Monday, March 24, 2008

പറഞ്ഞു കേട്ടത്

മറക്കാന്‍ ശ്രമിക്കുന്നത് എന്തോ അതാണ് ഓര്‍‌മ്മയില്‍ കൂടുതല്‍ തെളിഞ്ഞു വരുന്നത്. ബഹറിനിലേക്ക് ആദ്യമായ് വരുമ്പോള്‍ എന്നെയാത്രയാക്കിയവരുടെ കൂട്ടത്തില്‍ മൂത്തപെങ്ങള്‍ എല്‍‌സിയുടെ മുഖം മനസ്സില്‍ നിറഞ്ഞു നില്‍‌ക്കുകയാണ്.

“മോനെ നീ ജിന്‍‌സി മോളുടെ അച്‌ഛനെ തിരക്കി നാണം കെടുകയൊന്നും വേണ്ട“ എന്ന് പറയുമ്പോഴും ആ മനസ്സ് എനിക്ക് വായിക്കാനാകുമായിരുന്നു.

പത്തുവര്‍‌ഷം മുന്‍‌പ് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എല്‍‌സിയുടെ വിവാഹം നടന്നത്. അന്നേ എന്റെ മനസ്സില്‍ കയറിയ ഗള്‍‌ഫ് രാജ്യമാണ് ബഹറിന്‍. ചെറുക്കന് ബഹറിനില്‍ ഫാര്‍‌മസിയില്‍ ഫാര്‍മസിസ്‌റ്റായി ജോലിയാണെന്നും പറഞ്ഞാണ് വിവാഹം നടത്തിയത്. ജോലിയേപ്പറ്റി കൂടുതലൊന്നും അന്വേഷിക്കാന്‍ മിനക്കെട്ടില്ലെന്നു പറയുന്നതാണ് സത്യം. വിവാഹത്തിനു ശേഷം രണ്ടു മാസം തികയുന്നതിനു മുന്‍‌പ് ഗള്‍ഫിലേക്കു പറന്നതാണ്. അവരുടെ മകള്‍ ജിന്‍‌സി‌ക്ക് വയസ്സ് ഒന്‍പതായി ,എന്നിട്ടും ഒരു പ്രാവശ്യം പോലും ഒന്നു കാണുവാന്‍ വന്നിട്ടില്ല.

എല്‍സിയുടെ ഭര്‍‌ത്താവ് സജി കുര്യാക്കോസ് മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ട് ബഹറിന്‍ ജയിലില്‍ കഴിയുകയാണെന്ന് ആരോ പറഞ്ഞ് അറിഞ്ഞത് മനഃപൂര്‍‌വ്വം മറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ വിവരം ഞങ്ങള്‍ രഹസ്യമായി വെച്ചു കാരണം അല്ലാതെ തന്നെ നാട്ടില്‍ ഒത്തിരി കഥകള്‍ പരക്കുന്നുണ്ടായിരുന്നു. അവിടെ അവന് വേറെ ഭാര്യയും മക്കളും ഉണ്ട്. എല്‍‌സിയുടെ സ്വഭാവഗുണം കൊണ്ടാണ് തിരികെ വരാത്തത്. പല നാട്ടില്‍ പോയി ഇതേ മാതിരി വിവാഹത്തട്ടിപ്പു നടത്തി സ്ത്രീധനവും കൈക്കലാക്കി മുങ്ങലാണ് അവന്റെ ജോലി. തുടങ്ങി ഒത്തിരി കഥകള്‍ പറഞ്ഞു കേട്ടു. ആദ്യമൊക്കെ മറുപടി പറയുമായിരുന്നു. പിന്നെ എല്ലാ ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന് ഉത്തരം കൊടുക്കാന്‍ പഠിച്ചു.

വേറെ വിവാഹം കഴിക്കാന്‍ ഞങ്ങള്‍ എല്‍‌സിയെ നിര്‍‌ബ്ബന്ധിക്കാറുണ്ടായിരുന്നു. വിവാഹം ഒരിക്കലായിട്ടുള്ളതാണ്, എന്തു സംഭവിച്ചാലും ദൈവ സന്നിധിയില്‍ വെച്ച് കഴുത്തില്‍ താലി ചാര്‍‌ത്തിയ ആള്‍മാത്രമായിരിക്കും മരണം വരെ ഭര്‍‌ത്താവെന്ന് എല്‍‌സി ഉറപ്പിച്ച് പറയുമായിരുന്നു. ഭര്‍‌ത്താവ് ജീവിച്ചിരിക്കുമ്പോഴും ഒരു വിധവയെപ്പോലെ ജീവിക്കുന്ന എല്‍‌സിക്ക് പൊന്നുമോള്‍ ജിന്‍സിയെ പഠിപ്പിച്ച്‌ വലിയ നിലയിലാക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതിനു വേണ്ടിയാണ് അവളുടെ ജീവിതമെന്ന് തോന്നിപ്പോകും. ഇപ്പോള്‍ ഞങ്ങളും എല്‍‌സിയെ ഒന്നിനും നിര്‍ബ്ബന്ധിക്കാറില്ല.

ബഹറിനില്‍ എത്തിയതിന്റെ പിറ്റേന്നു തന്നെ ജോലി ആരംഭിച്ചു. ഒരു കണ്‍സ്‌ട്രക്‌ഷന്‍ കമ്പനിയുടെ സയിറ്റ് ഓഫീസിലാണ് ജോലി. പുതിയ സ്ഥലം പരിചയക്കാരും കുറവ്.

സയിറ്റിലേക്ക് വണ്ടിയില്‍ പോകുമ്പോഴും സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുമ്പോഴും ഒക്കെ ആ മുഖം തിരയാറുണ്ട്. പത്തു വര്‍‌ഷം കൊണ്ട് ഒത്തിരി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാകും എന്നാലും രണ്ടു മാസത്തെ പരിചയവും വിവാഹത്തിന്റെ ഫോട്ടോകളും കയ്യിലുള്ളതിനാല്‍ ആളെ കണ്ടാല്‍ തിരിച്ചറിയാനാവുമെന്നാണ് പ്രതീക്ഷ.

ജോലിത്തിരക്കുകള്‍ കാരണം ഒരുവര്‍ഷം വേഗം കടന്നു പോയി.

