Sunday, October 28, 2007

പാവം പാവം രാക്ഷസന്‍

ഒരിക്കല്‍ കാട്ടില്‍ ഒരു രാക്ഷസന്‍ ജീവിച്ചിരുന്നു. കാടിന്റെ നടുവിലുള്ള വലിയ കോട്ടയുടെ ഇരുപത്തിയഞ്ചാം നിലയിലായിരുന്നു രാക്ഷസന്‍ ഒറ്റയ്‌ക്ക് താമസിച്ചിരുന്നത്. രാക്ഷസന്‍ മഹാക്രൂരനായിരുന്നു. കറുത്ത് തടിച്ച് നല്ല ഉറച്ച ശരീരവും നീട്ടി വളര്‍ത്തിയ തലമുടിയും താടിയും ഒന്നരയാള്‍ പൊക്കവുമുള്ള രാക്ഷസനെ കണ്ടാല്‍ ആര്‍ക്കും പേടി തോന്നും.

രാക്ഷസക്കോട്ടയുടെ ജനലുകളിലൂടെ നോക്കിയാല്‍ പരന്നു കിടക്കുന്ന കാടും അതിന്നപ്പുറമുള്ള പുഴയും കാണാമായിരുന്നു. കാട്ടില്‍ എല്ലാം ഉണ്ടായിരുന്നെങ്കിലും താന്‍ ഏകനാണെന്ന ബോധം രാക്ഷസനെ വല്ലാതെ വേദനിപ്പിച്ചു. തന്റെ കൂടെ ഒരാഴ്‌ച മാത്രം താമസിച്ച രാക്ഷസി എന്തിനാണ് തന്നെ ഉപേക്ഷിച്ചു പോയതെന്ന് ഇന്നും രാക്ഷസനറിയില്ല. തന്റെ സ്വന്തം രാക്ഷസിയെപ്പറ്റി സ്‌നേഹത്തോടെ ഓര്‍ക്കുവാനെ രാക്ഷസനാകുമായിരുന്നുള്ളു. ഒരു നാള്‍ അവള്‍ തിരിച്ചു വരുമെന്ന് രാക്ഷസന്‍ വിശ്വസിക്കുന്നു.

ഒരു ദിവസം രാവിലെ രാക്ഷസന്‍ പുഴക്കരയിലൂടെ നടക്കുമ്പോള്‍ ഒരു രാജകുമാരി അവിടെ ഒറ്റയ്‌ക്കിരുന്ന്‌ കരയുന്നതു കണ്ടു.

രാക്ഷസന്‍ ഒരു മരത്തിനു പിന്നില്‍ ഒളിച്ചിരുന്ന് രാജകുമാരിയെന്തിനാണ് കരയുന്നതെന്ന് ചോദിച്ചു

രാജകുമാരി കരച്ചില്‍ നിര്‍‌ത്തി താനെങ്ങനെയാണ് ഇവിടെ എത്തപ്പെട്ടതെന്ന് വിശദമായി പറഞ്ഞു.

അവള്‍ അയല്‍‌രാജ്യത്തെ രാജകുമാരനുമായി കഴിഞ്ഞ ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ രണ്ടു രാജ്യങ്ങളും തമ്മില്‍ ശത്രുതയിലുമായിരുന്നു. അവരുടെ വിവാഹത്തിന് മാതാ പിതാക്കന്മാര്‍ സമ്മതിക്കാത്തതിനാല്‍ അവര്‍‌ ഒളിച്ചോടാനായി ഇറങ്ങിത്തിരിച്ചതാണ്. എങ്ങോട്ടാണ് പോകേണ്ടതെന്ന് അവര്‍ക്കറിയില്ലായിരുന്നു. മാതാ പിതാക്കന്മാരുടെ കണ്ണെത്താത്ത ഏതെങ്കിലും രാജ്യത്തു പോയി ജീവിക്കുവാനായി അവര്‍ ഇറങ്ങിത്തിരിച്ചു. ഇവിടെയെത്തിയപ്പോള്‍ രാജകുമാരനെ കാണാനില്ല. അതിനാലാണ് രാജകുമാരി കരഞ്ഞത്.

