വീട് നിറച്ച് കുട്ടികള്‍ ഓടിക്കളിക്കുന്നത് അപ്പന്റെ സ്വപ്‌നത്തിലെ സ്ഥിരം കാഴ്‌ചയായിരുന്നു. ഇന്നും അതൊരു സ്വപ്‌നമായിത്തന്നെ അവശേഷിക്കുന്നു.
വിവാഹത്തിന്റെ ആദ്യനാളുകളില്‍ ആ സ്വപ്‌നം ഭാര്യയുമായി പങ്കുവെച്ചെങ്കിലും. ഭാര്യയ്‌ക്ക് അതിനോടു യോജിപ്പുണ്ടായിരുന്നില്ല. നിര്‍ബ്ബന്ധമാണെങ്കില്‍ ഒന്നോ ഒരുമുറിയോ ആകാമെന്ന നിലപാടായിരുന്നു ഭാര്യയ്ക്ക്.
പിന്നീട് അതിനേപ്പറ്റിയൊന്നും ചര്‍ച്ചയുണ്ടായില്ലെങ്കിലും കുറഞ്ഞത് നാലുകുട്ടികളെങ്കിലും വേണമെന്ന് അപ്പന്‍ തീരുമാനിക്കുകയും തന്റെ തീരുമാനം രഹസ്യമായി നടപ്പിലാക്കാനും അപ്പന്‍ ഉറച്ചിരുന്നു.
അവര്‍ക്ക് രണ്ടു മക്കള്‍ പിറന്നു. മൂത്തത് മകനാണ്, എല്‍. കെ. ജി യില്‍ ഈ വര്‍ഷം മുതല്‍ പോയിത്തുടങ്ങി. രണ്ടാമത്തേത് മകളാണ്. ഒന്നാം പിറന്നാള്‍ കഴിഞ്ഞു.
ആഗോള സാമ്പത്തിക മാന്ദ്യം മെല്ലെക്കടന്നു വന്ന് അപ്പന്റെ സ്വപ്‌നങ്ങള്‍ക്ക് തടസ്സം നിന്നു. അത് അപ്പന്റെ കുടുംബ ബഡ്‌ജറ്റിനെ വല്ലാണ്ട് പിടിച്ചു കുലുക്കി. വര്‍ദ്ധിച്ച വാടക, ഉയര്‍ന്ന ജീവിതച്ചിലവ് തുടങ്ങി തങ്ങാനാവാത്ത പഠനച്ചിലവും ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന പാല്‍പ്പൊടിയുടേയും പാമ്പറിന്റെയും വിലയും അപ്പനെ സ്വപ്‌നത്തില്‍ നിന്നും ഉണര്‍ത്തി.
എങ്കിലും മകളുടെ ഒന്നാം പിറന്നാളിന്റെ അന്ന് അപ്പന്‍ വീണ്ടും തന്റെ പഴയ മങ്ങിയ സ്വപ്‌നത്തേപ്പറ്റി ഭാര്യയെ ഓര്‍മ്മിപ്പിച്ചു. ഭാര്യപൊട്ടിത്തെറിച്ചു. “ എന്റെ വായിലിരിക്കുന്നതൊന്നും കേള്‍ക്കാണ്ട് എന്റെ മുമ്പീന്ന് പൊയ്‌ക്കോണം, നിങ്ങള്‍ക്ക് കഥയും എഴുതി ബ്ലോഗ്ഗും വായിച്ചോണ്ടിരുന്നാല്‍ മതി, പിള്ളേരെ പെറ്റു വളര്‍ത്തുന്നതിന്റെ ബുദ്ധിമുട്ടൊന്നും നിങ്ങള്‍ക്കറിയേണ്ടല്ലോ”
ചേര്‍ത്തിട്ടിരുന്ന കട്ടില്‍ മുറിയുടെ രണ്ടു വശങ്ങളിലേക്ക് നീക്കിയിട്ടാണ് പിന്നീടുള്ള ദിവസങ്ങളില്‍ ഉറങ്ങിയത്. ഒന്നില്‍ അപ്പനും മകനും മറ്റേതില്‍ അമ്മയും മകളും. രാത്രിയില്‍ മകളുടെ കരച്ചില്‍ അപ്പന്റെ ഉറക്കത്തെ തടസ്സപ്പെടുത്തിയില്ലെങ്കിലും രാത്രി വൈകുവോളം അപ്പന്‍ ഉറക്കം വരാതെ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് പതിവായി.
