Wednesday, September 12, 2007

മുഖമില്ലാത്തവര്‍

മാധവനും മല്ലികയും ആ വലിയ മരത്തിന്റെ തണലില്‍ ഇരിക്കുകയായിരുന്നു.

മാധവന്‍ മല്ലികയുടെ കൈ പിടിച്ച് എന്തൊക്കയോ പറയുന്നുണ്ട്. മാധവന് കൈനോട്ടം വശമുണ്ടാകും. മല്ലികയുടെ ഭൂതം ഓര്‍മ്മിപ്പിക്കുകയും ഭാവി പ്രവചിക്കുകയുമാകാം.

അവര്‍ തമ്മില്‍ പ്രണയമൊന്നുമല്ല. നിലാവുണ്ടായിരുന്നെങ്കില്‍ പ്രണയത്തിലേക്കും അതിനപ്പുറത്തേക്കും വളരാന്‍ സാധ്യതയുള്ള ഒരു സൌഹൃദം. ഒരു വെറും ആണ്‍ - പെണ്‍ സൌഹൃദം മാത്രം.

ഞാനൊരു കരടിയുടെ മുഖം‌മൂടിവെച്ച്‌ അവരുടെ മുമ്പില്‍ ചാടിവീണും.

മാധവന്‍ ഒറ്റച്ചാട്ടത്തിന് മരത്തിന്റെ കൊമ്പില്‍ കയറി.

മല്ലിക ചത്തതുപോലെ തറയില്‍ മലര്‍ന്നു കിടന്നു. കരടി മണത്തുനോക്കി. ശവത്തിന്റെ മണമൊന്നുമില്ല. മല്ലിക ശ്വാസം പിടിച്ച്‌ കിടക്കാന്‍ നന്നേ പണിപ്പെടുന്നുണ്ട്‌.

കരടി മല്ലികയ്യുടെ ചെവിയില്‍ പറഞ്ഞു. “ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ കൂട്ടുകാരന്‍. മാധവനെ വിശ്വസിക്കാന്‍ കൊള്ളില്ല നീ എന്റെ കൂടെ പോരു...”

കരടി മല്ലികയേയും ചുമലിലേറ്റി കടല്‍ക്കരയിലേക്ക്‌ പോയി.

ഞാന്‍ കരടിയുടെ മുഖം‌മൂടി കടലിലേക്ക്‌ വലിച്ചെറിഞ്ഞ്‌ പൊട്ടിച്ചിരിച്ചു
മല്ലികയെ ഇക്കിളിയിട്ട് പൊട്ടിച്ചിരിപ്പിക്കാന്‍ ശ്രമിച്ചു
കളിവീടുണ്ടാക്കി
തിരകളെണ്ണി
കടല്‍ക്കരയില്‍ നല്ല നിലാവുണ്ടായിരുന്നു.

പെട്ടെന്ന്‌ നാല് മുഖമൂടികള്‍ ഞങ്ങളുടെ മുമ്പില്‍ ചാടി വീണു. അവര്‍ മുഖം‌മൂടികള്‍ അല്ലായിരുന്നു. മുഖമില്ലാത്തവരായിരുന്നു.

ഞാനും മല്ലികയും മരിച്ചതു പോലെ ശ്വാസം പിടിച്ച് മലര്‍ന്നു കിടന്നു.

മുഖമില്ലാത്തവര്‍ നാലു പേരും ചേര്‍ന്ന്‌ മല്ലികയെ പൊക്കിയെടുത്തു. ഞങ്ങള്‍ മരിച്ചവരേപ്പോലെ അഭിനയിക്കുകയല്ലേ നിലവിളിക്കാന്‍ പാടില്ലല്ലോ!

ഒരു മുഖമില്ലാത്തവന്‍ അവളുടെ ഹാന്‍ഡ് ബാഗ്‌ കാലിയാക്കി എന്റെ നേരെ വലിച്ചെറിഞ്ഞു.

