Monday, March 24, 2008

പറഞ്ഞു കേട്ടത്

മറക്കാന്‍ ശ്രമിക്കുന്നത് എന്തോ അതാണ് ഓര്‍‌മ്മയില്‍ കൂടുതല്‍ തെളിഞ്ഞു വരുന്നത്. ബഹറിനിലേക്ക് ആദ്യമായ് വരുമ്പോള്‍ എന്നെയാത്രയാക്കിയവരുടെ കൂട്ടത്തില്‍ മൂത്തപെങ്ങള്‍ എല്‍‌സിയുടെ മുഖം മനസ്സില്‍ നിറഞ്ഞു നില്‍‌ക്കുകയാണ്.

“മോനെ നീ ജിന്‍‌സി മോളുടെ അച്‌ഛനെ തിരക്കി നാണം കെടുകയൊന്നും വേണ്ട“ എന്ന് പറയുമ്പോഴും ആ മനസ്സ് എനിക്ക് വായിക്കാനാകുമായിരുന്നു.

പത്തുവര്‍‌ഷം മുന്‍‌പ് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എല്‍‌സിയുടെ വിവാഹം നടന്നത്. അന്നേ എന്റെ മനസ്സില്‍ കയറിയ ഗള്‍‌ഫ് രാജ്യമാണ് ബഹറിന്‍. ചെറുക്കന് ബഹറിനില്‍ ഫാര്‍‌മസിയില്‍ ഫാര്‍മസിസ്‌റ്റായി ജോലിയാണെന്നും പറഞ്ഞാണ് വിവാഹം നടത്തിയത്. ജോലിയേപ്പറ്റി കൂടുതലൊന്നും അന്വേഷിക്കാന്‍ മിനക്കെട്ടില്ലെന്നു പറയുന്നതാണ് സത്യം. വിവാഹത്തിനു ശേഷം രണ്ടു മാസം തികയുന്നതിനു മുന്‍‌പ് ഗള്‍ഫിലേക്കു പറന്നതാണ്. അവരുടെ മകള്‍ ജിന്‍‌സി‌ക്ക് വയസ്സ് ഒന്‍പതായി ,എന്നിട്ടും ഒരു പ്രാവശ്യം പോലും ഒന്നു കാണുവാന്‍ വന്നിട്ടില്ല.

എല്‍സിയുടെ ഭര്‍‌ത്താവ് സജി കുര്യാക്കോസ് മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ട് ബഹറിന്‍ ജയിലില്‍ കഴിയുകയാണെന്ന് ആരോ പറഞ്ഞ് അറിഞ്ഞത് മനഃപൂര്‍‌വ്വം മറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ വിവരം ഞങ്ങള്‍ രഹസ്യമായി വെച്ചു കാരണം അല്ലാതെ തന്നെ നാട്ടില്‍ ഒത്തിരി കഥകള്‍ പരക്കുന്നുണ്ടായിരുന്നു. അവിടെ അവന് വേറെ ഭാര്യയും മക്കളും ഉണ്ട്. എല്‍‌സിയുടെ സ്വഭാവഗുണം കൊണ്ടാണ് തിരികെ വരാത്തത്. പല നാട്ടില്‍ പോയി ഇതേ മാതിരി വിവാഹത്തട്ടിപ്പു നടത്തി സ്ത്രീധനവും കൈക്കലാക്കി മുങ്ങലാണ് അവന്റെ ജോലി. തുടങ്ങി ഒത്തിരി കഥകള്‍ പറഞ്ഞു കേട്ടു. ആദ്യമൊക്കെ മറുപടി പറയുമായിരുന്നു. പിന്നെ എല്ലാ ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന് ഉത്തരം കൊടുക്കാന്‍ പഠിച്ചു.

