്റ് ചാനല്‍ മാറ്റിയവന്റെ ചെകിട്ടത്ത് പടക്കം പൊട്ടുന്ന ശബ്‌ദത്തില്‍ അടികൊടുത്തു. സാമില്‍ നിന്നും ഇത്തരം ഒരു പെരുമാറ്റം ആരും പ്രതീക്ഷിച്ചിരുന്നില്ല.

കമ്പനിയില്‍ പരാതി വന്നതിനെ തുടര്‍‌ന്ന് സാമിന് താക്കീതു നല്‍കി പറഞ്ഞയച്ചു. മാനേജര്‍ തോമസ്സ് അതിനു ശേഷമാണ് സാമിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചത്.

തിരുവല്ലാക്കാരന്‍ അച്ചായന്റെ ഒരേ ഒരു മകനാണ് സാം. സാമിന്റെ അപ്പനും കുറേക്കാലം ഗള്‍ഫില്‍ ജോലി ചെയ്‌തതാണ്. നല്ല സമയത്തു തന്നെ കിട്ടിയ ശമ്പളം കളയാതെ സൂക്ഷിച്ച് ഉള്ള സമ്പാദ്യവുമായി നാട്ടില്‍ തിരിച്ചെത്തി. റോഡരികിലുണ്ടായിരുന്ന തന്റെ സ്ഥലത്ത് ബഹുനിലയില്‍ കെട്ടിടം ഉണ്ടാക്കി . വാടകയിനത്തില്‍ത്തന്നെ നല്ല വരുമാനമുള്ള കുടുംബം. ഏതപ്പനും ആഗ്രഹിക്കുന്നതുപോലെ തന്റെ മകനേയും ഗള്‍ഫുകാരനാക്കുകയെന്നത് ആ അപ്പന്റെ വലിയ ആഗ്രഹമായിരുന്നു. ഗള്‍ഫുകാര്‍ക്ക് വിവാഹ മാര്‍ക്കറ്റില്‍ നല്ല ഡിമാന്റുള്ള സമയമായിരുന്നു അത്.

വിമാനം കയറിയാല്‍ ആരും ഗള്‍‌ഫുകാരാകും. സയിറ്റില്‍ ചുട്ടു പൊള്ളുന്ന വെയിലത്ത് പന്ത്രണ്ടു മണിക്കൂര്‍ പണിയെടുക്കുന്ന ലേബറും, ഓഫീസിലെ പ്യൂണും , മാനേജരും എല്ലാം ഗള്‍‌‌ഫുകാരനെന്ന ഒറ്റ ലേബലില്‍ അറിയപ്പെടുന്നവര്‍. ഇവിടെ എങ്ങനെ ജീവിച്ചാലും നാട്ടില്‍ അവധിക്കു ചെല്ലുമ്പോള്‍ കാണിക്കുന്ന പത്രാസിലാണ് നാട്ടുകാര്‍ ഗള്‍ഫുകാരന് മാര്‍ക്കിടുന്നത്. ലീവിനു പോകുമ്പോള്‍ കാണിക്കുന്ന ധൂര്‍‌ത്തിന്റെ ക്ഷീണം അടുത്ത ലീവായാലും തീരാറില്ലെന്നതാണ് സത്യം.

എന്നാലും സാമിനെ കണ്‍സ്‌ട്രക്ഷന്‍ സയിറ്റിലെ ഹെല്‍‌പ്പര്‍ പണിക്ക് വിടേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. നാട്ടില്‍ത്തന്നെ ജീവിക്കാനുള്ള വകകിട്ടുമായിരിന്നിട്ടും ഗള്‍ഫുകാരനെന്ന പേരിനു വേണ്ടി മാത്രം ഇവിടെ കല്ലും മണ്ണും ചുമ്മിക്കേണ്ട ആവശ്യമില്ലായിരുന്നു. ഈ കമ്പനിയില്‍ വന്നു പെട്ടാല്‍ വിസ്സായുടെ രണ്ടു വര്‍ഷത്തെക്കാലാവധി കഴിയാതെ തിരിച്ചു പോകുക ബുദ്ധിമുട്ടാണ്.

