Tuesday, April 28, 2009

അപ്പന്റെ ഓര്‍മ്മ (കഥ)

എത്ര ഉയരത്തില്‍ പറന്നിട്ടുണ്ടെന്ന് അഭിമാനിച്ചാലും ഒരു ചിറക് നഷ്‌ടപ്പെട്ടാല്‍ പിന്നെ പറക്കുവാനാവില്ലല്ലോ ? പറക്കുവാനാവാതെ തത്തിക്കളിക്കുന്ന കിളി കാഴ്‌ചക്കാര്‍ക്കു പോലും അരോചകമാണ്.

അമ്മയുടെ മരണം അപ്പനാണ് ഒരു ഷോക്കായത്. മരണാനന്തര ചടങ്ങുകളൊക്കെ യാന്ത്രികമായി ചെയ്‌തു തീര്‍ത്ത് അപ്പന്‍ വരാന്തയിലെ തന്റെ കസേരയില്‍ കാലും നീട്ടി ഏതോ ലോകത്തേക്ക് നോക്കി ഒരേയിരുപ്പാണ്. ആരോടും വലിയ മിണ്ടാട്ടമില്ല. എന്തു ചോദിച്ചാലും ഉത്തരം ഒരു മൂളലിലോ കൂടിയാല്‍ ഒരു വാക്കിലോ ഒതുങ്ങും. പെട്ടെന്നുണ്ടായ വേര്‍പിരിയലിന്റെ വേദന സ്വയം കുടിച്ചിറക്കുകയാണ്. എന്തു പറഞ്ഞ് ആശ്വസിപ്പിക്കാനാണ്.

വന്ന ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരായി മടങ്ങി. എത്ര തിരക്കുണ്ടായാലും ഒരേയൊരു മകനായ എനിക്ക് അപ്പനെ ഒറ്റയ്‌ക്കാക്കി വേഗം മടങ്ങാനാവില്ലല്ലോ! എന്റെ ഭാര്യയ്‌ക്ക് മൂന്നു ദിവസത്തെ അവധിയുണ്ട്. അതുവരെ അവള്‍ സഹായത്തിനുണ്ടാകും. എനിക്ക് പത്തു ദിവസത്തില്‍ കൂടുതല്‍ ഇവിടെ നില്‍ക്കുവാനാകില്ല. അതിനു ശേഷം എന്തു ചെയ്യുമെന്ന് ആലോചിക്കുമ്പോള്‍ തലയ്‌ക്ക് തീപിടിക്കുന്നതു പോലെ.

എന്റെ ഭാര്യ ഭക്ഷണം വിളമ്പി വെച്ച് ചെന്ന് വിളിച്ചാല്‍ വന്ന് എന്തെങ്കിലുമൊന്ന് കഴിച്ചെന്നു വരുത്തി വീണ്ടും തന്റെ കസേരയിലേക്കോ കിടപ്പുമുറിയിലെ കട്ടിലിലേക്കോ പോകും. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവസ്ഥയ്‌ക്ക് മാറ്റമൊന്നും ഉണ്ടായില്ല. അമ്മയുടെ മാറ്റപ്പെടല്‍ അപ്പന്‍ ഉള്‍ക്കൊള്ളാനായില്ല. ജീവിതത്തിന്റെ പാതി വഴിയില്‍ ചേര്‍ന്നൊഴുകിയ നദി വഴിപിരിയുമ്പോഴുണ്ടാകുന്ന വേദന അനുഭവിച്ചവര്‍ക്കേ അറിയൂ.

സഹായത്തിനൊരു വേലക്കാരിയെ കിട്ടിയിരുന്നെങ്കില്‍ എന്ന ആഗ്രഹത്തില്‍ അന്വേഷണം ആരംഭിച്ചപ്പോളാണ് അങ്ങനെയൊരു കൂട്ടര്‍ അന്യം നിന്ന കാര്യം അറിയുന്നത്. നാട്ടിന്‍പുറത്തെ വീടുകളിലേക്ക് വേലക്കാരികളെ കിട്ടുകയില്ല. എങ്കിലും ഒരു വേലക്കാരിക്കു വേണ്ടിയുള്ള തിരച്ചില്‍ തുടര്‍ന്നു. പരിചയക്കാരോടൊക്കെ ഫോണ്‍ ചെയ്‌ത് തിരക്കിക്കൊണ്ടേയിരുന്നു. അന്വേഷിപ്പീന്‍ കണ്ടെത്തുമെന്നാണല്ലോ വചനം പറയുന്നത്.