ദുഷ്‌ടന്മാര്‍ അവര്‍ മല്ലികയേയും കൊണ്ട് പോകുകയാണ്.
മുഖമില്ലാത്തവര്‍ കട്ടാളന്മാരാണ്, കാടത്തം കാണിക്കാന്‍ മടിയില്ലാത്തവര്‍.
മുഖമില്ലാത്തവര്‍ക്ക്‌ അമ്മ – പെങ്ങന്മാര്‍ ഇല്ലേ ?
അവരെന്റെ മല്ലികയേയും കൊണ്ട്‌ പോകുകയാണോ ?
ഈ മുഖമില്ലാത്തവര്‍ ദുഷ്‌ടന്മാരാണ് അവര്‍ അവളെ പിച്ചിചീന്തുമെന്ന്‌ ഉറപ്പാണ്.
എങ്കിലും എനിക്ക്‌ എന്തു ചെയ്യാനാവും.
ഞാനും മരിച്ചതായി അഭിനയിക്കുകയാണ്.
ശ്വാസം വിടുന്നതുപോലും ആരും അറിയാതെ വേണം.
പിന്നെങ്ങനെ നിലവിളിക്കും
പിന്നെങ്ങനെ പ്രതികരിക്കും
പിന്നെങ്ങനെ പ്രതിരോധിക്കും

മല്ലികയും മുഖമില്ലാത്തവരും കാഴ്‌ചയില്‍ നിന്നും മറഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റ് വീട്ടിലേക്ക്‌ ഓടി.

മുഖമില്ലാത്തവര്‍ ഉപേക്ഷിച്ച മല്ലികയുടെ കാലിയാക്കിയ ഹാന്‍ഡ്‌ ബാഗ്‌ അവളുടെ ഓര്‍മ്മയ്ക്കായ്‌ എടുക്കാന്‍ മറന്നില്ല.

വീട്ടിലെത്തിയ ഉടന്‍ തന്നെ മല്ലികയുടെ ഉപേക്ഷിക്കപ്പെട്ട ഹാന്‍ഡ്‌ ബാഗ്‌ എന്റെ സഹോദരിക്ക്‌ സമ്മാനമായിക്കൊടുത്തു.

ബാത്തുറൂമില്‍ കയറി എടുത്തുവെച്ചിരുന്ന വെള്ളത്തില്‍ മുഖമൊന്നു കഴുകിയപ്പോളാണ് ആശ്വാസമായത്‌.

നടന്നതൊക്കെയും സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാന്‍ ശ്രമിച്ചു.

വെറുതേ കണ്ണാടിയിലേക്ക്‌ നോക്കി.
വിശ്വസിക്കാനായില്ല.
എനിക്കും മുഖം ഉണ്ടായിരുന്നില്ല.
കൈകൊണ്ട്‌ തപ്പി നോക്കി....
ഇല്ല .... എനിക്കും മുഖം ഇല്ല....
അവിടെ വെറും ശൂന്യത മാത്രം.

കരടിയുടെ മുഖം‌മൂടിയുണ്ടായിരുന്നത്‌ കടലില്‍ വലിച്ചെറിഞ്ഞ്‌ പൊട്ടിച്ചിരിച്ചതോര്‍മ്മവന്നു.

ഇത്‌ കണ്ണാടിയുടെ കുഴപ്പമാണ് .
ഈ കണ്ണാടി മുഖം നോക്കാന്‍ കൊള്ളീല്ല.
കണ്ണാടി വലിയ ശബ്‌ദത്തോടെ ഞാന്‍ എറിഞ്ഞുടച്ചു.
കണ്ണാടി പൊട്ടിച്ചിതറുന്ന ശബ്‌ദം കേട്ട്‌ ചിരിക്കാന്‍ ശ്രമിച്ചു.

16 comments:

കുഞ്ഞന്‍ said...

എന്റെ വക നാളികേരം ‘ഠേ’.. പൊട്ടിച്ചിതറി..
അസ്സലായിട്ടുണ്ട്..