ഒളിച്ചിരുന്ന മരത്തിനു പിന്നില്‍ നിന്നും രാക്ഷസന്‍ പുറത്തു വന്നു. രാക്ഷസനെ കണ്ടതും രാജകുമാരി പിന്നെയും ഉച്ചത്തില്‍ കരച്ചിലാരംഭിച്ചു. രാജകുമാരനെ കണ്ടെത്താമെന്നു വാക്കുകൊടുത്തപ്പോളാണ് രാജകുമാരി കരച്ചില്‍ നിര്‍ത്തിയത്. രാക്ഷസന്‍ രാജകുമാരിയേയും കൂട്ടി കോട്ടയിലേക്കു പോയി. രാക്ഷസന്‍ ഏതോ മന്ത്രം ചൊല്ലിയപ്പോള്‍ കോട്ടയുടെ വലിയ വാതില്‍ അവര്‍ക്കു മുന്‍പില്‍ തുറന്നു. ലിഫ്‌റ്റില്‍ കയറി അവര്‍ കോട്ടയുടെ ഇരുപത്തിയഞ്ചാം നിലയിലേക്കു പോയി.

രാജകുമാരിക്കു കഴിക്കാന്‍ ഇഷ്‌ടം പോലെ കാട്ടുപഴങ്ങളും തേനും നല്‍കി. ക്ഷീണം മൂലം രാജകുമാരി അറിയാതെ ഉറങ്ങിപ്പോയി. ഉറക്കം ഉണരുന്നതുവരെ രാക്ഷസന്‍ രാജകുമാരിക്കരികില്‍ കാവലിരുന്നു.

ദീര്‍ഘനേരത്തെ ഉറക്കത്തിനു ശേഷം രാജകുമാരി ഞെട്ടിയുണര്‍ന്നു. തനിക്ക് കാവലിരിക്കുന്ന രാക്ഷസനെക്കണ്ട് പേടിതോന്നിയെങ്കിലും തന്നെ ഉപദ്രവിക്കാതിരുന്ന രാക്ഷസനില്‍ വിശ്വാസം തോന്നി. ക്രമേണ രാക്ഷസനോടുള്ള പേടിയും മാറി.

രാജകുമാരി തന്റെ വാനിറ്റി ബാഗ് തുറന്ന്, ചീപ്പും കത്രികയുമെടുത്തു. രാക്ഷസന്റെ തലമുടിയും താടിയും വെട്ടിക്കൊടുത്തു. അവര്‍ ഒന്നിച്ച് പുഴയില്‍ പോയിക്കുളിച്ചു. കുളിക്കാനിറങ്ങിയ രാക്ഷസനും കുളികഴിഞ്ഞ് കയറിയ രാക്ഷസനും തമ്മില്‍ ഒത്തിരി വ്യത്യാസം ഉണ്ടായിരുന്നു. കുളികഴിഞ്ഞപ്പോള്‍ രാക്ഷസനു പോലും തോന്നി താനൊരു സുന്ദരനാണെന്ന്.

രാക്ഷസന്‍ രാജകുമാരിയെ കോട്ട മുഴുവന്‍ കൊണ്ടു നടന്നു കാണിച്ചു. ഓരോന്നും വലിയ അത്‌ഭുതത്തോടെയാണ് രാജകുമാരി കണ്ടത്. രാക്ഷസന്റെ പക്കലുള്ള വന്‍ നിധിശേഖരം കണ്ട് രാജകുമാരിയുടെ കണ്ണ്‌ മഞ്ഞളിച്ചു പോയി.

രാജകുമാരി പറഞ്ഞു
“ഇതൊരു കോട്ടയല്ല, എന്റെ അച്‌ഛന്റെ കൊട്ടാരത്തേക്കാള്‍ വലിയ കൊട്ടാരമാണ്”

കോട്ട മുഴുവന്‍ ചുറ്റി നടന്നു കണ്ട് രാജകുമാരി തളര്‍ന്നു പോയി. രാക്ഷസന്‍ കാട്ടുപഴങ്ങളും തേനും കൊടുത്തു. രാജകുമാരി അത് കഴിച്ച് ഉറങ്ങി.

ഉണര്‍‌ന്നു കഴിഞ്ഞപ്പോള്‍ രാജകുമാരിക്ക് കുടിക്കാന്‍ എന്തോ കാട്ടു പാനീയം കൊടുത്തു.

രാക്ഷസന്‍ പറഞ്ഞു
“വരൂ രാജകുമാരി നമുക്ക് നദിക്കരയിലേക്കു പോകാം നിന്റെ കാമുകന്‍ രാജകുമാരനെ തേടിക്കണ്ടു പിടിക്കാം”

രാജകുമാരി ആലോചിച്ചു
രാജകുമാരന്‍ എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവനെപ്പോലെയാണ്. എന്നും ആരെയൊക്കയോ പേടിച്ച് ഒളിച്ചു ജീവിക്കേണ്ടി വരും. രാജാവിന്റെ കാലശേഷമേ അധികാരം കൈയില്‍ കിട്ടുകയുള്ളൂ‍. രാജാവിപ്പോലെങ്ങും കാലം ചെയ്യുന്ന ലക്ഷണവും ഇല്ല. അത്രയൊന്നും കാത്തിരിക്കാന്‍ എനിക്കു വയ്യാ. അധികാരം ഇല്ലെങ്കിലെന്താ സമ്പത്തും ശക്‌തിയും ഉള്ള രാക്ഷസന്‍ രാജകുമാരനേക്കാള്‍ യോഗ്യനാണ്.