എന്റെ ഭാര്യ പട്ടണത്തിലേക്ക് പോയിക്കഴിഞ്ഞ് മൂന്നു നാലു ദിവസം ഞാന്‍ തന്നെയാണ് വെച്ചു വിളമ്പിയത്. കുറേ ദിവസങ്ങള്‍ കഴിയുമ്പോള്‍ കാര്യങ്ങള്‍ സാധാരണ ഗതിയിലേക്ക് മടങ്ങുമെന്ന് വിചാരിച്ചത് വെറുതേയായി.

അപ്പന്‍ നടത്തിക്കൊണ്ടിരുന്ന പലചരക്കുകട ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. ഇനിയും അപ്പനെക്കൊണ്ട് അത് നോക്കി നടത്താന്‍ പറ്റുമെന്നു തോന്നുന്നില്ല. എനിക്ക് പട്ടണത്തില്‍ നല്ല ജോലിയുണ്ട് അതുകളഞ്ഞിട്ട് എത്ര ലാഭം കിട്ടുമെന്നു പറഞ്ഞാലും ഈ ഓണംകേറാ മൂലയില്‍ പലചരക്കുകട നടത്താന്‍ പറ്റുമോ ? എന്റെ ഭാര്യ വീട്ടുകാര്‍ എന്തു വിചാരിക്കും ? അപ്പന്റെ സഹായി ആയിരുന്ന ഗോവിന്ദന്‍ കട ഏറ്റെടുത്ത് നടത്താനായി മുന്നോട്ടു വന്നത് നന്നായി. മാസാമാസം വാടകയെങ്കിലും കിട്ടുമല്ലോ.

വീട് അടച്ചിട്ട് അപ്പനെ പട്ടണത്തിലേക്ക് കൊണ്ടു പോകാന്‍ ഒത്തിരി ബുദ്ധിമുട്ടുകളുണ്ട്, എങ്കിലും ബുദ്ധിമുട്ടുകള്‍ സഹിച്ച് കൊണ്ടു പോകാമെന്നു വെച്ചാലും അപ്പന്‍ വരുമെന്നു തോന്നുന്നില്ല.

അകന്ന ബന്ധത്തിലുള്ള ആരെയെങ്കിലും വിളിച്ച് വീട്ടില്‍ നിര്‍ത്തിയാല്‍ അപ്പനൊരു കൂട്ടാകുമല്ലോ എന്ന വിചാരത്തില്‍ ആ വഴിക്കും ആലോചില്ലെങ്കിലും ഫലമുണ്ടായില്ല.

മരിച്ചു പോയ മത്തായിച്ചന്റെ ഭാര്യയുടെ കാര്യം ഓര്‍മ്മയില്‍ എത്താഞ്ഞതല്ല. എന്തോ അകന്ന ബന്ധവും ഉണ്ട്. ഓമനയമ്മ വരികയാണെങ്കില്‍ വേലക്കാരിയുടെ സ്ഥാനമല്ല. അതിനു മുകളിലുള്ള ഒരു സ്ഥാനം കൊടുക്കാനും ഈ മകന്‍ തയ്യാറാണ്. എന്നാലും ഞാനായിട്ട് അപ്പനെ പരീക്ഷിക്കേണ്ടെന്നു കരുതി.

അമ്മയ്‌ക്കും ഓമനയമ്മയെ വലിയ കാര്യമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പേ അവരുടെ ഭര്‍ത്താവ്‌ കര്‍ത്താവിങ്കലേക്ക് ചേര്‍ക്കപ്പെട്ടു. പ്രായമായാല്‍ നോക്കാന്‍ മക്കളുപോലും ഇല്ലല്ലോടീയെന്ന് പറഞ്ഞ് എല്ലാവരും വീണ്ടും ഒരു വിവാഹം കഴിക്കാന്‍ നിര്‍ബ്ബന്‌ധിച്ചിട്ടും ഓമനയമ്മ കൂട്ടാക്കിയില്ല. ആ പഴയ വീട്ടില്‍ ഇന്നും ഓമനയമ്മ ഒറ്റയ്‌ക്കാണ് താമസിക്കുന്നത്. അടുത്തുള്ള വീടുകളില്‍ ചെറിയ സഹായങ്ങള്‍ ചെയ്‌തു കൊടുത്താണ് ഓമനയമ്മ ജീവിക്കുന്നത്.

