Saturday, September 15, 2007

ജീവന്റെ വില

നിങ്ങള്‍ക്ക്‌ എപ്പോഴും ടെന്‍‌ഷന്‍ തന്നെയാണ്. ഒന്നിനു പിറകേ ഒന്നായി പ്രശ്‌നങ്ങളുടെ ഘോഷയാത്ര. ഒരു സാധാരണ പ്രവാസിയായ നിങ്ങള്‍ക്ക് ജീവിക്കുവാന്‍ രണ്ടു കാലും രണ്ടു കൈയ്യും പോരെന്ന്‌ തോന്നുന്നുവോ? ഓരോ ദിവസവും ഓടിത്തീര്‍ക്കുവാന്‍ ഇരുപത്തിനാലു മണിക്കൂര്‍ മതിയാകുന്നില്ലെന്നതല്ലേ സത്യം. ഈ ജീവിതകാലം മുഴുവന്‍ ആര്‍‌ക്കൊക്കെയോ വേണ്ടി ജീവിക്കുവാനാണ് നിങ്ങളുടെ വിധി. നിങ്ങളോടൊപ്പമേ നിങ്ങളുടെ പ്രാരാബ്‌ദങ്ങളും അവസാനിക്കുകയുള്ളൂ.

നാലു ദിവസം മുന്‍പാണ് അച്‌ഛന്‍ അസുഖം മൂര്‍ച്‌ഛിച്ച്‌ ആശുപത്രിയിലായത്‌. ഒരു ഓപ്പറേഷന്‍ അത്യാവശ്യമാണ്. ജീവന്റെ വിലയായ അറുപതിനായിരം രൂപ അയച്ചുകൊടുക്കേണ്ടത്‌ കുടുംബത്തിലെ ഒരേയൊരു ആണ്‍‌തരിയായ നിങ്ങളുടെ ചുമതലയാണ്. പണം അഡ്വാന്‍‌സായി കെട്ടിവെച്ചെങ്കില്‍ മാത്രമേ ഓപ്പറേഷന്‍ നടക്കൂ.

ഇത്രയും നാള്‍ ചേര്‍ത്തുവെച്ച ചെറിയ സമ്പാദ്യം കൊടുത്ത്‌ കുഞ്ഞനുജത്തിയെ ഇറക്കിവിട്ടിട്ട്‌ മാസങ്ങളേ ആകുന്നുള്ളൂ. അതിനായി അറിയാവുന്നവരില്‍ നിന്നെല്ലാം അത്യാവശ്യം കടവും വാങ്ങിയിട്ടുണ്ട്.

അച്‌ഛന്റെ ജീവന്റെ വില ഇനിയും ആരോടു തെണ്ടും.

ഭാര്യ പ്രസവം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിനു മുന്‍‌പേ ജോലിക്കു പോയിത്തുടങ്ങിയത്‌ ജോലിയോടുള്ള ഇഷ്‌ടം കൊണ്ടാണോ? അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ കുരുന്നിനെ ബേബീസിറ്റിങ്ങില്‍ ഏല്‍പ്പിക്കാന്‍ സാഹചര്യങ്ങള്‍ നിര്‍ബ്ബന്ധിച്ചു. രണ്ടു പേരുടെ ശമ്പളത്തിലെങ്കിലും കടമില്ലാതെ മുന്നോട്ടു പോകുവാനാകുമോ?

അമ്മ ഇന്നും രാവിലെ വിളിച്ചിരുന്നു. രൂപാ അയച്ചോയെന്ന്‌ ചോദിച്ചു. ഉടനേ അയയ്ക്കാമെന്ന്‌ പറഞ്ഞു.

എവിടെ നിന്നയയ്ക്കാന്‍. അച്‌ഛന്റെ ജീവന്റെ വില നിങ്ങള്‍ എവിടെ നിന്നുണ്ടാക്കും.

രാവിലെതന്നെ ഭാര്യ ജോലിക്കു പോയി. നിങ്ങള്‍ക്ക്‌ അരമണിക്കൂര്‍ കൂടി കഴിഞ്ഞ്‌ പോയാല്‍ മതി.

