Tuesday, December 23, 2008

അക്വേറിയം (കഥ)

അക്വേറിയം ഈ വീടിന്റെ ഐശ്വര്യം എന്നൊരു ബോര്‍ഡ് വീട്ടില്‍ തൂക്കണമെന്ന് വറുഗീസ് മനസ്സില്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് കണ്ട് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിലോ എന്നു കരുതി അതിന് മുതിര്‍ന്നില്ല.

എല്ലാ വീട്ടിലും ഓരോ അക്വേറിയം ഉള്ളത് നല്ലതാണെന്നാണ് വറുഗീസിന്റെ അഭിപ്രായം. പുറത്തേക്കു തുറക്കുന്ന വാതിലിന്റെ വലതു ഭാഗത്തായ് അത് വെയ്‌ക്കുന്നതാണ് നല്ലതെന്ന് ശാസ്‌ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എങ്കിലും വിവാഹം കഴിച്ച് ആറു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്തേ വറുഗീസ് – ശാന്തമ്മ ദമ്പതികള്‍‌ക്ക് കുട്ടികളുണ്ടായില്ലെന്ന ചോദ്യത്തിന് ഉത്തരമില്ല. പല ഡോക്‌ടര്‍‌മാരെയും കാണിച്ച് മാറി മാറി പരിശോദിച്ചിട്ടും രണ്ടു പേര്‍‌ക്കും തകരാറൊന്നും ഇല്ലെന്നാണ് തെളിഞ്ഞത്. എന്നിട്ടും.....

വിവിധ വര്‍‌ണ്ണങ്ങളിലുള്ള അലങ്കാര മത്സ്യങ്ങള്‍ ഓടിക്കളിക്കുന്ന കാഴ്‌ച നയന മനോഹര മാണെങ്കിലും അതിനെ ജീവനോടെ പരിപാലിക്കുക ആയാസകരമാണ്. സമയാ സമയങ്ങളില്‍ വെള്ളം മാറുകയും അവയ്‌ക്ക് തീറ്റകൊടുക്കുകയും ചെയ്യുക തന്നെ ഒരാളുടെ പണിയുണ്ട്. അതിനോടൊരു താത്പര്യം ഉണ്ടെങ്കില്‍ ആസ്വാദ്യകരമായി അതിനെ പരിപാലിക്കാനാകും.

വറുഗ്ഗീസ് തിരക്കേറിയ ഓഫീസ് ജോലികഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തിയാല്‍ വെറുതെ അവയെ നോക്കിയിരുന്ന് സമയം പോക്കും. വറുഗീസ് പുസ്‌തകം വായിച്ച് സമയം പോക്കുമ്പോള്‍ ശാന്തമ്മയുടെ ഹോബിയാണ് അക്വേറിയ പരിപാലനം. അവള്‍ ഓരോ മത്സ്യത്തെയും പേരു ചൊല്ലി വിളിക്കും. അവയോടു കിന്നാരം പറയുന്നത് മറ്റാരും കാണാത്തതിനാല്‍ തെറ്റിദ്ധരിക്കില്ല. അതുകൂടാതെ വീടിനുള്ളിലും ബാല്‍‌ക്കണിയിലുമുള്ള ചെടികള്‍ ശാന്തമ്മയുടെ ജീവനാണ്.

“ഇന്നലെയിവിടെ ഒരു സ്‌ത്രീ വന്നിരുന്നോ....? “
ഓഫീസില്‍ നിന്നും വന്നയുടനെയുള്ള ശാന്തമ്മയുടെ ചോദ്യം കേട്ടപ്പോള്‍ വറുഗീസ് ആദ്യമൊന്നു പതറിയൊ!

“ നിന്നോടിത് ആരു പറഞ്ഞു “

“ ഇന്നലെ ഞാനിവിടെ ഇല്ലാതിരുന്നപ്പോള്‍ ഇവിടെയൊരു സ്‌ത്രീയുടെ ശബ്‌ദം കേട്ടതായി ഞാനറിഞ്ഞു...., ഇന്നലെ മാത്രമല്ല ഇതിനു മുന്‍‌പും പലപ്പോഴും അതേ ശബ്‌ദം ഞാനിവിടെ ഇല്ലാത്തപ്പോള്‍ കേട്ടവരുണ്ട്...” ശാന്തമ്മ എന്തൊക്കയോ മനസ്സിലാക്കിക്കൊണ്ടാണ് മുഖം വീര്‍പ്പിച്ച് സംസാരിക്കുന്നത്.