പറഞ്ഞു കേട്ട കഥകളില്‍ ഏതാകും സത്യം. ആരോടും പങ്കുവെയ്‌ക്കുവാന്‍ പറ്റിയ കഥകളല്ല നാട്ടില്‍ പരന്നിട്ടുള്ളത്. നാട്ടില്‍ അറിഞ്ഞ കഥകള്‍ കൊണ്ട് ഒരു ജീവിതകാലം മുഴുവന്‍ കുളിച്ചാലും മാറാത്ത നാണക്കേട് വീടിനും വീട്ടുകാര്‍‌ക്കും കിട്ടി. ഇവിടെങ്കിലും ആരും ഒന്നും അറിയേണ്ടെന്ന് കരുതി. എന്നാലും മനസ്സിന്റെ ഏതോ കോണില്‍ ഒരു വിങ്ങല്‍. മൂത്തപെങ്ങള്‍ ജിന്‍‌സിമോളെയും കെട്ടിപ്പിടിച്ച് വിങ്ങി വിങ്ങി കരയുന്നത് മിക്ക ദിവസങ്ങളിലും കണ്ടാണ് ഞാന്‍ വളര്‍‌ന്നത്. ഒരു ആങ്ങളയെന്ന നിലയില്‍ ജിന്‍‌സി മോളുടെ പപ്പായെ കണ്ടെത്താന്‍ ഒരു ചെറിയ ശ്രമമെങ്കിലും നടത്തേണ്ടത് എന്റെ കടമയാണെന്ന് ആരോ ഉള്ളിലിരുന്ന് മന്ത്രിക്കുന്നത് പലപ്പോഴും കേള്‍‌ക്കാറുണ്ട്.

ഞങ്ങളുടെ സയിറ്റ് എഞ്ചിനീയര്‍ സാമൂഹ്യപ്രവര്‍‌ത്തനങ്ങളില്‍ താല്പര്യമുള്ള ആളാണെന്ന് മനസ്സിലായി. ജോലി കഴിഞ്ഞുള്ള സമയം ആവശ്യങ്ങളിലിരിക്കുന്നവരെ പലവിധത്തില്‍ അദ്ദേഹം സഹായിക്കാറുണ്ട്. അദ്ദേഹത്തെ വിശ്വസിക്കാന്‍ കൊള്ളാമെന്നു തോന്നി. സംഭവങ്ങളൊക്കെ വിശദമായി എഞ്ചിനീയറോടു പറഞ്ഞു. അവരുടെ വിവാഹഫോട്ടോയും അദ്ദേഹത്തെ ഏല്‍‌പ്പിച്ചു.

മയക്കു മരുന്ന് കേസിനേപ്പറ്റി പറഞ്ഞതിനാലാകും എഞ്ചിനിയര്‍ ആദ്യം തന്നെ ജയിലില്‍ അന്വേഷിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വിവരം കിട്ടി. സജി കുര്യാക്കോസ് എന്നൊരാള്‍ മയക്കുമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുണ്ട്.

ഞാന്‍ ഉടന്‍ തന്നെ വീട്ടിലേക്ക് വിളിച്ച് അപ്പനോട് ഈ വിവരം പറഞ്ഞു. അപ്പന്‍ എന്നെ വല്ലാതെ ശാസിക്കുകയാണുണ്ടായത്.

“നീ കൂടുതലൊന്നും അന്വേഷിക്കേണ്ട. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഞങ്ങളുടെ കാലശേഷം അവള്‍ക്കും ജിന്‍‌സിമോള്‍‌ക്കും ആരാ ഉള്ളത്. ഒരു കണക്കിനാണ് ഒരു രണ്ടാം കല്ല്യാണത്തിന് സമ്മതിപ്പിച്ചത്. നൊയമ്പുകഴിഞ്ഞാല്‍ കല്ല്യാണം നടത്താമെന്ന് അവരും സമ്മതിച്ചിരിക്കുകയാ. നീ കൂടുതലൊന്നും അന്വേഷിച്ച് കുഴപ്പങ്ങള്‍ ഉണ്ടാക്കേണ്ട...” അപ്പന്‍ ദ്വേഷ്യപ്പെട്ട് ഫോണ്‍ ഡിസ്‌ക്കണക്‌ട് ചെയ്‌തു.

മൂത്ത പെങ്ങള്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു എന്നുള്ള വിവരം എന്നെയും സന്തോഷിപ്പിച്ചു. വൈകിയാണെങ്കിലും അവളുടെ മനസ്സ് മാറ്റിയ ദൈവത്തിന് നന്ദി പറഞ്ഞു.

ഞാന്‍ അന്വേഷണങ്ങള്‍ അവസാനിപ്പിച്ചുവെങ്കിലും, എഞ്ചിനീയര്‍ അന്വേഷണങ്ങളുമായി മുന്നേറി. വളരെ ബുദ്ധിമുട്ടി ജയിലില്‍ കഴിയുന്ന സജികുര്യാക്കോസിനെ കാണാന്‍ പ്രത്യേക അനുമതി സംഘടിപ്പിച്ചു.

ഞായറാഴ്‌ച അവധിയെടുത്ത് എഞ്ചിനീയറുടെ കൂടെ ജയിലിലേക്ക് സജി കുര്യാക്കോസിനെ കാണാന്‍ പോകുമ്പോഴും എന്റെ മനസ്സില്‍ ആശങ്കകളായിരുന്നു. ജയിലിലേക്ക് പോകണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ എനിക്കായില്ല.

“സാര്‍ ഇനിയും പോകണമെന്നില്ല. പെങ്ങള്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചിട്ടുണ്ട്. ഈ അടഞ്ഞ അദ്ധ്യായം തുറക്കേണ്ട.“ ഞാന്‍ എഞ്ചിനിയറോടു പറഞ്ഞു.

“വളരെ ബുദ്ധിമുട്ടി ലഭിച്ച അപ്പോയിന്റ്‌മെന്റാണ് വെറുതേയൊന്ന് കണ്ട് സംസാരിക്കുന്നതുകൊണ്ട് ഒന്നും നഷ്‌ടപ്പെടാനില്ലല്ലോ” എഞ്ചിനീയറുടെ നിര്‍ബ്ബന്ധത്തില്‍ ഞാനും ജയിലിലെത്തി.