വേറെ വിവാഹം കഴിക്കാന്‍ ഞങ്ങള്‍ എല്‍‌സിയെ നിര്‍‌ബ്ബന്ധിക്കാറുണ്ടായിരുന്നു. വിവാഹം ഒരിക്കലായിട്ടുള്ളതാണ്, എന്തു സംഭവിച്ചാലും ദൈവ സന്നിധിയില്‍ വെച്ച് കഴുത്തില്‍ താലി ചാര്‍‌ത്തിയ ആള്‍മാത്രമായിരിക്കും മരണം വരെ ഭര്‍‌ത്താവെന്ന് എല്‍‌സി ഉറപ്പിച്ച് പറയുമായിരുന്നു. ഭര്‍‌ത്താവ് ജീവിച്ചിരിക്കുമ്പോഴും ഒരു വിധവയെപ്പോലെ ജീവിക്കുന്ന എല്‍‌സിക്ക് പൊന്നുമോള്‍ ജിന്‍സിയെ പഠിപ്പിച്ച്‌ വലിയ നിലയിലാക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതിനു വേണ്ടിയാണ് അവളുടെ ജീവിതമെന്ന് തോന്നിപ്പോകും. ഇപ്പോള്‍ ഞങ്ങളും എല്‍‌സിയെ ഒന്നിനും നിര്‍ബ്ബന്ധിക്കാറില്ല.

ബഹറിനില്‍ എത്തിയതിന്റെ പിറ്റേന്നു തന്നെ ജോലി ആരംഭിച്ചു. ഒരു കണ്‍സ്‌ട്രക്‌ഷന്‍ കമ്പനിയുടെ സയിറ്റ് ഓഫീസിലാണ് ജോലി. പുതിയ സ്ഥലം പരിചയക്കാരും കുറവ്.

സയിറ്റിലേക്ക് വണ്ടിയില്‍ പോകുമ്പോഴും സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുമ്പോഴും ഒക്കെ ആ മുഖം തിരയാറുണ്ട്. പത്തു വര്‍‌ഷം കൊണ്ട് ഒത്തിരി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടാകും എന്നാലും രണ്ടു മാസത്തെ പരിചയവും വിവാഹത്തിന്റെ ഫോട്ടോകളും കയ്യിലുള്ളതിനാല്‍ ആളെ കണ്ടാല്‍ തിരിച്ചറിയാനാവുമെന്നാണ് പ്രതീക്ഷ.

ജോലിത്തിരക്കുകള്‍ കാരണം ഒരുവര്‍ഷം വേഗം കടന്നു പോയി.

പറഞ്ഞു കേട്ട കഥകളില്‍ ഏതാകും സത്യം. ആരോടും പങ്കുവെയ്‌ക്കുവാന്‍ പറ്റിയ കഥകളല്ല നാട്ടില്‍ പരന്നിട്ടുള്ളത്. നാട്ടില്‍ അറിഞ്ഞ കഥകള്‍ കൊണ്ട് ഒരു ജീവിതകാലം മുഴുവന്‍ കുളിച്ചാലും മാറാത്ത നാണക്കേട് വീടിനും വീട്ടുകാര്‍‌ക്കും കിട്ടി. ഇവിടെങ്കിലും ആരും ഒന്നും അറിയേണ്ടെന്ന് കരുതി. എന്നാലും മനസ്സിന്റെ ഏതോ കോണില്‍ ഒരു വിങ്ങല്‍. മൂത്തപെങ്ങള്‍ ജിന്‍‌സിമോളെയും കെട്ടിപ്പിടിച്ച് വിങ്ങി വിങ്ങി കരയുന്നത് മിക്ക ദിവസങ്ങളിലും കണ്ടാണ് ഞാന്‍ വളര്‍‌ന്നത്. ഒരു ആങ്ങളയെന്ന നിലയില്‍ ജിന്‍‌സി മോളുടെ പപ്പായെ കണ്ടെത്താന്‍ ഒരു ചെറിയ ശ്രമമെങ്കിലും നടത്തേണ്ടത് എന്റെ കടമയാണെന്ന് ആരോ ഉള്ളിലിരുന്ന് മന്ത്രിക്കുന്നത് പലപ്പോഴും കേള്‍‌ക്കാറുണ്ട്.

