Saturday, January 12, 2013

വിശ്വാസം

നഃസാക്ഷി മാത്രം എന്നും ശത്രു പക്ഷത്താണ്‍. അല്ലെങ്കില്‍ ആര്‍ക്കാണിന്ന് സ്ഥിരം ശത്രുക്കളുള്ളത് ?

ദൈവവും പിശാചും കൂടി ഒരു ദിവസം വൈകുന്നേരം ബിഷപ്പ്‌ ഹൌസിലേക്കുള്ള റോഡിലൂടെ നടക്കുകയായിരുന്നു. , ബദ്ധശത്രുക്കളെന്ന് ലോകം മുന്‍‌‌വിധിയെഴുതിയ രണ്ടു പേര്‍ ഒന്നിച്ച് എന്തിന്എവിടേക്ക് പോകുന്നു എന്നൊന്നും ചോദിക്കരുത്. ഇരുവര്‍ക്കും പണ്ടു തൊട്ടേ ചോദ്യങ്ങളൊന്നും ഇഷ്‌ടമല്ലതാനും. വല്ല അരുളപ്പാടും കിട്ടിയാല്‍ നിശ്ശബ്‌ദമായി അനുസരിച്ചുകൊള്ളുക, അതാണ്ഇരുവര്‍ക്കും ഇഷ്‌ടം.

മുസ്‌ളിം പള്ളി കഴിഞ്ഞ് അമ്പലപ്പടിക്ക് തൊട്ടു മുന്‍പുള്ള വളവിനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി അതു വഴി വന്ന ഒരു കാര്‍ രണ്ടു പേരെയും ഇടിച്ചു തെറിപ്പിച്ചു. ഇതേ സ്ഥലത്ത് ഇതിനു മുന്‍പും പല അപകടങ്ങള്‍ നടന്നിട്ടുണ്ട്, കാര്‍ നല്ല സ്‌പീഡിലുമായിരുന്നു. "എത്ര വേഗത്തിലോടിയാലും ഓടിയെത്താനാകുന്നില്ല" എന്ന പക്ഷക്കാരാണ്ഡ്രൈവര്‍‌മാര്‍. ഇടിച്ച കാറിന്റെ നിറമെന്ത് ?, കാറില്‍ കൊടിയുണ്ടായിരുന്നോ ?, കൊടിയുടെ നിറമെന്തായിരുന്നു ?, കൊടി പറക്കുന്നുണ്ടായിരുന്നോ? എന്നൊന്നും ആരും നോക്കിയില്ല. അല്ലെങ്കിലും ഇക്കാലത്ത് കൊടിയുടെ നിറം നോക്കീട്ടെന്തുകാര്യം, എല്ലാം കണക്കാ. പൊതുജനം ഓടിക്കൂടുന്നതിനു മുന്‍പേ കാറും കാറുകാരും ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.

ഓടിക്കൂടിയ പൊതുജനം നോക്കി നില്‍ക്കെ ദൈവം സംഭവസ്ഥലത്തു വെച്ചു തന്നെ ചോരവാര്‍ന്നു മരിച്ചു. ആള്‍ത്തിരക്കു കാരണം മൊബൈലിലൊന്നും രംഗം ശരിയായി പകര്‍ത്താനായില്ലെന്ന് ചില യുവാക്കള്‍ പരാതി പറഞ്ഞു. പിശാചിന്റെ പിടച്ചിലും നിലവിളിയും ന്യൂസ് അവറില്‍ നീണ്ട ചര്‍ച്ചയായി. "മരിച്ചവര്‍ മരിച്ചവരുടെ കാര്യം നോക്കട്ടെ നമുക്ക് ജീവിച്ചിരിക്കുന്നവരുടെ കാര്യം നോക്കാം" എന്ന നേതാവിന്റെ പ്രസ്ഥാവന വിവാദമാകുകയും, പ്രസ്ഥാവനയ്‌ക്കെതിരെ പ്രതിഷേധം സംസ്ഥാനത്തൊട്ടാകെ അലിയടിക്കുകയും ചെയ്‌തു.