രാജകുമാരി പറഞ്ഞു
“ എന്നെ കരുതാന്‍ കഴിയാത്ത രാജകുമാരന്റെയൊപ്പം ജീവിക്കാന്‍ ഞാനില്ല. നിങ്ങളെ ഞാന്‍ ഇഷ്‌ടപ്പെടുന്നു, നിങ്ങളെ ഞാന്‍ വിവാഹം കഴിക്കട്ടെ”

രാക്ഷസന് വിശ്വസിക്കാനായില്ല. ഒരു രാജകുമാരി തന്റെ മുഖത്തു നോക്കി വിവാഹാഭ്യര്‍‌ത്ഥന നടത്തിയിരിക്കുന്നു.

രാക്ഷസനും സന്തോഷമായി.

നിമിഷങ്ങള്‍‌പ്പോലും പാഴാക്കാതെ അവര്‍ വിവാഹിതരായി.

വിവാഹപ്പിറ്റേന്ന് അവര്‍ പുഴക്കരയിലൂടെ കൈ പിടിച്ച് നടക്കുമ്പോള്‍ രാജകുമാരിയുടെ പഴയ കാമുകന്‍ രാജകുമാരന്‍ കുതിരപ്പുറത്തുവരുന്നത് ദൂരെ നിന്നേ കണ്ടു.
അവര്‍ മരത്തിന്റെ പിന്നില്‍ ഒളിച്ചിരുന്നു. രാജകുമാരനെ കുതിരപ്പുറത്തുനിന്നും എറിഞ്ഞു വീഴ്‌ത്തി. ഇരുവരും ചേര്‍ന്ന് തല്ലിക്കൊന്നു. കോട്ടയുടെ ഇരുപത്തിയഞ്ചാം നിലയിലേക്ക് വലിച്ചു കൊണ്ടു പോയി. അവിടെ വെച്ച് പല കഷണങ്ങളായി വലിച്ചു കീറി. ഓരോ കഷണങ്ങളായി അവര്‍ കോട്ടയുടെ ജനലിലൂടെ കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ആരാണ് എല്ലിന്‍ കഷണം കൂടുതല്‍ ദൂരം വലിച്ചെറിയുന്നത് എന്നതില്‍ അവര്‍ മത്‌സരമായിരുന്നു. രാജകുമാരി ജയിക്കുവാനായി രാക്ഷസന്‍ സ്വയം തോറ്റു കൊടുത്തു.

പലതിലും തോറ്റുകൊടുത്ത് രാജകുമാരിയെ സന്തോഷിപ്പിച്ച് മാസങ്ങളോളം അവര്‍ ഭാര്യാ ഭര്‍‌ത്താക്കന്മാരായി ജീവിച്ചു.

മാസങ്ങള്‍‌ക്കൊണ്ട് രാക്ഷസനോടൊപ്പമുള്ള ജീവിതം മടുത്തെന്നു തുറന്നു പറയുവാനുള്ള ധൈര്യം രാജകുമാരിക്കുണ്ടായിരുന്നു.

കോട്ടയുടെ മുകളിലൂടെ താണു പറന്ന ഒരു ഹെലികോപ്‌ടറില്‍ ഉണ്ടായിരുന്ന ഏതോ രാജ്യത്തെ യുവരാജാവ് കോട്ടയുടെ മുകളില്‍ നില്‍ക്കുന്ന രാക്ഷസനേയും രാജകുമാരിയേയും കണ്ടു. യുവരാജാവിന്റെ ചുവന്ന കുപ്പായവും തിളക്കമുള്ള ഓവര്‍‌ക്കോട്ടും രത്‌നങ്ങള്‍ പതിച്ച കിരീടവും ഇരുവരും കാണുന്നുണ്ടായിരുന്നു.

ഹെലികോപ്‌ടര്‍ പുഴക്കരയില്‍ ലാന്റു ചെയ്‌ത സമയത്തുതന്നെ രാക്ഷസന്‍ കോട്ടയുടെ മുകളില്‍ നിന്ന് താഴെ വീണു മരിച്ചു.

ആ മരണത്തിലൂടെ രാക്ഷസന്‍ രാജകുമാരിയോടുള്ള സ്‌നേഹം വെളിപ്പെടുത്തുകുയായിരുന്നുവോ?
രാജകുമാരിയെ രാക്ഷസന്‍ അത്രമാത്രം സ്‌നേഹിച്ചിരുന്നുവോ?
രാജകുമാരിക്കൊരു പുതിയ ജീവിതം കിട്ടുവാനായി രാക്ഷസന്‍ സ്വയം ഇല്ലാതായതാണോ?