വീട്ടിലേക്ക് കുറേ സാധനങ്ങള്‍ വാങ്ങാനുണ്ട്‌. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് പോക്കറ്റിലിട്ടുകൊണ്ട്‌ ദിവസങ്ങളായി നടക്കുന്നു.

മൂന്നു മാസം പ്രായമുള്ള നിങ്ങളുടെ കുഞ്ഞിനേയും എടുത്തുകൊണ്ടാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയത്‌. ഫ്‌ളാറ്റില്‍ നിന്നും നടന്നു പോകാവുന്ന ദൂരത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ ആരംഭിച്ചിട്ട്‌ കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ.

കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ കിടത്തി, ട്രോളി സാവധാനം ഉന്തി, ഭാര്യ എഴുതിത്തന്ന ലിസ്റ്റിന്‍ പ്രകാരം സാധനങ്ങള്‍ വാങ്ങിച്ചു. ഒഴിവാക്കാവുന്നതൊക്കെ ഒഴിവാക്കി അത്യാവശ്യമുള്ളതുമാത്രമേ വാങ്ങുന്നുള്ളൂ.

നിങ്ങളുടെ അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ മൊബൈലിലേക്കു വന്നു. നിങ്ങള്‍ ഉടന്‍ തന്നെ ഓഫീസിലെത്തണം, എന്തോ അത്യാവശ്യ ജോലിയുണ്ട്‌. അറബി അല്പം ചൂടിലാണോ ? ഇന്നു മാത്രമല്ല എന്നും അങ്ങനെ തന്നെയാ. അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ കിട്ടിയപ്പോഴേ നിങ്ങള്‍ അങ്കലാപ്പിലായി, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിലെ അറബി നേരിട്ട്‌ വിളിക്കത്തുള്ളൂ. എടുത്തുവെച്ച സാധനങ്ങള്‍ ഉപേക്ഷിച്ച്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്തിറങ്ങി ഒരു ടാക്‌സിയില്‍ കയറി നിങ്ങള്‍ ഓഫീസിലേക്ക് പോയി.

നിങ്ങള്‍ ഇത്ര ആത്‌മാര്‍‌ത്ഥമായി ജോലിചെയ്‌തിട്ടും നിങ്ങള്‍‌ക്കെന്താ അറബി ബോസ്സിനെ പേടിയാണോ ? അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നെന്നു പറഞ്ഞ്‌ മറ്റെല്ലാം മറക്കാന്‍ പാടുണ്ടോ? എന്തു മറന്നാലും മൂന്നു മാസം മാത്രം പ്രായമുള്ള നിങ്ങളുടെ രക്തത്തെ മറക്കാമോ?

നിങ്ങളൊരു ദുഷ്‌ടനാണ്, നിങ്ങളോടൊപ്പം ഉണ്ടായിരുന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മറന്നു വെച്ചിട്ടാണ് നിങ്ങള്‍ ഓഫീസിലേക്ക്‌ പോയത്‌. നിങ്ങള്‍ ഓഫീസിലെത്തിക്കഴിഞ്ഞാല്‍ തിരക്കേറിയ ജോലികള്‍ക്കിടയില്‍ വീട്ടുകാര്യം ഓര്‍ക്കാന്‍ ശ്രമിക്കാറുണ്ടോ?

അത് വലിയ വാര്‍ത്തയായി.
സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മൂന്നുമാസം പ്രായമുള്ള ഒരു ‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.

റേഡിയോയില്‍ തുടര്‍ച്ചയായി ഈ വാര്‍ത്ത പ്രത്യേക അറിയിപ്പായി പ്രക്ഷേപണം ചെയ്‌തു. ടി. വി. ചാനലുകള്‍ ഫ്‌ളാഷ്‌ ന്യൂസായി എഴുതിക്കാണിച്ചു. ചില ചാനലുകള്‍ സൂപ്പര്‍മാര്‍ക്കറ്റിന്റേയും ട്രോളിയുടേയും കുട്ടിയുടേയും ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്‌തു.