അങ്ങനെയിരിക്കുമ്പോഴാണ് അപ്പന്റെ സ്വപ്‌നം നടപ്പിലാക്കാനായി മകന്റെ എല്‍. കെ. ജി. പഠനം പ്രയോജനപ്പെടുമെന്നു തോന്നിയത്.
സ്‌ക്കൂളില്‍ നിന്നും റ്റീച്ചര്‍ 'My Family Tree' ഉണ്ടാക്കിക്കൊടുത്തു വിട്ടിരിക്കുന്നു. പച്ച നിറമുള്ള കാര്‍ഡ് ബോര്‍ഡില്‍ ഇലകളുടെ ആകൃതിയിലും ബ്രൌണ്‍ നിറത്തിലുള്ളത് തടിയുടെ ആകൃതിയിലും വെട്ടി ഒട്ടിച്ച് വരച്ച് എഴുതി കൊടുത്തു വിട്ടിരിക്കുകയാണ്. അതാത് സ്ഥലത്ത് വീട്ടിലുള്ള അംഗങ്ങളുടെ ഫോട്ടോ ഒട്ടിച്ച് തിരികെക്കൊടുക്കണം.
നടുക്കുള്ള ME എന്ന കോളത്തില്‍ മകന്റെ ഫോട്ടോ ഒട്ടിച്ചു. ഇടത് മുകളിലായി Father എന്നുള്ളതിനു മുകളിലായി അപ്പന്‍ കോട്ടും ടൈയും കെട്ടി ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ ഒട്ടിച്ചു. വലതു വശത്ത് മുകളിലായി Mother എന്ന് എഴുതിയിരിക്കുന്നതിനു മുകളിലായി അമ്മയുടെ കല്ല്യാണം കഴിക്കുന്നതിനു മുമ്പുള്ള കൊള്ളാവുന്ന ഒരു ഫോട്ടോ ഒട്ടിച്ചു. Sister എന്നുള്ളിടത്ത് കുഞ്ഞുപെങ്ങള്‍ കുപ്പിപ്പാലും പിടിച്ചു കൊണ്ടിരിക്കുന്ന ഫോട്ടോയും ഒട്ടിച്ചു. ഫാമിലി ട്രീയില്‍ Brother എന്ന കോളം കാലിയായിക്കിടന്നു.
നിനക്ക് Brother ഇല്ലാത്തതിനാല്‍ അവിടെ ഒന്നും ചെയ്യേണ്ടെന്ന് പറഞ്ഞിട്ട് അവന്‍ കൂട്ടാക്കിയില്ല. അവന്‍ ഫാമിലി ട്രീയും എടുത്തു കൊണ്ട് അടുക്കളയില്‍ വൈകിട്ടത്തേക്ക് ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരുന്ന അമ്മയുടെ അടുത്തേക്ക് ചെന്നു.
“ അമ്മേ എനിക്കെന്താ ബ്രദര്‍ ഇല്ലാത്തത്. ബ്രദറിന്റെ ഫോട്ടോ ഒട്ടിക്കാതെ സ്‌ക്കൂളില്‍ ചെന്നാല്‍ റ്റീച്ചര്‍ വഴക്കു പറയും”
“ നിന്റെ അപ്പന്റെ പഴയ പടം വല്ലതും എടുത്ത് ഒട്ടിക്കെടാ...”
“അപ്പന്‍ ഫാദറല്ലിയോ എനിക്ക് ബ്രദറിന്റെ പടമാ വേണ്ടത്”
“എനിക്ക് ബ്രദറിനെ വേണം, ബ്രദറിന്റെ ഫോട്ടോ വേണം“ അവന്‍ ശാഠ്യം പിടിച്ച് കരയാന്‍ തുടങ്ങി.
അപ്പന്‍ അവന്റെ കൈയില്‍ നിന്നും ഫാമിലി ട്രീ വാങ്ങി ബ്രദര്‍ എന്നുള്ള കോളത്തില്‍ പെന്‍സില്‍ കൊണ്ട് Next Year എന്ന് എഴുതിക്കൊടുത്തു.
