Tuesday, October 23, 2007

ആദ്യ കഥയിലെ മാതാവ്

യുക്‌തിവാദിയായ കുര്യന്റെ മകനെഴുതിയ ആദ്യകഥയിലെ പ്രധാന കഥാപാത്രം ദൈവമാതാവായിരുന്നുവെന്നത് തികച്ചും യാദൃശ്ചികം‌മാത്രം. അതൊരു കഥമാത്രമായിരുന്നെന്ന് അംഗീകരിക്കാതെ മകനെ വീട്ടില്‍ നിന്നും ആ പിതാവ് പുറത്താക്കി. മകന്‍ കഥയെഴുതിയെന്ന കുറ്റത്തിന്റെ ശിക്ഷ ഏല്‍ക്കുമ്പോഴും യഥാര്‍‌ത്ഥ കുറ്റവാളി രക്ഷപെടുന്നതിലുള്ള യുക്‌തി എന്തായിരുന്നു.

കുര്യന്റെ മകന് സ്‌ക്കൂള്‍ പഠനം പൂര്‍ത്തിയാക്കുവാന്‍ ഇനിയും വേണം വര്‍ഷങ്ങള്‍, അതിനിടയില്‍ കഥയെഴുതുവാനുള്ള ശ്രമം നടത്തിയത് ആരുടേയും പ്രേരണമൂലം അല്ല. ഒരു കഥയെഴുതുവാന്‍ തോന്നി സാമൂഹ്യപാഠത്തിന്റെ നോട്ടുബുക്കില്‍ ധാരാളം പേജുകള്‍ ബാക്കിയുണ്ടായിരുന്നു, അതിന്റെ അവസാന പേജുകളില്‍ ഒറ്റയിരുപ്പിനിരുന്ന് ആറു പേജുള്ള കഥയെഴുതിക്കഴിഞ്ഞപ്പോളാണ് ആശ്വാസമായത്. വീണ്ടും വായിച്ചു നോക്കി അതൊരു കഥയുള്ള കഥയാണെന്ന് അവന്നു തോന്നി.

കുര്യന്റെ അപ്പന്‍ പള്ളിയുമായി നല്ല അടുപ്പത്തിലായിരുന്നു. ജീവിതകാലം മുഴുവന്‍ ദൈവത്തിനു വേണ്ടി എന്തൊക്കയോ ചെയ്യാന്‍ ഓടി നടക്കുകയായിരുന്നു. കുര്യന്റെ അപ്പന്‍ നല്ല പ്രായത്തില്‍ തന്നെ കര്‍ത്താവില്‍ നിദ്രകൊണ്ടൂ. വിധി വൈപരീത്യം കൊണ്ടാകാം കുര്യന്‍ ദൈവം ഇല്ലെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. കുര്യന്‍ ഏതുകാര്യവും യുക്‌തിയോടുകൂടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വാക്കുകളൊക്കെ യുക്‌തി ഭദ്രമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പോസ്റ്റുമാന്‍ മാസത്തില്‍ മൂന്നും നാലും പ്രാവശ്യം യുക്‌തിവാദ സന്ദേശങ്ങള്‍ കൈമാറാന്‍ ആ വീട്ടില്‍ വന്നു പോകുമായിരുന്നു. ഡല്‍ഹിയില്‍ നിന്നു പോലും യുക്‌തിവാദ ഗ്രന്ഥങ്ങള്‍ വരുത്തി വായിക്കുമായിരുന്നു. ദൈവ സംബന്ധമായ മറ്റ് പുസ്‌തകങ്ങളോ ദൈവങ്ങളുടെ പടങ്ങളോ ഒന്നും തന്നെ ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. മുന്‍പ്‌ സ്വാഗതം എന്ന് എഴുതിയ കൂപ്പുകൈയ്യുടെ പടം പ്രധാന വാതിലിന്നു മുകളില്‍ ഉണ്ടായിരുന്നു, പിന്നീട് അതും എടുത്ത് മാറ്റി.