വലിയ ജനക്കൂട്ടം സൂപ്പര്‍മാര്‍ക്കറ്റിനു മുന്‍പില്‍ തടിച്ചു കൂടി. അവരെ നിയന്ത്രിക്കുവാനായി സെക്യൂരിറ്റിക്കാര്‍ക്ക് കഴിയാതെ വന്നതിനാല്‍ പോലീസില്‍ വിവരം അറിയിച്ചു. ഫയര്‍‌ ഫോഴ്‌സുകാര്‍ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായി നിന്നു. ബോംബ് സ്‌ക്വാഡ്‌ എത്തി, കുട്ടി – ചാവേര്‍ ബോംബല്ലെന്ന്‌ ഉറപ്പുവരുത്തി.

കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ പ്രമുഖ പാട്ട പാല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ത്തന്നെ നേരിട്ടു വന്നു. അവിടെ വെച്ചു തന്നെ ചൂടുവെള്ള മുണ്ടാക്കി, പാല്‍‌പ്പൊടി അളന്ന്‌ കലക്കി കുട്ടിക്കു കൊടുത്ത്‌ കുട്ടിയുടെ കരച്ചില്‍ മാറ്റുന്നത്‌ ലൈവായി മിക്ക ചാനലിലും കാണിച്ചു.

അറിഞ്ഞവര്‍ അറിഞ്ഞവര്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്കോടി.
ഇത്‌ ആരുടെ കുട്ടിയാണ് ?
ഈ കുരുന്നിനെ ഉപേക്ഷിക്കാന്‍ ആര്‍ക്കാണ് മനസ്സു വന്നത്‌ ?
ഇവന്‍ ഏതു നാട്ടുകാരനാണ് ? അറബിയോ ഇന്ത്യനോ പാകിസ്‌ഥാനിയോ. അതോ ജപ്പാനോ ചൈനക്കാരനോ ഫിലിപ്പിനോയോ. മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ മുഖം കണ്ട്‌ നാടു കണ്ടു പിടിക്കുക ബുദ്ധിമുട്ടാണ്.

കുരുന്നിന്റെ പാമ്പര്‍ മാറ്റിനോക്കിയപ്പോള്‍ ഏതു ജാതിയാണെന്ന്‌ മനസ്സിലായി – ആണ്‍ ജാതി.

വന്നവര്‍‌ക്കെല്ലാം കുട്ടിയെ കാണാനുള്ള സൌകര്യം സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ചെയ്‌തു കൊടുത്തു.

മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ കഥ , അത് അവന്റെ മാതാ പിതാക്കന്മാരുടെ കഥയാണ്. അത്‌ ആവശ്യത്തിന് ഭാവന ചേര്‍ത്ത്‌ ഓരോരുത്തര്‍ വിളമ്പി.

എട്ടു മണിക്കൂര്‍ കഴിഞ്ഞപ്പോളാണ് നിങ്ങളുടെ ജോലികള്‍ തീര്‍ന്നത്‌. കമ്പനി ട്രാന്‍സ്‌പോര്‍ട്ടില്‍ വീട്ടിലേക്ക്‌ പോകുമ്പോളാണ് നിങ്ങള്‍ ഓര്‍ത്തത്‌ ഭാര്യ വാങ്ങണ മെന്നു പറഞ്ഞ സാധനങ്ങള്‍ വാങ്ങിയില്ലല്ലോയെന്ന്‌.

നിങ്ങള്‍ അതേ സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍പില്‍ ഇറങ്ങി.

ആ സൂപ്പര്‍മാര്‍ക്കറ്റിനുമുമ്പില്‍ വലിയ ആള്‍ക്കൂട്ടവും പോലീസും മറ്റു ബഹളങ്ങളും നിങ്ങളും കാണുന്നു. എന്നിട്ടും നിങ്ങള്‍ക്ക് ഒന്നും ഓര്‍മ്മവന്നില്ല. നിങ്ങളുടെ വിചാരത്തില്‍ നിങ്ങളുടെ കുട്ടി ബേബീസിറ്റിങ്ങിലാണ്.

