Sunday, September 30, 2007

നീറുന്ന നെരിപ്പോട്

എന്റെ പേഴ്‌സും അതിലുണ്ടായിരുന്ന രൂപയും മോഷണം പോയി. ഇന്നലെ വൈകുന്നേരം ഷര്‍ട്ട് ഊരിയിടുമ്പോള്‍ അതിന്റെ പോക്കറ്റില്‍ത്തന്നെ പേഴ്‌സ് ഉണ്ടായിരുന്നെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. കുറേ ടെലിഫോണ്‍ കാര്‍ഡുകളും ടെലിഫോണ്‍ കാര്‍ഡ് വിറ്റ കാശും ഉള്‍‌പ്പെടെ മൊത്തത്തില്‍ നോക്കിയാല്‍ വലിയൊരു തുകയാണ് മോഷണം പോയത്.

ഈ വിവരം പോലീസില്‍ അറിയിച്ചതും ഞാന്‍ തന്നെയാണ്. പോലീസുകാര്‍ ഞങ്ങളുടെ ഫ്‌ളാറ്റിലേക്ക് വരുന്നതു കണ്ട് അടുത്ത ഫ്‌ളാറ്റുകളില്‍ നിന്നൊക്കെ ആള്‍ക്കാര്‍ കാര്യം അറിയാനായി വന്നു കൂടി.

രണ്ട് അറബിപ്പോലീസുകാരും പാകിസ്ഥാനി ഡ്രൈവറും പിന്നെ ഒരു മലയാളിപ്പോലീസുകാരനും. മലയാളിപ്പോലീസുകാരന്‍ കൂടെയുള്ളതു നന്നായി. ഞാന്‍ നടന്ന സംഭവം മലയാളിപ്പോലീസുകാരനോടു പറഞ്ഞു. അദ്ദേഹമത് അറബിയിലാക്കി മറ്റു പോലീസുകാര്‍ക്ക് പറഞ്ഞു കൊടുത്തു. അറബിയില്‍ തന്നെയാണ് എല്ലാം എഴുതിയെടുത്തതും.

എന്റെ പേഴ്‌സ് മോഷ്‌ടിച്ചത് എന്നെ അറിയാവുന്നവര്‍ ആരോ ആണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പുറത്തു നിന്നും മറ്റൊരാള്‍ റൂമിലെത്തി മോഷണം നടത്തിയതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല.

“നിങ്ങള്‍ നാലുപേരല്ലിയോ ഈ റൂമില്‍ താമസിക്കുന്നത്, അതില്‍ ആരെയെങ്കിലും നിനക്ക് സംശയം ഉണ്ടോ ?” മലയാളിപ്പോലീസുകാരന്‍ ചോദിച്ചു.

“ ഇല്ല എനിക്കാരെയും സംശയം ഇല്ല” മറുപടിക്കായി എനിക്കൊട്ടും ആലോചിക്കേണ്ടി വന്നില്ല.

ഞാന്‍ ആരെ സംശയിക്കാനാണ് ?

സപ്ലേ കമ്പനിയില്‍ ഒരു സാതാ പെയിന്ററായ എനിക്ക് കിട്ടുന്ന ശമ്പളം എത്രയെന്ന് എല്ലാവര്‍ക്കും അറിയാം. നാട്ടില്‍ പ്രായമായ അച്‌ഛനും അമ്മയും, പ്രായപൂര്‍ത്തിയായ അനുജന്മാര്‍ ഇപ്പോഴും പഠിക്കുകയാണ്. വീടിനോടുചേര്‍ന്ന് ഒരു മുറി കൂടി ഇറക്കിയിട്ട് കല്ല്യാണം കഴിക്കാമെന്നു വിചാരിച്ച് കാത്തിരുന്ന് വയസ്സ് മുപ്പത്തി നാലായി. അടുത്ത ലീവിനു മുമ്പെങ്കിലും ഒരു മുറികൂടി പണിയുക ഒരു സ്വപ്‌നമാണ്.

ഒരല്പം അധിക വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയാണ് ടെലിഫോണ്‍ കാര്‍ഡിന്റെ വില്‌പന ആരംഭിച്ചത്. ഒരു നാട്ടുകാരന്‍ സുഹൃത്തിന്റെ സഹായത്താല്‍ ടെലിഫോണ്‍ കാര്‍ഡുകള്‍ കടയില്‍ നിന്നും കടമായി കിട്ടും, അതു വിറ്റുകഴിഞ്ഞ്‌ പണം കൊടുത്താല്‍ മതി. എനിക്ക് സൈറ്റില്‍ ഒത്തിരി പരിചയക്കാര്‍ ഉള്ളതിനാല്‍ ടെലിഫോണ്‍ കാര്‍ഡിന്റെ പാര്‍ട്ട് ടൈം ബിസ്സിനസ്സ് ഒരു വിധം കുഴപ്പമില്ലാതെ നടക്കുന്നുണ്ട്‌.

നാല്‍പ്പതു ദിനാര്‍ ശമ്പളം കിട്ടുന്ന എന്റെ സുഹൃത്തുക്കള്‍ പലരും ശമ്പളത്തിന്റെ പകുതിയും ടെലിഫോണ്‍ ചെയ്യാനാണ് ചെലവാക്കുന്നത്. മൂന്നു നേരവും കുപ്പൂസും തൈരും മാത്രം കഴിച്ചിട്ടായാലും നാട്ടിലുള്ള ഭാര്യയുടേയും മക്കളുടേയും ശബ്‌ദം കേള്‍ക്കാന്‍ എല്ലാവര്‍ക്കും കൊതിയാണ്.

ഇക്കാലത്ത് ആരാ ഈ ഗള്‍ഫില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാത്തത്? രണ്ടു ഷിഫ്‌റ്റ് ജോലിചെയ്യാനവസരം കിട്ടിയാലും സന്തോഷത്തോടെ ചെയ്യും. പതിനാറ് മണിക്കൂര്‍ ജോലി ചെയ്‌താലെന്താ രണ്ടാളുടെ ശമ്പളം കിട്ടുമല്ലോ ?