കുര്യന്റെ ഭാര്യ തന്റെ ഭര്‍ത്താവിന്റെ ലോകമാണ് തന്റെ ലോകമെന്ന് വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന സാധാരണ വീട്ടമ്മ. കല്യാണത്തിനുമുന്‍പ് നല്ല ദൈവവിശ്വാസിയായിരുന്നെങ്കിലും കല്ല്യാണത്തിനു ശേഷം കുര്യന്‍ തന്നെയായിരുന്നു കാണപ്പെട്ട ദൈവം. യുക്‌തിവാദിയായ കുര്യന്റെ ഭാര്യയോട് അയല്‍‌വക്കത്തുള്ള പെണ്ണുങ്ങളൊന്നും വലിയ അടുപ്പം കാണിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ അവരുടെ കുടുംബ ജീവിതത്തില്‍ പ്രത്യേകിച്ച് എടുത്തുപറയത്തക്ക പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പള്ളിയില്‍ പോകാത്തതു കൊണ്ട് താന്‍ മരിച്ചാല്‍ എവിടെയായിരിക്കും അടക്കുകയെന്ന കാര്യത്തില്‍ കുര്യനും ചെറിയൊരു പേടിയുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുന്‍‌പ് പട്ടണത്തില്‍ ഇലക്‌ടിക് ക്രിമിറ്റോറിയം വന്നതോടുകൂടി ആ പേടിയും മാറിക്കിട്ടി.

കുര്യന് ഒറ്റ മകനായിരുന്നതു കൊണ്ട് ഒരു കട്ടിലും മേശയും കസേരയും അവനു കൊടുക്കാന്‍ വളരെയൊന്നും ആലോചിക്കേണ്ടിവന്നില്ല. മകന്‍ വീട്ടില്‍ ഇല്ലാതിരുന്ന ഒരു ദിവസം അവന്റെ പുസ്‌തകങ്ങളും ബുക്കും വെറുതെ മറിച്ചു നോക്കിയ കുര്യന്‍ തന്നെയാണ് തന്റെ മകന്‍ എഴുതിയ കഥ കണ്ടത്. അത് ആദ്യമായും അവസാനമായും വായിച്ചതും കുര്യന്‍ തന്നെയാണ്.

കഥയിലെ കടിച്ചാല്‍ പൊട്ടാത്തവാക്കുകളും മറ്റ് വേലിയേറ്റങ്ങളും ഒഴിവാക്കിയാല്‍ കഥയുടെ ചുരുക്കം ഇങ്ങനെയായിരുന്നു.

[ കുട്ടന്‍ അപ്പന്റെ പോക്കറ്റില്‍ നിന്നും ചില്ലറ പൈസകള്‍ എടുക്കാറുണ്ടെങ്കിലും അതൊരു മോഷണമാണെന്ന് അവന്നു തോന്നിയിരുന്നില്ല. നാരങ്ങാ മിഠായിയും ഐസ് സ്‌റ്റിക്കും വാങ്ങുവാന്‍ അവന്നു വേറെ വഴികളില്ലായിരുന്നു.

കുട്ടന്റെ കൂട്ടുകാരുടെ വീടുകളിലെ ഭിത്തികളിലൊക്കെ മനോഹരമായ പടങ്ങള്‍ തൂക്കിയിട്ടിരിക്കുന്നത് അവനെ ആകര്‍ഷിച്ചു. അതൊക്കെ ദൈവങ്ങളുടെ പടങ്ങളാണെന്നും കുട്ടന്റെ മാതാ പിതാക്കള്‍ യുക്‌തിവാദികളായതിനാല്‍ കുട്ടനും യുക്‌തിവാദിയാണെന്നും ദൈവങ്ങളുടെ പടങ്ങള്‍ വീട്ടില്‍ തൂക്കിയിടാന്‍ പാടില്ലെന്നും അവനു മനസ്സിലായി.