കഴിഞ്ഞ കുറേക്കാലമായി ഓമനയമ്മ ഞങ്ങളുടെ വീട്ടില്‍ വരാറില്ല. കാരണമുണ്ട്. ഞാനന്ന് എട്ടാം ക്ലാസ്സില്‍ പഠിക്കുകയാണ്, ഒരു ദിവസം വീട്ടില്‍ സഹായത്തിനെത്തിയ ഓമനയമ്മയെ അപ്പന്‍ നെഞ്ചത്തോടു ചേര്‍ത്തു നിര്‍ത്തി പുറത്തു തലോടി ആശ്വസിപ്പിക്കുന്നത് ഞാന്‍ കണ്ടു. അന്നത്തെ എന്റെ വിവരക്കേടിന്‍ ഞാനത് അമ്മയെ വിളിച്ച് കാണിക്കുകയും ചെയ്‌തു. അതിനു ശേഷം ഓമനയമ്മ വീട്ടിലേക്ക് വന്നിട്ടുണ്ടാകില്ല. അപ്പന്‍ കൈവിട്ടു പോകുമോ എന്ന ഭയത്തിന്റെ പേരിലാകാം അമ്മ ഓമനയമ്മയോട് ദേഷ്യം നടിച്ചത്.

ഞങ്ങള്‍ കണ്ടതില്‍ കൂടുതലൊന്നും നടന്നു കാണാനിടയില്ല. എങ്കിലും പിന്നീടെപ്പോഴും അമ്മയ്‌ക്ക് അപ്പനെ കുറ്റപ്പെടുത്താന്‍ ആ കാഴ്‌ച ധാരാളമായിരുന്നു. തെറ്റുകള്‍ ദൈവം നൂറുവട്ടം ക്ഷമിച്ചാലും മനുഷ്യന്‍ ക്ഷമിക്കുകയില്ല. ഓമനയമ്മയെ ആര്‍ക്കാണ് വെറുക്കുവാനാവുക. ചെറുപ്പത്തില്‍ എനിക്കും അമ്മയേക്കാള്‍ ഇഷ്‌ടം ഓമനയമ്മയോടായിരുന്നു. പിന്നീട് വലുതായി ബന്ധങ്ങളുടെ വിലയറിഞ്ഞപ്പോളാണ് അമ്മ വഴക്കു പറഞ്ഞതും അടിച്ചതുമൊക്കെയും എന്റെ നന്മയ്‌ക്കായിരുന്നല്ലോ എന്ന് മനസ്സിലായത്.

ഞാന്‍ തന്നെ ഓമനയമ്മയുടെ പഴയ വീട്ടിലേക്ക് പോയി. അവര്‍ അവിടെ ഉണ്ടായിരുന്നു. സഹായത്തിനു വരാനും തയ്യാറാണ്. പക്ഷേ അദ്ദേഹം തന്റെ സഹായം ഇഷ്‌ടപ്പെടുമോയെന്ന് ഓമനയമ്മയ്‌ക്കും സംശയം.

വീട്ടിലെത്തി അപ്പനോടുതന്നെ ചോദിച്ചു. വേണമെന്നോ വേണ്ടന്നോ ഉത്തരം പറഞ്ഞില്ല. ഓമനയമ്മ വീട്ടില്‍ സഹായത്തിനുള്ളത് അപ്പന്റെ മനസ്സിന്റെ ഏതെങ്കിലും കോണില്‍ സന്തോഷം ഉണ്ടാക്കാതിരിക്കില്ല. എന്തായാലും എന്റെ അവധി തീരാറായി, എനിക്കു പോയല്ലേ പറ്റൂ. ഞാന്‍ തന്നെ തീരുമാനമെടുത്തു.

പിറ്റേ ദിവസം രാവിലെ ഓമനയമ്മ വീട്ടിലെത്തി, എന്താണു ചെയ്യേണ്ടതെന്ന് പറഞ്ഞു കൊടുക്കേണ്ടി വന്നില്ല. രാവിലത്തേക്കുള്ളത് വല്ലതും ഉണ്ടാക്കിവെച്ചിട്ട്, മുറിയും മുറ്റവും തൂത്തുവാരി തുണികളും കഴുകിയിടും. ഉച്ചയ്‌ക്കത്തേക്കും വൈകുന്നേരത്തേക്കുമുള്ള ഭക്ഷണവും വെച്ച്, കഴുകി വിരിച്ചിട്ടിരിക്കുന്ന തുണികള്‍ ഉണങ്ങിയെങ്കില്‍ എടുത്ത് അലമാരിയില്‍ മടക്കി അടുക്കി വെച്ചിട്ടേ ഓമനയമ്മ മടങ്ങൂ. ഉച്ചത്തേക്കുള്ള ഭക്ഷണം വിളമ്പി വെക്കാനും ഓമനയമ്മ മറക്കാറില്ല. ഇത്രകണ്ട് കാര്യങ്ങള്‍ നോക്കിക്കണ്ട് ചെയ്യുന്ന ഒരാള്‍ക്ക് ഒരല്പം കൂലി കൂടുതല്‍ കൊടുത്താലും തെറ്റില്ല.

