Wednesday, January 16, 2013

സ്വയം വരം (സ്വയമൊരു വരമേവുക)

        അഹങ്കാരത്തിന്റെ മൂര്‍ത്തീ രൂപമായിരുന്നു വലിയവീട്ടിലെ കൊച്ചമ്മ. മുടി ഫാഷനില്‍ മുകളിലോട്ടുയര്‍ത്തി കെട്ടി വെച്ച്, മുഖത്തു നിറയെ ചായം വാരിത്തേച്ച്, കൈ ഇല്ലാത്ത ബ്ലൌസ്സും പളപളപ്പന്‍ സാരിയും വാരിച്ചുറ്റി, തല ഉയര്‍ത്തി വെട്ടിച്ചുള്ള നടപ്പു കണ്ടാല്‍ ഞാനൊരു മദയാനയാണ്എന്നെ തളയ്‌ക്കാന്‍ ആരുമില്ല എന്ന ഭാവമാണ്മുഖത്ത്.
              ഒരു കാര്‍ഡ്രൈവര്‍ എന്ന സ്ഥാനം എനിക്കു തന്നില്ലെന്നതൊ പോകട്ടെ വെറും ഒരു പട്ടിയേപ്പോലെയാണ്എന്നെ അവര്‍ പരിഗണിച്ചിരുന്നത്. എല്ലാ തൊഴില്‍ദാതാക്കളും തൊഴിലാളികളോട് ക്രൂരമായേ പെരുമാറൂ എന്ന അലിഘിത നിയമം അവര്‍ കൃത്യമായി പാലിച്ചു പോന്നു. ഡ്രൈവറു പണി ഇല്ലാത്തപ്പോള്‍ വീട്ടില്‍ നാലാളുടെ പണി എന്നേക്കൊണ്ടവര്‍ ചെയ്യിക്കും. ചെടി നനയ്‌ക്കാനും വിറകു കീറാനും എനിക്ക് അറിയാമായിരുന്നെങ്കിലും തെങ്ങേല്‍ക്കയറാനും ബാത്തു റും കഴുകാനും പഠിക്കേണ്ടി വന്നു. ജോലിയുടെ കാഠിന്യം നിമിത്തം ഈ ജോലി ഉപേക്ഷിച്ചു പോയാലോ എന്ന് പലവട്ടം ആലോചിച്ചെങ്കിലും നിവൃത്തി കേടുകൊണ്ട് ഇന്നും ഒരു അടിമയേപ്പോലെ ഒരു ഡ്രൈവറുടെ വേഷം കെട്ടേണ്ടി വന്ന ഹതഭാഗ്യനാണ്ഞാന്‍. എന്നോടു മാത്രമല്ല എല്ലാ പുരുഷന്മാരോടു അവര്‍ക്ക് പുശ്‌ചമായിരുന്നു. ആണുങ്ങളായ പുരുഷന്മാരെ അവര്‍ കണ്ടിട്ടില്ലായിരിക്കാം, അതായിരിക്കാം അവരുടെ കുഴപ്പം. ഭര്‍ത്താവിന്റെ കുപ്പായം ഇട്ട പുരുഷനൊരു ശാസ്‌ത്രജ്ഞനാണ്‍. അദ്ദേഹമാണ്കണ്ടെത്തിയത് പ്രശ്‌നങ്ങളില്‍ നിന്ന് മുഖം ഒളിപ്പിക്കാന്‍ പറ്റിയ ഇടം പുസ്‌തകമാണെന്ന്. ചാരുകസേരയില്‍ തളര്‍ന്നു കിടന്ന് അദ്ദേഹം എപ്പോഴും വായനയുടെ ലോകത്തായിരുന്നു.
            കൊച്ചമ്മയുടെ എല്ലാം എല്ലാമായ പുന്നാരമോള്‍ ഡോറ എപ്പോഴും കൂടെയുണ്ടാകും, ജീവിതത്തില്‍ അവര്‍ പിരിഞ്ഞിരിക്കുന്ന നിമിഷങ്ങള്‍ അപൂര്‍വ്വമാണ്‍. ഊണിലും ഉറക്കത്തിലും ഡോറ കൂടെ വേണം ക്ലബ്ബില്‍ പോയാലും, ഷോപ്പിങ്ങിനു പോയാലും ഡോറ കൂടെ വേണം. കാര്‍ പാര്‍ക്കു ചെയ്‌തു അതിനുള്ളില്‍ മണിക്കൂറുകളോളം കാത്തു കിടക്കാനും തിരികെ വരുമ്പോള്‍ എഴുന്നേറ്റ് പട്ടിയെപ്പോലെ വാലാട്ടി ചിരിച്ച് വാതില്‍ തുറന്നു കൊടുക്കാന്‍ ഈ പാവം ഞാനും.
         കൊച്ചമ്മയുടെ എല്ലാം എല്ലാമായ മകള്‍ ഡോറയെ നശിപ്പിക്കുക വഴിയെ അവരുടെ അഹങ്കാരത്തെ തോല്‍പ്പിക്കാനാവൂ. അതിലേക്കുള്ള ആദ്യ ചുവടായിരുന്നു പ്രണയാഭിനയം. പ്രണയവലയില്‍ വീഴാത്ത കിളികളുണ്ടോ?
              പ്രതികാരവാഞ്ചയോടെയാണ്ഡോറയെ പ്രണയിച്ചു തുടങ്ങിയത്. പ്രതികാരം ഒളിപ്പിച്ചു വെച്ച ഗില്‍റ്റു പേപ്പര്‍ മാത്രാമായിരുന്നു പ്രണയം. ഞങ്ങളുടെ പ്രണയം മൊട്ടിട്ടത് പള്ളിയുടെ മുറ്റത്ത് കാറില്‍ വെച്ചായിരുന്നു. ഒഴിവാക്കാനാവാത്ത അവസരങ്ങളില്‍ മാത്രമേ എന്നോടൊപ്പം ഡോറയെ കാറില്‍ ഇരുത്തിയിട്ട് കൊച്ചമ്മ എവിടെയെങ്കിലും പോവുകയുള്ളൂ. ആരാധനയുടെ നീണ്ട മണിക്കൂറുകള്‍ ഞങ്ങള്‍ക്ക് മാത്രം സ്വന്തമായിരുന്നു.
