അഹങ്കാരത്തിന്റെ മൂര്‍ത്തീ രൂപമായിരുന്നു വലിയവീട്ടിലെ കൊച്ചമ്മ. മുടി ഫാഷനില്‍ മുകളിലോട്ടുയര്‍ത്തി കെട്ടി വെച്ച്, മുഖത്തു നിറയെ ചായം വാരിത്തേച്ച്, കൈ ഇല്ലാത്ത ബ്ലൌസ്സും പളപളപ്പന്‍ സാരിയും വാരിച്ചുറ്റി, തല ഉയര്‍ത്തി വെട്ടിച്ചുള്ള നടപ്പു കണ്ടാല്‍ ഞാനൊരു മദയാനയാണ്‍ എന്നെ തളയ്‌ക്കാന്‍ ആരുമില്ല എന്ന ഭാവമാണ്‍ മുഖത്ത്.
ഒരു കാര്‍ ഡ്രൈവര്‍ എന്ന സ്ഥാനം എനിക്കു തന്നില്ലെന്നതൊ പോകട്ടെ വെറും ഒരു പട്ടിയേപ്പോലെയാണ്‍ എന്നെ അവര്‍ പരിഗണിച്ചിരുന്നത്. എല്ലാ തൊഴില്‍ദാതാക്കളും തൊഴിലാളികളോട് ക്രൂരമായേ പെരുമാറൂ എന്ന അലിഘിത നിയമം അവര്‍ കൃത്യമായി പാലിച്ചു പോന്നു. ഡ്രൈവറു പണി ഇല്ലാത്തപ്പോള്‍ വീട്ടില്‍ നാലാളുടെ പണി എന്നേക്കൊണ്ടവര്‍ ചെയ്യിക്കും. ചെടി നനയ്‌ക്കാനും വിറകു കീറാനും എനിക്ക് അറിയാമായിരുന്നെങ്കിലും തെങ്ങേല്‍ക്കയറാനും ബാത്തു റും കഴുകാനും പഠിക്കേണ്ടി വന്നു. ജോലിയുടെ കാഠിന്യം നിമിത്തം ഈ ജോലി ഉപേക്ഷിച്ചു പോയാലോ എന്ന് പലവട്ടം ആലോചിച്ചെങ്കിലും നിവൃത്തി കേടുകൊണ്ട് ഇന്നും ഒരു അടിമയേപ്പോലെ ഒരു ഡ്രൈവറുടെ വേഷം കെട്ടേണ്ടി വന്ന ഹതഭാഗ്യനാണ്‍ ഞാന്‍. എന്നോടു മാത്രമല്ല എല്ലാ പുരുഷന്മാരോടു അവര്‍ക്ക് പുശ്‌ചമായിരുന്നു. ആണുങ്ങളായ പുരുഷന്മാരെ അവര്‍ കണ്ടിട്ടില്ലായിരിക്കാം, അതായിരിക്കാം അവരുടെ കുഴപ്പം. ഭര്‍ത്താവിന്റെ കുപ്പായം ഇട്ട പുരുഷനൊരു ശാസ്‌ത്രജ്ഞനാണ്‍. അദ്ദേഹമാണ്‍ കണ്ടെത്തിയത് പ്രശ്‌നങ്ങളില്‍ നിന്ന് മുഖം ഒളിപ്പിക്കാന്‍ പറ്റിയ ഇടം പുസ്‌തകമാണെന്ന്. ചാരുകസേരയില്‍ തളര്‍ന്നു കിടന്ന് അദ്ദേഹം എപ്പോഴും വായനയുടെ ലോകത്തായിരുന്നു.
കൊച്ചമ്മയുടെ എല്ലാം എല്ലാമായ പുന്നാരമോള്‍ ഡോറ എപ്പോഴും കൂടെയുണ്ടാകും, ജീവിതത്തില്‍ അവര്‍ പിരിഞ്ഞിരിക്കുന്ന നിമിഷങ്ങള്‍ അപൂര്‍വ്വമാണ്‍. ഊണിലും ഉറക്കത്തിലും ഡോറ കൂടെ വേണം ക്ലബ്ബില്‍ പോയാലും, ഷോപ്പിങ്ങിനു പോയാലും ഡോറ കൂടെ വേണം. കാര്‍ പാര്‍ക്കു ചെയ്‌തു അതിനുള്ളില്‍ മണിക്കൂറുകളോളം കാത്തു കിടക്കാനും തിരികെ വരുമ്പോള്‍ എഴുന്നേറ്റ് പട്ടിയെപ്പോലെ വാലാട്ടി ചിരിച്ച് വാതില്‍ തുറന്നു കൊടുക്കാന്‍ ഈ പാവം ഞാനും.