അപ്പന്റെ കാര്യങ്ങളൊക്കെ ഓമനയമ്മയെ ഏല്‍പ്പിച്ചിട്ട് ഞാന്‍ പട്ടണത്തിലേക്ക് പോന്നു. അദ്ദേഹത്തെ പരിചരിക്കാന്‍ ഒരല്പം വൈകി കിട്ടിയ അവസരം ഒരു ഭാഗ്യമായിക്കരുതി ഒരു പൂജാകര്‍മ്മം ചെയ്യുന്ന സൂക്ഷ്‌മതയോടെ അവര്‍ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ജീവിതത്തിന്റെ വൈകിയ വേളയില്‍ രണ്ടു പേര്‍ക്കും ഒരാശ്വാസം ലഭിക്കുന്നെങ്കില്‍ അത്രയുമാകട്ടെന്ന് ഞാനും കരുതി.

ഓഫീസിലെ ജോലിത്തിരക്കിനിടയിലും എല്ലാ ദിവസവും വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ മറന്നില്ല. അപ്പന്‍ ഫോണെടുത്താല്‍ വിവരങ്ങളൊന്നും അറിയാറില്ല എന്തു ചോദിച്ചാലും എല്ലാം മൂളി കേള്‍ക്കും എന്നു മാത്രം. വീട്ടിലെ വിശേഷങ്ങള്‍ അറിയണമെങ്കില്‍ ഓമനയമ്മയുള്ളപ്പോള്‍ വിളിക്കണം.

അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറവിനെപ്പറ്റി അറിയുന്നത് ഓമനയമ്മയില്‍ നിന്നാണ്. ഞാന്‍ പോന്നതിന്റെ രണ്ടാം ദിവസം രാവിലെ അദ്ദേഹം രണ്ടാമതും മൂന്നാമതും പല്ലുതേക്കുന്നതു കണ്ടാണ് അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറവിനേപ്പറ്റി ഓമനയമ്മയ്‌ക്ക് സംശയം തോന്നിയത്. ഓരോ സാധനങ്ങള്‍ എവിടെയെങ്കിലും വെച്ചു മറന്ന് വീട് മുഴുവന്‍ തപ്പി നടക്കലാണ് ഇപ്പോള്‍ പ്രധാന പണിയെന്ന് ഓമനയമ്മ പറഞ്ഞു.

അമ്മയുടെ മരണത്തോടെ അപ്പന്റെന്റെ ഓര്‍മ്മ മരവിച്ചിരിക്കുന്നു. പിന്നെ എന്തൊക്കയോ യാന്ത്രികമായി ചെയ്യുന്നു വെന്നു മാത്രം. വീട്ടില്‍ വരുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും ഓര്‍ക്കാറില്ല. ചിലര്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ ഓര്‍മ്മവന്ന്‌ ചിലതൊക്കെ ചോദിക്കുകയും പറയുകയും ചെയ്യും.

ഓമനയമ്മയ്‌ക്ക് പരിചയമുള്ള ആളാണ്‍ വന്നിരിക്കുന്നതെങ്കില്‍ വാതില്‍ തുറക്കുന്നതിനു മുന്‍പേ ജന്നലിലൂടെ നോക്കി ആരാണ് വന്നിരിക്കുന്നതെന്ന് വിശദമായി പറഞ്ഞു കൊടുത്തിട്ടേ വാതില്‍ തുറക്കുകയുള്ളൂ. ഇത് അദ്ദേഹത്തിന് വലിയൊരു സഹായമായി.

അപ്പന്റെ ഓര്‍മ്മയ്‌ക്ക് കൂട്ടായി ഓമനയമ്മ എന്നും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.

ഇക്കാര്യത്തേപ്പറ്റി ഓമനയമ്മയോട് സൂചിപ്പിച്ചപ്പോളാണ്. ഓമനയമ്മ വളരെ വിഷമത്തോടെ അതു പറഞ്ഞത്. അദ്ദേഹത്തിന്‍ ഓമനയെ ഓര്‍ക്കുവാനാകുന്നില്ല. ആരോ തന്നെ സഹായിക്കാന്‍ വീട്ടിലുണ്ടെന്ന് അറിയുന്നുണ്ടെങ്കിലും അത് പഴയ ഓമനയാണെന്ന് അദ്ദേഹം അറിയുന്നുണ്ടായിരുന്നില്ല. ആരെ മറന്നാലും ഓമനയെ മറക്കാന്‍ വഴിയില്ല. അതോ ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്തതാണോ ?