ഞങ്ങളുടെ സയിറ്റ് എഞ്ചിനീയര്‍ സാമൂഹ്യപ്രവര്‍‌ത്തനങ്ങളില്‍ താല്പര്യമുള്ള ആളാണെന്ന് മനസ്സിലായി. ജോലി കഴിഞ്ഞുള്ള സമയം ആവശ്യങ്ങളിലിരിക്കുന്നവരെ പലവിധത്തില്‍ അദ്ദേഹം സഹായിക്കാറുണ്ട്. അദ്ദേഹത്തെ വിശ്വസിക്കാന്‍ കൊള്ളാമെന്നു തോന്നി. സംഭവങ്ങളൊക്കെ വിശദമായി എഞ്ചിനീയറോടു പറഞ്ഞു. അവരുടെ വിവാഹഫോട്ടോയും അദ്ദേഹത്തെ ഏല്‍‌പ്പിച്ചു.

മയക്കു മരുന്ന് കേസിനേപ്പറ്റി പറഞ്ഞതിനാലാകും എഞ്ചിനിയര്‍ ആദ്യം തന്നെ ജയിലില്‍ അന്വേഷിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വിവരം കിട്ടി. സജി കുര്യാക്കോസ് എന്നൊരാള്‍ മയക്കുമരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുണ്ട്.

ഞാന്‍ ഉടന്‍ തന്നെ വീട്ടിലേക്ക് വിളിച്ച് അപ്പനോട് ഈ വിവരം പറഞ്ഞു. അപ്പന്‍ എന്നെ വല്ലാതെ ശാസിക്കുകയാണുണ്ടായത്.

“നീ കൂടുതലൊന്നും അന്വേഷിക്കേണ്ട. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഞങ്ങളുടെ കാലശേഷം അവള്‍ക്കും ജിന്‍‌സിമോള്‍‌ക്കും ആരാ ഉള്ളത്. ഒരു കണക്കിനാണ് ഒരു രണ്ടാം കല്ല്യാണത്തിന് സമ്മതിപ്പിച്ചത്. നൊയമ്പുകഴിഞ്ഞാല്‍ കല്ല്യാണം നടത്താമെന്ന് അവരും സമ്മതിച്ചിരിക്കുകയാ. നീ കൂടുതലൊന്നും അന്വേഷിച്ച് കുഴപ്പങ്ങള്‍ ഉണ്ടാക്കേണ്ട...” അപ്പന്‍ ദ്വേഷ്യപ്പെട്ട് ഫോണ്‍ ഡിസ്‌ക്കണക്‌ട് ചെയ്‌തു.

മൂത്ത പെങ്ങള്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു എന്നുള്ള വിവരം എന്നെയും സന്തോഷിപ്പിച്ചു. വൈകിയാണെങ്കിലും അവളുടെ മനസ്സ് മാറ്റിയ ദൈവത്തിന് നന്ദി പറഞ്ഞു.

ഞാന്‍ അന്വേഷണങ്ങള്‍ അവസാനിപ്പിച്ചുവെങ്കിലും, എഞ്ചിനീയര്‍ അന്വേഷണങ്ങളുമായി മുന്നേറി. വളരെ ബുദ്ധിമുട്ടി ജയിലില്‍ കഴിയുന്ന സജികുര്യാക്കോസിനെ കാണാന്‍ പ്രത്യേക അനുമതി സംഘടിപ്പിച്ചു.

ഞായറാഴ്‌ച അവധിയെടുത്ത് എഞ്ചിനീയറുടെ കൂടെ ജയിലിലേക്ക് സജി കുര്യാക്കോസിനെ കാണാന്‍ പോകുമ്പോഴും എന്റെ മനസ്സില്‍ ആശങ്കകളായിരുന്നു. ജയിലിലേക്ക് പോകണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ എനിക്കായില്ല.