“ ശരിയാണ്... ഇനിയും ഞാനൊന്നും ഒളിച്ചു വെയ്‌ക്കുന്നില്ല, എല്ലാം ഞാന്‍ പറയാം... “ വറുഗീസ് ബെഡ്‌റൂമില്‍ കയറി ഓഫീസ് വേഷം മാറി കൈലിയും ബനിയനും ഇട്ട് തിരികെ വരുമ്പോളും ശാന്തമ്മ മറുപടിയ്‌ക്കായ് ആകാംഷയോടെ തുറന്നു പിടിച്ച വാതുക്കല്‍ത്തന്നെ കാത്തുനില്‍ക്കുകയായിരുന്നു.

വറുഗീസ് അക്വേറിയത്തിലെ മഞ്ഞപുള്ളിയുള്ള മത്സ്യത്തെ ചൂണ്ടിക്കാട്ടി കാര്യം പറഞ്ഞു “ഇതാ ഈ മത്സ്യത്തെ കണ്ടോ ഇതൊരു സാധാരണ മത്സ്യമല്ല. ഇതൊരു അത്ഭുത മത്സ്യമാണ്. ചില ദിവസങ്ങളില്‍ ഈ മത്സ്യം അക്വേറിയത്തില്‍ നിന്നും പുറത്തുചാടി ഒരു സ്‌ത്രീയുടെ രൂപം പ്രാപിക്കുകയും മനുഷ്യരെ പോലെ സംസാരിക്കുകയും ചെയ്യും, ആ ശബ്‌ദമാകാം ആരെങ്കിലും കേട്ടത്. “

“അടുത്ത വീട്ടീലെ ദാമുവേട്ടന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഞാനങ്ങു പേടിച്ചു പോയി” ശാന്തമ്മ ദീര്‍‌ഘനിശ്വാസം വിട്ടു

“ ഇത് ഞാന്‍ മുന്‍‌പേ നിന്നോടു പറയണമെന്നു വിചാരിച്ചതായിരുന്നു. പക്ഷേ നീ വിശ്വസിച്ചില്ലെങ്കിലോ എന്നു കരുതിയാണ് പറയാതിരുന്നതാണ്.“

ശാന്തമ്മ അക്വേറിയത്തില്‍ കൈയിട്ട് ആ മത്സ്യത്തെ തലോടിക്കൊണ്ട് പറഞ്ഞു “ എനിക്കു മുന്‍‌പേ സംശയം ഉണ്ടായിരുന്നു, ഇതൊരു സാധാരണ മത്സ്യം അല്ലെന്ന് ഇതിന്റെ മുഖവും ഭാവവും കണ്ടാലറിയാം ഇതൊരു രാജകുമാരിയായിരുന്നെന്ന്”

ശാന്തമ്മ പരിഭവമെല്ലാം മറന്ന് മത്സ്യകന്യകയുടേയും രാജകുമാരന്റെയും ആ പഴയ കഥ ഒരു പ്രാവശ്യം കൂടി വികാരാവേശത്തോടെ വറുഗീസിനെ പറഞ്ഞു കേള്‍‌പ്പിച്ച ശേഷമാണ് ചായ പോലും കൊടുത്തത്.

പിന്നീടുള്ള പല ദിവസങ്ങളിലും മത്സ്യകന്യകയുടെ സ്‌ത്രീ രൂപം കാണാന്‍ ശാന്തമ്മ കാത്തിരുന്നെങ്കിലും അത് അവള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ല. മത്സ്യകന്യക സ്‌ത്രീകള്‍‌ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുകയില്ല പിന്നെയോ പുരുഷന്മാര്‍ക്കു മുന്‍പില്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂവെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു.

പിന്നെയും പല ദിവസങ്ങളിലും ശാന്തമ്മ വീട്ടിലില്ലാത്തപ്പോള്‍ അവിടെയൊരു സ്‌ത്രീ ശബ്‌ദം കേള്‍‌ക്കുന്നുണ്ടെന്ന് അടുത്ത ഫ്‌ളാറ്റിലെ ദാമുവേട്ടന്‍ പറഞ്ഞപ്പോള്‍ ശാന്തമ്മ മറുപടിയൊന്നും പറയാതെ ചിരിക്കുക മാത്രം ചെയ്‌തു.