ആരോ പറഞ്ഞു “ നിങ്ങളൊന്നും അറിഞ്ഞില്ലേ, ഏതോ പിഴച്ച തള്ള മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ ട്രോളിയില്‍ ഉപേക്ഷിച്ചു പോയി.

നിങ്ങള്‍ക്ക് ഓര്‍മ്മ വന്നു. നിങ്ങളാകെ വിളറി വെളുത്തു. ഓടിച്ചെന്ന്‌ തന്റെ കുരുന്നിനെ വാരിപ്പുണരണ മെന്നു തോന്നി. കുട്ടിയേക്കാണണമെങ്കില്‍ ക്യൂവില്‍ നില്‍ക്കണം. നിങ്ങളും നിങ്ങളുടെ കുട്ടിയെക്കാണാന്‍ ക്യൂവില്‍ നിന്നു.

നിങ്ങളേക്കണ്ടപ്പഴേ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും രണ്ട്‌ സെക്യൂരിറ്റികളും നിങ്ങളുടെ അടുത്തു വന്നു. നിങ്ങളേയും കൂട്ടി ഹിന്ദിക്കാരന്‍ മാനേജരുടെ മുറിയിലേക്കു പോയി.
നിങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളം തന്നു. രാവിലെ നിങ്ങള്‍ കുട്ടിയേയും കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വരുന്നതുമുതല്‍ ഓടിപ്പോകുന്ന രംഗം വരെയുള്ള ഭാഗങ്ങള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്‌ ക്യാമറായില്‍ റെക്കോര്‍ഡു ചെയ്‌തത്‌ റീവൈന്റ് ചെയ്ത് കാണിച്ചു.

നിങ്ങള്‍ക്ക് ഹിന്ദിക്കാരന്‍ മാനേജര്‍ പറഞ്ഞത്‌ അനുസരിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ.

കുട്ടി അവരുടെ പരസ്യ ചിത്രത്തില്‍ പങ്കെടുക്കുകയാണ്, ഇപ്പോള്‍ കൊണ്ടു പോകാന്‍ പറ്റില്ല. രാത്രിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അടയ്‌ക്കുമ്പോള്‍ അവനെ സുരക്ഷിതനായി മാനേജര്‍‌‌ത്തന്നെ വീട്ടിലെത്തിക്കാമെന്ന്‌ ഉറപ്പുകൊടുത്തു.

നിങ്ങള്‍ അഡ്രസ്സ്‌ എഴുതിക്കൊടുത്ത്‌ ഫ്ലാറ്റിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്ത് വീട്ടിലേക്ക് പോയി.

ഒരു കണക്കിന് അതും നന്നായി. നിങ്ങളാണ് ഈ കുട്ടിയുടെ അച്‌ഛനെന്ന്‌ അവിടെക്കൂടി നിന്ന ജനം അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ക്രൂരനായ നിങ്ങളെ തല്ലിക്കൊന്നേനേം. ഇതിന്റെ പേരില്‍ പോലീസ്‌കേസ്സു വന്നാല്‍ ഊരിപ്പോരാനും ബുദ്ധിമുട്ടാണ്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന നാണക്കേട് വേറേയും.

നിങ്ങള്‍ വീട്ടിലെത്തി. കുറേ കഴിഞ്ഞ്‌ ഭാര്യയും വന്നു.കുഞ്ഞ്‌ ബേബീസിറ്റിങ്ങിലാണ് കുറച്ചു കഴിഞ്ഞ്‌ പോയി എടുക്കാമെന്ന്‌ ഭാര്യയെ വിശ്വസിപ്പിച്ചു.

കുറേക്കഴിഞ്ഞ്‌ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും മറ്റു രണ്ടു പേരും കൂടി വന്ന് നിങ്ങളുടെ കുട്ടിയെ തിരികെ ഏല്‍പ്പിച്ചു.

സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ നിങ്ങളെ കെട്ടിപ്പിടിച്ച്‌ നന്ദി പറഞ്ഞു. ഈ ഉപകാരം ഞങ്ങള്‍ ഒരിക്കലും മറക്കില്ല. ഇതിലും വലിയ പരസ്യം ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റിന് കിട്ടാനില്ല. ഇതാ അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക്‌ ഇതു നിങ്ങള്‍ സ്വീകരിക്കണം. ഈ മാസത്തെ പരസ്യത്തിന്റെ ബഡ്‌ജറ്റു തുക മുഴുവന്‍ നിങ്ങള്‍ക്ക്‌ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു. ഇതാ ഈ ഗിഫ്‌റ്റു വൌച്ചര്‍ കാണിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെന്തും ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു ഫ്രീയായി വാങ്ങാം. സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ പോകുമ്പോള്‍ വീണ്ടും പറഞ്ഞു , ഈ ഉപകാരം ഒരിക്കലും മറക്കില്ല. നന്ദിയുണ്ട് ഒത്തിരി നന്ദിയുണ്ട്‌.

കുഞ്ഞിനെ കൈയ്യില്‍ വാങ്ങി ഭാര്യ ഒന്നും മനസ്സിലാകാതെ നിന്നും.

നിങ്ങള്‍ ചെക്കിലേക്ക് വീണ്ടും നോക്കി. അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക് – അച്‌ഛന്റെ ജീവന്റെ വില – നാളെത്തെന്നെ ഓപ്പറേഷനുള്ള രൂപാ അയയ്‌ക്കണം.

35 comments:

ചേട്ടായി said...

ബാജി,നന്നായിരിക്കുന്നു, പക്ഷെ,
പലസ്ഥലത്തും കഥാനായകനെ ‘നിങ്ങള്‍‘ എന്നാണെഴുതിയാണു കാണിച്ചിരിക്കുന്നത്, പക്ഷെ അവസാനം അത് ‘ഞാനായി’ മാറി. ഒരു പൊരുത്തക്കേട്! ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതൊക്കെ ഒഴിവാക്കപ്പെടാമായിരുന്നു..:(

സഹയാത്രികന്‍ said...

അവനവനെത്തന്നെ ശ്രദ്ധിക്കാന്‍ നേരമില്ലാത്ത പ്രവാസജീവിതം അല്ലേ മാഷേ...!


(ബാജി മാഷേ നിങ്ങള്‍ ഒരു പ്രവാസിയാണു... കഥ നടക്കുന്നത് അറബിദേശത്തും.... എന്നിട്ടും താങ്കള്‍ക്ക് കിട്ടിയ ചെക്കൊന്നു നോക്കൂ...
ഞാന്‍ ചെക്കിലേക്ക് വീണ്ടും നോക്കി. അറുപതിനായിരം 'രൂപ '

ഒരു സംശയമാണു കേട്ടോ....)

ബാജി ഓടംവേലി said...

ചേട്ടായി , സഹയാത്രികന്‍ തെറ്റുചൂണ്ടിക്കാണിച്ചതില്‍ സന്തോഷം. ആവശ്യമായ മാറ്റം വരുത്തുന്നു.

സാരംഗി said...

ബാജീ, പ്രവാസത്തിന്റെ തിരക്കുകളും ബുദ്ധിമുട്ടുകളും നന്നായി എഴുതിയിരിക്കുന്നു..

കുഞ്ഞന്‍ said...

ബാജി,

വളരെ നന്നായി പ്രയാസത്തോടെ വസിക്കുന്നവരുടെ ജീവിതത്തിന്റൊരു ഏട് വരച്ചു കാട്ടിയിരിക്കുന്നു.

അപ്പൊ മറവിയൊരു അനുഗ്രഹമാണല്ലേ...!

ഡാന്‍സ്‌ മമ്മി said...

JCB മാതിരി പാമ്പറും വാക്കുകള്‍ തന്നെയാണ് അല്ലേ?
നന്നായിരിക്കുന്നു

സജീവ് കടവനാട് said...

സ്വന്തം കുഞ്ഞിനെപോലും മറന്നുപോകുന്ന പ്രവാസജീവിതത്തിന്റെ ആകുലതകള്‍ മനോഹരമായി വരച്ചുവെച്ചിരിക്കുന്നു ബാജിയേട്ടന്‍.