എന്റെ റൂമില്‍ താമസിക്കുന്ന സുനില്‍ ജോലി കഴിഞ്ഞാല്‍ കാറു കഴുകാന്‍ പോയിരുന്നു. വഴിയോരങ്ങളില്‍ കിടന്നിരുന്ന കാറുകള്‍ കഴുകുമ്പോള്‍ നാട്ടുകാര്‍ കാണുമെന്നോ , അവര്‍ കണ്ടാല്‍ തന്നെ കുറച്ചു കാണുമോ എന്നുള്ള വിചാരങ്ങളൊന്നും സുനിലിനു ബാധകമല്ല. ആരുടേയും പിടിച്ചു പറിക്കാതെയും മോഷ്‌ടിക്കാതെയും അദ്ധ്വാനിച്ച് ജീവിക്കുന്നതില്‍ അവന്‍ അഭിമാനം കൊണ്ടിരുന്നു. മോശം പറയരുതല്ലോ , അവനു ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഇരട്ടി ഓരോദിവസവും അവന്‍ കാറു കഴുകി ഉണ്ടാക്കുമായിരുന്നു. ആറുമാസം മുന്‍പ് അവന്റെ വിവാഹം കഴിഞ്ഞതോടുകൂടി ദുരഭിമാനം അവനെ പിടികൂടി. നാട്ടിലുള്ള ഭാര്യയെങ്ങാനും താനിവിടെ കാറു കഴുകിയാണ് ജീവിക്കുന്നതെന്ന് അറിഞ്ഞാല്‍ മോശമാണല്ലോ എന്ന വിചാരത്തില്‍ ഇപ്പോള്‍ കാറുകള്‍ കഴുകാന്‍ പോകാറില്ല. കാറുകഴുകുന്ന ജോലി ഇപ്പോള്‍ കൂടുതലും ബംഗാളികള്‍ ഏറ്റെടുത്തു. സുനില്‍ ഒരല്‌പം കൂടി സ്‌റ്റാറ്റസുള്ള പാര്‍ട്ട് ടൈം ജോലി അന്വേക്ഷിക്കുന്നുണ്ട്‌.

എനിക്ക് സുനിലിനെ സംശയമൊന്നുമില്ല. അവന്‍ എന്റെ പേഴ്‌സ് മോഷ്‌ടിക്കുമോ ?

പിന്നെ റൂമിലുള്ളത് തോമസ്സാണ്. എട്ടുമണിക്കൂര്‍ ജോലികഴിഞ്ഞാല്‍ നേരെ ബാറിലേക്കു പോകുന്ന തോമസ്സ്. തോമസ്സ് ബാറില്‍ പോകുന്നത് കുടിക്കാനല്ല, അവിടെയും എട്ടു മണിക്കൂര്‍ പാര്‍ട്ട് ടൈം. തോമസ്സ് കുടിക്കില്ലെന്നതാണ് ബാറിലെ കാഷ്യറായി പാര്‍ട്ട് ടൈം ജോലി കൊടുക്കാന്‍ അവര്‍ കണ്ട പ്രധാന യോഗ്യത. തോമസ്സ് അറുപിശുക്കനായതു കൊണ്ടാണ് കുടിക്കുകയും വലിക്കുകയും ചെയ്യാത്തതെന്നാണ് എനിക്ക് തോന്നീട്ടുള്ളത്. ഒരു പൈസാപോലും അനാവശ്യമായി ചെലവാക്കാതെ കിട്ടുന്നതു മുഴുവന്‍ ഡ്രാഫ്‌റ്റാക്കി നാട്ടിലേക്ക് അയയ്‌ക്കുന്ന ദിവസം തോമസ്സിന്റെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടതു തന്നെയാണ്.

പോലീസ് സുനിലിനേയും തോമസ്സിനേയും ചോദ്യം ചെയ്‌തു. അവരുടെ കബോര്‍ഡും പെട്ടിയും മറ്റും പരിശോധിച്ചു. ഞാന്‍ മുറിയാകെ ഒന്നുകൂടി പരിശോധിച്ചു. മോഷണമുതല്‍ കണ്ടെത്താനായില്ല.

പിന്നെ റൂമില്‍ ഞങ്ങളോടൊപ്പം താമസിക്കുന്നത് അഷ്റഫാണ്. അഷ്റഫിനു പാര്‍ട്ട് ടൈം ജോലിയൊന്നുമില്ലെങ്കിലും അവന്‍ എല്ലാരെക്കാളും ബിസ്സിയാണ്. സാമൂഹ്യ സേവനമാണ് അവന്റെ പ്രധാന പരിപാടി. ഈ ഗള്‍ഫില്‍ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കാന്‍ കഷ്‌ടപ്പെടുന്നവര്‍ക്ക് ആശ്വാസമരുളുവാന്‍ ഓടിനടക്കുകയാണ്. തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് അവന്‍ മിക്കപ്പോഴും. ആര് എന്തു സഹായം ചോദിച്ചാലും ചെയ്തുകൊടുക്കും. പ്രയാസത്തിലിരിക്കുന്നവരെ സാന്ത്വനിപ്പിക്കുവാന്‍ അഷ്റഫിനു പ്രത്യേക കഴിവുണ്ട്. കഴിഞ്ഞ ഇരുപത്തി രണ്ടു വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന മല്ലപ്പള്ളിക്കാരന് നാട്ടില്‍ പോകാന്‍ വഴിയൊരുക്കിയവരുടെ കൂട്ടത്തില്‍ അഷ്റഫാണ് മുന്നിലുണ്ടായിരുന്നത്‌.

ദൈവമേ ഇനിം അഷ്റഫെങ്ങാനും എന്റെ പേഴ്‌സ് മോഷ്‌ടിച്ചിരിക്കുമോ ? ഏയ്... അഷറഫ് അങ്ങനെ ചെയ്യുമോ..? ഇല്ല അവനങ്ങനെ ചെയ്യില്ല.

അവരുപോലും അറിയാതെ മറ്റുള്ളവരുടെ പേനയും പെന്‍സിലും തുടങ്ങിയ ചെറിയ സാധനങ്ങള്‍ കൈക്കലാക്കുന്ന ഒരു അസുഖത്തെപ്പറ്റി കഴിഞ്ഞദിവസം റേഡിയോയില്‍ കേട്ടു... ആ അസുഖമെങ്ങാനും അഷ്റഫിനുണ്ടാകുമോ ? എന്തായാലും അഷറഫ് പിടിക്കപ്പെടുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഞാനെന്നല്ല അവിടെക്കൂടിനിന്നവര്‍ ആരും അഷ്റഫാണ് മോഷ്‌ടാവെന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചില്ല.

അത്രയ്ക്ക് നല്ലവനാണ് അഷറഫ് . എനിക്ക് റൂമില്‍ താമസിക്കുന്നവരില്‍ കൂടുതല്‍ അടുപ്പവും അഷ്റഫിനോടാണ്.

ഞാന്‍ പോലീസിനോടു പറഞ്ഞു
“എനിക്ക് പരാതിയൊന്നുമില്ല പോയത് പോകട്ടെ.“

പോലീസുകാര്‍ സമ്മതിച്ചില്ല.
“ ഞങ്ങള്‍ ഏറ്റെടുത്ത കേസ് തെളിയിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്.“

പോലീസുകാര്‍ അവിടെ കൂടി നിന്നവരില്‍ സംശയമുള്ള വരെയൊക്കെ ചോദ്യം ചെയ്‌തു.

പോലീസുകാര്‍ക്ക്, കള്ളലക്ഷണമുള്ള മുഖം കണ്ടാലറിയാമത്രേ !

