Monday, August 27, 2007

അവധിക്കാല സംഭാഷണങ്ങള്‍ ( തുടര്‍ച്ച )

“കുട്ടികളെല്ലാവരും നിശ്ശബ്‌ദരായിരിക്കണം....... നമ്മുടെ സാഹിത്യ വേദിയുടെ മീറ്റിംഗ് ആരംഭിക്കുകയാണ്.....“

“ആദ്യമായ്‌ ഈശ്വര പ്രാര്‍‌ത്ഥന...... ഈശ്വര പ്രാര്‍ത്ഥനയ്‌ക്കായ്‌ നാല് – ബി യിലെ ശാലിനിയേയും കൂട്ടുകാരേയും ക്ഷണിക്കുന്നു....”

“ഇന്നത്തെ നമ്മുടെ വിശിഷ്‌ടാതിഥിയെ വളരെ അഭിമാനത്തോടെയാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്‌..... നമ്മുടെ സ്‌ക്കൂളിനും അഭിമാനമാണിദ്ദേഹം.... നിങ്ങളേപ്പോലെ ഇതേ ബഞ്ചിലിരുന്ന്‌ പഠിച്ച ഇദ്ദേഹമിന്ന്‌ സാഹിത്യത്തിന്റെ പടവുകള്‍ കയറുന്ന അറിയപ്പെടുന്ന യുവ സാഹിത്യകാരനാണ്. നിങ്ങള്‍ക്കുവേണ്ടി ശ്രീ............... യെ ഞാന്‍ ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു....”

“ബഹുമാനപ്പെട്ട ഹെഡ്‌മാസ്‌റ്റര്‍ മറ്റ്‌ അദ്ധ്യാപകര്‍ സ്നേഹം നിറഞ്ഞ കൊച്ചു കൂട്ടുകാരെ, നിങ്ങള്‍‌ക്കെന്റെ നമസ്‌ക്കാരം..... സാഹിത്യ ഭാഷയൊന്നും ഉപയോഗിക്കാതെ വളരെ ലളിതമായി സംസാരിക്കണമെന്ന്‌ നിങ്ങളുടെ ഹെഡ്‌മാസ്‌റ്റര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്‌......“

“നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ സന്തോഷം കൊണ്ടെന്റെ കണ്ണുകള്‍ നിറയുകയാണ് ... ഞാന്‍ നിങ്ങളേപ്പോലെ ഈ ബെഞ്ചില്‍ ഇരുന്ന എന്റെ കുട്ടിക്കാലം ഓര്‍ക്കുകയാണ്...... നീളന്‍ ചൂരല്‍ വടിയുമായി ഓടി നടന്ന, കുട്ടികള്‍‌ക്കൊക്കെ പേടി സ്വപ്‌നമായിരുന്ന ചാക്കോസാറും, എപ്പോഴും മുഖത്ത്‌ നിറപുഞ്ചിരിയുള്ള ശാന്തമ്മ റ്റീച്ചറും കാലയവനികക്കുള്ളീല്‍ മറഞ്ഞു...... ഉപ്പുമാവും പിന്നീട്‌ ഉച്ചകഞ്ഞിയും നല്‍കിയ പുട്ടിച്ചേയിയും, സമയത്തിന്റെ കാവല്‍ക്കാരന്‍ പ്യൂണും ഇന്ന്‌ രോഗ ശയ്യയില്‍........ എന്റെ കൂടെ പഠിച്ചവര്‍ മിക്കവരും ഇന്ന്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നതമായ പദവികളിലായിരിക്കുന്നു..... ഞങ്ങള്‍ക്ക്‌ അക്ഷരങ്ങളുടെ ആദ്യ പാഠങ്ങള്‍ ഓതിത്തന്ന ഈ സ്‌ക്കൂളിനെ നന്ദിയോടെയെ ഓര്‍ക്കാന്‍ കഴിയൂ.......“

“ഇന്നും ഈ സ്‌ക്കൂളിന് മാറ്റമൊന്നുമില്ല..... അന്ന്‌ ഞങ്ങള്‍ പഠിച്ചത്‌ ലക്ഷ്യ ബോധമില്ലാതെയാണ്..... പഠിക്കാന്‍ വേണ്ടി പഠിച്ചു..... ഇന്ന്‌ നിങ്ങള്‍ പഠിക്കുന്നത്‌ ലക്ഷ്യബോധത്തോടെയാണ്....... ഡോക്‌ടറുടെ മക്കള്‍ ഡോക്‌ടറാകാന്‍, എഞ്ചിനീയറുടെ മക്കള്‍ എഞ്ചിനീയറാകാന്‍ പഠിക്കുന്നു...... മിക്കവര്‍ക്കും ഈ രണ്ടിലൊരാഗ്രഹമാണുള്ളതെന്ന്‌ ഞാന്‍ സംശയിക്കുന്നു...... എല്ലാ ജോലിയും മഹത്വരമാണ് ......”

“നമ്മുടെ ഭാഷ – അമ്മ – മലയാളം വളരണം.... നാം സാഹിത്യത്തിനും കലയ്‌ക്കും ആവശ്യമായ പ്രാധാന്യം നല്‍കണം..... നമ്മില്‍ ഉറങ്ങിക്കിടക്കുന്ന സര്‍ഗ്ഗവാസനകളെ കണ്ടെത്തുകയും തൊട്ടുണര്‍ത്തുകയും വേണം...... അതിനായ് ഈ സാഹിത്യ വേദി ഉപയോഗപ്പെടുത്തണം..... നല്ല പുസ്‌തകങ്ങള്‍ വായിക്കണം...... അക്ഷരങ്ങളിലൂടെ മനസ്സ്‌ ലോകത്തിന്റെ മുന്‍പില്‍ തുറന്നു വെയ്‌ക്കണം....... നിങ്ങള്‍ കൊച്ചുകുട്ടികളല്ലാ..... നാളെയീ ലോകത്തെ നയിക്കേണ്ടവരാണ്....... നിങ്ങള്‍ ഭീരുക്കളാകരുത്‌....... സത്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനും മടിക്കേണ്ട....”