കഥയില്‍ ചോദ്യമില്ലെങ്കിലും, ഒന്നു ചോദിക്കട്ടേ മുഖത്തല്ലേ കണ്ണ്, അപ്പോള്‍ കണ്ണില്ലാതെ എങ്ങിനെ കണ്ണാടിയില്‍ നോക്കീ? കണ്ണുള്ളവര്‍ പോലും കാണുന്നില്ലാല്ലെ? പിന്നെയാണു മുഖമില്ലാത്തവന്‍!

സഹയാത്രികന്‍ said...

ചട്ടനെ പൊട്ടന്‍ ചതിച്ചാ... പൊട്ടനെ ദൈവം ചതിക്കും....!

:)

കഥ നന്നായി... പക്ഷേ കുഞ്ഞേട്ടന്‍ പറഞ്ഞപോലെ എനിക്കും ഒരു സംശയം... മുഖമില്ല പക്ഷേ കണ്ണാടി നോക്കി...ചിരിക്കാനും ശ്രമിച്ചു... :) :) :)


ഓ:ടോ: അല്ല ബാജിമാഷേ.. നമ്മുടെ ചുരുളഴിയാത്ത കുറച്ച് രഹസ്യങ്ങളുണ്ടായിരുന്നൂലോ...... അവധിക്കാലേ.... സംഭാഷണേ... രാധേയ്... രാധ... എന്തേ ചുരുളഴിയണില്ലേ.....ഹി.....ഹി...ഹി....

യാത്രിക / യാത്രികന്‍ said...

കഥ നന്നായിരിക്കുന്നു
കലക്കി
തുടക്കം - ലളിതം
ഉടുക്കം - കടുപ്പം
എന്നാലും കൊള്ളാം

യാത്രിക / യാത്രികന്‍ said...

അവധിക്കാല സംഭാഷണത്തിന്റെ ബാക്കി പ്രതീക്ഷിക്കുന്നു

മന്‍സുര്‍ said...

ബാജീ ഭായ്‌...

ഒരു സന്ദേശം ഇത്രയും ലളിതമായ്‌...
മുഖമുള്ളവരുടെ മുഖത്ത്‌ നോകി മുഖമില്ലാത്തവന്‍ എന്ന്‌ പറഞല്ലോ...അടിപൊളി..
ഒരു മുഖമൂടി കൊണ്ടു കാപട്യത്തിന്‍ മുള്ള്‌മുനകല്‍ എറിഞുടച്ച മുഖമില്ലാത്തവനെ....മുഖം ഉണ്ടയിട്ടും മരിച്ചവനായ്‌ നീ കിടന്നതിലില്ലയൊരു തെറ്റും
മുഖമൂടി ഇല്ലാത്ത നിന്‍റെ മുഖം നിനക്ക്‌ രക്ഷിച്ചേ മതിയാക്കൂ...അല്ലെങ്കില്‍ ഈ മുഖമൂടി കഥയാരറിയാന്‍

അഭിനന്ദനങ്ങള്‍
നന്‍മകള്‍ നേരുന്നു

റംസാന്‍ ആശംസകള്‍


മന്‍സൂര്‍ ,നിലംബൂര്‍

മന്‍സുര്‍ said...

കുഞാ...

ഒരു മുഖമില്ലാത്തവന്‍റെ കഥയിലെ മുഖം കാണാന്‍ മുഖമൂടി വലിചെറിഞവന്‍ കണ്ണാടി നോകിയത്‌ സത്യം....പക്ഷേ നോകിയത്‌ മനസ്സിന്‍റെ കണ്ണടിയല്ലേ...ആ കാപട്യത്തിന്‍ ഇരുണ്ട കണ്ണടിയല്ലേ മുഖമില്ലാത്തവന്‍ എടുത്തെറിഞത്‌...
അല്ല ഞാന്‍ പറഞത്‌ ശരിയാണോ..ബാജിഭായ്‌...അതോ കണ്ണാടി നോകിയോ...മുഖം കാണാന്‍ ..???