മലയാളി പോലീസുകാരന്‍ വീണ്ടും എന്നോടായി ചോദ്യങ്ങള്‍.
“ ഇന്നലെ നീ ജോലി കഴിഞ്ഞ് എവിടൊക്കെ പോയി”
“ഇല്ല , ഞാനെങ്ങും പോയില്ല “ ഞാന്‍ കള്ളം പറയാന്‍ ശ്രമിച്ചു.
“ അല്ല നിന്റെ മുഖം പറയുന്നല്ലോ നീ എവിടെയോ പോയെന്ന്”
“ഞാന്‍ ഹോസ്‌പിറ്റല്‍ വരെപ്പോയി”
“അവിടെ ആരാ ? ....“
“അവിടെ കാന്റീനില്‍ പോയി ഒരു ജൂസു കുടിച്ചു”
“ഒറ്റയ്ക്കാണോ പോയത്”
“ അതേ..... അല്ല..... അവിടെ ജോലിചെയ്യുന്ന എന്റെ നാട്ടുകാരി ഒരു പെണ്ണും ഉണ്ടായിരുന്നു”
“നിങ്ങള്‍ ജൂസുകുടിച്ചതേയുള്ളോ ? “
“ അല്ല കുറേ നേരം നാട്ടുകാര്യങ്ങളും പറഞ്ഞിരുന്നു”
“പോലീസ്സുകാരായ ഞങ്ങളില്‍ നിന്ന് ഒന്നും ഒളിക്കരുത്, എന്താ നിങ്ങള്‍ തമ്മില്‍ പ്രേമമാണോ ?”
“അല്ല സാര്‍ പ്രേമമൊന്നുമല്ല, അവളുടെ മനസ്സില്‍ അങ്ങനെ വല്ലതും ഉണ്ടോന്നറിയാന്‍ പോയതാ”
“ഇന്നലെ പിന്നീട് എവിടെ പ്പോയി”
“ഇല്ല സാര്‍ വേറെങ്ങും പോയില്ല , റൂമിലേക്ക് തിരിച്ചു പോന്നു”

എന്റെ മനസ്സില്‍ മാത്രം ഉണ്ടായിരുന്ന പ്രേമം പ്രണയിനി പോലും അറിയുന്നതിനു മുന്‍‌പേ പോലീസുകാരുടെ മുന്‍പില്‍ വെളിപ്പെടുത്തേണ്ടി വന്നു. കേട്ടു നിന്ന നാട്ടുകാര്‍‌ക്കൊക്കെ മനസ്സിലായി ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്ന എന്റെ നാട്ടുകാരിപെണ്ണ് ആരാണെന്ന്‌.

പെയിന്ററായ ഞാന്‍ പുളിങ്കൊമ്പിലാണ് പിടിക്കാന്‍ നോക്കുന്നതെന്ന്‌ അവര്‍ മനസ്സില്‍ പറഞ്ഞു കാണും.

അഷറഫ് വരരുതേയെന്നും പോലീസുകാര്‍ എത്രയും വേഗം പോകണേയെന്നും ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

വിവരങ്ങളൊന്നും അറിയാതെ അഷ്റഫ് റൂമിലേക്ക് വരുന്നതു കണ്ടപ്പോള്‍ എന്റെ മനസ്സു പിടഞ്ഞും.

ദൈവമേ..... എന്റെ സ്‌നേഹിതന്‍ പിടിക്കപ്പെടരുതേ.

മലയാളിപ്പോലീസുകാരന്‍ അഷ്റഫിനോടായി ചോദ്യങ്ങള്‍
“ഇങ്ങോട്ടു നീങ്ങി നില്‍‌ക്കെടാ... നീയിവന്റെ പേഴ്‌സ് എടുത്തോ ? “
“ഞാന്‍ അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസ്‌ളീമാണ്, കളവു പറയുന്നതും മോഷണം നടത്തുന്നതും ഞങ്ങള്‍ക്ക് ഹറാമാണ്. നിസ്‌ക്കാരത്തഴമ്പുള്ള ഞാനത് ചെയ്യില്ല.”

പോലീസ് അഷ്റഫിനെ പരിശോധിച്ചു. ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചു. അവന്റെ പോക്കറ്റില്‍ നിന്ന് എന്റെ പേഴ്‌സും ടെലിഫോണ്‍ കാര്‍ഡുകളും ( തൊണ്ടി മുതല്‍) കണ്ടെടുത്തു.

അഷ്റഫിനെ പോലീസ് ജീപ്പില്‍ കയറ്റുമ്പോള്‍ അവന്‍ മോഷ്‌ടിച്ചിട്ടില്ല ആരോ അവനെ ചതിച്ചതാണെന്ന്‌ വിളിച്ചു പറയുന്നുണ്ടായിരുന്നു.

കൂടി നിന്നവര്‍ മൂക്കത്ത് വിരല്‍ വെച്ച് ഓരോന്നു പറഞ്ഞു
“കള്ളന്‍ സാമൂഹ്യ പ്രവര്‍ത്തനവുമായി നടക്കുന്നു.“
“സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ മോഷണമാണിവന്റെ പരിപാടി.“
“എവിടുന്നൊക്കെ എന്തോക്കെ കട്ടിട്ടുണ്ടെന്ന് ആര്‍ക്കറിയാം“

പിറ്റേന്ന് വക്കീലിന്റെ കൂടെ ഞാനും പോലീസ് സ്‌റ്റേഷനില്‍ പോയി എനിക്കു പരാതിയൊന്നുമില്ലെന്ന് എഴുതിക്കൊടുത്തിട്ടും വളരെ പ്രയാസപ്പെട്ടാണ് പോലീസുകാര്‍ അഷറഫിനെ വിട്ടത്.

ഞങ്ങള്‍ റൂമില്‍ വന്നു.
ആര്‍ക്കും ആരുടേയും മുഖത്തു നോക്കാനായില്ല.
ഞങ്ങള്‍ നാലു പേര്‍ക്കും ഒന്നും സംസാരിക്കാനുണ്ടായിരുന്നില്ല.
പക്ഷേ നാട്ടുകാര്‍ക്ക് സംസാരിക്കാന്‍ ഒത്തിരിയുണ്ടായിരുന്നു.
അവര്‍ അഷ്റഫിനെ സ്‌നേഹിച്ചതിന്റെ പതിന്മടങ്ങ് വെറുക്കാന്‍ തൂടങ്ങി.
കള്ളന്‍ അഷ്റഫിന്റെ സേവനം ഇനിയും ആര്‍ക്കു വേണം?

അഷ്റഫ് അന്നു തന്നെ കമ്പനി അക്കോമഡേഷനിലേക്ക് താമസം മാറി.

രാത്രിയില്‍ കിടന്നിട്ട് എനിക്ക് ഉറക്കം വന്നില്ല. കാരണം അവന്‍ കള്ളനല്ലെന്ന് എനിക്കുമാത്രമേ അറിയൂ. അഷ്റഫ് പിടിക്കപ്പെട്ടപ്പോള്‍ ഞാനത് ഓര്‍ത്തിരുന്നെങ്കിലും പറയാന്‍ ധൈര്യം ഉണ്ടായിരുന്നില്ല.