മുത്തപെങ്ങള്‍ എല്‍‌സിയുടെ ഭര്‍‌ത്താവ് സജി കുര്യാക്കോസു തന്നെയായിരുന്നു അവിടെയുണ്ടായിരുന്നത്. കാലം വരുത്തിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആളെത്തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല.

പറഞ്ഞു കേട്ട കഥകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ കാര്യങ്ങളാണ് സജി കുര്യാക്കോസ് പറഞ്ഞത്.

താന്‍ ചതിയില്‍‌പെട്ടാണ് ജയിലിലായത്. ഒരു അറബിയുടെ ഫാര്‍‌മസിയില്‍ ജോലിചെയ്യുകയായിരുന്നു. അറബിയുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു അറബിയുടെ സ്‌പോണ്‍‌സര്‍ഷിപ്പില്‍ സ്വന്തമായി ഒരു ഫാര്‍‌മസി ആരംഭിച്ചു. പഴയ ഫാര്‍‌മസില്‍ നിന്നും കുറേ ദൂരെയായാണ് പുതിയ ഫാര്‍‌മസി ആരംഭിച്ചതെങ്കിലും പഴയ സ്ഥിരം കസ്‌റ്റമേഴ്‌സെല്ലാം പുതിയ ഫാര്‍‌മസിയിലേക്കു വരുന്നത് പഴയ ഫാര്‍‌മസിക്കാരെ ചൊടിപ്പിച്ചു. നല്ല സേവനം കൊടുത്ത് കൂടുതല്‍ വില്‍പ്പനയുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അറിയാതെ കെണിയില്‍ ചാടിയത്.

ഒരു ദിവസം ഉച്ചയ്‌ക്ക് ഫാര്‍‌മസി അടച്ച് ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ്. ഒരു അറബി അത്യാവശ്യം ഒരു മരുന്നിന് വന്നത്. അറബി വന്ന കാര്‍ ഷോപ്പിനോട് ചേര്‍‌ത്തു നിര്‍‌ത്തി. കാറിന്റെ പുറകിലത്തെ സീറ്റില്‍ അറബിയുടെ ഭാര്യയും ഉണ്ടായിരുന്നു. ഗ്ലാസ്സ് താഴ്‌ത്തി ഡോക്‌ടറുടെ പ്രിസ്‌ക്രിപ്‌ഷന്‍ കാണിച്ചു. ഡയസിപ്പാം ടാബിലെറ്റാണ് വേണ്ടത്. ഫാര്‍മസിയുടെ ഷട്ടര്‍ പകുതി തുറന്ന് മരുന്ന് എടുത്ത് പുറത്തുവന്നു. അറബിയുടെ കൈയില്‍ നിന്നും പണം വാങ്ങുന്നതിനിടയില്‍ രണ്ട് സി.ഐ.ഡി. കള്‍ തന്നെ പിടികൂടി. അതിനിടയില്‍ മരുന്ന് ചോദിച്ചു വന്ന അറബി കാ‍ര്‍ ഓടിച്ച് കടന്നു കളഞ്ഞു.

കേസുകള്‍ പലത് ചാര്‍ജു ചെയ്‌തു. പ്രിസ്‌ക്രിപ്ഷനില്ലാതെ മരുന്നു വിറ്റു. പൊതു സ്ഥലത്തുവെച്ച് മരുന്ന് വിതരണം ചെയ്‌തു. തുടങ്ങിയവ.

പൊതുസ്ഥലത്തുവെച്ച് മയക്കുമരുന്ന് വില്‍‌ക്കാന്‍ ശ്രമിച്ചു എന്നുള്ള കേസാണ് കോടതിയില്‍ എത്തിയത്.

ഡയസിപ്പാം എന്ന മരുന്നില്‍ മയക്കുമരുന്ന് ഉള്‍‌പ്പെട്ടിട്ടുണ്ടെന്ന് എല്ലാവര്‍‌ക്കും അറിയാവുന്ന കാര്യമാണ്. അതു കൂടാതെ തന്റെ ഫാര്‍‌മസിസ്‌റ്റായുള്ള രജിസ്‌ട്രേഷന്‍ പൂര്‍‌ത്തിയാകാഞ്ഞതിനാല്‍ വിസ്സായില്‍ സ്‌റ്റോര്‍ ലേബര്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത് അതും കേസിനെ പ്രതികൂലമായി ബാധിച്ചു.

പഴയ ഫാര്‍‌മസിക്കാരന്‍ ഒരുക്കിയ കെണിയാണെന്ന് പറയാനോ വാദിക്കാനോ ആരും ഉണ്ടായിരുന്നില്ല. പുതിയ ഫാര്‍‌മസി പൂട്ടിക്കുകയെന്ന ലക്ഷ്യം പഴയ ഫാര്‍‌മസിക്കാര്‍ നേടി.

മയക്കു മരുന്നു കേസ്സില്‍ ശിക്ഷ ഉറപ്പായതിനാല്‍, വെറുതെ കാശ്‌ ചിലവാക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ലോകത്തോട് ബന്ധമൊന്നുമില്ലാതെ കഴിഞ്ഞ പതിനൊന്നു വര്‍‌ഷമായി ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.

പന്ത്രണ്ടു വര്‍ഷത്തെ തടവിനും ശേഷം നാടുകടത്താനാണ് വിധി.

ഇനിയും ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിച്ചാല്‍ നാട്ടിലേക്ക് പോകാം.

ജയിലിലായതിനു ശേഷം നാട്ടിലെ വിവരങ്ങളൊന്നും അറിയുന്നുണ്ടായിരുന്നില്ല. മകള്‍ ജിന്‍‌സി അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ സജിയ്‌ക്ക് ഒത്തിരി സന്തോഷമായി. ഒരിക്കലും കണ്ടിട്ടില്ലാത്ത പൊന്നുമോളുടെ മുഖമൊന്നു കാണാനുള്ള വെമ്പല്‍ ആ മുഖത്തുണ്ടായിരുന്നു.

തന്റെ ഭാര്യ എല്‍‌സിയേപ്പറ്റി എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ ഞങ്ങള്‍ക്ക് അനുവദിച്ചിരുന്ന സമയം കഴിഞ്ഞിരുന്നു.

