Friday, September 28, 2007

ജീവന്റെ വില

എനിക്ക് എപ്പോഴും ടെന്‍‌ഷന്‍ തന്നെയാണ്.
ഒന്നിനു പിറകേ ഒന്നായി പ്രശ്‌നങ്ങളുടെ ഘോഷയാത്ര.

ഒരു സാധാരണ പ്രവാസിയായ എനി‍ക്ക് ജീവിക്കുവാന്‍ രണ്ടു കാലും രണ്ടു കൈയ്യും പോരെന്ന്‌ തോന്നുന്നു. ഓരോ ദിവസവും ഓടിത്തീര്‍ക്കുവാന്‍ ഇരുപത്തിനാലു മണിക്കൂര്‍ മതിയാകുന്നില്ലെന്നതല്ലേ സത്യം. ഈ ജീവിതകാലം മുഴുവന്‍ ആര്‍‌ക്കൊക്കെയോ വേണ്ടി ജീവിക്കുവാനാണ് എന്റെ വിധി. എന്നോടൊപ്പമേ എന്റെ പ്രാരാബ്‌ദങ്ങളും അവസാനിക്കുകയുള്ളൂ.

നാലു ദിവസം മുന്‍പാണ് അച്‌ഛന്‍ അസുഖം മൂര്‍ച്‌ഛിച്ച്‌ ആശുപത്രിയിലായത്‌. ഒരു ഓപ്പറേഷന്‍ അത്യാവശ്യമാണ്. അറുപതിനായിരം രൂപ അയച്ചുകൊടുക്കേണ്ടത്‌ കുടുംബത്തിലെ ഒരേയൊരു ആണ്‍‌തരിയായ എന്റെ ചുമതലയാണ്. പണം അഡ്വാന്‍‌സായി കെട്ടിവെച്ചെങ്കില്‍ മാത്രമേ ഓപ്പറേഷന്‍ നടക്കൂ.

ഇത്രയും നാള്‍ ചേര്‍ത്തുവെച്ച ചെറിയ സമ്പാദ്യം കൊടുത്ത്‌ കുഞ്ഞനുജത്തിയെ ഇറക്കിവിട്ടിട്ട്‌ മാസങ്ങളേ ആകുന്നുള്ളൂ. അതിനായി അറിയാവുന്നവരില്‍ നിന്നെല്ലാം അത്യാവശ്യം കടവും വാങ്ങിയിട്ടുണ്ട്.അച്‌ഛന്റെ ജീവന്റെ വില ഇനിയും ആരോടു തെണ്ടും.

ഭാര്യ പ്രസവം കഴിഞ്ഞ് മൂന്നുമാസം തികയുന്നതിനു മുന്‍‌പേ ജോലിക്കു പോയിത്തുടങ്ങിയത്‌ ജോലിയോടുള്ള ഇഷ്‌ടം കൊണ്ടാണോ? അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം കിട്ടിയ കുരുന്നിനെ ബേബീസിറ്റിങ്ങില്‍ ഏല്‍പ്പിക്കാന്‍ സാഹചര്യങ്ങള്‍ നിര്‍ബ്ബന്ധിച്ചു. രണ്ടു പേരുടെ ശമ്പളത്തിലെങ്കിലും കടമില്ലാതെ മുന്നോട്ടു പോകുവാനാകുമോ?

അമ്മ ഇന്നും രാവിലെ വിളിച്ചിരുന്നു.
രൂപാ അയച്ചോയെന്ന്‌ ചോദിച്ചു.
ഉടനേ അയയ്ക്കാമെന്ന്‌ പറഞ്ഞു.
എവിടെ നിന്നയയ്ക്കാന്‍ !

അച്‌ഛന്റെ ജീവന്റെ വില എവിടെ നിന്നുണ്ടാക്കും ?

രാവിലെതന്നെ ഭാര്യ ജോലിക്കു പോയി.

എനിക്ക് അരമണിക്കൂര്‍ കൂടി കഴിഞ്ഞ്‌ പോയാല്‍ മതി.വീട്ടിലേക്ക് കുറേ സാധനങ്ങള്‍ വാങ്ങാനുണ്ട്‌. വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് പോക്കറ്റിലിട്ടുകൊണ്ട്‌ ദിവസങ്ങളായി നടക്കുന്നു.

മൂന്നു മാസം പ്രായമുള്ള കുഞ്ഞിനേയും എടുത്തുകൊണ്ടാണ് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയത്‌. ഫ്‌ളാറ്റില്‍ നിന്നും നടന്നു പോകാവുന്ന ദൂരത്തില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ്‌ ആരംഭിച്ചിട്ട്‌ കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളൂ.കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ കിടത്തി, ട്രോളി സാവധാനം ഉന്തി, ഭാര്യ എഴുതിത്തന്ന ലിസ്റ്റിന്‍ പ്രകാരം സാധനങ്ങള്‍ വാങ്ങിച്ചു. ഒഴിവാക്കാവുന്നതൊക്കെ ഒഴിവാക്കി അത്യാവശ്യമുള്ളതുമാത്രമേ വാങ്ങുന്നുള്ളൂ.