“ഞാനെന്റെ ലഘു പ്രസംഗം അവസാനിപ്പിക്കുകയാണ്....... ജയ്‌ ഹിന്ദ്.... ജയ്‌ ഭാരത്‌ മാതാ...... “

“സാര്‍ ഇതു ചിഞ്ചുമോള്‍. ഈ നാലാം ക്ലാസ്സുകാരി കുറേ കഥകള്‍ എഴുതിയിട്ടുണ്ട്‌. ഇതു നോക്ക്‌ ഈ റബ്ബര്‍ ബാന്റിട്ട്‌ മടക്കിവെച്ചിരിക്കുന്ന പേപ്പര്‍ കൂട്ടങ്ങളെല്ലാം ഇവളുടെ കഥകളാണ്. എല്ലാ കഥയിലും മൃഗങ്ങളാണ് കഥാപാത്രങ്ങള്‍. ആനയും സിംഹവും പുലിയും കടുവയും കുറുക്കനും ഒട്ടകവും പൂമ്പാറ്റയും തത്തമ്മയും എല്ലാമുണ്ട്‌“

“ചിഞ്ചുമോളേയിങ്ങടുത്തുവരൂ. കാണട്ടെ നിന്റെ കഥകള്‍. ഈ ചെറുപ്രായത്തിലേ നീ എഴുതിത്തുടങ്ങിയോ. നല്ലകാര്യം.കുട്ടികള്‍ ഭാഷയെ സ്‌നേഹിക്കുന്നവരാകണം. മനസ്സിലുള്ളത്‌ അക്ഷരങ്ങളിലാക്കുവാനുള്ള കഴിവ് ഏതു മേഖലയിലേയും വിജയത്തിനാവശ്യമാണ്. ചിഞ്ചുമോള്‍ ആരാണ് നിന്നെ പ്രോത്സാഹിപ്പിക്കുന്നത്‌. നിന്റെ മാതാ പിതാക്കന്മാര്‍ക്ക്‌ സാഹിത്യവുമായി വല്ല ബന്ധവും............”

“സമയം നാലു മണിയായി. ചിഞ്ചുമോള്‍ പോയിരുന്നോ. സാഹിത്യ വേദിയുടെ മീറ്റിംഗ്‌ അവസാനിച്ചിരിക്കുകയാണ്. കുട്ടികള്‍ക്ക്‌ ശാന്തമായി പിരിഞ്ഞു പോകാം”

“സാറേ ആ കൊച്ചിന് അപ്പനില്ല. അവളുടെ അമ്മ പിഴച്ചു പെറ്റതാ. അപ്പനേതോ സാഹിത്യകാരനായിരിക്കും. അല്ലാതിവള്‍ക്കിത്ര സാഹിത്യ വാസന ഉണ്ടാകാന്‍ വഴിയില്ല. ആട്‌സ് ക്ലബ്ബ്‌കാരു വെച്ചു കൊടുത്ത കുന്നിന്‍ പുറത്തെവീട്ടിലാ അമ്മയും മകളും താമസിക്കുന്നത്‌. അമ്മ ഏതോ വലിയ തറവട്ടിലേതാ. പിഴച്ചു പെറ്റതിന് വീട്ടില്‍ നിന്നും അടിച്ചിറക്കി.”

“അത്‌ രാധയുടെ മോളായിരുന്നോ”

“അതേ, എന്താ സാര്‍ രാധയെ അറിയുമോ ? “

“ ഏയ്‌ ഇല്ല..... ഇല്ല..... എനിക്കാരെയും അറിയില്ല. “

“എവിടെ രാധയുടെ മകള്‍, അവളുടെ കഥകളെവിടെ ഞാനൊന്നു വായിച്ചു നോക്കട്ടെ”

“സാറെ ചിഞ്ചുമോള്‍ വീട്ടിലേക്ക് പോയി.“

“ ചിഞ്ചുമോളുടെ കഥകളൊന്നും മോശമാകാന്‍ വഴിയില്ല.”

Sunday, August 26, 2007

അവധിക്കാല സംഭാഷണങ്ങള്‍

“ദേ ഞാന്‍ പറയുന്നത്‌ കേള്‍ക്കുന്നുണ്ടോ ? ഇന്നിവിടെ ഒരു പിച്ചക്കാരി ഒക്കത്തൊരു കുട്ടിയമായി വന്നിരുന്നു. ഞാന്‍ ഒരു രൂപയും വയറു നിറച്ച്‌ ചോറും കൊടുത്തിട്ട്‌ അവര്‍ പോയില്ല അവര്‍ക്ക്‌ നിങ്ങളെക്കാണണമെന്ന്‌.... അവരുടെ കഥ നിങ്ങളോട്‌ പറയണമെന്ന് ... “

“ഇനിയും പിച്ചക്കാരുടെ കഥ എഴുതാത്ത കുഴപ്പമേയുള്ളൂ, ബാക്കിയെല്ലാം തികഞ്ഞിരിക്കുവാ....”