സാമിനെ എപ്പോള്‍ കണ്ടാലും എന്തോ വലിയ ആലോചനയിലാണെന്നു തോന്നും. പണിചെയ്യുന്ന കാര്യത്തിലൊന്നും മടിയില്ലായിരുന്നു. സയിറ്റിലൂടെ അര്‍ബാന ഉന്തിക്കൊണ്ടു നടക്കുമ്പോഴും, വലിയ കെട്ടിടത്തിന്റെ മുകളിലേക്ക് താത്ക്കാലിക ലിഫ്‌റ്റില്‍ സാധനങ്ങള്‍ കൊണ്ടു പോകുമ്പോഴും അവന്റെ മനസ്സ് അവിടെയെങ്ങുമായിരുന്നില്ല. ശരീരം കൊണ്ട് മാത്രം ജോലി ചെയ്യുന്നവര്‍ക്ക് മനസ്സിന്റെ ഉപയോഗം ഇല്ലെന്നുണ്ടോ ?

സാമിനെ അക്കോമഡേഷനില്‍ പിടിച്ച് കെട്ടിയിട്ടിരിക്കുന്ന വിവരം അറിഞ്ഞാണ് മാനേജര്‍ തോമസ്സും അവിടെ എത്തിയത്.

ജോലികഴിഞ്ഞ് അക്കോമഡേഷനില്‍ എത്തി, കുളി കഴിഞ്ഞ്, മെസ്സില്‍ നിന്നും ആഹാരം കഴിച്ച് ടി. വി. ക്കു മുമ്പില്‍ ഇരിക്കുന്നതുവരെ കുഴപ്പമൊന്നും ഇല്ലായിരുന്നു. ഡാന്‍‌സ് റിയാലിറ്റി ലൈവ് ഷോ കാണുകയായിരുന്നു. പെട്ടെന്ന് ചാടിയെഴുന്നേറ്റ് ഡാന്‍‌സ് ആരംഭിച്ചു. ശബ്‌ദം വളരെക്കൂട്ടി വെച്ചു. ശബ്‌ദത്തിനൊത്തു ചുവടുകള്‍ വെച്ചു. റിയാലിറ്റി ഷോ അവസാനിച്ചപ്പോള്‍ സാം മറ്റൊരു ഡാന്‍‌സ് പരിപാടിയിലേക്ക് ചാനല്‍ മാറ്റി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സാമിന്റെ ഡാന്‍സ് തുടരുകയാണ്. നിര്‍‌ത്താന്‍ ഭാവമില്ല. അടുത്തു ചെന്നവരെയൊക്കെ അടിച്ചു. സെക്യൂരിറ്റിക്കാര്‍ വന്നാണ് സാമിനെ കട്ടിലില്‍ പിടിച്ചു കിടത്തി കെട്ടിയത്. എന്നിട്ടും എന്തൊക്കയോ പുലമ്പുന്നുണ്ട്.

മാനേജര്‍ തോമസ്സ് കെട്ടഴിക്കാന്‍ പറഞ്ഞു.
കെട്ടഴിച്ചപ്പോള്‍ സാം വീണ്ടും ഡാന്‍‌സ് ആരംഭിച്ചു.
വീണ്ടും പിടിച്ച് കട്ടിലില്‍ കെട്ടിയിടാന്‍ വളരെ പണിപ്പെട്ടു.

അവിടെകൂടി നിന്ന കാഴ്‌ചക്കാരായ മറ്റു ജോലിക്കാര്‍ അടക്കം പറഞ്ഞു
“ സാമിന് ഭ്രാന്തു പിടിച്ചു “

ദിവസങ്ങളോളം സാമിന്റെ അവസ്ഥയില്‍ മാറ്റമൊന്നും ഉണ്ടായില്ല.