ഒരു മാസത്തിനു ശേഷം ഞാന്‍ വീട്ടിലേക്ക് ചെന്നത് ഓമനയമ്മയേക്കൂടി ഞങ്ങളുടെ വീട്ടില്‍ താമസിപ്പിക്കാമെന്ന് ഉറപ്പിച്ചാണ്. നാട്ടുകാരും വീട്ടുകാരും എന്തു വിചാരിക്കുമോ എന്തോ ? എന്തായാലും വേണ്ടില്ല്ല. ഈ പ്രായമായ സമയത്ത് രണ്ടു പേര്‍ക്കും അതൊരു ആശ്വാസമാകുമെന്നുള്ളതില്‍ സംശയമില്ല.

“എന്റെ അമ്മയായി ഈ വീട്ടില്‍ നിന്നു കൂടെ” ഞാന്‍ വളച്ചു കെട്ടാതെ ചോദിച്ചു.

“ നീ എന്നും എനിക്ക് മകന്‍ തന്നെയാണ്. നിന്റെ അപ്പനൊരു വലിയ മനുഷ്യനാണ്, അദ്ദേഹത്തിനു വേണ്ടി എന്തും ചെയ്യാന്‍ എനിക്ക് സന്തോഷവുമാണ് “

“ഞങ്ങള്‍ പ്രായമായവര്‍ ഇന്നലെകളിലെ നല്ല ഓര്‍മ്മകളില്‍ ജീവിക്കുന്നവരാണ്. ഓര്‍മ്മയില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനാവില്ല. നിന്റെ അമ്മ പോയപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയുടെ ഭണ്ഡാരവും കൂടെ കൊണ്ടു പോയി.“

“ഇല്ല മോനെ എന്നെ തിരിച്ചറിയാത്ത ഒരാളുടെ കൂടെ താമാസിക്കുവാന്‍ എനിക്കാകില്ല. എന്നെ നിര്‍ബ്ബന്ധിക്കരുത്... അതുമാത്രമല്ല എനിക്കിനിയും ഇവിടെ വന്ന് വെച്ചു വിളമ്പാനുമാവില്ല. നാട്ടുകാരൊക്കെ ഓരോന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു” ഓമനയമ്മയുടെ തീരുമാനം ഉറച്ചതായിരുന്നു.

അടുത്ത മാസം വരുമ്പോള്‍ അപ്പനെ കൂടെ കൊണ്ടുപൊയ്‌ക്കോളാമെന്ന ഉറപ്പിന്മേല്‍ ഒരു മാസം കൂടി വെച്ചു വിളമ്പാന്‍ ഓമനയമ്മ സമ്മതിച്ചു.

ഓമനയമ്മയുടെ പരിചരണത്തില്‍ അപ്പന്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയായിരുന്നു. എങ്കിലും കൂടുതലായി നിര്‍ബ്ബന്ധിക്കുവാന്‍ മനസ്സുവെന്നില്ല.

ഒരു മാസം കൊണ്ട് എന്തെങ്കിലും കാര്യമായ പുരോഗതിയുണ്ടാകുമെന്നും അദ്ദേഹം ആ പഴയ ഓമനയെ തിരിച്ചറിയുമെന്നും ഞാന്‍ മനസ്സില്‍ കണക്കുകൂട്ടുകയും അറിയാവുന്ന ദൈവങ്ങളോടൊക്കെ പ്രാര്‍ത്ഥിക്കുകയും ചെയ്‌തു. പക്ഷേ ഒരു ദൈവവും കനിഞ്ഞില്ല.

മാസമൊന്നു കഴിഞ്ഞിട്ടും അപ്പന്റെ അവസ്ഥയില്‍ മാറ്റമൊന്നും ഉണ്ടായില്ല.

അപ്പനെ പട്ടണത്തിലേക്ക് എന്നോടൊപ്പം കൊണ്ടു പോകുവാന്‍ തീരുമാനിച്ചു. വീടു പൂട്ടി താക്കോല്‍ ഓമനയമ്മയെത്തന്നെ ഏല്‍പ്പിച്ചു, വല്ലപ്പോഴും വന്ന് മുറ്റമൊക്കെയൊന്ന് അടിച്ചു വാരിയിടുവാനും ചുമതലപ്പെടുത്തി.

“ മോനെ പട്ടണത്തില്‍ നല്ല ഡോക്‌ടറുന്മാരെ കാണിച്ച് ചികിത്സിക്കണം. അദ്ദേഹത്തിന്റെ ഓര്‍മ്മ തിരിച്ചു കിട്ടിയാല്‍ ഇങ്ങ് കൊണ്ട് പോരണം, ഞാന്‍ പൊന്നു പോലെ നോക്കിക്കൊള്ളാം“ ഇത് പറയുമ്പോള്‍ ഓമനയമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു.