ജയിലിന്റെ വലിയ ഇരുമ്പു ഗെയിറ്റ് കടക്കുമ്പോള്‍ ഞാനൊന്നു തിരിഞ്ഞു നോക്കി ഇപ്പോഴും സജി കുര്യാക്കോസ് ഞങ്ങളെ നോക്കി നില്‍‌ക്കുകയാണ്. ഒരു വര്‍‌ഷത്തിനു ശേഷം നാട്ടിലെത്തി എല്‍‌സിയോടും മകളോടു മൊത്തുള്ള സന്തോഷകരമായ കുടുംബജീവിതം സജി കുര്യാക്കോസ് സ്വപ്‌നം കണ്ടു തുടങ്ങി.

റൂമിലെത്തുമ്പോള്‍ എല്‍‌സിയുടെ രണ്ടാം വിവാഹത്തിന്റെ കല്ല്യാണകുറി എന്നെ കാത്തു കിടക്കുന്നുണ്ടായിരുന്നു. നൊയമ്പ് കഴിഞ്ഞുള്ള തിങ്കളാഴ്‌ചയാണ് കല്ല്യാണം.

Saturday, March 8, 2008

വില്‍ക്കുന്നവരുടെ കുന്ന്‍

മലകയറി മുകളിലേക്ക് പോകുമ്പോള്‍ എനിക്ക് നൂറു നാവായിരുന്നു.

ഞാന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. കല്ല്യാണം കഴിഞ്ഞ് ദിവസങ്ങളേ ആയിട്ടുള്ളൂ. ചെറിയൊരു ഹണീമൂണ്‍ ട്രിപ്പെന്നു വേണമെങ്കില്‍ വിളിക്കാം. പുതുപ്പെണ്ണിനേയും കൊണ്ട് ഞങ്ങളുടെ ഗ്രാമത്തിലുള്ള മടുക്കക്കുന്നിന്റെ നെറുകയിലുള്ള റിസോര്‍‌ട്ടിലേക്ക് പോകുകയാണ്.

ഓരോ വളവു തിരിയുമ്പോഴും ഞാന്‍ പറഞ്ഞു കൊടുക്കുന്നുണ്ട്. ഇത് അതാണ്. അത് ഇതാണെന്നും മറ്റും. അവളെല്ലാം ആകാംക്ഷയോടെ കേള്‍ക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ വാചാലനായി.

കുട്ടിക്കാലത്ത് മിക്ക ശനിയാഴ്‌ച ദിവസങ്ങളിലും ഞങ്ങള്‍ കുട്ടികള്‍ സംഘമായി മടുക്കക്കുന്നിലേക്ക് പോകുമായിരുന്നു. അയല്‍‌വീടുകളിലെ കുട്ടികളെല്ലാവരും ഉണ്ടാകും. അന്ന്‍ ഈ വഴിയും വാഹനങ്ങളും ഒന്നും ഇല്ല. ബുദ്ധിമുട്ടേറിയ ഇടുക്കുതോടുകളിലൂടെ കുത്തനേയുള്ള കയറ്റത്തിലൂടെ ഒന്നരമണിക്കൂര്‍ നടന്നു വേണം അവിടെയെത്താന്‍. അവിടെയെത്തിയാല്‍ ലോകം മുഴുവന്‍ കാണാമെന്നാണ് പറയാറുള്ളത്.

കയറ്റം കയറുമ്പോള്‍ ക്ഷീണിച്ച് വലിയ ഉരുളന്‍ കല്ലുകളില്‍ ഒരല്‌പ സമയമിരുന്ന് വിശ്രമിക്കാറുണ്ടായിരുന്നു. അവിടെ നിന്നും താഴേക്കു നോക്കിയാല്‍ താണ്ടിവന്ന വഴികള്‍ കണ്ട് അഭിമാനം തോന്നുമായിരുന്നു.

അവിടെ അന്നൊരു വല്ല്യമ്മയുടെ ഇടിഞ്ഞു പൊളിഞ്ഞ ഓലകെട്ടിയ വീടുമാത്രമേ ഉണ്ടായിരുന്നുള്ളു. എല്ലാ ശനിഴായ്‌ചകളിലും അവര്‍ ഞങ്ങളുടെ വരവിനായി കാത്തിരിക്കുകയാണെന്നു തോന്നും. കുറച്ച് കല്‍ക്കണ്ടമോ ഒരല്പം ചക്കരയോ അവര്‍ ഞങ്ങള്‍ക്കായി കരുതി വെച്ചിട്ടുണ്ടാകും. ചില ദിവസങ്ങളിലൊക്കെ മിഠായിയും തരും. ഒന്നുമില്ലെങ്കില്‍ പാട്ട തുറന്ന് ഓരോ സ്‌പൂണ്‍ പഞ്ചസാര ഞങ്ങളുടെ കൈ വെള്ളയിലേക്ക് തരുമ്പോഴുള്ള ആ കണ്ണുകളിലെ സ്‌നേഹം അനുഭവിച്ചറിയേണ്ടതാണ്.

ആ വല്ല്യമ്മ അവിടെ ഒറ്റയ്‌ക്കാണോ താമസിക്കുന്നതെന്നൊന്നും ഞങ്ങള്‍ക്കറിയില്ല. എന്തായാലും ഞങ്ങള്‍ ചെല്ലുന്ന സമയങ്ങളിലൊക്കെ അവരെ മാത്രമേ കണ്ടിട്ടുള്ളു. ഉള്ളതിന്റെ വീതം സന്തോഷത്തോടെ തരുന്നതില്‍ നിന്നും ഞങ്ങള്‍ പാഠങ്ങള്‍ പഠിക്കുകയായിരുന്നു.

ആ വീടിന്റെ മുറ്റത്തു നിന്ന് താഴേക്കു നോക്കാന്‍ നല്ല രസമാണ്. ഞങ്ങളുടെ വീടുകളൊന്നും കാണാന്‍ പറ്റില്ല. താഴ്‌വര മുഴുവന്‍ ഇരുണ്ടപച്ച നിറത്തില്‍ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ദൂരെ പമ്പാനദി വളഞ്ഞു പുളഞ്ഞ് ഒഴുകുന്നതു കാണാം. അതിനു കുറുകെയുള്ള കോഴഞ്ചേരി പാലത്തിന്റെ ആര്‍ച്ച് വളരെ ചെറുതായി കാണാം. ദൂരെ പട്ടണത്തിലുള്ള വലിയ ചില കെട്ടിടങ്ങള്‍ മങ്ങിക്കാണാം. അവിടെയുള്ള ഫാക്‌ടറിയുടെ പുകക്കുഴല്‍ കാണാന്‍ പറ്റില്ലെങ്കിലും അവിടെ നിന്നും ഉയരുന്ന പുക ആകാശത്ത് ചിത്രങ്ങള്‍ വരയ്‌ക്കുന്നത് കാണാന്‍ നല്ല രസമാണ്. ഈ കാഴ്‌ചകളും ഇളം തണുപ്പുള്ള കാറ്റും മനസ്സില്‍ കുളിരു കോരിയിടും.