“നിങ്ങളീ കഥയെഴുത്തും സാമൂഹ്യ പ്രവര്‍ത്തനവും നിര്‍ത്തി , സ്വന്തം കാര്യം വല്ലതും നോക്കണ്ടേന്... എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട.. ...”

“ഗള്‍ഫിലായിരുന്നപ്പോള്‍ എപ്പോഴും ഓട്ടം നാട്ടില്‍ ലീവിനു വന്നപ്പോള്‍ ഓട്ടത്തോടോട്ടം..... അവിടെ സാഹിത്യ മീറ്റിംഗ്‌ ഇവിടെ സാഹിത്യ മീറ്റിംഗ്‌ , ബാക്കിയുള്ള സമയം പഴയ കൂട്ടുകാരെ കാണല്‍..... ആവശ്യം വരുമ്പോള്‍ ഈ കൂട്ടുകാരൊന്നും കാണുകേല......”

“ദേ മനുഷ്യാ നിങ്ങള്‍‌ക്കൊന്ന്‌ അടങ്ങിയിരുന്നാലെന്താ..... ? എണ്ണിച്ചുട്ട അപ്പം പോലെ ആകെ ഇരുപത്തെട്ടു ദിവസത്തേ ലീവേയുള്ളൂ. ഈ ദിവസങ്ങളിലെങ്കിലും ഒന്ന്‌ വിശ്രമിക്കൂ”

“നിങ്ങളുടെ ജീവിതത്തില്‍ വിശ്രമം പറഞ്ഞിട്ടില്ല, ഓട്‌... ഓട്‌.... മരിക്കുന്നതുവരെ ഓട്‌ അതിനു ശേഷം ഓടാന്‍ പറ്റില്ലല്ലോ”

“നിങ്ങളേക്കാണാന്‍ അവരിന്നു വന്നിരുന്നു. നിങ്ങള്‍‌ക്കെവിടെയാ സമയം എന്നും സര്‍ക്കീട്ടല്ലിയോ.. സര്‍ക്കീട്ട്‌ .... “

“അവര്‍ക്ക്‌ പറയാനുള്ളത്‌ ജീവിത അനുഭവങ്ങളാണെന്ന്‌... നിങ്ങള്‍ ഭാവന ചേര്‍ത്ത്‌ എഴുതിക്കോ..”

“ അവരേതോ വല്ല്യ തറവാട്ടിലെ പെണ്ണാ... നിങ്ങള്‍ പഠിച്ച കോളേജില്‍ അവരും അഞ്ചുകൊല്ലം പഠിച്ചിട്ടുണ്ട്‌...... അവളൊരു അന്യജാതിക്കാരനെ സ്‌നേഹിച്ചു. അവന്‍ അവളേപ്പറ്റിച്ച്‌ കടന്നുകളഞ്ഞു..... കുടുംബത്തിന് പേരുദോഷം വരുത്തി പിഴച്ചു പെറ്റവളേ തറവാട്ടില്‍ നിന്നും പുറത്താക്കി.... അവള്‍ സ്വന്തം കുഞ്ഞിനേയും ഒക്കത്തേറ്റി ഭിക്ഷയെടുത്ത്‌ ജീവിക്കുന്നു... അവള്‍ ഇന്നും കാത്തിരിക്കുകയാണ് അവളുടെ കാമുകന്‍ വരുമെന്ന്‌ .... “

“അവളുടെ പേര് രാധയെന്നാണോ ? “
“ അതേ , എന്താ നിങ്ങളവളേ അറിയുമോ ?”
“ ഇല്ല..... ഇല്ല...... ഞാനൊരു കഥാകാരനല്ലേ സംഭവം കേട്ടാ‍ല്‍ കഥാപാത്രങ്ങളുടെ പേര് എനിക്കറിയാം...“

“അവളുടെ കള്ളക്കാമുകന്റെ പേര് പറയാഞ്ഞത്‌ ഭാഗ്യം... ഇതിലൊന്നും ഒരു കഥയുമില്ലാ... ഇവരെല്ലാം കള്ളക്കൂട്ടങ്ങളാണ് .... പകല്‍ ഭിക്ഷയും രാത്രി മോഷണവും അവരേയൊന്നും വീട്ടില്‍ കയറ്റിയേക്കരുത്‌ “

“ അച്ചായനെന്താ പെട്ടെന്ന്‌ ചൂടാകുന്നത്‌, അവള്‍ നിങ്ങളുടെ പേരൊന്നും പറഞ്ഞില്ലല്ലോ”

“അല്ല..... ഞാന്‍...... കോളേജില്‍ പഠിക്കുമ്പോഴും കഥകളെഴുതീട്ടുണ്ട്‌ .... അതിനാല്‍ എനിക്ക്‌ ഒത്തിരി ശത്രുക്കളും ഉണ്ട്‌... ഭാഗ്യം..... എന്തായാലും ലീവ്‌ നാളെ തീരുമല്ലോ ! “

Tuesday, August 7, 2007

കാത്തിരിക്കുന്ന ഫോട്ടോകള്‍

ബോംബെയിലെ ഒരു സ്‌റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായി ജോലിചെയ്യുന്ന സമയം.

മിക്ക ദിവസങ്ങളിലും ഒരു ഗുജറാത്തി പെണ്‍കുട്ടി ഫോട്ടോയെടുക്കാന്‍ വരും. ഞാന്‍ തന്നെ അവളുടെ ഫോട്ടോയെടുക്കണമെന്ന്‌ അവള്‍ക്ക്‌ നിര്‍ബ്ബന്ധമാണ്.