ഞാന്‍ ഇന്നലെ എന്റെ നാട്ടുകാരിപെണ്ണിനെക്കാണാന്‍ പോയത് അഷ്റഫിന്റെ പാന്റും ഉടുപ്പും ഇട്ടാണ്. എന്റെ ഉടുപ്പുകളെല്ലാം പഴയതും പെയിന്റിന്റെ മണമുള്ളതുമായതിനാല്‍ അഷറഫിനോടു പോലും ചോദിക്കാതെയാണ് അവന്റെ പുതിയ പാന്റും ഉടുപ്പും ഞാന്‍ ഇട്ടോണ്ടു പോയത്. വന്നപ്പോള്‍ പേഴ്‌സും മറ്റും അതില്‍ നിന്ന്‌ എടുത്തുമാറ്റാന്‍ മറന്നു പോയത് ഇത്രയും പുലിവാലാകുമെന്ന് വിചാരിച്ചില്ല.

ഞാന്‍ രാവിലേ തന്നെ എഴുന്നേറ്റ് കമ്പനി അക്കോമഡേഷനിലേക്ക് പോയി. അഷ്റഫിനെക്കാണണം എല്ലാം അവനോടു തൂറന്നു പറഞ്ഞ് മാപ്പിരക്കണം.

അഷ്റഫിന്റെ റൂമിന്റെ മുന്‍പില്‍ വലിയ ആള്‍ക്കൂട്ടം.
അഷ്റഫ് കഴിഞ്ഞ രാത്രിയിലെപ്പോളോ ആത്മഹത്യ ചെയ്തു.

“ കള്ളന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ജീവിച്ചിരിക്കുന്നതിലും നല്ലത് മരിക്കുന്നതാ “
ആരോ പറഞ്ഞു.

ഞാനാണ് അവനെ കള്ളനാക്കിയത്.
ഇപ്പോള്‍ ഞാനൊരു കൊലപാതകിയും ?
എനിക്ക് ഒന്നും ആരോടും പറയാനുള്ള ധൈര്യം ഇല്ലായിരുന്നു.

നെഞ്ചില്‍ നീറുന്ന നെരിപ്പോടുമായി ഞാന്‍ തിരിഞ്ഞു നടന്നു.

35 comments:

ബാജി ഓടംവേലി said...

ഇക്കാലത്ത് ആരാ ഈ ഗള്‍ഫില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാത്തത്? രണ്ടു ഷിഫ്‌റ്റ് ജോലിചെയ്യാനവസരം കിട്ടിയാലും സന്തോഷത്തോടെ ചെയ്യും. പതിനാറ് മണിക്കൂര്‍ ജോലി ചെയ്‌താലെന്താ രണ്ടാളുടെ ശമ്പളം കിട്ടുമല്ലോ ?

കുഞ്ഞന്‍ said...

ഒരു വലിയ തേങ്ങ ഞാനുടക്കുന്നു, ശബ്ദം കേട്ടൊ, എങ്ങിനെ കേള്‍ക്കും അഷറഫിന്റെ ശബ്ദം കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുകയല്ലെ “നിങ്ങളെന്നെ കള്ളനാക്കിയെന്ന്”

നന്നായിട്ടുണ്ട് ബാജി

Sherlock said...

ബാജിയേട്ടാ, നന്നായിട്ട്ണ്ട്

simy nazareth said...

ബാജീ, നന്നായിട്ടുണ്ട്.

സാതാ -> സാദാ.
കുപ്പൂസ് -> കുബ്ബൂസ് അല്ലേ?

ഇതൊക്കെ ശ്രദ്ധിക്കുമല്ലോ?

സഹയാത്രികന്‍ said...

"ഞാനാണ് അവനെ കള്ളനാക്കിയത്.
ഇപ്പോള്‍ ഞാനൊരു കൊലപാതകിയും ?"


മാഷേ...നന്നായിരിക്കുന്നു....

:)

മയൂര said...

പാവം അഷറഫ്.....

ശ്രീ said...

ബാജി ഭായ്...
ഇഷ്ടപ്പെട്ടു. “നീറുന്ന നെരിപ്പോട്” തന്നെ.

Rasheed Chalil said...

വായനക്കാരുടെ മനസ്സിലും ഒരു നെരിപ്പോട് തീര്‍ക്കാന്‍ താങ്കള്‍ക്ക് കഴിയുന്നു... :)

മെലോഡിയസ് said...

വായിച്ച് കഴിഞ്ഞപ്പോള്‍ ആ നെരിപ്പോട് എന്റെ മനസിലും കയറി...

ഹരിശ്രീ said...

ബാജി ബായ്,

നന്നായിട്ടുണ്ട്. വായനക്കാരുടെ മനസ്സിലും നീറുന്ന നെരിപ്പോടായി ഇത് നിലനില്‍ക്കുന്നു. മാത്രമല്ല, ഗള്‍ഫിലെ താഴെത്തട്ടിലെ ജീവിതത്തിന്റെ ഒരംശം ഇതില്‍ കാണാം...

സജീവ് കടവനാട് said...

ഈ കഥയും നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍.

യാത്രിക / യാത്രികന്‍ said...

കഥ എഴുതി എഴുതി കഥ എഴുതാന്‍ പഠിച്ചു എല്ലേ?
നീറുന്ന നെരിപ്പോട് വളരെ നന്നായിരിക്കുന്നു.
വായിച്ചാല്‍ പ്രവാസിയോട് സഹതാപം തോന്നും.
അസ്‌റഫും , കഥാകാരനും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. കഥ എഴുതിക്കഴിഞ്ഞപ്പോള്‍ ഒരിത്തിരി ആശ്വാസം തോന്നിക്കാണും അല്ലേ?
അഭിനന്ദനങ്ങള്‍

ആഷ | Asha said...

നല്ല കഥ
അഭിനന്ദനങ്ങള്‍

Sathees Makkoth | Asha Revamma said...

ബാജി, നന്നായിരിക്കുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

നീറുന്ന നെരിപ്പോട് കഥ ശരിക്കും വേദനിപ്പിക്കുന്നതുതന്നെ.
കഥ അവതരിപ്പിച്ചതില്‍ ബാജി വിജയിച്ചു എന്നു തന്നെ പറയാം എഴുത്തിലെ തുടക്കകാരന്‍ എന്ന നിലയില്‍ ബാജിക്ക് ധൈര്യമായി മുന്നേറാന്‍ ജീവന്‍റെ വിലയും, മതിലുകളും പിന്നെ നീറുന്ന നെരിപ്പോടും ധാരാളം മതി. എങ്കിലും വരികളിലും വരികളിലെ ഇഴയടുക്കിലും ഒന്നു കൂടെ ശ്രദ്ധിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് വായനാ സുഖം നല്‍കും എന്നതില്‍ തര്‍ക്കമില്ല.