രാജകുമാരി ഓടി പുഴക്കരയിലേക്കു പോയി. ഹെലിക്കോപ്‌ടറില്‍ കയറി യുവരാജാവിനോടൊപ്പം അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്കു പോയി. പോകുമ്പോള്‍ രാക്ഷസന്റെ നിധി എടുക്കുവാന്‍ അവള്‍ മറന്നില്ല.

രാക്ഷസന്റെ മരണം ആത്‌മഹത്യയാണോ അതോ കുലപാതകമായിരുന്നോ?

ആരെങ്കിലും രാക്ഷസനെ താഴേക്ക് തള്ളിയിടുകയായിരുന്നോ?
ആ സമയത്ത് രാക്ഷസനോടൊപ്പം രാജകുമാരിമാത്രമേ ഉണ്ടായിരുന്നുള്ളു.
എന്താ രാജകുമാരി അത്രയ്‌ക്ക് രാക്ഷസിയാണോ ?

34 comments:

ബാജി ഓടംവേലി said...

സിമിയോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
ആര്യങ്കാവിലെ രാക്ഷസ്സനും ഈ കഥയിലെ രാക്ഷസ്സനും സുഹൃത്തുക്കളായിരുന്നു.

കുഞ്ഞന്‍ said...

പെണ്‍ വര്‍ഗ്ഗത്തിനെതിരെ ബാജിയും വാളോങ്ങുന്നു..

എന്തായാലും തേങ്ങയുടക്കുന്നു

Sathees Makkoth | Asha Revamma said...

ഉത്തരം കിട്ടാത്ത് അചോദ്യങ്ങള്‍ തന്നെ.

SABU PRAYAR ~ സാബു പ്രയാര്‍ said...

കഥ വായിച്ചു..
തിരക്കു കാരണം വിശദമായൊരു അഭിപ്രായം പറയുവാന്‍ പറ്റുന്നില്ല

കുറുമാന്‍ said...

രാക്ഷന്റെ മരണം ഒരു വെല്‍ പ്രി പ്ലാന്ഡ് കൊലപാതകം തന്നെ......പാവം രാക്ഷസന്‍ :)

ഡാന്‍സ്‌ മമ്മി said...

രാക്ഷസന്‍ രാജകുമാരിയോടുള്ള സ്‌നേഹം കോണ്ട് രാജകുമാരിക്ക് പുതിയൊയു ജീവിതം കിട്ടാനായി സ്വയം ഇല്ലാതായതാണ്.
രാക്ഷസന്റെ മരണം ആത്‌മഹത്യയായിരുന്നു.

Mr. K# said...

പാവം രാക്ഷസന്‍ :-)

കുത്തിക്കുറികള്‍ said...

രാജകുമാരി ആളൊരു രാക്ഷസ്സി തന്നെ!!!!!!!!!!!

ഗുപ്തന്‍ said...

ഗുണപാഠം : ഹെലിക്കോപ്റ്ററിന്റെ കാറ്റടിച്ചാല്‍ ഏത് രാക്ഷസനും താഴെവീഴും.

ബാജി കഥ നന്നായി പറഞ്ഞു. അവസാനം (കഥയുടെ എന്‍ഡ് അല്ല; പറഞ്ഞ രീതി)കയ്യില്‍ നിന്ന് വഴുതി എന്ന് തോന്നി. :)

സജീവ് കടവനാട് said...

എന്താ രാജകുമാരി അത്രയ്‌ക്ക് രാക്ഷസിയാണോ ???? പാവം പാവം രാക്ഷസന്‍....

മന്‍സുര്‍ said...

ബാജിഭായ്‌......

സിമിയുടെ രാക്ഷസ്സന്‍ ഈ രാക്ഷസ്സന്റെ ബന്ധുവായത്‌ നന്നായി അല്ലെങ്കില്‍ അല്ലെങ്കില്‍ ഞങ്ങള്‍ സമരമുണ്ടാക്കുമായിരുന്നു...:)
കഥ ഒരുപാടിഷ്ടപെട്ടു....വിവരണം മനോഹരമായിരിക്കുന്നു.
പാവം രാക്ഷസ്സന്‍ അല്ലേ....ഹും പാവം അടുത്ത്‌ ചെന്ന്‌ നോക്കണം പാവാണോന്ന്‌ അപ്പോ അറിയാം...ശരിക്കുള്ള സ്വഭാവം..പണ്ട്‌ ഇത്‌ പോലെ ഒരു പാവം രാക്ഷസ്സന്റെ കഥ വായിച്ച്‌ കാണാന്‍ പോയി..ഭാഗ്യം കൊണ്ട ഇന്ന്‌ ഇവിടെ ഇരുന്ന്‌ എഴുതുന്നത്‌...