അവള്‍ സുന്ദരിയാണെന്നു മാത്രമല്ല കൈ നിറയെ പണവും ഉണ്ട്‌. അവള്‍ എന്നും തനിയെയാണ് വന്നിരുന്നത്‌. അവള്‍ തലമുടി അഴിച്ചിടുമ്പോള്‍ മലയാളി പെണ്‍കുട്ടികളേക്കാള്‍ സുന്ദരിയാണ്, പക്ഷേ അവള്‍ക്ക്‌ തലമുടി വിവിധ ഫാഷനില്‍ കെട്ടിവെയ്‌ക്കാനാണ് താത്‌പര്യം.

വിവിധ പോസിലുള്ള ഫോട്ടോകള്‍ വിവിധ സൈസില്‍ പ്രിന്റു ചെയ്യുന്നതോടൊപ്പം അവള്‍ എന്റെ മനസ്സിലും മായ്‌ക്കാന്‍ പറ്റാത്ത വിധം പതിയുകയായിരുന്നു.

അടുത്തുള്ള റെസ്‌റ്റോറന്റിലേക്ക് ഭക്ഷണത്തിനായ്‌ ക്ഷണിച്ചപ്പോള്‍ എനിക്കാദ്യം വിശ്വസിക്കാനായില്ല. റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതില്‍ കൂടുതല്‍ സമയം ഞങ്ങള്‍ കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുകയായിരുന്നു.

അവള്‍ നിര്‍ബ്ബന്ധിച്ചിട്ടാണ് ഹിന്ദി സിനിമ കാണാന്‍ കൂടെ പോയത്‌. സിനിമ കാണുന്നതിലും താത്‌പര്യമായി അവളുടെ തലമുടിയില്‍ തലോടിക്കൊണ്ടിരുന്നു. അവള്‍ എന്റെ കവിളിലൊരു ചുംബനം തരുമ്പോഴേക്കും സിനിമ കഴിഞ്ഞിരുന്നു.

അവള്‍‌ക്കെന്നോട്‌ സ്‌നേഹമാണെന്ന്‌ ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷേ എനിയ്ക്കറിയാം അവളെന്നെ സ്‌നേഹിച്ചിരുന്നു.

ഒരു ഗുജറാത്തി പെണ്‍കുട്ടിയെ സ്‌നേഹിക്കാന്‍ ഞാന്‍ തയ്യാറായിരുന്നുവെങ്കിലും വിവാഹത്തെപ്പറ്റിയൊന്നും ചിന്തിക്കാന്‍ പോലും സാധ്യമായിരുന്നില്ല.

അവളുടെ നാട്ടില്‍ 28 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന്റെ ഫോട്ടോയെടുക്കാനായി ഞങ്ങളുടെ സ്‌റ്റുഡിയോയില്‍ ഓര്‍ഡര്‍ നല്‍കി. പുരാതനമായ ജൈന മന്ദിറിന്റെ ശതാബ്‌ദി പ്രതിഷ്‌ഠാ മഹോത്സവമായിരുന്നു. ഫോട്ടോയെടുക്കുന്നതിനുള്ള മുഴുവന്‍ തുകയും അവള്‍ അഡ്വാന്‍സായി നല്‍കി.

സ്‌റ്റുഡിയോയില്‍ നിന്നും ഞാനും മറ്റൊരാളും കൂടി അവരോടോപ്പം ഗുജറാത്തിലെ കച്ചിലേക്ക്‌ യാത്രയായി.

ബോംബെയില്‍ നിന്നും ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ തന്നെയുണ്ടായിരുന്നു ആ ഉത്സവത്തിനായി. ഏകദേശം ആയിരം ഗുജറാത്തികളും ഞങ്ങള്‍ സ്‌റ്റുഡിയോക്കാര്‍ രണ്ട്‌ മലയാളികളും. എല്ലാവരും വലിയ ബിസ്സിനസ്സുകാരും പണക്കാരുമാണെന്ന്‌ കണ്ടാല്‍ത്തന്നെയറിയാം. ഞാന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഈ കൂട്ടത്തില്‍ ഉണ്ടാകും.

ട്രെയിന്‍യാത്രയുടെ ആരംഭം മുതല്‍ക്കുതന്നെ സുഭിക്ഷമായ ഭക്ഷണം ക്രമമായി ലഭിച്ചു കൊണ്ടിരുന്നു. പണ്ടേ മധുരം ഇഷ്‌ടമായ എനിക്ക്‌ ഗുജറാത്തി ഭക്ഷണത്തോട്‌ നല്ല താത്‌പര്യം തോന്നി.

ട്രെയിന്‍ ഇറങ്ങിയ ശേഷം മുമ്പേ തയ്യാറാക്കി നിര്‍ത്തിയിരുന്ന ബസ്സില്‍ കയറി എല്ലാവരും കച്ചിലെ ഒരു ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു.

വളരെ മനോഹരമായ ഗ്രാമം. റോഡുകളെല്ലാം കല്ലുപാകിയിരിക്കുന്നു. ഓടകള്‍ പോലും വളരെ വൃത്തിയുള്ളതായിരുന്നു. വെള്ളക്കല്ലുകള്‍ കൊണ്ട്‌ നിര്‍മ്മിച്ചിരിക്കുന്ന പൊക്കം കുറഞ്ഞ ചെറിയ വീടുകള്‍ ധാരാളം ഉണ്ട്‌.