വറുഗീസ് ഇന്നലെ ഓഫീസില്‍ നിന്നും ഡ്യൂട്ടിക്കിടയില്‍ എന്തോ എടുക്കാനായി പതിവില്ലാതെ വീട്ടില്‍ വന്നും. ഡോര്‍ ബെല്ല് വളരെ നേരം നീട്ടി അടിച്ചിട്ടും വാതില്‍ തുറന്നില്ല. ശാന്തമ്മ വീട്ടില്‍ ഉണ്ടാകേണ്ടതാണ്. കുറേ കഴിഞ്ഞിട്ടാണ് ശാന്തമ്മ വാതില്‍ തുറന്നത്.

അടുത്ത വീട്ടിലെ ദാമുവും വീട്ടിലുണ്ടായിരുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് വറുഗീസിന് മനസ്സിലായില്ലെങ്കിലോ എന്നു കരുതി ശാന്തമ്മ സംഭവം വിവരിച്ചു.

“ദാമുവേട്ടന്‍ അക്വേറിയത്തില്‍ മത്സ്യകന്യകയെ തിരയുന്നത് ഞാന്‍ ഒളിച്ചിരുന്നു കാണുകയായിരുന്നു. നിങ്ങളൊരല്പം കൂടി താമസിച്ചു വന്നിരുന്നെങ്കില്‍ എനിക്കും സ്‌ത്രീ രൂപം കാണാമായിരുന്നു.”

വറുഗീസിന്റെ മുഖഭാവം കണ്ട് ദാമു ഒന്നും മിണ്ടാതെ പുറത്തേക്കു പോയി.

അന്നു തന്നെ ആരുടേയോ കൈ തട്ടി അക്വേറിയം മറിഞ്ഞ് വീണ് വളര്‍‌ത്തു മത്സ്യങ്ങളെല്ലാം പിടഞ്ഞു ചത്തു. ആരുടെ കൈ തട്ടിയാണ് അക്വേറിയം മറിഞ്ഞു വീണതെന്ന് ആരും അന്വേഷിച്ചില്ല.

24 comments:

ബാജി ഓടംവേലി said...

അക്വേറിയം ഈ വീടിന്റെ ഐശ്വര്യം എന്നൊരു ബോര്‍ഡ് വീട്ടില്‍ തൂക്കണമെന്ന് വറുഗീസ് മനസ്സില്‍ ആഗ്രഹിച്ചിരുന്നു.

കാപ്പിലാന്‍ said...

:) kollaam ...
Malsyam pokunna ororo vazhikale :)

Ranjith chemmad / ചെമ്മാടൻ said...

നല്ല ഇമേജസ് മാഷേ...
എന്നാലും ഈ ദാമുവേട്ടന്റെ ഒരു കാര്യം...

smitha adharsh said...

വേറിട്ടൊരു ഭാവന..അസ്സലായിരിക്കുന്നു..

Anonymous said...

നല്ല ഇമേജസ് മാഷേ...
എന്നാലും ഈ ദാമുവേട്ടന്റെ ഒരു കാര്യം...

Anonymous said...

nannayirikkunnu
komath.iringal

Anonymous said...

iviteyanu namuku oru study class vendathu
ithu pole nalla kadhakal engine kooduthal manoharamakkam ennathine kurichu.
komath.iringal

കുഞ്ഞന്‍ said...

ബാജി..

കഥ വളരെ രസകരം. ഈ കഥയിലെ വില്ലന്‍ ദാമു തന്നെ.

ബാജിക്കും കുടുംബത്തിനും ക്രിസ്തുമസ് ആശംസകള്‍..!

ഞാന്‍ ഇരിങ്ങല്‍ said...