ദുരൂഹത അവസാനിക്കുന്നില്ല......എങ്ങിനെയാണ്‌...മരിച്ചത്‌...
ഹെലികോപ്‌ടര്‍ എന്തിന്‌ വന്നു...ആരാണ്‌ ആ രാജക്കുമാരന്‌ എസ്.എം.എസ്‌ അയച്ചത്‌.....ഇന്ന്‌ രാത്രി 10 മണിക്ക്‌ ബ്ലോഗ്ഗ്‌ ഫയറില്‍ ഞെട്ടിപ്പിക്കുന്ന സത്യങ്ങളുമായ്‌....ബ്ലോഗ്ഗ്‌ ഫയര്‍.. കാണാതെ മറക്കുക....
ബാജിഭായ്‌...അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ശ്രീ said...

ആ പാവം രാക്ഷസന്റെ നിഷ്ടൂരമായ മരണത്തിന്‍ ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് കണ്ടെത്തുക

:- രാക്ഷസ സമിതി.

കേസ് സി.ബി.ഐ യ്ക്ക് കൈമാറുക.

;)

ഉപാസന || Upasana said...

ബാജ്ജ്യ്യേ,
ഞാന്‍ കരുതീത് ഇയാള്‍ ഒരു പക്വതയൊക്കെ ആയ ആളാണെന്നാ. എന്നിട്ട് ഈ പിള്ളെരുടെ കഥയൊക്കെയായി

കഥ കുഴപ്പമില്ല.
:)
ഉപാസന

പ്രയാസി said...

നല്ല ഒരൊന്നൊന്നര കഥ!
ആരേം ആക്കീതല്ലല്ലൊ!?
ആണെങ്കിലും ഞങ്ങള്‍ക്കിഷ്ടപ്പെട്ടു..
ഒരു കൂട്ടം കൊച്ചു കൂട്ടുകാര്‍..
നിന്നു,മുന്നു,ലില്ലു,റ്റുട്ടു,പിമ്മി,പിന്നെ പ്രയാസിയും..:)

സു | Su said...

ഈ രാക്ഷസനും പാവം ആയാല്‍ മതിയായിരുന്നു. അല്ലാത്തതുകൊണ്ടാണ് കുഴപ്പമായത്. രാക്ഷസിയേയും രാജകുമാരിയേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

മുസാഫിര്‍ said...

പുഴക്കരയില്‍ താമസിച്ചിരുന്ന ഒരു ആമയുടെ ഉള്ളിലായിരുന്നു രാക്ഷസന്റെ ജീവന്‍.അതിന്റെ പുറത്തായിരുന്നു ഹെലികോപ്ടര്‍ വന്നു ലാന്‍ഡ് ചെയ്തത്.അങ്ങിനെ പാവം രാക്ഷസന്‍ മരിച്ചു , അല്ലെ ബാജി ?

Anonymous said...

“പുഴക്കരയില്‍ താമസിച്ചിരുന്ന ഒരു ആമയുടെ ഉള്ളിലായിരുന്നു രാക്ഷസന്റെ ജീവന്‍.അതിന്റെ പുറത്തായിരുന്നു ഹെലികോപ്ടര്‍ വന്നു ലാന്‍ഡ് ചെയ്തത്.അങ്ങിനെ പാവം രാക്ഷസന്‍ മരിച്ചു“
ഇതു കലക്കീട്ടുണ്ട്‌

simy nazareth said...

ബാജിയേയ് തകര്‍ത്തു! :-)

വല്ലോരുടേം ഉപാസനേ, എപ്പൊഴും സീരിയസ് കഥകള്‍ എഴുതണം എന്ന് വാശിപിടിക്കാതെ :-)

ആര്യങ്കാവ്, തെന്മല, വടമല, കഴുതുരുണി ഒക്കെ കൊല്ലം ചെങ്കോട്ട ബോര്‍ഡറിലാ :-) എന്നാലും ലിഫ്റ്റൊക്കെ ഉള്ള രാക്ഷസന്‍ :))

മൂടുപടം said...
This comment has been removed by the author.
മൂടുപടം said...

താങ്കളുടെ കലയ്ക്കു ഒരു കമന്റു(പടം) എന്റെ ബ്ലോഗില്‍ ചേര്‍ക്കുന്നു.ചേരുമോ എന്നറിയില്ല.

ശെഫി said...

ബാജി ഭായ്‌ ,

സത്യതില്‍ അതൊരു കൊലപാതകം തന്നെയായിരുന്നോ?