അധിക നേരം അവിടെ നില്‍ക്കാനാവില്ല. തിരിച്ച് വീടുകളിലെത്താന്‍ ഇനിയും ഒത്തിരി തിരിച്ച് നടക്കണം. പോകുന്ന വഴിയില്‍ പഴുത്ത കമ്പിളി നാരങ്ങാ എല്ലാവരുടേയും കയ്യില്‍ ഓരോന്നുണ്ടാകും. ഇറക്കമായതിനാല്‍ കാറ്റിന്റെ തള്ളലുണ്ടെങ്കിലും പതിയേ പോകാന്‍ പറ്റൂ.

മനസ്സില്‍ നിറഞ്ഞ സന്തോഷവുമായി കുന്നിറങ്ങുമ്പോള്‍ അടുത്ത ആഴ്‌ച വീണ്ടും വരാന്‍ എല്ലാവരും മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടാവും. എത്ര കണ്ടാലും മടുക്കാത്ത കാഴ്‌ചകളാണ് ബാല്യകാലത്ത് ഈ മടുക്കക്കുന്ന് ഞങ്ങള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.

പട്ടണത്തില്‍ വളര്‍‌ന്ന പുതുപ്പെണ്ണിന്, ഗ്രാമത്തിന്റെ സൌന്ദര്യം കാട്ടിക്കൊടുത്ത് അസൂയപ്പെടുത്താമെന്ന വ്യാമോഹമാണ് വര്‍ഷങ്ങള്‍ക്കു ശേഷം മടുക്കക്കുന്നിലേക്ക് ഞങ്ങളെ എത്തിച്ചത്.

മടുക്കക്കുന്നിലെ റിസോര്‍‌ട്ടില്‍ ഞങ്ങള്‍ക്കായി ബുക്കു ചെയ്‌തിരുന്ന റൂമില്‍ ഞങ്ങളെത്തി.

മടുക്കക്കുന്ന് ഒത്തിരി മാറിയിരിക്കുന്നു. എന്റെ മനസ്സ് പഴമയില്‍ ഉടക്കി നിന്നു. എന്തു കണ്ടാലും മനസ്സ് പഴയതുമായി താരതമ്യം ചെയ്യാന്‍ വെമ്പി. പുതിയമാറ്റങ്ങളൊന്നും എനിക്ക് ഉള്‍‌ക്കൊള്ളാനായില്ല.

പുതുപ്പെണ്ണ് എല്ലാം ആദ്യമായ് കാണുകയാണ്. അവള്‍ക്കെല്ലാം നന്നായി പിടിച്ച മട്ടാണ്. അവള്‍ വളരെ സന്തോഷവതിയായി കാണപ്പെട്ടു.

സര്‍‌ക്കാരിന്റെ എക്കോ-ടൂറിസം പദ്ധതിയില്‍ ഉള്‍‌പ്പെടുത്തി ഒത്തിരി വികസനം ഇവിടെ വന്നു. പേരില്‍ ‘എക്കോ’യുള്ളതിനാല്‍ പ്രകൃതി സ്‌നേഹികളുടെ നാവ് അടപ്പിക്കാന്‍ എളുപ്പം സാധിച്ചു. എക്കോ – ടൂറിസമെന്നാല്‍ പ്രകൃതിവിരുദ്ധമാകാതെ നമുക്ക് ഉള്ളത് വില്‍ക്കുവാനുള്ള മാര്‍‌ഗ്ഗമെന്നാണ് നാട്ടുകാരുടെ വിചാരം.

വിദേശികള്‍ ഉള്‍‌പ്പെടെ ഒത്തിരി ടൂറിസ്‌റ്റുകള്‍ വന്നു പോകുന്ന സ്ഥലമാണ്. അവരുടെ സൌകര്യത്തിനൊത്ത ബഹുനില കെട്ടിടങ്ങള്‍. ഡോളറിന്റെ ആര്‍ഭാടങ്ങള്‍ നാടിന്റെ മുഖം ഇത്രത്തോളം മാറ്റുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല.

നാട്ടുകാര്‍ക്ക് ഒത്തിരിപ്പേര്‍ക്ക് ഇവിടെ തൊഴിലായി. കുടില്‍ വ്യവസായങ്ങള്‍ പച്ചപിടിക്കുമെന്ന പ്രതീക്ഷ ഇനിയും അസ്‌തമിച്ചിട്ടില്ല.

കര കൌശല വസ്‌തുക്കളോട് വിദേശികള്‍ക്ക് നല്ല പ്രീയമാണ്. ഇഷ്‌ടപ്പെട്ടാല്‍ എന്തു വിലകൊടുത്തും അവര്‍ അത് വാങ്ങും. വാറ്റുകാരി ജാനുവിന്റെ വീട്ടില്‍ ഇപ്പോള്‍ വിദേശമദ്യമാണ് നിര്‍‌മ്മിക്കുന്നത്. കവടി നിരത്തി ഫലം പറഞ്ഞിരുന്ന കണിയാരുടെ വലിയഓഫീസും റിസോര്‍‌ട്ടിനോടു ചേര്‍‌ന്ന് പ്രവര്‍‌ത്തിക്കുന്നുണ്ട്. നാട്ടുകാര്‍‌ക്കു പോലും കമ്പ്യൂട്ടര്‍ ജാതകത്തിലാണ് വിശ്വാസം. ഇന്റര്‍‌നെറ്റു വഴി കണിയാര്‍ വിദേശികള്‍ക്ക് ക്ലാസ്സെടുക്കാറുണ്ട്.

അവിടുത്തെ ചിലവ് വളരെക്കുടുതലായിരുന്നു. മൂന്നു ദിവസം താമസിച്ചപ്പോഴേക്കും എന്റെ പോക്കറ്റ് കാലിയായിത്തുടങ്ങിയിരുന്നു.