ശതാബ്‌ദി പ്രതിഷ്‌ഠാ മഹോത്സവം ആഘോഷിക്കുന്ന ജൈന്‍ മന്ദിര്‍ വളരെ ചെറുതാണ്. അതിനടുത്തായി ആര്‍ഭാടം വിളിച്ചോതുന്ന പുതിയ മന്ദിറും ഉണ്ട്‌.

വെളുപ്പിനെ നാലരയ്‌ക്ക്‌ ആരംഭിക്കുന്ന പൂജകള്‍ രാത്രി വൈകി അവസാനിക്കുന്നത്‌ തനത്‌ ‘ഡാന്‍ഡിയാ’ ഡാന്‍‌സോടു കൂടിയായിരുന്നു.

ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന താത്‌ക്കാലിക ഭക്ഷണപ്പുരയില്‍ ആയിരം പേര്‍‌ക്കോളം ഇരിക്കാം. അവിടെ സുഭിക്ഷമായി ഗുജറാത്തി ഭക്ഷണം നല്‍കിയിരുന്നത്‌ ഫ്രീയായിട്ടാണ്. അതും ഉത്സവത്തിന്റെ ഭാഗമായിരുന്നു.

ഞാന്‍ ഓടിനടന്ന്‌ എല്ലാത്തിന്റേയും ഫോട്ടോകള്‍ എടുത്തു. ഓരോരോ കാഴ്‌ചകള്‍ കാട്ടിത്തന്ന്‌ വിവരിക്കുവാന്‍ ഗുജറാത്തി പെണ്‍കുട്ടിയ്‌ക്ക്‌ ആയിരം നാവായിരുന്നു.

ഇരുപതാമത്തെ ദിവസം അവള്‍ രാജ്‌ഞിയേപ്പോലെ ഒരുങ്ങിയിരുന്നു. ആറു കുതിരകളേ പൂട്ടിയ രഥത്തില്‍ അവളെയിരുത്തി ആഘോഷമായി നാടുമുഴുവന്‍ കൊണ്ടു നടന്നു.

അവളുടെ രഥത്തിന്റെ മുന്നില്‍ ജൈന പൂജാരിമാരും നൂറുകണക്കിന് സന്യാസികളും സന്യാസിനികളും തൂവെള്ള വസ്‌ത്രധാരികളായി നടന്നു. അവര്‍ക്ക്‌ ഒരേ മുഖഛായയായിരുന്നു.

രഥത്തിനു പിന്നില്‍ ആഘോഷത്തിനായ്‌ ബോംബെയില്‍ നിന്നും വന്നവരും അതിനു പിന്നില്‍ നാട്ടുകാരും.

വാദ്യമേളക്കാര്‍ രംഗം കൊഴുപ്പിക്കുന്നുണ്ട്‌. അവള്‍ രഥത്തിലിരുന്ന്‌ വഴിനീളെ മിഠായികളും നാണയത്തുട്ടുകളും വാരിവിതറിക്കൊണ്ടിരുന്നു.

ആ രഥഘോഷയാത്ര അവസാനിച്ചത്‌ നഗര മദ്ധ്യത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഒരു സ്‌റ്റേജിലാണ്. അവള്‍ സ്‌റ്റേജില്‍ മനോഹരമായി ഡാന്‍സു ചെയ്‌തു. അവള്‍ തളര്‍ന്ന്‌ സ്‌റ്റേജില്‍ വീണപ്പോളാണ് കര്‍ട്ടന്‍ വീണത്‌. സ്‌റ്റേജിലേക്ക്‌ ജൈന പൂജാരിയും സന്യാസിമാരും സന്യാസിനികളും കയറിപ്പോയി. ബാക്കിയുള്ളവര്‍ പിരിഞ്ഞു പോയി. അവിടെ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ അറിയാന്‍ താത്‌പര്യം തോന്നിയെങ്കിലും ഫോട്ടോഗ്രാഫര്‍ക്ക്‌ അവിടേക്ക്‌ പ്രവേശനം ഇല്ലായിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആ പെണ്‍കുട്ടിയെ കണ്ടില്ല. എന്റെ മനസ്സ്‌ അസ്വസ്ഥമായി, അവള്‍ക്ക്‌ എന്തു സംഭവിച്ചു.

അവളില്ലാതെ ഫോട്ടോയെടുക്കുന്നത്‌ വിരസമായി തോന്നിയെങ്കിലും ഞാന്‍ എന്റെ ജോലി തുടര്‍ന്നു.

അവസാന ദിവസത്തെ ആഘോഷങ്ങള്‍ തുടങ്ങി.

ആയിരക്കണക്കിനാളുകള്‍ മന്ദിറിനു പുറത്ത്‌ ഭക്‌തിഗാനങ്ങള്‍ ഈണത്തില്‍ ആലപിച്ചുകൊണ്ടിരുന്നു.

ഇന്ന്‌ എനിക്കും മന്ദിറിനകത്ത്‌ പ്രവേശനം ലഭിച്ചു. മന്ദിറിനുള്ളില്‍ ജൈന പൂജാരിയുടേയും രണ്ടു സന്യാസിനികളുടേയും മദ്ധ്യത്തില്‍ ഒരു പീഠത്തില്‍ അവളിരിക്കുന്നു.

ഒരാഴ്‌ചക്കുശേഷം അവളെക്കണ്ടതില്‍ എനിക്കാശ്വാസമായി.