എന്താണ്ടായെ

ദിലീപ് വിശ്വനാഥ് said...

രക്ഷസന്റെ കൊലപാതകം സി. ബി. ഐ യെ കൊണ്ടു അന്വേഷിപ്പിക്കണം.
ഇപ്പോള്‍ രാക്ഷസന്‍ ആണോ സ്റ്റാര്‍? എല്ലാവരും രക്ഷസന്റെ കഥയിലെക്ക് തിരിഞ്ഞിരിക്കുന്നു.

ദൈവം said...

രാക്ഷസന്റേത് സ്വേച്ഛയാ തിരഞ്ഞെടുത്ത സ്വാഭാവികമരണമായിരുന്നു.
അങ്ങിനെയല്ലാതെയാകാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല

കൊച്ചുത്രേസ്യ said...

ഈ രാക്ഷസന്‍ അത്ര പാവമൊന്നുമല്ല. 25 നിലയുള്ള കൊട്ടാരോം ലിഫ്റ്റു പോലുള്ള ആധുനിക സൗകര്യങ്ങളുമുണ്ടായിട്ടെന്താ, കഴിക്കാന്‍ മൂന്നു നേരോം കാട്ടുപഴോം തേനും. ആ രാക്ഷസി ഭാര്യ ഉപെക്ഷിച്ചു പോയില്ലെങ്കിലെ അത്ഭുതമുള്ളൂ...

തള്ളിയിട്ടു കൊന്നതു രാജകുമാരി തന്നെയാ. പക്ഷെങ്കിലു തന്നെ രാക്ഷസന്‍ തട്ടിക്കൊണ്ടു വന്നതാണെന്നും രക്ഷപെടാന്‍ ഒരു ചാന്‍സു കിട്ടീപ്പോള്‍ വേറൊരു വഴീമില്ലാത്തതു കൊണ്ട്‌ രാക്ഷനെ കൊന്നതാണെന്നും ഒക്കെ കോടതീല്‍ പറഞ്ഞാല്‍ പുഷ്പം പോലെ കേസു തള്ളിപ്പോകും.

യാത്രിക / യാത്രികന്‍ said...

രാക്ഷസന്‍ പാവം ആയിരുന്നെന്ന് പേരില്‍ തന്നെ പറയുന്നുണ്ട്. പിന്നെ ഒരു രാക്ഷസന്‍ ഇതിലും പാവമായാലെങ്ങനെയാ നമുക്ക് പാവമെന്ന് വിളിക്കാനാവുക. രാജകുമാരിയുടെ ആവശ്യം രാക്ഷസ്സനോട് പറഞ്ഞരുന്നെങ്കില്‍ അതും സാധിച്ചു തരുമായിരുന്നു. രാക്ഷസന്‍ സ്വയം ചാടി മരിച്ചെന്ന് ആശ്വസിക്കാം. ജീവിക്കുന്നോരെങ്കിലും ജീവിക്കെട്ടെ. പക്ഷേ യുവരാജാവിന്റെ ഭാവിയില്‍ എനിക്ക് ആശങ്കയുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഈ കഥ ആവര്‍‌ത്തിച്ചാല്‍ രാജകുമാരി അത്യത്തില്‍ രാക്ഷസിയാണെന്ന് ഉറപ്പിക്കാം

Murali K Menon said...

ഞാനാകെ പേടിച്ചുപോയി. വിക്രം വേതാളത്തിന്റെ ഒടുവില്‍ ചോദിക്കുന്നതുപോലെ ഈ ചോദ്യങ്ങള്‍ക്കറിയാമായിരുന്നീട്ടും ശരിയായ് ഉത്തരം നല്കാതിരുന്നാല്‍ നിന്റെ തല ഛിന്നഭിന്നമായി പോകും എന്നു പറയാത്തതിനാല്‍ രക്ഷപ്പെട്ടു. കാരണം ഉത്തരം അറിയില്ലേ.... അതോണ്ടാ..

അല്ലെങ്കിലും രാക്ഷസന്മാര്‍ എന്ന സംജ്ഞ തന്നെ ഇടപെടുന്ന ആളുകളെ ആശ്രയിച്ചിരിക്കുന്നു അല്ലേ!!

മൂടുപടം said...

ഞാന്‍ എന്റെ പടകമന്റു ഇങ്ങോട്ടെങ്ങനെയാ ലിങ്കു ചെയ്യുന്നെ?

ബാജി ഓടംവേലി said...

കഥയുടെ ബാക്കി ഭാഗം പൂരിപ്പിച്ചവര്‍ അനേകരാണ് എല്ലാവര്‍ക്കും നന്ദി.തെരഞ്ഞെടുത്തവ ചുവടെ ചേര്‍ക്കുന്നു. സമ്മാനര്‍ഹരെ പിന്നീട് പ്രഖ്യാപിക്കുന്നതാണ്.