             പള്ളിയില്‍ പോകുമ്പോള്‍ മാത്രം കൊച്ചമ്മ ഡോറയെ കൂടെ കൂട്ടാറില്ല. പള്ളിയില്‍ പട്ടികള്‍ക്ക് പ്രവേശനം ഇല്ലാത്തത് എനിക്ക് ആശ്വാസമായി. കൊച്ചമ്മയുടെ പിന്നാലെ എപ്പോഴും മുട്ടിയുരുമി നടന്ന ഡോറയ്‌ക്ക് കൊച്ചമ്മയോട് വലിയ സ്‌നേഹമാണെന്നാ ഞാന്‍ തെറ്റിധരിച്ചത്. കൊച്ചമ്മയുടെ കാലൊക്കെ നക്കി കൊടുക്കുന്നത് കാണുമ്പോള്‍ എനിക്കവളോട് അറപ്പായിരുന്നു. അവളും കൊച്ചമ്മയെ വെറുക്കുന്നൂ എന്ന് അറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ഞങ്ങള്‍ ഒരേ തൂവല്‍ പക്ഷികളാണല്ലോ എന്ന് ആശ്വസിച്ചു. അവളെ നശിപ്പിക്കാന്‍ ആലോചിച്ച നിമിഷങ്ങളെ ശപിച്ചു. പ്രണയം കൂടുതല്‍ ആത്മാര്‍ത്ഥമായ്."
            എനിക്ക് സ്വാന്തന്ത്ര്യമാണ്വലുത്, എന്നെ എന്റെ കൂട്ടരുടെ അടുത്തേക്ക് തുടലൂരി വിട്ടാല്‍ നിങ്ങള്‍ക്ക് നൂറു പുണ്യം കിട്ടൂം" എന്ന് ഡോറ പറഞ്ഞപ്പോള്‍ ഞാന്‍ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞെങ്കിലും അതിനുള്ള ധൈര്യം എനിക്കില്ലായിരുന്നു.
             ആ ദിനങ്ങളില്‍ ഞങ്ങള്‍ യഥാര്‍ത്ഥ പ്രണയത്തിന്റെ വിലയറിഞ്ഞു. പ്രണയത്തിന്റെ മൂര്‍ത്ഥന്യത തേടാന്‍ ജാതിയൊരു തടസ്സമാണ്‍ല്ലോ എന്ന് വളരെ വൈകാതെ തിരിച്ചറിഞ്ഞു. ഞാനൊരു മനുഷ്യജാതിയും അവളൊരു മൃഗജാതിയും ആയിപ്പോയതില്‍ ആരെപ്പഴിക്കാന്‍.
             കഴിഞ്ഞ ഞായറാഴ്‌ച ഞാനും ഡോറയും പള്ളുമുറ്റത്ത് പാര്‍ക്കു ചെയ്‌തിരുന്ന കാറില്‍ കണ്ണില്‍ കണ്ണില്‍ നോക്കി സ്വപ്‌നങ്ങള്‍ പങ്കുവെച്ചു കൊണ്ടിരുന്നപ്പോള്‍ മാലാഖ പ്രത്യക്ഷപെട്ടു."
ഞാന്‍ നിങ്ങളുടെ ആത്മാര്‍ത്ഥമായ പ്രണയത്തില്‍ പ്രസാദിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് എന്തു വരമാണ്വേണ്ടത്" തൂവെള്ള ചിറകുകള്‍ വീശി പറന്നു നിന്നു കൊണ്ട് മാലാഖ ചോദിച്ചു.
" എന്നെ സുന്ദരിയായൊരു പെണ്‍കുട്ടിയാക്കുക " വളരെ നാളായി ഡോറ മനസ്സില്‍ ഓര്‍ത്തു വെച്ചിരുന്ന ആഗ്രഹം പെട്ടെന്ന് പറഞ്ഞു.
"നിന്റെ ഇഷ്‌ടം പോലെ അടുത്ത ജന്മത്തില്‍ നീയൊരു സുന്ദരിയായ ഒരു പെണ്‍കുട്ടിയായിരിക്കും" മാലാഖ ഡോറയെ ആശിര്‍വദിച്ചു. " എന്നെയൊരു ആണ്‍പട്ടിയാക്കാമോ ? അല്പം ദേഷ്യത്തോടെയാണ്ഞാന്‍ ചോദിച്ചത്."
അടുത്ത ജന്മത്തില്‍ അങ്ങനെ ഭവിക്കട്ടെ" എന്നു പറഞ്ഞ് മാലാഖ അപ്രത്യക്ഷയായി.
           എനിക്ക് ദേഷ്യം സഹിക്കാനായില്ല. ഈ ജന്മത്തില്‍ വരം നല്‍കാന്‍ എന്താ മാലാഖയ്‌ക്ക് സാധിക്കാത്തത്?. അടുത്ത ജന്മത്തിലെ വരം എന്റെ പട്ടിക്കു പോലും വേണ്ട.
           ഈ കഥയിലെങ്കിലും ഞാനൊരു ആണ്‍പട്ടിയായി പുനര്‍ജ്ജനിക്കുവാന്‍ ആഗ്രഹിച്ച് ഡോറയെ രക്ഷിക്കാന്‍ തീരുമാനിച്ചു. അവളെ സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് പറഞ്ഞയയ്‌ക്കാന്‍ എനിക്കാകും. ഡോറയുടെ കഴുത്തിലെ തൊടല്‍ ഊരി ഡോറു തുറന്ന് അവളെ സ്വതന്ത്രയാക്കി. സ്‌നേഹത്തോടെ അവളെന്റെ ചുണ്ടില്‍ ചുംബിച്ച് നടന്നു നീങ്ങുന്നത് ഞാന്‍ നിറമിഴിയോടെ നോക്കി നിന്നു.
          പള്ളി ആരാധനയൊക്കെ കഴിഞ്ഞ് കൊച്ചമ്മ കാറിന്നരികിലെത്തി. എന്റെ ഡോറയെവിടെ കണ്ണു കൊണ്ട് കാറില്‍ പരതിയ ശേഷം ചോദ്യഭാവേന മുഖം എന്റെ നേരെ തിരിച്ചു. ഇനിയും ചോദ്യം ചെയ്യലാവും ശകാര മഴയാകും.
          ഞാന്‍ തല ഉയര്‍ത്തി, ഈ ജന്മത്തില്‍ സ്വയം വരമേകാന്‍ വരമാകാന്‍ എനിക്കേ കഴിയൂ. ഞാന്‍ കാറിന്റെ താക്കോല്‍ ഊരി അവരെ ഏല്‍പ്പിച്ചിട്ട് വാലാട്ടാതെ ഒരു ആണ്‍കുട്ടിയേപ്പോലെ നടന്നകന്നു.
ആണ്‍കുട്ടിയാകാന്‍ മറ്റാരുടേയും വരം വേണ്ടല്ലോ.