അവളുടെ മുഖത്ത്‌ ഭാവങ്ങളൊന്നും ഇല്ലായിരുന്നു. അവള്‍ സന്യാസിനികള്‍ ധരിക്കുന്ന തൂവെള്ള വസ്‌ത്രം ധരിച്ചിരിക്കുന്നു. അവളെ പൂര്‍ണ്ണ സന്യാസിനിയാക്കുന്ന അവസാന ചടങ്ങും നടക്കുകയാണ്‌.

ഒരു ബാര്‍ബറും മന്ദിറിനുള്ളില്‍ വന്നു. മന്ദിറിന്റെ വാതിലടച്ചു.

ജൈന പൂജാരി മന്ത്രങ്ങള്‍ ഉറക്കെച്ചൊല്ലി.

പുറത്ത്‌ ഭക്‌തിഗാനത്തിന്റെ ആരവം ഉയര്‍ന്നു കേള്‍ക്കാം.

ബാര്‍ബര്‍ കത്തിയുപയോഗിച്ച്‌ അവളുടെ തലമുടി വടിച്ചു.

എന്റെ കണ്ണുകള്‍ നിറയുന്നതിനാല്‍ ക്യാമറയിലൂടെ ഒന്നും കാണാന്‍ സാധിക്കുന്നില്ല. ഞാന്‍ യാന്ത്രികമായി ഫോട്ടോകള്‍ എടുത്തു.

ഞാന്‍ വളരെ ഇഷ്‌ടപ്പെട്ടിരുന്ന തലമുടി തലയില്‍ നിന്നും മാറ്റപ്പെടുന്നു. മുടി മുഴുവന്‍ വടിച്ചു കഴിഞ്ഞ്‌ ബാര്‍ബര്‍ പുറത്തേക്കു പോയി.

എല്ലാവരും കണ്ണുകളടച്ച്‌ പ്രാര്‍ത്ഥനയിലാണ്. അവള്‍ മുടിവാരി ഒരു വെള്ളത്തുണിയില്‍ കെട്ടിവെച്ചു. ഒരു പിടിമുടി ആരും കാണാതെ എന്റെ ക്യാമറാബാഗിലേക്കും ഇട്ടു.

ഞാന്‍ അവളുടെ മുടിയെ മാത്രമായിരുന്നോ സ്‌നേഹിച്ചിരുന്നത്‌ ?

ഞാന്‍ അവസാന നിമിഷമെങ്കിലും വിളിച്ചിരുന്നെങ്കില്‍ അവള്‍ ജീവിതത്തിലേക്ക്‌ മടങ്ങി വരുമായിരുന്നോ?

അവളും കണ്ണുകളടച്ചു. എല്ലാവരും കണ്ണുകളടച്ച്‌ പ്രാര്‍ത്ഥനയിലാണ്.

എനിക്കും മന്ദിറിനു പുറത്തു പോകാനും, കണ്ണുകളടയ്ക്കുവാനും നിര്‍‌ദ്ദേശം കിട്ടി.

പുറത്തും എല്ലാവരും കണ്ണുകളടച്ച്‌ പ്രാര്‍ത്ഥനയിലായിരുന്നു.

പ്രാര്‍ത്ഥനതീര്‍ന്നപ്പോള്‍ കുറേ സന്യാസിനികള്‍ മന്ദിറിനുള്ളിലേക്ക്‌ കയറി. പുതിയ സന്യാസിനിയും അവരില്‍ ഒരാളായി. അവര്‍ പുറത്തുവന്നപ്പോള്‍ വലിയകരഘോഷം മുഴങ്ങി.

സന്യാസിനികള്‍‌ക്കെല്ലാം ഒരേ മുഖമായിരുന്നു. ഞാന്‍ സ്‌നേഹിച്ചിരുന്ന ഗുജറാത്തി പെണ്‍കുട്ടിയുടെ മുഖം അതില്‍ തിരിച്ചറിയാന്‍ പറ്റുമായിരുന്നില്ല.

പിറ്റേദിവസത്തെ സ്‌പെഷ്യല്‍ ട്രെയിനില്‍ ബോംബെയില്‍ നിന്നും വന്നവരോടൊപ്പം ഞാനും തിരികെപ്പോന്നു.

എനിക്കറിയാം ആ സന്യാസിനിക്ക്‌ ഇനിയും ആ ഗ്രാമം വിട്ട്‌ പുറത്തു പോകാനാവില്ലെന്ന്‌. എങ്കിലും അവള്‍ എപ്പോള്‍ വന്നാലും കൊടുക്കാനായി ഫോട്ടോകള്‍ എല്ലാം പ്രിന്റു ചെയ്‌ത്‌ റെഡിയാക്കി വെച്ചു.

ഞാന്‍ സ്‌നേഹിച്ച തലമുടി ക്യാമറാബാഗില്‍, എന്റെ സ്വന്തമായി, ഒരു വേദനിപ്പിക്കുന്ന ഓര്‍മ്മയായി ഇന്നും സൂക്ഷിക്കുന്നു.

Saturday, August 4, 2007

കൈലാസന്റെ മരണം

ഇന്ന്‌ കൈലാസന്റെ പത്താം ചരമവാര്‍ഷികമാണ്.

താന്‍ വിശ്വസിച്ചു വന്ന പ്രസ്ഥാനത്തിനുവേണ്ടി മരണം വരിച്ച ധീരരക്തസാക്ഷിയാണ് കൈലാസന്‍ . അവന്റെ മരണം ആത്‌മഹത്യയായിരിക്കാമെന്ന്‌ ചിലര്‍ രഹസ്യമായി പറയുന്നതും ഞാന്‍ കേട്ടിട്ടുണ്ട്‌. റെയില്‍‌വേപാളത്തില്‍ ആ‍ളറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിക്കിടന്ന അവന്റെ മൃതശരീരം വാരിക്കൂട്ടി പായില്‍ കെട്ടി പോസ്‌റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയ രംഗം കണ്ടവര്‍‌ക്കൊന്നും ഇന്നും അത്‌ മറക്കാനാവില്ല.