എന്റെ അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ മൊബൈലിലേക്കു വന്നു. ഉടന്‍ തന്നെ ഓഫീസിലെത്തണം, എന്തോ അത്യാവശ്യ ജോലിയുണ്ട്‌. അറബി അല്പം ചൂടിലാണോ ? ഇന്നു മാത്രമല്ല എന്നും അങ്ങനെ തന്നെയാ. അറബി ബോസ്സിന്റെ ഫോണ്‍ കോള്‍ കിട്ടിയപ്പോഴേ ഞാന്‍ അങ്കലാപ്പിലായി, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിലെ അറബി നേരിട്ട്‌ വിളിക്കത്തുള്ളൂ. എടുത്തുവെച്ച സാധനങ്ങള്‍ ഉപേക്ഷിച്ച്‌ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്തിറങ്ങി ഒരു ടാക്‌സിയില്‍ കയറി ഓഫീസിലേക്ക് പോയി.

ഇത്ര ആത്‌മാര്‍‌ത്ഥമായി ജോലിചെയ്‌തിട്ടും എനിക്കെന്താ അറബി ബോസ്സിനെ പേടിയാണോ ? അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നെന്നു പറഞ്ഞ്‌ മറ്റെല്ലാം മറക്കാന്‍ പാടുണ്ടോ? എന്തു മറന്നാലും മൂന്നു മാസം മാത്രം പ്രായമുള്ള എന്റെ രക്തത്തെ മറക്കാമോ? ഞാനൊരു ദുഷ്‌ടനാണോ?

എന്നോടൊപ്പം ഉണ്ടായിരുന്ന മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മറന്നു വെച്ചിട്ടാണ് ഞാന്‍ ഓഫീസിലേക്ക്‌ പോയത്‌.ഞാന്‍ ഓഫീസിലെത്തിക്കഴിഞ്ഞാല്‍ തിരക്കേറിയ ജോലികള്‍ക്കിടയില്‍ വീട്ടുകാര്യം ഓര്‍ക്കാറില്ല. ഞാന്‍ മാത്രമല്ല മിക്കവരും അങ്ങനെ തന്നെയാണ്.

അത് വലിയ വാര്‍ത്തയായി.
സൂപ്പര്‍മാര്‍ക്കറ്റിലെ ട്രോളിയില്‍ മൂന്നുമാസം പ്രായമുള്ള ഒരു ‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി.

റേഡിയോയില്‍ തുടര്‍ച്ചയായി ഈ വാര്‍ത്ത പ്രത്യേക അറിയിപ്പായി പ്രക്ഷേപണം ചെയ്‌തു. ടി. വി. ചാനലുകള്‍ ഫ്‌ളാഷ്‌ ന്യൂസായി എഴുതിക്കാണിച്ചു. ചില ചാനലുകള്‍ സൂപ്പര്‍മാര്‍ക്കറ്റിന്റേയും ട്രോളിയുടേയും കുട്ടിയുടേയും ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്‌തു.

വലിയ ജനക്കൂട്ടം സൂപ്പര്‍മാര്‍ക്കറ്റിനു മുന്‍പില്‍ തടിച്ചു കൂടി. അവരെ നിയന്ത്രിക്കുവാനായി സെക്യൂരിറ്റിക്കാര്‍ക്ക് കഴിയാതെ വന്നതിനാല്‍ പോലീസില്‍ വിവരം അറിയിച്ചു. ഫയര്‍‌ ഫോഴ്‌സുകാര്‍ ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായി നിന്നു. ബോംബ് സ്‌ക്വാഡ്‌ എത്തി, കുട്ടി – ചാവേര്‍ ബോംബല്ലെന്ന്‌ ഉറപ്പുവരുത്തി.

കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ പ്രമുഖ പാട്ട പാല്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ത്തന്നെ നേരിട്ടു വന്നു. അവിടെ വെച്ചു തന്നെ ചൂടുവെള്ള മുണ്ടാക്കി, പാല്‍‌പ്പൊടി അളന്ന്‌ കലക്കി കുട്ടിക്കു കൊടുത്ത്‌ കുട്ടിയുടെ കരച്ചില്‍ മാറ്റുന്നത്‌ ലൈവായി മിക്ക ചാനലിലും കാണിച്ചു.

അറിഞ്ഞവര്‍ അറിഞ്ഞവര്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്കോടി.
ഇത്‌ ആരുടെ കുട്ടിയാണ് ?
ഈ കുരുന്നിനെ ഉപേക്ഷിക്കാന്‍ ആര്‍ക്കാണ് മനസ്സു വന്നത്‌ ?
ഇവന്‍ ഏതു നാട്ടുകാരനാണ് ?
അറബിയോ ഇന്ത്യനോ പാകിസ്‌ഥാനിയോ.
അതോ ജപ്പാനോ ചൈനക്കാരനോ ഫിലിപ്പിനോയോ.
മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ മുഖം കണ്ട്‌ നാടു കണ്ടു പിടിക്കുക ബുദ്ധിമുട്ടാണ്.
കുരുന്നിന്റെ പാമ്പര്‍ മാറ്റിനോക്കിയപ്പോള്‍ ഏതു ജാതിയാണെന്ന്‌ മനസ്സിലായി – ആണ്‍ ജാതി.

വന്നവര്‍‌ക്കെല്ലാം കുട്ടിയെ കാണാനുള്ള സൌകര്യം സൂപ്പര്‍മാര്‍ക്കറ്റുകാര്‍ ചെയ്‌തു കൊടുത്തു.

മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ കഥ , അത് അവന്റെ മാതാ പിതാക്കന്മാരുടെ കഥയാണ്. അത്‌ ആവശ്യത്തിന് ഭാവന ചേര്‍ത്ത്‌ ഓരോരുത്തര്‍ വിളമ്പി.

എട്ടു മണിക്കൂര്‍ കഴിഞ്ഞപ്പോളാണ് എന്റെ ജോലികള്‍ തീര്‍ന്നത്‌. കമ്പനി ട്രാന്‍സ്‌പോര്‍ട്ടില്‍ വീട്ടിലേക്ക്‌ പോകുമ്പോളാണ് ഓര്‍ത്തത്‌ ഭാര്യ വാങ്ങണ മെന്നു പറഞ്ഞ സാധനങ്ങള്‍ വാങ്ങിയില്ലല്ലോയെന്ന്‌. ഞാന്‍ അതേ സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍പില്‍ ഇറങ്ങി.ആ സൂപ്പര്‍മാര്‍ക്കറ്റിനുമുമ്പില്‍ വലിയ ആള്‍ക്കൂട്ടവും പോലീസും മറ്റു ബഹളങ്ങളും കണ്ടു.

എന്നിട്ടും എനിക്ക് ഒന്നും ഓര്‍മ്മവന്നില്ല.

എന്റെ വിചാരത്തില്‍ കുഞ്ഞ് ബേബീസിറ്റിങ്ങിലാണ്.

ആരോ പറഞ്ഞു" നിങ്ങളൊന്നും അറിഞ്ഞില്ലേ, ഏതോ പിഴച്ച തള്ള മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ ട്രോളിയില്‍ ഉപേക്ഷിച്ചു പോയി.

എനിക്ക് പെട്ടെന്ന് ഓര്‍മ്മ വന്നു.
ഞാനാകെ വിളറി വെളുത്തു.
ഓടിച്ചെന്ന്‌ തന്റെ കുരുന്നിനെ വാരിപ്പുണരണമെന്നു തോന്നി.
കുട്ടിയെ കാണണമെങ്കില്‍ ക്യൂവില്‍ നില്‍ക്കണം.
ഞാനും എന്റെ കുട്ടിയെ കാണാന്‍ ക്യൂവില്‍ നിന്നു.

എന്നെ കണ്ടപ്പോളെപ്പഴേ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും രണ്ട്‌ സെക്യൂരിറ്റികളും എന്റെ അടുത്തു വന്നു. എന്നെ ഹിന്ദിക്കാരന്‍ മാനേജരുടെ മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. എനിക്ക് കുടിക്കാന്‍ വെള്ളം തന്നു. രാവിലെ കുട്ടിയേയും കൊണ്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ വരുന്നതുമുതല്‍ ഓടിപ്പോകുന്ന രംഗം വരെയുള്ള ഭാഗങ്ങള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്‌ ക്യാമറായില്‍ റെക്കോര്‍ഡു ചെയ്‌തത്‌ റീവൈന്റ് ചെയ്ത് കാണിച്ചു.

എനി‍ക്ക് ഹിന്ദിക്കാരന്‍ മാനേജര്‍ പറഞ്ഞത്‌ അനുസരിക്കുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ.കുട്ടി അവരുടെ പരസ്യ ചിത്രത്തില്‍ പങ്കെടുക്കുകയാണ്, ഇപ്പോള്‍ കൊണ്ടു പോകാന്‍ പറ്റില്ല. രാത്രിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് അടയ്‌ക്കുമ്പോള്‍ അവനെ സുരക്ഷിതനായി മാനേജര്‍‌‌ത്തന്നെ വീട്ടിലെത്തിക്കാമെന്ന്‌ ഉറപ്പുതന്നു.

ഞാന്‍ അഡ്രസ്സ്‌ എഴുതിക്കൊടുത്ത്‌ ഫ്ലാറ്റിലേക്കുള്ള വഴിയും പറഞ്ഞു കൊടുത്ത് വീട്ടിലേക്ക് പോയി.

ഒരു കണക്കിന് അതും നന്നായി.
ഞാനാണ് ഈ കുട്ടിയുടെ അച്‌ഛനെന്ന്‌ അവിടെക്കൂടി നിന്ന ജനം അറിഞ്ഞിരുന്നെങ്കില്‍ അവര്‍ ഇത്രയും ക്രൂരനായ എന്നെ തല്ലിക്കൊന്നേനേം. ഇതിന്റെ പേരില്‍ പോലീസ്‌കേസ്സു വന്നാല്‍ ഊരിപ്പോരാനും ബുദ്ധിമുട്ടാണ്. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന നാണക്കേട് വേറേയും.

ഞാന്‍ വീട്ടിലെത്തി.
കുറേ കഴിഞ്ഞ്‌ ഭാര്യയും വന്നു.
കുഞ്ഞ്‌ ബേബീസിറ്റിങ്ങിലാണ് കുറച്ചു കഴിഞ്ഞ്‌ പോയി എടുക്കാമെന്ന്‌ ഭാര്യയെ വിശ്വസിപ്പിച്ചു.