അവന്‍ ദൈവങ്ങളെക്കാണാന്‍ ഫോട്ടോ ഫ്രെയിം ചെയ്യുന്ന കടയില്‍ പോകുമായിരുന്നു. അവിടെ എല്ലാ ജാതിക്കാരുടേയും ദൈവങ്ങളെ ഫ്രെയിം ചെയ്‌തു വെച്ചിട്ടുണ്ടായിരുന്നു. അതില്‍ ദൈവമാതാവിന്റെ പടം അവനെ കൂടുതല്‍ ആകര്‍ഷിച്ചു. കിരീടം വെച്ച മാതാവിന്റെ മുഖത്തു നിന്നും പ്രഭ ചൊരിയുന്നുണ്ട്, ഇരുവശങ്ങളിലും ഓരോ മാലാഖക്കുഞ്ഞുങ്ങള്‍ പറന്നു നില്‍‌ക്കുന്നുണ്ട്‌. അവന്‍ ആ പടം കാണുവാന്‍‌ മാത്രമായി മിക്കപ്പോഴും ആ കടയില്‍ പോകുമായിരുന്നു. ആ ഫ്രെയിം ചെയ്‌ത പടം സ്വന്തമാക്കുവാന്‍ അവന്റെ മനസ്സു കൊതിച്ചു. അതിന്റെ വില അവനു താങ്ങുവാനാകുമായിരുന്നില്ല. അത് അവിടെ നിന്നും മോഷ്‌ടിക്കുവാനുള്ള ആലോചന ചെയ്‌തുവെങ്കിലും അത് ഫലപ്രാപ്‌തിയിലെത്തിക്കുവാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല.

അവസാനം അവന്‍ തീരുമാനിച്ചു. ആദ്യമായി അപ്പന്റെ പോക്കറ്റില്‍ നിന്നും നോട്ടുകള്‍ മോഷ്‌ടിച്ചു. ആ പണം കൊടുത്ത് ദൈവമാതാവിന്റെ ഫ്രെയിം ചെയ്‌ത പടം വാങ്ങിച്ചു.

ആ പടം സ്വന്തമാക്കാനുള്ള പരിശ്രമങ്ങള്‍ക്കിടയില്‍ അത് സ്വന്തമാക്കിയതിനു ശേഷം അത് എവിടെ സൂക്ഷിക്കും എന്നുള്ള കാര്യം ആലോചിച്ചിരുന്നില്ല. രണ്ടു മുറികളുള്ള തന്റെ വീട്ടില്‍ അച്‌ഛന്റെ കണ്ണെത്താത്തിടം എവിടെയാണ്. യുക്‌തിവാദിയുടെ വീട്ടില്‍ ദൈവമാതാവിന്റെ പടം കണ്ടെടുത്താലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞറിയിക്കുവാനാവില്ല.

സ്വന്തമാക്കുന്നതിലും ബുദ്ധിമുട്ടുള്ള കാര്യം അത് ആരും കാണാതെ സൂക്ഷിക്കുകയെന്നതായിരുന്നു. കുട്ടന്‍ ആ പടം ഓരോ ദിവസവും പല സ്ഥലങ്ങളില്‍ മാറിമാറി ഒളിപ്പിച്ചു വെച്ചു. സുരക്ഷിതമായി ഒളിപ്പിക്കാനൊരിടം കണ്ടെത്തി. അത് അമ്മയുടെ പഴയ കാല്‍‌പ്പെട്ടിയുടെ ഉള്ളില്‍ ഏറ്റവും അടിയിലായി, അലക്കി തേച്ചു വെച്ചിരിക്കുന്ന ചട്ടകള്‍ക്കും മുണ്ടുകള്‍ക്കും അമ്മയുടെ മറ്റ് സ്വകാര്യ സമ്പാദ്യങ്ങള്‍ക്കും അടിയിലായി ആരും കാണാതെ ഒളിപ്പിച്ചു വെച്ചു. ദൈവത്തിന്റെ ആവശ്യം വരുന്ന സമയങ്ങളിലൊക്കെ കുട്ടന്‍ ആരും കാണാതെ അമ്മയുടെ കാല്‍‌പ്പെട്ടി തുറന്ന് ദൈവമാതാവിന്റെ പടം കാണുമായിരുന്നു.