ആ കൂട്ടുകാരന്‍ ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കില്‍ കഥാനായകന് ഒരു ക്ഷമാപണമെങ്കിലും ചെയ്യാമായിരുന്നു. ആത്മഹത്യ ചെയ്ത കൂട്ടുകാരനേക്കാളും കഥാനായകന്‍റെ വേദനയാണ് എന്നെ കൂടുതല്‍ വേദനിപ്പിച്ചത്.
അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

Sethunath UN said...

ന‌ന്നായി ബാജീ.

വിഷ്ണു പ്രസാദ് said...

കഥയുള്ള കഥകള്‍ തന്നെയാണ് ബാജിയുടേത്.ഈ കഥയിലും അതുണ്ട്.മലയാളത്തിലെ എക്കാലത്തേയും നല്ല കഥാകൃത്ത് എന്ന് ചില നിരൂപകരെങ്കീലും വിശേഷിപ്പിച്ച നന്ദനാരുടെ കഥകളെ ഓര്‍മിപ്പിക്കുന്നുണ്ട് ബാജിയുടെകഥകള്‍(ബാജി അനുകരിച്ചുവെന്നോ അപഹരിച്ചുവെന്നോ ഇതിനെ വായിക്കല്ലേ).

ബാജിയുടെ കഥകള്‍ക്ക് ഒരു പുതുമ തോന്നാത്തത് അതിന്റെ ഈ പഴയ ക്രാഫ്റ്റ് കാരണമാനെന്ന് ഞാന്‍ കരുതുന്നു.ക്രാഫ്റ്റില്‍(കഥപറയുന്ന രീതിയില്‍) മാറ്റങ്ങള്‍ വരുത്താനുള്ള മനഃപ്പൂരവമായുള്ള ശ്രമങ്ങള്‍ ബാജി നടത്തേണ്ടതുണ്ട്.

അവറാന്‍ കുട്ടി said...

ബാജിയേട്ടാ.....കഥ നന്നായിട്ടുണ്ട്‌. വായനക്കാരന്റെ മനസ്സില്‍ ഒരു വിങ്ങല്‍ സൃഷ്ടിക്കാന്‍ ഇതു ധാരാളം.

Murali K Menon said...

സത്യസന്ധമായ് നേരെ ചൊവ്വേയുള്ള അവതരണശൈലി. കഥ നന്നായിട്ടുണ്ട്. പക്ഷെ കാലം കുറേ മുന്നോട്ടു പോയിയെന്നും ആധുനികവും അത്യന്താധുനികവുമൊക്കെയായ് കുറേ പേര്‍ കുറേ ചട്ടക്കൂടുകള്‍ തീര്‍ത്തുവെച്ച് കഥയാവണമെങ്കില്‍ അതില്‍ കയറ്റി നിര്‍ത്തണമെന്നൊക്കെ പറയും. പക്ഷെ ഞാനാ വിശ്വാസക്കാരനല്ലാത്തതിനാല്‍ ഒരു വൃത്താന്തം മനസിലേക്ക് ആഴ്ന്നിറങ്ങാന്‍ പറ്റുന്ന തരത്തില്‍ എഴുതിയിട്ടാല്‍, വായന കഴിഞ്ഞും അത് മനസ്സിലങ്ങനെ നിക്കുമെങ്കില്‍ കഥാകൃത്ത് വിജയിച്ചുവെന്നു തന്നെയാണര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ ബാജിയുടേത് ഒരു നെരിപ്പോട് തന്നെയാണ്. അല്പാല്പമായ് നീറുന്നുണ്ട്. പിന്നെ ഒരു കാര്യം ശരിയാണ്, കാലാകാലങ്ങളായ് ഇത് തന്നെ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തിലായ് കഥകളായ് പലരും എഴുതിയിട്ടുണ്ടു താനും

എതിരന്‍ കതിരവന്‍ said...

ഇത്തരം കഥകള്‍ ധാരാളം എഴുതപ്പെട്ടിട്ടുണ്ടെങ്കിലും ഗള്‍ഫ് പരിസരം പുതുമയുളവാക്കുന്നു. ബാജിക്ക് അഭിനന്ദനങ്ങള്‍.
ബെംഗാളിയില്‍ സമാന്തരമായ ഒരു കഥയുണ്ട്. നക്സലുകള്‍ പോലീസുകാരെ ആക്രമിക്കുന്ന സമയം. ഒരു നാടകം കഴിഞ്ഞ് പോലീസു വേഷം ചെയ്തയാള്‍ക്ക് വേഷം മാറാന്‍ പറ്റുന്നില്ല. പാവപ്പെട്ട സുഹൃത്ത് ഗ്രീന്‍ റൂമില്‍ നിന്നും മുണ്ട് അടിച്ചു മാറ്റിയതാണ്. പോലീസു വേഷത്തില്‍ തന്നെ വീട്ടില്‍ പോകുന്ന അയാളെ തെറ്റിദ്ധരിച്ച് നക്സലുകള്‍ കൊല്ലുന്നു. കൂട്ടുകാരന്‍ മുണ്ടുമായി എത്തിയപ്പോഴേക്കും താമസിച്ചു പോയി.

വളരെ ചെറിയ ഒരു കാര്യം മതി ജീവന്റെ വില മനസ്സിലാക്കിത്തരാന്‍.

കരീം മാഷ്‌ said...

നല്ല കഥ.
സംഭവിക്കാവുന്നത്.
മറവി സാ‍ധാരണ സംഭവമായി മാറിയതിനാല്‍ ഈയിടെ എഴുതുന്ന പേനക്കു പോലും ഒപ്പമുള്ളവരുമായി വഴക്കിടുന്ന ഒരു സഹപ്രവര്‍ത്തകനെ ഓര്‍മ്മ വന്നു.

Typist | എഴുത്തുകാരി said...

പാവം അഷറഫിനെ കള്ളനാക്കി അല്ലേ?
കഥ നന്നായിട്ടുണ്ട്‌, ബാജീ.

മനോജ് കുമാർ വട്ടക്കാട്ട് said...

ബാജി,നല്ല കഥ പറച്ചില്‍ :)

Unknown said...

നല്ല കഥ.
മനസ്സില്‍ തട്ടുന്ന വിവരണം
സംഭവിക്കാവുന്നത് - ആര്‍ക്കും അനുഭവമാകല്ലേയെന്ന് പ്രാര്‍ത്ഥിക്കുന്നു.
അഷ്‌റഫും കഥാകാരനും മനസ്സില്‍ നിന്നും മായുന്നില്ല. ഇതൊരു നീറുന്ന നെരിപ്പോടുതന്നെ.
അഭിനന്ദനങ്ങള്‍

ഫസല്‍ ബിനാലി.. said...