കൊച്ചമ്മയുടെ എല്ലാം എല്ലാമായ മകള്‍ ഡോറയെ നശിപ്പിക്കുക വഴിയെ അവരുടെ അഹങ്കാരത്തെ തോല്‍പ്പിക്കാനാവൂ. അതിലേക്കുള്ള ആദ്യ ചുവടായിരുന്നു പ്രണയാഭിനയം. പ്രണയവലയില്‍ വീഴാത്ത കിളികളുണ്ടോ?
പ്രതികാരവാഞ്ചയോടെയാണ്‍ ഡോറയെ പ്രണയിച്ചു തുടങ്ങിയത്. പ്രതികാരം ഒളിപ്പിച്ചു വെച്ച ഗില്‍റ്റു പേപ്പര്‍ മാത്രാമായിരുന്നു പ്രണയം. ഞങ്ങളുടെ പ്രണയം മൊട്ടിട്ടത് പള്ളിയുടെ മുറ്റത്ത് കാറില്‍ വെച്ചായിരുന്നു. ഒഴിവാക്കാനാവാത്ത അവസരങ്ങളില്‍ മാത്രമേ എന്നോടൊപ്പം ഡോറയെ കാറില്‍ ഇരുത്തിയിട്ട് കൊച്ചമ്മ എവിടെയെങ്കിലും പോവുകയുള്ളൂ. ആരാധനയുടെ നീണ്ട മണിക്കൂറുകള്‍ ഞങ്ങള്‍ക്ക് മാത്രം സ്വന്തമായിരുന്നു.
പള്ളിയില്‍ പോകുമ്പോള്‍ മാത്രം കൊച്ചമ്മ ഡോറയെ കൂടെ കൂട്ടാറില്ല. പള്ളിയില്‍ പട്ടികള്‍ക്ക് പ്രവേശനം ഇല്ലാത്തത് എനിക്ക് ആശ്വാസമായി. കൊച്ചമ്മയുടെ പിന്നാലെ എപ്പോഴും മുട്ടിയുരുമി നടന്ന ഡോറയ്‌ക്ക് കൊച്ചമ്മയോട് വലിയ സ്‌നേഹമാണെന്നാ ഞാന്‍ തെറ്റിധരിച്ചത്. കൊച്ചമ്മയുടെ കാലൊക്കെ നക്കി കൊടുക്കുന്നത് കാണുമ്പോള്‍ എനിക്കവളോട് അറപ്പായിരുന്നു. അവളും കൊച്ചമ്മയെ വെറുക്കുന്നൂ എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ഞങ്ങള്‍ ഒരേ തൂവല്‍ പക്ഷികളാണല്ലോ എന്ന് ആശ്വസിച്ചു. അവളെ നശിപ്പിക്കാന്‍ ആലോചിച്ച നിമിഷങ്ങളെ ശപിച്ചു. പ്രണയം കൂടുതല്‍ ആത്മാര്‍ത്ഥമായ്."
എനിക്ക് സ്വാന്തന്ത്ര്യമാണ്‍ വലുത്, എന്നെ എന്റെ കൂട്ടരുടെ അടുത്തേക്ക് തുടലൂരി വിട്ടാല്‍ നിങ്ങള്‍ക്ക് നൂറു പുണ്യം കിട്ടൂം" എന്ന് ഡോറ പറഞ്ഞപ്പോള്‍ ഞാന്‍ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞെങ്കിലും അതിനുള്ള ധൈര്യം എനിക്കില്ലായിരുന്നു.
ആ ദിനങ്ങളില്‍ ഞങ്ങള്‍ യഥാര്‍ത്ഥ പ്രണയത്തിന്റെ വിലയറിഞ്ഞു. പ്രണയത്തിന്റെ മൂര്‍ത്ഥന്യത തേടാന്‍ ജാതിയൊരു തടസ്സമാണ്‍ല്ലോ എന്ന് വളരെ വൈകാതെ തിരിച്ചറിഞ്ഞു. ഞാനൊരു മനുഷ്യജാതിയും അവളൊരു മൃഗജാതിയും ആയിപ്പോയതില്‍ ആരെപ്പഴിക്കാന്‍.
കഴിഞ്ഞ ഞായറാഴ്‌ച ഞാനും ഡോറയും പള്ളുമുറ്റത്ത് പാര്‍ക്കു ചെയ്‌തിരുന്ന കാറില്‍ കണ്ണില്‍ കണ്ണില്‍ നോക്കി സ്വപ്‌നങ്ങള്‍ പങ്കുവെച്ചു കൊണ്ടിരുന്നപ്പോള്‍ മാലാഖ പ്രത്യക്ഷപെട്ടു."