ദ്രാന്ത് എന്ന ഒറ്റക്കാരണത്താലാണ് ഈ കമ്പനിയില്‍ നിന്നും ഇതിനു മുമ്പൊരാള്‍ രണ്ടു വര്‍ഷം തികയ്‌ക്കുന്നതിനു മുമ്പേ തിരികെപ്പോയത്.

സാമിനേയും നാട്ടിലേക്കു കയറ്റി അയയ്‌ക്കുകയല്ലാതെ കമ്പനിക്കു വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ലീവിനു പോകുന്ന രണ്ടാളെയും കൂട്ടി വളരെ ബുദ്ധിമുട്ടിയാണ് തിരിച്ചയച്ചത്. യാത്രക്കിടയില്‍ വിമാനത്തില്‍ വെച്ച് പ്രശ്‌നമൊന്നും ഉണ്ടാക്കാതിരിക്കാനുള്ള ശക്‌തിയേറിയ മരുന്നും കുത്തി വെച്ചിരുന്നു.

മാനേജര്‍ തോമസ്സിന് എന്നിട്ടും സംശയം. സാമിന് ഭ്രാന്തുണ്ടായിരുന്നോ ? അതോ ഇവിടുത്തെ ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷപെടാനായി അഭിനയിക്കുകയായിരുന്നോ ?

അഭിനയമാണെങ്കിലും അസ്സലായി....
അവനെങ്കിലും രക്ഷപെട്ടല്ലോ..........

മാസങ്ങള്‍ക്കു ശേഷം തോമസ്സ് ഓഫീസ്‌ തിരക്കിലായിരിക്കുമ്പോഴാണ് നാട്ടില്‍ നിന്നും പഴയ ഒരു കൂട്ടുകാരന്റെ ഫോണ്‍ വന്നത്.

കൂട്ടുകാരന്റെ ഏക മകള്‍‌ക്കൊരു വിവാഹ ആലോചന. പയ്യന്‍, തോമസ്സ് ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നും അവധിക്കു വന്നിരിക്കുകയാണ്. പേര്‌ :- സാം , തിരുവല്ലയിലാണ് വീട്. അവന്റെ ജോലി എങ്ങനെയുണ്ട് ? സ്വഭാവം എങ്ങനെയാണ് എന്നൊക്കെ അറിയാനാണ് വിളിച്ചത്.

ബിസ്സിയാണ് പിന്നെ വിളിക്കാമെന്നും പറഞ്ഞ് തോമസ്സ് ഫോണ്‍ വെച്ചു.

തോമസ്സിന് മറുപടിയൊന്നും കൊടുക്കുവാനായില്ല.
എന്താണ് മറുപടികൊടുക്കേണ്ടത് ?
അവന്റെ ജോലി നഷ്‌ടപ്പെട്ടെന്നോ ......
ജോലി നഷ്‌ടപ്പെടാന്‍ കാരണം മാനസിക രോഗമാണെന്നോ ......

പിന്നീട് ഒന്നു രണ്ടു പ്രാവശ്യം കൂട്ടുകാരന്റെ ഫോണ്‍‌കോള്‍ നാട്ടില്‍ നിന്നും വന്നപ്പോള്‍ മനഃപൂര്‍‌വ്വം ഒഴിഞ്ഞു മാറി.

പിന്നീട് കൂട്ടുകാരനെ വിളിച്ചപ്പോള്‍ കല്ല്യാണ നിശ്‌ഛയം കഴിഞ്ഞിരുന്നു. ഇനിയും തോമസ്സിന്റെ മറുപടിയുടെ ആവശ്യം ഇല്ലല്ലോ.

കല്ല്യാണത്തിന്റെ ഒരാഴ്‌ചക്കു ശേഷം തോമസ്സ് കൂട്ടികാരനെ ഫോണില്‍ വിളിച്ചു. കല്ല്യാണത്തിനു ചെല്ലാഞ്ഞതിലുള്ള ഖേദം പ്രകടിപ്പിച്ചു.