Saturday, January 12, 2013

വിശ്വാസം

നഃസാക്ഷി മാത്രം എന്നും ശത്രു പക്ഷത്താണ്‍. അല്ലെങ്കില്‍ ആര്‍ക്കാണിന്ന് സ്ഥിരം ശത്രുക്കളുള്ളത് ?

ദൈവവും പിശാചും കൂടി ഒരു ദിവസം വൈകുന്നേരം ബിഷപ്പ്‌ ഹൌസിലേക്കുള്ള റോഡിലൂടെ നടക്കുകയായിരുന്നു. , ബദ്ധശത്രുക്കളെന്ന് ലോകം മുന്‍‌‌വിധിയെഴുതിയ രണ്ടു പേര്‍ ഒന്നിച്ച് എന്തിന്എവിടേക്ക് പോകുന്നു എന്നൊന്നും ചോദിക്കരുത്. ഇരുവര്‍ക്കും പണ്ടു തൊട്ടേ ചോദ്യങ്ങളൊന്നും ഇഷ്‌ടമല്ലതാനും. വല്ല അരുളപ്പാടും കിട്ടിയാല്‍ നിശ്ശബ്‌ദമായി അനുസരിച്ചുകൊള്ളുക, അതാണ്ഇരുവര്‍ക്കും ഇഷ്‌ടം.

മുസ്‌ളിം പള്ളി കഴിഞ്ഞ് അമ്പലപ്പടിക്ക് തൊട്ടു മുന്‍പുള്ള വളവിനെത്തിയപ്പോള്‍ അപ്രതീക്ഷിതമായി അതു വഴി വന്ന ഒരു കാര്‍ രണ്ടു പേരെയും ഇടിച്ചു തെറിപ്പിച്ചു. ഇതേ സ്ഥലത്ത് ഇതിനു മുന്‍പും പല അപകടങ്ങള്‍ നടന്നിട്ടുണ്ട്, കാര്‍ നല്ല സ്‌പീഡിലുമായിരുന്നു. "എത്ര വേഗത്തിലോടിയാലും ഓടിയെത്താനാകുന്നില്ല" എന്ന പക്ഷക്കാരാണ്ഡ്രൈവര്‍‌മാര്‍. ഇടിച്ച കാറിന്റെ നിറമെന്ത് ?, കാറില്‍ കൊടിയുണ്ടായിരുന്നോ ?, കൊടിയുടെ നിറമെന്തായിരുന്നു ?, കൊടി പറക്കുന്നുണ്ടായിരുന്നോ? എന്നൊന്നും ആരും നോക്കിയില്ല. അല്ലെങ്കിലും ഇക്കാലത്ത് കൊടിയുടെ നിറം നോക്കീട്ടെന്തുകാര്യം, എല്ലാം കണക്കാ. പൊതുജനം ഓടിക്കൂടുന്നതിനു മുന്‍പേ കാറും കാറുകാരും ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.

ഓടിക്കൂടിയ പൊതുജനം നോക്കി നില്‍ക്കെ ദൈവം സംഭവസ്ഥലത്തു വെച്ചു തന്നെ ചോരവാര്‍ന്നു മരിച്ചു. ആള്‍ത്തിരക്കു കാരണം മൊബൈലിലൊന്നും രംഗം ശരിയായി പകര്‍ത്താനായില്ലെന്ന് ചില യുവാക്കള്‍ പരാതി പറഞ്ഞു. പിശാചിന്റെ പിടച്ചിലും നിലവിളിയും ന്യൂസ് അവറില്‍ നീണ്ട ചര്‍ച്ചയായി. "മരിച്ചവര്‍ മരിച്ചവരുടെ കാര്യം നോക്കട്ടെ നമുക്ക് ജീവിച്ചിരിക്കുന്നവരുടെ കാര്യം നോക്കാം" എന്ന നേതാവിന്റെ പ്രസ്ഥാവന വിവാദമാകുകയും, പ്രസ്ഥാവനയ്‌ക്കെതിരെ പ്രതിഷേധം സംസ്ഥാനത്തൊട്ടാകെ അലിയടിക്കുകയും ചെയ്‌തു.

മരിച്ചതാരാ - ദൈവം, ജീവിച്ചിരിക്കുന്നതാരാ - പിശാച് , ഇവരില്‍ ആരുടെയെങ്കിലും പക്ഷത്താണല്ലോ മാലോകര്‍ മുഴുവന്‍.എല്ലാവരും കാഴ്‌ചക്കാരായി നോക്കി നില്‍ക്കുക മാത്രമാണ്ചെയ്‌തത്. അവസാനം ഒരു ബിഷപ്പാണ്രക്ഷാപ്രവര്‍ത്തനത്തിന്മുന്‍കൈ എടുത്തത്. "ഇക്കാലത്തും ഇങ്ങനെയൊരു ബിഷപ്പോ ?" എന്നു ചോദിച്ച് നിങ്ങള്‍ നെറ്റിയൊന്നും ചുളിക്കേണ്ട, അങ്ങനേയും ചിലരൊക്കെയുണ്ട്.

പിശാചിനെ പള്ളിവക സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കൊണ്ടു പോയി ജീവന്‍ രക്ഷിച്ചു. ഒരു രോഗിയേക്കൂടി കിട്ടിയ സന്തോഷമാകാം, അവന്റെ പോക്കറ്റിന്റെ കനമാകാം ബിഷപ്പിനെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ചിലര്‍ അടക്കം പറഞ്ഞു.

ഒരു പക്ഷേ ബിഷപ്പിന്റെ കാറെങ്ങാനുമായിരിക്കുമോ ഇവരെ ഇടിച്ചു തെറിപ്പിച്ചത് ? അതിന്റെ കുറ്റബോധമാകാം ബിഷപ്പിന്ഇവരെ സഹായിക്കാന്‍ പ്രേരകമായതെന്ന് ചിലര്‍ മനസ്സില്‍ വിചാരിച്ചു. കുറേ പേര്‍ പിചാചിന്റെ പുറകെ ആശുപത്രിയിലേക്ക് പോയി. മറ്റുള്ളവര്‍ അവരവരുടെ തിരക്കിട്ട ജോലിയിലേക്ക് മടങ്ങി, റോഡരുകില്‍ മരിച്ചു കിടക്കുന്ന ദൈവത്തെ എല്ലാവരും മറന്നു. ജീവിച്ചിരിക്കുന്ന ദൈവത്തെ വേണ്ട പിന്നെയാ മരിച്ച ദൈവം.

ബിഷപ്പും കൈക്കാരനും ചേര്‍ന്ന് ദൈവത്തിന്റെ ഡെഡ് ബോഡി ഇടവക സെമിത്തേരിയോടു ചേര്‍ന്നുള്ള ‌‌‌‌ തെമ്മാടിക്കുഴിയില്‍ രഹസ്യമായി മറവു ചെയ്‌തു. മരിച്ചത് ശരിയായ ദൈവമാണെങ്കില്‍ മൂന്നാം നാള്‍ പുഷ്‌പം പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ബിഷപ്പിനറിയാം. ഇല്ലെങ്കിലും കുഴപ്പമില്ല ജീവനോടിരിക്കുന്ന പിശാചിന്റെ പ്രലോഭനങ്ങളില്‍ വീഴാതിരിക്കാ‍നായി വിശ്വാസികള്‍ ദൈവത്തെ തേടി വന്നോളും.

തന്റെ ജീവന്‍ രക്ഷിച്ച ബിഷപ്പിനോട് പിശാച് നന്ദികേടൊന്നും കാണിക്കാനും വഴിയില്ല. ജീവനോടിരിക്കുന്ന പിശാചിനെക്കാണിച്ച് ദൈവവും ജീവിക്കുന്നെന്ന് പറഞ്ഞാല്‍ ആരാണീക്കാലത്ത് മറിച്ച് ചിന്തിക്കുക.