അവന്റെ മനസ്സ് സ്വസ്ഥമായിരുന്നില്ല. അവന്‍ ഒരു നാള്‍ പിടിക്കപ്പെടും, ആ ദിനത്തിനായ് അസ്വസ്‌ഥമായ മനസ്സോടെ അവന്‍ കാത്തിരുന്നു. ]

ഇതായിരുന്നു കഥയുടെ ചുരുക്കം. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ സാമാന്യം ഭേദപ്പെട്ട കഥ. അച്‌ഛന് മകനേപ്പറ്റി അഭിമാനം തോന്നി. സാമൂഹ്യപാഠത്തിന്റെ നോട്ടുബുക്ക് അതേ സ്‌ഥാനത്തു തന്നെ തിരികെ വെച്ചു.

വെറുതെ കാല്‍‌പ്പെട്ടിയുടെ ഉള്ളില്‍ പരിശോധന നടത്താന്‍ യുക്‌തി പ്രേരിപ്പിച്ചു. കുര്യന്‍ തന്റെ ഭാര്യയുടെ കാല്‍‌പ്പെട്ടിയുടെ ഉള്‍വശം പരിശോധിച്ചപ്പോള്‍ അവിടെയൊരു മാതാവിന്റെ ഫ്രെയിം ചെയ്‌ത പടം ഉണ്ടായിരുന്നു.

യുക്‌തിവാദിയായ കുര്യന് കലി കയറി , ഭാര്യയെ വിളിച്ചു.

“എടീ നിന്റെ മോന്‍ കള്ളനാണ്, അവന്‍ വിശ്വാസിയാകാന്‍ ശ്രമിക്കുന്നു. അവന്‍ നിന്റെ കാല്‍‌പ്പെട്ടിയില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പടം കണ്ടോ ? അവനെ ഇനിയും ഈ വീട്ടില്‍ കയറ്റിയേക്കരുത്. ഇവിടെ നിന്നും ദാഹജലം പോലും കൊടുത്തേക്കരുത്. അവന്‍ കഥയെഴുതിയിരിക്കുന്നു. യഥാര്‍ത്ഥ സംഭവം എഴുതി വെച്ചിട്ട് കഥയെന്നു തലക്കെട്ടു കൊടുത്താല്‍ കഥയാകുമോ?...”

കുര്യന്റെ ഭാര്യയ്ക്ക് ഒന്നും മനസ്സിലായില്ല.

കുര്യന്‍ ദ്വേഷ്യപ്പെട്ട് എങ്ങോട്ടോ ഇറങ്ങിപ്പോയി

താന്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന ദൈവമാതാവിന്റെ പടം തന്റെ ഭര്‍ത്താവ് കണ്ടെത്തിയിട്ടും തന്നെ സംശയിക്കാതിരുന്നത് ദൈവമാതാവിന്റെ അനുഗ്രഹമാണെന്ന് കുര്യന്റെ ഭാര്യ രഹസ്യമായി വിശ്വസിക്കുന്നു.

27 comments:

ബാജി ഓടംവേലി said...

യുക്‌തിവാദിയായ കുര്യന്റെ മകനെഴുതിയ ആദ്യകഥയിലെ പ്രധാന കഥാപാത്രം ദൈവമാതാവായിരുന്നുവെന്നത് തികച്ചും യാദൃശ്ചികം‌മാത്രം. അതൊരു കഥമാത്രമായിരുന്നെന്ന് അംഗീകരിക്കാതെ മകനെ വീട്ടില്‍ നിന്നും ആ പിതാവ് പുറത്താക്കി. മകന്‍ കഥയെഴുതിയെന്ന കുറ്റത്തിന്റെ ശിക്ഷ ഏല്‍ക്കുമ്പോഴും യഥാര്‍‌ത്ഥ കുറ്റവാളി രക്ഷപെടുന്നതിലുള്ള യുക്‌തി എന്തായിരുന്നു.

ക്രിസ്‌വിന്‍ said...

ആഹാ....
മനോഹരം എന്റെ ആശംസകള്‍

Murali K Menon said...