ആസ്വദിച്ചു..... നന്നയിട്ടുണ്ട്

Anonymous said...
This comment has been removed by a blog administrator.
Anonymous said...

ദുരോധനന്റെ വിമരശനം
ബാജി ഓടംവലിയുടെ കഥകള്‍ - ഒരു വിമര്‍ശനം.
മലയാളം ബ്ലോഗുകളില്‍ വായിക്കേണ്ട ഒരാളാണ് ബാജി ഓടംവലി. ബാജിയുടെ കഥകളിലെ പ്രമേയം പ്രധാനമായും പ്രവാസികളുടെ പ്രശ്നങ്ങള്‍ ആണ്. എഴുത്തില്‍ തന്റേതായ ശൈലിയും ശക്തമായ വിഷയങ്ങളും തിരഞ്ഞെടുത്ത് നിലനിര്‍ത്താന്‍ ബാജിക്കു കഴിയുന്നു.

ശൈലി വായനക്കാരനോട് ബാജി സ്വന്തം അനുഭവങ്ങള്‍ പറയുന്ന രീതിയിലാണ്. ഒന്നുകില്‍ കഥാപാത്രം ഞാന്‍, എനിക്ക് എന്ന രീതിയില്‍ സംസാരിക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ എന്നുപറഞ്ഞ് ബാജി വായനക്കാരനുമായി നേരിട്ടു സംവദിക്കുന്നു.

ജീവന്റെ വില. എന്ന കഥയില്‍ പറഞ്ഞിരിക്കുന്ന ശൈലി സുന്ദരമാണ്. യഥാര്‍ത്ഥമാണ്. കഥ ഒരു നല്ല വായനാനുഭവവും ആണ്.

കഥയുടെ വിശ്വാസ്യതയില്‍ അവസാനമാണ് വായനക്കാരനു പ്രശ്നങ്ങള്‍ വരുന്നത്. കുട്ടിയെ മറന്നുവെച്ചു - സംഭവിക്കാം. അങ്ങനെ കളഞ്ഞുകിട്ടിയ കുട്ടി സെലിബ്രിറ്റി ആവാം - അതും സംഭവിക്കാം. എന്നാല്‍ കുട്ടിയെ കണ്ടിട്ട് കുട്ടിയുടെ അച്ഛന്റെ വികാരങ്ങള്‍ എന്തായിരിക്കും? വീട്ടില്‍ പോവാന്‍ പുള്ളിക്ക് പറ്റിക്കാണുമോ? ഭാര്യയോട് കള്ളം പറയാന്‍ പറ്റുമോ? കുട്ടിയെ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജറിനെ ഏല്‍പ്പിച്ചിട്ട് പോവാന്‍ പറ്റുമോ? ഇവിടെ സംഭവ്യത കുറയുന്നു.

ഓഫീസില്‍ ഇരിക്കുമ്പോള്‍ വീട്ടിലേയ്ക്ക് കാശയക്കുന്നതെങ്ങനെ എന്ന് കഥാപാത്രം ചിന്തിക്കുന്നോ? എവിടെനിന്നൊക്കെ കടം വാങ്ങും? ഓഫീസ് ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നുണ്ടോ? (കാമുകിയ്ക്ക് അബോര്‍ഷന്‍ നടത്താന്‍ പണമില്ലാതെ വലഞ്ഞ് ഒരു മരണം നടന്ന വീട്ടില്‍ പണം കക്കാന്‍ പോവുന്ന സാര്‍ത്രിന്റെ കഥാപാത്രത്തെയും കഥാപാത്രത്തിന്റെ ചിന്തകളെയും ഓര്‍മ്മവരുന്നു (ഏജ് ഓഫ് റീസണ്‍, പെന്‍‌ഗ്വിന്‍ ബുക്സ്‍).

കുട്ടിയെ അച്ചന്‍ കാണുമ്പോള്‍ കുട്ടിയുടെ വികാരങ്ങള്‍ എന്തോക്കെ? സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് കുട്ടി അച്ചനെ തിരിച്ചറിഞ്ഞോ? അച്ചന്‍ വീണ്ടും മുങ്ങുമ്പോള്‍ കുട്ടി കരഞ്ഞോ? കരഞ്ഞെങ്കില്‍ അച്ചന്‍ ഉരുകിയോ? ഇതൊക്കെ കഥയ്ക്ക് സൂക്ഷ്മത നല്‍കിയേനെ. അതിലും പ്രധാനപ്പെട്ട ഒരു കാര്യം വീട്ടില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും തിരിച്ചെത്തിയ കുട്ടിയെ അച്ചന്‍ എങ്ങനെ അഭിമുഖീകരിച്ചു എന്നാണ്. മൂന്നുമാസം പ്രായമുള്ള കുട്ടി അച്ചനെ കുറ്റപ്പെടുത്തുന്ന രീതിയില്‍ നോക്കുമോ? സാധ്യതയില്ല. കുട്ടി ചിരിച്ചുകളിച്ച് അച്ചനെ സ്നേഹത്തോടെ വീണ്ടും നോക്കി ചിരിക്കുകയേ ഉള്ളൂ. ആ ചിരിയും കളിയും നോട്ടവും താങ്ങുന്നതിനെക്കാള്‍ അച്ചന്‍ ആ നിമിഷം ആഗ്രഹിച്ചുപോവുന്നത് മകന്‍ / മകള്‍ തന്നെ ഒന്നു കുറ്റപ്പെടുത്തി നോക്കിയെങ്കില്‍, വെറുത്തെങ്കില്‍ എന്നാവും. ഇത് വായനക്കാരന്റെ മനസ്സില്‍ വികാരങ്ങള്‍ സൃഷ്ടിച്ചേനെ. ഇവിടെ കുട്ടിയുടെയോ അച്ചന്റെയോ വികാരങ്ങള്‍, പെരുമാറ്റങ്ങള്‍, അച്ചന്റെ മനസ്സില്‍ ഓടിയത്, ഒക്കെ പ്രകടിപ്പിച്ചെങ്കില്‍ കഥയ്ക്ക് സൂക്ഷ്മത വരുമായിരുന്നു.

പലപ്പൊഴും ഒരുപാടു വാക്കുകളെക്കാള്‍ കഥപറയുന്നത് നോട്ടം, മൌനം, തുടങ്ങിയവയാണ്. ജയിലില്‍ മോഷ്ടാവെന്നു മുദ്രകുത്തിയ കൂട്ടുകാരനെ കാണാന്‍ പോവുമ്പോള്‍ കൂട്ടുകാരനുമായി എന്തെങ്കിലും മിണ്ടിയോ? മിണ്ടിയില്ലെങ്കില്‍ ആ മൌനത്തിനു വല്ലാത്ത കനം ഉണ്ടാവും. മിണ്ടിയെങ്കില്‍ എന്തുപറഞ്ഞു? അതിലും പ്രധാനം ഇരുവരും എങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി, നോട്ടം എന്തൊക്കെ പറഞ്ഞു എന്നതാണ്.