Thursday, January 10, 2013

കാഴ്‌ചയുടെ അടിവേരുകള്‍

"നുഷ്യ ജന്മങ്ങള്‍ക്ക് വിലയില്ലാത്ത കാലം" എന്നാണ്ഈ കാലത്തെ നമ്മുടെ അറുപത്തിരണ്ടുകാരന്‍ വിശേഷിപ്പിക്കാറുള്ളത്. "
കാലത്തിനെ പഴിച്ചിട്ട് കാര്യമില്ല, അന്ത്യനാളുകളില്‍ ഇതൊക്കെ സംഭവിക്കേണ്ടതു തന്നെയാണ്‍" എന്ന ആത്മഗതവും കൂടെയുണ്ടാകും.
പ്രഭാതത്തില്‍ വാടക വീടിന്റെ മുറ്റത്ത് കുത്തിയിരുന്ന് പുല്ലു പറിക്കുന്ന ആളായിട്ടാണ്അറുപത്തിരണ്ടിനെ നാം കാണുക. ഇന്നു മാത്രമല്ല എല്ലാ ദിവസവും അയാളുടെ പ്രഭാതം ആരംഭിക്കുന്നത് അങ്ങനെ തന്നെയാണ്‍. വാടകവീടിന്റെ മുറ്റത്തെ പുല്ല് ഇക്കാലത്ത് ആരെങ്കിലും പറിക്കുമോ? ഇത് തന്റെ സ്വന്തം വീട് അല്ലെന്നും താനൊരിക്കല്‍ ഈ വീട് ഒഴിഞ്ഞു കൊടുക്കേണ്ടവനാണെന്നും ഉത്തമബോധ്യം ഉണ്ടെങ്കിലും വീട്ടുടയവന്‍ ആളെ വിട്ട് മുറ്റം വെടിപ്പാക്കുന്നതു വരെ അലസമായിരിക്കാന്‍ അറുപത്തിരണ്ടിനാവില്ല.
രാവിലെ പറിച്ചു തുടങ്ങിയാല്‍ ഉച്ചയ്‌ക്കു മുന്‍പേ തീരുന്ന പുല്ലേ ആ മുറ്റത്ത് ആകെയുള്ളൂ, എങ്കിലും ഒരു ആയുഷ്‌ക്കാലം മുഴുവന്‍ ഇതേപോലെ പറിച്ചാല്‍ ആ പുല്ലുകള്‍ ഇല്ലാതാകില്ല. എന്നും പ്രഭാതത്തില്‍ ആരംഭിച്ച് പ്രഭാതത്തില്‍ തന്നെ അവസാനിക്കുന്ന കര്‍മ്മമാണ്അയാളുടെ പുല്ലു പറിയ്‌ക്കല്‍. ഒരു ഭാഗത്തെ പുല്ല് പറിച്ചു കഴിയുമ്പോള്‍ മുറ്റത്തിന്റെ മറ്റൊരു ഭാഗത്ത് പുല്ല് വളര്‍ന്നിരിക്കും. പുല്ലുരഹിതമായ ഒരു മുറ്റം വേണമെന്ന പിടിവാശിയും അയാള്‍ക്കില്ല.
അസഹനീയമായ കാത്തിരിപ്പിന്റെ ബാക്കിപത്രമാണ്ഈ പുല്ലുപറിയ്‌ക്കല്‍. പത്രക്കാരന്‍ പയ്യനു വേണ്ടിയുള്ള കാത്തിരിക്കുമ്പോള്‍ വിരസത അകറ്റാനായി ഒരു നേരമ്പോക്കു മാത്രമാണിത്. എത്ര നേരമെന്നു വെച്ചാണ് ഗെയിറ്റില്‍ പിടിച്ചുകൊണ്ട് വിദൂരതയിലേക്ക് നോക്കി ഓരോന്ന് ആലോചിച്ചു കൊണ്ട് നില്‍ക്കുക. ഗെയിറ്റിങ്കല്‍ നിന്നാല്‍ കുന്നിന്‍പുറത്തെ ദേവാലയം മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മനോഹരകാഴ്‌ച കണ്‍‌മുന്‍പില്‍ ഉണ്ടെങ്കിലും, ആ കാഴ്‌ചയിലൊന്നും കണ്ണുടക്കുകയില്ല. ഓര്‍മ്മയില്‍ നിന്ന് ഒളിച്ചോടാന്‍ പുല്ലുപറി നല്ലതാണ്‍. എന്തെങ്കിലും ജോലിയില്‍ വ്യാപൃതനായിരുന്നാല്‍ ചിന്ത വെറുതേ കാടുകയറില്ല. അതിസൂക്ഷ്മതയോടെ വേരറ്റു പോകാതെ പുല്ലുപറിച്ചാലും മണ്ണില്‍ നിന്ന് വേര്‍പെടുമ്പോള്‍ ചെടിയുടെ പിടച്ചില്‍ കണ്ട് അയാളുടെ മനസ്സ് വേദനിക്കും. ആരെയും വേദനിപ്പിക്കാതെ തന്റെ വാര്‍ദ്ധക്യം തള്ളി നീക്കാനാണ്അറുപത്തിരണ്ട് പെന്‍ഷനായപ്പോള്‍ ഈ ഗ്രാമത്തില്‍ വന്ന് വാടക വീട്ടില്‍ രഹസ്യമായി താമസിക്കുന്നത്. വിവിധ നഗരങ്ങളില്‍ ജോലി ചെയ്‌ത് നേടിയതൊന്നും സ്വന്തം അല്ലെന്ന് അറിഞ്ഞപ്പോഴേക്കും വളരെ താമസിച്ചു പോയിരുന്നു. ആയുസ്സിന്റെ പുസ്‌തകത്തിലെ ബാക്കിയായ ജീവിതം വായിച്ചു തീര്‍ക്കാനായി ഗ്രാമത്തിന്റെ കുളിര്‍മ്മയില്‍ വാടകക്കാരനാവുകയായിരുന്നു.
സമയത്തു വന്ന് പത്രം കൈയ്യില്‍ വാങ്ങിയില്ലെങ്കില്‍ പത്രക്കാരന്‍ പയ്യന്‍ അത് മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് ജോലി തീര്‍ക്കും. മുറ്റത്തെ പുല്‍ച്ചെടിയിലെ മഞ്ഞുതുള്ളികളില്‍ ദിനപ്പത്രം വന്നു വീണാല്‍ അക്ഷരങ്ങള്‍, ചിലപ്പോള്‍ ചില വാക്കുകള്‍ തന്നെയും ഇല്ലാതായേക്കാം. മഞ്ഞുതുള്ളിയില്‍ തട്ടിയാല്‍ മരിക്കുന്ന വാക്കുകളങ്ങ് മരിക്കട്ടേയെന്ന് വിചാരിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. അങ്ങനെയൊരു വാക്ക് ഉണ്ടായിരുന്നെന്ന് ചരിത്രത്താളില്‍ ഓര്‍ക്കാനെങ്കിലും വാക്കുകള്‍ ജീവിച്ചിരുന്നേ മതിയാവൂ.