തിരികെപ്പോകാമെന്നു പറഞ്ഞപ്പോള്‍ പുതുപ്പെണ്ണിന് ഒട്ടും സമ്മതമായിരുന്നില്ല.

“ ഒരാഴ്‌ചയെന്നു പറഞ്ഞല്ലേ നമ്മളിങ്ങോട്ടു വന്നത് എന്താ മൂന്നു ദിവസം കൊണ്ട് മടുത്തോ ?”

ഒട്ടും നിവര്‍‌ത്തിയില്ലാഞ്ഞിട്ട് കയ്യില്‍ രൂപാ തീരാറായെന്നു പറയേണ്ടി വന്നു.

“ ഒരാഴ്‌ച എനിക്കു വേണ്ട സുഖ സൌകര്യങ്ങള്‍ ഒരുക്കാന്‍ പറ്റാത്ത നിങ്ങളുടെ കൂടെ ഒരു ജീവിതകാലം എങ്ങനെ കഴിക്കുമെന്റെ ദൈവമേ”

അവര്‍ എന്തൊക്കയോ പുലമ്പിക്കൊണ്ട് റൂമില്‍ നിന്നും ഇറങ്ങിപ്പോയി.

തിരിച്ചു വരുമ്പോള്‍ അവളുടെ കൂടെ സുമുഖനായ ടൈ കെട്ടിയ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. അവന്റെ വിനയം എന്നേ ഒത്തിരി ആകര്‍ഷിച്ചു. അവന്‍ ഫിനാന്‍ഷ്യല്‍ ബ്രോക്കറാണെന്ന്‍ സ്വയം പരിചയപ്പെടുത്തി.

ഈ കുന്ന് കയറി വരുന്നവര്‍ തിരിച്ചു പോകാറില്ലെന്നും. ഈ ആര്‍‌ഭാടജീവിതം തുടര്‍‌ന്നു പോകാനുള്ള സൌകര്യങ്ങള്‍ ഒരുക്കുകയാണ് അവരുടെ കമ്പനിയുടെ ജോലിയെന്നും ആമുഖമായി സൂചിപ്പിച്ചു.

ഇത് വില്‍‌ക്കുന്നവരുടെ കുന്നാണ്.
ശരിയാണ് അവിടെ ചുറ്റും നോക്കിയപ്പോള്‍ കണ്ടവരൊക്കെ വില്‍ക്കുന്നവര്‍ തന്നെയായിരുന്നു. ദൈവങ്ങളുടെ പടങ്ങള്‍ , മുല്ലപ്പൂമാല , കരകൌശലവസ്‌തുക്കള്‍ , ഹസ്‌ത രേഖാ ശാസ്‌ത്രം, ഭാഗ്യക്കല്ലുകള്‍ തുടങ്ങി ഒത്തിരി സാധനങ്ങള്‍ വില്‍‌ക്കുന്നു. ടൂറിസ്‌റ്റുകളുടെ പോക്കറ്റിലിരിക്കുന്ന പണം സ്വന്തം കീശയിലെത്താനുള്ള മനോഹരമായ വിപണനമാര്‍‌ഗ്ഗങ്ങള്‍ ഓരോരുത്തരും ഒരുക്കിയിരിക്കുന്നു.

പണ്ട് നാട്ടില്‍ ചിലപെണ്ണുങ്ങള്‍ മാത്രം ചെയ്‌തിരുന്ന ബിസ്സിനസ്സിനിന്ന് ആഗോള മാര്‍‌ക്കറ്റുണ്ടെന്നും. ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഇന്ന് ഒരു പോലെ ഡിമാന്റുണ്ടെന്നു പറഞ്ഞപ്പോള്‍ എനിക്ക് കലി കയറി. ഞാന്‍ ചാടി അവന്റെ ചെവിക്കുറ്റിക്കിട്ടൊന്നു പൊട്ടിച്ച് റൂമില്‍ നിന്നും. ഇറക്കി വിട്ടു.

“ ഇറ്റ്സ് ഓക്കെ ഓക്കെ..... ഐ വില്‍ കം ലേറ്റര്‍......” എന്നു പറഞ്ഞ് അവന്‍ ഇറങ്ങിപ്പോകുമ്പോഴും അവന്റെ മുഖത്ത് വിനയം പ്രകടിപ്പിക്കാന്‍ അവന് അറിയാമായിരുന്നു.

അന്നു രാത്രിയില്‍ വീണ്ടും വഴക്കുണ്ടാകാനുള്ള കാരണവും അതു തന്നെയായിരുന്നു. ഞാന്‍ അവനെ അടിച്ച് അപമാനിച്ച് ഇറക്കി വിട്ടത് ശരിയായില്ലെന്നാണ് ശ്രീമതിയുടെ വാദം. ഞാന്‍ കൂടുതല്‍ വാദിക്കാതെ തിരിഞ്ഞു കിടന്നുറങ്ങി.

രാവിലെ ഞാന്‍ വീണ്ടും പറഞ്ഞു
“നമുക്ക് തിരികെപ്പോകാം , നമുക്ക് നമ്മുടെ ചെറിയ ജീവിതം മതി, ഇത്ര വലിയ ജീവിതസുഖം നമുക്ക് താങ്ങാനാവില്ല.”

അവളുടെ തീരുമാനം ഉറച്ചതായിരുന്നു.
“ഞാന്‍ വരുന്നില്ല, നിങ്ങള്‍ വേണമെങ്കില്‍ പോയ്‌ക്കോളൂ “ എന്നു പറഞ്ഞ അവള്‍ സ്വിംമ്മിങ്ങ് പൂളിനടുത്തേക്ക് കുളിക്കാനെന്നും പറഞ്ഞ് പോയി.

കുറേ മണിക്കൂറുകള്‍ കാത്തു നിന്നിട്ടും അവള്‍ തിരികെ വന്നില്ല.

ഇവിടെ വില്‍ക്കുന്നവര്‍‌ക്കുമാത്രമേ ജീവിക്കാനാവൂ. വാങ്ങുന്നവര്‍‌ക്ക് അധികം ദിവസങ്ങള്‍ ഇവിടെ താമസിക്കുവാനാകില്ല.