ഫ്‌ളാറ്റിലെ സൌകര്യത്തില്‍ ഞാനും ഭാര്യയും ജോലി സമയം ക്രമീകരിച്ച് അപ്പനെ നോക്കി. അപ്പന്‍ ഏതോ ലോകത്താണ്. റൂമില്‍ എപ്പോഴും കട്ടിലില്‍ കിടക്കുകയോ എഴുന്നേറ്റ് ഇരിക്കുകയോ ചെയ്യും. ഭക്ഷണം വിളമ്പി വെച്ച് വിളിച്ചാല്‍ വന്ന് കഴിച്ച് വീണ്ടും പോയി കിടക്കും. ടി.വി യ്‌ക്ക് മുമ്പില്‍ വിളിച്ചിരുത്തിയാല്‍ കുറേ നേരം അതിലേക്ക് വെറുതേ നോക്കിയിരുന്നിട്ട് വീണ്ടും പോയി കിടക്കും.

വീട്ടില്‍ വരുന്ന ബന്ധുക്കളെപ്പോലും ഓര്‍ക്കുവാനാകുന്നില്ല. ഓര്‍മ്മിപ്പിച്ചാല്‍ ചിലതൊക്കെ ഓര്‍ക്കും പിന്നീട് ചോദിച്ചാല്‍ ഒന്നും ഓര്‍മ്മയുണ്ടാകില്ല. കൊച്ചു കുട്ടികളേപ്പോലെ ഓരോന്നും പറഞ്ഞു ചെയ്യിപ്പിക്കണം.

തന്നോടൊപ്പം കോളേജില്‍ പഠിച്ച ഒരാള്‍ അടുത്തുള്ള ആശുപത്രിയില്‍ മനോരോഗ വിദഗ്ദ്ധനായി ജോലി ചെയ്യുന്നുണ്ട്. അപ്പനെ കാണിക്കുവാനായി അടുത്ത ആഴ്‌ചത്തേക്ക് അപ്പോയിന്റ്മെന്റ് എടുത്തു. ഡോക്‌ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം വൈകുന്നേരം അപ്പനേയും കൊണ്ട് നടക്കാനായി പോയി.

നടക്കുന്ന വഴിയിലൊക്കെ ഞാന്‍ പഴയ കാര്യങ്ങളൊക്കെ മനഃപൂര്‍വ്വമായി സംസാരിച്ചു കൊണ്ടിരുന്നു. അപ്പന്‍ അനുസരണയുള്ള കുട്ടിയേപ്പോലെ എല്ലാം മൂളി കേള്‍ക്കുകമാത്രം ചെയ്‌തു.

ഇടവഴി കഴിഞ്ഞ് ചുവന്ന പൂക്കളുള്ള വാകമരം പൂത്തുനില്‍ക്കുന്ന മൈതാനം കടന്ന് പുതിയ പാലത്തിലൂടെ ഞങ്ങള്‍ നടപ്പു തുടര്‍ന്നു. പാലത്തിന്റെ നടപ്പാതയിലെ കൈവരിയില്‍ പിടിച്ച് വളരെ പതുക്കെയാണ് ഞങ്ങള്‍ നടന്നത്. പാലത്തിലൂടെ ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ പാഞ്ഞു കൊണ്ടേയിരുന്നു. നദിയില്‍ വെള്ളം നിറഞ്ഞൊഴുകുന്നുണ്ട്.

കഴിഞ്ഞ ആഴ്‌ച ഈ പാലത്തില്‍ നിന്നൊരാള്‍ വെള്ളത്തില്‍ വീണ്‍ അപകടം സംഭവിച്ച കാര്യം പത്രത്തില്‍ വായിച്ചത് അപ്പന്‍ പേടിച്ചെങ്കിലോ എന്നു ഭയപ്പെട്ട് പറഞ്ഞില്ല. നല്ല ആഴമുള്ള സ്ഥലമാണ്, കൈവരി ഒരു അല്പം ഉയര്‍ത്തിക്കെട്ടിയാലും തരക്കേടില്ലെന്ന് മനസ്സില്‍ തോന്നി.

“മോനെ എനിക്കൊരു കാര്യം പറയാനുണ്ട്“

“എന്നോടു പറഞ്ഞോളു, മനസ്സു തുറന്നു സംസാരിക്കുന്നതു തന്നെ മനസ്സിനൊരാശ്വാസമാണ്”

“മകനെ ഓമനയമ്മയോടു പറയണം എന്നെ കാത്തിക്കേണ്ടെന്ന് എനിക്കവരെ ഓര്‍ക്കാനാവില്ല. നിന്റെ അമ്മ മരിക്കുന്ന ദിവസവും ഓമനയുടെ കാര്യം പറഞ്ഞാണ് എന്നെ ദേഷ്യം പിടിപ്പിച്ചത്. നിന്റെ അമ്മയുടെ തലമുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലിടിപ്പിച്ചതുമാത്രം എനിക്കോര്‍മ്മയുണ്ട്.. പിന്നെ നടന്നതൊന്നും എനിക്കോര്‍മ്മയില്ല. എന്നോടു ക്ഷമിക്കണേ മോനെ..”