Sherlock said...

ബാജിയേട്ടാ...അസ്സലായിരിക്കുന്നു ഇനിയും ഇമ്മാതിരി സാധനങ്ങള് പ്രതീക്ഷിക്കുന്നു

Unknown said...

വളരെ നന്നായിട്ടുണ്ട്........

Senu Eapen Thomas, Poovathoor said...

പണം ഇപ്പോള്‍ വരും.. ഇപ്പോള്‍ തീരും. നല്ല ചിത്രം.
പോരട്ടെ...

ദൈവം said...

കൊള്ളാം :)

mazha said...

നന്നായിരിക്കുന്നു..നമ്മള്‍ ജീവിതലക്ഷ്യങ്ങള്‍ മറന്നു ജീവിക്കുകയാണല്ലെ?

മൂര്‍ത്തി said...

എന്തു പറയാന്‍....എല്ലാം വിഷമം തന്നെ.

യാത്രിക / യാത്രികന്‍ said...

ആരോ പറഞ്ഞു “ നിങ്ങളൊന്നും അറിഞ്ഞില്ലേ, ഏതോ പിഴച്ച തള്ള മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ ട്രോളിയില്‍ ഉപേക്ഷിച്ചു പോയി.

ബാജി ഓടംവേലി said...

മറുമൊഴിയില്‍ ഞാനും കൂടിയുണ്ട്.
വഴി പറഞ്ഞു തന്ന കുഞ്ഞന് ഒരായിരം നന്ദി

Jyothi ജ്യോതി :) said...

എല്ലാ പ്രവാസികള്‍ക്കും അഭിവാദ്യങ്ങള്‍!! :)

മാണിക്യം said...

ചക്രം ചവട്ടി പാടത്തെ വെള്ളം വറ്റിച്ചു കൊണ്ടിരുന്ന്പ്പാ പഠിപ്പ് ഒന്നുമില്ലാത്താ‍ ആ പാവം പറഞ്ഞതു ഓര്‍മ്മ വരുന്നു.. “ഒരില ചവട്ടീ താക്കുമ്പോള്‍ മറ്റോരില ചങ്കിന്‍ നേരെ..” അതാണ്‍ ഗള്‍ഫ്‌കാരന്റെം ജീവിതം എന്നും ചങ്കിന്‍ നേരെ ഒരിലാ, ഒഴിഞ്ഞു മാറാന്‍ പറ്റില്ലാ..എന്നും തല അറുത്ത കോഴി പിടയുന്ന പോലെ പിടയ്ക്കാം . ആരും അറിഞ്ഞവരില്ല.
അല്ല ആരും അറിയാനും പാടില്ലാ.
കനലു പെയ്യുന്ന മരുഭുമിയില്‍ പിടയുന്ന മനസ്സുമായി കിനാവും, നൊമ്പരവും, ത്യാഗവും, ലാഭവും, നഷ്ടവും ,ജീവന്റെ വിലയായി ഹോമിക്കുന്ന ഒരോ ഗള്‍ഫ്‌കാരനും ഈ കഥയിലെ നായകനാ .ട്രോളിയില്‍ മറന്നു വയ്ക്കുന്നതു സ്വന്തം ജീവനാ....നന്നായി ബാജി.

Sethunath UN said...

ബാജി, നിങ്ങ‌‌ള്‍ എന്നു സൂചിപ്പിച്ചിടത്തൊക്കെ ഞാന്‍/താന്‍/അയാ‌‌ള്‍ എന്നിങ്ങനെ അവസരോചിതമായി ഉപയോഗിച്ച് കൂടുതല്‍ ആസ്വാദ്യകരമാക്കാമായിരുന്നു. നല്ല തീം. നല്ല എഴുത്ത്.

ശ്രീ said...

ബാജി ഭായ്...
നന്നായിരിക്കുന്നു.
:)

ബാജി ഓടംവേലി said...