കുറേക്കഴിഞ്ഞ്‌ സൂപ്പര്‍മാര്‍ക്കറ്റ് മാനേജരും മറ്റു രണ്ടു പേരും കൂടി വന്ന് കുട്ടിയെ തിരികെ ഏല്‍പ്പിച്ചു.

സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ എന്നെ കെട്ടിപ്പിടിച്ച്‌ നന്ദി പറഞ്ഞു.
"ഈ ഉപകാരം ഞങ്ങള്‍ ഒരിക്കലും മറക്കില്ല. ഇതിലും വലിയ പരസ്യം ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റിന് കിട്ടാനില്ല. ഇതാ അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക്‌ ഇതു നിങ്ങള്‍ സ്വീകരിക്കണം. ഈ മാസത്തെ പരസ്യത്തിന്റെ ബഡ്‌ജറ്റു തുക മുഴുവന്‍ നിങ്ങള്‍ക്ക്‌ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചു. ഇതാ ഈ ഗിഫ്‌റ്റു വൌച്ചര്‍ കാണിച്ചാല്‍ അടുത്ത ഒരു വര്‍ഷത്തേക്ക് നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെന്തും ഞങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു ഫ്രീയായി വാങ്ങാം."

സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ പോകുമ്പോള്‍ വീണ്ടും പറഞ്ഞു
"ഈ ഉപകാരം ഒരിക്കലും മറക്കില്ല. നന്ദിയുണ്ട് ഒത്തിരി നന്ദിയുണ്ട്‌."

കുഞ്ഞിനെ കൈയ്യില്‍ വാങ്ങി ഭാര്യ ഒന്നും മനസ്സിലാകാതെ നിന്നും.

ഞാന്‍ ചെക്കിലേക്ക് വീണ്ടും നോക്കി.
അറുപതിനായിരം രൂപയ്‌ക്ക്‌ തുല്യമായ ചെക്ക് – അച്‌ഛന്റെ ജീവന്റെ വില
നാളെത്തന്നെ ഓപ്പറേഷനുള്ള രൂപാ അയയ്‌ക്കാമല്ലോ എന്ന് ഓര്‍ത്തപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു പോയി.

"ഇത് എന്റെ ജീവന്റെ വിലയാണ് " എന്നു പറയാന്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് ആവില്ലല്ലോ?

23 comments:

ബാജി ഓടംവേലി said...

കഴിഞ്ഞ പോസ്റ്റുതന്നെ. വായനക്കാരുടെ അഭിപ്രായം മാനിച്ച് ‘നിങ്ങളുടെ‘ കഥ മാറ്റി ‘എന്റെ‘ കഥയാക്കി.
ഇത് കഥ മാത്രമാണ്.

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി
ഭാവുകങ്ങള്‍

സഹയാത്രികന്‍ said...

:)

Sethunath UN said...

ഇപ്പോഴൊരു സുഖ‌ം വ‌ന്നു ബാജീ.

മയൂര said...

ഇപ്പോള്‍ വായനയ്ക്ക് ഒരു ഒഴുക്ക് കിട്ടുന്നുണ്ട്..നന്നായിരിക്കുന്നു.....

ഡാന്‍സ്‌ മമ്മി said...

ഇതു വെറും കഥയാണെന്നു വിശ്വസിക്കാന്‍ മാത്രം മണ്ടിയൊന്നുമല്ല ഞാന്‍. എന്നാലും ഇത് കഥയാക്കുന്നതിനു മുന്‍പ് എന്നോറ്റൊന്നു പറഞ്ഞില്ലല്ലോ?

യാത്രിക / യാത്രികന്‍ said...

ഇപ്പോള്‍ കഥ സൂപ്പറായി.
ഇത് ഏതു പ്രവാസിക്കും സംഭവിച്ചേക്കാവുന്ന കഥയാണ്. വിഷയത്തിന്റെ പുതുമ പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. കഥ വായിച്ചപ്പോള്‍ ഒരു ടെലി ഫിലിം കാണുന്ന മാതിരി തോന്നി.
അഭിനന്ദനങ്ങള്‍

ഏ.ആര്‍. നജീം said...

നല്ല കഥ ബാജീ..
പാല്‍‌പ്പോടിക്കരുടെ സംഭവം കലക്കി..
കഥ മൊത്തത്തിലും

റീനി said...

കുട്ടിയെ ബേബിസീറ്റിലിരുത്തി കാറിന്റെ മുകളിള്‍ മറന്നുവച്ച്‌ കാറോടിച്ചുപോയ അഛമ്മാരെക്കുറിച്ച്‌ വായിച്ചിട്ടുണ്ട്‌.
ഈ പോസ്റ്റ്‌ വായിച്ചുകഴിഞ്ഞ്‌ എനിക്ക്‌ എന്റെ കുട്ടികളുടെ അഛനോടുള്ള മതിപ്പ്‌ കൂടുന്നു.

സംഭവ്യമായ കഥാതന്തു.

ആഷ | Asha said...

ഞാനിതു ആദ്യായാ വായിക്കുന്നത്.
എഴുത്ത് വളരെ നന്നായിരിക്കുന്നു.

ശ്രീ said...