മൌനത്തെ മലയാളം കഥകളില്‍ ഏറ്റവും നന്നായി ഉപയോഗിച്ചതായി തോന്നിയിട്ടുള്ളത് ഒ.വി. വിജയന്റെ കടല്‍ത്തീരത്ത് എന്ന ചെറുകഥയില്‍ ആണ്. (കടല്‍ത്തീരത്ത്, ഒ.വി. വിജയന്റെ ചെറുകഥാസമാഹാരം - കറന്റ് ബുക്സ്)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും അറുപതിനായിരത്തിന്റെ ഗിഫ്റ്റ് വൌച്ചര്‍ തരുമ്പോള്‍ ആ ഗിഫ്റ്റ് വൌച്ചര്‍ കൊണ്ട് എങ്ങനെ വീട്ടിലേയ്ക്ക് അറുപതിനായിരം രൂപ അയക്കും എന്നും സംശയം വരുന്നു. ഗിഫ്റ്റ് വൌച്ചര്‍ കാശാക്കി മാറ്റാന്‍ പറ്റാറില്ലല്ലോ.

ചുരുക്കത്തില്‍ ബാജി ശ്രദ്ധിക്കേണ്ട ഒരു കാര്യം സൂക്ഷ്മതയാണ്. ബാജി തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ക്ക് ശക്തിയുണ്ട്. ഭാഷയ്ക്ക് തന്മയത്വം ഉണ്ട്. പക്ഷേ ഒട്ടുമിക്ക കഥകളിലും സൂക്ഷ്മതയില്ല. കഥകള്‍ എല്ലാം ബാജി അയ്യായിരം അടി ഉയരത്തില്‍ നിന്നു കാണുന്നതുപോലെയേ ഉള്ളൂ. ബാജി കഥാപാത്രങ്ങളുടെ വികാരങ്ങളെയും അവതരിപ്പിക്കണം.

ബാജി സ്വന്തം പ്രൊഫൈലില്‍ തന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.

“വെറുതെ ഓരോന്ന് കുത്തിക്കുറിക്കും. ആരെങ്കിലും‌ ഒക്കെ വായിക്കും. നിങ്ങള്‍‌ വളരെ തിരക്കുള്ള ആളാണെന്ന് അറിയാം. എന്നാലും സമയം കിട്ടിയാല്‍ ദയവായി വായിക്കുക. കഴിവതും‌ ചുരുക്കി മാത്രമേ എഴുതുകയുള്ളു.“

- ഇത്രയും വിനയം വേണോ? വേണ്ടവര്‍ വായിച്ചാല്‍ മതി എന്നുവെക്കണം ബാജി. പക്ഷേ അതിലും പ്രധാനം ഒരു ആശയം തോന്നിയാല്‍ വെറുതേ കുത്തിക്കുറിക്കരുത് എന്നതാണ്. കഥയ്ക്ക് ഒരു ജെസ്റ്റേഷന്‍ പിരിയഡ് ഉണ്ട്. ചപ്പാത്തിക്ക് മാവുകുഴയ്ക്കുമ്പോള്‍, അല്ലെങ്കില്‍ ദോശയ്ക്ക് മാവ് ആട്ടിവെയ്ക്കുമ്പോള്‍, ഇത്തരം ഒരു സമയം ആവശ്യമാണ്. കഥയ്ക്കും അത് ആവശ്യമാണ്. (വളരെ കൂടുതല്‍ നേരം മനസ്സിലിട്ടാല്‍ മാവ് പുളിച്ചുപോവും, കഥ മറന്നുപോവും) ആശയം തോന്നുന്ന ഉടനെ കുത്തിക്കുറിക്കുന്നതിനു പകരം പറ്റുമെങ്കില്‍ ഒരു ദിവസം, അല്ലെങ്കില്‍ അഞ്ചാറു മണിക്കൂറുകള്‍, ഈ ആശയത്തെ മനസ്സില്‍ ഇട്ട് ഒന്നു ചവച്ചുനോക്കൂ. കഥാപാത്രങ്ങള്‍ ഒരു സാഹചര്യത്തില്‍ എങ്ങനെ പെരുമാറും എന്ന് നോക്കൂ. കഥയുടെ പശ്ചാത്തലം (സീനറി / ബാക്ക് ഗ്രൌണ്ട്) എങ്ങനെ എന്നുനോക്കൂ. കഥ എങ്ങനെ ഒക്കെ വികസിക്കാം എന്നും നോക്കൂ. ബാജിയുടെ കഥയില്‍ സംഭവിക്കാന്‍ പോവുന്ന രംഗം മനസില്‍ കാണൂ. അതേ രംഗം വായനക്കാരന്റെ മനസ്സില്‍ കൊണ്ടുവരാനും പിന്നീട് പറ്റണം - അതിനു എന്തൊക്കെയാണ് ആവശ്യം. എന്തൊക്കെ വായനക്കാരനെ അവിടെ എത്തിക്കും, എന്തൊക്കെ വേണ്ട, എന്നൊക്കെ ചിന്തിക്കൂ.

ഒരു കഥാകൃത്ത് ഭാവനാലോലുപന്‍ ആവുന്നതുപോലെതന്നെ സൂക്ഷ്മദൃക്കും ആവണം. ബാജിയുടെ കഥകളിലെ ന്യൂനതകള്‍ ബാജിയുടെ വായനയുടെ കുറവ് ആണൊ എന്ന് ഞാന്‍ ആദ്യം ചിന്തിച്ചു. അതല്ല പ്രശ്നം. ബാജി കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നില്ല എന്നുതന്നെയാണ് എനിക്കു കിട്ടിയ ഉത്തരം. ആ നിരീക്ഷണം കൊണ്ടുവന്നാല്‍, അത് കഥയില്‍ മുഴച്ചുനില്‍ക്കാതെ എഴുതിയാല്‍, കഥകള്‍ പതിന്മടങ്ങു നന്നാവും.

ഞാന്‍, അല്ലെങ്കില്‍ നിങ്ങള്‍ എന്നുപറഞ്ഞ് നേരിട്ടു സംവദിക്കുമ്പോള്‍ വായനക്കാരനുമായി പങ്കുവെക്കുന്ന കാര്യങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ട്. പ്രധാന പരിമിതി വീക്ഷണകോണ് ഒതുങ്ങുന്നു എന്നതാണ്. അപരന്റെ മനസ്സില്‍ നടക്കുന്നത് എന്തെന്ന് കഥാകൃത്തിനു മാറിനിന്നു പറയുവാനുള്ള സ്വാതന്ത്ര്യം ഇവിടെ പോവുന്നു. അപരനെ മറ്റൊരുവനായി മാത്രമേ കഥാകൃത്തിനു കാണുവാന്‍ കഴിയൂ. അവരുടെ മനസ്സിലേയ്ക്ക് ഇറങ്ങാന്‍ കഴിയില്ല.