സാരംഗി, കുഞ്ഞന്‍, ഡാന്‍സ് മമ്മി, കിനാവ്, ജിഹേഷ്, മാളവിക, സെനു, ദൈവം, അനിത, മൂര്‍ത്തി, യാത്രികന്‍, ജ്യോതി, മാനിക്യം, നിഷ്‌ക്കളങ്കന്‍, ശ്രീ, മറ്റുള്ളവര്‍ എല്ലാവരും വന്ന് അഭിപ്രായം പറഞ്ഞതിന് നന്ദി.
മാണിക്യം പറഞ്ഞു:-
“കനലു പെയ്യുന്ന മരുഭുമിയില്‍ പിടയുന്ന മനസ്സുമായി കിനാവും, നൊമ്പരവും, ത്യാഗവും, ലാഭവും, നഷ്ടവും ,ജീവന്റെ വിലയായി ഹോമിക്കുന്ന ഒരോ ഗള്‍ഫ്‌കാരനും ഈ കഥയിലെ നായകനാ .“
അതുകൊണ്ടാണ് കഥയിലെ നായകനെ ‘നിങ്ങള്‍’ എന്ന്‌ പറയുന്നത്‌. അത്‌ ഞാനല്ല- നിങ്ങളാണെന്ന്‌ ഓരോരുത്തര്‍ക്കും വിശ്വസിക്കാം
ഒരിക്കല്‍ കൂടി നന്ദി

simy nazareth said...

ബാജി, നന്നായിട്ടുണ്ട്.

പ്രവാസിക്കു മാത്രമല്ല, എല്ലാ നഗരങ്ങളിലെയും ജീവിതം ഇങ്ങനെയല്ലേ? ആര്‍ക്കും ജീവിക്കാന്‍ സമയമില്ല.

ബാജി ഓടംവേലി said...
This comment has been removed by the author.
ബാജി ഓടംവേലി said...

ഇന്നത്തെ ദീപിക പത്രത്തില്‍ ത്രിപ്പൂണിത്തറയില്‍ ഒരച്‌ഛന്‍ കുട്ടിയെ ഒരിടത്തു വെച്ച്‌ മറന്നു പോയ വാര്‍ത്ത കണ്ടിരുന്നു.
ഇനിയും ആരും കുട്ടികളേ മറക്കല്ലേ

പൂച്ച സന്ന്യാസി said...

വളരെ നന്നായിരിക്കുന്നു, നടന്ന സംഭവം പോലെ ...ഓരോ ഗള്‍ഫുകാരനും ഇതിലെ നായകനായി മാറുന്നു.

monu said...

നന്നായിരിക്കുന്നു...

ഒരൊ ഗള്‍ഫുകാരനും ഒരൊ കഥ പറയാനുടാവും...

എനിയ്കു തൊന്നുന്നു നാട്ടില്‍ ഉള്ളവരെക്കാള്‍ ഒരുപാടു ജീവിതാനുഭവങ്ങള്‍ ഉള്ളവരാണു ഗള്‍ഫുകരെന്നു.

പക്ഷെ പലര്‍ക്കും ജീവിതം ഇല്ല...

നാട്ടില്‍ എത്തുമ്പൊള്‍ പുലിയും പണക്കാരനും അവുന്ന പലരുടെയും ഇവിടുതെ ജീവിതം വെറും എലിയ്കു തുല്യം ...

മന്‍സുര്‍ said...

ബാജി ഭായ്‌

ഒരു സന്ദേശത്തിനൊപ്പം രസകരമായ അന്ത്യമുഹുര്‍ത്തങ്ങളും....
അഭിനന്ദനങ്ങള്‍

മന്‍സൂര്‍,നിലംബൂര്‍

പൈങ്ങോടന്‍ said...

ഇത് ഓരോ പ്രവാസിയുടേയും കഥയാണ്. വളരെ നന്നായിരിക്കുന്നു.

മയൂര said...

പ്രവാസജീവിതവും പ്രശ്നവും നന്നായി വരച്ച് കാട്ടിയിരിക്കുന്നു...

അപ്പു ആദ്യാക്ഷരി said...