വാര്‍ത്തയിലെ വാക്കുകള്‍ മുഴുവന്‍ ചേര്‍ത്തു വെച്ചാലും മിക്കപ്പോഴും വാര്‍ത്താചിത്രം അപൂര്‍ണ്ണമാണ്‍, പിന്നെ വാക്കുകള്‍ നഷ്‌ടപ്പെട്ട വായന ഓര്‍ക്കാന്‍ കൂടി വയ്യാ. വാക്കുകള്‍ക്ക് മരണം ഉണ്ടാകാതെ കാവലാളായ് കാത്തു നില്‍ക്കുകയാണ് അറുപത്തിരണ്ടുകാരന്‍.
കീ കൊടുത്ത കളിപ്പാട്ടം പോലെ പത്രക്കാരന്‍ പയ്യന്‍ സൈക്കിള്‍ ഓടിച്ചു കൊണ്ടേയിരിക്കുകയാണ്‍. ഏതു നിമിഷവും അവന്‍ കടന്നു വരാം. അവന്റെ സമയം വളരെ വിലപ്പെട്ടതാണ്‍. അവന്റെ സൈക്കിള്‍ ബെല്ലിന്റെ ശബ്‌ദം അടുത്തടുത്ത് വരുന്നത് ചെവിയറിയുന്നുണ്ട്.
സൈക്കിളില്‍ പാഞ്ഞുവന്ന് ഒരു കാല്‍ നിലത്തു കുത്തി നിന്ന് വലതു കൈകൊണ്ട് പത്രം എടുത്ത് നിത്യഭ്യാസിയെപ്പോലെ അവന്‍ മുറ്റത്തേക്ക് ദിനപ്പത്രം നീട്ടിയെറിഞ്ഞു. അത് കറങ്ങി വന്ന് നിലം തൊടുന്നതിനു മുന്‍പേ പിടിക്കാന്‍ അറുപത്തിരണ്ട് നന്നേ പാടുപെട്ടു. പത്രം നിലത്തു വീഴാതെ ചാടി പിടിച്ചതിനാല്‍ അക്ഷരമരണവും അതു മൂലം ഉണ്ടായേക്കാവുന്ന മാനസ്സീക വിഷമവും മാറിക്കിട്ടി.
ഒഴിവാക്കാനാവാത്ത ചടങ്ങുപോലെ സൈക്കിള്‍ ബെല്ല് രണ്ടു വട്ടം അടിച്ച് അവന്‍ അടുത്ത വീട്ടിലേക്ക് ചവിട്ടിത്തുടങ്ങിയെങ്കിലും പെട്ടെന്ന് എന്തോ ഓര്‍ത്തതു പോലെ ഇരു ബ്രെയിക്കുകളും ഒന്നിച്ചു പിടിച്ച് പയ്യന്‍ സൈക്കിള്‍ നിര്‍ത്തി."
കുറേ ദിവസങ്ങളായി ആ വീട്ടില്‍ ആരും പത്രം എടുക്കുന്നില്ല" അവന്‍ പറഞ്ഞു. "ഏതു വീട്ടില്‍" അറുപത്തിരണ്ട് ചോദിച്ചു"ആ വളവിനപ്പുറമുള്ള രണ്ടാമത്തെ വീട്ടില്‍" അവന്‍ വന്ന വഴിയിലേക്ക് കൈ ചൂണ്ടിപ്പറഞ്ഞു.
മറ്റൊരു വാചകം കൂടി പറഞ്ഞു തീര്‍ക്കാന്‍ അവന്റെ തിടുക്കം അവനെ അനുവദിച്ചില്ല. ഇനിയും കുറേ വീടുകളിലൂടെ ചൂടാറുന്നതിനു മുന്‍പേ വാര്‍ത്തകള്‍ എത്തിക്കാനവന്‍ വേഗത്തില്‍ സൈക്കിള്‍ ചവിട്ടി കടന്നു പോകാന്‍ നോക്കി."
പോകാന്‍ വരട്ടെ..., നമുക്കവിടെ വരെയൊന്നു പോയി നോക്കാം""
സാര്‍ എനിക്ക് സമയമില്ല, ഇപ്പോഴേ താമസിച്ചു." "
നീ എന്റെ കൂടെ വന്നേ പറ്റൂ" അധികാരമുള്ള സ്വരം അവനെ അനുസരയുള്ളവനാക്കി.
ചില ദിവസങ്ങളില്‍ ഒരു കട്ടന്‍‌കാപ്പിയോ, ആഘോഷദിവസങ്ങളില്‍ "ഇതിരിക്കട്ടെ ഇഷ്‌ടമുള്ളത് വാങ്ങിക്കോ" എന്നു പറഞ്ഞ് ചില നോട്ടുകളോ അവന്റെ കൈയില്‍ വെച്ചുകൊടുക്കാറുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളുടെ സ്‌നേഹത്തോടെയുള്ള ക്ഷണം എങ്ങനെയാണ്നിരസിക്കാനാവുക. അവന്‍ സൈക്കിളില്‍ നിന്നും ഇറങ്ങി. സൈക്കിള്‍ത്തിരിച്ച് ആ വീട്ടിലേക്ക് ഉന്താന്‍ തുടങ്ങി. പത്രം മടക്കി കൈയില്‍ പിടിച്ച് അറുപത്തിരണ്ടും അവന്റെ പിന്നാലെ ആ വീട് ലക്ഷ്യമാക്കി നടന്നു. ഈ നാട്ടിന്‍പുറത്തു വന്നതു മുതല്‍ അയാള്‍ നഗ്‌ന പാദനായാണ്നടക്കാറുള്ളത്. ആദ്യമൊക്കെ ചെറിയ ബുദ്ധിമുട്ട് തോന്നിയെങ്കിലും ഇപ്പോള്‍ അതൊരു ശീലമാണ്‍. അനാവശ്യ ഭാരം ഉപേക്ഷിച്ചതിലുള്ള ആശ്വാസം. ഭൂമീ ദേവിയോടെ ചേര്‍ന്ന് നടക്കുന്നതിലുള്ള ആഹ്ലാദം. പച്ച മണ്ണ് ശരീരത്തിന്നല്‍കുന്ന രോഗപ്രതിരോധ ശേഷിയേപ്പറ്റിയുള്ള അറിവ് നല്‍കുന്ന സന്തോഷം. അങ്ങനെ ഒത്തിരി ഘടകങ്ങളാണ്അയാളെ നഗ്‌നപാദനാക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷേ ഇപ്പോഴും അത് കാണുന്ന പരിഷ്‌കൃതനെന്ന് ഭാവിക്കുന്ന മനുഷ്യന് പാദം നോവുന്നുണ്ടാകും. ആ വീട്ടിലൊരു അമ്മച്ചി മാത്രമേ താമസം ഉള്ളൂ. നാല്ആണ്‍‌മക്കളെ പെറ്റൂ എന്ന് പറഞ്ഞിട്ട് കാര്യമില്ല. മക്കളൊക്കെ കല്ല്യാണമൊക്കെ കഴിഞ്ഞ് കുടുംബമായി വിദേശത്താണ്‍. അവരുടെ ജോലിത്തിരക്കും മക്കളുടെ പഠനകാര്യങ്ങളും കഴിഞ്ഞ് ഈ എടുക്കാത്ത നോട്ടിനേപ്പറ്റി ആരും ചിന്തിക്കാറില്ല. സമയം കിട്ടുമ്പോഴൊക്കെ അറുപത്തിരണ്ട് അമ്മച്ചിയുടെ കാര്യങ്ങള്‍ തിരക്കാറുണ്ടായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി എന്തൊക്കയോ തിരക്കുകളിലായിരുന്നതിനാല്‍ അതിന്സമയം കിട്ടാതെ പോയതില്‍ കുറ്റബോധം തോന്നി.