ഞാന്‍ മലയിറങ്ങുകയാണ്. ഇനിയുമൊരിക്കലും ഇവിടേക്കില്ലെന്ന് മനസ്സിലുറച്ചു. ഒറ്റയ്‌ക്കു മലയിറങ്ങുകയാണ്. ബാല്യകാലത്തെ കുറേ നല്ല ഓര്‍മ്മകള്‍ കൂട്ടിനുണ്ട്.

താന്‍ ഓടിച്ചു കൊണ്ടു വന്ന പുതിയകാറും പണയം വെച്ച് ആ പഴയ ഇടവഴിയിലൂടെ മലയിറങ്ങുമ്പോള്‍ ഭാരമില്ലാത്ത കാറ്റ് മെല്ലെ എന്നെ തലോടുന്നുണ്ടായിരുന്നു.

മലകയറുമ്പോള്‍ കൂടെയുണ്ടായിരുന്ന പുതുപ്പെണ്ണീനെ മനഃപ്പൂര്‍‌വ്വം മറക്കാന്‍ ശ്രമിക്കുമ്പോഴും അവള്‍ തന്റെ പിന്നാലെ മലയിറങ്ങി വരുന്നോയെന്ന് ഞാന്‍ തിരിഞ്ഞ് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.

Wednesday, March 5, 2008

കളഞ്ഞു കിട്ടിയ ജീവിതം

നിങ്ങളില്‍ ആരോ ഒരാള്‍ ഇന്ന് ജോലിക്കു പോകാന്‍ വൈകിയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.

ഇന്നു മാത്രമല്ല എന്നും അങ്ങനെ തന്നെയാണെന്ന് നിങ്ങള്‍ മനസ്സില്‍ പറയുന്നുണ്ടാകും. വ്യത്യസ്ഥങ്ങളായ കാരണങ്ങളും ഉണ്ടാകുമല്ലോ ? കമ്പനി ട്രാന്‍‌സ്പോര്‍ട്ട്, മിക്ക ദിവസങ്ങളിലും ബസ്സ്റ്റോപ്പില്‍ നിങ്ങള്‍ക്കു വേണ്ടി കാത്തു കിടന്ന് ഇന്നതൊരു ശീലമായി മാറി.

ധൃതിയില്‍ പടികളിറങ്ങി ബില്‍‌ഡിങ്ങിന്റെ മെയിന്‍ ഡോര്‍ തുറന്നപ്പോള്‍ ഒരഃപശകുനമെന്നനിലയില്‍ ഒരു മൊബൈല്‍ ഫോണ്‍ മൂന്നു കഷണങ്ങളായി വഴിയില്‍ കിടക്കുന്നു.

നിങ്ങള്‍ ചുറ്റും നോക്കി.. അടുത്തെങ്ങും ആരുമില്ല...
മുകളിലേക്കും നോക്കി... ബില്‍ഡിങ്ങുകളുടെ വിന്റോകളിലും മുകളിലും നിന്ന് ആരും എത്തി നോക്കുന്നില്ല...
ഇത് ആരുടേതായിരിക്കും...
കേടായതിനാല്‍ ഉപേക്ഷിക്കപ്പെട്ടതാകാം..
പുതിയത് വാങ്ങിയതിനാല്‍.... പഴയത് വലിച്ചെറിഞ്ഞതാകാം....

ചുറ്റും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം കുനിഞ്ഞ് മൊബൈല്‍ ഫോണിന്റെ മൂന്നു കഷണങ്ങളും പെറുക്കിയെടുത്തു.

അത്‌ഭുതമെന്നു പറയട്ടെ മൊബൈല്‍ ഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. താഴെ വീണതിനാല്‍ മൂന്നു ഭാഗമായി ചിതറിത്തെറിച്ചെന്നേയുള്ളൂ . ഇളകിമാറിയിരുന്ന കവര്‍ വളരെ വേഗം ചേര്‍‌ത്തു വെച്ച് ചെവിയോടടുപ്പിച്ചു. അങ്ങേത്തലയ്‌ക്കല്‍ ഒരു സ്‌ത്രീശബ്‌ദമാണ്. അവ്യക്‌തമായി എന്തോപറയുന്നുണ്ട്. വിങ്ങി വിങ്ങി കരയുന്നതും കേള്‍ക്കാം.

“നിങ്ങള്‍ ആരാണ് ? “
“എന്തിനാണ് കരയുന്നത് ?“
എന്നൊക്കെ നിങ്ങളിലെ മനുഷ്യസ്‌നേഹി ചോദിച്ചു.
ഉത്തരം കരച്ചില്‍ മാത്രമായിരുന്നു.
“ഇത് ആരുടെ മൊബൈലാണ് “
നിങ്ങളുടെ അപരിചിത ശബ്‌ദം കേട്ടതിനാലാകാം, തേങ്ങലിന്റെ ശബ്‌ദം നിലച്ചത്.

ഇന്നത്തെ ശകുനം മോശമില്ലല്ലോയെന്ന് മനസ്സില്‍ ചിന്തിച്ച് ഒരല്പം പഴയതാണെങ്കിലും കളഞ്ഞു കിട്ടിയതിന്റെ കുഴിയെണ്ണണ്ടല്ലോ എന്നും പറഞ്ഞ് നിങ്ങള്‍ മൊബൈല്‍ പോക്കറ്റിലേക്ക് ഉട്ടതും ആരും കാണുന്നുണ്ടായിരുന്നില്ല.

നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും :- നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിച്ചു കൊണ്ടു നടക്കുമ്പോള്‍ എന്തോ പറഞ്ഞ് ദ്വേഷ്യപ്പെട്ട് മൊബൈയില്‍ വലിച്ചെറിഞ്ഞ് പോയതാകുമെന്ന്.

മൂന്നു നാലു ചുവടുകള്‍ മുന്നോട്ടു വെയ്‌ക്കുമ്പോള്‍ തറയില്‍ ചിതറിക്കിടക്കുന്ന ആട്ട ചപ്പാത്തിയും ദാല്‍ ഫ്രൈയും കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും നിങ്ങളുടെ പോക്കറ്റില്‍ ഒളിച്ച മൊബൈല്‍ ഏതോ താണവരുമാനക്കാരന്‍ തൊഴിലാളിയുടേതാണെന്ന്.