ബാജി ഭായ്..
അതൊന്നു മാറ്റി എഴുതിയല്ലേ?
ഇപ്പോള്‍ കൂടുതല്‍‌ നന്നായി.
:)

ചന്ദ്രകാന്തം said...

പ്രവാസിയുടെ നിത്യപ്രശ്നങ്ങളും, മനോവ്യധയും, ഗതികേടും.. പ്രതിഫലിയ്ക്കുന്നു.
നന്നായിരിയ്ക്കുന്നു.

വേണു venu said...

ബാജീ നന്നായെഴുതിയിരിക്കുന്നു.:)

asdfasdf asfdasdf said...

ഇതൊരു കഥമാത്രമാണെന്ന് മനസ്സില്‍ ഒരു പാട് തവണ പറഞ്ഞു നോക്കി. ഭാവുകങ്ങള്‍.

ബാജി ഓടംവേലി said...

ദ്രൌപതി, സഹയാത്രികന്‍, നിഷ്‌ക്കള്‍ങ്കന്‍,മയൂര, ഡാന്‍സ് മമ്മി, യാത്രികന്‍, നജീം, റീനി, ആഷ, ശ്രീ, ചന്ദകാന്തം, വേണു, കുട്ടന്‍‌മേനോന്‍, തുടങ്ങി എല്ലാവായനക്കാര്‍ക്കും നന്ദി.
നല്ല വാക്കുകള്‍ കൂടുതല്‍ എഴുതാന്‍ പ്രേരണ നല്‍കുന്നു.

മന്‍സുര്‍ said...

ബാജിയുടെ....ലോകത്തെ
എല്ലാ വിഷയങ്ങളും ഒന്നിന്നെന്നു മികവ്‌ പുലര്‍ത്തുന്നു..ഇനിയും തുടരുകയീ പ്രയാണം

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

Sathees Makkoth | Asha Revamma said...

ഒരു യഥാര്‍ത്ഥ സംഭവം പോലെ തോന്നുന്നു.ബാജി നന്നായിട്ടുണ്ട്.

അപ്പു ആദ്യാക്ഷരി said...

നേരത്തേ വായിച്ചിരുന്നു. അന്നത്തേതിനേക്കാള്‍ ഇപ്പോള്‍ നന്നായി ബാജി.

കുറുമാന്‍ said...

കുട്ടിയെ മറന്ന് വെച്ച് പോയ അച്ഛനോട് യോജിക്കാന്‍ കഴിയുന്നില്ല ബാജി :)

പി.സി. പ്രദീപ്‌ said...

പ്രിയ ബാജി,

കഥയാണെന്ന് വായിച്ചപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം.
ഇതൊരു അംഗീകാരമായി ഇരിക്കട്ടെ.

ഓളങ്ങള്‍ ഇല്ലാതെയുള്ള കഥയുടെ ആ ഒഴുക്ക് ഉണ്ടല്ലോ, വളരെ മനോഹരമായിരിക്കുന്നു.

കീപ് ഇറ്റ് അപ്.:)

Anonymous said...

ദുരോധനന്റെ വിമരശനം
ബാജി ഓടംവലിയുടെ കഥകള്‍ - ഒരു വിമര്‍ശനം.
മലയാളം ബ്ലോഗുകളില്‍ വായിക്കേണ്ട ഒരാളാണ് ബാജി ഓടംവലി. ബാജിയുടെ കഥകളിലെ പ്രമേയം പ്രധാനമായും പ്രവാസികളുടെ പ്രശ്നങ്ങള്‍ ആണ്. എഴുത്തില്‍ തന്റേതായ ശൈലിയും ശക്തമായ വിഷയങ്ങളും തിരഞ്ഞെടുത്ത് നിലനിര്‍ത്താന്‍ ബാജിക്കു കഴിയുന്നു.

ശൈലി വായനക്കാരനോട് ബാജി സ്വന്തം അനുഭവങ്ങള്‍ പറയുന്ന രീതിയിലാണ്. ഒന്നുകില്‍ കഥാപാത്രം ഞാന്‍, എനിക്ക് എന്ന രീതിയില്‍ സംസാരിക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ എന്നുപറഞ്ഞ് ബാജി വായനക്കാരനുമായി നേരിട്ടു സംവദിക്കുന്നു.

ജീവന്റെ വില. എന്ന കഥയില്‍ പറഞ്ഞിരിക്കുന്ന ശൈലി സുന്ദരമാണ്. യഥാര്‍ത്ഥമാണ്. കഥ ഒരു നല്ല വായനാനുഭവവും ആണ്.

കഥയുടെ വിശ്വാസ്യതയില്‍ അവസാനമാണ് വായനക്കാരനു പ്രശ്നങ്ങള്‍ വരുന്നത്. കുട്ടിയെ മറന്നുവെച്ചു - സംഭവിക്കാം. അങ്ങനെ കളഞ്ഞുകിട്ടിയ കുട്ടി സെലിബ്രിറ്റി ആവാം - അതും സംഭവിക്കാം. എന്നാല്‍ കുട്ടിയെ കണ്ടിട്ട് കുട്ടിയുടെ അച്ഛന്റെ വികാരങ്ങള്‍ എന്തായിരിക്കും? വീട്ടില്‍ പോവാന്‍ പുള്ളിക്ക് പറ്റിക്കാണുമോ? ഭാര്യയോട് കള്ളം പറയാന്‍ പറ്റുമോ? കുട്ടിയെ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജറിനെ ഏല്‍പ്പിച്ചിട്ട് പോവാന്‍ പറ്റുമോ? ഇവിടെ സംഭവ്യത കുറയുന്നു.