പാതിരക്ക്‌ ഓരോ സ്വപ്‌നം കാണും എന്നിട്ട്‌ കണ്ണാടിയില്‍ നോക്കും ...ഹഹാഹഹാ..ഇത്‌ ബാജിയുടെ
സ്ഥിരം കലാപരിപ്പാടിയാണ്‌..

മന്‍സൂര്‍ ,നിലംബൂര്‍

ഡാന്‍സ്‌ മമ്മി said...

പാതിരക്ക്‌ ഓരോ സ്വപ്‌നം കാണും എന്നിട്ട്‌ കണ്ണാടിയില്‍ നോക്കും ...ഹഹാഹഹാ..ഇത്‌ ബാജിയുടെ
സ്ഥിരം കലാപരിപ്പാടിയാണ്‌..

മയൂര said...

മുഖമൂടിയണിഞ്ഞവര്‍....മുഖമില്ലാത്തവര്‍..കഥ നന്നായിട്ടുണ്ട്...

Vanaja said...

ബാജീ , കഥ ഇഷ്ടമായി.:)


ലോകത്ത് മുഖമുള്ളവരുടെ ഒരു സെന്‍സെസ്സ് ഏടുത്താല്‍ എന്തായിരിക്കും റിസള്‍ട്ട്? കഥയിലെ പോലെ തന്നെയാവും അല്ലേ..

ശ്രീഹരി::Sreehari said...

മുഖമില്ലാത്ത ഒരു കമന്റ് :)

ശ്രീ said...

"വെറുതേ കണ്ണാടിയിലേക്ക്‌ നോക്കി.
വിശ്വസിക്കാനായില്ല.
എനിക്കും മുഖം ഉണ്ടായിരുന്നില്ല."

ബാജി ഭായ്...

വളരെ ശക്തമായ ഒരു സന്ദേശം തന്നെ...
നന്നായി ഇഷ്ടപ്പെട്ടു, ഈ കഥ.
:)

സജീവ് കടവനാട് said...

‘നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം നിങ്ങളില്‍ ഇടപെടും’ ഈ വാക്കുകളാണ് ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. നെറികേടുകളുടെ മുഖം മൂടിയണിഞ്ഞ സമൂഹത്തില്‍ നാമൊക്കെ പ്രതികരണശേഷിയില്ലാത്തവരായി വെറുതേയിരിക്കും. നെറികേടുകള്‍ നമ്മിലേക്ക് വളരെ അടുക്കുമ്പോഴാണ് നാം ബോധവാന്മാരാകുന്നത്. ചത്തതുപോലെ കിടന്ന് ശീലിച്ച നമുക്ക് പിന്നെ പ്രതികരിക്കാന്‍ കഴിയാതെ വരും. നമ്മുടെ കാല്‍ക്കീഴില്‍ നിന്ന് എല്ലാം ഒലിച്ചുപോകും. നമുക്ക് തന്നെ ഒരു മുഖമില്ലെന്ന് നാം തിരിച്ചറിയും. നന്നായിരിക്കുന്നു ബാജിയേട്ടാ.

ഉപാസന || Upasana said...

മന്‍ഷനായാ ധൈര്യം വേണം ബാജീ... ധൈര്യം
:)
ഉപാസന

ഓ. ടോ: കണ്ണാടിയില്‍ നോക്കിയപ്പോളല്ലെ കണ്ണില്ലെന്ന് മനസ്സിലായത് കുഞ്ചാ.

Anonymous said...

കലക്കീട്ടുണ്ട്‌

SHAN ALPY said...

മുഖത്തടിച്ച മാതിരി സന്ദേശമായിപ്പോയി
ആരുടെ മുഖം രക്ഷിക്കാനാണാവോ?

ബാജി ഓടംവേലി said...

അഭിപ്രായങ്ങള്‍ അറിയിച്ച
കുഞ്ഞന്‍,സഹയാത്രികന്‍,യാത്രികന്‍, മന്‍സൂര്‍, ഡാന്‍സ്‌മമ്മി, മയൂര, വനജ, ശ്രീഹരി, ശ്രീ, കിനാവ്, ഉപാസന, അനോണി, ഷാന്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.