ബാജി, വായിച്ചു.
ഈ “നിങ്ങള്‍” മാറ്റി “ഞാന്‍” എന്നായിരുന്നെങ്കില്‍, അല്ലെങ്കില്‍ ഒരു “ബാലനോ”, “മുനീറൊ”, “മത്തായി”യോ ആയിരുന്നെങ്കില്‍ വായിക്കാല്‍ അല്‍പ്പംകൂടെ രസമുണ്ടായേനേ എന്നു തോന്നി. അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ‍ൂ.

ബാജി ഓടംവേലി said...

സിമി, പൂച്ചസന്യാസി, മോനു, മന്‍സൂര്‍, പൈങ്ങോടന്‍, മയൂര, അപ്പു, തുടങ്ങി വന്ന് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

‘നിങ്ങള്‍‘ എന്ന കഥാ നായകന്‍ നിങ്ങളല്ല. വായിക്കുമ്പോളും നിങ്ങള്‍ എന്നു തന്നെ വായിക്കുക. ഇത് മറ്റാരുടേയോ കഥയാണെന്ന് ആശ്വസിക്കുക.

നിങ്ങളെന്ന പ്രയോഗം ചിലരെ വിഷമിപ്പിച്ചിരിക്കുന്നു. ക്ഷമ ചോദിക്കണോ ? അതോ ഏത്ത മിടണോ?

Anonymous said...

നന്നായിരിക്കുന്നു

Typist | എഴുത്തുകാരി said...

ഇത്തിരി വൈകിപ്പോയി, എന്നാലും സാരമില്ല, വളരെ നന്നായിരിക്കുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

ബാജി,
എഴുത്തില്‍ താങ്കള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു.
താങ്കള്‍ ഇതുവരെ എഴുതിയതില്‍ ഹൃദയത്തില്‍ തട്ടിയത് എന്ന് നിസ്സംശയം പറയാവുന്ന രചനയാണ് ജീവന്‍റെ വില. ഒരു പക്ഷെ താങ്കള്‍ക്ക് തന്നെ സംഭവിച്ചതാകാം.

കുറച്ചു കൂടി ശ്രദ്ധിച്ച് എഴുതിയിരുന്നുവെങ്കില്‍ അല്പം കൂടി വായനാ സുഖം തന്നേനേ എന്നൊരു അഭിപ്രായം കൂടിയുണ്ട്.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ബാജി ഓടംവേലി said...

മേരിക്കുട്ടി , എഴുത്തുകാരി, ഇരിങ്ങല്‍ ,
അഭിപ്രായം അറിയിച്ചതിന് നന്ദിയുണ്ട്.
ഇത് എന്റെ അനുഭവമൊന്നു മല്ല. കുടുംബമായി ജീവിക്കുന്ന ഏതൊരു ആള്‍ക്കും സംഭവിക്കാവുന്ന ഒരു കാര്യം ഒരല്പം ഭാവന ചേര്‍ത്ത് എഴുതിയെന്നേയുള്ളൂ.
നന്ദി നന്ദി നന്ദി

എതിരന്‍ കതിരവന്‍ said...

ബാജി:
ശരിയാണ്‍. കുടുംബം നോക്കാന്‍ വേണ്ടി ജോലി ഭാരം ഏറ്റെടുക്കുമ്പോള്‍ കുടുംബത്തെ തന്നെ അറിയാതെ മറന്നു പോകുന്നു. അതിന്റെ ശിക്ഷ തിരിഞ്ഞു കളിയ്ക്കുന്നു.

ഈ ജീവിതത്തിന്റെ ഒരു കാര്യമേ!
ഒ. ഹെന് റിയുടെ “Gift of the Magi" യില്‍ ദുരന്തങ്ങളും സമ്മാനങ്ങളും‍ വിപരീതാര്‍ത്ഥം കൈവരിക്കുന്നതു കാണാം.
നല്ല കഥ. ഒന്നാന്തരം പരിണാമഗുപ്തി. (ആ “നിങ്ങള്‍” പ്രയോഗം ഒന്നു മാറിയിരുന്നെങ്കില്‍).