1.കുറുമാന്‍ ,
"രാക്ഷന്റെ മരണം ഒരു വെല്‍ പ്രി പ്ലാന്ഡ് കൊലപാതകം തന്നെ"

2.ഡാന്‍സ്‌ മമ്മി .,
രാക്ഷസന്റെ മരണം ആത്‌മഹത്യയായിരുന്നു.

3.Manu ,
ഗുണപാഠം : ഹെലിക്കോപ്റ്ററിന്റെ കാറ്റടിച്ചാല്‍ ഏത് രാക്ഷസനും താഴെവീഴും.

4.മന്‍സുര്‍ ,
ആരാണ്‌ ആ രാജക്കുമാരന്‌ എസ്.എം.എസ്‌ അയച്ചത്‌

5.ശ്രീ ,
കേസ് സി.ബി.ഐ യ്ക്ക് കൈമാറുക.

6.സു | Su ,
രാക്ഷസിയേയും രാജകുമാരിയേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

7.മുസാഫിര്‍ ,
പുഴക്കരയില്‍ താമസിച്ചിരുന്ന ഒരു ആമയുടെ ഉള്ളിലായിരുന്നു രാക്ഷസന്റെ ജീവന്‍.അതിന്റെ പുറത്തായിരുന്നു ഹെലികോപ്ടര്‍ വന്നു ലാന്‍ഡ് ചെയ്തത്.അങ്ങിനെ പാവം രാക്ഷസന്‍ മരിച്ചു

8.ദൈവം ,
"രാക്ഷസന്റേത് സ്വേച്ഛയാ തിരഞ്ഞെടുത്ത സ്വാഭാവികമരണമായിരുന്നു.
അങ്ങിനെയല്ലാതെയാകാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല"

9.കൊച്ചുത്രേസ്യ ,
"തള്ളിയിട്ടു കൊന്നതു രാജകുമാരി തന്നെയാ. പക്ഷെങ്കിലു തന്നെ രാക്ഷസന്‍ തട്ടിക്കൊണ്ടു വന്നതാണെന്നും രക്ഷപെടാന്‍ ഒരു ചാന്‍സു കിട്ടീപ്പോള്‍ വേറൊരു വഴീമില്ലാത്തതു കൊണ്ട്‌ രാക്ഷനെ കൊന്നതാണെന്നും ഒക്കെ കോടതീല്‍ പറഞ്ഞാല്‍ പുഷ്പം പോലെ കേസു തള്ളിപ്പോകും."

10.യാത്രികന്‍ ,
"രാക്ഷസന്‍ പാവം ആയിരുന്നെന്ന് പേരില്‍ തന്നെ പറയുന്നുണ്ട്. പിന്നെ ഒരു രാക്ഷസന്‍ ഇതിലും പാവമായാലെങ്ങനെയാ നമുക്ക് പാവമെന്ന് വിളിക്കാനാവുക. രാക്ഷസന്‍ സ്വയം ചാടി മരിച്ചെന്ന് ആശ്വസിക്കാം. ജീവിക്കുന്നോരെങ്കിലും ജീവിക്കെട്ടെ. പക്ഷേ യുവരാജാവിന്റെ ഭാവിയില്‍ എനിക്ക് ആശങ്കയുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഈ കഥ ആവര്‍‌ത്തിച്ചാല്‍ രാജകുമാരി അത്യത്തില്‍ രാക്ഷസിയാണെന്ന് ഉറപ്പിക്കാം"

11.മുരളി മേനോന്‍ (Murali Menon)
അല്ലെങ്കിലും രാക്ഷസന്മാര്‍ എന്ന സംജ്ഞ തന്നെ ഇടപെടുന്ന ആളുകളെ ആശ്രയിച്ചിരിക്കുന്നു അല്ലേ!!

കുഞ്ഞന്‍ ,
സതീശ് മാക്കോത്ത് | sathees makkoth,
Sabu Prayar ,
കുതിരവട്ടന്‍ :: kuthiravattan,
Kerala News ,
കിനാവ് ,
എന്റെ ഉപാസന,
പ്രയാസി ,
സിമി ,
മൂടുപടം,
ശെഫി ,
വാല്‍മീകി,
അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.

മൂടുപടം said...

ഏറ്റവും ഒടുവില്‍ ഈ അതി ഭയങ്കര സസ്പെന്‍സ് ത്രില്ലറിന്റെ ഇരുണ്ട ചുരുളുകള്‍ ഞാന്‍ അഴിക്ക്ട്ടെ-----(കമന്റുകളില്‍ നിന്നു പ്രചോദനം)ബാജിയേ അനുഗ്രഹിക്കു അനുവാദം തരൂ.