മരുമകന്‍ സാമിനെപ്പറ്റിത്തിരക്കി.
“മോളു പറഞ്ഞു അവന്നു ഭ്രാന്താണെന്ന്‌ “

ഇതു കേട്ട് തോമസ്സ് ഒന്നു ഞെട്ടിയെങ്കിലും അടുത്ത വാചകം കേട്ടപ്പോള്‍ ഞെട്ടല്‍ മാറി.

“ ആദ്യ ദിനങ്ങളിലൊക്കെ ആര്‍ക്കാ ഭ്രാന്തില്ലാത്തത്....... ക്രമേണ മാറിക്കോളും “
ഇരുവരും ചിരിച്ചു.

ആറുമാസത്തിനു ശേഷം തോമസ്സ് കൂട്ടുകാരനെ ഫോണില്‍ വിളിച്ചപ്പോള്‍ കൂട്ടുകാരന്റെ മകളെയാണ് ഫോണില്‍ കിട്ടിയത്.

“ അങ്കിളേ, സാമിന് ഭ്രാന്ത് വളരെക്കൂടുതലാ.... അച്‌ഛനെപ്പോലും വീട്ടില്‍ നിന്നും ഇറക്കി വിട്ടു...... അങ്കിളിനറിയാമായിരുന്നോ സാമിന് ഭ്രാന്തായിരുന്നെന്ന്‌ ? എന്നിട്ടും അങ്കിള്‍ ഒരുവാക്കു പറഞ്ഞില്ലല്ലോ ..... “

അവള്‍ വീണ്ടും എന്തൊക്കയോ പറഞ്ഞ് കരഞ്ഞു.

തോമസ്സ് മറുപടിയൊന്നും പറയാതെ ഫോണ്‍ കട്ടു ചെയ്‌തു.

തോമസ്സിനു പശ്ചാത്താപം തോന്നി. ഒരു ഭ്രാന്തനെ ആ പാവം പെണ്ണിന്റെ തലയില്‍ കെട്ടി വെച്ചല്ലോ ? കല്ല്യാണത്തിനു മുന്‍‌പ് താനൊരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ആ പെണ്‍‌കൊച്ചിന് ഈ ഗതി വരില്ലായിരുന്നു. ഇനിയും പറഞ്ഞിട്ടെന്താകാര്യം എല്ലാം വിധിയെന്നു പറഞ്ഞു സമാധാനിക്കാം.

മാസങ്ങള്‍ക്കു ശേഷം തോമസ്സ് അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ തിരുവല്ലായില്‍ വെച്ച് സാമിനെക്കണ്ടു.

ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ എന്തോ സാധനം വാങ്ങാന്‍ കയറിയതാണ്.
ആ സൂപ്പര്‍ മാര്‍ക്കറ്റ് സാമിന്റേതാണെന്ന് വിശ്വസിക്കാന്‍ തോമസ്സിനായില്ല.
സാം സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓഫീസില്‍ ഇരുത്തി തോമസ്സിന് ചായയും ബിസ്‌ക്കറ്റും കൊടുത്തു.

“ നിനക്ക് അസുഖം എങ്ങനെയുണ്ട്...... കുറവുണ്ടോ ?.....”
“ എനിക്ക് അസുഖമോ ! ..... ഓ.... സാറേ..... എനിക്കസുഖമൊന്നും ഇല്ലായിരുന്നു. അവിടെ നിന്നും രക്ഷപെടാന്‍ വേണ്ടിയുള്ള വെറും അഭിനയം മാത്രമായിരുന്നു അത്.”

“ നിന്റെ ഭാര്യയും പറഞ്ഞല്ലോ നിനക്ക് അസുഖമാണെന്ന്.....”