ഇരുമ്പു ഗെയിറ്റ് അകത്തു നിന്ന് കുറ്റിയിട്ടിരിക്കുകയാണ്‍. ഗെയിറ്റിലൂടെ കുറേ ദിവസങ്ങളിലെ ദിനപ്പത്രങ്ങള്‍ മുറ്റത്ത് കൂടിക്കിടക്കുന്നത് കാണാം. ഇന്നത്തെ പത്രം എറിയുമ്പോള്‍ ഇന്നലത്തെ പത്രം ഇപ്പോഴും മുറ്റത്തുതന്നെ കിടക്കുകയാണെങ്കില്‍, അത് എന്തുകൊണ്ട് എന്ന് ചോദിക്കാനുള്ള സാവകാശം പത്രക്കാരന്‍ പയ്യന്ഇല്ലാത്തതില്‍ അവനെ കുറ്റപ്പെടുത്താനാകുമോ? ഒന്നര മണിക്കൂറിനുള്ളില്‍ നാല്‍പ്പത്തി അഞ്ചു വീടുകളില്‍ പത്രം വിതരണം ചെയ്യാന്‍ അവന്റെ സമയം തികയുന്നില്ല. അതിനു ശേഷം വേണം അവന്സ്‌ക്കൂളില്‍ ഓടിയെത്താന്‍.
കൈ ഗെയിറ്റിനുള്ളിലൂടെ കടത്തി കുറ്റി എടുക്കാന്‍ നോക്കി. കുറേ ദിവസങ്ങളായി ആരും തുറക്കാത്തതിനാലാകാം തുരുമ്പ് പിടിച്ച് കുറ്റി അനങ്ങുന്നില്ല. പല പ്രാവശ്യം ശ്രമിച്ചു നോക്കിയിട്ടും കുറ്റി അനങ്ങുന്നില്ല. ഉള്ളില്‍ കടന്നേ പറ്റൂ, അറുപത്തിരണ്ട് അനുഭവ സമ്പന്നമായ മൂക്കുകൊണ്ട് അപകടം മണത്തറിഞ്ഞെങ്കിലും പത്രക്കാരന്‍ പയ്യനോട് അതൊന്നും പറഞ്ഞില്ല. നല്ല പൊക്കമുള്ള മതിലാണ്ചാടിക്കടക്കാതെ പറ്റില്ല. മതിലു ചാടാന്‍ ശ്രമിച്ച ഒരാളെ സദാചാരപോലീസ് പിടികൂടി കള്ളനാണെന്ന് ആരോപിച്ച് അടിച്ച് അവശനാക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസം പത്രത്തിലുണ്ടായിരുന്നു. അതോര്‍ത്ത് ഒന്നു പേടിച്ചെങ്കിലും മതിലു ചാടാന്‍ തന്നെ തീരുമാനിച്ചു.
സൈക്കിള്‍ മതിലിനോട് ചേര്‍ത്ത് വെച്ച് ആദ്യം പയ്യനും പിന്നാലെ അയാളും മതിലില്‍ കയറി. മതിലിനു മുകളില്‍ നിന്ന് താഴേക്ക് നോക്കി സാധാരണ കാഴ്‌ചകള്‍ക്ക് മറ്റൊരു ദര്‍ശനം ഉണ്ടല്ലോ എന്ന് അതിശയിച്ചു. മതിലിന്റെ ഉയരം ബോധ്യപ്പെട്ടപ്പോള്‍ ചിന്ത അതിശയത്തെ മറികടന്ന് ഭയത്തില്‍ വീണു. താന്‍ ആദ്യമായിട്ടാണല്ലോ ഒരു മതിലു ചാടുന്നതെന്ന് അയാള്‍ ഓര്‍ത്തു. ഉള്ളിലേക്ക് ചാടാന്‍ പേടിയായതിനാല്‍ മതിലിലൂടെ ഊര്‍ന്നിറങ്ങുകയായിരുന്നു. വേദനകൊണ്ട് നോക്കിയപ്പോഴാണ്കൈയ്യില്‍ നിന്നും നെഞ്ചത്തു നിന്നുമൊക്കെ ചോരപൊടിക്കുന്നത് കണ്ടത്.
വേദനയെ ഉള്ളിലൊതുക്കി ആ വീട്ടിലേക്ക് നടന്നു. വീടിന്റെ മുറ്റത്തെത്തി പ്രധാ‍നവാതിലിന്നരികിലെ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി കാത്തു നിന്നും. അകത്ത് മണിനാദം മുഴങ്ങിയെങ്കിലും ആളനക്കമൊന്നും കേട്ടില്ല, ആരും വാതില്‍ തുറന്നില്ല. വാതില്‍ മെല്ലെ തുറക്കാന്‍ ശ്രമിച്ചു നോക്കിയപ്പോള്‍ മനസ്സിലായി വാതില്‍ തുറന്നു തന്നെ കിടക്കുകയാണ്‍. വാതില്‍ തുറന്നപ്പോള്‍ അസഹനീയമായ നാറ്റം പുറത്തേക്ക് വമിച്ചത് അവരുടെ മൂക്കിലും അടിച്ചു കയറി. എന്താണു സംഭവിച്ചതെന്ന് അറുപത്തിരണ്ട് ഉറപ്പിച്ചു.
അവര്‍ ഇരുവരും മൂക്കു പൊത്തിപ്പിടിച്ചു കൊണ്ട് അമ്മച്ചി കിടക്കുന്ന മുറിയിലേക്കോടി. ഒരു നിമിഷം ആ കാഴ്‌ചയില്‍ നിന്ന് അവര്‍ക്ക് കണ്ണെടുക്കാനായില്ല. ഇത്ര ദയനീയമാണോ മനുഷ്യന്റെ അവസ്ഥ. പയ്യന്‍ വായ പൊത്തിക്കൊണ്ട് പുറത്തേക്ക് ഓടി. അയാള്‍ പിന്നാലെ ഓടി. പയ്യന്‍ മുറ്റത്തേക്ക് മനം പുരട്ടി ഛര്‍ദ്ദിച്ചു. അയാള്‍ അവനെ ചേര്‍ത്ത് പിടിച്ച് പുറം തിരുമ്മിക്കൊടുത്ത് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അറുപത്തിരണ്ട് വലിയ വായില്‍ നിലവിളിച്ചെങ്കിലും ശബ്‌ദം പുറത്തുവന്നില്ല.
