Sunday, November 11, 2007

കുട്ടിയുടുപ്പും കളിപ്പാട്ടവും

ഇക്കാലത്ത് ഉപകാരം ചെയ്യാന്‍ ഓരോ മലയാളിയും പേടിക്കും. ആര്‍‌ക്കൊക്കെ ഉപകാരം ചെയ്‌തിട്ടുണ്ടോ, അവരാണ് കൂടുതല്‍ ഉപദ്രവങ്ങള്‍ തിരികെ നല്‍‌കിയിട്ടുണ്ടെന്നതാണ് അനുഭവപാഠം.

പക്ഷേ വര്‍ഗീസ് അങ്ങനെയല്ല. നല്ല മനസ്സുള്ളവനാണ്. ആവശ്യങ്ങളിലിരിക്കുന്നവരെ സഹായിക്കാന്‍ അവന്‍ എപ്പോഴും ഉണ്ടാകും. ഇത്ര ലോല ഹൃദയരെ ഇക്കാ‍ലത്ത് കണ്ടെത്തുക പ്രയാസമാണ്.

ഈ ഗള്‍ഫില്‍ വര്‍‌ഗീസിന്റെ കമ്പനിയില്‍ തന്നെയാണ് സുനീഷും ജോലി ചെയ്യുന്നത്. താന്‍ അകൌണ്ടന്റായി ജോലി ചെയ്യുന്ന കമ്പനിയില്‍ ഒരു കാര്‍‌പെന്ററുടെ ഒഴിവ് വന്നപ്പോള്‍ കൂടെ പഠിച്ച സ്വന്തം നാട്ടുകാരനായ സുനീഷിന് വിസ്സാ ശരിയാക്കിക്കോടുക്കാന്‍ വര്‍‌ഗീസിനു തോന്നി.

രാവിലെ ഓഫീസില്‍ ഒരു ചായകുടിച്ചു കഴിഞ്ഞ് വീണ്ടും ഫയലുകളെടുത്തപ്പോളാണ് നാട്ടില്‍ നിന്നും സുനീഷിന്റെ അച്‌ഛന്‍ വര്‍ഗീസിനെ ഫോണില്‍ വിളിച്ചത്.

സുനീഷിന്റെ ആറുമാസം പ്രായമുള്ള കുഞ്ഞ്‌ മരിച്ചു പോയ വിവരം അവനെ അറിയിക്കാന്‍ പറഞ്ഞു. വലിയ അസുഖമൊന്നും ഇല്ലായിരുന്നു. ചെറിയൊരു പനി വന്നു ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ മരിച്ചു പോയി.

സുനീഷിന്റെ ഓരേ ഒരു മകനാണ്. കഴിഞ്ഞ മാസം വന്ന ഫോട്ടോയും അവനെല്ലാവരെയും കൊണ്ടു നടന്നു കാണിച്ചിരുന്നു. അതു കണ്ടവരുടെ ആരുടേയും മനസ്സില്‍ നിന്നും ആ പുഞ്ചിരിക്കുന്ന മുഖം ഇനിയും മാ‍ഞ്ഞിട്ടില്ല.

എങ്ങനെയാണ് ഈ ദുഃഖ വാര്‍ത്ത അവനെ അറിയിക്കുക?
അവന്റെ പ്രതികരണം എന്തായിരിക്കും?

വര്‍ഗീസ് സൈറ്റിലുള്ള ഹിന്ദിക്കാരന്‍‌ സൂപ്പര്‍‌വൈസറെ വിളിച്ച്‌ സുനീഷിന്റെ കൈയ്യില്‍ ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു.

“സുനീഷ്, നാട്ടില്‍ നിന്നും അച്‌ഛന്‍ വിളിച്ചിരുന്നു......... നീ വിവരം അറിഞ്ഞോ ?”
“ഞാന്‍ അറിഞ്ഞു............ ഞാന്‍ നാട്ടിലേക്ക് വിളിച്ചിരുന്നു”
“നീ നാട്ടില്‍ പോകുന്നുണ്ടോ ?”
“ഓ ഇല്ല......... ഒരുമാസം കഴിയുമ്പോള്‍ പോകാന്‍ ലീവ് സാങ്ങ്‌ഷനായിട്ടുണ്ട് അന്നേരമേ പോകുന്നുള്ളു. ഞാന്‍ പോയിട്ടവിടെ എന്തു ചെയ്യാനാ ഞാന്‍ അയയ്‌ക്കുന്ന പണത്തിനാണവിടെ ആവശ്യം”

വര്‍ഗീസ് ഫോണ്‍ വെച്ചു.
സുനീഷ് പണി തുടര്‍‌ന്നു.
ഏതൊരു പ്രവാസിയേക്കാളും വില അവനയയ്‌ക്കുന്ന പണത്തിനാണെന്നത് സത്യമാകാം. എങ്കിലും സ്വന്തം കുരുന്നിന്റെ മുഖം അവസാനമായി ഒന്നു കാണുവാന്‍ ആഗ്രഹമില്ലാത്തവന്‍, ഇവനെന്താ മൃഗമാണോ?

ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത കുഞ്ഞിനെ അവസാനമായിട്ടൊന്നു കാണാന്‍ പോകുന്നില്ല പോലും. സുനീഷ് ആവശ്യപ്പെട്ടാന്‍ എമര്‍‌ജെന്‍സി ലീവ് കിട്ടുമായിരുന്നു.

സുനീഷിന്റെ അടുത്ത വീട്ടിലേക്ക് വര്‍ഗീസ് ഫോണ്‍ ചെയ്‌തു.
ഇവിടെ നിന്നുള്ള മറുപടിക്കായി അവര്‍ കാത്തിരിക്കുകയായിരുന്നു.
സുനീഷിന്റെ അച്‌ഛനുമായി സംസാരിച്ചു.

“ ഞാന്‍ സുനീഷുമായി സംസാരിച്ചു. സുനീഷിന് ഇപ്പോള്‍ നാട്ടില്‍ വരാന്‍ സാധിക്കുകയില്ല. കമ്പനിയില്‍ നിന്നും ലീവു കിട്ടാന്‍ യാതൊരു വഴിയുമില്ല. ബോഡി മറവു ചെയ്‌തോളൂ. “

അവര്‍ക്ക് പിന്നെ ആരെയും കാക്കുവാനില്ലായിരുന്നു. ശവസംസ്‌കാരം അന്നു തന്നെ നടത്തി.

വര്‍‌ഗീസ് ഡ്യൂട്ടി കഴിഞ്ഞ് വൈകിട്ട് കമ്പനി അക്കൊമഡേഷനില്‍ എത്തിയപ്പോഴേക്കും കുളിച്ചൊരുങ്ങി പുറത്തുപോകാന്‍ നില്‍ക്കുന്ന സുനീഷിനെക്കണ്ടു.

“നീ എവിടേക്കാ”
“ഞാന്‍ ടൌണില്‍ വരെ ഇത്തിരി ഷോപ്പിങ്ങുണ്ട്”

സുനീഷിനെ കാറില്‍ക്കയറ്റി ടൌണിലേക്ക് പോകുമ്പോള്‍ വര്‍ഗീസ് അവനെ മനസ്സില്‍ ശപിച്ചു.

ഇവനെന്തൊരു സൃഷ്‌ടിയാ ....
സ്വന്തം കുഞ്ഞിന്റെ മരണ ദിവസവും ഷോപ്പിങ്ങിനു നടക്കുന്നു......
ഹൃദയമില്ലാത്തവന്‍.......

കുട്ടികള്‍ക്കുള്ള ഉടുപ്പുകളും കളിപ്പാട്ടങ്ങളും വില്‍‌ക്കുന്ന കടയുടെ മുമ്പില്‍ വണ്ടി നിര്‍‌ത്താന്‍ പറഞ്ഞു.

വണ്ടി നിര്‍ത്തിയപ്പോഴെ സുനീഷ് കടയിലേക്ക് കയറിപ്പോയി

വര്‍‌ഗീസ് വണ്ടി പാര്‍ക്കു ചെയ്‌തു കടയിലേക്ക് പോകുമ്പോള്‍ ആലോചിച്ചു. എന്താ ഇവനു മാനസിക രോഗത്തിന്റെ തുടക്കമാണോ? ഇവന്റെ ഒരേ ഒരു കുട്ടിയാണല്ലോ ഇന്നു രാവിലെ മരിച്ചു പോയത്. പിന്നെ ഇവന്‍ ആര്‍‌ക്കാണ് കുട്ടിയുടുപ്പും കളിപ്പാട്ടവും വാങ്ങാന്‍ വന്നിരിക്കുന്നത്. മകന്‍ മരിച്ച ആഘാതത്തില്‍ മനസ്സിന്റെ സമനിലതെറ്റിയോ ?

സുനീഷ് ഒരു ലൈറ്റ് മെറൂണ്‍ കളര്‍ കുട്ടിയുടുപ്പെടുത്ത് ഉയര്‍ത്തിക്കാണിച്ചു കൊണ്ട്‌ ചോദിച്ചു.