കുറച്ചുകൂടി മുന്നോട്ടു നടക്കുമ്പോള്‍ ഊരിക്കിടക്കുന്ന പൊടിപിടിച്ച ഒറ്റ സേഫ്‌റ്റീ ഷൂസ് കണ്ടാല്‍ നിങ്ങള്‍ക്ക് ഉറപ്പിക്കാം നിങ്ങളുടെ പോക്കറ്റില്‍ ഒളിച്ചിരിക്കുന്നത് രാവിലെ ജോലിയ്‌ക്കായ് ഏതോ കണ്‍‌സ്‌ട്രക്‌ഷന്‍ സയിറ്റിലേക്ക് പുറപ്പെട്ട തൊഴിലാളിയുടെ ശബ്‌ദമാണെന്ന്.

ഇത് തന്റെ കൈവശം ഉണ്ടെന്ന് ആരും അറിഞ്ഞിട്ടില്ല. ആരെങ്കിലും അന്വേഷിച്ച് വരുന്നെങ്കില്‍ കൊടുക്കാം. ഇല്ലെങ്കില്‍ തന്റെ കൈയ്യിലിരിക്കട്ടെ. എന്താ വര്‍‌ക്കിങ്ങ് കണ്ടീഷനിലുള്ള ഒരു മൊബൈല്‍ കളഞ്ഞു കിട്ടിയാല്‍ പുളിക്കുമോ? നിങ്ങള്‍ കുറേ ന്യായങ്ങള്‍ മനസ്സിനോട് പറഞ്ഞു.

ഇടവഴിതാണ്ടി മെയിന്‍ റോഡിലെത്തിയപ്പോള്‍ അവിടെയൊരു ആള്‍ക്കൂട്ടം. വിവിധ ഭാഷക്കാര്‍ പലകൂട്ടമായി നിന്ന് അവരവരുടെ ഭാഷയില്‍ എന്തൊക്കയോ പറയുകയാണ്. എല്ലാവരുടേയും മുഖത്തുള്ള ഭാവം കൂട്ടിവായിച്ചാലറിയാം എന്തോ അത്യാഹിതം നടന്നിട്ടുണ്ടെന്ന്.

ഒരല്പം അകലെയായി ആരുടേയോ മൃതശരീരം കിടക്കുന്നത് അപ്പോഴാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നത്. അത് വെള്ളത്തുണികൊണ്ട് മൂടിയിരിക്കുകയാണ്. മൂന്ന് നാലു പോലീസുകാര്‍ അടുത്ത് കാവല്‍ നില്‍‌ക്കുന്നുണ്ട്.

ഒരാള്‍ സംഭവം ചുരുക്കി പറഞ്ഞു.
“ഇയാള്‍ എവിടുത്തുകാരനാണെന്നോ ഏതു കമ്പനിയിലാണ് ജോലിചെയ്യുന്നതെന്നോ ആര്‍‌ക്കും അറിയില്ല. അതൊരു മലയാളിയാണെന്നു കാഴ്‌ചയില്‍ തോന്നുന്നു. പക്ഷേ തിരിച്ചറിയാന്‍ രേഖകളൊന്നും കൈവശമില്ല. ഇവിടെ നില്‍‌ക്കുന്ന ആര്‍‌ക്കും മുന്‍‌പ് കണ്ടു പരിചയമില്ല. പുതിയ ആളായിരിക്കും. രാവിലെ ജോലിക്കു പോകുവാന്‍ ഇറങ്ങിയതാണ്. ബസ്സ് സ്‌റ്റോപ്പിനരികെ വീണു മരിക്കുകയായിരുന്നു. മനുഷ്യന്റെ ഒരു ഗതിയെ.........”

“ഇയാളുടേതാവും ഒരു സേഫ്റ്റീ ഷൂവും ഉച്ചയ്‌ക്കത്തേക്കുള്ള ഭക്ഷണപ്പോതിയും ആ ഇടവഴിയില്‍ വീണു കിടപ്പുണ്ട്.” നിങ്ങള്‍ പറയുന്നതു കേട്ട് ചിലര്‍ ഇട വഴിയിലേക്ക് പരിശോധനയക്കായ് പോയി.

അവിടെനിന്നും കിട്ടിയ മൊബൈല്‍ ഫോണിന്റെ കാര്യം നിങ്ങള്‍ മറന്നതാണോ?

പോലീസുകാര്‍ മൃതശരീരം കൊണ്ടു പോകാന്‍ തുടങ്ങുകയാണ്. മരിച്ചയാളിനെ ഇനിയും ആര്‍‌ക്കും തിരിച്ചറിയാനായിട്ടില്ല. അവകാശികളില്ലാത്ത മൃതശരീരം കുറേനാള്‍ മോര്‍‌ച്ചറിയില്‍ സൂക്ഷിക്കാറുണ്ട്. പുതിയ അഥിതികള്‍ വരുമ്പോള്‍ പഴയവരുടെ കഥ ആരും അനേഷിക്കാറില്ല.

മൃതശരീരം ആംബുലന്‍‌സിലേക്ക് കയറ്റുന്നതിനു മുന്‍‌പ് നിങ്ങള്‍ എന്റെ മുഖത്തുമൂടിയിരുന്ന വെള്ളത്തിണി മാറ്റി നോക്കി.

നിങ്ങള്‍ക്കും എന്നെ തിരിച്ചറിയാനായില്ല. നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ലല്ലോ പിന്നെ എങ്ങനെ തിരിച്ചറിയാന്‍ !

ഞാന്‍ നിങ്ങളോട് കെഞ്ചിപ്പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നതായി ഭാവിക്കുന്നില്ല.

“ഞാന്‍ ആരുമില്ലാത്തവനല്ല... ഒരു കുടുംബത്തിന്റെ എല്ലാം എല്ലാമാണ് ഞാന്‍.. ആ മൊബൈലില്‍ ഒരു നംമ്പര്‍ മാത്രമേയുള്ളൂ.. ഞാന്‍ അവസാനം വിളിച്ച നംമ്പര്‍ അതിലൊന്നു വിളിച്ചാല്‍ ഞാന്‍ ആരാണെന്നറിയാം... ദയവായി ആ നംമ്പരില്‍ ഒന്നു വിളിക്കൂ....”

മരിച്ചവന്റെ വിലാപം നിങ്ങളെങ്ങനെ കേള്‍‌ക്കാന്‍....
നിങ്ങള്‍‌ക്കുള്ള ബസ്സ് കാത്തുകിടക്കുന്നു........