മറ്റൊരു ന്യൂനത കാണുന്നത് കഥാപാത്ര നിര്‍മ്മിതിയില്‍ ആണ്. കഥാപാത്രങ്ങളെ വായനക്കാരന്റെ മനസ്സില്‍ വരയ്ക്കാന്‍ ബാജിക്ക് കഴിയണം. (ഇത് എപ്പോഴും ആവശ്യമുള്ള കാര്യമല്ല). ഒരു വ്യക്തിയെ കാണുമ്പോള്‍ ബാജി എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്? കണ്ണ്? തലമുടി? കവിള്‍? താടി? വസ്ത്രങ്ങള്‍? ബാജി ശ്രദ്ധിക്കുന്നത് എന്താണോ അത് വായനക്കാരനും പറഞ്ഞുകൊടുത്ത് വായനക്കാരന്റെ മനസ്സില്‍ ഈ ചിത്രം വരയ്ക്കാന്‍ ബാജിക്കു കഴിയണം. വ്യക്തികളില്‍ നോട്ട് ചെയ്യുന്ന സ്വഭാവ സവിശേഷതകള്‍ എന്തൊക്കെയാണ്? അതും പറഞ്ഞുകൊടുക്കണം. ഇതെല്ലാം എല്ലാ കഥകളിലും വേണമെന്നല്ല.

ബാജി കഴിവുള്ള കഥാകാരനാണ്. ബാജിയുടെ രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ഇതില്‍ നിന്നും തള്ളേണ്ടത് തള്ളാ‍നും കൊള്ളേണ്ടത് കൊള്ളാ‍നും താല്‍പ്പര്യം. എഴുതിത്തകര്‍ക്കുക!.

(ജാമ്യം: ബാജിയുടെ രണ്ടോ മൂന്നോ കഥകളെ ആസ്പദമാക്കിയാണ് ഇത് എഴുതിയിരിക്കുന്നത്. ഈ ന്യൂനതകള്‍ മറ്റു കഥകളില്‍ പരിഹരിച്ചിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക).

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ബാജീ,കഥ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

മന്‍സുര്‍ said...

ബാജിഭായ്‌..... കഥ നന്നായിരിക്കുന്നു

ഒരാളെ കള്ളനാക്കാന്‍ എത്ര എളുപ്പം...പക്ഷേ
അതിലുണ്ടാവുന്ന വേദന.....ജീവിതവസാനം വരെ
നമ്മളെ വിടാതെ പിന്‍തുടരും....
പിന്നെ ആ ജീവിതത്തിനെന്തര്‍ത്ഥം.
ഈ എനിക്ക്‌ തന്നൊരാ സന്ദേശം
ചിന്തിച്ച്‌ പ്രവര്‍ത്തിക്കുക...ജീവിതം ഒന്നേയുള്ളു

നന്‍മകള്‍ നേരുന്നു

Sathees Makkoth | Asha Revamma said...

ബാജിയുടെ പോസ്റ്റില്‍ വന്ന അനോണികമന്റിനെ ക്കുറിച്ച് രണ്ട് വാക്ക് പറയാതിരിക്കാനാവുന്നില്ല.
ഒരു പരാതിയെ ഉള്ളു എനിക്ക് അനോണിയെക്കുറിച്ച്; താങ്കള്‍ക്ക് സ്വന്തം പേരുവെച്ച് എഴുതാമായിരുന്നു.
താങ്കളാരായിരുന്നാലും എഴുതിയത് എത്ര അര്‍ത്ഥവത്തായ കാര്യങ്ങളാണ്. ഇവിടെ ഞാനുദ്ദേശിച്ചത് ബാജിയുടെ പോസ്റ്റോ അതിന്റെ രീതിയോ ഒന്നുമല്ല.എങ്ങനെ ഒരു വാ‍യനക്കാരന് ഒരാളുടെ എഴുത്തിനെ അവനുമായി സംവദിക്കാം സാധിക്കും എന്ന് കാട്ടിക്കൊടുക്കലിനെയാണ്.
ഇത്തരം കമന്റുകള്‍ എന്നുമുണ്ടാവട്ടെ! ബാജിയ്ക്കും അനോണിക്കും നന്ദി.

വിഷ്ണു പ്രസാദ് said...

baji,
kurachchu divasamaayi njaan net kaanunnilla.ente airtell connection veeNtum prasnaththilaan.
commentukalil ninn Etho anOny prasnam untaayi ennu kantu.

njaan matoru kaaryam parayaanaN veentum ee vazhikk vannath.ente commenti oru abaddham patiyittunt.valiya abddham thanneyaan.baajiute kathhaye sambandhichch njaanezhuthiya commentil paraamarsichchath marappaavakal ezhuthiya kathhaakr6ththineyaan.nandanaareyala.kaarrooraanallo marappaavakal ezhuthiyath.
sadayam kshamikkanam.

(baajiyuTe kathha thikachchum maulikamaaya onnaan.ente comment thettiddharikkaruth.craaftil thonnunna pazhama choontikaanikkaan venti maathramaan marappaavakalute kaaryam paranjnjath.)

ബാജി ഓടംവേലി said...

കുഞ്ഞന്‍,
ജിഹേഷ് എടക്കൂട്ടത്തില്‍,
സിമി,
സഹയാത്രികന്‍,
മയൂര,
ശ്രീ,
ഇത്തിരിവെട്ടം,
മെലോഡിയസ്,
ഹരിശ്രീ,
കിനാവ്,
യാത്രികന്‍,
ആഷ,
സതീശ് മാക്കോത്ത്,
ഞാന്‍ ഇരിങ്ങള്‍,
നിഷ്‌ക്കളങ്കന്‍,
വിഷ്‌ണു പ്രസാദ്,
അവറാന്‍ കുട്ടി,
മുരളി മേനോന്‍,
എതിരന്‍ കതിരവന്‍,
കരിം മാഷ്,
എഴുത്തുകാരി,
പടിപ്പുര,
അന്നമ്മ,
ഫസല്‍,
ദുര്യോധനന്‍,
അനോണി,
മോഹന്‍ പുത്തന്‍ ചിറ,
മന്‍‌സൂര്‍,
തുടങ്ങി എല്ലാവര്‍ക്കും നന്ദി.
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്ക് പ്രത്യേകനന്ദി.

വാളൂരാന്‍ said...

നല്ലത്...ഭാഷയില്‍ ഒന്നുകൂടി മനസ്സിരുത്തിയാല്‍ കൂടുതല്‍ നന്നാവും എന്നു തോന്നി.

ദിലീപ് വിശ്വനാഥ് said...

വളരെ നന്നായിട്ടുണ്ട്. നെഞ്ചില്‍ ഒരു നീറ്റല്‍ ഉണ്ടാക്കാന്‍ ഈ കഥയ്ക്ക് കഴിഞ്ഞു.

ബാജി ഓടംവേലി said...

നന്ദി നന്ദി നന്ദി