ഓഫീസില്‍ ഇരിക്കുമ്പോള്‍ വീട്ടിലേയ്ക്ക് കാശയക്കുന്നതെങ്ങനെ എന്ന് കഥാപാത്രം ചിന്തിക്കുന്നോ? എവിടെനിന്നൊക്കെ കടം വാങ്ങും? ഓഫീസ് ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നുണ്ടോ? (കാമുകിയ്ക്ക് അബോര്‍ഷന്‍ നടത്താന്‍ പണമില്ലാതെ വലഞ്ഞ് ഒരു മരണം നടന്ന വീട്ടില്‍ പണം കക്കാന്‍ പോവുന്ന സാര്‍ത്രിന്റെ കഥാപാത്രത്തെയും കഥാപാത്രത്തിന്റെ ചിന്തകളെയും ഓര്‍മ്മവരുന്നു (ഏജ് ഓഫ് റീസണ്‍, പെന്‍‌ഗ്വിന്‍ ബുക്സ്‍).

കുട്ടിയെ അച്ചന്‍ കാണുമ്പോള്‍ കുട്ടിയുടെ വികാരങ്ങള്‍ എന്തോക്കെ? സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് കുട്ടി അച്ചനെ തിരിച്ചറിഞ്ഞോ? അച്ചന്‍ വീണ്ടും മുങ്ങുമ്പോള്‍ കുട്ടി കരഞ്ഞോ? കരഞ്ഞെങ്കില്‍ അച്ചന്‍ ഉരുകിയോ? ഇതൊക്കെ കഥയ്ക്ക് സൂക്ഷ്മത നല്‍കിയേനെ. അതിലും പ്രധാനപ്പെട്ട ഒരു കാര്യം വീട്ടില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും തിരിച്ചെത്തിയ കുട്ടിയെ അച്ചന്‍ എങ്ങനെ അഭിമുഖീകരിച്ചു എന്നാണ്. മൂന്നുമാസം പ്രായമുള്ള കുട്ടി അച്ചനെ കുറ്റപ്പെടുത്തുന്ന രീതിയില്‍ നോക്കുമോ? സാധ്യതയില്ല. കുട്ടി ചിരിച്ചുകളിച്ച് അച്ചനെ സ്നേഹത്തോടെ വീണ്ടും നോക്കി ചിരിക്കുകയേ ഉള്ളൂ. ആ ചിരിയും കളിയും നോട്ടവും താങ്ങുന്നതിനെക്കാള്‍ അച്ചന്‍ ആ നിമിഷം ആഗ്രഹിച്ചുപോവുന്നത് മകന്‍ / മകള്‍ തന്നെ ഒന്നു കുറ്റപ്പെടുത്തി നോക്കിയെങ്കില്‍, വെറുത്തെങ്കില്‍ എന്നാവും. ഇത് വായനക്കാരന്റെ മനസ്സില്‍ വികാരങ്ങള്‍ സൃഷ്ടിച്ചേനെ. ഇവിടെ കുട്ടിയുടെയോ അച്ചന്റെയോ വികാരങ്ങള്‍, പെരുമാറ്റങ്ങള്‍, അച്ചന്റെ മനസ്സില്‍ ഓടിയത്, ഒക്കെ പ്രകടിപ്പിച്ചെങ്കില്‍ കഥയ്ക്ക് സൂക്ഷ്മത വരുമായിരുന്നു.

പലപ്പൊഴും ഒരുപാടു വാക്കുകളെക്കാള്‍ കഥപറയുന്നത് നോട്ടം, മൌനം, തുടങ്ങിയവയാണ്. ജയിലില്‍ മോഷ്ടാവെന്നു മുദ്രകുത്തിയ കൂട്ടുകാരനെ കാണാന്‍ പോവുമ്പോള്‍ കൂട്ടുകാരനുമായി എന്തെങ്കിലും മിണ്ടിയോ? മിണ്ടിയില്ലെങ്കില്‍ ആ മൌനത്തിനു വല്ലാത്ത കനം ഉണ്ടാവും. മിണ്ടിയെങ്കില്‍ എന്തുപറഞ്ഞു? അതിലും പ്രധാനം ഇരുവരും എങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി, നോട്ടം എന്തൊക്കെ പറഞ്ഞു എന്നതാണ്.

മൌനത്തെ മലയാളം കഥകളില്‍ ഏറ്റവും നന്നായി ഉപയോഗിച്ചതായി തോന്നിയിട്ടുള്ളത് ഒ.വി. വിജയന്റെ കടല്‍ത്തീരത്ത് എന്ന ചെറുകഥയില്‍ ആണ്. (കടല്‍ത്തീരത്ത്, ഒ.വി. വിജയന്റെ ചെറുകഥാസമാഹാരം - കറന്റ് ബുക്സ്)

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും അറുപതിനായിരത്തിന്റെ ഗിഫ്റ്റ് വൌച്ചര്‍ തരുമ്പോള്‍ ആ ഗിഫ്റ്റ് വൌച്ചര്‍ കൊണ്ട് എങ്ങനെ വീട്ടിലേയ്ക്ക് അറുപതിനായിരം രൂപ അയക്കും എന്നും സംശയം വരുന്നു. ഗിഫ്റ്റ് വൌച്ചര്‍ കാശാക്കി മാറ്റാന്‍ പറ്റാറില്ലല്ലോ.