നക്ഷത്ര പൂരിതമായ ആ കാള രാത്രി രാക്ഷസന്‍ റൊമാന്റിക്കായി കോട്ടയുടെ മട്ടുപ്പാവില്‍ രാജകുമാരിയുമൊത്തു നക്ഷത്രങ്ങളെണ്ണുകയായിരുന്നു.

ഹതാ! ... അവള്‍ രാക്ഷസന്‍ കാണാതെ തന്റെ കുപ്പായത്തിനുള്ളിലെ ചുവന്ന പോക്കറ്റില്‍ നിന്നും ടാങ് ടാങ്! ടാങ്!!!(ബാക്ക് ഗ്രൌന്‍ഡ് മ്യുസിക്)- തന്റെ അതിമനോഹരമായ നോക്കിയ ഫോണെടുത്തു കുത്തി!!!... നിമിഷങള്‍ക്കക്കം തന്റെ രാജകീയ ഹെലികോപ്റ്ററില്‍ കുതിച്ചുപാഞ്ഞു; ചാള്‍സ് രാജക്കുമാരന്‍ കോട്ടമുറ്റത്തെ എയറില്‍. നിലം തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വായുവില്‍ റ്റാസ്കിവേയില്‍ റോന്തു ചുറ്റി ഒരു ലാന്‍ഡിങ് സ്പോട്ടു തിരയവേ മുന്നില്‍ ഒരു ഉയര്‍ന്ന പാറ!. സുഹൃത്തുക്കളേ ഹതൊരു പാറയായിരുന്നില്ല! നമ്മുടെ പാവം പാവം രാക്ഷസന്റെ ജീവന്‍ ഒളിച്ചു വെച്ചിരുന്ന ആമയുടെ പുറമായിരുന്നു....റ്റര റ്റര റ്റാ‍ാ‍ാ‍ാ‍ാ (വിലാപ ഗാനം). ജീവന്‍ അപകടത്തിലാണെന്നു മനസിലാക്കിയ രാക്ഷസന്‍ തന്റെ പാരഷ്യൂട്ടെടുത്തു വീശി.ഹതില്‍ തൂങി ഹെലികോപ്റ്റര്‍ തകര്‍ക്കാനായ് താണിറങ്ങിയ രാക്ഷസനു പക്ഷേ തെറ്റി!!!. അദ്ദേഹം ചെന്നു വീണതു ആ കറങ്ങുന്ന മൂന്നു ചിറകുകള്‍ക്കിടയിലായിരുന്നു സുഹ്രുത്തുക്കളേ ! ചിറകുകള്‍ക്കിടയിലായിരുന്നു ... എനിക്കു വാക്കുകള്‍ കിട്ടുന്നില്ല. അങ്ങനെ നമ്മുടെ രാക്ഷസന്‍ ധീരമായി ആമയുടെ പുറത്തു താണിറങ്ങിയ ഹെലികോപ്റ്ററിന്റെ ഇടയില്‍ ഉയിരോടെ കാലം ചെയ്തു(എന്റെ കണ്ണുകള്‍ നിറയുന്നു.. എനിക്കു വിട തരൂ) .

Typist | എഴുത്തുകാരി said...

സംശയമെന്താ, കൊലപാതകം തന്നെ. പക്ഷേ രാജകുമാരി പറന്നുപോയില്ലേ? നമുക്കു പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാം. എന്താ?

തെന്നാലിരാമന്‍‍ said...

ബാജി ഭായ്‌, നമുക്ക്‌ ഡമ്മി ഇട്ടുനോക്കിയാലോ? രാക്ഷസന്‍ ടു രാക്ഷസി...രാക്ഷസി ടു....:-)

പൈങ്ങോടന്‍ said...

രാക്ഷസന്റെ ഘാതകരെ എത്രയും വേഗം കണ്ടുപിടിക്കുക..പൌരസമിതി സിന്ദാബാദ്..

ആഷ | Asha said...

രാക്ഷസന്‍ രാജകുമാരിയോടുള്ള സ്നേഹകൂടുതല്‍ കൊണ്ട് സ്വയം വഴിമാറി കൊടുത്തതല്ലേ.
നല്ല കഥ. ലിഫ്റ്റും വാ‍നിറ്റി പേഴ്സും വായിച്ചു ലേശം ചിരിച്ചു.

Sethunath UN said...

:) കയ്യിലിരുപ്പാണ് ഓരോരുത്തരേയും രാക്ഷസ്സനും രാജകുമാരിയുമൊക്കെയാക്കുന്നത്.