“സാര്‍ ഇനിയും പോകണമെന്നില്ല. പെങ്ങള്‍ മറ്റൊരു വിവാഹത്തിന് സമ്മതിച്ചിട്ടുണ്ട്. ഈ അടഞ്ഞ അദ്ധ്യായം തുറക്കേണ്ട.“ ഞാന്‍ എഞ്ചിനിയറോടു പറഞ്ഞു.

“വളരെ ബുദ്ധിമുട്ടി ലഭിച്ച അപ്പോയിന്റ്‌മെന്റാണ് വെറുതേയൊന്ന് കണ്ട് സംസാരിക്കുന്നതുകൊണ്ട് ഒന്നും നഷ്‌ടപ്പെടാനില്ലല്ലോ” എഞ്ചിനീയറുടെ നിര്‍ബ്ബന്ധത്തില്‍ ഞാനും ജയിലിലെത്തി.

മുത്തപെങ്ങള്‍ എല്‍‌സിയുടെ ഭര്‍‌ത്താവ് സജി കുര്യാക്കോസു തന്നെയായിരുന്നു അവിടെയുണ്ടായിരുന്നത്. കാലം വരുത്തിയ മാറ്റങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആളെത്തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല.

പറഞ്ഞു കേട്ട കഥകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ കാര്യങ്ങളാണ് സജി കുര്യാക്കോസ് പറഞ്ഞത്.

താന്‍ ചതിയില്‍‌പെട്ടാണ് ജയിലിലായത്. ഒരു അറബിയുടെ ഫാര്‍‌മസിയില്‍ ജോലിചെയ്യുകയായിരുന്നു. അറബിയുമായി തെറ്റിപ്പിരിഞ്ഞ് മറ്റൊരു അറബിയുടെ സ്‌പോണ്‍‌സര്‍ഷിപ്പില്‍ സ്വന്തമായി ഒരു ഫാര്‍‌മസി ആരംഭിച്ചു. പഴയ ഫാര്‍‌മസില്‍ നിന്നും കുറേ ദൂരെയായാണ് പുതിയ ഫാര്‍‌മസി ആരംഭിച്ചതെങ്കിലും പഴയ സ്ഥിരം കസ്‌റ്റമേഴ്‌സെല്ലാം പുതിയ ഫാര്‍‌മസിയിലേക്കു വരുന്നത് പഴയ ഫാര്‍‌മസിക്കാരെ ചൊടിപ്പിച്ചു. നല്ല സേവനം കൊടുത്ത് കൂടുതല്‍ വില്‍പ്പനയുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അറിയാതെ കെണിയില്‍ ചാടിയത്.

ഒരു ദിവസം ഉച്ചയ്‌ക്ക് ഫാര്‍‌മസി അടച്ച് ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോഴാണ്. ഒരു അറബി അത്യാവശ്യം ഒരു മരുന്നിന് വന്നത്. അറബി വന്ന കാര്‍ ഷോപ്പിനോട് ചേര്‍‌ത്തു നിര്‍‌ത്തി. കാറിന്റെ പുറകിലത്തെ സീറ്റില്‍ അറബിയുടെ ഭാര്യയും ഉണ്ടായിരുന്നു. ഗ്ലാസ്സ് താഴ്‌ത്തി ഡോക്‌ടറുടെ പ്രിസ്‌ക്രിപ്‌ഷന്‍ കാണിച്ചു. ഡയസിപ്പാം ടാബിലെറ്റാണ് വേണ്ടത്. ഫാര്‍മസിയുടെ ഷട്ടര്‍ പകുതി തുറന്ന് മരുന്ന് എടുത്ത് പുറത്തുവന്നു. അറബിയുടെ കൈയില്‍ നിന്നും പണം വാങ്ങുന്നതിനിടയില്‍ രണ്ട് സി.ഐ.ഡി. കള്‍ തന്നെ പിടികൂടി. അതിനിടയില്‍ മരുന്ന് ചോദിച്ചു വന്ന അറബി കാ‍ര്‍ ഓടിച്ച് കടന്നു കളഞ്ഞു.