കഥ യാഥാര്‍ത്ഥ്യമാവുന്നു, യാഥാര്‍ത്ഥ്യം കഥയാവുന്നു. ഇതാണോ മാജിക്കല്‍ റിയലിസം? അതൊക്കെ പോട്ടെ, മനോഹരമായ കഥ. ശരിക്കും ആസ്വദിച്ചു. ആശംസകള്‍

Anonymous said...

Really good one

ശ്രീ said...

ബാജി ഭായ്

നന്നായിട്ടുണ്ട്.

:)

Sanal Kumar Sasidharan said...

ബാജീ,
വളരെ നല്ല കഥ.വാക്കുകളുടെ മിതവ്യയം.അവതരണത്തിലെ ലാളിത്യം,ഘടനാപരമായ സൌന്ദര്യം ഇവ കൊണ്ട് മികച്ച ഒരു കഥയാണിത്.യുക്തിവാദിയുടെ വിശ്വാസത്തിലും വിള്ളലുണ്ടാകാം എന്ന സത്യം യാതൊരുവിധമായ നര്‍മ്മവും ഇല്ലാതെ അവതരിപ്പിക്കുമ്പോഴും ചിരിയുണര്‍ത്തുന്നു.
യുക്തിവാദം അന്ധവിശ്വാസമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഈ കഥ ശ്രദ്ധേയമാണ്‌.

ചന്ദ്രകാന്തം said...

വളരെ നല്ല കഥ. അതോ... യാഥാര്‍ത്ഥ്യമോ..
ആസ്വദിച്ചു വായിച്ചു.

കുഞ്ഞന്‍ said...

നല്ല കഥ നല്ല യുക്തി..!

simy nazareth said...

Baaji thakarkkunnu.. excellent work!

ഉപാസന || Upasana said...

യുക്തിക്കിണങ്ങുന്ന കഥ.
ബാജ്ജ്യേയ് നന്നായി
:)
ഉപാസന

അപ്പു ആദ്യാക്ഷരി said...

ബാജിയുടെ എഴുത്തിന്റെ ഭംഗി, അതിന്റെ രചനാരീതിതന്നെയാണ്. പണ്ട് ടാഗോറിന്റെ ചില കഥകള്‍ സ്കൂളില്‍ പഠിച്ചിരുന്നതോര്‍മ്മവരുന്നു. റായ്ചരന്റെ കഥ. അതുപോലൊരു ഫീലിംഗാണ് ഈ കഥവായിക്കുമ്പോള്‍ തോന്നിയത്. കഥയുടെ വളരെ ആകസ്മികമായ ട്വിസ്റ്റും നന്നാ‍യി. അഭിനന്ദനങ്ങള്‍!

സ്നേഹപൂര്‍വ്വം
അപ്പു.

സഹയാത്രികന്‍ said...

മാഷേ അസ്സലായി...
വളരേ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു...
വളരേ ഇഷ്ടമായി
:)

ദിലീപ് വിശ്വനാഥ് said...

അവസാനം നന്നായി. പ്രതീക്ഷിച്ചില്ല ഇങ്ങനെയൊരു ക്ലൈമാക്സ്.

വേണു venu said...

അവന്‍ കഥയെഴുതിയിരിക്കുന്നു. യഥാര്‍ത്ഥ സംഭവം എഴുതി വെച്ചിട്ട് കഥയെന്നു തലക്കെട്ടു കൊടുത്താല്‍ കഥയാകുമോ?...”
ഈ കഥയിലെ‍‍ നല്ലൊരു ചോദ്യം.

ബാജി ഭായി, കഥ നന്നായി.:)

Sherlock said...

ബാജിയേട്ടാ, കഥയും കഥയ്ക്കുള്ളിലെ കഥയും നന്നായിരിക്കുന്നു

Sethunath UN said...

ബാജീ,
ഒന്നാന്ത‌ര‌ം കഥ.കഥയുടെ ക്രാഫ്റ്റും സൂപ്പ‌ര്‍. ആദ്യം ഒന്നു പോസ്റ്റിയിട്ട് ഡിലീറ്റിയല്ലേ. അതാ. ഞാന്‍ നോക്കിയപ്പോ‌ള്‍ കാണാനില്ലായിരുന്നു.