“ ഓ........ അവളുടെ കാര്യം ഒന്നും പറയേണ്ട അവള്‍ക്ക് മുഴു ഭ്രാന്തായിരുന്നു. ഞാന്‍ വിവാഹമോചനം നേടി. അവര്‍ക്ക് പാരമ്പര്യമായി ഭ്രാന്തുള്ളവരാ.... അവളുടെ വല്ല്യമ്മപോലും ഭ്രാന്തു വന്നാ മരിച്ചത്. അവളുടെ അപ്പന്‍ ഭ്രാന്തു മൂത്ത് വീടുവിട്ട് എങ്ങോട്ടോ ഇറങ്ങി പോയി.“

തോമസ്സ് ചായയും ബിസ്‌ക്കറ്റും കഴിച്ച് വേഗം ഇറങ്ങി നടന്നു. ഒന്നു തിരിഞ്ഞു നോക്കി ‘സാംസ്‌ സൂപ്പര്‍ മാര്‍ക്കറ്റ്’ എന്ന വലിയ ബോര്‍ഡ് വായിച്ചു. ഇത്രയും വലിയ സൂപ്പര്‍മാര്‍ക്കറ്റ് നോക്കി നടത്താന്‍ ഒരു ഭ്രാന്തനെക്കൊണ്ടാകുമോ ?

സത്യത്തില്‍ ആര്‍‌ക്കാണു ഭ്രാന്തുള്ളത് ?

37 comments:

ബാജി ഓടംവേലി said...

സാം ടി. വി. യില്‍ ലൈവ് റിയാലിറ്റി ഷോ കണ്ടു കൊണ്ടിരുന്നപ്പോള്‍ മറ്റൊരാള്‍ ടി.വി യുടെ ചാനല്‍ മാറ്റി. സാം ചാടിയെഴുന്നേറ്റ് ചാനല്‍ മാറ്റിയവന്റെ ചെകിട്ടത്ത് പടക്കം പൊട്ടുന്ന ശബ്‌ദത്തില്‍ അടികൊടുത്തു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇനി ഇതു വായിക്കുന്നവര്‍ക്കോ മറ്റോ ആണോ ഭ്രാന്ത്!!?
:)

Typist | എഴുത്തുകാരി said...

അതു തന്നെയാ ഇപ്പോ എന്റെയും സംശയം, ആര്‍ക്കാ, ഭ്രാന്തു്?

അലി said...

ബാജി സാറെ...
വായിച്ചു പിരാന്തു പിടിച്ചു...
സാമിനു പ്‌രാന്തു വന്നതു ടിവിയിലെ റിയാലിറ്റി ഷോ കണ്ടിട്ടൊ?
എസ്സെമ്മെസ്‌ അയച്ചു കാശ്‌ പോയിട്ടോ?

കുഞ്ഞന്‍ said...

എന്നെയും ഭ്രാന്തനാക്കല്ലെ...:(

Murali K Menon said...
This comment has been removed by the author.
Murali K Menon said...

തോമസ് ഭ്രാന്ത് പുറത്ത് കാട്ടാതെ നടക്കുന്നു. ചിലര്‍ക്ക് ചില സമയങ്ങളില്‍ അത് പുറത്ത് വരുന്നു. എന്നാല്‍ ചിലരുടെ ഭ്രാന്ത് അകത്തിരുന്ന് മറ്റുള്ളവരെ നിരന്തരം ആക്രമിക്കുകയും പുറത്ത് സുസ്മേരവദനരായ് ഇരിക്കുകയും ചെയ്യും. അപ്പോള്‍ ചുരുക്കത്തില്‍ ഭ്രാന്തില്ലാത്തവരില്ലെന്ന് അര്‍ത്ഥം.

അസ്സലായ് ബാജിയുടെ റിയാലിറ്റി കഥ. അഭിനന്ദനങ്ങള്‍

Unknown said...

realli confusing...3-4 പ്രാവശ്യം വായിച്ചുനോക്കി

സഹയാത്രികന്‍ said...