ഗെയിറ്റിംഗലേക്ക് അയാള്‍ ഓടുകയായിരുന്നു. ഗെയിറ്റിന്റെ കുറ്റി ശക്തിയായി വലിച്ചു. കിരു... കിരാ... ശബ്ദത്തോടെ കുറ്റിയും കൊളുത്തും രണ്ടായി. ഗെയിറ്റിന്റെ പാളികള്‍ ഇരു വശത്തേക്കും കറ... കറാ... ശബ്‌ദത്തോടെ മലര്‍ക്കെ തുറന്നു.
ആരെങ്കിലും ഒന്ന് ഓടി വരാനായി ഉറക്കെ വിളിച്ചു. കണ്ണെത്തും ദൂരത്തോളം വീടുകളുടെ ശവപ്പറമ്പാണ്‍. ആള്‍ത്താമസമില്ലാതെ മണിമാണികള്‍ അടച്ചിട്ടിരിക്കുന്നു. ചില വീടുകളില്‍ മരണം കാത്തുകിടക്കുന്ന വല്ല്യപ്പനോ വല്ല്യമ്മയോ ഉണ്ടാകും അവര്‍ക്ക് ശബ്ദം കേട്ടാലും ഓടി വരാന്‍ ആകുമായിരുന്നില്ല. ചിറകുള്ളവരൊക്കെ ദൂരെ ദേശത്തേക്ക് പറന്നു പോയിരിക്കുന്നു. ഈ നാട് മ്യൂസിയം പോലെ ഒരു വൃദ്ധഗ്രാമമായി മാറിയിരിക്കുന്നു.
അറുപത്തിരണ്ട് തന്റെ വാടകവീട്ടിലേക്ക് ഓടി. വീട്ടിലെത്തി പോലീസിന്ഫോണ്‍ ചെയ്‌ത് വിവരം അറിയിച്ച് വേഗം തിരികെ വന്നു. പയ്യന്‍ അപ്പോഴും ഛര്‍ദ്ദിലിന്റെ ക്ഷീണത്തില്‍ മുറ്റത്ത് അവശനായി കുത്തിയിരിക്കുകയാണ്‍. മുറ്റത്തെ പൈപ്പില്‍ നിന്ന് കുറേ വെള്ളം എടുത്ത് പയ്യന്റെ മുഖം കഴുകി. മുറ്റത്തെ ഛര്‍ദ്ദിലിന്റെ അവശിഷ്ടത്തിന്റെ പുറത്തേക്ക് കുറേ മണ്ണുവാരിയിട്ട് ഗെയിറ്റിനു പുറത്തു വന്ന് പോലീസിന്റെ വരവിനായ് കാത്തുനിന്നു.
കുറേ നേരം കാത്തു നിന്നിട്ടും പോലീസുകാര്‍ ആരും വന്നില്ല. വീണ്ടും കയറി നോക്കിയാലോ എന്നു ചിന്തിച്ചെങ്കിലും മനുഷ്യശരീരം അളിഞ്ഞാലുള്ള നാറ്റം സഹിക്കാവുന്നതിനപ്പുറമാണെന്ന അറിവ് അതില്‍ നിന്നും പിന്തിരിപ്പിച്ചു.
കാത്തിരിപ്പിന്അവസാനം പോലീസ് ജീപ്പ് എത്തി ഗെയിറ്റിങ്കല്‍ നിര്‍ത്തി. ജീപ്പ് ഓടിക്കുന്നത് ഒരു ചെറുപ്പക്കാരന്‍ പോലീസും അരികിലായ് ഒരു പെന്‍ഷനാകാറായ പോലീസും, പോലീസിനെ കണ്ട് പേടിച്ച് പയ്യന്‍ അറുപത്തിരണ്ടിന്റെ പിന്നില്‍ ഒളിക്കാന്‍ ശ്രമിച്ചു."
നിങ്ങളാണോ ഫോണ്‍ ചെയ്‌തത്" പോലീസുകാരന്‍ ജീപ്പിലിരുന്നു തല പുറത്തേക്കിട്ടു ചോദിച്ചു."
അതേ" അയാള്‍ വിനീതനായി ഉത്തരം പറഞ്ഞു."
തന്റെ ആരാ മരിച്ചത്?" "എന്റെ ആരാണീ അമ്മച്ചി" അറുപത്തിരണ്ട് സ്വയം ചോദിച്ചു."
ഈ വീട്ടിലെ അമ്മച്ചിയാ മരിച്ചത്" എന്ന് ഉത്തരം പറഞ്ഞു"മരിച്ചയാളിന്റെ പേരെന്താ ?""
അറിയില്ല" അമ്മച്ചിയെന്നത് ഒരു പേരല്ലല്ലോ എന്ന് അയാള്‍ ഓര്‍ത്തു."
വീട്ടുപേര്ഗെയിറ്റ്ന്മേലുണ്ട്..., നോക്കി എഴുതിക്കോ" പെന്‍ഷനാകാറായ പോലീസുകാരന്‍ ചെറുപ്പക്കാരനായ പോലീസുകാരനോട് പറഞ്ഞു"മരിച്ചത് നിങ്ങളുടെ ആരുമല്ലെങ്കില്‍ പിന്നെ ഇവിടെ നില്‍ക്കേണ്ട പൊയ്‌ക്കോളൂ" നരച്ച പോലീസുകാരന്‍ കൃത്രിമമായി ഗൌരവം മുഖത്തു വരുത്തിയാണ്പറഞ്ഞത്."
നിങ്ങള്‍ പോലീസിനെ കാര്യങ്ങള്‍ അറിയിച്ചു, ഇനിയുള്ള കാര്യങ്ങള്‍ പോലീസ് നോക്കിക്കോളും" ചെറുപ്പക്കാരനായ പോലീസുകാരന്‍ കൂടുതല്‍ വ്യക്തമാക്കി."
ഇയാളോട് പോകാനല്ലേ പറഞ്ഞത്, ഇത് ഇനിയും ആരോടും പറയുകയും വേണ്ട, പറഞ്ഞാല്‍ താനാവും കുടുങ്ങുക" പോലീസുകാരന്റെ സ്വരം കടുത്തു.
അറുപത്തിരണ്ടിനെ നിര്‍ബ്ബന്ധിച്ച് അവിടെ നിന്ന് പറഞ്ഞു വിട്ടെങ്കിലും അയാളും പയ്യനും കുറേ മാറി ഒളിച്ചുനിന്ന് പോലീസുകാരുടെ ചെയ്‌തികള്‍ ശ്രദ്ധിച്ചു. രണ്ടു പോലീസുകാരും തൂവാലകൊണ്ട് മൂക്കുമൂടിക്കെട്ടി വീടിനുള്ളില്‍ കയറി എന്തൊക്കെയോ സാധനങ്ങള്‍ എടുത്തു കൊണ്ടു വന്ന് പോലീസ് ജീപ്പിനുള്ളില്‍ ഒളിപ്പിച്ചു. "