മരിച്ചതാരാ - ദൈവം, ജീവിച്ചിരിക്കുന്നതാരാ - പിശാച് , ഇവരില്‍ ആരുടെയെങ്കിലും പക്ഷത്താണല്ലോ മാലോകര്‍ മുഴുവന്‍.എല്ലാവരും കാഴ്‌ചക്കാരായി നോക്കി നില്‍ക്കുക മാത്രമാണ്ചെയ്‌തത്. അവസാനം ഒരു ബിഷപ്പാണ്രക്ഷാപ്രവര്‍ത്തനത്തിന്മുന്‍കൈ എടുത്തത്. "ഇക്കാലത്തും ഇങ്ങനെയൊരു ബിഷപ്പോ ?" എന്നു ചോദിച്ച് നിങ്ങള്‍ നെറ്റിയൊന്നും ചുളിക്കേണ്ട, അങ്ങനേയും ചിലരൊക്കെയുണ്ട്.

പിശാചിനെ പള്ളിവക സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കൊണ്ടു പോയി ജീവന്‍ രക്ഷിച്ചു. ഒരു രോഗിയേക്കൂടി കിട്ടിയ സന്തോഷമാകാം, അവന്റെ പോക്കറ്റിന്റെ കനമാകാം ബിഷപ്പിനെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ചിലര്‍ അടക്കം പറഞ്ഞു.

ഒരു പക്ഷേ ബിഷപ്പിന്റെ കാറെങ്ങാനുമായിരിക്കുമോ ഇവരെ ഇടിച്ചു തെറിപ്പിച്ചത് ? അതിന്റെ കുറ്റബോധമാകാം ബിഷപ്പിന്ഇവരെ സഹായിക്കാന്‍ പ്രേരകമായതെന്ന് ചിലര്‍ മനസ്സില്‍ വിചാരിച്ചു. കുറേ പേര്‍ പിചാചിന്റെ പുറകെ ആശുപത്രിയിലേക്ക് പോയി. മറ്റുള്ളവര്‍ അവരവരുടെ തിരക്കിട്ട ജോലിയിലേക്ക് മടങ്ങി, റോഡരുകില്‍ മരിച്ചു കിടക്കുന്ന ദൈവത്തെ എല്ലാവരും മറന്നു. ജീവിച്ചിരിക്കുന്ന ദൈവത്തെ വേണ്ട പിന്നെയാ മരിച്ച ദൈവം.

ബിഷപ്പും കൈക്കാരനും ചേര്‍ന്ന് ദൈവത്തിന്റെ ഡെഡ് ബോഡി ഇടവക സെമിത്തേരിയോടു ചേര്‍ന്നുള്ള ‌‌‌‌ തെമ്മാടിക്കുഴിയില്‍ രഹസ്യമായി മറവു ചെയ്‌തു. മരിച്ചത് ശരിയായ ദൈവമാണെങ്കില്‍ മൂന്നാം നാള്‍ പുഷ്‌പം പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ബിഷപ്പിനറിയാം. ഇല്ലെങ്കിലും കുഴപ്പമില്ല ജീവനോടിരിക്കുന്ന പിശാചിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാ‍നായി വിശ്വാസികള്‍ ദൈവത്തെ തേടി വന്നോളും.

തന്റെ ജീവന്‍ രക്ഷിച്ച ബിഷപ്പിനോട് പിശാച് നന്ദികേടൊന്നും കാണിക്കാനും വഴിയില്ല. ജീവനോടിരിക്കുന്ന പിശാചിനെക്കാണിച്ച് ദൈവവും ജീവിക്കുന്നെന്ന് പറഞ്ഞാല്‍ ആരാണീക്കാലത്ത് മറിച്ച് ചിന്തിക്കുക.

2 comments:

ബാജി ഓടംവേലി said...

മനഃസാക്ഷി മാത്രം എന്നും ശത്രു പക്ഷത്താണ്‍. അല്ലെങ്കില്‍ ആര്‍ക്കാണിന്ന് സ്ഥിരം ശത്രുക്കളുള്ളത് ?

Sapna Anu B.George said...

ഇവിടെ കാണാനും വായിക്കാനും സാധിച്ചതിൽ സന്തോഷം ബാജി