ആക്‌ഷന്‍ കൗണ്‍സില്‍ മീറ്റിംഗും, പ്രതിഷേധയോഗവും, രക്തസാക്ഷിത്വദിനാചരണവും എല്ലാം ക്രമമായിനടക്കുന്നുണ്ട്‌. പത്തു വര്‍ഷം കഴിഞ്ഞിട്ടും കൈലാസന്റെ മരണം ആത്‌മഹത്യയാണോ, അതോ കൊലപാതകമാണോയെന്ന്‌ ഇന്നും തെളിഞ്ഞിട്ടില്ല. രണ്ടിനും തുല്യസാധ്യതയും കാരണവും നിരത്തുവാനുണ്ടാകും.

കൈലാസന്റെ വേഷം മിക്കപ്പോഴും പാന്‍സും അയഞ്ഞ ജുബ്ബയുമാണ്. തോളില്‍ തൂക്കിയിട്ടിരിക്കുന്ന വള്ളിനീളമുള്ള തുണിസഞ്ചിയും, ചെറിയ ഗ്ലാസ്സുള്ള കണ്ണടയും അലക്ഷ്യമായി ഒരു വശത്തേക്ക്‌ കൈകൊണ്ട്‌ ഒതുക്കി വെയ്‌ക്കാറുള്ള നീളന്‍ മുടിയും അവന്റെ പ്രത്യേകതകളായിരുന്നു. ചര്‍ച്ചകളും ചിന്തകളും ആരംഭിക്കുമ്പോള്‍ അവന്‍ ഒന്നിനു പിറകേ ഒന്നായി ബീഡി വലിച്ചുകൊണ്ടിരിക്കും.

നല്ല തീപ്പൊരി പ്രസംഗമായിരുന്നു അവന്റേത്‌. ഒത്തിരി യുവാക്കള്‍ അവന്റെ ആദര്‍ശത്തില്‍ ആകൃഷ്‌ടരായി. വര്‍ഗ്ഗ ശത്രുവിനെതിരെ പോരാടാന്‍ അവര്‍ സംഘം ചേര്‍ന്നു. പ്രത്യയ ശാസ്‌ത്രത്തെപ്പറ്റി സ്‌റ്റഡി ക്ലാസ്സുകള്‍, വായന, ചിന്ത, പഠനം, യാത്രകള്‍, വര്‍‌ഗ്ഗ സമരം, ...... അവന്‍ എപ്പോഴും തിരക്കായിരുന്നു.

അവനെഴുതിയ കവിതാസമാഹാരവും മറ്റ്‌ രണ്ട്‌ പുസ്‌തകങ്ങളും ഞാന്‍ പലതവണ വായിച്ച്‌ അര്‍ത്ഥം ഗ്രഹിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. എനിക്കതൊന്നും മനസ്സിലാകാത്തതിന് കാരണം ഞാന്‍ ബൂര്‍ഷയായതിനാലാണെന്നാണ് അവന്‍ പറയുന്നത്‌.

ജീവിതം വരയ്ക്കപ്പെട്ട കുറേ വൃത്തങ്ങള്‍ക്കുള്ളില്‍ തളച്ചിടാനുള്ളതല്ലെന്ന്‌ അവന്‍ പറയും. കുടുംബം എന്ന സങ്കല്‍പ്പത്തെപ്പറ്റി – തളച്ചിടീല്‍ / ചുറ്റപ്പെടല്‍ എന്നാണ് അവന്‍ വിശേഷിപ്പിക്കറുള്ളത്‌. സമൂഹത്തിന് അര്‍ബുദം എന്ന മഹാരോഗമാണ്, ചെറിയ മുഴകള്‍ മുറിച്ചുമാറ്റിയില്ലെങ്കില്‍ അര്‍ബുദം വളര്‍ന്ന്‌ സമൂഹത്തെ മരണത്തിലേക്ക് നയിക്കും. അതിനാല്‍ മുഴകള്‍ മുറിച്ചു മാറ്റുകയാണ് തന്റെ കര്‍ത്തവ്യം എന്നവന്‍ പറയും, അപ്പോഴുണ്ടാകുന്ന രക്തചൊരിച്ചിലും വേദനയും സ്വാഭാവികമാണുപോലും.

എനിക്കവന്റെ ആദര്‍ശമൊന്നും മനസ്സിലായില്ലെങ്കിലും ഞാന്‍ കൈലാസന്‍ എന്ന വ്യക്‌തിയെ സ്‌നേഹിച്ചിരുന്നു.

അവന്‍ ദാരിദ്ര്യത്തിലൂടെയാണ് വളര്‍ന്നത്‌. അവന്റെ അമ്മ അയല്‍‌വീടുകളില്‍ എച്ചില്‍പ്പാത്രം കഴുകിയാണ് അവന് ആഹാരം കൊടുത്തിരുന്നത്‌. പഠിപ്പിച്ച്‌ ഇത്ര വലുതാക്കിയിട്ടും അമ്മയ്‌ക്ക്‌ അത്താണിയാകുവാന്‍ അവനായില്ല. അല്ലലും അലച്ചിലും ഒന്നു മില്ലാത്ത ലോകത്തേക്ക്‌, അവന്റെ അപ്പന്റെ അടുത്തേക്ക്‌ അമ്മയും എന്തോ ഒരു സന്തോഷത്തോടെയാണ് പോയത്‌.