കഥ പറഞ്ഞ് തീര്‍ക്കുകയല്ല വേണ്ടത്.
വായിച്ച് കഴിയുമ്പോള്‍ കഥ നീറ്റുകയാണ് വേണ്ടത്.
വായിച്ച് കഴിയുമ്പോള്‍ കഥ നമ്മേം കൊണ്ട് പോവുകയാണ് വേണ്ടത്.
ബാജിയുടെ മനസ്സില്‍ കഥകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്നാല്‍ അത് തുടക്കം പോലെ ഒടുക്കത്തില്‍ ഒരു മുറുക്കമുണ്ടാക്കാന്‍ കഴിയാത്തത് നല്ല കഥയുടെ വായന ഇല്ലായ്മയോ അലസതയോ ആണ്.
അക്വേറിയം ഒരു നല്ല തിം ഉള്ള കഥയാണ്. എന്നാല്‍ സൂക്ഷ്മായ ചില കൂടുതല്‍ നിരീക്ഷണം കഥാകൃത്തിന് ഇനിയും ആവശ്യമാണ്. എഴുത്തിന്‍ റെ ടെക്നിക്ക് ആദ്യം പറഞ്ഞതു പോലെ നല്ല കഥാവായനയില്‍ നിന്ന് കിട്ടുമെന്നു തന്നെ വിശ്വസിക്കുന്നു.
അക്വേറിയത്തിലെ ചിന്തകള്‍ ഏറെ ഇഷ്ടമായി എന്ന് പറയാതിരിക്കുവാനും വയ്യ.
തുടര്‍ന്നും നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

അനില്‍ വേങ്കോട്‌ said...

എഴുത്തിന്റെ ലോകത്തിൽ വീണ്ടും ബാജി സജീവമാകുന്നതിൽ സന്തോഷമുണ്ട്. കഥ നന്നായി. ആധുനിക അണുകുടുംബങ്ങളുടെ ചുവരുകൾക്കുള്ളിൽ നടക്കുന്ന ചില പസ്പരമുള്ള കണ്ണുപൊത്തികളികൽ തീർച്ചയായും ഇന്നു കഥക്കു വിഷയമാകേണ്ടതാണു. പക്ഷേ കഥ സത്യം വെളിവാക്കുന്ന ഒരു വലിയ കള്ളമാണു. എല്ലാ കള്ളങ്ങൾക്കും അതിന്റെ ഒരു ഭദ്രത ആവശ്യമാണു. അപ്പോൾ മാത്രമാണു അത് പറയുന്നവൻ നല്ല കൾലനാകുന്നത്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ബാജീ,
അക്വേറിയത്തിന്റെ കഥ നന്നായിട്ടുണ്ട്.

ഡാന്‍സ്‌ മമ്മി said...

അസ്സലായിരിക്കുന്നു..

Sureshkumar Punjhayil said...

Nannayirikkunnu... Bhavukangal..>!!!!

മുസാഫിര്‍ said...

ബാജി,കഥയ്ക്ക് നല്ലൊരു തീ‍ം ഉണ്ട്.ബാക്കി വിവരങ്ങള്‍ സഹബ്ലോഗേഴ്സ് പറഞ്ഞിട്ടുള്ളത്കൊണ്ട് ആവര്‍ത്തിക്കുന്നില്ല.

പാമരന്‍ said...

:)

പി.ആര്‍.രഘുനാഥ് said...

Dear friend,
Happy new year.

എന്‍.മുരാരി ശംഭു said...

നന്നായിട്ടുണ്ട്.ബാജിയുടെ ഒരു രചന ആദ്യമായാണ് വായിക്കുന്നത്.രചനയുടെ സനാതനമായ ഊര്‍ജ്ജം ആവോളമുണ്ടെന്ന് തോന്നി.തുടര്‍ന്നും എഴുതുക.മുരാരി ശംഭു.എന്‍

പിരിക്കുട്ടി said...

kollallo....

aara villan damuvettano? vargeso?

hqppy new year

amantowalkwith@gmail.com said...

ishtamayi..
congrats..

Anonymous said...

KOLLALOO
:)
:)

Anonymous said...

KOLLALOO
:)
:)

മാണിക്യം said...

അക്വേറിയം ഇഷ്ടായി,...
അവസാന ഖണ്ഡിക ഇല്ലായിരുന്നങ്കില്‍ എന്ന് തോന്നി...........

സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍‌

☆☆☆മാണിക്യം☆☆☆

ഗീത said...

അയ്യോ അപ്പോളാ രാജകുമാരി മത്സ്യവും ചത്തോ? കഷ്ടായീ.....

Typist | എഴുത്തുകാരി said...

കൊള്ളാല്ലോ വീഡിയോണ്‍!.