“നോക്കൂ ഈ കളര്‍ എന്റെ മോനു ചേരുമോ ? ഇതിന് ഒരല്പം വലിപ്പം കൂടുതലാ..... എങ്കിലും സാരമില്ല ഒന്നര വയസ്സു വരെയെങ്കിലും ഇടാം”

“എടാ സുനീഷേ നിനക്കെന്തു പറ്റി”
“എന്തു പറ്റാനാ....., ഞാന്‍ അടുത്തമാസം ലീവിനു പോകുവല്ലേ എന്റെ മോന്‍ എന്റെ സമ്മാനത്തിനായ് കാത്തിരിക്കും”
“നീ രാവിലെ വീട്ടിലേക്ക് ഫോണ്‍ ചെയ്‌തെന്നു പറഞ്ഞിട്ട്”
“അതെ ഞാന്‍ ഫോണ്‍ ചെയ്‌തിരുന്നു”
“ഞാന്‍ അറിഞ്ഞോന്നു ചോദിച്ചപ്പോള്‍ നീ അറിഞ്ഞെന്നു പറഞ്ഞു”
“അതെ അച്‌ഛന്‍ പറഞ്ഞിരുന്നു, അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു, അമ്മയ്‌ക്ക് അടുത്ത മാസം ഒരു ഓപ്പറേഷന്‍ വേണ്ടി വരും കുറേ പണം അത്യാവശ്യം വേണമെന്ന്. ഞാന്‍ അടുത്തമാസം നാട്ടില്‍ ചെല്ലുമ്പോള്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞിട്ടുണ്ട്”

“അല്ല നിന്റെ മോന്റെ കാര്യം”
“ ഇല്ല ഞാനൊന്നും അറിഞ്ഞില്ല.... എന്താ‍..... എന്തുണ്ടായി.... അവനുവല്ല അസുഖവും.....”

വര്‍ഗീസ് എന്തൊക്കയോ മനസ്സില്‍ പിറുപിറുത്തു
സുനീഷ് ഇനിയും അറിഞ്ഞിട്ടില്ല അവന്റെ കുരുന്ന് മരിച്ചു പോയത്. ഞാന്‍ തന്നെയാണ് നാട്ടില്‍ അറിയിച്ചത് അവന്‍ വരുന്നില്ല സംസ്‌ക്കാരം നടത്തിക്കൊള്ളുവാന്‍. സ്വന്തം കുഞ്ഞിന്റെ മുഖം അവസാനമായി ഒരു നോക്കു കാണുവാനുള്ള അവസരം നിഷേധിച്ച ഞാനൊരു ക്രൂരനാണ്. ഞാനത് എങ്ങനെ സുനീഷിനോടു പറയും?”

വര്‍ഗീസ് ഒരു കളിപ്പാട്ടം എടുത്ത് കാണിച്ചിട്ടു പറഞ്ഞു
“ ഇത് നിന്റെ മകന് ഒത്തിരി ഇഷ്‌ടപ്പെടും”

വര്‍ഗീസിന്റെ മുഖത്ത് ആദ്യമൊരു പുഞ്ചിരിയായിരുന്നു. ഉടന്‍ തന്നെയത് പൊട്ടിച്ചിരിയും അട്ടഹാസവുമായി മാറി.
കുട്ടിയുടുപ്പുകളും കളിപ്പാട്ടങ്ങളും എടുത്ത് എറിഞ്ഞു
നിയന്ത്രിക്കാന്‍ വന്ന സെക്യൂരിറ്റിക്കാരനെ അടിച്ചു.
എന്തൊക്കയോ അവ്യക്‌തമായ ഭാഷയില്‍ വിളിച്ചു പറയുന്നുണ്ട്.
സുനീഷിനും വര്‍ഗീസിനെ നിയന്ത്രിക്കാനായില്ല.
കടയുടമ അറിയിച്ച പ്രകാരം പോലീസുകാര്‍ വന്ന് വര്‍ഗീസിനെ കൊണ്ടു പോകുമ്പോള്‍ അവന്‍ കൂടുതല്‍ ഉച്ചത്തില്‍ ഒരു ഭ്രാന്തനെപ്പോലെ അട്ടഹസിച്ചു.

ഒന്നും മനസ്സിലാകാതെ സുനീഷ് നിന്നു.
സത്യം അറിയുമ്പോള്‍ സുനീഷിന്റെ അവസ്ഥ എന്താകുമോ എന്തോ ?

16 comments:

ബാജി ഓടംവേലി said...