ചുരുക്കത്തില്‍ ബാജി ശ്രദ്ധിക്കേണ്ട ഒരു കാര്യം സൂക്ഷ്മതയാണ്. ബാജി തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ക്ക് ശക്തിയുണ്ട്. ഭാഷയ്ക്ക് തന്മയത്വം ഉണ്ട്. പക്ഷേ ഒട്ടുമിക്ക കഥകളിലും സൂക്ഷ്മതയില്ല. കഥകള്‍ എല്ലാം ബാജി അയ്യായിരം അടി ഉയരത്തില്‍ നിന്നു കാണുന്നതുപോലെയേ ഉള്ളൂ. ബാജി കഥാപാത്രങ്ങളുടെ വികാരങ്ങളെയും അവതരിപ്പിക്കണം.

ബാജി സ്വന്തം പ്രൊഫൈലില്‍ തന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.

“വെറുതെ ഓരോന്ന് കുത്തിക്കുറിക്കും. ആരെങ്കിലും‌ ഒക്കെ വായിക്കും. നിങ്ങള്‍‌ വളരെ തിരക്കുള്ള ആളാണെന്ന് അറിയാം. എന്നാലും സമയം കിട്ടിയാല്‍ ദയവായി വായിക്കുക. കഴിവതും‌ ചുരുക്കി മാത്രമേ എഴുതുകയുള്ളു.“

- ഇത്രയും വിനയം വേണോ? വേണ്ടവര്‍ വായിച്ചാല്‍ മതി എന്നുവെക്കണം ബാജി. പക്ഷേ അതിലും പ്രധാനം ഒരു ആശയം തോന്നിയാല്‍ വെറുതേ കുത്തിക്കുറിക്കരുത് എന്നതാണ്. കഥയ്ക്ക് ഒരു ജെസ്റ്റേഷന്‍ പിരിയഡ് ഉണ്ട്. ചപ്പാത്തിക്ക് മാവുകുഴയ്ക്കുമ്പോള്‍, അല്ലെങ്കില്‍ ദോശയ്ക്ക് മാവ് ആട്ടിവെയ്ക്കുമ്പോള്‍, ഇത്തരം ഒരു സമയം ആവശ്യമാണ്. കഥയ്ക്കും അത് ആവശ്യമാണ്. (വളരെ കൂടുതല്‍ നേരം മനസ്സിലിട്ടാല്‍ മാവ് പുളിച്ചുപോവും, കഥ മറന്നുപോവും) ആശയം തോന്നുന്ന ഉടനെ കുത്തിക്കുറിക്കുന്നതിനു പകരം പറ്റുമെങ്കില്‍ ഒരു ദിവസം, അല്ലെങ്കില്‍ അഞ്ചാറു മണിക്കൂറുകള്‍, ഈ ആശയത്തെ മനസ്സില്‍ ഇട്ട് ഒന്നു ചവച്ചുനോക്കൂ. കഥാപാത്രങ്ങള്‍ ഒരു സാഹചര്യത്തില്‍ എങ്ങനെ പെരുമാറും എന്ന് നോക്കൂ. കഥയുടെ പശ്ചാത്തലം (സീനറി / ബാക്ക് ഗ്രൌണ്ട്) എങ്ങനെ എന്നുനോക്കൂ. കഥ എങ്ങനെ ഒക്കെ വികസിക്കാം എന്നും നോക്കൂ. ബാജിയുടെ കഥയില്‍ സംഭവിക്കാന്‍ പോവുന്ന രംഗം മനസില്‍ കാണൂ. അതേ രംഗം വായനക്കാരന്റെ മനസ്സില്‍ കൊണ്ടുവരാനും പിന്നീട് പറ്റണം - അതിനു എന്തൊക്കെയാണ് ആവശ്യം. എന്തൊക്കെ വായനക്കാരനെ അവിടെ എത്തിക്കും, എന്തൊക്കെ വേണ്ട, എന്നൊക്കെ ചിന്തിക്കൂ.

ഒരു കഥാകൃത്ത് ഭാവനാലോലുപന്‍ ആവുന്നതുപോലെതന്നെ സൂക്ഷ്മദൃക്കും ആവണം. ബാജിയുടെ കഥകളിലെ ന്യൂനതകള്‍ ബാജിയുടെ വായനയുടെ കുറവ് ആണൊ എന്ന് ഞാന്‍ ആദ്യം ചിന്തിച്ചു. അതല്ല പ്രശ്നം. ബാജി കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നില്ല എന്നുതന്നെയാണ് എനിക്കു കിട്ടിയ ഉത്തരം. ആ നിരീക്ഷണം കൊണ്ടുവന്നാല്‍, അത് കഥയില്‍ മുഴച്ചുനില്‍ക്കാതെ എഴുതിയാല്‍, കഥകള്‍ പതിന്മടങ്ങു നന്നാവും.