സൂസന്‍ എന്ന ക്രിസ്‌ത്യാനി പെണ്ണ്‌ പ്രേമത്തിന്റെ ആദ്യപാഠങ്ങള്‍ മാത്രം പഠിപ്പിച്ച്‌ എങ്ങോട്ടോ രക്ഷപെട്ടു.

ഒരു ജോലിക്കായ്‌ അവന്‍ മുട്ടിയ വാതിലൊന്നും തുറക്കപ്പെട്ടില്ല. ആദര്‍ശങ്ങളോന്നും അപ്പകഷണങ്ങളായില്ല.

അവസാന നാളുകളില്‍ അവന്‍ അസ്വസ്ഥനായിരുന്നു. പകലും രാത്രിയും ഒന്നും അവന് സ്വസ്ഥത നല്‌കിയില്ല. ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്‌മ അവനെ വേട്ടയാടി. സത്യത്തില്‍ അവന് ജീവിതം തന്നെ മടുത്തിരുന്നു. ഇതെല്ലാം ഉപേക്ഷിക്കണമെന്ന്‌ അവന് തോന്നിയിരിക്കാം. പക്ഷേ രക്ഷപെടാന്‍ പറ്റാത്തവണ്ണം അവന്‍ കെട്ടപ്പെട്ടു കഴിഞ്ഞിരുന്നു.

പാളിപ്പോയ പോലീസ്‌ സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ കൈലാസനായിരുന്നു ഒന്നാംപ്രതി. അങ്ങനെയാണ് അവന്‍ ഒളിവില്‍ പോയത്‌. ഒരാഴ്‌ചക്കുശേഷം റെയില്‍‌വേപാളത്തില്‍ ആളറിയാന്‍ പറ്റാത്തവണ്ണം ചിന്നിച്ചിതറിയ ശവശരീരം കൈലാസന്റേതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല.

ആരോ കൊന്ന്‌ റെയില്‍‌വേപാളത്തില്‍ തള്ളിയതാണെന്ന് ചിലരും അല്ല അവന്‍ ജീവിതം മുന്നോട്ട്‌ നയിക്കാനാവാതെ സ്വയം മരിച്ചതാണെന്ന് മറ്റുചിലരും പറഞ്ഞു.

കൈലാസന്റെ വീട്ടുമുറ്റത്തിന്റെ ഒരരുകില്‍ പായയില്‍ പൊതിഞ്ഞുകെട്ടിയ ശവം ദഹിപ്പിക്കുമ്പോള്‍ അവന്‍ എന്റെ വീടിന്റെ പത്തായപ്പുരയില്‍ ഒളിച്ചു താമസിക്കുകയായിരുന്നു.

ആരാണ് കൈലാസനുവേണ്ടി, കൈലാസനു പകരം മരിച്ചതെന്ന്‌ ഇന്നും ഞാന്‍ നിശ്ശബ്‌ദനായി തിരയുകയാണ്.

കൈലാസന്റെ ശവം ദഹിപ്പിച്ചു കഴിഞ്ഞ്‌ ഒരാഴ്‌ചകൂടി അവന്‍ ഞങ്ങളുടെ പത്തായപ്പുരയില്‍ ഒളിച്ചു താമസിച്ചു. രാത്രിയില്‍ എന്റെ സ്‌ക്കൂട്ടറിന്റെ പിന്നിലിരുത്തിയാണ് ആരും കാണാതെ ദൂരെയുള്ള ഒരു റെയില്‍‌വേസ്‌റ്റേഷനില്‍ ഞാനവനെ കൊണ്ടുവിട്ടത്‌.

കള്ളപ്പേരില്‍ അവന്‍ പട്ടണത്തിന്റെ തിരക്കിലേക്ക്‌ ട്രയിന്‍ കയറുമ്പോള്‍ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവന്‍ പിരിയുമ്പോള്‍ പറഞ്ഞു.
“കൈലാസന്‍ ആത്‌മഹത്യ ചെയ്‌താലും, കൊലചെയ്യപ്പെട്ടാലും ശരി അവന്‍ മരിച്ചു, എനിക്ക്‌ ജീവിക്കണം നന്ദിയുണ്ട്‌ സുഹൃത്തെ......... നന്ദി”

ഞങ്ങള്‍ പിരിഞ്ഞിട്ട്‌ പത്ത്‌ വര്‍ഷം കഴിഞ്ഞു.

നാട്ടുകാര്‍ക്കിന്ന്‌ കൈലാസന്റെ പത്താം ചരമവാര്‍ഷികമാണ്.

അവന്‍ ഇപ്പോള്‍ എവിടെയോ കുടുംബവും കുട്ടികളുമായി സുഖമായി ജീവിക്കുന്നുണ്ടാകാം. അല്ലെങ്കില്‍ ആത്‌മീയ ആചാര്യനായി വിലസുന്നുണ്ടാകാം ( അവസാന നാളുകളില്‍ അവന് ആത്‌മീയതയോട്‌ ഒരല്പം കമ്പം തോന്നിത്തുടങ്ങിയിരുന്നു. )

നീ എവിടെയായാലും സുഖമായിരിക്കുന്നു വെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

ഒന്നെനിക്കറിയാം ഈ പത്താം ചരമവാര്‍ഷികത്തിലും എന്റെ പ്രീയ സുഹൃത്തെ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.