ഇക്കാലത്ത് ഉപകാരം ചെയ്യാന്‍ ഓരോ മലയാളിയും പേടിക്കും. ആര്‍‌ക്കൊക്കെ ഉപകാരം ചെയ്‌തിട്ടുണ്ടോ, അവരാണ് കൂടുതല്‍ ഉപദ്രവങ്ങള്‍ തിരികെ നല്‍‌കിയിട്ടുണ്ടെന്നതാണ് അനുഭവപാഠം

കുഞ്ഞന്‍ said...

ബാജി മാഷെ..

കഥയൊ അനുഭവമൊ? രണ്ടിലേതായാലും മനസ്സിലൊരു വിങ്ങലുണ്ടാക്കുന്നു...!


അഭിനന്ദനങ്ങള്‍ നല്ലെഴുത്തിന്..!

മന്‍സുര്‍ said...

ബാജിഭായ്‌...

നൊമ്പരമായ്‌..........പറയാനില്ല അക്ഷരങ്ങളെന്നില്‍...വിതുമ്പുന്നുവെന്‍ മനം
ജീവിതത്തില്‍ വഴിമാറി കടന്നു പോയ ചില സന്ദര്‍ഭങ്ങള്‍
അനുഭവിച്ചു തീര്‍ത്ത മായാത്ത നോവുകള്‍
ഇവിടെ യാഥാര്‍ത്ഥ്യങ്ങളയ്‌ അക്ഷരങ്ങളിലൂടെ


നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

:((
upaasana

പ്രയാസി said...

ഹോ!..കഷ്ടം..!
അനുഭവമാണോ ബാജിമാഷെ..
വല്ലാത്ത വിധി തന്നെ..:(

Unknown said...

വിഷമിപ്പിച്ചൂ...
:(

ദിലീപ് വിശ്വനാഥ് said...

മനസ്സില്‍ നൊമ്പരങ്ങള്‍ ഉണര്‍ത്തുന്ന കഥ. നന്നായിട്ടുണ്ട് ബാജി.

Anonymous said...

nalla katha
anubhavam allallo
aalkalleyennu prarthikkunnu
Teena Mathew

യാത്രിക / യാത്രികന്‍ said...

സംഭവിക്കാവുന്ന കഥ
ആര്‍ക്കും ഇത് സംഭവിക്കരുതേ....
ഫോണില്‍ സംസാരിക്കുമ്പോള്‍ കാര്യങ്ങള്‍ കൃത്യമായി സംസാരിക്കണമെന്ന സന്ദേശം നല്‍‌കാന്‍ ഇക്കഥ ധാരാളം
അഭിനന്ദനങ്ങള്‍.

Murali K Menon said...

നന്നായി.

(ആവശ്യങ്ങളിലിരിക്കുന്നവരെ ? -> ആവശ്യങ്ങളിരക്കുന്നവരെ!)

സജീവ് കടവനാട് said...

സൂപ്പര്‍....

നല്ല ജീവനുള്ള കഥ. വായനക്കാരന്റെ മനസ്സില്‍ നിരവദി വികാരങ്ങളെ സൃഷ്ടിക്കാന്‍ കഴിവുള്ള ഒന്ന്.

Anonymous said...

Very Good
Congratulations

തെന്നാലിരാമന്‍‍ said...

കഥയുടെ പേരുകണ്ടപ്പോ ഇങ്ങിനല്ല പ്രതീക്ഷിച്ചത്‌ട്ടോ. വായിച്ചുതീര്‍ന്നപ്പോ ഉള്ളില്‍ ഒരു വിങ്ങല്‍...
നല്ല എഴുത്ത്‌ ബാജിഭായ്‌...

Anonymous said...

Nice story , buddy .. congrats

ബാജി ഓടംവേലി said...

കുഞ്ഞന്‍,
വല്ല്യമ്മായി,
മന്‍സൂര്‍,
ഉപാസന,
പ്രയാസി,
സഹയാത്രികന്‍,
വാല്‍മീകി,
അനോണി #1,
യാത്രികന്‍,
മുരളി മേനോന്‍,
കിനാവ്,
അനോണി # 2
തെന്നാലിരാമന്‍,
അനോണി # 3
എല്ലാവര്‍ക്കും നന്ദി.
ഇത് അനുഭവമല്ല.കഥയാണ്.
അനുഭവത്തിന് നിറം ചേര്‍ത്തതാണ്.
നന്ദി, നന്ദി, നന്ദിന്ദിന്ദിന്ദിന്ദി......

ഡാന്‍സ്‌ മമ്മി said...

വായിച്ചു...........
നല്ല കഥ..........
ഫോണ്‍ വിളിക്കുമ്പോള്‍ കൃത്യമായി സംസാരിക്കുക........