ഏ.ആര്‍. നജീം said...

ബാജിയുടെ മറ്റൊരു സൂപ്പര്‍ ഹിറ്റ്...
നല്ല ആശയം..

യാത്രിക / യാത്രികന്‍ said...

മനോഹരമായി ഒരു കഥകൂടി പറയാന്‍ ബാജിക്കു സാധിച്ചു. കഥ നന്നായിരിക്കുന്നു.
ആദ്യ കഥയിലെ യഥാര്‍ഥ മാതാവിനെ കഥയുടെ അവസാനം കണ്ടെത്തുന്നത് വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.ക്ലൈമാക്‌സ് വളരെ നന്നായി. തുടരുക.

Anonymous said...

Baji,
very good storey.
Congratulations.
Manu

Anonymous said...

നിരീശ്വരവാദികള്‍ നിരീശ്വരവാദംതന്നെ ഒരു മതമായി കൊണ്ടു നടക്കുകയാണ്. എ.ടി. കോവ്വൂരിന്റെയും, ഇടമറുകിന്റെയും ( അപ്പനും മകനും ) പുസ്‌തകങ്ങളാണ് അവര്‍ക്ക് വേദപുസ്‌തകങ്ങള്‍. അവര്‍ കാണാതെ പഠിച്ച കുറേക്കാര്യങ്ങള്‍ വെറുതേ ചിലച്ചോണ്ടു നടക്കും, അല്ലാതെ അവര്‍ യുക്‌തിപരമായി ഒന്നും ചിന്തിക്കുന്നില്ല. മിക്ക യുക്‌തി വാദികളും കടും പിടിത്തക്കാരാണ്, അവര്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്നു. ഈ കഥയിലെ കുരിയന്റെ പേരില്ലാത്ത ഭാര്യയുടെ അവസ്ഥതന്നെയാണ് മിക്ക യുക്‌തിവാദികളുടേയും ഭാര്യമാര്‍ക്കുള്ളത്. അവരുടെ വിശ്വാസത്തില്‍ നില്‍ക്കാന്‍ യുക്‌തിവാദിയായ ഭര്‍ത്താവ് സമ്മതിക്കാറില്ല. മക്കളേയും യുക്‌തി വാദിയാക്കി വളര്‍‌ത്താനാണ് അവര്‍ ശ്രമിക്കാറുള്ളത്.
യുക്‌തിവാദികളെന്ന് നടിക്കുന്നവര്‍ ഈ കഥ വായിക്കണം. ഇതില്‍ നിങ്ങള്‍ക്കൊരു സന്ദേശം ഉണ്ട്‌. നിങ്ങളുടെ ഭാര്യയുടേയും മക്കളുടേയും യുക്‌തിക്ക് ജീവിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം നല്‍കണം

സജീവ് കടവനാട് said...

കഥ എന്ന നിലക്ക് മികച്ചതാണെങ്കിലും ആശയം അത്ര മികച്ചതായില്ല. മാത്രമല്ല പോരായ്മകളുണ്ടു താനും. ഒരു മനുഷ്യനെന്ന നിലക്ക് ആ അച്ഛന്റെ സ്വഭാവം എങ്ങിനെയായിരുന്നാലും യുക്തിവാദം എന്ന നൂലുകൊണ്ട് കെട്ടിയിട്ട് യുക്തിവാദിയുടെ പൊള്ളത്തരം എന്ന് വിളിച്ച് കൂകുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഒരു അച്ഛനെന്ന നിലക്ക് ആത്മീയവാദിയായ ഗാന്ധിയേക്കാള്‍ ഞാനിഷ്ടപ്പെടുന്നത് യുക്തിവാദിയായ നെഹ്രുവിനെയാണ്. ഫ്രോയിഡും എം എന്നും ഇ എമ്മും ഇടമറുകുമൊക്കെ വ്യക്തി ജീവിതത്തില്‍ കുടുംബാംഗങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിച്ചിരുന്നവരായിരുന്നോ എന്ന് അറിയില്ല. അങ്ങിനെയായിരുന്നെങ്കില്‍ ഞാനും ഈ ആശയത്തോട് യോജിക്കുന്നു.