കേസുകള്‍ പലത് ചാര്‍ജു ചെയ്‌തു. പ്രിസ്‌ക്രിപ്ഷനില്ലാതെ മരുന്നു വിറ്റു. പൊതു സ്ഥലത്തുവെച്ച് മരുന്ന് വിതരണം ചെയ്‌തു. തുടങ്ങിയവ.

പൊതുസ്ഥലത്തുവെച്ച് മയക്കുമരുന്ന് വില്‍‌ക്കാന്‍ ശ്രമിച്ചു എന്നുള്ള കേസാണ് കോടതിയില്‍ എത്തിയത്.

ഡയസിപ്പാം എന്ന മരുന്നില്‍ മയക്കുമരുന്ന് ഉള്‍‌പ്പെട്ടിട്ടുണ്ടെന്ന് എല്ലാവര്‍‌ക്കും അറിയാവുന്ന കാര്യമാണ്. അതു കൂടാതെ തന്റെ ഫാര്‍‌മസിസ്‌റ്റായുള്ള രജിസ്‌ട്രേഷന്‍ പൂര്‍‌ത്തിയാകാഞ്ഞതിനാല്‍ വിസ്സായില്‍ സ്‌റ്റോര്‍ ലേബര്‍ എന്നാണ് രേഖപ്പെടുത്തിയിരുന്നത് അതും കേസിനെ പ്രതികൂലമായി ബാധിച്ചു.

പഴയ ഫാര്‍‌മസിക്കാരന്‍ ഒരുക്കിയ കെണിയാണെന്ന് പറയാനോ വാദിക്കാനോ ആരും ഉണ്ടായിരുന്നില്ല. പുതിയ ഫാര്‍‌മസി പൂട്ടിക്കുകയെന്ന ലക്ഷ്യം പഴയ ഫാര്‍‌മസിക്കാര്‍ നേടി.

മയക്കു മരുന്നു കേസ്സില്‍ ശിക്ഷ ഉറപ്പായതിനാല്‍, വെറുതെ കാശ്‌ ചിലവാക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ലോകത്തോട് ബന്ധമൊന്നുമില്ലാതെ കഴിഞ്ഞ പതിനൊന്നു വര്‍‌ഷമായി ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.

പന്ത്രണ്ടു വര്‍ഷത്തെ തടവിനും ശേഷം നാടുകടത്താനാണ് വിധി.

ഇനിയും ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിച്ചാല്‍ നാട്ടിലേക്ക് പോകാം.

ജയിലിലായതിനു ശേഷം നാട്ടിലെ വിവരങ്ങളൊന്നും അറിയുന്നുണ്ടായിരുന്നില്ല. മകള്‍ ജിന്‍‌സി അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ സജിയ്‌ക്ക് ഒത്തിരി സന്തോഷമായി. ഒരിക്കലും കണ്ടിട്ടില്ലാത്ത പൊന്നുമോളുടെ മുഖമൊന്നു കാണാനുള്ള വെമ്പല്‍ ആ മുഖത്തുണ്ടായിരുന്നു.

തന്റെ ഭാര്യ എല്‍‌സിയേപ്പറ്റി എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ ഞങ്ങള്‍ക്ക് അനുവദിച്ചിരുന്ന സമയം കഴിഞ്ഞിരുന്നു.

ജയിലിന്റെ വലിയ ഇരുമ്പു ഗെയിറ്റ് കടക്കുമ്പോള്‍ ഞാനൊന്നു തിരിഞ്ഞു നോക്കി ഇപ്പോഴും സജി കുര്യാക്കോസ് ഞങ്ങളെ നോക്കി നില്‍‌ക്കുകയാണ്. ഒരു വര്‍‌ഷത്തിനു ശേഷം നാട്ടിലെത്തി എല്‍‌സിയോടും മകളോടു മൊത്തുള്ള സന്തോഷകരമായ കുടുംബജീവിതം സജി കുര്യാക്കോസ് സ്വപ്‌നം കണ്ടു തുടങ്ങി.