എന്റെ മാഷേ...
എനിക്കൊന്നും പറയാനില്ല...
ആര്‍ക്കാ ഭ്രാന്ത്... ? ആര്‍ക്കാ ഭ്രാന്തില്ലാത്തെ...?
ഇനിയിപ്പൊ ചാത്തന്‍ പറഞ്ഞപോലെ....

:)

ശ്രീ said...

കണ്‍‌ഫ്യൂഷനാക്കി. ആര്‍ക്കാ ഇപ്പൊ ഭ്രാന്ത്?

Sherlock said...

ബാജിയേട്ടാ....എനിക്കും വട്ടായി..:)

കഥ നന്നായിരിക്കുന്നു..

വല്യമ്മായി said...

ഭ്രാന്തിനെ കുറിച്ചൊരു കുറുങ്കഥ ഇവിടെ.

Anonymous said...

അല്ലാ ഇപ്പോള്‍ ആര്ക്കാ ഭ്രാന്തില്ലാത്തെ ;)

ഗിരീഷ്‌ എ എസ്‌ said...

മനോഹരമായി...
ഇനിയും എഴുതുക
ആശംസകള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആര്‍ക്കാ ഭ്രാന്ത്?

:)

ദിലീപ് വിശ്വനാഥ് said...

എനിക്ക് ഇതുവരെ ഭ്രാന്തു ഇല്ലാത്തതുകൊണ്ട്‌ ഒരു കാര്യം പറയെട്ടെ, സംഭവം എന്തോ എനിക്ക് ഇഷ്ടപെട്ടില്ല.

പ്രയാസി said...

എന്തായാലും ഭ്രാന്തുള്ളവര്‍ എപ്പോഴും അതില്ലെന്നെ പറയു..!
നമ്മടെ വാല്‍മീകിമാഷെപ്പോലെ..;)
എനിക്കിത്തിരി ഭ്രാന്തുണ്ട്..ഇഷ്ടപ്പെട്ടു..കൊള്ളാം.

ആവനാഴി said...

മാഷെ,

മാഷുടെ കഥനങ്ങള്‍ വായിക്കാറുണ്ട്. നല്ല ഒഴുക്കുള്ള ശൈലി. എനിക്കിഷ്ടമാണു.

അല്ലാ, ഇതില്‍ ആര്‍ക്കാ ഭ്രാന്ത്?

സസ്നേഹം
ആവനാഴി

Sethunath UN said...

ഈ കഥയിലുള്ള പോലെ ഭ്രാന്തഭിനയിച്ച് സൌദിയില്‍ നിന്നും ചാടിപ്പോയ ഒരാളെ എനിയ്ക്കറിയാം. വലിയ പൈസക്കാരനൊന്നു മല്ലെങ്കിലും കുടുംബവുമായി സുഖമായി ജീവിയ്ക്കുന്നു.

കഥ ന‌ന്നായി. സമാന സംഭവം നേരിട്ടറിവുള്ളതുകൊണ്ട് പ്രത്യേകിച്ചും. അവസാന‌ത്തെ ട്വിസ്റ്റില്‍ ആണെന്നു തോന്നുന്നു വായിച്ചവ‌ര്‍ വട്ടായിപ്പോയത്.

തെന്നാലിരാമന്‍‍ said...

ഹോ...ഒരു തവണകൂടി വായിച്ചിരുന്നേല്‍...എനിക്കും ഭ്രാന്തായേനേ...:-)

ബാജിഭായ്‌, സാം പുലി തന്നെ...

ഏ.ആര്‍. നജീം said...

ബാജി ഭായ്,

പതിവ് പോലെ പച്ചയായ പ്രവാസ ജീവിതം താങ്കള്‍ പകര്‍ത്തിയെഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍..

യാത്രിക / യാത്രികന്‍ said...