കള്ളന്മാര്‍..., അമ്മച്ചിയുടെ വീട്ടില്‍ നിന്നും വിലപിടിച്ചതൊക്കെ മോഷ്‌ടിക്കുകയാണ്‍, ദുഷ്‌ടന്മാര്‍..., വിലയില്ലാത്തത് മനുഷ്യനു മാത്രമാണ്" അറുപത്തിരണ്ടിന്റെ മനസ്സില്‍ രോഷം വിങ്ങലായ്. അപ്പോഴേക്കും അടുത്ത പ്രൈവറ്റ് മെഡിക്കല്‍ കോളേജിലെ ആംബുലന്‍സ് മുറ്റത്ത് വന്നു നിന്നു. അതില്‍ നിന്നും ആംബുലന്‍സ് ഡ്രൈവറും മറ്റൊരാളും പുറത്തിറങ്ങി അവരുടെ മുഖത്ത് ഫെയിസ് മാസ്‌ക്കു വെച്ചിരുന്നതിനാല്‍ അവര്‍ ആരെന്ന് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല. അവര്‍ വീടിനുള്ളില്‍ കയറി കട്ടിലില്‍ കിടന്ന ബെഡ് ഷീറ്റ് ഉള്‍പ്പെടെ അമ്മച്ചിയുടെ ഡെഡ് ബോഡി പൊതിഞ്ഞ് സ്‌ട്രെക്ച്ചറില്‍ വെച്ച് ആംബുലന്‍സില്‍ കയറ്റി.
ആംബുലന്‍സ് സ്‌റ്റാര്‍ട്ടാക്കിയപ്പോഴേക്കും കൂടെയുണ്ടായിരുന്ന രണ്ടാമന്‍ കൈയില്‍ കരുതിയിരുന്ന നോട്ടു കെട്ടുകള്‍ നരച്ച പോലീസുകാരന്റെ കൈയില്‍ കൊടുത്തു. അയാളത് എണ്ണി നോക്കാതെ തന്നെ ഊറിയ ചിരിയോടെ പോക്കറ്റിലേക്കിട്ടു. ആംബുലന്‍സ് ശബ്‌ദം ഉണ്ടാക്കാതെ വിലയുള്ള ഡെഡ്‌ബോഡിയുമായി ഗെയിറ്റ് കടന്ന് പോയി.
പിന്നാലെ പോലീസ് ജീപ്പും ഗെയിറ്റു കടന്നു. ചെറുപ്പക്കാരനായ പോലീസുകാരനാണ്ജീപ്പ് ഓടിച്ചിരുന്നത് അയാള്‍ ഇറങ്ങി ഗെയിറ്റ് അടച്ചതിനു ശേഷം വീണ്ടും ജീപ്പില്‍ കയറി ഓടിച്ചു പോയി. രംഗം ശാന്തമായെങ്കിലും മനസ്സ് ശാന്തമായില്ല കാഴ്‌ചയില്‍ നിന്ന് അവര്‍ക്ക് കണ്ണെടുക്കാനായില്ല. ഇതൊക്കെ കണ്ടു നില്‍ക്കുകയായിരുന്ന അറുപത്തിരണ്ടിന് നാവിറങ്ങിപ്പോയതു പോലെയായി. ജീവിച്ചിരിക്കുന്ന മനുഷ്യന്വിലയില്ലെങ്കിലും മരിച്ച മനുഷ്യര്‍ക്ക് വിലയുണ്ടെന്ന കാഴ്‌ച അയാള്‍ കണ്ണാലെ കണ്ട് ഞെട്ടലോടെ അറിഞ്ഞു. അമ്മച്ചി നാളെ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന കൊച്ചുമക്കളുടെ മുന്‍പില്‍ ഒരു കാഴ്‌ചയാകും.
പത്രക്കാരന്‍ പയ്യന്‍ താനൊരു വിതരണക്കാരന്‍ മാത്രമാണെന്ന് സ്വയം അറിയുകയും കണ്ടതൊക്കെ ദുഃസ്വപ്‌നമാണെന്ന് വിചാരിച്ച് പത്രത്തിലെ ജീവനില്ലാത്ത വാര്‍ത്തകളുമായി അടുത്ത വീടുകളിലേക്ക് പോകാന്‍ ഒരുങ്ങി. അയാള്‍ പയ്യനെ തിരികെ വിളിച്ച് കുറേ നോട്ടുകള്‍ അവന്റെ കൈയില്‍ വെച്ചു കൊടുത്തു. "
നീ എന്നും എന്റെ വീട്ടില്‍ പത്രം ഇടേണം, എങ്കിലും പത്രത്തിനു മുകളില്‍ പത്രം ഇടരുത്. എന്നെങ്കിലും തലേദിവസത്തെ പത്രം മുറ്റത്ത് കിടക്കുന്നതു കണ്ടാല്‍ പിന്നീട് പത്രം ഇടേണ്ട. മറക്കാതെ എനിക്കൊരു ഉപകാരം ചെയ്യണം. നമ്മുടെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് ഒരു അനാഥശവം വീടിനുള്ളിലുണ്ടെന്ന് പറഞ്ഞ്, വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്ത് നീ നിന്റെ വഴിക്ക് പൊയ്‌ക്കോളണം. പിന്നീടൊക്കെ അവരു നോക്കിക്കൊള്ളും" അതു പറയുമ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അറുപത്തിരണ്ട് ആ പത്രക്കാരന്‍ പയ്യനെ ചേര്‍ത്തു പിടിച്ച് കരഞ്ഞു. പിന്നീട് അവന്‍ സൈക്കിളില്‍ കയറി അടുത്ത വീടുകളിലേക്ക് പോകുന്നത് കാഴ്‌ചയില്‍ നിന്ന് മറയുവോളം നോക്കി നിന്നു.
ഈ ഗ്രാമത്തില്‍ ജീവിച്ചാല്‍ തനിക്ക് ഒരുനാള്‍ മെഡിസിനു പഠിക്കുന്ന കൊച്ചുമക്കളെ പോസ്‌റ്റുമാര്‍ട്ടം ടേബിളിലെങ്കിലും കാണുവാനാകുമല്ലോ എന്നോര്‍ത്ത് അയാളുടെ ഹൃദയം ആശ്വസിച്ചിരിക്കണം.
-------------------------------------------------------