റൂമിലെത്തുമ്പോള്‍ എല്‍‌സിയുടെ രണ്ടാം വിവാഹത്തിന്റെ കല്ല്യാണകുറി എന്നെ കാത്തു കിടക്കുന്നുണ്ടായിരുന്നു. നൊയമ്പ് കഴിഞ്ഞുള്ള തിങ്കളാഴ്‌ചയാണ് കല്ല്യാണം.

25 comments:

ബാജി ഓടംവേലി said...

പറഞ്ഞു കേട്ട ചില സത്യങ്ങള്‍ മനസ്സില്‍ നില്‍‌ക്കുമ്പോളും ഇതൊരു കഥയാണ്, കഥമാത്രമാണെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നു.

simy nazareth said...

kathayo sathyamo ennu thirichariyaan pattunnilla.

nalla ezhuthth baaji

ശ്രീ said...

കഥ മാത്രമായിരിയ്ക്കട്ടെ എന്നു വിശ്വസിയ്ക്കാന്‍ ശ്രമിയ്ക്കുന്നു.

Sharu (Ansha Muneer) said...

കഥയാണെന്ന് തന്നെ വിശ്വസിക്കാന്‍ ശ്രമിക്കുന്നു...

ശ്രീവല്ലഭന്‍. said...

ബാജി, എഴുത്ത് ഇഷ്ടപ്പെട്ടു.

ഇതുപോലെ രണ്ടു കൊല്ലം മുന്‍പ് വടക്കെ ഇന്ത്യയില്‍ സംഭവിച്ചിരുന്നു. ആദ്യ ഭര്‍ത്താവിനെ പറ്റി യാതൊരു വിവരവും കുറെ നാള്‍ ഇല്ലാതിരുന്നതും (പാകിസ്ഥാനില്‍ ജയിലില്‍ ആയിരുന്നു), രണ്ടാമത് സ്ത്രീ വിവാഹം കഴിച്ചതും, പിന്നീട് അവര്‍ ആദ്യ ഭരതവിന്റെ കൂടെ പോയതും. അത് വളരെയധികം മീഡിയ ശ്രദ്ധ പിടിച്ചിരുന്നു.

ശ്രീവല്ലഭന്‍. said...

:-)

പാമരന്‍ said...

കൊള്ളാം മാഷെ... കഥ മാത്രമാവട്ടെ..

തോന്ന്യാസി said...

കഥ മാത്രമാണെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു.............

ഹരിത് said...

മനസ്സില്‍ തൊട്ടു.

ചിതല്‍ said...

ഇത് ഒരു കഥമാത്രമായിരിക്കട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു..

യാത്രിക / യാത്രികന്‍ said...

മനസ്സില്‍ തട്ടുന്ന വിവരണം.
കഥയുടെ അവസാനം പറയാതെ വായനക്കാര്‍‌ക്ക് ചിന്തിക്കാനായി വിട്ടത് നന്നായി.
അതാണ് ശരി.

യാത്രിക / യാത്രികന്‍ said...

മനസ്സില്‍ തട്ടുന്ന വിവരണം.
കഥയുടെ അവസാനം പറയാതെ വായനക്കാര്‍‌ക്ക് ചിന്തിക്കാനായി വിട്ടത് നന്നായി.
അതാണ് ശരി.

പൈങ്ങോടന്‍ said...

ഇതു കഥ തന്നെയോ?

ദൈവം said...

ഇങ്ങനെയൊക്കെത്തന്നെയാണ് നമ്മുടെയൊക്കെ ജീവിതം എന്ന ഓര്‍മ്മപ്പെടുത്തലിന് ബാജീ, നന്ദി.