എനിക്കും അറിയാം മനോരോഗം അഭിനയിച്ച് പ്രവാസം അവസാനിപ്പിച്ച് തിരികെപ്പോയ ഒരാളെ അദ്ദേഹവും നാട്ടില്‍ സുഖമായി ജീവിക്കുന്നുണ്ടാകും. പ്രവാസം നല്‍‌കിയ പാഠങ്ങളാകാം സൂപ്പര്‍മാര്‍‌ക്കറ്റ് ഭംഗിയായി നടത്തിക്കൊണ്ടു പോകാന്‍ സാമിനെ പ്രാപ്‌തനാക്കിയത്.
നല്ല കഥ. തുടരുക.

Kaithamullu said...

അല്ലെങ്കിലും ഈ റിയാലിറ്റി ഷോ ഒക്കെ കണ്ടുകൊണ്ടിരുന്നാല്‍ ആര്‍ക്കാ ഭ്രാ‍ന്ത് വരാത്തേ?

ഗള്‍ഫുകാരന്‍ നാട്ടി പോയി കെട്ടി, നാട്ടീ തന്നെ സ്ഥിരമായി നിന്നാ പെണ്ണിനെങ്ങനാ ഭ്രാന്ത് പിടിക്കാതിരിക്കുന്നത്?

ഈ ഭ്രാന്ത് കഥ എഴുതിയപ്പൊ ഒരു കുഴപ്പോം ഇല്ലായിരുന്നൂ, ല്ലേ?, പിന്നെ വായിച്ചപ്പഴെന്താ ഒരു....

മന്‍സുര്‍ said...

ബാജിഭായ്‌...

കഥ വളരെ മനോഹരമായിരിക്കുന്നു....എഴുത്തിന്റെ വിജയമാണിത്‌
കഥ വായിച്ചപ്പോല്‍ പലപ്പോഴും കഥക്കുളിലേക്ക്‌ അറിയാതെ ഉഴ്‌ന്നിറങ്ങിയൊരവസ്ഥ. ജീവിതത്തിന്റെ ഓരോ വ്യത്യസ്ത മേഘലകളിലൂടെയുള്ള സഞ്ചാരം അവസാനമെത്തി നില്‍ക്കുന്ന ഭ്രാന്ത്‌ ഒരു പക്ഷേ ജീവിതത്തിന്റെ കടന്നുപോയ വഴികളൊടെ രേഖചിത്രങ്ങളായിരിക്കണം അല്ലേ. ശരിയാണ്‌ ആര്‍ക്കോ വേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുന്ന പ്രവാസം നാമോരോരുത്തരിലും ഓരോ ഭ്രാന്ത്‌ ഉളവാക്കുന്നു. അതെ ഇവിടെ സാംമിനും സംഭവിച്ചത്‌ മറ്റൊന്നല്ല.
നിനക്ക്‌ ഭ്രാന്താണെന്ന്‌ ഞാന്‍ പറഞ്ഞാല്‍ എനിക്കോ ഭ്രാന്ത്‌..?
അതോ കേള്‍ക്കുന്ന നിങ്ങള്‍ക്കോ ഭ്രാന്ത്‌.....??

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ദൈവം said...

വഴിയില്‍ ഭയക്കേണ്ടാത്തതായി തുടങ്ങിയോന്നൊരു ശങ്ക...

ശ്രീഹരി::Sreehari said...

സംഭവ്യം..... എനിക്കിഷ്ടമായി

Anonymous said...

Vaayichchu
aarkkanu ittiri vattillate
bajikkum enikkum ningalkum
Thanks
Teena Mathew

Anonymous said...

ഭ്രാന്തനാവുക എന്നു പറഞ്ഞാല്‍ ലോകത്തിന് മനസ്സിലാകാതെ പോകുന്ന സ്വന്തം ശരികളിലേക്ക് സഞ്ചരിക്കുക എന്നാണര്‍‌ത്ഥം. അവന്റെ ശരികള്‍ ലോകം അംഗീകരിക്കാന്‍ ശ്രമിക്കാത്തിടത്തോളം കാലം അവന്‍ ഭ്രാന്തനായിരിക്കും.
ഭ്രാന്ത് = സ്വന്തം ശരിയിലേക്കുള്ള യാത്ര.

simy nazareth said...