കഥയിലെ ഒരേ ഒരു സ്ത്രീ കഥാപാത്രം കുര്യന്റെ ഭാര്യയാണ്. അതായത് കുര്യന്റെ മകന്റെ അമ്മ. അമ്മ എന്ന വാക്കിനെ പോലും വികൃതമാക്കുന്നു കഥയുടെ ഒടുവില്‍ ആ കഥാപാത്രം. ഒരു നിസ്സാര കാര്യത്തിന് അതും അമ്മയുടെ തെറ്റിന് മകനെ വീട്ടില്‍ നിന്ന് പുറത്താക്കുമ്പോള്‍ ‘താന്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന ദൈവമാതാവിന്റെ പടം തന്റെ ഭര്‍ത്താവ് കണ്ടെത്തിയിട്ടും തന്നെ സംശയിക്കാതിരുന്നത് ദൈവമാതാവിന്റെ അനുഗ്രഹമാണെന്ന് കുര്യന്റെ ഭാര്യ രഹസ്യമായി വിശ്വസിച്ചും’ കൊണ്ട് നില്‍ക്കുന്ന ആ നില്‍പ്പു തന്നെ ഏതൊരമ്മക്കും ഏതൊരു സ്ത്രീക്കും അഭിമാനിക്കാവുന്നതല്ലേ...

എന്നിരുന്നാലും കഥയുടെ അവതരണം മികച്ചതായി എന്ന് പറയാതിരിക്കാന്‍ വയ്യ.

സസ്നേഹം കിനാവ്.

സാജന്‍| SAJAN said...

നന്നായിരിക്കുന്നു, ഈ കുഞ്ഞു കഥ:)

മന്‍സുര്‍ said...

ബാജിഭായ്‌...

ഒരു കഥ പറച്ചിലില്‍ അറിയാതെ കടന്നു വന്ന കുര്യന്‍ മകന്റെ കഥ പറയുന്നു....ആ കഥ പറച്ചിലില്‍ മകന്റെ മോഹങ്ങള്‍ കഥകളായി മാറുന്നു....അവസാനം ദൈവമാതവും , കുര്യനും , മകനും ഒരുമിച്ചൊരു കഥ..രൂപപ്പെടുന്നു...അവരോടൊപ്പം.....ദൈവമാതാവിന്‍ കാരുണ്യത്തോടെ ആ മാതാവും....നിറയുന്നീ കഥ....ഒരു കഥയല്ല....മനോഹരമായ കഥകളാണീ കഥ.

വായനക്കാരന്റെ അന്വേഷണം....ശുഭമായി കലാശിക്കുന്ന നല്ല കഥ.....അഭിനന്ദനങ്ങള്‍ പ്രിയ സ്നേഹിതാ....

നന്‍മകള്‍ നേരുന്നു

വാളൂരാന്‍ said...

"...താന്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന ദൈവമാതാവിന്റെ പടം തന്റെ ഭര്‍ത്താവ് കണ്ടെത്തിയിട്ടും തന്നെ സംശയിക്കാതിരുന്നത് ദൈവമാതാവിന്റെ അനുഗ്രഹമാണെന്ന് കുര്യന്റെ ഭാര്യ രഹസ്യമായി വിശ്വസിക്കുന്നു..."
"...ഒപ്പം മകന്റെ നേരെയുണ്ടായ കുര്യന്റെ കോപങ്ങള്‍ ദൈവമാതാവ്‌ വഴിതിരിച്ചുവിടാനായി മനംനൊന്ത്‌ കേണു"
:)

പ്രശാന്ത്‌ കോഴഞ്ചേരി said...