ബാജി ഓടംവേലി said...

സിമി,
ശ്രീ,
ഷാരു,
ശ്രീവല്ലഭന്‍,
കിനാവ്,
പാമരന്‍,
തോന്യാസി,
ഹരിത്,
ചിതല്‍
യാത്രികന്‍,
പൈങ്ങോടന്‍,
ദൈവം,
തുടങ്ങി വന്ന് അഭിപ്രായം അറിയിച്ചവര്‍ക്കും.
വന്നു പോയവര്‍‌ക്കും നന്ദി നന്ദി...
ഇങ്ങനെ ഒരു ഫാര്‍മസിയുടെ കെണിയില്‍ പെട്ട് ഒന്‍‌പതു വര്‍ഷമായി ദുബായി ജയിലില്‍ കഴിയുന്ന ഒരാളുണ്ട്. രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. ശ്രമങ്ങള്‍ എത്രയും വേഗം വിജയിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

കാപ്പിലാന്‍ said...

ഇതൊരു കഥ മാത്രം ആകനെ എന്ന് ഞാനും ആഗ്രഹിക്കുന്നു.

നന്നായി

ഡാന്‍സ്‌ മമ്മി said...

നല്ല കഥ.

കുറുമാന്‍ said...

കഥയാണെങ്കില്‍ വളരെ നല്ലത് ബാജി. അതല്ല, വാസ്തവമാണെങ്കില്‍ ചുമ്മാതല്ല മൊബൈല്‍ ഫോണ്‍, ഉറപ്പിച്ച കല്യാണമങ്ങട് നടക്കില്ലാന്ന് പറ..സ്നേഹത്തിനൊരു വിലയുമില്ലെ...നിരപരാധികള്‍ എന്നും എവിടേയൂം ക്രൂശിക്കപെടുന്നു. നന്മ ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ചിലപ്പോഴെല്ലാം ചിന്തിച്ച് പോകുന്നു..

യരലവ~yaraLava said...

ഇതൊരു കഥമാത്രമാണെന്നൌ നിങ്ങള്‍ വിശ്വസിക്കേണ്ട, ഒത്തിരി നിരപരാധികള്‍ ഇതുപോലെ കുടുങ്ങിപിടഞ്ഞ് നിരങ്ങുന്നതു നേരില്‍ കണ്ട ഒരനുഭവം, ഒരിക്കലുമെന്റെ കണ്മുന്നില്‍ നിന്നു മായുന്നില്ല.

ബാജി ഓടംവേലി said...

കാപ്പിലാന്‍,
ഡാന്‍‌സ് മമ്മി,
കുറുമാന്‍,
യരലവ,
അഭിപ്രായത്തിന് നന്ദി നന്ദി....
ഇങ്ങനെ ഒരു ഫാര്‍മസിയുടെ കെണിയില്‍ പെട്ട് ഒന്‍‌പതു വര്‍ഷമായി ദുബായി ജയിലില്‍ കഴിയുന്ന ഒരാളുണ്ട്. രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു.

Pongummoodan said...

വളരെ നന്നായിരിക്കുന്നു.

നാടോടി said...

:)

,, said...

ചിലപ്പോള്‍ സത്യം കഥയേക്കാള്‍ വിചിത്രമാവും. വികാരങ്ങളെ മനസിലേക്കെത്തിക്കാന്‍ ബാജിക്ക് കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍

ബാജി ഓടംവേലി said...

പൊങ്ങുമ്മൂടന്‍,
നാടോടി,
നന്ദന,
അഭിപ്രായങ്ങള്‍‌ക്ക് നന്ദി... നന്ദി...
പറഞ്ഞു കേട്ട ചില സത്യങ്ങള്‍ മനസ്സില്‍ നില്‍‌ക്കുമ്പോളും ഇതൊരു കഥയാണ്, കഥമാത്രമാണെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുന്നു.

annie said...

:(