ഹി ഹി ഹി ഹി

ഈ പോസ്റ്റിലെ ആദ്യത്തെ കമന്റ് എന്റെ

തേങ്ങ ഠേ

ഹി ഹി ഹി ഹി

സജീവ് കടവനാട് said...

ha ha simikku bhraanthaayi.

baajiyEttan kathha nannaayi.

ഡാന്‍സ്‌ മമ്മി said...

വായിച്ചു നല്ല കഥ
തുടരുക.

ശ്രീവല്ലഭന്‍. said...

കൊള്ളാം. ഒരു ചെറിയ കണ്ഫുഷന്‍് അടിപ്പിച്ചു...

IVY said...

നിഷ്‌കളങ്കമായി അവതരിപ്പിക്കപ്പെട്ട ഭ്രമാത്മക കഥ! ഇഷ്ടമായി..അഭിനന്ദനങ്ങള്‍!

ഹരിശ്രീ said...

തോമസ്സ് ചായയും ബിസ്‌ക്കറ്റും കഴിച്ച് വേഗം ഇറങ്ങി നടന്നു. ഒന്നു തിരിഞ്ഞു നോക്കി ‘സാംസ്‌ സൂപ്പര്‍ മാര്‍ക്കറ്റ്’ എന്ന വലിയ ബോര്‍ഡ് വായിച്ചു. ഇത്രയും വലിയ സൂപ്പര്‍മാര്‍ക്കറ്റ് നോക്കി നടത്താന്‍ ഒരു ഭ്രാന്തനെക്കൊണ്ടാകുമോ ?

സത്യത്തില്‍ ആര്‍‌ക്കാണു ഭ്രാന്തുള്ളത് ?
ബാജിഭായ്,

നല്ല കഥ .

ബാജി ഓടംവേലി said...

കുട്ടിച്ചാത്തന്‍,
എഴുത്തുകാരി,
അലി,
കുഞ്ഞന്‍,
മുരളി മേനോന്‍,
ആഗ്നേയ,
സഹയാത്രികന്‍,
ശ്രീ,
ജിഹേഷ് എടക്കൂട്ടത്തില്‍,
വല്ല്യമ്മായി,
മഞ്ഞുതുള്ളി,
ദ്രൌപതി,
പ്രിയാ ഉണ്ണികൃഷ്‌ണന്‍,
വാല്‍‌മീകി,
പ്രയാസി,
ആവനാഴി,
നിഷ്‌ക്കളങ്കന്‍,
തെന്നാലിരാമന്‍,
നജിം ഭായ്,
യാത്രികന്‍,
കൈതമുള്ള്‌,
മന്‍സൂര്‍,
ദൈവം,
ശ്രീഹരി,
റ്റീനാ മാത്യു,
സിമി,
കിനാവ്,
ഡാന്‍സ്‌ മമ്മി,
ആനന്ദ്‌കുറുപ്പ്,
രാമു,
ഹരിശ്രീ,
തുടങ്ങി അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.
മനോരോഗം അഭിനയിച്ച് പ്രവാസം അവസാനിപ്പിച്ച് തിരികെപ്പോയ ഒരാളെ എനിക്കറിയാം. അദ്ദേഹം നാട്ടില്‍ സുഖമായി ജീവിക്കുന്നുണ്ടാകും. ഇങ്ങനെ അഭിനയിക്കേണ്ടി വരുന്നവര്‍‌ക്കായ് ഈ കഥ സമര്‍‌പ്പിക്കുന്നു.
നന്ദി നന്ദി നന്ദി...............

പി.സി. പ്രദീപ്‌ said...

ശ്രീ ബാജി,
കാമ്പുള്ള് കഥ.വളരെ ഇഷ്ടപ്പെട്ടു.ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍.

ബാജി ഓടംവേലി said...

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നു......
സസ്‌നേഹം
ബാജി ഓടംവേലി