നല്ല കഥ. അഭിനന്ദനങ്ങള്‍.
കഥയുടെ അവസാനം വളരെ നന്നായി.
"താന്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന ദൈവമാതാവിന്റെ പടം തന്റെ ഭര്‍ത്താവ് കണ്ടെത്തിയിട്ടും തന്നെ സംശയിക്കാതിരുന്നത് ദൈവമാതാവിന്റെ അനുഗ്രഹമാണെന്ന് കുര്യന്റെ ഭാര്യ രഹസ്യമായി വിശ്വസിക്കുന്നു"
വാളൂരാന്‍ എഴുതിയ തുടര്‍ച്ച വായിച്ചാല്‍ കിനാവിന്റെ പകുതി പ്രശ്‌നം മാറിക്കിട്ടും
“ഒപ്പം മകന്റെ നേരെയുണ്ടായ കുര്യന്റെ കോപങ്ങള്‍ ദൈവമാതാവ്‌ വഴിതിരിച്ചുവിടാനായി മനംനൊന്ത്‌ കേണു“

ബാജി ഓടംവേലി said...

ക്രിസ്‌വിന്‍,
മുരളി മേനോന്‍,
അനോണീ,
ശ്രീ,
സനാതനന്‍,
ചന്ദ്രകാന്തം,
കുഞ്ഞന്‍,
സിമി,
എന്റെ ഉപാസന,
അപ്പു,
സഹയാത്രികന്‍,
വാല്‍മീകി,
വേണു,
ജിഹേഷ് എടക്കൂട്ടത്തില്‍,
നിഷ്ക്കളങ്കന്‍,
എ. ആര്‍. നജീം,
യാത്രികന്‍,
അനോണി,
കിനാവ്,
സാജന്‍,
മന്‍‌സൂര്‍,
വാളൂരാന്‍,
പ്രശാന്ത് കോഴഞ്ചേരി,
തുടങ്ങി അഭിപ്രായാം പറഞ്ഞ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നല്ല വാക്കുകള്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. നന്ദി, നന്ദി,
പിന്നെ കിനാവിനെ കഥ ഏതെങ്കിലും വിധത്തില്‍ വിഷമിപ്പിച്ചെങ്കില്‍ ക്ഷമിക്കുക ഒന്നും മനപ്പൂര്‍‌വ്വമല്ല.
ഞാന്‍ അറിഞ്ഞ എന്റെ നാട്ടുകാരനായ ഒരു യുക്‌തിവാദിയുടെ സ്വഭാവം ഇങ്ങനെയായിരുന്നു. ഞാനെഴുതിയപ്പോള്‍ അത് കഥയില്‍ വന്നത് തികച്ചും സ്വഭാവികം മാത്രം.
സ്വന്തം മകനേയെന്നല്ല, സ്വയമായിപ്പോലും രക്ഷിക്കാനാവാത്ത നിശ്ശബ്‌ദരായ എത്രയോ അമ്മമാരുണ്ട്, പുരുഷ മേധാവിത്തത്തിനു മുന്നില്‍ അവര്‍ സ്വയം നിശ്ശബ്‌ദരായതാണ്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

കഥ നന്നായിരിക്കുന്നു. യുക്തിവാദിയുടെ ഭാര്യ
ദൈവമാതാവിന്റെ ഫോട്ടോ രഹസ്യമായി സൂക്ഷിക്കുന്നത് സ്വാഭാവികം. പല ഭാര്യമാരും അത്തരക്കാരല്ലെ? ഈ വൈരുദ്ധ്യം നമ്മളുടെ ജീവിതതിന്റെ ഭാഗം തന്നെയല്ലേ. അടിയുറച്ച ദൈവവിശ്വാസിയെ യുക്തിവാദിയാക്കാന്‍ വിഷമം തന്നെ. യുക്തിവാദത്തില്‍ നിന്നിറങ്ങി തന്നോടൊപ്പം ദൈവസന്നിധിയിലേക്കു ഭര്‍ത്താവുകൂടി വരേണമേ എന്നാവും എല്ലാ വിശ്വാസികളായ ഭാര്യമാരുടേയും പ്രാര്‍ത്ഥന.