ഞാന്‍ സ്‌തബ്‌ദനായി നിന്നു, എന്താണ് പറയേണ്ടത് ?

എന്തെങ്കിലും പറയുന്നതിനു മുന്‍പ് അപ്പന്‍ നിറഞ്ഞൊഴുകുന്ന നദിയുടെ ആഴങ്ങളിലേക്ക് എടുത്തു ചാടി.

ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു . നഗരത്തിന്റെ ശബ്‌ദത്തില്‍ നിലവിളി ലയിച്ചു ചേര്‍ന്നു. ആരുടെയെങ്കിലും സഹായം ലഭിക്കുമോന്നറിയാന്‍ ഞാന്‍ ആ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. നഗരത്തിലെ തിരക്കില്‍ അന്യനെ സഹായിക്കുവാന്‍ ആര്‍ക്കാണ് സമയമുള്ളത് ?

അപ്പന്‍ മനസ്സിന്റെ ഭാരം ഇറക്കിവെച്ച് നദിയുടെ ആഴങ്ങളില്‍ ഓര്‍മ്മയായി.

28 comments:

ബാജി ഓടംവേലി said...

എത്ര ഉയരത്തില്‍ പറന്നിട്ടുണ്ടെന്ന് അഭിമാനിച്ചാലും ഒരു ചിറക് നഷ്‌ടപ്പെട്ടാല്‍ പിന്നെ പറക്കുവാനാവില്ലല്ലോ ? പറക്കുവാനാവാതെ തത്തിക്കളിക്കുന്ന കിളി കാഴ്‌ചക്കാര്‍ക്കു പോലും അരോചകമാണ്.

Fasil said...

ഒരു നിമിഷം എന്റെ ഉപ്പയെയും ഉമ്മയെയും കുറിച്ച് ഓര്‍ത്തു, ഉപ്പയ്ക്ക് ഉമ്മയിലാതെ ഒരു നിമിഷം പോലും ജീവിക്കാനാവില്ല തീര്‍ച്ചയാണ് , അതൊരു വല്ലാത്ത ബന്ധം തന്നെയാണ്. ഒരിക്കല്‍ അവരില്‍ ഒരാള്‍ വേര്പെടെണ്ടി വരുമല്ലോ, അതോര്‍ത്തപ്പോള്‍ ഒരിറ്റു കണ്ണുനീര്‍ എന്റെ കണ്ണില്‍ വന്നുവോ,

Phayas AbdulRahman said...

എനിക്കൊന്നും പരയാനില്ല.. വായിച്ചു കഴിഞപ്പോള്‍ വല്ലാത്ത ഒരു വിങ്ങലോ വേദനയോ വിഷമമോ.. എന്തോ പോലെ.. ഞാനീ ട്രാജെടി കതകള്‍ തീരെ വായിക്കാറില്ല.. വായിച്ചു കഴിഞാല്‍ ആകെ ഒരു മൂടോഫ് ആയിരിക്കും..
പക്ഷെ കതയുടെ അവതരണ രീതി, വിഷയം, സന്ദര്‍ഭങ്ങള്‍ എല്ലാം അടിപോളി... കൊള്ളാം കേട്ടോ.. വായിച്ചപ്പോള്‍ കഥയിലെ ഓരോ രംഗവും മനസ്സില്‍ വരുന്നുണ്ടായിരുന്നു.. ഒരു പക്ഷെ അതു കൊണ്ടായിരിക്കാം ഈ മനപ്രയാസം..

കുറച്ചു സന്തോഷ കഥകള്‍ എഴുതെന്റെ മാഷേ...!!!

യാത്രിക / യാത്രികന്‍ said...

വായിച്ചു കഴിഞപ്പോള്‍ വല്ലാത്ത ഒരു വിങ്ങലോ വേദനയോ വിഷമമോ.. എന്തോ പോലെ..
കഥയുടെ അവതരണ രീതി, വിഷയം, സന്ദര്‍ഭങ്ങള്‍ എല്ലാം അടിപോളി... .
കൊള്ളാം കേട്ടോ.. .
വായിച്ചപ്പോള്‍ കഥയിലെ ഓരോ രംഗവും മനസ്സില്‍ വരുന്നുണ്ടായിരുന്നു....