ഞാന്‍, അല്ലെങ്കില്‍ നിങ്ങള്‍ എന്നുപറഞ്ഞ് നേരിട്ടു സംവദിക്കുമ്പോള്‍ വായനക്കാരനുമായി പങ്കുവെക്കുന്ന കാര്യങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ട്. പ്രധാന പരിമിതി വീക്ഷണകോണ് ഒതുങ്ങുന്നു എന്നതാണ്. അപരന്റെ മനസ്സില്‍ നടക്കുന്നത് എന്തെന്ന് കഥാകൃത്തിനു മാറിനിന്നു പറയുവാനുള്ള സ്വാതന്ത്ര്യം ഇവിടെ പോവുന്നു. അപരനെ മറ്റൊരുവനായി മാത്രമേ കഥാകൃത്തിനു കാണുവാന്‍ കഴിയൂ. അവരുടെ മനസ്സിലേയ്ക്ക് ഇറങ്ങാന്‍ കഴിയില്ല.

മറ്റൊരു ന്യൂനത കാണുന്നത് കഥാപാത്ര നിര്‍മ്മിതിയില്‍ ആണ്. കഥാപാത്രങ്ങളെ വായനക്കാരന്റെ മനസ്സില്‍ വരയ്ക്കാന്‍ ബാജിക്ക് കഴിയണം. (ഇത് എപ്പോഴും ആവശ്യമുള്ള കാര്യമല്ല). ഒരു വ്യക്തിയെ കാണുമ്പോള്‍ ബാജി എന്തൊക്കെയാണ് ശ്രദ്ധിക്കുന്നത്? കണ്ണ്? തലമുടി? കവിള്‍? താടി? വസ്ത്രങ്ങള്‍? ബാജി ശ്രദ്ധിക്കുന്നത് എന്താണോ അത് വായനക്കാരനും പറഞ്ഞുകൊടുത്ത് വായനക്കാരന്റെ മനസ്സില്‍ ഈ ചിത്രം വരയ്ക്കാന്‍ ബാജിക്കു കഴിയണം. വ്യക്തികളില്‍ നോട്ട് ചെയ്യുന്ന സ്വഭാവ സവിശേഷതകള്‍ എന്തൊക്കെയാണ്? അതും പറഞ്ഞുകൊടുക്കണം. ഇതെല്ലാം എല്ലാ കഥകളിലും വേണമെന്നല്ല.

ബാജി കഴിവുള്ള കഥാകാരനാണ്. ബാജിയുടെ രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ഇതില്‍ നിന്നും തള്ളേണ്ടത് തള്ളാ‍നും കൊള്ളേണ്ടത് കൊള്ളാ‍നും താല്‍പ്പര്യം. എഴുതിത്തകര്‍ക്കുക!.

(ജാമ്യം: ബാജിയുടെ രണ്ടോ മൂന്നോ കഥകളെ ആസ്പദമാക്കിയാണ് ഇത് എഴുതിയിരിക്കുന്നത്. ഈ ന്യൂനതകള്‍ മറ്റു കഥകളില്‍ പരിഹരിച്ചിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക).

Rajeeve Chelanat said...

ഒരു വിധ ജാടകളുമില്ലാതെ എഴുതിയിരിക്കുന്ന ഒരു കഥ. വായനാസുഖം നല്‍കുന്നുണ്ട്. അനോണി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്ന്.

ആശംസകള്‍

infobits said...

ചില സാങ്കേതിക കാരണങ്ങളാല്‍ മറുപടി പറയാന്‍ വൈകിപ്പോയി

കഥ ഒന്നിനൊന്നു മെച്ചം.

വായനക്കാരനെ വിശ്വസിപ്പിക്കുന്നുതില്‍ ചെറിയ പിഴവു പറ്റിയോ എന്നൊരു സംശയം.

answer 1 * ബ്ലോഗുന്നതിനെ പറ്റി നല്ല അഭിപ്രായം തന്നെ. പക്ഷെ മറ്റു രാജ്യങ്ങളിലെപ്പോലെ നമ്മുടെ ബ്ലോഗുകള്‍ക്ക്‌ സമൂഹത്തിനിടയിലും രാഷ്ട്രീയത്തിലും ഒരു ചലനം സ്രിഷ്ടിക്കാന്‍ കഴിയാതെ പോകുന്നു.അവക്ക്‌ വേണ്ട സ്താനം ലഭിച്ചില്ലെന്നു പറയാം.

answer 2 * ആധികാരികമയി പറയാന്‍ മാത്രം ബ്ലോഗുകള്‍ വായിച്ചിട്ടില്ല. ഞാന്‍ ഇതുവരെ വായിച്ചതില്‍ വിശാലമനസ്കനും ഭാജിയും കുറിഞ്ഞിയും നല്ല വായനാനുഭവം തരുന്നു.

answer 3 * തെറ്റുകള്‍ മനുഷ്യന്റെ കൂടെ എന്നുമുണ്ട്‌ . തത്വശാസ്ത്രം പഠിക്കാത്തതുകൊണ്ട്‌ കൂടുതലൊന്നും വെച്ചു കാച്ചാനില്ല.

blogലെ തെറ്റുകള്‍ പറഞ്ഞതിന്‌ പ്രത്യേകം നന്ദി.

* * *

www.chodyavedi.blogspot.com