ഞാന്‍ നിങ്ങളുടെ ആത്മാര്‍ത്ഥമായ പ്രണയത്തില്‍ പ്രസാദിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് എന്തു വരമാണ്‍ വേണ്ടത്" തൂവെള്ള ചിറകുകള്‍ വീശി പറന്നു നിന്നു കൊണ്ട് മാലാഖ ചോദിച്ചു.
" എന്നെ സുന്ദരിയായൊരു പെണ്‍കുട്ടിയാക്കുക " വളരെ നാളായി ഡോറ മനസ്സില്‍ ഓര്‍ത്തു വെച്ചിരുന്ന ആഗ്രഹം പെട്ടെന്ന് പറഞ്ഞു.
"നിന്റെ ഇഷ്‌ടം പോലെ അടുത്ത ജന്മത്തില്‍ നീയൊരു സുന്ദരിയായ ഒരു പെണ്‍കുട്ടിയായിരിക്കും" മാലാഖ ഡോറയെ ആശിര്‍വദിച്ചു. " എന്നെയൊരു ആണ്‍പട്ടിയാക്കാമോ ? അല്പം ദേഷ്യത്തോടെയാണ്‍ ഞാന്‍ ചോദിച്ചത്."
അടുത്ത ജന്മത്തില്‍ അങ്ങനെ ഭവിക്കട്ടെ" എന്നു പറഞ്ഞ് മാലാഖ അപ്രത്യക്ഷയായി.
എനിക്ക് ദേഷ്യം സഹിക്കാനായില്ല. ഈ ജന്മത്തില്‍ വരം നല്‍കാന്‍ എന്താ മാലാഖയ്‌ക്ക് സാധിക്കാത്തത്?. അടുത്ത ജന്മത്തിലെ വരം എന്റെ പട്ടിക്കു പോലും വേണ്ട.
ഈ കഥയിലെങ്കിലും ഞാനൊരു ആണ്‍പട്ടിയായി പുനര്‍ജ്ജനിക്കുവാന്‍ ആഗ്രഹിച്ച് ഡോറയെ രക്ഷിക്കാന്‍ തീരുമാനിച്ചു. അവളെ സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് പറഞ്ഞയയ്‌ക്കാന്‍ എനിക്കാകും. ഡോറയുടെ കഴുത്തിലെ തൊടല്‍ ഊരി ഡോറു തുറന്ന് അവളെ സ്വതന്ത്രയാക്കി. സ്‌നേഹത്തോടെ അവളെന്റെ ചുണ്ടില്‍ ചുംബിച്ച് നടന്നു നീങ്ങുന്നത് ഞാന്‍ നിറമിഴിയോടെ നോക്കി നിന്നു.
പള്ളി ആരാധനയൊക്കെ കഴിഞ്ഞ് കൊച്ചമ്മ കാറിന്നരികിലെത്തി. എന്റെ ഡോറയെവിടെ കണ്ണു കൊണ്ട് കാറില്‍ പരതിയ ശേഷം ചോദ്യഭാവേന മുഖം എന്റെ നേരെ തിരിച്ചു. ഇനിയും ചോദ്യം ചെയ്യലാവും ശകാര മഴയാകും.
ഞാന്‍ തല ഉയര്‍ത്തി, ഈ ജന്മത്തില്‍ സ്വയം വരമേകാന്‍ വരമാകാന്‍ എനിക്കേ കഴിയൂ. ഞാന്‍ കാറിന്റെ താക്കോല്‍ ഊരി അവരെ ഏല്‍പ്പിച്ചിട്ട് വാലാട്ടാതെ ഒരു ആണ്‍കുട്ടിയേപ്പോലെ നടന്നകന്നു.
ആണ്‍കുട്ടിയാകാന്‍ മറ്റാരുടേയും വരം വേണ്ടല്ലോ.
Wednesday, January 16, 2013
Subscribe to:
Post Comments (Atom)
2 comments:
ഞാന്‍ തല ഉയര്‍ത്തി, ഈ ജന്മത്തില്‍ സ്വയം വരമേകാന്‍ വരമാകാന്‍ എനിക്കേ കഴിയൂ. ഞാന്‍ കാറിന്റെ താക്കോല്‍ ഊരി അവരെ ഏല്‍പ്പിച്ചിട്ട് വാലാട്ടാതെ ഒരു ആണ്‍കുട്ടിയേപ്പോലെ നടന്നകന്നു.
ആണ്‍കുട്ടിയാകാന്‍ മറ്റാരുടേയും വരം വേണ്ടല്ലോ.
മാഷെ, സുഖമല്ല്ലെ, ഇന്ന് നാരങ്ങാനം വഴി പോയപ്പോ നിങ്ങളെ ഓർത്തു.
Post a Comment