നിങ്ങളുടെ പൂതിയങ്ങു മനസ്സിലിരിക്കട്ടെയെന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ശാഠ്യം പിടിച്ച് കരയുന്ന മകനെ അവള്‍ തല്ലി. അവന്‍ എനിക്ക് ബ്രദര്‍ വേണേ... ബ്രദര്‍ വേണേ.... എന്നു കരഞ്ഞ് കരഞ്ഞ് ഉറങ്ങി.
പിറ്റേന്ന് അവനെ ഒരുക്കി സ്‌ക്കൂളില്‍ വിടാന്‍ പോലും അവള്‍ എഴുന്നേറ്റില്ല. അപ്പന്‍ തന്നെ മകനെ ഒരുക്കി സ്‌ക്കൂള്‍ബസ്സില്‍ കയറ്റി വിട്ടു.
സ്‌ക്കൂളില്‍ വെച്ചും മകന്‍ കരഞ്ഞു കാണണം. ക്ലാസ്സിലെ മറ്റെല്ലാകുട്ടികളുടേയും ഫാമിലി ട്രീയില്‍ എല്ലാവരുടേയും കോളത്തില്‍ ഫോട്ടോകള്‍ ഒട്ടിച്ചിരുന്നു.
'All Indians are my brothers and sisters' അതിനാല്‍ ആരുടെയെങ്കിലും ഫോട്ടോ ഒട്ടിച്ചാല്‍ മതിയാകും. റ്റീച്ചര്‍ പേഴ്‌സില്‍ നിന്ന് റ്റീച്ചറുടെ മകന്റെ ഫോട്ടോയെടുത്ത് ഒട്ടിച്ചു കൊടുത്ത് മകന്റെ കരച്ചില്‍ മാറ്റി.
എല്ലാകുട്ടികളുടേയും ഫാമിലി ട്രീകള്‍ ഭിത്തിയില്‍ തൂക്കിയിട്ടത് കാണാന്‍ നല്ല ഭംഗിയുണ്ടായിരുന്നു. ഒരു കാട്ടില്‍ കുറേ മുഖങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും നില്‍ക്കുന്ന അപൂര്‍വ്വ ഭംഗി.
കുറേ ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ ഫാമിലി ട്രീയുടെ ചിത്രം കുട്ടികള്‍ക്ക് തിരികെക്കൊടുത്തു.
അപ്പനിന്നലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ആകാശം മേഘാവൃതമായിരുന്നു, ഇടി വെട്ടി മഴ പെയ്യുമെന്ന് തോന്നി.
വീട്ടില്‍ കയറിച്ചെന്നപ്പോള്‍ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായി.
ആരും ഒന്നും മിണ്ടുന്നില്ല.
“അപ്പാ.., റ്റീച്ചറുടെ മോന്‍ എങ്ങനെയാ എന്റെ ബ്രദറാകുന്നതെന്ന് അമ്മ ചോദിക്കുവാ..” മകനാണ് പ്രശ്‌നം അവതരിപ്പിച്ചത്.
“ എടീ..., അതൊന്നും കുട്ടികള്‍ക്കറിയില്ല “ അപ്പന്‍ തണുപ്പിക്കാന്‍ ശ്രമിച്ചു.
“ നിങ്ങള്‍ക്കറിയാമല്ലോ അതുമതി.... എന്നാലും നിങ്ങളിത്തരക്കാരനാണെന്ന് ഞാനറിഞ്ഞില്ല.”
ഭാര്യ പൊട്ടിത്തെറിച്ചു .
അപ്പന്‍ എല്ലാവരേയും ഫാമിലി ട്രീയില്‍ നിന്നും താഴെയിറക്കി, അത് പിച്ചി ചീന്തി ജന്നാലയിലൂടെ പുറത്തേക്കെറിഞ്ഞിട്ടും, ഭാര്യ എന്തൊക്കയോ പിറുപിറുത്തു കൊണ്ടിരിക്കുകയാണ്.
Thursday, May 7, 2009
Subscribe to:
Posts (Atom)