സജി said...

അപ്പന്‍ ആളു കൊള്ളാമല്ലോ?
അടുക്കളക്കാരിയായി വന്നു അമരക്കാരിയായ ഓമനേ, നീ ചാണകം!
എന്തിനു അപ്പന്‍ ചാണകം?

Anonymous said...

എന്തിനു അപ്പന്‍ ചാകണം ? :)

ഞാന്‍ ചാണ്ടി said...

nalla kadha babugi

naju said...

nannyittundu gi..............iniyum nalla srishttikal undakkuvanum.............njangalilakku ethikkuvanum kazhiyatte.........perumazhasnehathode.................

കുഞ്ഞന്‍ said...

ബാജീ..

വളരെ നല്ല കഥ..

ബാജിയുടെ എല്ലാക്കഥകളിലും ഉള്ള അവസാന ട്വിസ്റ്റ് അത് കഥയുടെ മനോഹാരിത കൂടുന്നു അപ്പന്റെ ഓര്‍മ്മ -

Ajith Nair said...

വളരെ നല്ല കഥ..കഥയുടെ അവതരണ രീതി കൊള്ളാം

SHAMS said...

വളരെ നല്ല കഥ..

ഹന്‍ല്ലലത്ത് Hanllalath said...

അവസാനം പ്രതീക്ഷിക്കാത്ത ഒന്നായിപ്പോയി...
നന്നായിരിക്കുന്നു,,
ആശംസകള്‍...

സൂത്രന്‍..!! said...

നല്ല കഥ ഇനിയും പ്രതീക്ഷിക്കുന്നു

Sureshkumar Punjhayil said...

Really touching... Best wishes...!!!

mini//മിനി said...

ഓര്‍മ്മകളില്‍ മുങ്ങി പൊങ്ങി ഒടുവില്‍...വളരെ നന്നായിട്ടുണ്ട്.

കാപ്പിലാന്‍ said...

nannaayittundu :(

എം.എസ്. രാജ്‌ | M S Raj said...

അവസാനം വിരണ്ടുപോയി. നല്ല കഥ. ഒരുപാടു ‘നിമിഷങ്ങള്‍’ ഉള്ള കഥ.

Tedy Kanjirathinkal said...

മുകളില്‍ പറയപ്പെട്ട പല സംഗതികളും + കഥയുടെ pace-ഉം ഇഷ്ടപ്പെട്ടു :-)

Unknown said...

വായിച്ചപ്പോള്‍ കഥയിലെ ഓരോ രംഗവും മനസ്സില്‍ വരുന്നുണ്ടായിരുന്നു....
വളരെ നല്ല കഥ..

കുഞ്ഞായി | kunjai said...

‘അപ്പന്റെ ഓര്‍മ്മ‘ കലക്കിയിട്ടുണ്ട്.

Anonymous said...

വളരെ നല്ല കഥ

Nellayi said...

‘അപ്പന്റെ ഓര്‍മ്മ‘ കലക്കിയിട്ടുണ്ട്.

മനോജ് കെ.ഭാസ്കര്‍ said...

എനിക്കു കരയാന്‍ വയ്യെന്റെ ബാജിച്ചേട്ടാ....

വേണു venu said...

ചിറകു് നഷ്ടപ്പെട്ട വേദനയായിരുന്നു, കഥയുടെ അവസാന ഭാഗം വരേയും.
അത് കുറ്റബോധമായിരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ കഥയുടെ ക്ലൈമാക്സില്‍ എന്തൊക്കെയോ ചില ചോദ്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതു പോലെ അനുഭവപ്പെട്ടു.

ബാജി കഥ ഇഷ്ടമായി..... ‍

SreeDeviNair.ശ്രീരാഗം said...

ബാജി,
ബന്ധങ്ങളില്‍ എന്നും
ബന്ധനങ്ങള്‍ മാത്രം!
കഥ ഇഷ്ടമായീ..


സസ്നേഹം,
ശ്രീദേവിനായര്‍

ബാജി ഓടംവേലി said...

അഭിപ്രായം എഴുതിയ എല്ലാവര്‍ക്കും
നന്ദി നന്ദി നന്ദി.......

lekshmi. lachu said...

baji...valare nannayirikkunu...snehikkunavar nashtapedunnathite nombaram...athu manasite theera vethana yanu...

pavam omana...avar veendum thanichayi..sheshikkuna pratheeshayum nashtamayiii..

Anonymous said...

ഒരു ജീവിത യാഥാര്‍ത്ഥ്യം രസകരമായി അവതരിപ്പിച്ചിരിക്കുന്നു .........സാറിന് ആശംസകള്‍.........